പിറ്റേന്ന്, നാലഞ്ച് ദിവസങ്ങളിലായി തുടർന്നു പോരുന്ന ചിട്ടകൾ. മൂന്നു ദിവസത്തെ താമസത്തിനു ശേഷം താമസിച്ചിരുന്ന മുറിവിട്ടിറങ്ങുകയാണ്. ഒന്നും മുറിയിൽ വിട്ടു പോകാതെ വീണ്ടും വീണ്ടും നോക്കി എല്ലാം പായ്ക്ക് ചെയ്തിട്ടുണ്ടോ എന്നുറപ്പു വരുത്തി മുറി പൂട്ടിയിറങ്ങി. ഓരോ സ്ഥലത്തെയും ഹോട്ടലുകളുടെ പ്രത്യേകത ആകർഷണീയമായിരുന്നു. ഇവിടത്തെ രീതി താക്കോലില്ലാതെ കാർഡിട്ട് തുറക്കാവുന്ന വാതിലുകളായിരുന്നു. ലൈറ്റിന്റെ സ്വിച്ച് ഓണാകണമെങ്കിൽ കാർഡ് ഇടണം. വെറുതെ ഒരു കാർഡ് ഇട്ടാൽ പോര. അതാതു റൂമിന്റെ കാർഡ് അത് ഇടേണ്ട രീതിയിൽ ഇട്ടാൽ മാത്രം കതക് തുറക്കുകയും കറന്റ് ലൈനിൽ വരുകയും ചെയ്യുന്ന സംവിധാനം. എത്രമാത്രം പരിഷ്‌ക്കാരം വന്നിരിക്കുന്നു ആ രാജ്യങ്ങൾ. പുതിയ പുതിയ കണ്ടെത്തലുകളുമായി ഓരോരോ രാജ്യങ്ങളും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇന്ത്യയും അതിലെ നമ്മുടെ കൊച്ചു കേരളവും ഇനി എത്ര കാലം കാത്തിരിക്കണം ഈ പുരോഗതി കൈവരിക്കാൻ. ഒന്നും വേണ്ട ഒരു മാലിന്യ വിമുക്ത കേരളമായി എന്നിതിനെ കാണാൻ കഴിയും. അല്പം വിഷമം പിടിപ്പിച്ചത് ടോയ്‌ലറ്റുകളിലെ അസൗകര്യങ്ങളായിരുന്നു. വെള്ളം ഉപയോഗിക്കാതെ കേരളീയർക്ക് മലവിസർജ്ജനം ഓർക്കാൻ കൂടി കഴിയാത്ത സംഗതിയാണ്. എന്നാൽ മറ്റു രാജ്യങ്ങളിൽ അതല്ലല്ലോ പതിവ്. ചില ഹോട്ടലുകളിൽ താമസിക്കുന്ന മുറിയേക്കാൾ സൗകര്യപ്രദമായ ബാത്‌റൂം. ചുറ്റും നിലക്കണ്ണാടികളും ബാത്ത് റ്റബ്ബുകളും. കയ്യും മുഖവും കഴുകാനുള്ള വാഷ്‌ബേസിൻ കണ്ടിട്ടുണ്ട്. കാൽ കഴുകാൻ വാഷ്‌ബേസിൻ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ അതും അവിടെയുണ്ട്. ചിലയിടത്ത് ടോയ്‌ലറ്റ് ഒരിടത്തും വെള്ളം മറ്റൊരിടത്ത്. അതിന് ഒരു പാത്രം പോലും അവിടില്ലതാനും. എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നതാണല്ലോ ജീവിതം എന്ന് പറയുന്നത്. പരസ്പരം പ്രഭാതവന്ദനം പറഞ്ഞും തമാശകൾ പറഞ്ഞും ഞങ്ങൾ ബസ്സിൽ കയറി.
കന്യകമറിയം ഉണ്ണിയേശുവിനെയും കൊണ്ട് യൗസേഫിനൊപ്പം മിസ്രയിമിലേക്ക് പലായനം ചെയ്ത വഴികളിലൂടെയുള്ള യാത്ര. നാൽപ്പത് ദിവസം വഴി യാത്ര ചെയ്താണ് അന്നവർ മിസ്രയീമിലെത്തിയത് ഇടയ്ക്ക് ‘മസാഡ’ എന്നൊരു സ്ഥലം, യഹൂദന്മാരെ റോമൻ പട്ടാളം കൊന്നൊടുക്കിയത് ഇവിടെയാണ്. പിടിക്കപ്പെടാതിരിക്കാനായി അവർ പരസ്പരം കൊന്ന് അന്ത്യം വരിച്ചതായും ചരിത്രം പഠിപ്പിക്കുന്നു. ബസ്സ് ചാവുകടൽ തീരത്തുകൂടി ഓടിത്തുടങ്ങി. കടലിന്റെ പലഭാഗങ്ങളും അണ പോലെ കെട്ടിനിർത്തി പല കമ്പനികളും അതിലെ മിനറൽ മിക്‌സ്ചർ എടുത്ത് മലപോലെ കൂട്ടിയിട്ടിരിക്കുന്നത് ഗൈഡ് കാണിച്ചു തന്നു. അത് സംസ്‌കരിച്ചെടുത്താണ് പൊട്ടാസ്യം പെർമാഗ്‌നൈറ്റ്, മഗ്‌നീഷ്യം തുടങ്ങിയവ തരം തിരിച്ചെടുക്കുന്നത്. പല സാധനങ്ങളും വിവിധ ഉപയോഗങ്ങൾക്കായി വിനിയോഗിക്കുന്നു. ഇതുകൊണ്ടുതന്നെ ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞു കുറഞ്ഞു വരുകയാണ്. സോപ്പ് ഫാക്ടറികൾ, വളം നിർമാണ ശാലകൾ എല്ലാം ആ പ്രദേശങ്ങളിൽ പലയിടത്തായി കാണാൻ കഴിഞ്ഞു.
മാതാവ് കുട്ടിയേയും കൊണ്ട് പാലായനം ചെയ്ത വഴികളിൽ പല അത്ഭുതങ്ങളും നടന്നതായി ചരിത്രകാരന്മാർ വിവരിക്കുന്നുണ്ട്. കടന്നുപോയ വഴികളിൽ ഒരിടത്ത് കൃഷിക്കാർ വയലിൽ ഗോതമ്പുമണികൾ വിതച്ചുകൊണ്ട് നിൽക്കുന്ന അവസരത്തിലാണ് അവർ ആ വഴിയിലൂടെ പോയത്. ഹെറോദേസിന്റെ പട്ടാളക്കാർ രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ കൊല്ലുവാൻ കല്പന പുറപ്പെടുവിച്ചിരുന്നതുകൊണ്ട് അവരിൽനിന്ന് മറച്ചുപിടിച്ച് ഓടി രക്ഷപ്പെടുകയാണന്നറിഞ്ഞ കൃഷിക്കാർ ദുഃഖിതരായി. അവരെ ഒളിച്ചു താമസിപ്പിക്കാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുവാനും അവർ വ്യഗ്രത കാണിച്ചു. വീണ്ടും പുറപ്പെടു മ്പോൾ മാതാവ് അവരോട് ചോദിച്ചു പടയാളികൾ ഞങ്ങളെ തിരഞ്ഞു ഇതുവഴി വന്നാൽ നിങ്ങൾ എന്തു പറയുമെന്ന്. അവർ പറഞ്ഞു ഞങ്ങൾ ആരെയും കണ്ടില്ല ആരും ഇതുവഴി പോയിട്ടുമില്ല എന്ന് പറയുമെന്ന്. പക്ഷെ മാതാവ് അവരോട് പറഞ്ഞു. നിങ്ങൾ ഒരിക്കലും കള്ളം പറയുന്നവരാകരുത് കണ്ടതും നടന്നതും അതുപോലെ തന്നെ പറഞ്ഞു കൊള്ളണം. തിരുക്കുടുംബം കടന്നുപോയിക്കഴിഞ്ഞ് പട്ടാളക്കാർ അവരെ അന്വേഷിച്ച് അതുവഴി വന്നു. കൃഷിക്കാർ അവരുടെ ചോദ്യത്തിന് ഉവ്വ് ഞങ്ങൾ കണ്ടു, ഞങ്ങളപ്പോൾ ഗോതമ്പ് വിതച്ചുകൊണ്ട് നിൽക്കുകയായിരുന്നു എന്നു പറഞ്ഞു. പട്ടാളക്കാർ വയലിലേക്ക് നോക്കിയപ്പോൾ ഗോതമ്പ് വിളഞ്ഞു കൊയ്ത്തിനു പാകമായി കിടക്കുന്നതാണ് കണ്ടത്. അവർ ചിന്തിച്ചു, അങ്ങനെയെങ്കിൽ ആ കുടുംബം കടന്നുപോയത് മാസങ്ങൾക്കു മുൻപ് ആയിരിക്കുമല്ലോ ഇനി ഈ വഴിക്ക് അന്വേഷിച്ചിറങ്ങുന്നത് നല്ലതല്ല നമുക്ക് മറ്റു വഴികളിലൂടെ പോയി തിരക്കാം. അങ്ങനെ അവരുടെ മുന്നോട്ടുള്ള വഴി തടഞ്ഞ് അവരെ പാലായനം ചെയ്യാൻ അവസരമൊരുക്കി.
മറ്റൊരിടത്ത് ഒരു ഗുഹ കണ്ട് തിരുക്കുടുംബം അതിനുള്ളിൽ കണ്ടേക്കാം എന്ന് കരുതി പട്ടാളക്കാർ അതിനടുത്തേക്ക് ചെന്നു. ഗുഹാമുഖം മുഴുവൻ ചിലന്തിവല കൊണ്ട് മൂടപ്പെട്ടു നിന്നതിനാൽ അവർ ഒരിക്കലും ഇതിനകത്ത് ഉണ്ടാവാൻ വഴിയില്ല എന്ന് തീരുമാനിച്ച് വഴിമാറിപ്പോയി. എന്നാൽ മാതാവും കുഞ്ഞും യൗസേഫിനൊപ്പം ആ ഗുഹക്കുള്ളിൽ ഉണ്ടായിരുന്നത്രേ. അവർ പിടിക്കപ്പെടാതിരിക്കാനായി പിതാവാം ദൈവം ഗുഹാമുഖം ചിലന്തി വല കൊണ്ട് മൂടുകയായിരുന്നു ചെയ്തത്.
വേറെ ഒരു സ്ഥലത്ത് രണ്ടു കള്ളൻമാർ അവരെ പിടികൂടി കയ്യിലുള്ളതെല്ലാം കവർന്നെടക്കുവാനും അവരെ കൊല്ലുവാനും നിശ്ചയിച്ചുറപ്പിച്ചു. എന്നാൽ ഉണ്ണിയേശുവിന്റെ സുന്ദരവും ശാന്തവുമായ മുഖം കണ്ട് അവരിലൊരാൾക്ക് മനസ്സലിഞ്ഞ് അവരെ പോകാൻ അനുവദിച്ചു. മറ്റേയാൾ എത്ര നിർബന്ധിച്ചിട്ടും മാതാവിനെയും കുഞ്ഞിനെയും ഉപദ്രവിക്കാനോ അവരിൽ നിന്ന് എന്തെങ്കിലും കവർന്നെടുക്കുവാനോ അയാൾ സമ്മതിച്ചില്ല. പിന്നീട് യേശുവിനൊപ്പം ക്രൂശിൽ തറയ്ക്കപ്പെട്ട രണ്ട് കള്ളന്മാർ ഇവരായിരുന്നു എന്നും നല്ലവനെ വലതുവശത്തെ കള്ളനായും ദുഷ്ടനെ ഇടതുവശത്തെ കള്ളനായും ചരിത്രകാരന്മാർ ചിത്രീകരിച്ചിരിക്കുന്നു.
ബസ്സ് പെട്ടെന്ന് നിർത്തി. കാരണം അറിയാതെ എല്ലാവരും ആകാംക്ഷാഭരിതരായി. വഴിയുടെ ഒരു വശത്ത് ഉയർന്ന് നിൽക്കുന്ന ഒരു പ്രദേശത്തേക്ക് നോക്കുവാൻ പറഞ്ഞു. അവിടെ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു രൂപം. രണ്ടുകൈകളും മുഖത്ത് ചേർത്ത് എന്തോ നഷ്ടപ്പെട്ടുപോയ മനോവ്യഥയിൽ വ്യാകുലപ്പെട്ടു നിൽക്കുന്ന ഒരു രൂപം. ആടുമാടുകളും നേടിയെടുത്ത സമ്പത്തും സ്ഥലങ്ങളും ഉപേക്ഷിച്ച് ഓടിപ്പോകുന്ന സമയത്ത് തിരിഞ്ഞുനോക്കി ഉപ്പുതൂണായി മാറിപ്പോയ ലോത്തിന്റെ ഭാര്യയുടെ രൂപമായിരുന്നു അത്. കാണേണ്ടവർക്ക് ഇറങ്ങി നിന്ന് കാണുവാനും ഫോട്ടോ എടുക്കേണ്ടവർക്ക് അതിനും സൗകര്യമൊരുക്കി തന്ന്, ബസ്സ് വീണ്ടും മുന്നോട്ടു നീങ്ങി. ഈന്തപ്പനത്തോട്ടങ്ങളും ആഡംബര ഹോട്ടലുകളും പലയിടങ്ങളിലായും കണ്ടുതുടങ്ങി. യിസ്രായേൽ ബോർഡറിൽ ‘ഇലാത്ത് ‘എന്ന സ്ഥലത്ത് ഒരു ആഭരണ നിർമ്മാണശാലയുണ്ടെന്നും ആർക്കെങ്കിലും ആഭരണങ്ങൾ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഇറങ്ങാം എന്നും പറഞ്ഞെങ്കിലും സമയക്കുറവിനാലും ആഭരണങ്ങൾ വാങ്ങാനുള്ള പണം കയ്യിൽ കരുതിയിട്ടില്ലാത്തതിനാലും ആരും അതിന് തുനിഞ്ഞില്ല. സങ്കീർത്തനങ്ങളിൽ പുകഴ്ത്തിയിട്ടുള്ള ശെബാപ്പോന്നിന്റെ സ്ഥലമായിരുന്നു അത്.
യിസ്രായേൽ വിട്ട് ഈജിപ്റ്റിന്റെ അതിർത്തിയിലെ ‘താബാലാന്റ്’ പോർട്ടിലേക്ക് കയറുമ്പോൾ പഴയരീതിയിൽ പാസ്‌പോർട്ട് ചെക്കിംഗും വിസാ എൻട്രിയും ലഗ്ഗേജ് പരിശോധനയും നടന്നു. യിസ്രായേലിൽ നിന്നുള്ള ബസ്സുകൾ അവിടെ നിന്നും തിരികെ പോകേണ്ടതിനാൽ ഗൈഡ് എല്ലാവരെയും ഈജിപ്റ്റിന്റെ ബസ്സിനരികിലേക്ക് പറഞ്ഞുവിട്ട് യാത്രപറഞ്ഞു. ഈജിപ്റ്റിന്റെ ബസ്സിൽ പുതിയ ഗൈഡുകളായിരുന്നു. ഒന്നിൽ ഒരു സ്മാർട്ട് ലേഡിയും മറ്റതിൽ ഒരു മണ്ണുണ്ണിയും. മണ്ണുണ്ണി എന്ന് എടുത്തു പറയാൻ കാരണം അയാൾ ഞങ്ങളെ ഒന്ന് അഭിവാദ്യം ചെയ്യുകയോ യാത്രയിൽ എന്തെങ്കിലും ഒരു വിവരണം ഞങ്ങൾക്ക് തരികയോ ചെയ്യുകയുണ്ടായില്ല എന്നത് തന്നെ. അല്ലെങ്കിൽ ഇരുവശവും നീണ്ടു പരന്നു കിടക്കുന്ന മണലാരണ്യത്തിൽക്കൂടിയുള്ള യാത്രയിൽ അയാൾ എന്ത് വിവരിക്കാൻ. ഇടയ്ക്കിടയ്ക്ക് കണ്ട നിഴൽ എല്ലാവരിലും ജിജ്ഞാസയുളവാക്കി. മരങ്ങൾ ഒന്നും ഇല്ലാതിരിക്കെ ഈ നിഴൽ എങ്ങനെയുണ്ടായി എന്ന ഔൽസുക്യം മനസ്സിൽ തോന്നാതിരുന്നില്ല. പകൽ മേഘസ്തംഭമായും രാത്രി അഗ്‌നിത്തൂണായും അവരെ വഴി നടത്തിയ ദൈവത്തിന്റെ അളവറ്റ കൃപയെക്കുറിച്ച് പ്രതിപാദിക്കുന്ന പാട്ടുപാടി ചിരവത്തറ അച്ചൻ അത് വിശദീകരിച്ചപ്പോൾ സ്വയം എന്തേ അതു മനസ്സിൽ വരാതിരുന്നത് എന്നും ചിന്തിച്ചു പോയി. തുടർന്ന് എല്ലാവരും ചേർന്ന് ആ ഗാനം ആലപിച്ചുകൊണ്ട് മുന്നോട്ട് യാത്ര തുടർന്നു.
സീനായി മരുഭൂമിയിലൂടെ യാത്ര. അറബിയിൽ സീൻ എന്ന വാക്കിന്റെ അർത്ഥം പല്ല് എന്നാണ്. പല്ലു പോലെ കൂർത്ത കുന്നുകൾ അടുത്തടുത്തായി നിലകൊള്ളുന്നത് കൊണ്ടാണ് ഈ മരുഭൂമിക്ക് സീനായി മരുഭൂമി എന്ന പേര് വിളിക്കപ്പെടാനിടയായത്. റെഡ് സീയേയും മെഡിറ്ററേനിയൻ സീയേയും യോജിപ്പിക്കുന്ന കനാലാണ് സൂയസ് കനാൽ. ഏഷ്യ അവസാനിച്ച് ആഫ്രിക്കയിലേക്ക് കടക്കുന്നതു സൂയസ് കനാലിലൂടെയാണ്. കടലിന്നടിയിൽ കൂടിയുള്ള പാത, നൂറ്റി തൊണ്ണൂറ് മീറ്റർ വീതിയും ഒന്നര കിലോമീറ്റർ നീളവുമുള്ള ടണൽ. പലർക്കും കടലിന്നടിയിൽ കൂടിയുള്ള റോഡ് ഒരു മഹാത്ഭുതം തന്നെയായിരുന്നു. വിദേശരാജ്യങ്ങളിൽ പോയിട്ടുള്ളവർക്ക് അതൊരു പുതുമയായിരുന്നില്ലതാനും.
രാവിലെ ആറരയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനുശേഷം വൈകുന്നേരം അഞ്ചര മണിക്കാണ് അടുത്ത ഭക്ഷണം ലഭിച്ചത് എന്നത് പലർക്കും ബുദ്ധിമുട്ടായി തോന്നി. പ്രത്യേകിച്ച് പ്രമേഹത്തിന്റെ അസുഖമുള്ളവർക്ക്. എന്തായാലും മാതാവ് കുഞ്ഞിനെയുംകൊണ്ട് പാലായനം ചെയ്തപ്പോഴുണ്ടായ അത്രയും യാതനകളോ പ്രയാസങ്ങളോ അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്ന് സമാശ്വസിച്ച് കെയ്‌റോയിലെ സീനായി റെസ്റ്റ് ഹൗസിലേക്ക് കടന്നു. ഇടയ്ക്ക് ഒരു മിനി റസ്റ്റോറന്റിൽ കയറിയെങ്കിലും ഭൂരിപക്ഷം പേരും ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉപയുക്തമാക്കിയതല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല. ചുരുക്കം ചിലർ ഗൈഡോ ഡ്രൈവറോ അവരോടുകൂടി നിന്നവരൊ മാത്രം എന്തൊ പാക്കറ്റുകളിൽ വാങ്ങി കൊറിക്കുകയും കാപ്പിയോ, ചായയോ, ജ്യൂസോ വാങ്ങി കുടിക്കുകയും ചെയ്തു. ഇത്രയും ദൈർഘ്യമുള്ള ഒരു യാത്രയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിൽ നിന്ന് എന്തെങ്കിലും കരുതാമായിരുന്നു, അതാരും പറഞ്ഞു തന്നില്ലല്ലോ എന്ന് തോന്നുകയും ചെയ്തു. നാട്ടിൽ നിന്ന് കൊണ്ടുപോയ സ്‌നാക്‌സ് ഐറ്റംസ് മിക്കവരുടേയും ബാഗുകളിൽ കാലിയായിരുന്നു.
ഭക്ഷണം പ്രത്യേകം നിഷ്‌കർഷിച്ചിരുന്നതുകൊണ്ടാവണം ചോറും ചിക്കൻ ഫ്രൈയും മറ്റുള്ള വിഭവങ്ങളും എല്ലാവരും രുചിച്ചു നോക്കാതെ സുഭിക്ഷമായി കഴിച്ചു. സുഭിക്ഷമായി എന്ന പറയാൻ ആവുമോ എന്ന് സംശയിക്കണം. ആദ്യം വിളമ്പിയത് തികഞ്ഞില്ല എന്ന് തോന്നിയവർക്ക് വീണ്ടും ആവശ്യപ്പെട്ടപ്പോൾ അല്പം മടിയോടെയാണ് അവർ രണ്ടാമത്തെ അളവ് വിളമ്പിയത്. നമ്മുടെ രീതിയിൽ തവികൊണ്ടല്ല അവിടെ സേർവ് ചെയ്യുന്നത് കണ്ടത്. ഒരളവ് പാത്രത്തിൽ ഒരേ അളവിൽ എല്ലാവർക്കും. വെള്ളത്തിനും വലിയ ക്ഷാമമായിരുന്നു. ഒരു മേശക്ക് ഒരു കുപ്പി വെള്ളം എന്ന കണക്കിൽ നിരത്തിയിരുന്നു. വീണ്ടും ചോദിച്ചവർക്ക് വില കൊടുക്കേണ്ടിയും വന്നു. എന്തായാലും ടോയ്‌ലറ്റുകളിലും, കൈയും മുഖവും കഴുകാനും ആവശ്യത്തിന് വെള്ളം ലഭിച്ചു.
ബസ്സ് മരുഭൂമി വിട്ട് കൃഷിയിടങ്ങളുടെ പച്ചപ്പിലേക്കും ആൾപ്പാർപ്പിന്റെ ലക്ഷണങ്ങളിലേക്കും കടന്നു. ഈജിപ്റ്റുകാർ പൊതുവേ കൃഷി പ്രീയരാണ്. സ്ലീബാ അച്ചൻ ഓരോ സ്റ്റോപ്പിലും ബസ്സുകൾ മാറിമാറിക്കയറി അതിലുള്ളവരെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും രസിപ്പിച്ചും കൂടെക്കൂടെ ഉണ്ടായിരുന്നു. ഇടയ്‌ക്കൊരിടത്ത് മോശക്കുഞ്ഞിനെ വെള്ളത്തിൽ നിന്ന് കണ്ടെടുത്ത സ്ഥലം ചൂണ്ടിക്കാണിച്ചു. സണ്ടേസ്‌കൂളിൽ പഠിച്ച ‘ഞാങ്ങിണയിലെ പൈതൽ’ എന്ന കഥ പെട്ടെന്ന് മനസ്സിൽ ഓടിയെത്തി. ആ പ്രായത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കഥ, വായിച്ചു കേൾക്കാൻ, പറഞ്ഞു കേൾക്കാൻ, പറഞ്ഞു ഫലിപ്പിക്കാൻ, അങ്ങനെ എല്ലാറ്റിനും. അന്ന് ആരെങ്കിലും ഓർത്തു കാണുമോ ആ സ്ഥലങ്ങളൊക്കെ നേരിൽ കാണാൻ ഇടയാകുമെന്ന്. ദൈവത്തിന് അളവറ്റ നന്ദിയും സ്‌തോത്രവും അർപ്പിക്കുന്നു. ആരോഗ്യവും പണവും അനുവദിക്കുന്ന പക്ഷം ക്രിസ്ത്യാനികളായ ഓരോരുത്തരും വിശുദ്ധനാട് സന്ദർശനത്തിന് അവസരം ഉണ്ടാക്കേണ്ടതാണ്. എന്തിനു ക്രിസ്ത്യാനികൾ മാത്രമാക്കണം ഹിന്ദുക്കളായ പലരും വിശുദ്ധനാട് സന്ദർശിച്ചിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു സ്ത്രീ അവിടെ മരണപ്പെട്ടുവെന്നും.
കാത്തിരിപ്പിന്റെ നാളുകളും പെന്തിക്കോസ്തിയുടെ ശുശ്രൂഷയും കുർബാനാനുഭവവും കഴിഞ്ഞുള്ള യാത്രയിൽ എല്ലാവരും ഒരു കുടുംബത്തിലെന്നപോലെ ആയിക്കഴിഞ്ഞിരുന്നു. യാത്രയുടെ ക്ഷീണവും മടുപ്പും ഒഴിവാക്കാൻ അച്ചൻ ഓരോരുത്തരെയായി അടുത്തേക്ക് വിളിച്ച് ചോദ്യശരങ്ങളാൽ കുഴയ്ക്കുകയും ഒടുവിൽ അച്ചൻ തന്നെ ഉത്തരം നൽകി രസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. മുന്നോട്ടു കടന്നു ചെന്നവർ അവരുടെ ജോലി സ്ഥലത്തെയോ ജീവിതത്തിലെയോ അനുഭവങ്ങൾ പങ്കിട്ടു. ചിലർ പാട്ടുകൾ പാടി ചിലർ കഥകൾ പറഞ്ഞു. പ്രേമവിവാഹം കഴിച്ചവർ അവരുടെ വീട്ടുകാരുടെ എതിർപ്പും നിസ്സഹകരണവും ചൂണ്ടിക്കാണിച്ചു. പിന്നീട് കുഞ്ഞുണ്ടായപ്പോൾ എല്ലാം മറന്ന് കൂടിച്ചേർന്ന കഥയും. ചെരവത്തറ അച്ചൻ സിനിമാ ഗാനങ്ങൾ പാടി കേട്ടപ്പോൾ പുരോഹിതരും കലാ പ്രേമികളും സിനിമ കാണുന്നവരും ഒക്കെയാണല്ലോ എന്ന് മനസ്സിലോർത്തു. കുർബാനയിലെയും പ്രസംഗവേദികളിലേയും പാടവം മാത്രമല്ല ഒരു നല്ല ഗായകൻ കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. ജയിംസ് ഉമ്മൻ മാർഗ്ഗംകളി പാട്ടുകൾ പാടിയപ്പോൾ തിരുവഞ്ചൂര്‍കാരായ ഏവരും ഒപ്പം ചേർന്നു. കാരണം തിരുവഞ്ചൂര് പേരുകേട്ട കുരിശുപള്ളിയിൽ നാട്ടുകാരുടെ ഒരു പെരുന്നാൾ ഐറ്റം ആയിരുന്നു മാർഗ്ഗംകളി. അതും തലമുറകളിലൂടെ കൈമാറി കിട്ടിയത്.
സന്ധ്യയോടെ ഈജിപ്റ്റിൽ ഞങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടൽ ‘പിരമിഡ് പാർക്ക് റിസോർട്ട് കെയ്‌റോ’ യുടെ മുന്നിലെത്തി. ഞങ്ങളുടെ അത്രയും ദിവസത്തെ താമസത്തിനു ക്രമീകരിക്കപ്പെട്ട ഹോട്ടലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഹോട്ടലായിരുന്നു അത്. ഇനിയുള്ള രണ്ട് രാത്രികളിലും താമസിക്കേണ്ടത് അവിടെയാണ്. റൂമിന്റെ താക്കോലുകൾ അതായത് കാർഡുകൾ തരുന്നതിനോടൊപ്പം ഞങ്ങളുടെ പാസ്‌പോർട്ടുകൾ ആ ഹോട്ടലിന്റെ അധികാരികൾ വാങ്ങിയത് അത്ഭുതകരമായ ഒരു സംഗതിയായിരുന്നു. വിദേശികളെ മനസ്സിലാക്കാനും ഹോട്ടൽ വിടുന്നതുവരെ അവരുടെ നിയന്ത്രണത്തിലായിരിക്കാനുമുള്ള ഒരു സുരക്ഷാ നടപടി.
വിശാലമായ ലോഞ്ച്, അതിനുള്ളിൽ പലതരത്തിലുള്ള അലങ്കാരങ്ങൾ, കൗതുകവസ്തുക്കൾ, നിരത്തിയ ഷോക്കേസുകൾ, വിവിധയിനം ഷോപ്പിംഗ് സൗകര്യങ്ങൾ, പലവിധത്തിലുള്ള പൂച്ചെടികളാലും, പൂച്ചട്ടികളാലും അലംകൃതമായ ആരെയും ഹഠദാകർഷിക്കുന്ന കാഴ്ച. കൺകുളിർക്കെ കണ്ട് ചുറ്റി നടക്കണമെന്ന തോന്നൽ ഉണ്ടായെങ്കിലും അപരിചിതമായ അന്തരീക്ഷവും ആദ്യത്തെ ദിവസവും ആയതിനാൽ പിന്നീടാവാം എന്ന് ചിന്തിച്ച് എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പോയി. താമസിക്കാനുള്ള റൂമുകൾ കുറച്ചകലത്തായിരുന്നു. ഒരു നീന്തൽ കുളത്തിനരികിലൂടെ സജ്ജമാക്കിയ നടപ്പാതയിലൂടെ മുന്നോട്ടു പോയപ്പോൾ മനസ്സ് പിറകോട്ട് പാഞ്ഞു. ജനിച്ചുവളർന്ന നാട്ടിലെ ചെറുതോടുകളിൽ മഴക്കാലങ്ങളിൽ വെള്ളം നിറഞ്ഞൊഴുകുമ്പോൾ സഹോദരങ്ങളുമാത്ത് കുളിക്കാൻ പോകുന്നതും നീന്തിത്തുടിച്ച് കുളിച്ച് രസിക്കുന്നതും ഓർത്തുപോയി. വിസ്തൃതമായ ഒരു സ്വിമ്മിംഗ് പൂളായിരുന്നു അത്. ചെറുപ്രായമായിരുന്നെങ്കിൽ നീന്തിത്തുടിച്ചു കളിക്കാമായിരുന്നു.
ഒന്നാം നിലയിലെ റൂമിലേക്ക് ഹോട്ടൽ ജോലിക്കാർ പടിക്കെട്ടുകൾ വഴി ലഗേജ്ജുകൾ എത്തിച്ചു തന്നു. വി ഐ പി ഹോട്ടലുകളിൽ അതുപോലെ പെരുമാറുവാൻ കഴിഞ്ഞ ദിവസങ്ങളിലെ താമസം പരിശീലിപ്പിച്ചിരുന്നു. തലചൊറിഞ്ഞു നിന്ന ഹോട്ടൽ ബോയ്ക്ക് ടിപ്പ് കൊടുത്തപ്പോൾ അവന്റെ മുഖത്ത് മിന്നിത്തെളിഞ്ഞ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. നമ്മുടെ നാട്ടിലും വിദേശത്തുമെല്ലാം ഏതാണ്ട് ഒരുപോലെ തന്നെ. വളരെ പാടുപെട്ട് റൂം തുറന്ന് അകത്തുകയറി. അകത്ത് കയറിയവർ മറ്റുള്ള റൂമുകാരെ സഹായിച്ചു. ഓരോയിടങ്ങളിലും കാർഡാണെങ്കിലും സിസ്റ്റത്തിന് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. മേശപ്പുറത്ത് ഇലക്ട്രിക് കെറ്റിലും ട്രേയിൽ ഒരു കുപ്പി വെള്ളവും ചായയ്ക്കും കാപ്പിക്കുമുള്ള പൊടികളുടെ പാക്കറ്റുകളും പഞ്ചസാരയും അത് വേണ്ടാത്തവർക്ക് സബ്സ്റ്റിട്ട്യൂട്ടിന്റേയും പാക്കറ്റുകൾ. മുറിയുടെ ഒരു വശം മുഴുവൻ കണ്ണാടിച്ചില്ലിട്ട് നല്ലയിനം കർട്ടൻ വിരിച്ച് മോടിപിടിപ്പിച്ചിരിക്കുന്നു. കതക് തുറന്ന് പുറത്തിറങ്ങുമ്പോൾ ഒരുവശത്ത് കസേരകളിട്ട ഒരു സിറ്റ് ഔട്ട്. അവിടെയിരുന്നാൽ അതിവിശാലമായ ഒരു പ്ലേഗ്രൗണ്ട് കാണാം. അവിടവിടെയായി ടാപ്പുകൾ ഫിറ്റ് ചെയ്ത് പുൽത്തകിടി നനയ്ക്കുവാനുള്ള സംവിധാനം ചെയ്തിരിക്കുന്നു. ഒരു ഫൗണ്ടന്റെ മാതൃകയിൽ വെള്ളം ചിതറിവീണുകൊണ്ടിരിക്കുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. ഇരുട്ടു പരന്നു തുടങ്ങിയെങ്കിലും നിയോൺ ബൾബുകളാൽ എല്ലായിടവും പകൽപോലെ വെളിച്ചം വീശിക്കൊണ്ടിരുന്നു.
കുളിച്ചു ഫ്രഷ് ആയി ഡൈനിംഗ് ഹാൾ കണ്ടുപിടിച്ച് അത്താഴം കഴിച്ചു, എല്ലാം പഴയ രീതികൾ തന്നെ എന്നാൽ വെള്ളം കുടിക്കണമെങ്കിൽ നമ്മൾ പ്രത്യേകം പണം നൽകണം. അല്ലെങ്കിൽ ചൂടുവെള്ളം വെച്ചിരിക്കുന്നത് എടുക്കാം. പെട്ടിക്കുള്ളിൽ നല്ല ശുദ്ധജലം കേരളത്തിൽ നിന്ന് കൊണ്ടുവന്നതിരിക്കുമ്പോൾ എന്തിന് പണം കൊടുത്ത് വെള്ളം വാങ്ങണം അല്ലെങ്കിൽ പരിചിതമല്ലാത്ത ചൂട് വെള്ളം കുടിക്കണം. മൂന്നു ലിറ്ററിന് പകരം ഞങ്ങൾ കരുതിയിരുന്നത് അതിന്റെ മൂന്നിരട്ടിയാണ്. പലരും കയ്യിൽ കരുതിയിരുന്നത് തീർന്നിട്ട് വെള്ളം വാങ്ങിത്തുടങ്ങിയിരുന്നു. ഞങ്ങളുടെ പെട്ടിക്കുള്ളിൽ ഉണ്ടായിരുന്ന വെള്ളം പലർക്കും ഉപയോ ഗിക്കാനായി എന്നത് ഒരു സന്തോഷകരമായ സംഗതിയാണ്.
(തുടരും………)
About The Author
No related posts.