കലയുടെ സുവർണ്ണ ത്രികോണം (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ

Facebook
Twitter
WhatsApp
Email

യാത്രകൾ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കി മാറ്റി വർത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നിൽക്കുമ്പോഴാണ് യാതൊരു  കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്‌സി ഡ്രൈവർ ഞങ്ങളെ ഹോട്ടൽ കോൺവെൻഷൻ ഡിഒഡോണിലെത്തി ച്ചത്.ചെരിപ്പില്ലാതെയും യാത്ര ചെയ്യാവുന്ന തെരുവീഥികൾ. കേരളത്തെപ്പറ്റി ലോകാപവാദമുള്ളത്    യാത്രികർക്ക് സഞ്ചരിക്കാൻ പലയിടത്തും യോഗ്യമായ റോഡുകൾ, ഭക്ഷണ ശാലകൾ  ഇല്ലെന്നാണ്. സഞ്ചാരികളുടെ പറുദീസയായ യൂറോപ്യൻ രാജ്യങ്ങളെപോലെ കേരളവും പുരോഗമിക്കേണ്ടത് പടുത്തുയർത്തേണ്ടത് വന്യവും സുന്ദരവുമായ തിളക്കമാർന്ന റോഡുകളാണ്.പകൽ വിടവാങ്ങിയപ്പോൾ ലജ്ജാവതിയായ സന്ധ്യ നേർത്ത കറുപ്പും നീലയുമുള്ള നിറങ്ങളുമായിട്ടെത്തി ഇരുളിനെപുണരാൻ കാത്തിരുന്നു.ഇനിയും വരാനിരിക്കുന്നത് ആകാശത്തു് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്. സുഖനിദ്രയിൽ നിന്നുണരുമ്പോൾ കാണുന്ന കാഴ്ച്ച ഹോട്ടലിന് മുന്നിലെ പൂക്കളിൽ നിന്ന് ഒലിച്ചിറങ്ങുന്ന തെളിനീരുപോലുള്ള മഞ്ഞിൻ കണങ്ങളാണ്. ഹോട്ടൽ മുറിയിലെത്തിയപ്പോൾ നന്നേ യാത്രാക്ലേശം അനുഭവപ്പെട്ടു. നീന്തൽകുളത്തിൽ നീന്തിക്കുളിക്കുന്നതുപോലെ ചൂടു വെള്ളത്തിൽ കുളിച്ചിറങ്ങിയപ്പോൾ മനസ്സിനാകെ നവോന്മേഷമുണ്ടായി.ഹോട്ടൽ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചെത്തിയ ഞങ്ങൾ അടുത്ത ദിവസത്തെ യാത്ര ആർട്ട് ഗാലറിയായ തൈസെൻ ബോസ്സിനെമിസ  മ്യൂസിയ ത്തിലേക്ക് തീർച്ചപ്പെടുത്തി. ഭൂമിയും നിലാവും ഞാനും ഭാര്യയും പ്രണയ ലഹരിയിൽ നീരാടിക്കൊണ്ടിരിക്കെ പ്രഭാത നിലാവിനെ പ്രണയിക്കാൻ ഉദയസൂര്യനെത്തി. സുര്യനെ ആദരപൂർവ്വം വണങ്ങി എഴുന്നേറ്റു.

പ്രഭാത ഭക്ഷണങ്ങൾ കഴിച്ചിട്ട് അടുത്തുള്ള ഒഡോണൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് സിബെലെ സ്റ്റേഷ നിലേക്ക് ട്രെയിൻ കയറി. അവിടെനിന്ന് നടന്നെത്തിയത് തൈസെൻ ബോസ്സിനെമിസ മ്യൂസിയത്തിലാണ്. മുൻഭാഗം കണ്ടാൽ പഴയെ ഒരു രാജകൊട്ടാരത്തിന്റെ പ്രതീതിയാണ്. മുന്നിൽ ഉദ്യാനമുണ്ട്. മുകളിലേക്ക് കണ്ണുകളുയർത്തി നോക്കി. മൂന്ന് നിലകളുടെ വർണ്ണഭംഗി തിളങ്ങുന്നു. കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ശയി ക്കുന്നത് കലാസൃഷ്ഠികളാണ്. ഒരേ നിറത്തിലും രൂപത്തിലുമുള്ള ജനാലകൾ മുകളിൽ നിന്ന് താഴേക്ക് നിൽക്കുന്നത് കണ്ടാൽ ഇവരുടെ വാസ്തുശില്പി മഹിമ ആരിലും ആനന്ദാശ്രു നിറയ്ക്കും. ആകാശം വിളറി വെളുത്തു നിന്നു.ടിക്കറ്റ് ഓൺലൈനായി എടുത്തത് പരിശോധകരെ കാണിച്ചു് അകത്തു കടന്നു. അകത്തളങ്ങളിൽ മഴവില്ലൊളി ചിതറുന്ന ചിത്ര-ശില്പങ്ങൾ എങ്ങും പ്രഭ പരത്തുന്നു. സഞ്ചാരികളുടെ കൂട്ടത്തിൽ ഒരു ഗർഭിണി മന്ദം മന്ദം അതിരറ്റ ആനന്ദത്തോടെ മുന്നോട്ട് നടന്നുപോകുന്നത് നോക്കി നിന്നു. അതോർത്തപ്പോൾ എന്റെ മനസ്സൊന്ന് വിളറി. അവരുടെ ഭർത്താവോ അതോ കാമുകനോ ഒപ്പമുള്ളത് നന്നായി.മനസ്സിൽ അശുഭ ചിന്ത വളർന്നത് ഈ ഗർഭിണി വെണ്ണപോലുള്ള തറയിൽ കാലൊന്ന് തെറ്റി വീണാൽ എന്താകും?

ഈ സമയം എന്റെ  മനസ്സിലേക്ക് വന്നത്  വിശ്വപ്രസിദ്ധങ്ങളായ വത്തിക്കാനിലെ സിസ്റ്റയിൻ ചാപ്പൽ, ഫ്‌ലോറെൻസ്, വിയന്ന, പാരീസ്, ലണ്ടൻ, ന്യൂയോർക്ക്, ജർമ്മനി, വിയന്ന, ഫിൻലൻഡ് തുടങ്ങിയ ധാരാളം ദേശങ്ങളിലെ ആർട്ട് ഗാലറികളിലെ വർണ്ണോജ്വല ചിത്ര ശില്പങ്ങളാണ്.അവിടെ കണ്ട കലയുടെ മായാപ്രപഞ്ചമാണ് ഇവിടെയുമുള്ളത്. മാഡ്രിഡിലെ പ്രധാന ആർട്ട് മ്യൂസിയമാണ് തൈസെൻ-ബോർനെമിസ ദേശീയ  മ്യൂസിയം, അല്ലെങ്കിൽ ത്‌യ്‌സെൻ, നഗരത്തിലെ പ്രധാന ബൊളിവാർഡുകളിലൊന്നിൽ പ്രാഡോ മ്യൂസിയത്തി നടുത്താണ് സ്ഥിതിചെയ്യുന്നത്. ‘കലയുടെ സുവർണ്ണ ത്രികോണം’ എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു.  അതിൽ പ്രാഡോയും റീന സോഫിയ ദേശീയ ഗാലറികളും ഉൾപ്പെടുന്നു. അകത്തെങ്ങും കലാ സൃഷ്ഠികളുടെ സൗന്ദര്യം മാത്രമല്ല ശാസ്ത്രത്തിന്റെ  ആധുനിക ശില്പഭംഗിയാലും ശോഭിക്കുന്നു. ഇവിടുത്തെ കലാ ശാസ്ത്ര മേഖലയിലുള്ളവരുടെ ഭാവനകൾക്ക് മുന്നിൽ നമിച്ചു നിൽക്കാനേ സാധിക്കുന്നുള്ളൂ.

അഗാധ പരിജ്ഞാനമുള്ള ഭരണാധിപന്മാർ, കലാപ്രതിഭകളുടെ ചിത്രങ്ങളെ കണ്ടുകൊണ്ടാകണം ലോകത്തുള്ള പ്രമുഖ ആർട്ട് ഗാലറിയായി തൈസെൻ ബോർനെമിസയെ കലാലോകം കണ്ടത്. യൂറോപ്പിന്റെ ചരിത്രം വിളിച്ചോതുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ഗോഥിക് പെയിന്റിംഗുകൾ മുതൽ ഇരുപതാം നൂറ്റാണ്ടിലെ പോപ്പ് ചിത്രങ്ങളടക്കം ആയിരത്തി അറുന്നുറിലധികം ചിത്രങ്ങൾ ഇതിനുള്ളിൽ ഇടംപിടിച്ചിട്ടുണ്ട്. സ്‌പെയിനിലെ പ്രമുഖ കാലശേഖരങ്ങളിൽ ഒന്നാണിത്. പ്രമുഖ ചിത്രകാരന്മാരായ വാൻ ഗോഗ്, ഗോയ, പിക്കാസോ തുടങ്ങിയവരുടെ ലോകോത്വര സൃഷ്ഠികളും ഇവിടെയുണ്ട്. കലാ സാഹിത്യത്തോടുള്ള കടുത്ത പ്രണയമാണ്  ബാരൺ ഹെൻറിച്ച് തൈസെൻ-ബോർനെമിസയും അദ്ദേഹത്തിന്റെ മകൻ ഹാൻസ് ഹെൻറിച്ചും ചേർന്ന് ശേഖരിച്ച അതിമനോഹരങ്ങളായ ചിത്രങ്ങൾ  ഈ മ്യൂസിയത്തിൽ  വിരിഞ്ഞു നിൽക്കുന്നു.

ഈ മ്യൂസിയം ആദ്യം സ്ഥാപിച്ചത് 1992-ൽ മാഡ്രിഡിലെ വില്ലഹെർമോസ കൊട്ടാരത്തിലാണ്. ആരാധ കരുടെ എണ്ണം വർധിച്ചതോടെ തുച്ഛമായ വില വാങ്ങി രാജ്യത്തിന് സമർപ്പിച്ചു. ഓരോ ചിത്രങ്ങൾ ചിറകുകൾ മുളച്ചു പറക്കുന്നതായി തോന്നി. 2004-ലാണ് ഇത് പൊതുജനത്തിനായി തുറന്നുകൊടുത്തത്. ഓരോ ഗാലറികളും വ്യത്യസ്തങ്ങളായ കാഴ്ചകളാണ് നല്കുന്നത്. മ്യൂസിയത്തിൽ പൂച്ചട്ടികൾ, കുഞ്ഞുമരങ്ങൾ വളർന്നു നിൽക്കുന്നു. അതിരറ്റ ആശ്ചര്യവും ജിജ്ഞാസയുമുണ്ടായി. ചിത്രങ്ങളെല്ലാം മനസ്സിന് കുളിർമ്മ നൽകുന്നു. സഞ്ചാരികൾ ചിത്രങ്ങൾ കണ്ട് നടക്കുന്നതിനിടയിൽ ഒരു  യുവാവും യുവതിയും വെമ്പൽ പൂണ്ട് കവിളിൽ മുട്ടിയുരുമ്മി മുന്നോട്ട് പോയി. ആദ്യം കണ്ട ഗർഭിണി മനസ്സിൽ വന്നു. ഇവർ എവിടെയെങ്കിലും തട്ടിവീഴുമോ?

അധ്യാപർക്കൊപ്പം കുട്ടികളെയും കണ്ടു. അവർ മിഴികൾ വിടർത്തി അധ്യാപകർ പറഞ്ഞ് കൊടുക്കു ന്നത് ശ്രദ്ധയോടെ കേൾക്കുന്നു.ചെറു പ്രായം മുതൽ കുട്ടികൾ അഭ്യസിക്കുന്നത് കലാ സാഹിത്യ ജ്ഞാനഭണ്ഡാ ഗാരമാണ്. നമ്മുടെ കേരളം അഭ്യസിക്കുന്നത് മാജിക് സിനിമകളിലാണ്. ജ്ഞാനത്തെ അവഗണിക്കുന്നതിനാൽ സന്മാർഗ്ഗത്തിൽ നിന്ന് കുട്ടികൾ വ്യതിചലിക്കുന്നു. ഏറെനേരം അവരെ നോക്കി നിൽക്കുന്നത് കണ്ട് മകൾ സിമ്മി എന്നെ വിളിച്ചു. നമ്മുടെ കുട്ടികൾക്ക് ഇതുപോലെ കാന്തി പകരുന്ന ചിത്രങ്ങൾ, ശില്പങ്ങൾ കാണാൻ പാശ്ചാത്യ രാജ്യങ്ങളിൽ പോകേണ്ടി വരുന്നു. ഏറ്റവും മുകളിലെ നിലയിൽ പതിനേഴാം നൂറ്റാണ്ടിലെ ആദ്യകാല ഇറ്റാലിയൻ കലകൾ പ്രദർശിപ്പിച്ചിരിക്കുന്നു, ഒന്നാം നിലയിൽ കാണുന്നത് പതിനേഴാം നൂറ്റാണ്ടിലെ ഡച്ച്, ജർമ്മൻ കലകളാണ്. പുറത്തു്  വൃക്ഷ ലതാദികളുടെ ഹരിതാഭ ശോഭയെങ്കിൽ അകത്തുള്ളത് പ്രഭാതത്തിന്റെ അരുണിമകലർന്ന നിറച്ചാർത്തുള്ള ചിത്രങ്ങളാണ്.  ഏറ്റവും താഴെയുള്ള നിലയിൽ പത്തൊൻമ്പത് ഇരുപതാം  നൂറ്റാണ്ടിലെ പെയിന്റിംഗുകൾ ആണ്. എന്റെ മിഴികൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോയ്‌ക്കൊണ്ടിരിന്നു. വിവിധ നിറങ്ങളാൽ താരും തളിരുമണിഞ്ഞു നിൽക്കുന്ന പൂന്തോട്ടം. മുൻപ്  ബ്രിട്ടീഷ് റോയൽ ശേഖരം കഴി ഞ്ഞാൽ ഇത് ലോകത്തെ  ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ശേഖരമായിരുന്നു. ഏത് ചിത്രമെടുത്താലും കലയുടെ പ്രകാശവർഷം മാത്രമല്ല ഒഴുകി പരക്കുന്നത് അതിനൊപ്പം ജീവിതത്തിന്റെ നീരൊഴുക്കുകളാണ്.

About The Author

One thought on “കലയുടെ സുവർണ്ണ ത്രികോണം (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ”
  1. ശ്രീ : കാരൂർ സോമെന്റെ സ്‌പെയിൻ യാത്രാ വിവരണത്തിെന്റെ ഈ ഒരേട് ഹൃദ്യമായ ഒരു വായനാനുഭവം പ്രദാനം ചെയ്തു.
    ആശംസകൾ !

Leave a Reply

Your email address will not be published. Required fields are marked *