കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്.
ഒന്നിലധികം പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ മറ്റൊരു ചിഹ്നത്തില്‍ രേഖപ്പെടുത്തപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വോട്ട് ചെയ്ത ചിഹ്നമല്ല വിവി പാറ്റ് സ്ലിപ്പില്‍ രേഖപ്പെടുത്തിയതെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ചു. പത്ത് സ്ത്രീകളെയും പത്ത് പുരുഷന്‍മാരെയും കൊണ്ട് വോട്ട് ചെയ്യിച്ച് പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യുപി സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45 ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു.













