ഏകദിന പരമ്പരയിലും വിജയത്തുടക്കം കുറിച്ച് ടീം ഇന്ത്യ. ആദ്യം ബോളർമാരും പിന്നാലെ ബാറ്റിങ്ങിൽ ഓപ്പണർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ, 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 18.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയ.ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചുറി നേടി. ഉറച്ച പിന്തുണയുമായി ശിഖർ ധവാനും കൂട്ടുനിന്നതോടെ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും പിറന്നു. അർധസെഞ്ചുറി നേടിയ രോഹിത് ശർമ 76 റണ്‍സെടുത്താണ് പുറത്താകാതെ നിന്നത്. രോഹിത് 58 പന്തിൽ ആറു ഫോറും അഞ്ചു സിക്സും സഹിതമാണ് 76 റൺസെടുത്തത്. ധവാൻ 54 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസോടെയും പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ലോർഡ്സിൽ വ്യാഴാഴ്ച നടക്കും.
നേരത്തെ, ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ട്, 25.2 ഓവറിൽ വെറും 110 റൺസിന് എല്ലാവരും പുറത്തായി. 32 പന്തിൽ ആറു ഫോറുകളോടെ 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തിയത് ഇന്ത്യൻ പേസർമാരാണെന്ന പ്രത്യേകതയുമുണ്ട്. ഇത് ആറാം തവണയാണ് ഇന്ത്യൻ പേസർമാർ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാമത് ബോൾ ചെയ്യുമ്പോൾ ഇതാദ്യവും. ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിനു പുറത്താകുമെന്ന തോന്നലുയർന്നെങ്കിലും, ഒൻപതാം വിക്കറ്റിൽ ഡേവിഡ് വില്ലി – ബ്രൈഡൻ കേഴ്സ് സഖ്യം കൂട്ടിച്ചേർത്ത 35 റൺസാണ് ആതിഥേയരെ രക്ഷിച്ചത്. 2001ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയക്കെതിരെ 86 റൺസിനു പുറത്തായതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം. വെറും 68 റൺസിനിടെ എട്ടു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ട്, അവസാന രണ്ടു വിക്കറ്റിൽ ചേർത്തത് 42 റൺസ്! അതേസമയം, ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ഏകദിന സ്കോറാണിത്. 2006ൽ ജയ്പുരിൽ 125 റൺസെടുത്തതായിരുന്നു മുൻപ് മോശം പ്രകടനം.
ഏകദിന കരിയറിലെ രണ്ടാമത്തെ മാത്രം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 7.2 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ സഹിതം 19 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടേത്, കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ്. മുഹമ്മദ് ഷമി ഏഴ് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ യുസ്‌വേന്ദ്ര െചഹൽ എറിഞ്ഞത് രണ്ട് ഓവറുകൾ മാത്രം. ഇംഗ്ലിഷ് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്‍ലർക്കു പുറമെ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. മോയിൻ അലി (18 പന്തിൽ രണ്ടു ഫോറുകളോടെ 14), ഡേവിഡ് വില്ലി (26 പന്തിൽ മൂന്നു ഫോറുകളോടെ 21), ബ്രൈഡൻ കേഴ്സ് (26 പന്തിൽ രണ്ടു ഫോറുകളോടെ 15) എന്നിവർ. റീസ് ടോപ്‍ലി ഏഴു പന്തിൽ ഒരു സിക്സ് സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നിരയിലെ ഏക സിക്സർ കൂടിയാണിത്.
ഓപ്പണർ ജെയ്സൻ റോയി (0), ജോ റൂട്ട് (0), ബെൻ സ്റ്റോക്സ് (0) എന്നിവർ പൂജ്യത്തിനു പുറത്തായത് ഇംഗ്ലണ്ടിന് നാണക്കേടായി. ഇംഗ്ലിഷ് നിരയിൽ ടോപ് ഓർഡറിലെ ആദ്യ നാലു ബാറ്റർമാരിൽ മൂന്നു പേരും ഒരു മത്സരത്തിൽ പൂജ്യത്തിനു പുറത്താകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനു മുൻപ് 2018ൽ ഓസ്ട്രേലിയയ്‌ക്കെതിരെ അഡ്‍ലെയ്‍ഡിൽ ജെയ്സൻ റോയി, ജോ റൂട്ട്, ജോണി ബെയർസ്റ്റോ എന്നിവർ പൂജ്യത്തിനു പുറത്തായതാണ് ആദ്യ സംഭവം. ജോണി ബെയർസ്റ്റോ (20 പന്തിൽ ഏഴ്), ക്രെയ്ഗ് ഓവർട്ടൻ (ഏഴു പന്തിൽ എട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യൻ നിരയിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏകദിനത്തിൽ 150 വിക്കറ്റ് നേട്ടം പിന്നിട്ടു. ഇതോടെ, ഏറ്റവും കുറഞ്ഞ പന്തുകൾ എറിഞ്ഞ് 150 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ബോളറുമായി ഷമി.
About The Author
No related posts.