ഒരു
മെയ് ദിന
പ്രഭാതത്തിൽ
നീ പറഞ്ഞു:
കലാപം നടന്ന
ഇടവഴികൾ
പിരിയുന്നിടത്ത്,
ചില തീവ്രാനുഭവങ്ങൾ,
വഴിപിരിയാതെ,
ആരാലും
തിരിച്ചറിയപ്പെടാതെ,
ആർക്കോ വേണ്ടി
കാത്തിരിപ്പുണ്ട്!
അന്ന്
വൈകീട്ട്
ഞാൻ പറഞ്ഞു:
ആ അനുഭവങ്ങളെ
തൊട്ടറിയാനായി
നമ്മൾ,
ഇടയ്ക്കിടെ
ആ കവലവരെ
നടക്കണമെന്ന്…
ചുറ്റും
നോക്കണമെന്ന്…
കണ്ണുകൾക്കുചുറ്റും
കറുപ്പുരാശിയുള്ള,
മുഖത്ത് വിരൽപ്പാടുള്ള,
പെണ്ണുങ്ങളെ
പ്രത്യേകം
ശ്രദ്ധിക്കണമെന്ന്!
അവരുടെ
ഭർത്താക്കന്മാരുടെ
ഉള്ളിലിരിപ്പ്,
ആ മങ്ങിയ
കണ്ണുകളിൽ,
വ്യക്തമായി
തെളിയും!
അപ്പോൾ
സൂര്യനസ്‌തമിച്ചാലും,
ഒരു തുണ്ട് ചോപ്പ്നിറം,
ആ കവലയിൽ,
മങ്ങാൻ മടികാണിച്ചു,
തങ്ങി നിൽപ്പുണ്ടാവും…
പതിവ്
ദോശയിലും
ചായയിലും
പതിവ്
പരാതി പറഞ്ഞ്,
നമ്മൾ വീണ്ടും
റിഹേഴ്സൽ
ക്യാമ്പിലെത്തും…
നമ്മുടെ നാടകത്തിൽ
ആ ചോപ്പ് നിറമൊഴികെ,
ബാക്കിയെല്ലാ നിറവും,
നിറഞ്ഞു,
കവിഞ്ഞു,
പതഞ്ഞു,
തൂവി,
തോൽവിയറിയാതെ
നിറഞ്ഞാടുന്നുണ്ടാവും!…
അപ്പോഴും,
‘ചോപ്പി’ല്ലാത്ത
മഴവില്ലിന്റെ മഹത്വം,
നമ്മൾ ചെയ്ത
നാടകത്തിലുണ്ടെന്ന്,
കലയിലും,
സാഹിത്യത്തിലും,
സംഗീതത്തിലുമുണ്ടെന്ന്,
അവകാശവാദം
ഉന്നയിക്കും!
‘ചോപ്പി’ല്ലാതെ,
ജീവനുള്ള ഒന്നിനും
നിലനിൽപ്പില്ലെന്നുള്ള
സത്യം,
എന്നുമുതലാണ്
നമ്മൾ
മറക്കാൻ തുടങ്ങിയത്?
ചോപ്പിന്റെ
വിപ്ലവലഹരിക്കെതിരെ,
വാദിച്ചു ജയിക്കാൻ
പഠിച്ചത്?
അതൊരു
ബുദ്ധപൂർണിമ
ദിനത്തിലോ,
യേശുപിറവി
ദിനത്തിലോ,
മാർക്സിന്റെ
ജന്മദിനത്തിലോ,
മെയ്‌ദിനത്തിലോ,
നാരായണഗുരു-
ഗാന്ധിജയന്തി
ദിനത്തിലോ,
ആവാതിരിക്കട്ടെ…
എന്നത് മാത്രമാണ്,
ഇപ്പോളെന്റെ
പ്രാർത്ഥന!
💖✍️💖
ചാക്കോ ഡി അന്തിക്കാട്
2022 ജൂലൈ 2
(‘കാവ്യശിഖ’)
👀













