പി.ടി.ഉഷയെ അസഹിഷ്ണതയോടെ കാണുന്നവർ – കാരൂർ സോമൻ, ലണ്ടൻ.

മലയാളിയിൽ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത പ്പോൾ ചിലരിൽ കണ്ടു. മനുഷ്യ
മനസ്സിൽ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരിൽ
നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത് അല്ലെങ്കിൽ വേട്ടയാടുന്നത്. അധികാര
രാഷ്ട്രീയത്തിൽ നമ്മൾ കണ്ടുവരുന്നത് കുറെ ഉപജാപകരും സ്തുതിപാഠകരും
പലപ്പോഴും രാജ്യസഭയിലേക്ക് കടന്നുവരുന്നതാണ്. ആ കൂട്ടത്തിൽ
മനുഷ്യമനസ്സിൽ പ്രതിഷ്ഠ നേടിയവരുമുണ്ട്. രാജ്യസഭയിലേക്കുള്ള ചിലരുടെ
വരവ് കാണുന്നവർ ശ്വാസം നിന്നതുപോലെ നോക്കുന്നു, പ്രബുദ്ധരായ,
വിവേകമുള്ള ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ ബാലിശമായി കാണാറുണ്ട്.
ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് പി.ടി.ഉഷയെ പരോക്ഷമായെങ്കിലും
വിമർശിക്കാൻ തുനിഞ്ഞത് മത്തുപിടിച്ച വിദ്വേഷ പ്രേതം ഉള്ളിൽ
അലഞ്ഞുനടക്കുന്നതു കൊണ്ടാണ്. 1984-ൽ ലോസ് അഞ്ച ൽസിൽ 400
മീറ്റർ ഹാർഡിൽസിൽ 55. 42 സെക്കൻഡിൽ ഫിനിഷ് ചെയ്തത്
നാലാമതാണ്. തലനാരിഴക്ക് ഇന്ത്യയുടെ വെങ്കലം നഷ്ടമായി. തുടർന്നുള്ള
1980 മുതൽ 1996 വരെയുള്ള എല്ലാം ഒളിമ്പിക്‌സ്, 1992-ലെ ബാഴ്‌സലോണ
ഒളിമ്പിക്‌സ് അങ്ങനെ എത്രയോ നാളുകൾ ലോക ഭൂപടത്തിൽ ഇന്ത്യയുടെ
അഭിമാനമുയർത്തിയ കായിക താരമാണ്. സമൂഹത്തെ നയിക്കാൻ രാഷ്ട്രീയം
പ്രതിനിധാനം ചെയ്യുന്നവർ മാത്രം മതിയോ? ഇന്ത്യൻ പാർലമെന്റിൽ
ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ എത്രപേരുണ്ട്?

പി.ടി. ഉഷ എന്ന  ഇതിഹാസ കായികതാരത്തെ ഞാൻ കാണുന്നത് മാധ്യമം ദിനപത്രത്തിനായി 2012-ൽ  ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യുമ്പോഴാണ്. ഉഷയുടെ അരുമ ശിഷ്യ ടിന്റു, ഇന്ത്യൻ ഹോക്കിയുടെ അഭിമാനമായ പി.ആർ.ശ്രീജേഷ്, മയൂഖ ജോണി, കെ.ടി. ഇർഫാൻ അടക്കം പല കായിക താരങ്ങളെയും  പരിചയപ്പെട്ടു. പൂർണ്ണ പബ്ലിക്കേഷൻ വഴി പുറത്തുവന്ന ‘കായികസ്വപ്നങ്ങളുടെ ലണ്ടൻ ഡയറി’ എന്ന പുസ്തകത്തിൽ ഉഷയും ഞാനുമായുള്ള അഭിമുഖവുമുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് ‘പി.ടി.ഉഷ ഓരോ ഇന്ത്യാക്കാരനും പ്രചോദനം നൽകുന്ന ആളാണ്’. അവിടെ ആരൊക്കെ തലയില്ലാത്ത സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ കരിനിഴൽ വീഴ്ത്താൻ ശ്രമിച്ചാൽ  വിവേകമുള്ള മനുഷ്യർ അവരെ ചവുട്ടിത്താഴ്ത്തുക തന്നെ ചെയ്യും. കുറെ മലയാളികൾ കായിക രംഗത്ത് മാത്രമല്ല കലാ-സാഹിത്യ രംഗങ്ങളിലും മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടാറുണ്ട്. നിസ്സാരകാര്യങ്ങൾവരെ ഊതിപെരുപ്പിച്ചു് അപവാദങ്ങൾ പ്രചരിപ്പിച്ചാൽ ഭീതിമൂലം ഇവരൊന്നും ഒളിച്ചോടുന്നവരല്ല. സോഷ്യൽ മീഡിയ വഴി കാശുണ്ടാക്കാൻ പലരും പലരെപ്പറ്റി പലതും പടച്ചുവിടാറുണ്ട്. ഉഷ കായിക സ്‌കൂൾ തുടങ്ങിയപ്പോഴും കോടികൾ തട്ടിയെടു ക്കുന്നുവെന്ന അപവാദ പ്രചാരവേല നടന്നിരിന്നു. ചിലരുടെയൊക്കെ പ്രേരകശക്തിയായിട്ടാണ് ഈ കൂട്ടർ പ്രവർത്തിക്കുന്നത്. രാജ്യസഭയിലേക്ക് വരുന്നത് കായിക രംഗത്തിനെന്നും ഒരു ഉത്തേജനമാണ്. ഇത് പിൻവാതിൽ നിയമനമല്ല. ഈ കായിക താരം അധികാര സിംഹാസനത്തിന്റെ സേവകയോ അവരുടെ ചങ്ങലകളിൽ കുരുങ്ങിക്കിടക്കുകയോ, വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധിയോ, ആവേശമൂറുന്ന പ്രസംഗം നടത്തി വന്ന വ്യക്തിയോ അല്ല അതിലുപരി ഒരു കായിക താരത്തിന്റെ ഹൃദയമിടിപ്പും ഒടുങ്ങാത്ത ദുഃഖ-ദുരിതങ്ങളും കണ്ടു വളർന്ന വ്യക്തിയാണ്. കേരളത്തിലെ കായിക താരങ്ങൾക്ക് ഒരു തൊഴിലിന് മുട്ടിലിഴയാൻ ഇനിയും  ഇടവരാതിരിക്കട്ടെ.

ഒരു ഭരണകൂടത്തിന്റെ മഹത്വവും ധന്യവുമായ സാമൂഹ്യ പരിരക്ഷയാണ് ഉഷയിലൂടെ കാണാൻ സാധിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെ അധികാരത്തിലിരിക്കുന്നവർ വീമ്പുപറയു മ്പോൾ പലപ്പോഴും കണ്ടുവരുന്നത് ബൂർഷ്വാ ഉത്പാദനമാണ് അല്ലെങ്കിൽ വികട ജനാധിപത്യമാണ്. ഇവിടെ നടക്കുന്ന വൈരുധ്യം പലരും തിരിച്ചറിയുന്നില്ല. രാജ്യസഭയിലേക്ക് മാത്രമല്ല കലാസാഹിത്യ രംഗമടക്കം ഏത് രംഗമെടുത്താലും വർഗ്ഗ താല്പര്യം സംരക്ഷിക്കാൻ വേണ്ടി രാജ്യത്തിന്റെ പരമാധികാരത്തെ ഇവർ ചുഷണം ചെയ്യുന്നു. കലാസാഹിത്യ സാംസ്‌ക്കാരിക രംഗമെടുത്താലും യോഗ്യരായ സാഹിത്യ പ്രതിഭകളെ അകറ്റി നിറുത്തി ഭരണവർഗ്ഗ താല്പര്യം സംരക്ഷിക്കുന്നു. പുരോഗമന ചിന്താശാലികളായവർപോലും അടുത്ത പദവിക്കും പുരസ്‌ക്കാരത്തിനും കാത്തുകഴിയുന്നു. സമൂഹത്തിൽ രണ്ടും മുന്നും വർഗ്ഗങ്ങളായി തിരിച്ചു നിർത്തി ക്കൊണ്ടാണ് സമത്വം, സാഹോദര്യം പ്രസംഗിക്കുന്നത്. രാജ്യസഭയിലേക്ക് എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാർ കടന്നു വരുന്നത്? സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം എന്തുകൊണ്ട് രാജ്യസഭയിൽ വരുന്നില്ല?  ഭരണഘടനയിൽ വേണ്ടുന്ന മാറ്റങ്ങൾ എന്തുകൊണ്ട് വരുത്തുന്നില്ല?  രാജ്യസഭയിൽ ബുദ്ധിജീവികളും, കർഷകരും, ശാസ്ത്ര സാഹിത്യ സർഗ്ഗ പ്രതിഭകളും, സാമൂഹ്യ പരിഷ്‌ക്കർത്താക്കളും, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ആത്മീയാചാര്യന്മാരുമുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് മികച്ച സംഭാവനകൾ ലഭിക്കുമായിരിന്നു. രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥ താല്പര്യം നിലനിർത്താനല്ല ഭരണ കൂടങ്ങൾ ശ്രമിക്കേണ്ടത് രാജ്യ പുരോഗതിക്കാണ് മുൻഗണന കൊടുക്കേണ്ടത്. രാജ്യസഭയിൽ കാണേണ്ടത്   പല നിറത്തിലുള്ള ഇലകളും പൂക്കളും നിറഞ്ഞ പുങ്കാവനമാണ് അല്ലാതെ ഭരിക്കുന്നവരുടെ ഫലമില്ലാത്ത കാട്ടുചെടികളല്ല വളമിട്ട് വളർത്തേണ്ടത്. രാഷ്ട്രീയ വാഴ്ചയിൽ വർഗ്ഗ താല്പര്യമല്ല സംരക്ഷിക്കേണ്ടത് മറിച്ചു് ജനകീയ താല്പര്യങ്ങളാണ്. രാജ്യസഭയിൽ ജനാധിപത്യ കക്ഷികളുടെ ഒരു നവോത്ഥാനമുണ്ടാകട്ടെ.

ഞാനും ഉഷയുമായി ലണ്ടനിൽ നടത്തിയ പല ചോദ്യങ്ങളിൽ ഒരു ചോദ്യമിതാണ്. ‘എന്തുകൊണ്ടാണ് ഇന്ത്യൻ അത്‌ലറ്റുകൾ കളിക്കളങ്ങളിൽ പിന്നോക്കം പോകുന്നത്? ഉത്തരം. പിന്നോക്കത്തിന് കാരണം കുട്ടികളല്ല. കഴിവും സാമർത്ഥ്യവുമുള്ള കായിക താരങ്ങൾ നമുക്കുണ്ട്. കായികരംഗത്തെപ്പറ്റി വേണ്ടുന്ന അറിവില്ലാത്തവർ കായികരംഗം വാഴാൻ ശ്രമിച്ചാൽ സാങ്കേതികമായി മാത്രമല്ല അടിസ്ഥാനപരമായി തന്നെ നാം പിന്നോക്കം പോകും. അത് നമ്മൾ തിരിച്ചറിയണം’. പി.ടി.ഉഷക്ക് അഭിനന്ദനങ്ങൾ നേരുന്നു.

1 COMMENT

  1. അഭിനന്ദനങ്ങൾ 🙏. പി. ടി. ഉഷക്കും ഇത്ര നന്നായി കായിക ലോകത്തെ പ്പറ്റി എഴുതിച്ചേർത്ത ശ്രീ. കാരൂർ സാറിനും ആദര വുകൾ

LEAVE A REPLY

Please enter your comment!
Please enter your name here