രബീന്ദ്ര ടാഗോറിന്റെ കഥകളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന മോഡേൺ റിവ്യുവിന്റെ പത്രാധിപർ ശ്രീരാമാനന്ദ ചാറ്റർജിയുടെ പ്രസക്തി എന്താണ്? കേസരിയുടേയും കൗമുദി ബാലകൃഷ്ണന്റേയും കേരളത്തില പ്രസക്തിയ്ക്കും മീതെയാണ് ആ ഒരാനുകാലികത്തിന്റെ ദേശീയ പ്രസക്തി.
അലഹബാദിൽ നിന്നാരംഭിച്ച പത്രമാണ് സച്ചിദാനന്ദ സിൻഹയുടെ 1903 ൽ തുടങ്ങിയ “ഹിന്ദുസ്ഥാൻ റിവ്യു”വും ശ്രീരാമാനന്ദ ചാറ്റർജിയുടെ മോഡേൺ റിവ്യുവും. തേജ് ബഹദൂർ സപ്രുവിന്റെ “ഇരുപതാം നൂറ്റാണ്ടും” ഏതാണ്ട് ഓരേ കാലത്താണ് ചറപറേന്ന് എല്ലാം തുടങ്ങിയത്. ഇന്ത്യ സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടിത്തുടങ്ങിയിരുന്നല്ലോ.
1907 ലാണ് “മോഡേൺ റിവ്യൂ” തുടങ്ങുന്നത്. എന്നാൽ 1903 ൽ മദിരാശിയിൽ നിന്ന് “ഇന്ത്യാ റിവ്യു” ആരംഭിച്ചു കഴിഞ്ഞിരുന്നു. മഹാനായ മലബാറിയുടെ East and West മാസിക അതിനും മുമ്പ് തുടങ്ങിയതാണ്. എന്നാൽ കുതിച്ചു പാഞ്ഞത് ശ്രീരാമനന്ദ ചാറ്റർജിയുടെ മാസികയാണ്. മോഡേൺ റിവ്യുവിനു മുമ്പ് ബംഗാളിൽ നിന്ന് “പ്രഭാസി” എന്ന പേരിൽ ഒരു പത്രം തുടങ്ങിയിരുന്നു. 1907, ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിന്റെ കനക ജൂബിലി വർഷമായിരുന്നു. 1857 ലെ ശിപായി ലഹള എന്ന് ഇംഗ്ലീഷുകാർ കളിയാക്കി വിളിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അൻപതാണ്ടു തികഞ്ഞ വർഷം. അക്കൊല്ലമാണ് ലാലാ ലജപത് റോയിയെ നാടുകടത്തിയത്. അദ്ദേഹവും ശ്രീരാമാനന്ദ ചാറ്റർജിയും ഒരേ കൊല്ലം ജനിച്ചവർ. ബാല ഗംഗാധര തിലകന്റെ “സ്വരാജ്യം” മുറവിളിയായി വന്ന വർഷം. അതൊരു കുതിപ്പിന്റെ കാലമായിരുന്നു.
ഇംഗ്ലീഷിലെ മോഡേൺ റിവ്യൂവും ബംഗാളിലുള്ള “പ്രഭാസി”യും ഹിന്ദിയിലുള്ള “വിശാലഭാരത”വും സ്വാതന്ത്ര്യ ജ്വാലകൾ കത്തിക്കുന്നവയായിരുന്നു. ചാറ്റർജിയുടെ കൈപ്പിടിയിലായിരുന്നു പത്രവും മാസികയും.
“മോഡേൺ റിവ്യൂ” ഒരു മാതൃകാ പ്രസിദ്ധീകരണമായിരുന്നു. വൈവിദ്ധ്യമുള്ള വിഭവങ്ങൾ. ഒരു ചിത്രമാസികയുടെ രൂപത്തിലും ഭാവത്തിലുമുള്ള ഓരോ ലക്കങ്ങൾക്കും ഗംഭീര വരവേൽപ്പായിരുന്നു.
അലഹബാദിൽ നിന്ന് കൽക്കട്ടയിലേക്കു പറിച്ചു നട്ട ആ പ്രസിദ്ധീകരണമില്ലായിരുന്നെങ്കിൽ ഇത്ര വേഗത്തിൽ ടാഗോറിന്റെ കൃതികൾ പ്രചരിക്കുമായിരുന്നോ. സംശയമാണ്. 1865 മേയ് 31ന് ജനിച്ച ശ്രീരാമാനന്ദ ചാറ്റർജി കോളജിൽ പഠിക്കുമ്പോഴേ ബ്രഹ്മസമാജ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. 1895 ൽ മദനമോഹൻ മാളവ്യ അദ്ദേഹത്തിന്റെ “കായസ്ക്ക പാഠശാല”യിലേക്ക് ആനയിച്ചു. പതിമൂന്ന് കൊല്ലം അവിടെ പഠിച്ചു.
1901 ൽ അലഹബാദിനോട് യാത്ര പറഞ്ഞ് ചാറ്റർജി കൽക്കത്തയിലെത്തി. “പ്രഭാസി” വിലക്കു വാങ്ങി. പിന്നെ മോഡേൺ റിവ്യൂ തുടങ്ങി.
1919 ൽ മോട്ടിലാൽ നെഹ്രു സ്വന്തമായി “ഇൻഡിപ്പെൻഡന്റ്” പത്രം അലഹബാദിൽ തുടങ്ങിയപ്പോൾ അതിന്റെ പത്രാധിപരായി ചാറ്റർജിയെ ക്ഷണിച്ചെങ്കിലും പോയില്ല.
പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരൻ ജെ.ടി. സങർലാങ്ങ് Indian Bondage, Her right for freedom എന്നൊരു പുസ്തകമെഴുതി. അത് പ്രസിദ്ധപ്പെടുത്തിയതോ ശ്രീരാമാനന്ദ ചാറ്റർജിയും.
എന്തിന് 1932 ൽ മഹാത്മാഗാന്ധി യർവാദാ ജയിലിൽ കിടക്കുമ്പോൾ നേരിട്ട് ചാറ്റർജിക്കെഴുതി. “മോഡേൺ റിവ്യൂ” പതിവായി അയച്ചു തരണമെന്ന്. കൃത്യമായി മോഡേൺ റിവ്യൂ ഗാന്ധിജിക്ക് എത്തിക്കാൻ ചാറ്റർജി ഏർപ്പാടാക്കി.
ദേശീയ പത്രപ്രവർത്തന ചരിത്രത്തിൽ തിളക്കമാർന്നൊരദ്ധ്യായമാണ് ചാറ്റർജിയുടേത്. ദേശീയ പ്രസ്ഥാനത്തോടൊപ്പം ഒരു പത്രം തുഴഞ്ഞിട്ടുണ്ടെങ്കിൽ അത് മോഡോൺ റിവ്യുവാണ്. ഒരേ ഒരു പത്രാധിപർ അത് ശ്രീരാമാനന്ദ ചാറ്റർജിയും!
About The Author
No related posts.