കഥാകാരി ലീലയാണ് ഓംചേരിയുടെ പത്നിയായത്

Facebook
Twitter
WhatsApp
Email

സംഗീതജ്ഞയായ ലീലാ ഓംചേരിയെ ഇന്നാരെങ്കിലും കഥാകാരിയായി ഓർക്കുന്നുവോ? നാല്പതുകളിൽ കഥാകാരിയായി തിളങ്ങിയിരുന്നു എന്നു പറഞ്ഞാൽ അവരുടെ സഹോദര പുത്രിയുടെ ഭർത്താവ് പ്രഗത്ഭ സംഘാടകൻ പി. വി. ശിവൻ പോലും മൂക്കത്തു വിരൽ വച്ചേക്കും.

സംശയമുണ്ടെങ്കിൽ പഴയ പ്രഭാതം, മലയാള രാജ്യം, കൗമുദി, വിദ്യാഭിവർദ്ധിനി, വനിതാ മിത്രം, സ്വതന്ത്ര കേരളം, ചക്രവാളം , സഹോദരി… തുടങ്ങിയ മാസികകൾ മറിച്ചു നോക്കണം. ലീലയുടെ കഥകൾ തുടരെത്തുടരെ വന്നുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ലളിതാംബിക അന്തർജനത്തിന്റേയും സരസ്വതിയമ്മയുടേയും തോളത്തു കൈയ്യിടാൻ പ്രാപ്തയായ കഥാകാരിയായിരുന്നു ലീലയെന്നു വരെ അന്നത്തെ നിരൂപകർ പറഞ്ഞു വച്ചു.

ഡൽഹിയിൽ ഓംചേരിയുടെ സഹധർമ്മിണിയായി വന്നതിനു ശേഷം ക്രമേണ എഴുത്തങ്ങു വറ്റുകയും പാട്ടിന്റെ പാലാഴിലേയ്ക്കിറങ്ങി നീന്തുകയും ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലോ.

1942 ൽ ലീല എഴുതിയ ഒരു കഥയുണ്ട്. അന്ന് ഫിഫ്ത്ത് ഫോറത്തിലാണ് ആ പെൺകുട്ടി പഠിച്ചിരുന്നത്. കഥയുടെ പേര് “ഉന്മാദിനി.” വേലയെടുത്ത് റോഡരികിൽ താമസിച്ചിരുന്ന പാവം സ്ത്രീ അവരുടെ മകൾ കാറു കയറി മരിക്കുന്നതോടെ ഭ്രാന്തിയായി മാറുന്നു. മകളുണ്ടെന്ന സങ്കൽപ്പത്തിൽ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ. ഭ്രാന്തമായ അമ്മയുടെ ജീവിതമാണ് ആ കഥയിൽ വരച്ചിടുന്നത്.

ആത്മസ്പർശിയായ രണ്ട് മൂന്ന് കഥകൾ ചൂണ്ടിക്കാണിക്കാം. അതും സ്ത്രീജീവിതത്തിന്റെ ആഴക്കയങ്ങളിലേക്ക് പതിഞ്ഞിറങ്ങുന്ന കഥകളാണെന്നോർക്കണം. പരാമർശിക്കാതെ പോകുന്നതെങ്ങനെ? കോളേജ് കാലത്തെ പ്രിയ കൂട്ടുകാരിയുടെ വിയോഗത്തിൽ മനം നൊന്ത് എഴുതിയ “പിച്ചകപ്പൂ” രണ്ട് പെൺകുട്ടികളുടെ ആത്മാനുരാഗത്തിന്റെ കഥയാണ്. ഊണിലും ഉറക്കത്തിലും ഒന്നിയ്ക്കാനാഗ്രഹിക്കുന്ന ഇണ പിരിയാബന്ധം പൊട്ടിപ്പോയാലുള്ള അവസ്ഥയേ!

കൗമുദി വാർഷികപ്പതിപ്പിൽ വന്ന മറ്റൊരുകഥയാണ് “ചേട്ടൻ”. സ്വന്തം സഹോദരനേക്കാൾ സ്നേഹിക്കുകയും ഓംചേരിയുമായുള്ള ഹൃദയബന്ധത്തിന് സാക്ഷിയാവുകയും ചെയ്ത് അനുഗ്രഹിക്കുകയും ചെയ്ത സുഹൃത്തിന്റെ കഥയാണ് “ചേട്ടൻ”. വിചിത്രമായൊരാൺ-പെൺ ബന്ധമാണീ കഥയിൽ ആഖ്യാനം ചെയ്യുന്നത്.

“പ്രഭാത”ത്തിന്റെ വിശേഷാൽ പ്രതിയിൽ പ്രസിദ്ധപ്പെടുത്തിയ “അടയ്ക്കാക്കുരുവികൾ” ഒരു പെണ്ണിന്റെ തീവ്രാനുഭവത്തിന്റെ കഥയാണ്. ദൽഹിയിലെ ആശുപത്രിയിൽ ഒരാഴ്ച കിടക്കേണ്ടി വന്നപ്പോഴുള്ള അനുഭവമാണ് കഥയായി പിറന്നത്. പ്രതീക സ്വഭാവമുള്ള കഥ. ആശുപത്രിയിൽ ഗർഭിണിയെ അഡ്മിറ്റു ചെയ്യുന്നു. ആ കാലയളവിൽ തന്നെ കിടന്നിരുന്ന മുറിയിൽ കൂടുകെട്ടി മുട്ടയിട്ട് ഒരു കിളിയും വളരുന്നു. അവിചാരിതമായി ആ മുട്ട വീണുടഞ്ഞു തകർന്നതിൽ  ദു:ഖിക്കുന്ന അടയ്ക്കാക്കുരുവിയുടെ ദയനീയാവസ്ഥയാണ് കഥയിൽ. അതിന് സമാന്തരമായി ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭഛിദ്രവും നടക്കുന്നു. ഒറ്റത്തലത്തിൽ നേരിട്ട് കഥ പറയുന്ന ആഖ്യാന സമ്പ്രദായം പരക്കെ നിലനിൽക്കുന്ന കാലത്താണ് ലീലയുടെ ആ കഥ പുറത്തു വരുന്നത്.

സ്ത്രീയുടെ ഹൃദയ വികാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകളാണ് ലീലയുടെത്. വേറൊന്ന് ഒരു ഗായികയുടെ കഥയാണ്. കലയിൽ ജീവിതത്തിന്റെ സകല സംതൃപ്തിയും ഉണ്ടെന്ന മിഥ്യാബോധത്തിൽ കുടുംബ ജീവിതം സൃഷ്ടിക്കാനുള്ള അവസരം വരെപാഴാക്കുന്ന സ്ത്രീ, പിന്നീട് വലിയ ഗായികയായി പേരെടുത്തിട്ട് അവസാനം പശ്ചാത്തപിക്കുന്നു. സ്ത്രീയുടെ ജീവിതാവസ്ഥയാണ് “പാഹി ജഗജ്ജനനി” എന്ന കഥയിലെ പ്രമേയം.

“ലീലാഞ്‌ജലി” എന്ന ചെറു കഥാസമാഹാരത്തിലെ കഥകൾ മുഴുവൻ ഹൃദയസ്പൃക്കാണ്. ഒരുസ്ത്രീയുടെ പലവിധത്തിലുള്ള അവസ്ഥാന്തരങ്ങളാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒന്നിലും അവൾ സ്വാതന്ത്ര്യത്തിനു വേണ്ടി കുടുംബബന്ധത്തെ പൊട്ടിച്ചെറിയുന്നില്ല. ഒരു സ്ത്രീയുടെ ആത്മാന്വേഷണമായിരുന്നു ലീലയുടെ ഓരോ ചെറുകഥകളും.

നമ്മുടെ കഥാചരിത്രത്തിൽ ഒന്നും ഒരുമുറിയും കഥ എഴുതി ഞെളിയുന്നവരെ അടയാളപ്പെടുത്തുമ്പോൾ പെണ്ണിന്റെ ആത്മ ജാലകം മലർക്കെ തുറന്നിട്ടെഴുതിയ ലീലയുടെ പേരു്  അവിടൊരു മൂലയിലെങ്കിലും ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ.? ലീലാ ഓംചേരി തിളങ്ങിയത് സംഗീതത്തിലായിരുന്നല്ലോ. സംഗീതജ്ഞയായി മാത്രമേ ഇന്നവരെ അറിയാവൂ.

പല എഴുത്തുകാരികളും എഴുത്തു മതിയാക്കുന്നത് വിവാഹത്തോടെയാണ്. 1950 ന് ശേഷം ജനിച്ച ഗീതാ ഇടപ്പള്ളിയും ബി.സുനന്ദയും കെ. ചന്ദ്രികയും എം.പി. പത്മജയും എം.പി. ഗിരിജയും ഗീതാ സ്ക്കാർണറും കെ.എം. രാധയും ഗിരിജാ തമ്പിയും വി.കെ.ഭാമയും എം.ടി. രാധികയും സുമിത്ര വർമ്മയും  ഒ.വി ശാന്തയും… ഒരു പുസ്തകം പോലും പുറത്തിറക്കാതെ എഴുത്തു നിർത്തിയവർ പിന്നെയും എത്രയോ പേർ!

എന്നാൽ ലീല നാല്പതുകളിൽ തന്നെ പേരെടുത്ത കഥാകൃത്തായി മാറിയിരുന്നു. തമിഴിലും എഴുതുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി കൽക്കിയുടെ “പാർഥിപൻ കനവ്” പരിഭാഷപ്പെടുത്തിയത് ലീലയാണ്.

1929 മേയ് 31 ന് തിരുവട്ടാറ്റ് മാങ്കോയിക്കൽക്കുറുപ്പന്മാരുടെ കുടുംബത്തിൽ കമുകറയിലാണ് ജനനം. അച്ഛൻ പരമേശ്വരക്കുറുപ്പ്. ബി.എ. എൽ.റ്റിയാണ്. പ്രസിദ്ധ ഗായകൻ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ് ലീല. മാതാവും എഴുത്തുകാരിയായിരുന്നു. “ഭാരതീയരത്നങ്ങൾ”, “അംബികാകുമാരി” തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയ ലക്ഷ്മിക്കുട്ടിയമ്മ ബി എ, എൽ റ്റി.  നേരത്തെ മരിച്ചു പോയി. കുടുംബത്തിൽ എല്ലാവരും അദ്ധ്യാപകരായിരുന്നു. തിരുവട്ടാറ്റ് സ്വന്തമായി ഹയർ സെക്കന്ററി സ്ക്കൂളുമുണ്ട്.

കൊച്ചിലേ സംഗീതത്തിൽ വിദുഷിയായി. സംഗീതം ഐഛിക വിഷയമായെടുത്തു ഇന്റർമീഡിയറ്റിനു ചേർന്നു. ഉയർന്ന മാർക്കോടെ ജയിച്ചു. പിന്നെ സാഹിത്യത്തിൽ കമ്പം കയറി സംസ്കൃതത്തോടൊപ്പം മലയാളം ഐഛിക വിഷയമായെടുത്ത് ബി.എ. ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി. സ്വന്തമായി നാടകങ്ങളും എഴുതി അവതരിപ്പിക്കുമായിരുന്നു. “ജീവിതം” എന്ന പേരിൽ ഒരു നാടകസമാഹാരം തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കോളേജിൽ പഠിക്കുന്ന കാലത്ത് ഗാന്ധിയുടെ മരണത്തെ തുടർന്ന് ഓംചേരി എഴുതിയ “ബാഷ്പാഞ്ജലി” എന്ന കവിത ആകാശവാണിയിലും രംഗത്തും അവതരിപ്പിക്കാറുണ്ടായിരുന്നത് ലീലയാണ്. അതൊരു കാവ്യ പ്രണയമായി വളർന്നു ജീവിതത്തിലേക്കു പടർന്നു. അങ്ങനെ വിവാഹം കഴിച്ച് ലീലയെ ഓംചേരി നാരായണ പിള്ള ദൽഹിയിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഡൽഹി ജീവിതത്തേടെ ലീലയുടെ കഥാ കൗതുകം ക്രമേണ നിലച്ചു. പിന്നെ പാട്ടിലായി ശ്രദ്ധ. അതിൽ അടിവച്ചടിവച്ച് കയറ്റമായിരുന്നു. ഇതിനിടയിൽ മീററ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദം നേടി.

സംഗീത ശാസ്ത്ര ഗ്രന്ഥങ്ങൾ ഗൗരവമായി പഠിക്കാൻ തുടങ്ങി. മലയാള രാജ്യത്തിൽ, മാതൃഭൂമിയിൽ, ജയകേരളത്തിൽ ഒക്കെ സംഗീതത്തെപ്പറ്റി പഠനങ്ങളും ലേഖനങ്ങളും എഴുതാൻ തുടങ്ങി. ബി.എ. ക്കുപഠിക്കുന്ന കാലത്തേ വിദ്യാഭിവർദ്ധിനിയിൽ ലേഖനങ്ങളും എഴുതുമായിരുന്നു. ദൽഹിയിൽ വന്ന ശേഷം കർണ്ണാടകസംഗീതം കൂടാതെ ഉത്തരേന്ത്യൻ സംഗീതത്തെക്കുറിച്ചും പഠിച്ചു. രണ്ടു സംഗീതത്തിനും പാശ്ചാത്യ സംഗീതത്തിൽ നിന്നുള്ള വ്യത്യാസങ്ങളെക്കുറിച്ചും വായിച്ചും ഗവേഷണം ചെയ്തും കണ്ടെത്തി. ഡൽഹി സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടി. ദൽഹി യൂണിവേഴ്സിറ്റിയിലെ സംഗീത പ്രഫസ്സറായിരുന്നു. മേധാവിയായി വിരമിച്ചു. കർണ്ണാടകസംഗീത കേന്ദ്രവും ദൽഹിയിൽ  ആരംഭിച്ചു.

ദൽഹിയിൽ ലീലാ ഓംചേരി ആദ്യം പഠിച്ചത് ഹിന്ദുസ്ഥാനി ലളിത സംഗീതമാണ്. പിന്നെ ക്ലാസ്സിക്കലിലേക്ക്. ഗന്ധർവ്വ വിദ്യാലയത്തിലെ പ്രിൻസിപ്പൽ പണ്ഡിറ്റ് വിപിനചന്ദ്രന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതത്തിലെ ഉപരിപാഠങ്ങൾ അഭ്യസിച്ചപ്പോഴേ സാഹിത്യം കൈയിൽ നിന്ന് പോയി. “ആഹാരവും ആരോഗ്യവും” എഴുതി 1957 ലെ കേന്ദ്ര സർക്കാർ പുരസ്ക്കാരം നേടി! എന്നാലും സാഹിത്യത്തിലേക്കു തിരിച്ചു വന്നില്ല.

ഉസ്താദ് പ്രാണനാഥന്റെ പ്രത്യേക ശിക്ഷണത്തിൽ കിരാനയും വശമാക്കി. കണ്ണാടകസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും തമ്മിൽ കലർത്തി കലർപ്പറിയാത്തൊരു സംഗീത സരണി തന്നെ ലീലാ ഓംചേരി കണ്ടെത്തിയിട്ടാണ് മകൾ ദീപ്തി ഭള്ളക്ക് സംഗീത നൃത്താദികളുടെ ലോകജാലകങ്ങൾ തുറന്നു കൊടുത്തത്. പാട്ടും നൃത്തവുമായി മകൾ കലാലോകം കീഴടക്കാനുള്ള കുതിപ്പിലാണ്.

2009 ൽ ലീലാ ഓംചേരിക്ക് പത്മശ്രീ ലഭിച്ചു. 2003 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി. 1991 ലേ കേരള സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പും.  ഇംഗ്ലീഷിൽ സംഗീതത്തെപ്പറ്റിമൂന്ന് പഠന കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ 2012 ൽ അമ്മയും മകളും കൂടി ഒരു കൃതി എഴുതി പ്രസിദ്ധപ്പെടുത്തി: “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ!” സംഗീത ഗ്രന്ഥമാണ്.

എനിക്ക് ഖേദം, കഥയെഴുത്തു നിർത്തിക്കളഞ്ഞതിലാണ്. ഇനി നോവലെങ്ങാൻ ഈ തൊണ്ണൂറ്റിമൂന്നാം വയസ്സിൽ എഴുതിക്കൂടെന്നില്ല. ലീലയുടെ നോവൽ. എന്താവും അതിന് പേര്.? “മനോരഞ്ജിനി” എന്നാകാം. എഴുതിത്തുടങ്ങിയോ ആവോ! സാഹിത്യത്തിന് പ്രായം പ്രശ്നമല്ലല്ലോ!

About The Author

Leave a Reply

Your email address will not be published. Required fields are marked *