അതെ. കോഴിക്കോട് വീണ്ടും കോഴിക്കൂടായിത്തീരുകയാണല്ലോ! വാർത്തകളിൽ “നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ കർത്താവ്, പഴയൊരു നക്സലൈറ്റ്, ഈ വയസ്സാങ്കാലത്ത് കൊച്ചുമോളുടെ പ്രായമുള്ളൊരു കുരുന്നിനെ ഉമ്മവച്ചതിന് അകത്താകുമെന്ന വാർത്ത പരന്നിരിക്കുന്നു. ഒ.വി.വിജയന്റെ രവി ഇന്ന് ജീവിച്ചിരുന്നെങ്കിൽ നൈസാമലിയെ മടിയിലിരുത്തിയതിന് പാലക്കാട് അകത്താകുമായിരുന്നു. എന്തായാലും കോഴിക്കോട്ടെ പെണ്ണുങ്ങളെ അങ്ങനിങ്ങനൊന്നും തൊടാമെന്ന് ബുദ്ധിജീവികളായ ആൺപിറന്നോന്മാരാരും കരുതണ്ട.
ഇന്നലെത്തന്നെ കണ്ടില്ലേ, പെണ്ണുങ്ങളുടെ സിനിമാമേളയിൽ നടന്നത്. വല്ല കാര്യവുമുണ്ടായിരുന്നോ ചലച്ചിത്ര അക്കാഡമി ചെയർമാന്റെ നാട്ടിൽ കൊണ്ടു പോയി നടത്താൻ. വെളുക്കാൻ തേച്ചത് പാണ്ടായില്ലേ?
മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണതു പോലെ കേരള പോലീസിനെതിരെ ഓങ്ങാൻ വടിയന്വേഷിക്കുന്നവർക്ക് വടി കൊണ്ട് കൊടുക്കുകയായിരുന്നില്ലേ ചെയർമാൻ ചെയ്തത്. കാര്യം നിസ്സാരം! സംഗതി ഗുരുതരം! അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഒരു യുവ സംവിധായകയുടെ പേരു മറ്റുള്ളവരുടെ പേരിനേക്കാൾ തിളങ്ങി നിൽക്കുന്നു. “അസംഘടിതർ” എന്ന സിനിമ നിർമ്മിച്ച കുഞ്ഞിലയാണ് താരം. കുഞ്ഞില മസിലാമണി.
സംഘടിതകളെ മാത്രമേ വനിതാ ചലച്ചിത്രോത്സവത്തിൽ ഉൾപ്പെടുത്തു എന്ന സ്ഥിതിയാണോ? കുഞ്ഞിലയെ മേളയിൽ ആദ്യം തൊട്ടേ അടുപ്പിച്ചില്ല. പ്രതിഭകളെ ആദരിച്ചപ്പോൾ നടികളെ മാത്രം മതി സംവിധായികമാരെ വേണ്ട എന്ന് വിലക്കി മാസിലാ മണിയെ തഴഞ്ഞു. സിനിമ തെരഞ്ഞെടുത്തപ്പോൾ മുഴുനീള സിനിമ മതി ഒറ്റ കുപ്പിയിൽ പല മാതിരി സിനിമ വേണ്ട എന്ന് അത്തരം ഒരു സിനിമ പണ്ട് കൂട്ടിക്കെട്ടിയ ചെയർമാൻ രഞ്ജിത് തന്നെ പറഞ്ഞു. അങ്ങനെ അസംഘടിതയെ മേളയിൽ നിന്ന് പുറത്താക്കി. അതെങ്ങനെ പെണ്ണുങ്ങളെല്ലാം സംഘടിതകളായാലല്ലേ നിലനിൽക്കാനാവൂ. കുഞ്ഞിലയും വെറുതെ വീട്ടില്ല. ഒറ്റക്കു കുത്തിയിരുപ്പായി. വിശക്കുമ്പോൾ എണീറ്റ് പോകുമെന്ന് സംഘാടകർ കരുതി. രണ്ടാം ദിവസവും കുഞ്ഞില കടുത്തപ്പോൾ അധികൃതരുടെ ഉള്ളിൽ സിനിമ തുടങ്ങി. ഇതലമ്പായാൽ സർക്കാരിനാണ് കൊള്ളുന്നത്. ചെയർമാന്റെ സ്ഥാനം തെറിക്കും. വനിതാവിമോചനമൊക്കെ ശരി. ഇഛാശക്തിയുള്ള ഒരു ഭരണാധിപൻ ഭരിക്കുമ്പോൾ ഇതെന്ത് കൂത്ത്! പെൺപിള്ളേർ വികൃതി കാണിക്കുമ്പോൾ പോയി പൊക്കിയെടുത്ത് എഴുനേൽപ്പിച്ച് വീട്ടിൽപ്പോയി കഞ്ഞി കുടിക്ക് മോളേന്ന് പറയാൻ പറ്റുമോ?
ഉടൽ അധികാര ബോധത്തിൽ പെണ്ണുങ്ങൾ ജൃംഭിച്ചിരിക്കുകയുമാണ്. വി.ആർ.സുധീഷും സിവിക് ചന്ദ്രനുമൊക്കെ മോളെ തഴുകാൻ പോയി ആപ്പിലാകുകയും ചെയ്തിരിക്കുന്നു. ചെയർമാൻ രഞ്ജിത്തും വിചാരിച്ചു. അതിനൊന്നും പോകണ്ട. പോലീസിനെ വിളിക്കാം. പോലീസു വന്നിട്ടു കാര്യമുണ്ടോ? നമ്മുടെ കൊച്ചു പെമ്പിള്ളേരുടെ വീര്യം മണക്കൂസ് പോലീസിനുണ്ടോ? അവർ പോലീസ് മുറയിൽ തന്നെ വലിച്ചിഴച്ച് കുഞ്ഞിലയെ അങ്ങ് കൊണ്ടുപോയി.
പെരുമഴയത്തു പോലും സിനിമ കാണാൻ കോഴിക്കോട്ട് തിരക്കോടു തിരക്കാണ്. അപ്പോഴാണ് കുഞ്ഞില തെരുവു നാടകം കാണിച്ചതെന്നാണ് ഡ്രാമാ സ്ക്കൂൾ പ്രോഡക്ടായ ചെയർമാൻ പറയുന്നത്.
കുഞ്ഞിലയെ പോലീസ് വന്ന് എണീൽപ്പിക്കാതെ വലിച്ചിഴച്ചു കൊണ്ടു പോയതുൾപ്പെടെ ചെയർമാന്റെ സ്ത്രീവിരുദ്ധ സിനിമാ സംവേദനത്തിൽ കയറിപ്പിടിച്ചിരിക്കുകയാണ് പെൺകൊടിമാർ. ദിലീപിന്റെ കാര്യത്തിലെ ന്യൂട്രൽ സമീപനം വരെ ചികഞ്ഞിട്ട് അലക്കുകയാണവർ. ചുരുക്കത്തിൽ ചെയർമാനെതിരെ തിരിഞ്ഞിരിക്കുകയാണ്.
വല്ലവിധേനയും പഴയ ചലച്ചിത്ര അക്കാദമി സെക്രട്ടറി പഞ്ചു പുറത്തുവിട്ട പീഡനക്കേസിൽ നിന്ന് ചെയർമാൻ കമൽ ജീവനും കൊണ്ടുപോയതാണ്. അല്ലെങ്കിലും സിനിമയും പെണ്ണും തീപ്പെട്ടിയും കൊള്ളിയും പോലെയാണ്. എപ്പോൾ ഉരഞ്ഞു എന്നു ഒരു മാത്രം ചിന്തിച്ചാൽ മതി. ഇനി ഇതെങ്ങനെ കലാശിക്കുമെന്നറിയില്ല. മോഹൻലാൽ മീശ പിരിച്ചപ്പോഴേ അദ്ദേഹത്തിന് ഡയലോഗ് എഴുതിയ രഞ്ജിത് സ്ത്രീവിരുദ്ധനായതാണ്. ഇപ്പോഴിതാ കുഞ്ഞില മസിലാ മണി പച്ചക്കു പറഞ്ഞിരിക്കുന്നു. സ്ത്രീ വിരുദ്ധനെന്ന്. ഇനി ഇതിന്റെ അടുത്ത പടിയാണ് പീഡനം. മോളേ! കൊച്ചേ! എന്നൊക്കെപ്പറഞ്ഞ് പെണ്ണിന്റെ മുതുകത്ത് തട്ടാൻ പോയവനൊക്കെ ഇനി പെട്ടതു തന്നെ! ഇനി ആ കളി വേണ്ട. കോഴിക്കോട്ടെ പെണ്ണുങ്ങൾ സംഘടിച്ചിരിക്കുകയാണ്. വിധു വിൻസന്റ് തന്റെ ചിത്രം മേളയിൽ നിന്ന് പിൻവലിച്ചു കഴിഞ്ഞു. മണിയാശന്റെ വിധിയും ഒണ്ടാക്കലും രമയും ആനിരാജയും വരെ ചലച്ചിത്രമേളയിൽ സിഗററ്റും വലിച്ചിരുന്ന് പെണ്ണുങ്ങൾ സംസാരിക്കുകയാണ്.
പലരും പ്രതിഷേധിച്ച് ഡലിഗേറ്റ് പാസ്സുകൾ മടക്കി. ആണുങ്ങളാണെന്നു മാത്രം. വിധു വിൻസന്റ് നാളെക്കാണിക്കാനിരുന്ന തന്റെ ചിത്രം പോലും പിൻവലിച്ചു. “വൈറൽ സിബി” എന്ന പുതിയ ചിത്രമാണ് കാണിക്കണ്ടന്ന് വച്ചത്. പകരം “യുനി” ഒന്നുകൂടി കാണിക്കും.
നമ്മുടെ സ്ത്രീകൾ ചിന്തിക്കുന്നത് നമ്മൾ വിചാരിക്കുന്നതിനുമപ്പുറത്തേക്കാണ്. അടച്ചിട്ട കോഴിക്കൂട് തുറന്നു വിടുമ്പോൾ കോഴികൾക്കു കിട്ടുന്ന സ്വാതന്ത്ര്യം പക്ഷേ തിരിച്ചാണെന്നു മാത്രം. ആവിഷ്ക്കാരത്തിന്റെ ചടുലതയും തീവ്രസ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും കൊണ്ട് പെൺസിനിമ ഉണരുകയാണ്. പ്രണയപാരവശ്യത്തിലുഴറുന്ന സ്ത്രീ ഇന്ന് പെൺ സിനിമയിലില്ല. തീണ്ടാരിത്തുണി ഉയർത്തിക്കാട്ടി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സിനിമകൾ തൊട്ട് പുരുഷ ലിംഗം കറിക്കത്തികൊണ്ടരിഞ്ഞ് പുരുഷപ്പന്നികൾക്ക് ആപ്പടിക്കുന്ന സിനിമ വരെയാണിന്ന്!
കുഞ്ഞില മസിലാമണിമാർ ഉണരുകയാണ്. കേരളമാകെ ജ്വലിക്കുകയാണ്. ആരാണ് കുഞ്ഞില മസിലാ മണി എന്നാണെങ്കിൽ അതിരുകളില്ലാത്ത സ്വാതന്ത്യത്തിലേക്ക് സിനിമ എടുക്കുന്ന ജോൺ ഏബ്രഹാമിന്റെ പിൻമുറക്കാരി എന്നുത്തരം. ചതുരവടിവിൽ കുടുങ്ങിക്കിടക്കാത്തവൾ. മസിലാ മണി ഈയിടെ ഒരു fb പോസ്റ്റിൽ കുറിച്ചു:
“ഏത് സ്ത്രീയും. അത് ആരുമാകട്ടെ. പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നില്ല എങ്കിൽ ആ സ്ത്രീയ്ക്ക് വട്ടാണ് എന്നത് മാത്രം അല്ല, ആ സ്ത്രീയ്ക്ക് നിങ്ങളെക്കാൾ ബോധവും വിവരവും ഉണ്ട് എന്നതും ഒരു സാധ്യത ആയി കണക്കാക്കുക. ഉദാഹരണത്തിന് ഞാൻ Watchmen എന്ന ഗ്രാഫിക് നോവൽ വായിച്ചിട്ടുണ്ട്. അതിൻ്റെ വെബ് സീരീസ് hotstar ൽ ഉള്ളത് കണ്ടിട്ടുണ്ട്. ഇത് രണ്ടും ചെയ്യാത്ത ആളുകൾ എനിക്ക് വട്ടാണ് എന്ന് പറഞ്ഞാല് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഇനി ആര് തന്നെ വട്ടാണെന്ന് പറഞ്ഞാലും ഒരു ഡോക്ടർ – psychiatrist അവരെ കണ്ട് പരിശോധിക്കാതെ, ആ ഡോക്ടർക്ക് അല്ലാതെ അവരുടെ diagnosis എന്താണ് എന്ന് പറയാൻ പറ്റില്ല. ഇനി diagnosis എന്ത് തന്നെ ആയാലും, അതിൻ്റെ അർത്ഥം, അവർക്ക് വട്ടാണ് എന്ന് പറയാം എന്നല്ല.”
വേറിട്ട് ചിന്തിക്കുന്ന ഒരു സ്ത്രീയോട് കാട്ടുന്നതല്ലേ മസിലാമണിയോടും കാട്ടിയത്. അച്ചടക്കത്തോടെ മേള നടത്തി, ഭരിക്കുന്ന സർക്കാരിന് മൈലേജ് കൂട്ടാൻ നോക്കുമ്പോൾ നാവടക്കൂ പണിയെടുക്കു എന്ന അടിയന്തിരാവസ്ഥാതന്ത്രം തന്നെ ചലച്ചിത്ര അക്കാഡമിക്കും. വിധു വിൻസന്റ്, തന്റെ പ്രതിഷേധത്തിന് ന്യായീകരണമായി മായ ആഞ്ജല എന്ന ഫെമിനിസ്റ്റിന്റെ ഒരു വരി ഉദ്ധരിച്ചിട്ടുണ്ട്:
“ഒരു സ്ത്രീ നട്ടെല്ലുയർത്തി നേരെ നിൽക്കാൻ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് മാത്രമല്ല ചുറ്റുമുളള അനേകം സ്ത്രീകൾക്കു വേണ്ടി കൂടിയാണ്.” – ഇത് പെൺകുട്ടികൾ ഏറ്റുപറഞ്ഞു തുടങ്ങി. കോഴിക്കോട്ടെ വനിതാ ചലച്ചിത്രമേള കൊളുത്തിയ പാഠമിതാണ്. ഒരു സ്ത്രീയെ അവഗണിച്ചാൽ സ്ത്രീകളൊന്നാകെ തിരിഞ്ഞു കൊത്തും!
ഇനി ചെയർമാന്റെ സവാരി ഗിരിഗിരിയൊന്നും കോഴിക്കേട്ടെ പെണ്ണുങ്ങളോടു നടപ്പില്ല!
About The Author
No related posts.