മിഴികളിലഞ്ജനമെഴുതിയെത്തുന്നൊരു
ചൈത്രമാസത്തിലെ പൊൻപുലരി
ഓർക്കുന്നു നമ്മുടെയാദ്യസമാഗമ-
വേളയും നീ തന്ന കൈനീട്ടവും !
അമ്മമണമുള്ളൊരാ വിഷുപ്പുലരിതൻ
പോയകാലത്തിന്റെയോർമ്മപോലെ
പ്രകൃതിയുമമ്മയുമെന്നിലെ, യെന്നെ-
യൊന്നാർദ്രമായ് ചേർത്തണച്ചുമ്മ വെച്ചൂ !
വേനൽതിളയ്ക്കുന്ന പാടങ്ങളിൽ വിഷുപ്പക്ഷികൾ പാടുന്ന പാട്ടുകേൾക്കാം
തൊടിയിലെ തേൻമാവിൻകൊമ്പിലെ
തേനൂറും മാമ്പഴമുണ്ടൊരാ കാലമോർക്കാം !
വിഷുക്കൊന്ന നെയ്തൊരാ കസവുടയാടയിൽ
മേദിനി മോഹിനിയായ് ചമഞ്ഞൂ
കണ്ണന്റെ കിങ്ങിണിപോലെന്റെയുള്ളിലും
കാഞ്ചനപ്പൂങ്കുല പൂത്തു നിൽപ്പൂ
വേനൽ തിളയ്ക്കുമീയവനിയ്ക്കു തണുവിന്റെ
കമ്പളം നീർത്തുന്നു കർണ്ണികാരം
തുടികൊട്ടിപ്പാടുന്ന ചെമ്പകപ്പൂക്കളെ
കണിയൊരുക്കീടുവാൻ പോരൂ പോരൂ !
നന്മകൾ പൂക്കുന്ന നാട്ടിൻപുറത്തിന്റെ
സമ്പന്നപൈതൃകമോർക്കുന്നു ഞാൻ
സ്നേഹം പകരുന്ന മാനുഷരുണ്ടെങ്ങും
നിറയും സമൃദ്ധിയിൽ കർഷകരും !
പണവും പ്രശസ്തിയും നേടുവാനന്നിത്ര-
യാർത്തിയും ഞാനെങ്ങും കണ്ടതില്ല
ഉള്ളതു പങ്കിട്ടു സന്തോഷം പകരുന്ന
ഗ്രാമീണ സംസ്കൃതി വാണകാലം
About The Author
No related posts.