വിഷുക്കവിത – എലിസബത്ത് ബാബു മന്ത്രയിൽ

Facebook
Twitter
WhatsApp
Email

വിഷു പക്ഷി പാടിയകലുന്ന നേരം
വിഷു ദിനം മെല്ലെ മടങ്ങുന്ന നേരം
ഇളം വെയിലിൽ ഈ ഇളംതിണ്ണയിൽ ഞാനും
പാതിമയക്കത്തിൽ വീഴുന്ന നേരം

തെക്കിനി കോലായിൽ മുട്ടിയാടീടുന്നു.
സ്വർണ്ണ പൂങ്കുലകളാൽ നിറഞ്ഞൊരുത്തി..
ചെറുകാറ്റിൽ നൂപുരധ്വനികളാലെ..
മാദക നർത്തനമാടീടുന്നു.

മരതകപ്പട്ടിട്ട പാടവരമ്പിലൂടെ ..
പടവുകൾ കയറിയെൻ മുത്തശ്ശിയണയുന്നു.
പുളിയിലക്കര മുണ്ടുചുറ്റിയാ ഫാലത്തിൽ .
ചന്ദനലേപനം .. കുങ്കുമ പൊട്ടുമായ്.

വാരി പുണർന്നെന്നേ മടിയിലിരുത്തുന്നു
വാത്സല്യമോടെന്റെ കാതിൽ പറയുന്നു.
“കൊന്നകൾ പൂക്കുന്നീ നേരത്തു നിന്നോട്.
കൊന്നപ്പൂവിൻ കഥ ചൊല്ലീടാം ഓമനേ.. ”

കണ്ണന്റെ അമ്പല മതിലുകൾക്കുള്ളിലായ്:
അകപ്പെട്ടു പോയൊരു ബാലനവൻ
പൊട്ടിക്കരഞ്ഞപ്പോൾ സാന്ത്വനമേകുവാൻ
സാക്ഷാൽ ഉണ്ണിക്കണ്ണൻ പ്രത്യക്ഷനായി.

കിഴക്കു വെള്ള കീറും നേരം വരെയും.
കളി കൂട്ടുകാരായി രസിച്ചു അവർ
കണ്ണൻ പിരിയുമ്പോൾ ബാലൻ കരഞ്ഞല്ലോ..
കണ്ണനു പോവാതിരിക്കുവാനാവുമോ ..
ധർമ്മസങ്കടത്തിൽ കണ്ണനവനേകി ..
നിറയേ മണികൾ നിറഞ്ഞതൻ അരഞ്ഞാണം.

കളിപ്പാട്ടമെന്നോർത്ത് ബാലൻ ചിരിച്ചപ്പോൾ
കണ്ണനോ പോയല്ലോ കാണാമറയത്ത്

നേരം പുലർന്നപ്പോൾ പൂജാരി വന്നപ്പോൾ
കണ്ണന്റരഞ്ഞാണം കണ്ടതില്ല.
ഭക്തജനങ്ങളും അനോന്യം നോക്കുന്നു
കണ്ണൻ്റരഞ്ഞാണം ആരെടുത്തു?

ബാലന്റെ കൈയിലരഞ്ഞാണം കണ്ടവർ
കള്ളനെന്നോതി ശകാരവായ്പും
പൊട്ടിക്കരഞ്ഞവൻ തെല്ലരിശത്തോടെ.
ദൂരേയ്ക്കു നീട്ടിയെറിഞ്ഞായരഞ്ഞാണം

ഹാ! എന്തൊരത്ഭുതം നോക്കുക നിങ്ങളും
കൊന്നമരത്തിൻമേൽ വീണായരഞ്ഞാണം.
പൂത്തു നിറഞ്ഞല്ലോ സ്വർണ്ണ പൂങ്കുലകൾ.
അര മണികിലുകിലെ കിലുങ്ങുന്ന പോലിതാ ..

സുന്ദരി .. കൊന്നേ.. നീ എല്ലാ വിഷുവിനും
അരമണിത്താലികൾ അണിഞ്ഞു വരൂ.
കഥയങ്ങു തീർന്നപ്പം മിഴിയങ്ങു തുറന്നപ്പം..
മുത്തശ്ശി എവിടെയോ പോയ് മറഞ്ഞു.
കണ്ണനേ കാണാതലറിയ ബാലനേ .
അറിയാതെയെൻ മനം മോഹിച്ചു പോയി..

എലിസബത്ത് ബാബു മന്ത്രയിൽ.

About The Author

One thought on “വിഷുക്കവിത – എലിസബത്ത് ബാബു മന്ത്രയിൽ”
  1. മനോഹരമായൊരു വിഷുക്കവിത ‘ ഐതിഹ്യകഥയിലൂടെ കൊന്നപ്പൂവിൻ്റെ ജനനവും വിഷുവിൻ്റെ പ്രാധാന്യവും കവയിത്രി വാങ്മയ ചിത്രത്തിലൂടെ പകർത്തി വച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *