കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അശ്മാദിയായ ഒറവങ്കര ചില്ലറക്കാരനല്ല. എത്രയാ ശ്ലോകങ്ങൾ എഴുതി കൂട്ടിയിരിക്കുന്നത്. കത്തുകൾ പോലും കവിതയിലാണ്. സർവ്വത്ര കവിതാമയം. സംസ്കൃത കൃതികളെല്ലാം എടുത്തു വച്ച് പച്ച മലയാളത്തിൽ കാച്ചുകയല്ലേ? അവയൊക്കെ എഴുതിക്കഴിഞ്ഞാലുടനെ പൊക്കിപ്പിടിച്ചു കൊണ്ട് പത്രമാപ്പീസിലേക്കു പോവുകയല്ല. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ശ്വാസത്തിൽ പോലും കവിത കൊണ്ടു നടന്നവരാണവർ. ഇന്നല്ലേ ഒന്നും അരമുറിയും എഴുതിയാൽ ലൈക്കടിച്ച് വീർപ്പിക്കുന്ന കവികുഞ്ജരന്മാരെക്കൊണ്ട് ഡിജിറ്റൽ ലോകം പൊറുതിമുട്ടുന്നത്. ഒറ്റ വരി കൊണ്ടാണ് ഒറവങ്കര ഒരു നൂറ്റാണ്ട് ചാടിക്കടന്നത്.

“മർത്യാകാരേണ ഗോപീ വസന നിര കവർന്നോരു ദൈത്യാരിയെ…” എന്ന് തുടങ്ങുന്ന ഒറ്റ ശ്ലോകം മതിയല്ലോ ഒറവങ്കരയുടെ പേരു നിലനിൽക്കാൻ.   

ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിയെന്നാണ് യഥാർഥപേര്. ഒറവങ്കര കുട്ടി രാജൻ എന്നൊരു ഇരട്ടപ്പേര് കൂടിയുണ്ട്. ശ്രീമൂലം തിരുനാളിട്ടുകൊടുത്ത ബഹുമതിപ്പേരാണ്. ആ പേരിനു പിന്നിലൊരു കഥയുണ്ട്.

നീലകണ്ഠൻ നമ്പൂതിരിയുടെ ജ്യേഷ്ഠ സഹോദരന് ഭ്രാന്തു പിടിപെട്ടു. മുഴുത്ത ഭ്രാന്ത്! താൻ  രാജാവാണെന്ന് ഇടയ്ക്കിടെ വിളിച്ചു പറയുമായിരുന്നു. രാജാവിനെ പൂട്ടിയിട്ടു. ജ്യേഷ്ഠൻ മരിച്ചപ്പോൾ നാട്ടുകാർ അനുജനെ നേരമ്പോക്കിനു വേണ്ടി രാജൻ എന്നുവിളിച്ചു പോന്നു. ശ്രീമൂലം ആ പേരു സ്ഥിരപ്പെടുത്തുകയും ചെയ്തു. “കുട്ടിരാജൻ”!

1857 ൽ മുകുന്ദപുരത്ത് ഒറവങ്കരയിലാണ് ജനനം. പന്ത്രണ്ടു വയസ്സുള്ളപ്പോൾ കൊടുങ്ങല്ലൂർ കോവിലകത്തു കൊണ്ടു വിട്ടതാണ്. അവിടെ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും നടുവം മഹനും വെണ്മണി മഹനും കാത്തുള്ളി അച്യുത മേനോനും കോയിപ്പിള്ളി പരമേശ്വരക്കുറുപ്പും എല്ലാരും ചേർന്ന് ഒറവങ്കരയെ ഒരു കവിയാക്കി.

സാഹിത്യത്തിൽ മാജിക്കൽ റിയലിസം ഓടിക്കൊണ്ടിരിക്കും മുമ്പേ മാന്ത്രികവിദ്യയിൽ നിപുണനായിരുന്നു ഒറവങ്കര, അക്കാലത്ത് സുഖക്കേടു പിടിപെട്ടാൽ ചികിത്സിക്കും മുമ്പ് മന്ത്രവാദിയെ സമീപിക്കും. ഒറവങ്കരയുടെ ഉപജീവനം മന്ത്രവാദമായിരുന്നു. മന്ത്രവാദം മാത്രമല്ല ഭദ്രകാളിസേവയുമുണ്ടായിരുന്നു. ലക്ഷ്മീസ്തവം, അംബാസ്തവം, ദേവീസ്തവം മാത്രമല്ല കാളീസ്തവവും ഏറെ എഴുതി. ചുട്ട കോഴിയെ പറപ്പിക്കുന്ന മാന്ത്രികൻ കവികൂടിയായാൽ പിന്നെ പറയേണ്ടല്ലോ. അക്ഷരങ്ങളില്ലാതെ കവിത അനുഭവിപ്പിക്കും. പലമാതിരി ശ്ലോകങ്ങൾ എഴുതി ചീട്ടുകളി ശ്ലോകങ്ങളും എഴുതി.

126 ശ്ലോകങ്ങളുള്ള “ബാലോപദേശം” കുട്ടികൾക്കു വേണ്ടിയുള്ളതാണ്. “അംബോപദേശം” എഴുതാത്ത ഒരു കവിയും അന്നുണ്ടായിരുന്നില്ല. കാര്യം മറ്റേതാണ്. വേശ്യാവൃത്തിയിൽ ഏർപ്പെട്ട മകൾക്കും ചെറുമകൾക്കും അമ്മമാർ നൽകുന്ന ഉപദേശം. പണി മതിയാക്കി വരാനല്ല. എങ്ങനെ ജോലിയിൽ മിടുക്കത്തികളാകാമെന്ന ഉപദേശം. അംബയുടെ അഥവാ അമ്മയുടെ ഉപദേശം. പതിമൂന്നാം നൂറ്റാണ്ടിൽ പിറന്ന വൈശികതന്ത്രം മുതൽ 2019 ൽ പുറത്തുവന്ന സുഭാഷ് ചന്ദ്രന്റെ “സമുദ്രശില” വരെ അംബോപദേശമാണ്. രാമനിളയതിന്റെയും സുഭാഷ് ചന്ദ്രന്റെയും കൃതി പ്രത്യക്ഷത്തിൽ മക്കളുടെ കാതിൽ രതി നൈപുണ്യം വിളമ്പുന്നില്ലെങ്കിലും ക്ലൈമാക്സിൽ മകനെ അത് പഠിപ്പിക്കുന്നുണ്ട്. അത് കഥ വേറെ!

നമ്മുടെ മലയാള സാഹിത്യം ഇനി ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വൈശികതന്ത്രത്തിന്റെ അടിയുടുപ്പണിഞ്ഞതാണ്. അത് എം.മുകുന്ദന് നന്നായിട്ടറിയാം. ടി.പത്മനാഭൻ ഡീസന്റാവാൻ ശ്രമിക്കുകയാണ്!

അപ്പോൾ പറഞ്ഞു വന്നത് ഒറവങ്കരയെപ്പറ്റിയാണ്. അന്നത്തെ എഴുത്തുകാരെല്ലാം പെണ്ണുങ്ങൾക്കു കളിക്കാൻ കൈകൊട്ടിപ്പാട്ടുകളെഴുതുന്ന വീരന്മാരായിരുന്നു. അങ്ങനെയൊരു വീരൻ മച്ചാട്ടിളയതിനെപ്പറ്റി നാളെപ്പറയാം.

കുചേലവൃത്തം ഓട്ടൻതുള്ളൽ, ഭൈമീ പരിണയം നാടകം, ദേവീമാഹാത്മ്യം, അളകാപുരി വർണ്ണനം തുടങ്ങിയ കാവ്യങ്ങൾ എഴുതി.

“നാരദോപാഖ്യാന”മാണ് ഒറവങ്കരയുടെ അവസാന കൃതി. കോയിപ്പിള്ളി പരമേശ്വരക്കുറുപ്പും നന്ത്യേത്ത് പത്മനാഭമേനോനും കൂടി “കേരള വ്യാസൻ” എന്നൊരു മാസിക കൊടുങ്ങല്ലൂരിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. നാരദോപാഖ്യാനത്തിലെ എൺപത്തി ഏഴ് ശ്ലോകങ്ങൾ മാത്രമേ എഴുതി കേരളവ്യാസനിൽ പ്രസിദ്ധപ്പെടുത്തിയുള്ളൂ. രണ്ടാം സർഗ്ഗത്തിൽ എട്ടു ശ്ളോകങ്ങളേ എഴുതിയുള്ളു. അപ്പോഴേക്കും അന്തരിച്ചു. അറുപതു വയസ്സുവരെപ്പോലും ജീവിച്ചില്ല. 1916 ആഗസ്റ്റിലായിരുന്നു അന്ത്യം. മരിച്ചു കഴിഞ്ഞ് പത്തു വർഷത്തിനു ശേഷം 1926 ലാണ് ഒറവങ്കരയുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നത്. 1962 ൽ പരിഷ്ക്കരിച്ച പതിപ്പ് പ്രസിദ്ധപ്പെടുത്തി.

കൊടുങ്ങല്ലൂർ കോവിലകത്തെ ദ്രുത കവന സെറ്റിലൊന്നും ഒറവങ്കരയില്ലായിരുന്നു. അത് എനം വേറെ. മന്ത്രവാദത്തിൽ കവിതയും കവിതയിൽ മന്ത്രവാദവും കയറ്റി ചാമ്പിയാൽ നല്ല മൈലേജു കിട്ടുമെന്ന് കാണിച്ചു തന്ന കവിയാണ് ഒറവങ്കര! മറ്റു നമ്പൂതിരിമാരെപ്പോലെ ഫലിത രസികനായിരുന്നു.