ഇപ്പോൾ വൈസ് ചാൻസിലറന്മാരെപ്പറ്റിയാണല്ലോ ചർച്ച നടക്കുന്നത്. വി.സി. മാർ നിരവധിയാണ്. എന്നാൽ മലയാള സാഹിത്യത്തിൽ ഒരേ ഒരു വി സിയേ നമുക്കുള്ളൂ. വി.സി. ബാലകൃഷ്ണപ്പണിക്കർ.
1889 മാർച്ച് 1 ന് ജനിച്ച് 1912 ഒക്ടോബർ 20 ന് അന്തരിച്ച ഒരു കവിയും പത്രാധിപരും നമുക്കുണ്ടായിരുന്നു. വി.സി. ബാലകൃഷ്ണപ്പണിക്കർ. കേവലം 23-ാം വയസ്സിൽ ക്ഷയരോഗബാധിതനായി മരിച്ച കവി. അങ്ങനെ ഒരാളേയുള്ളൂ. മലയാളത്തിൽ വി.സി.ക്ക് തുല്യമായി മറ്റൊരാളില്ല.
പ്രേമകുമാരനായിരുന്നു. ചെല്ലുന്നിടത്തെല്ലാം പ്രണയം.
ഒടുവിൽ തന്റെ കാമുകി മരിച്ചപ്പോൾ പത്തൊൻപതാം വയസ്സിൽ മനം നൊന്ത് എഴുതിയതാണ് “ഒരു വിലാപം” അതിന്റെ പച്ചയിലാണ് വി.സി. ബാലകൃഷ്ണപ്പണിക്കർ മലയാള സാഹിത്യമുള്ളിടത്തോളം അറിയുന്നത്.
ഭാര്യ മരിച്ചപ്പോൾ നാലപ്പാട്ട് നാരായണ മേനോനെപ്പോലെ എഴുതിയ വിലാപകാവ്യമെന്നല്ലേ കരുതിയത്. അങ്ങനെയല്ല. ഭാര്യ പാറക്കോട്ട് ലക്ഷ്മിക്കുട്ടിയമ്മ മരിക്കുന്നത് 23ാം വയസ്സിൽ വി.സി. മരിച്ച ശേഷമാണ്. പതിനെട്ടാം വയസ്സിൽ വി.സി.യെക്കൊണ്ട് പിതാവ് കല്യാണം കഴിപ്പിച്ചു. പത്തൊമ്പതാം വയസ്സിൽ തൃശൂരുള്ള പ്രണയിനി വിഷൂചിക ബാധിച്ച് മരിച്ചപ്പോൾ കരഞ്ഞു തീർത്തതാണ് “ഒരു വിലപ”മായി പുറത്തുവന്നത്. ആകെ ഇരുപത്തേഴ് ശ്ലോകങ്ങൾ. സാക്ഷാൽ ഉള്ളൂർ എസ്. പരമേശ്വര അയ്യർ പോലും കേരള സാഹിത്യ ചരിത്രത്തിൽ ആണയിട്ട് പറയുന്നുണ്ട് ഒരു വിലാപത്തെ ലോക സാഹിത്യത്തിന്റെ തിണ്ണയിൽ നിരത്താമെന്ന്! അങ്ങനെ മറ്റൊരു കവിയെപ്പറ്റി ഉള്ളൂർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കുമാരനാശാനെപ്പറ്റി മാത്രമാണ്.
വരാലിനെപ്പോലെ പിടിച്ചാൽ പിടികിട്ടാത്ത പ്രകൃതക്കാരനായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കർ. കുട വക്കേണ്ടിടത്ത് വടിവക്കുന്ന ഇനം. മൂടോടെ പിഴുതു നോക്കാം.
മലബാറിലെ ഏറനാട്ട് താലൂക്കിലെ ഊരകത്താണ് ജനനം. സ്ഥാനി നായർ കൃഷ്ണനുണ്ണി നായരുടെ ഏക മകൻ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് കുട്ടിയെ സംസ്കൃതം പഠിപ്പിച്ചു. പിന്നെ മാങ്കോവിൽ കോവിലകത്ത് താമസിച്ച് പഠനം തുടർന്നു. പതിനാല് വയസ്സായപ്പോൾ പയ്യൻ ” മാനവിക്രമീയം” എന്നൊരു കൃതി എഴുതി. അക്കാലത്ത് കെ.സി. നാരായണൻ നമ്പ്യാർ എഴുതിയ “ഉദയാലങ്കാര”ത്തിന്റെ കൗണ്ടറാണ് വി.സി. എഴുതിയത്. പോർളാതിരിയെ അതിരറ്റ് “ഉദയാലങ്കാര”ത്തിൽ സ്തുതിച്ചപ്പോൾ “മാനവിക്രമീയം” അദ്ദേഹത്തെ കീറിയൊട്ടിച്ചു. പോരിനു വിളിച്ചു. അന്നേ വി.സി.എതിർക്കാൻ കാലനായിരുന്നു. നിഷേധി റബൽ!
നാലു കൊല്ലം മാത്രമേ ഏട്ടൻ തമ്പുരാന്റെ വീട്ടിൽ നിന്നുള്ളൂ. പഠിക്കാൻ പോയതാണ്. അവിടെ കോവിലകത്തെ തമ്പുരാട്ടിക്കുട്ടിയുമായൊരു ഗാഢപ്രണയം. ഡിങ്കോഡൽഫി വരെയെത്തി. അവിഹിതമായി അവിടെ കുരുങ്ങേണ്ടതായിരുന്നു. സംഗതി പുറത്തായപ്പോൾ കോവിലകത്തുനിന്ന് മുങ്ങി.
പൊങ്ങിയത് തൃശൂരും. “കേരള ചിന്താമണി” എന്നൊരു പ്രസിദ്ധീകരണം അവിടുന്നു പുറത്തിറങ്ങിയിരുന്നു. പ്രായം പതിനേഴ്. അതിന്റെ പത്രാധിപരായി ചാർജെടുത്തു.. ഇത്രയും ചെറുപ്പത്തിൽ പത്രാധിപരായ ഒരാൾ വേറെയില്ല. അന്നും ഇന്നും.
പ്രായം കൊണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അനിയനായിരുന്നു. പത്തു പതിനൊന്ന് വയസ്സിനിളപ്പം. കർമ്മം കൊണ്ടും അങ്ങനെ തന്നെ. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ അക്ഷരങ്ങളെ പടവാളാക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്താക്കുകയോ നാടുകടത്തുകയോ ചെയ്യേണ്ടതായിരുന്നു. അതിനെപ്പറ്റി വരെ അധികാരികൾ ചിന്തിക്കേണ്ടുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു കാര്യങ്ങൾ.
ഇത് ഞാൻ ഭാവന കൊണ്ടതല്ല. കേരള സാഹിത്യ അക്കാദമി അൻപതുകളിൽ പ്രസിദ്ധപ്പെടുത്തിയ വി.സി. കൃതികളുടെ അവതാരികയിൽ പി.വി.കൃഷ്ണവാര്യർ എഴുതിയത് വായിച്ചിട്ട് പറയുന്നതാണ്. വി.സി. ബാലകൃഷ്ണപ്പണിക്കർ! ആളൊരു സംഭവം തന്നെയായിരുന്നു.
ഒരിടത്ത് മുങ്ങിയാൽ മറ്റൊരിടത്തു പൊങ്ങും. ഒരു കൊള്ളിയാന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അധിക കാലം അവിടെ നിന്നില്ല. ചിന്താമണി വിട്ടു. പള്ളത്തു രാമനുമായി നല്ല ബന്ധത്തിലായിരുന്നു.
നേരെ കോട്ടക്കലേക്ക് വിട്ടു. കോട്ടക്കൽ കൃഷ്ണവാര്യരുടെ നേതൃത്വത്തിൽ “ധന്വന്തരി”യുടേയും “ലക്ഷ്മീഭായി”യുടേയും പത്രാധിപരായി. ഒരിടത്ത് മുഷിഞ്ഞിരുന്ന് ജോലി ചെയ്യാനിഷ്ടമായിരുന്നില്ല. തിരൂരു നിന്ന് അപ്രത്യക്ഷനായി. തൃശൂരെത്തി. “മലബാറി” പത്രികയുടെ എഡിറ്ററായി. പതിനെട്ട് വയസ്സ്.
അക്കാലത്തു തന്നെ പയ്യനെപ്പിടിച്ച് കെട്ടിച്ചു. തൃശൂരുള്ള പ്രണയ ബന്ധത്തിൽ നിന്ന് വേർപെടുത്താൻ ചെയ്ത കടുംവെട്ടായിരുന്നു. നോക്കണേ പിറ്റേക്കൊല്ലം കാമുകി പ്ലോഗ് വന്ന് മരിച്ചതും കാമുകൻ “ഒരു വിലാപ”മെഴുതി സാഹിത്യത്തിൽ വെള്ളിനക്ഷത്രമായതും കഥ വേറെ.
രണ്ട് കൊല്ലം കഴിഞ്ഞ് “മലബാറി” പൂട്ടി. അപ്പോഴേക്ക് വി.സി.ക്ക് ക്ഷയരോഗവും പിടിപെട്ടു. നേരെ കോട്ടയ്ക്കലേക്ക് പുറപ്പെട്ടു. മൂന്നുനാല്മാസം കൊണ്ട് രോഗമൊന്നടങ്ങി. ഏതാനും മാസം വീട്ടിൽ വെറുതെ ഇരുന്നു. അക്കാലത്ത് അഞ്ചാറു നാഴിക നടന്ന് വി. സി, പി. വി. കൃഷ്ണവാര്യരെ കാണാൻ പോകുമായിരുന്നു. രണ്ടു പേരും കൂടി ഒരു ദിനപത്രം ഇറക്കാൻ പദ്ധതിയിട്ടിരുന്നതാണ്. ഒരു ദിവസം പെട്ടന്ന് വി.സിയെ കാണാതായി. “ചക്രവർത്തി” എന്നൊരു പത്രവുമായി കൊച്ചിയിൽ അതാ വി.സി. പൊങ്ങി. പട്ടണവാസം ക്ഷയരോഗം മൂർഛിപ്പിച്ചു. ചികിത്സയ്ക്ക് നേരെ കോട്ടക്കലേക്ക്. പക്ഷേ, പിടിച്ചിട്ട് പിടികിട്ടിയില്ല. 23ാം വയസ്സിൽ എം.എ.യോ എം.എസ്സിയോ പാസ്സാകേണ്ടുന്ന പ്രായത്തിൽ എല്ലാ വേഷവും ആടിത്തകർത്തിട്ട് വി.സി. ബാലകൃഷ്ണപ്പണിക്കർ ജീവിതത്തിൽ നിന്നു തന്നെ രാജിവച്ച് പോയി.
വി.സി. ബാലകൃഷ്ണപ്പണിക്കർ പതിനെട്ടാം വയസ്സിലെഴുതിയ “നാഗാനന്ദ”ത്തിൽ ഒരിടത്ത് രാജകുമാരൻ വളർന്ന് യുവരാജാവായപ്പോൾ അച്ഛനോട് പറയുന്നുണ്ട്.
“കൽപ്പവൃക്ഷം പൊതുഗുണത്തിനു വേണ്ടി പ്രയോജനപ്പെടുത്തണം. അല്ലാതെ നമുക്കാവശ്യമുള്ളതു മാത്രം ചോദിച്ചു വാങ്ങി ലുബ്ധന്മാരെപ്പോലെ ജീവിക്കുന്നത് കഷ്ടമാണ്. പരോപകാരം കൊണ്ടു മാത്രമേ ശാശ്വത ശാന്തി ലഭിക്കൂ.” ആദ്യത്തെ സോഷ്യലിസ്റ്റ് കവിയാണ് വി.സി. ബാലകൃഷ്ണപ്പണിക്കർ.
മുപ്പത്തിരണ്ട് ശ്ലോകങ്ങളുള്ള “മീനാക്ഷി” പത്തൊമ്പതാം വയസ്സിലാണ് എഴുതുന്നത്. പ്രണയിനിയുടെ തലമുടി മുതൽ നഖം വരെ വർണ്ണിക്കുന്ന കൃതി.
“ഇന്ദുമതീസ്വയംവരം” അഞ്ച് അങ്കങ്ങളുള്ള നാടകമാണ്. എന്നാൽ “വിശ്വരൂപ”ത്തെ കവച്ചുവച്ചുകൊണ്ടൊരു കൃതി ഏതെങ്കിലും ഇരുപതുകാരൻ മലയാളത്തിൽ എഴുതിയിട്ടുണ്ടോ? ചങ്ങമ്പുഴയും ചുള്ളിക്കാടും മാത്രമാണ് ഇതിനൊരപവാദം.
കാളമൂത്രം പോലെ എഴുതുന്ന കവികൾക്കൊരു പാഠമാണ് വി.സി. ബാലകൃഷ്ണപ്പണിക്കർ. ഇരുപത്തിമൂന്നു വയസ്സിനിടയിൽ ഉള്ളതെല്ലാം കുടഞ്ഞിട്ടെഴുതിയില്ലേ? തോന്നിയതു പോലെ ജീവിച്ചില്ലേ?
കലണ്ടർ മുൻലക്കങ്ങൾ വായിക്കാൻ ലിങ്ക് അമർത്തുക
About The Author
No related posts.