തിരുവനന്തപുരം∙ പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 145.63 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കൺസോർഷ്യത്തിന് പെന്‍ഷന്‍ നൽകിയ വകയിൽ 8.5% പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയാണ് അനുവദിച്ചത്. കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു.
ശമ്പളം നൽകാൻ സർക്കാർ വാഗ്ദാനം ചെയ്ത 50 കോടി രൂപ ഉടൻ നൽകണമെന്നും ആ തുകയ്ക്ക് ജീവനക്കാർക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നു വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബാക്കി ശമ്പളത്തിനും ഉത്സവ ബത്തയ്ക്കും തുല്യമായ തുകയ്ക്കു സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്റ്റോറുകളുടെ കൂപ്പണുകളും വൗച്ചറുകളും നൽകണം. ശമ്പളവും കൂപ്പണുകളും 6നകം നൽകണം. കൂപ്പൺ ആവശ്യമില്ലാത്തവർക്കു ബാക്കിയുള്ള ശമ്പളം കുടിശികയായി നിലനിർത്തുമെന്നും കോടതി വ്യക്തമാക്കി.
English Summary: Finance department sanctioned Rs 145.63 crore to KSRTC for pension distribution













