LIMA WORLD LIBRARY

കൈക്കൂലിയും ഗൂഗിൾ പേ വഴി; ‘ഓപ്പറേഷൻ ജാസൂസി’ൽ കുടുങ്ങി മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം∙ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പൊതുജനങ്ങളിൽനിന്നും ഏജന്റുമാർ മുഖേന മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 53 ആർടിഒ–ജെആർടിഒ ഓഫിസുകളിൽ ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറും.

കോട്ടയം ആർടി ഓഫിസിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും, അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിൾ പേ വഴി 97,000 രൂപ ഏജന്റുമാർ നൽകിയതായും വ്യക്തമായി. ചങ്ങനാശേരി ആർടി ഓഫിസിലെ ഉദ്യേഗസ്ഥനു ഡ്രൈവിങ് സ്കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേയിലൂടെ 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്കു വിവിധ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരിൽനിന്നും 15,790 രൂപ നൽകിയതായും കണ്ടെത്തി.

നെടുമങ്ങാട് ഓട്ടോ കൺസൽട്ടൻസി ഓഫിസിൽനിന്നും 1,50,000 രൂപയും, കൊണ്ടോട്ടി ആർടി ഓഫിസ് വളപ്പിലെ ഏജന്റിന്റെ കാറിൽനിന്നും 1,06,205 രൂപയും, ആലപ്പുഴ ആർടി ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു ഏജന്റുമാരിൽ നിന്നായി 72,412 രൂപയും പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് ജോയിന്റ് ആർടി ഓഫിസിലുണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 38,810 രൂപയും കോട്ടയം ആർടി ഓഫിസിൽ നടന്ന മിന്നൽ പരിശോധനയിൽ ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരുടെ പക്കൽനിന്നും കൃത്യമായ രേഖകളില്ലാത്ത 36,050 രൂപയും കണ്ടെത്തി.

ചടയമംഗലം ആർടി ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 32,400 രൂപയും കൊട്ടാരക്കര ആർടി ഓഫിസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽനിന്നും 34,300 രൂപയും പിടിച്ചെടുത്തു. പാലക്കാട് ആർടി ഓഫിസിലെ രണ്ട് ഏജന്റുമാരുടെ പക്കൽനിന്നും 26,900 രൂപയും, റാന്നി ആർടി ഓഫിസിൽ ഉണ്ടായിരുന്ന ഏജന്റിൽനിന്നും 15,500 രൂപയും, പത്തനംതിട്ട ആർടി ഓഫിസിൽ ഉണ്ടായിരുന്ന ഏജന്റിന്റെ പക്കൽനിന്നും 14,000 രൂപയും കണ്ടെത്തി. പുനലൂർ ജെആർടി ഓഫിസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽനിന്നും 8,100 രൂപയും കരുനാഗപ്പള്ളി ആർടി ഓഫിസിലെ ഏജന്റിൽ നിന്നും 7,930 രൂപയും കാക്കനാട്ടെ ആർടി ഓഫിസ് ഏജന്റിൽനിന്നും 8,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സാപ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.

English Summary: Vigilance Raid at RT offices

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px