ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഗാന്ധികുടുംബത്തിന് സമ്മതനായ ആളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് രാഹുൽ ഗാന്ധി തന്നെ രംഗത്ത് എത്തുമെന്ന സൂചന പുറത്തുവന്നത്. അധ്യക്ഷ പദവിയിലേക്കില്ലെന്ന കടുംപിടിത്തത്തിൽനിന്നും രാഹുൽ പിൻമാറുമെന്നും മത്സരിക്കാൻ തയാറാകുമെന്നുമാണ് പ്രതീക്ഷയെന്നും ചില നേതാക്കൾ പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ പദവി രാജി വച്ചതും ഗാന്ധി കുടുംബത്തിൽനിന്നും ആരും അധ്യക്ഷനാകാനില്ലെന്നും അറിയിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബം പരിഗണിച്ചത്. എന്നാല്‍ ഗെഹ്‌ലോട്ട് ചില നിബന്ധനകള്‍ മുന്നോട്ടുവച്ചത് അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ ആവശ്യം. ജി 23 ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ശശി തരൂരോ, മനീഷ് തിവാരിയോ മത്സരിച്ചേക്കും. അതേസമയം, രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ രംഗത്തുണ്ടാവില്ലെന്ന സൂചന നേരത്തേതന്നെ തരൂര്‍ നല്‍കിയിരുന്നു.
ചുരുക്കം ചില മുതിര്‍ന്ന നേതാക്കളൊഴിച്ച് രാജ്യത്താകെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷനാകുന്നതിനോട് യോജിപ്പാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ മത്സരിക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഗാന്ധികുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ കരുതുന്നു. ഇതോടെയാണ് രാഹുൽ ഗാന്ധിയെ മത്സര രംഗത്തിറക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ശ്രമിക്കുന്നത്. പാർട്ടിക്കു മുന്നിലുള്ള ഏറ്റവും നല്ല പരിഹാരം രാഹുൽ അധ്യക്ഷനാകുക എന്നത് തന്നെയാണ്. ഭാരത് ജോഡോ യാത്ര നടക്കുന്നതോടെ രാഹുൽ തന്നെ വീണ്ടും അധ്യക്ഷ പദം ഏറ്റെടുക്കുമെന്നും മുതിർന്ന ചില നേതാക്കൾ പറഞ്ഞു.
English Summary: Rahul Gandhi may relent, take part in poll for Congress chief post













