LIMA WORLD LIBRARY

വാമനവേഷ വിപണന ഒണാഘോഷങ്ങൾ – കാരൂർ സോമൻ (ചാരുംമൂടൻ).

ഓണം നമ്മുടെ ദേശീയോസവമാണ്.  മലയാളക്കരയിൽ  നിറപ്പകിട്ടേറി എങ്ങും പൂമണം പരന്നൊഴുകുന്ന ഓണ൦ ആഘോഷിക്കുന്നു. ഇവിടെ വരണ്ടുണങ്ങികൊണ്ടിരിക്കുന്നത് മഹത്തായ  ഓണ സന്ദേശമാണ്. കള്ളവും ചതിയുമില്ലാത്ത മനുഷ്യർ ആമോദത്തോടെ വസിക്കുന്ന ഒരു ജനതയെ കണ്ടെത്താൻ സാധിക്കുമോ?   ചിങ്ങമാസത്തിൽ എല്ലാം മലയാളികളും പ്രേമാർദ്രമായ മിഴികളോടെ വീട്ടുമുറ്റത്തും നാടെങ്ങും മനോഹരങ്ങളായ പുഷ്പങ്ങൾകൊണ്ടുള്ള പുക്കളമൊരുക്കുന്നു.    ചരിത്ര യാഥാർഥ്യങ്ങളെക്കാൾ ഐതിഹ്യങ്ങൾകൊണ്ടുനിറഞ്ഞ ഓണകഥകൾ ധാരാളമാണ്. അതിൽ ബഹുഭൂരിഭാഗവും ഓണം ഒരു കാർഷിക ആഘോഷമായിട്ടാണ് കാണുന്നത്. അതിനോട് ആർക്കും കുട്ടിവായിക്കാവുന്ന കാര്യമാണ് ജനങ്ങൾക്ക് ശാന്തിയും സമാധാനവും സത്യവും നീതിയും തന്ന ഒരു മഹാബലി രാജാവ് നാട് ഭരിച്ചിരുന്നു. വാമനപ്രതിഷ്ഠയുള്ള തൃക്കാക്കര  ക്ഷേത്രത്തിലെ ഉത്സവമാണ് കേരളം മുഴുവൻ ആഘോഷിക്കുന്നതെന്ന് ലോഗന്റെ മലബാർ മാനുവലിൽ സൂചിപ്പിക്കുന്നു.  മഹാഭാരതത്തിൽ മഹാബലി നർമ്മദാനദിതീർത്തു് യാഗം നടത്തിയതായി പറയുന്നു,   മാവേലിക്കരയാണ് മഹാബലി ഭരിച്ചതെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു. എന്തായാലും ലോകമെങ്ങും മലയാളികൾ ആഘോഷപൂർവ്വം ആഹ്ളാദപൂർവ്വം ഓണം ആഘോഷിക്കുന്നു. 
  
മനുഷ്യരെല്ലാവരും ഒന്നുപോലെ എന്ന ഓണസങ്കൽപ്പമാണ് നമ്മുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നത്. ഓണ സന്ദേശം സമത്വം, സാഹോദര്യം, കള്ളമില്ല, ചതിയില്ല എല്ലാവരും ആമോദത്തോടെ വസിക്കുന്നു. ഈ നന്മയുടെ സന്ദേശം വികാരനിർഭരമായി സ്വന്തം ഹ്ര്യദയത്തോടെ പറയാൻ എത്രപേർക്ക് സാധിക്കുന്നു? അവിടെയല്ലേ ഉത്സവം മഹോത്സവമെന്ന് പറയാൻ സാധിക്കുന്നത്? നമ്മുടെ നാട്ടിൽ എത്രയോ നൂറ്റാണ്ടുകളായി മനുഷ്യർക്ക് ശാന്തിയില്ലാതെ സമത്വമില്ലാതെ നീതി ലഭിക്കാതെ ജീവിക്കുന്നു. വർഗ്ഗിയ രാഷ്ട്രീയ പാർട്ടികൾ, ജാതികൾ മനുഷ്യരെ വീതിച്ചെടുത്തിരിക്കുന്നു. എന്നിട്ടാണ് സമത്വത്തിന്റെ, സാഹോദര്യത്തിന്റെ വാടാമല്ലിപ്പൂക്കൾ വാരിവിതറി ഓണം ആഘോഷിക്കുന്നത്. സമൂഹത്തിലെ തിന്മകൾ കിഴടക്കാൻ സാധിക്കാത്തവർ ഓരോ വാക്കുകളുടെ പ്രസക്തി എന്തെന്ന് തിരിച്ചറിയാത്തവർ നാടുനീളെ ആഘോഷങ്ങൾ നടത്തുന്നു. ചരിത്രസത്യമറിയാത്തവർ എന്തും ഭ്രാന്തമായി ചിന്തിക്കുന്നു. ഓണമെന്ന ഉത്കൃഷ്ഠ സംസ്കാരത്തിന്റെ സവിശേഷകളിൽ നിന്നകന്ന് കച്ചവട താല്പര്യം നിലനിറുത്തി ചാനലുകളിലും മറ്റും മനംമയക്കുന്ന വേഷങ്ങൾ  ഒരു വലയായി മാറി അതിൽ  ഓണപ്പൊതികളും പച്ചക്കറികളും വീട്ടുമുറ്റത്ത് എത്തുന്നു. അതിൽ വിഷമുണ്ടോ അതൊന്നുമറിയില്ല. സ്വന്തം വിവേകബുദ്ധിപോലും പണയം വെക്കുന്നു.  
സമത്വവും സാഹോദര്യവും കൃഷിപ്പണികളിലും വേണം. മഹാബലിയെ ജീവിതത്തിൽ നിന്ന് പുറത്താക്കിയിട്ട് അദ്ദേഹത്തെ വിപണിയിൽ, സമൂഹത്തിൽ വിറ്റഴിക്കുന്നു.  
 
സമൂഹത്തിൽ നന്മകൾ ആര് ചെയ്താലും അവർക്ക് കല്ലേറ് ഉറപ്പാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം കുരിശിൽ തറക്കപ്പെട്ട യേശുക്രിസ്തുവും അദ്ദേഹത്തിന്റ ശിഷ്യന്മാർ ലോകമെങ്ങും രക്തസാക്ഷികളായതാണ്. അതിന് മുൻപ് തന്നെ  എല്ലാവരേക്കാൾ  ദാനധർമ്മം ചെയ്തുപോന്ന  അസുര ചക്രവർത്തി   മഹാബലിയും  അതനുഭവിച്ചു.  മഹാബലി  സമൂഹത്തിൽ പരസ്പരം സ്പർദ്ധ വളർത്താതെ സമത്വം സാഹോദര്യം വളർത്തിപ്പോന്നു. അതിൽ അസൂയ പൂണ്ട ദേവന്മാർ ഭൂലോകം ഭരിക്കുന്ന മഹാവിഷുവിനെ സമീപിക്കുന്നു. വാമന വേഷത്തിൽ മഹാവിഷ്‌ണു വന്ന് മണ്ണിന്റെ പേരിൽ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തുന്നു. മണ്ണിനടിയിലും അതലം,വിതലം, സുതലം, തലാതലം, പാതാളം എന്നൊക്കെയാണ് പഠിപ്പിച്ചിരിക്കുന്നത്. ചന്ദ്രനിൽ പോയതുപോലെ അവിടെയാരും പോയതായി അറിവില്ല.  നമ്മൾ മനുഷ്യരിൽ അസൂയ, വെറുപ്പ് കണ്ടിട്ടുണ്ട്. അതുപോലെ ദേവന്മാരിലും ഉള്ളതായി കാണുന്നു.  ഇവരൊക്കെയാണ് നമ്മുടെ ആരാധനാമൂർത്തികൾ.  ഇവർക്ക് ബുദ്ധിജീവികൾ, ശാസ്ത്രജ്ഞന്മാർ ആയിരം നല്ലത് പറഞ്ഞു കൊടുത്താലും അവരിൽ നിന്ന് വരുന്നത്റ അപകടമുള്ള  അപശബ്ദവും അസൂയ അസഹിഷ്ണതയാണ്. എനിക്ക് അങ്ങനെയൊരു അനുഭവമുണ്ട്. 2017 ൽ എന്റെ ഇൻഫൊർമേറ്റീവ് ബുക്കിനായി ഇൻറർനെറ്റിൽ നിന്ന് ചിലത് എടുക്കയുണ്ടായി. അതിൽ ഒരാളുടെ നാലര പേജ് ഉണ്ടെന്നുപറഞ്ഞുള്ള ഒരു യു ട്യൂബ്  വിഡിയോ എനിക്ക് കിട്ടി. അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. ഇത് സർഗ്ഗ സാഹിത്യമല്ല വൈഞ്ജാനിക കൃതികളാണ്  . ഞാൻ ക്ഷമ ചോദിച്ചു. എനിക്ക് കിട്ടിയ ഉത്തരം നാലര പേജ് ഇന്റെർനെറ്റിന് ഒരു കോടി രൂപ കൊടുക്കണമെന്നാണ്. 2017 ഡിസംബർ 27 ലെ ഫേസ്ബുക്കിൽ ഈ കാര്യം അദ്ദേഹം എഴുതിയിട്ടുണ്ട്.  പണം കൊടുക്കാതെ വന്നപ്പോൾ എന്റെ എല്ലാം പുസ്തകവും മോഷണമെന്ന് സോഷ്യൽ മീഡിയയിൽ എഴുതിവിട്ട് സംതൃപ്തിയടയുന്നു.  ചില ശുദ്ധല്മാക്കൾ അത് വിശ്വസിക്കുന്നു.  അന്നത്തെ വാമനന്മാർ ഇന്ന് എല്ലാം  രംഗത്തും  ജീവിച്ചിരിക്കുന്നു. 
 
ഓണസദ്യ കഴിഞ്ഞാൽ പിന്നീടുള്ളത് ഓണക്കളികളും ഓണപ്പാട്ടുകളുമാണ്.  പതിനെട്ടും ഇരുപത്തിയൊന്നും കറികളുള്ള സദ്യ മറ്റെങ്ങും കാണില്ല. വാഴയുടെ തൂശനിലയിൽ ആദ്യം ഉപ്പ്, പിന്നീട് ശർക്കര വരട്ടി, ഉപ്പേരി, നെയ്യ്,  അച്ചാർ,   പപ്പടം, പഴം, ചോറ്, പരിപ്പ്, സാമ്പാർ, പച്ചടി കിച്ചടി, അവിയൽ, ഓലൻ,   പുളിശേരി എരിശേരി, പായസം, അടപ്രഥമൻ, പഴം  തുടങ്ങിയ  സമൃദ്ധമായ  പതിനെട്ടും ഇരുപത്തിയൊന്നും കറികളുള്ള സദ്യ മറ്റെങ്ങും കാണില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്നതിനൊപ്പം കുട്ടിവായിക്കേണ്ടത് ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. ഇന്നും പാവങ്ങളെ ഗംഭീരമായി പലവിധത്തിൽ കബളിപ്പിക്കുമ്പോഴും മാവേലി മന്നന്റെ കള്ളവും ചതിയുമില്ലെന്ന് നാടെങ്ങും പാടി നടക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് അരിയും പച്ചക്കറികളും വിരുന്നുകാരായി വന്നില്ലെങ്കിൽ ഓണസദ്യയൊരുക്കാൻ കേരളത്തിന് സാധിക്കുമോ?   ആദ്യം വേണ്ടത് പാടത്തും പറമ്പത്തും ഗുണനിലവാരമുള്ള കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി ഓണം ആഘോഷിക്കയും,  നാനാത്വത്തിൽ ഏകത്വം എന്ന സാംസ്കാരിക പ്രൗഢിക്ക് കോട്ടം താട്ടാതെ എല്ലാവരും സഹോദര്യത്തിൽ ജീവിക്കുകയും വേണം. അതില്ലാതെ നാട്ടിൽ ചെണ്ട കൊട്ടി നടന്നാൽ    മഹാബലിയുടെ   സമ്പന്നതയുള്ളൊരു സംസ്കാരമുണ്ടാകില്ല. മറ്റുള്ളതൊക്കെ സിനിമയിലേതുപോലെ മഹാബലി-വാമന വേഷ-ആഘോഷങ്ങൾ മാത്രം.  ആ കുട്ടത്തിൽ മഹാബലിക്ക് നടക്കാൻ കുണ്ടും കുഴിയുമില്ലാത്ത നല്ല   റോഡുകൾ കുടിയുണ്ടെങ്കിൽ അതിഗംഭിരം. ആ റോഡിലൂടെ പുലികളി ഓണക്കളിയെന്ന പേരിൽ വീരയോദ്ധാവായിരുന്ന മഹാബലിയെ കുടവയറന്മാരുടെ രാജാവായി പരിഹസിക്കരുത്.  സത്യവും നീതിയും കള്ളവും ചതിയുമില്ലത്ത പൊൻ ചിങ്ങത്തേരിലേറി അടുത്ത വർഷത്തെ മനം നിറഞ്ഞ പൊന്നോണമാഘോഷിക്കാൻ ഇടവരട്ടെ.  
…………………………………………………… 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts