തള്ളേ! എന്റെ പതിമൂന്ന് കൊല്ലം!

Facebook
Twitter
WhatsApp
Email

നമ്മുടെ ചില എഴുത്തുകാർക്ക് അവരുവരുടെ കാര്യം മാത്രമേയുള്ളൂ. സ്വന്തം കൃതികളെപ്പറ്റി വാനോളം പുകഴ്ത്തുന്നതു കേട്ടിരിക്കാൻ എന്തൊരിഷ്ടമാണെണോ! ഈയിടക്ക് ഒരെഴുത്തുകാരൻ ചെറു സദസ്സിൽ വികാരാധീനനായി പറയുന്നത് കേട്ടു. എന്റെ പതിമൂന്ന് വർഷങ്ങളാണ് മാതൃഭൂമിയുടെ പത്രാധിപർ കമൽറാം സജീവ് തകർത്തു കളഞ്ഞതെന്ന്. അതായത് മാതൃഭൂമിയിൽ കഥ പ്രസിദ്ധപ്പെടുത്തിയില്ല എന്ന്. ഇതേ കഥാകൃത്ത് “കലാപൂർണ്ണ”യിലെഴുതിക്കണ്ടു. ഇരുപത്തഞ്ചു വർഷത്തിനിടയിൽ തനിക്ക് മൂന്നേ മൂന്ന് അവാർഡുകളേ കിട്ടിയുള്ളൂ എന്ന്! ഇപ്പോൾ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എല്ലാം രണ്ടു കൈ കൊണ്ടും കഥ എഴുതുന്ന ഭേദപ്പെട്ട ഒരു കഥയെഴുത്തുകാരന്റെ പരിദേവനമാണിത്. സ്വന്തം കഥ അച്ചടിച്ചു വന്നില്ലെങ്കിൽ പത്രാധിപരെ പഴിക്കുക. കാലിക്കവർ അവാർഡുകളെങ്കിലും വാങ്ങിക്കൂട്ടാൻ അത്യാഗ്രഹം കൂട്ടുക. തന്നെപ്പറ്റി ആരെങ്കിലും എന്തെങ്കിലും വിമർശിച്ച്‌ എഴുതിയാൽ അതോർത്ത് നൊന്തിരിക്കുക. ഒരു സൂചിക്കുത്തിൽ കാറ്റു പോകുന്ന ബലൂണുകളായിത്തീരുകയാണോ നമ്മുടെ എഴുത്തുകാർ!

എഴുതുന്ന കഥകളെല്ലാം മഹത്തരമെന്ന് വാഴ്ത്തിപ്പാടാൻ ആളെക്കൂട്ടുന്ന കാലമാണിത്. വടക്കും തെക്കും ഇതിന് കുറവില്ല. വിമർശനം കേൾക്കാൻ, ചോദ്യത്തെ നേരിടാൻ നമ്മുടെ എഴുത്തുകാർക്ക് തീരെ സഹിഷ്ണുതയില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥ വന്നില്ലെങ്കിൽ തന്റെ സാഹിത്യ ജീവിതം കോഞ്ഞാട്ടയായിപ്പോകുമെന്ന് മാഴ്കുന്ന കഥാകൃത്തുക്കളുടെ ഗീർവാണത്തിലൂടെയാണ് ഇന്ന് മലയാള കഥ നീങ്ങുന്നത്. മലയാള കഥയും കവിതയും വളർന്നത് തട്ടുപൊളിപ്പൻ മാസികയിലൂടെയല്ല. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം തിരിച്ചയച്ച എൻ.വി.കൃഷ്ണവാര്യരും ഖസാക്കിനെ മേശവലിപ്പിൽ ഏറെ നാൾ വച്ചു കൊണ്ടിരുന്ന എം.ടി.യും കടമ്മനിട്ടയെ മാതൃഭൂമിയിലേക്കടുപ്പിക്കാതിരുന്ന പത്രാധിപരും… പറയാൻ തുടങ്ങിയിൽ പലരുടേയും മുഖം ചുളിയും. അതുകൊണ്ട് എൻ.വി.യോ എം.ടിയോ അയ്യപ്പപ്പണിക്കരോ കടമ്മനിട്ടയോ മോശക്കാരായോ?

എഴുത്തുകാരന് ആത്മബലം വേണം. വാശിയോടെ എഴുതി മുന്നേറുകയാണ് വേണ്ടത്. ബഷീറിന്റെ പാത്തുമ്മയുടെ ആട് തിരുവനന്തപുരത്തു നിന്ന് പുറത്തിറങ്ങിയ “ഗോപുര”ത്തിന്റെ ഒന്നാം ലക്കത്തിലാണ് പ്രസിദ്ധപ്പെടുത്തുന്നത്. 1957 ൽ! ഇന്നാരെങ്കിലും ഗോപുരം ഓർക്കുന്നോ എം.ടി.വാസുദേവൻ നായരുടെ “കാലം” പ്രസിദ്ധപ്പെട്ടത്തിയത് കെ.എസ്.ചന്ദ്രന്റെ കേരള ശബ്ദത്തിൽ. കുങ്കുമത്തിലാണ് എസ്സ്. കെ.  പൊറ്റെക്കാട്ടിന്റെ “ഒരു ദേശത്തിന്റെ കഥ” പ്രസിദ്ധപ്പെടുത്തിയത്. കെ.എസ്.ചന്ദ്രൻ കേരള ശബ്ദം വിട്ട് “ചതുരംഗം” തുടങ്ങിയപ്പോൾ അതിലാണ് പി.പത്മരാജന്റെ പ്രമുഖ കൃതി “ഇതാ ഇവിടെ വരെ” പ്രസിദ്ധപ്പെടുത്തിയത്. ആ പ്രസിദ്ധീകരണങ്ങളൊക്കെ അല്പായുസ്സുക്കളായിരുന്നെങ്കിലും അതിലൂടെ വന്ന കൃതികൾ അനശ്വരമായില്ലേ? മാധവിക്കുട്ടിയുടെ കല്യാണി, വർഗ്ഗീസ് കളത്തിലിന്റെ കാലത്ത് “മലയാള മനോരമ” യിലാണ് അച്ചടിച്ചു വന്നത്. അയ്യപ്പപ്പണിക്കരുടെ ” ഗോപികാദണ്ഡകം” കെ.എം. തരകൻ പത്രാധിപരായിരുന്ന “മലയാള മനോരമ” ആഴ്ചപ്പതിപ്പിലാണ് വന്നത്. കടമ്മനിട്ടയുടെ “കുറത്തി” വന്നത് ഇ.എം.നജീബും പ്രിയൻ സി. ഉമ്മനും കൂടി നന്താവനത്തു നടത്തിയിരുന്ന “ബോധി”യിലാണ്. ജോൺ എബ്രഹാമിന്റെയും സി.ആർ.പരമേശ്വരന്റെയും അയ്മനം ജോണിന്റേയും നല്ല കഥകൾ പ്രസിദ്ധപ്പെടുത്തിയതും “ബോധി”യിലാണ്. ഇന്നത്തെ ഏറ്റവും ശക്തനായ എഴുത്തുകാരൻ ആനന്ദിനെ കൊണ്ടുവന്നത് ഇ എൻ മുരളീധരൻ നായരുടെ യുഗരശ്മിയാണ്. “മരണ സർട്ടിഫിക്കറ്റ്” അച്ചടിക്കുന്നതും അവരുടെ “നവാര പബ്ലിഷിങ് കമ്പനി”യാണ്.

പുതിയ എഴുത്തുകാരിൽ തരുണന്മാരായി വിലസുന്ന പൊയ്ത്തുംകടവും വി.ആർ സുധീഷും പി.എഫ് മാത്യൂസും ഉൾപ്പെടെയുള്ളവരെ കൈ പിടിച്ചുയർത്തിയ പഴയ “കലാകൗമുദി” യെ സൗകര്യപൂർവ്വം ഇന്ന് പലരും മറക്കുന്നതെന്ത്! ശിഹാബുദ്ദീന്റെ പൊയ്ത്തുംകടവ് വെട്ടിക്കളഞ്ഞ എം.പി.നാരായണ പിള്ളയുടെ കഥ വേറെ! മാസികയുടെ ലേബലല്ല എഴുത്തുകാരന്റെ കൃതിയുടെ കരുത്താണ് പ്രധാനം. ഒരു എൻ.വി.യും എം.ടിയും ജയചന്ദ്രൻ നായരും കെ.സി. നാരായണനും കമൽറാം സജീവും സുഭാഷ് ചന്ദ്രനും തിരിച്ചയച്ചാൽ  റദ്ദു ചെയ്യപ്പെടുന്നതാണോ എഴുത്തുകാർ? അതല്ല ഒരു മാതൃഭൂമി ഒറ്റ രാത്രി കൊണ്ട് കൂകിയുണർത്തിയതാണോ പുതുഭാവുകത്വം?

എങ്കിൽ താഴെക്കൊടുക്കുന്ന കൃതികൾ നോക്കുക. മലയാളത്തിലെ ആധുനികതക്ക് വിത്തുപാകിയ കൃതികൾ. ഇതിലേതൊക്കെയാണ് മാതൃഭൂമി കണ്ടെത്തിയത്?

കുരുക്ഷേത്രം (1960) കടമ്മനിട്ടയുടെ “കാട്ടാളൻ” (1968), കിരാതവൃത്തം (1969) സച്ചിദാനന്ദന്റെ “അഞ്ചു സൂര്യൻ” (1967) കാക്കനാടന്റെ “സാക്ഷി”, (1969) ഒ.വി.വിജയന്റെ “തീട്ടം” (1965) സി.ജെ.തോമസിന്റെ “1128 ൽ ക്രൈം 27” (1954) ജി.ശങ്കരപ്പിള്ളയുടെ “പൂജാമുറി” (1966)… യുഗരശ്മിയിൽ വന്ന ഒ.വി.വിജയന്റെ ആ കഥ ഇന്ന് പോലും മാതൃഭൂമി പ്രസിദ്ധപ്പെടുത്തുമോ? പത്രാധിപരെ പിന്നെ ഡസ്ക്കിൽ പിടിച്ചിരുത്തും. ഡിസി അതേ പേരിൽ പുസ്തകമായി കടകളിലൂടെ വിതരണം ചെയ്യുമോ? പണ്ട് എന്റെ സുഹൃത്ത് കഥാകൃത്ത് രവി “തായോളി” എന്നൊരു കഥ എഴുതി പുസ്തകത്തിനിടയിൽ ചേർത്ത് പ്രസിദ്ധപ്പെടുത്തിയതും ഒടുവിൽ സാക്ഷാൽ ഡി.സി.കിഴക്കേമുറി കണ്ടെത്തി കഥാകൃത്ത് രവിയെ കോട്ടയം കാണിക്കാത്തതുമായ ഒരു കഥയുണ്ട്!

ഏതൊരു ലേബലിനും മുകളിലാണ് എഴുത്തുകാരന്റെ സ്ഥാനം. അതുപോലെ പത്രസ്ഥാപനത്തിനും മുകളിലാണ് എഴുത്തുകാരൻ! ഓരോ സ്ഥാപനത്തിനും അവരവരുടെ താത്പര്യങ്ങളുണ്ടാവും. ആ താത്പര്യങ്ങൾക്കൊപ്പിച്ച് കാല് മുറിക്കാൻ എഴുത്തുകാർ നിന്നു കൊടുത്താലോ!

പി.കെ.രാജശേഖരന്റെ ഒരു പുസ്തകമുണ്ട്. കേരള മീഡിയ അക്കാദമി 2021 ൽ പ്രസിദ്ധപ്പെടുത്തിയ “പക്ഷിക്കൂട്ടങ്ങൾ; ലിറ്റിൽ മാഗസീനും മലയാളത്തിലെ ആധുനികതയും”. അതിൽ സച്ചിദാനന്ദന്റെ ഒരു ആമുഖമുണ്ട്. പുതിയ എഴുത്തുകാർ മനസ്സിരുത്തി ഈ പുസ്തകവും ആമുഖവും ഒന്ന് വായിക്കണം. നമ്മുടെ പുതുകഥയും കവിതയുമൊക്കെ ചുവപ്പിൽ കുളിച്ചും കുളിക്കാതെയും എത്തിയത് എങ്ങനെ എന്ന് ബോധ്യമാവും.

അതിനെയൊക്കെ പിന്നെ ഹൈജാക്ക് ചെയ്യുകയായിരുന്നില്ലേ മാതൃഭൂമി പോലെയുള്ള ആഴ്ചപ്പതിപ്പുകൾ. എഴുപതുകളിലും എൺപതുകളിലുമുള്ള സമാന്തര പ്രസിദ്ധീകരണങ്ങളുടെ ഫോർമുലയായിരുന്നില്ലേ പിൽക്കാലത്ത് കമൽറാം സജീവ് മാധ്യമത്തിലും പിന്നീട് മാതൃഭൂമിയിലും കൊണ്ടുവന്നത്. അതൊരു കുതിപ്പായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതു തന്നെ. സമ്മതിക്കണം. എന്നു കരുതി തോടു പൊട്ടിച്ച്‌ ഇറങ്ങുന്നതിനു മുമ്പേ കവറടിച്ചു വാട്ടിയതിന്റെ കുറ്റവും കമൽറാമിന്റെ ചുമലിൽ കെട്ടി വക്കണം.

എഴുത്തുകാർ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. സ്വന്തം കഥ അച്ചടിച്ചില്ലെങ്കിൽ പത്രാധിപർക്കെതിരെ പല്ലു ഞെരിക്കാൻ പോയാൽ പിറ്റേന്നാൾ നല്ല ദന്തിസ്റ്റിനെക്കാണേണ്ടി വരും. വാശി മൂത്ത് എഴുത്തു നിർത്തിയാൽ അത്രയും നല്ലതെന്ന് വായനക്കാർ പറയും! ഒരു പത്രാധിപരുടെ ചവിട്ടു കൊണ്ടാൽ കലങ്ങുന്ന ചങ്കാണോ ഒരു കഥാകൃത്തിന്റേത്. എങ്കിൽ എഴുത്തു നിർത്തി വേറെ വല്ല പണിക്കും ആയുസ്സു തീരുന്നതിനു മുമ്പേ പോകുന്നതാണ് ഉത്തമം. അതാണ് വായനക്കാർക്കും നല്ലത്. അവാർഡുകളും രക്ഷപ്പെടും.

About The Author

Leave a Reply

Your email address will not be published. Required fields are marked *