എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്പോൾ… – എം രാജീവ് കുമാർ

Facebook
Twitter
WhatsApp
Email

ഷേക്സ്പിയറും ഇംഗ്ലീഷും രാജകുടുംബവും ഇല്ലെങ്കിലെന്തു ബ്രിട്ടൺ! അതെല്ലാം ലവന്മാർ ഇന്ത്യയിലും കൊണ്ടുവന്നില്ലേ? പട്ടികളോടും ബ്രിട്ടീഷ് രാജകുടുംബത്തിന് സ്നേഹമായിരുന്നു. ഒന്നോർത്താൽ ഇംഗ്ലീഷുകാരല്ലേ പട്ടി സംസ്ക്കാരം ഇന്ത്യയിൽ കൊണ്ടുവന്നത്? ഇന്ത്യക്കാരെ അവരുടെ പട്ടികളാക്കിയത്. ലോകമെമ്പാടും വെട്ടിപ്പിടിച്ച് കോളനികളുണ്ടാക്കിയപ്പോൾ പട്ടികളുമുണ്ടായി. പട്ടി വളർത്തലങ്ങനെയല്ലേ കേരളത്തിൽ തഴച്ചത്?

ഒരു യാദൃശ്ചികതയാകാം. വിശേഷിച്ച് നാടുനീളെ ഓടി നടന്ന് പട്ടികൾ മനുഷ്യരെ കടിച്ച ഓണത്തിനാണ് ബ്രിട്ടീഷ് രാജ്ഞി നാടുനീങ്ങിയത്. അവർക്ക് മുപ്പത് പട്ടികളുണ്ടായിരുന്നു. അത് കേരളത്തിൽ കൊണ്ടുവന്ന് തുറന്നു വിട്ടിട്ടല്ല പട്ടികൾ പെരുകിയത്.

തെരുവ് നായ ശല്യത്തിന് എത്ര പെട്ടന്നാണ് പരിഹാരം വന്നത്. അവറ്റകളെയും കൂടി, അധികാരത്തിലേറിയതിന്റെ പിറ്റേന്നാൾ എം.ബി.രാജേഷിന് ജോലിയുണ്ടാക്കിക്കൊടുത്തില്ലേ! അത് കാര്യം വേറെ.

70 വർഷത്തെ ഭരണത്തിനുശേഷമാണ് ജോർജ് ആറാമന്റെ മകൾ എലിസബത്ത് രാജ്ഞി മരണപ്പെടുന്നത്. പട്ടി കടിച്ചിട്ടല്ല.

ഇവിടെ ഭാരതത്തിൽ ബ്രിട്ടീഷുകാരുടെ അടി കൊണ്ട് ഗാന്ധിയും കൂട്ടരും നട്ടംതിരിയുമ്പോഴാണ് സൂര്യൻ അസ്തമിക്കാത്ത നാട്ടിൽ ജോർജ് ആറാമൻ അട്ടഹസിച്ചു കൊണ്ട് വാണത്. ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തിനു മേൽ കയറി നിരങ്ങിയ ആ രാജാവിന്റെ പുത്രിയാണ് സെപ്റ്റംബർ 8 ന് നാടുനീങ്ങിയതെന്നോർക്കണം. നമ്മുടെ പത്രങ്ങളെല്ലാം കൊണ്ടു പിടിച്ച് ആഘോഷിച്ചില്ലോ. വിക്ടോറിയ രാജ്ഞിക്കു ശേ ഷം ഭരിച്ചില്ലേ? എലിസബത്ത് രാജ്ഞി.

1926 ഏപ്രിൽ 21 ന് ജനിച്ച എലിസബത്തിന്റെ പ്രാരംഭ വിദ്യാഭ്യാസം കൊട്ടാരത്തിലായിരുന്നു. ജോർജ് ആറാമൻ തന്നെ പഠിപ്പിച്ചു. ഫ്രാൻസിൽ നിന്നും ബൽജിയത്തിൽ നിന്നും അദ്ധ്യാപകർ വന്ന് പഠിപ്പിച്ചു. സാക്ഷാൽ കാന്റർബറി ആർച്ച്ബിഷപ്പിൽ നിന്നാണ് മതപഠനം നടത്തിയത്. കുതിര സവാരിയും നീന്തലും നൃത്തവും സംഗീതവും ലളിത കലകളും എല്ലാം അഭ്യസിച്ചു. പത്താം വയസ്സിൽ കിരീടാവകാശിയായി. 1940 ഒക്ടോബർ 13 ന് ബി ബി സിയിലൂടെ പുറം ലോകത്തേക്ക് ശബ്ദം കേൾപ്പിച്ച് 1945 ഫെബ്രുവരിയിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് “ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ”പട്ടാള വേഷമിട്ട ഉപസേനാധിപയായും പിന്നെ കട്ടപ്രണയത്തിലകപ്പെടുകയും ചെയ്ത സുന്ദരി. 

ഇന്ത്യയിലന്ന് എലിസബത്ത് രാജ്ഞിയുടെ അച്ഛൻ ഇന്ത്യയെ രണ്ടായി വെട്ടിപ്പിളർത്തുകയായിരുന്നില്ലേ? സ്വാതന്ത്യത്തിന്റെ ജീവവായുവിനു വേണ്ടി എത്ര ജീവനാണ് ബലിയർപ്പിക്കപ്പെട്ടത്. 1997 ൽ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അൻപതാം പിറന്നാളിന്. എന്നിട്ടും ജാലിയൻ വാലാ ബാഗിൽ പോയി വരവുവച്ചു. ഇന്ത്യൻ ജനതയെ ഇംഗ്ലീഷുകാർ കൂട്ടക്കൊല നടത്തിയതിന്റെ ഒരു പ്രായശ്ചിത്തവും അവർ പറഞ്ഞില്ല. തന്റെ പൂർവികരുടെ നിഷ്ഠൂരമായ പ്രവൃത്തികളെ ശരിവയ്ക്കുകയായിരുന്നില്ലേ?

ഒടുവിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ മൂന്നാം മാസം എലിസബത്ത് രാജ്ഞിയുടെ കാമുകനോടൊത്തുള്ള വിവാഹം. ഗാന്ധിജി മൗണ്ട്ബാറ്റൺ പ്രഭു രാജഗോപാലാചാരിക്ക് ചാർജ് കൊടുത്തിട്ട് ലണ്ടനിൽ കല്യാണം കൂടാൻ പോയപ്പോൾ ഗാന്ധിജി മൗണ്ട്ബാറ്റന്റെ പക്കൽ ഒരു വിവാഹ സമ്മാനം രാജ്ഞിക്ക് കൊടുത്തയച്ചു. ചർക്കയിൽ നൂൽ നൂറ്റ് തുന്നിയ ഒരു ഖദർ സ്ക്കാർഫ്! അതവർ മരണം വരെ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു.

എലിസബത്ത് ഫിലിപ്പ് വിവാഹം ആഡംബരത്തോടെയായിരുന്നു. 1952 ൽ ദമ്പതിമാർ കെനിയയിൽ ചുറ്റാൻ പോയപ്പോഴാണ് ജോർജ് ആറാമൻ അന്തരിക്കുന്നതും ഫെബ്രുവരി 6 ന് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയാകുന്നതും. 2021 ഏപ്രിൽ 21 ന് 99-ാം വയസ്സിലാണ് ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ചരമഗതിയടയുന്നത്. 73 വർഷമാണ് ആ ദാമ്പത്യം നീണ്ടുനിന്നത്.

ആകുന്നെങ്കിൽ ബ്രിട്ടിഷ്  രാജ്ഞിയായി ജനിക്കണം. പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാം. ലോകമേ തറവാട്! കാറോടിക്കാൻ ഡ്രൈവിംഗ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ല! അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത ഒരാളെപ്പറ്റി സങ്കൽപ്പിക്കാമോ? നിയമം പുല്ലു വിലയാണവർക്ക്. പ്രധാനമന്ത്രിയെ പിരിച്ചുവിടാൻ അവകാശമുണ്ട് ബ്രിട്ടീഷ് രാജ്ഞിക്ക്. മറ്റെന്തൊക്കെ അധികാരമാണ് ബ്രിട്ടീഷ് രാജ്ഞിക്ക് കല്പിച്ചു കൂട്ടിക്കൊടുത്തിരിക്കുന്നത്. നികുതി  അടക്കണ്ട. സ്വകാര്യ എടിഎം. ട്രാഫിക്കിൽ വേഗപരിധി ബാധകമല്ല!. സ്വർഗ്ഗത്തിലേക്ക് ആയുസ്സിന്റെ വേഗത്തിൽ കാറോടിച്ചു കയറ്റാം. ഇങ്ങനെ ദൈവം ഭൂമിയിൽ കെട്ടിയിറക്കിയതാണ് ബ്രിട്ടീഷ് രാജ്ഞിയെ!

എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ എന്ന ബ്രിട്ടീഷ് രാജ്ഞി! 96-ാം വയസ്സിൽ സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ  അന്തരിക്കുമ്പോൾ ഇവിടെയും ചിലരുണ്ട്. സി.പി.യെക്കൊണ്ട് സ്വാതന്ത്രൃത്തിന്റെ അണ്ണാക്കിൽ ബയണറ്റു കേറ്റിയ തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് തൊഴുതു പിടിച്ചു കയറിപ്പോകുന്ന പെൻഷ്യൻ പറ്റിയ കമ്മ്യൂണിസ്റ്റുകാർ! രാജ ഭക്തർ!

എലിസബത്ത് രാജ്ഞിയുടെ അപദാനങ്ങൾ ഇനിയുമുണ്ട്. പ്രതിവർഷം 70000 ഓളം കത്തുകളാണ് അവർക്ക് ലഭിച്ചിരുന്നത്. യുകെയിലെ എല്ലാ അരയന്നങ്ങളുടെയും, തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമസ്ഥരാജ്ഞിയാണ്. ഉച്ചഭക്ഷണത്തിനു മുമ്പ് ജിന്നും, ഉച്ച ഭക്ഷണത്തോടൊപ്പം വൈനും, അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞിയുടെ ഒരു ജന്മമേ! വേറെ പണിയെന്തിരിക്കുന്നു. ഓർത്തു നോക്കൂ. 500 മില്ല്യൻ ഡോളറിന്റെ ആസ്തിയാണവർക്ക്. അതിന്റെ പേരാണ് “ക്രൗൺ എസ്റ്റേറ്റ്”. അതിൽ തൊടാൻ പറ്റില്ല. പൊള്ളും.

7 മാർപ്പാപ്പമാരെയും 14 അമേരിക്കൻ പ്രസിഡന്റുമാരേയും 15 ബിട്ടീഷ്, ഇന്ത്യൻ പ്രധാനമന്ത്രിമാരെയും കണ്ട രാജ്ഞിയാണ്. ഒരുത്തനെയും വകവയ്ക്കാത്ത വിൻസ്റ്റൻ ചർച്ചിലിന്റെ കാലത്താണ് എലിസബത്ത് രാജ്‌ഞിയാകുന്നത്. എല്ലാം യസ് മൂളി ഇരുന്നാൽ മാത്രം മതി.

1992 ൽ വിൻഡ്സർ കാസിൽ കത്തിയെരിഞ്ഞപ്പോൾ പുനരുദ്ധരിച്ചപ്പോൾ 75% തുക കൊടുത്തതു മാത്രമോ കൊട്ടാരത്തിലെ 19 മുറികളുമങ്ങ് പൊതുജനങ്ങൾക്കു കാണാൻ തുറന്നു കൊടുത്തു. 16 അടി നീളവും 12 അടി വീതിയുമുള്ള കിടപ്പു മുറിയിലേക്ക് ആർക്കും പ്രവേശനമില്ല. മുറിയിലൊരു രഹസ്യവാതിലുള്ളത് എവിടെയെന്ന് ഒരു നിശ്ചയവുമില്ല. ബില്ലു പാസ്സാക്കണമെങ്കിൽ രാജ്ഞി ഒപ്പിടണം. പ്രധാനമന്ത്രി എല്ലാ ബുധനാഴ്ചയും രാജ്ഞിയെക്കാണും അത് രഹസ്യമാണ്.

രാജ്ഞിക്ക് എല്ലാം ബാഗിലായിരുന്നു. ഹാൻഡ്ബാഗ്  മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നാണ് അതിന്റെ അർഥം. തറയിൽ വച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല, അപ്പോൾ മതിയാക്കിക്കൊള്ളണമെന്നു സൂചന! പത്തിരുന്നൂറു ബാഗുകളുണ്ടായിരുന്നു. ഇത് അനുകരിച്ചാണ് നക്കിത്തിന്നാൻ ഉപ്പില്ലാത്ത നമ്മുടെ ചില മഹിളാമണികളും എലിസബത്ത് രാജ്ഞിമാരായി ബാഗുകൾ മാറ്റി മാറ്റിക്കൊണ്ടുനടക്കുന്നത്.

ആനയും, പശുവും, മുതലയും, ജാഗ്വറും, കങ്കാരുവുമൊക്കെയാണ് രാജ്ഞിയ്ക്ക് സമ്മാനമായി ലഭിച്ചുകൊണ്ടിരുന്നത്. കേരളത്തിൽ നിന്ന്  ആനയെക്കൊണ്ടുപോയി ബക്കിങ്‌ഹാം കൊട്ടാരത്തിന്റെ നടക്കിരുത്തിയോ ആവോ!

“ലണ്ടൻ പാലം വീണെ”ന്നാണ് രാജ്ഞിയുടെ പ്രൈവറ്റ്സെക്രട്ടറി 15 കോമൺവെൽത്ത് രാജ്യങ്ങൾക്കും മറ്റ് 38 രാഷ്ടങ്ങൾക്കും സന്ദേശം അയച്ചത്. “ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്” എന്നാണ് മരണാനന്തരച്ചടങ്ങുകൾ വരെയുള്ള കാര്യപരിപാടിയുടെ ഓമനപ്പേര്.

രാജ്ഞി മരിച്ച ദിവസം ഡി ഡേ എന്നും തുടർന്നുള്ള 10 ദിവസങ്ങൾ ഡി പ്ലസ് വൺ ഡി പ്ലസ് ടു എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷ് ചിട്ടയാണത്. പള്ളി മണിയടിക്കും. വൈറ്റ് ഹാളിലെ പതാക പാതി താഴ്ത്തിക്കെട്ടും. പത്തു ദിവസത്തേക്ക് പാർലമെന്റ് നിർത്തിവച്ചും കഴിഞ്ഞു. എലിസബത്ത് രാജ്ഞിയുടെ 73 കാരൻ മൂത്തമകൻ ചാൾസ് മൂന്നാമൻ ഇനി അധികാരത്തിൽ വരുന്നതോടെ ബ്രിട്ടീഷ് ദേശീയഗാനത്തിൽ ഗോഡ് സേവ് ഔർ ഗ്രേഷ്യസ് ക്യൂൻ മാറി “കിങ്” ആകും. ദൈവ കൃപയുള്ള നമ്മുടെ പൊന്നുതമ്പുരാൻ! എന്ന് മലയാളം. ബിട്ടീഷ് അധിനിവേശകാലത്ത് നമ്മളും പാടിയതല്ലേ അത്.

ഇനി ബ്രിട്ടണിലെ ദേശീയ കറൻസിയും മാറ്റും. തലമാറ്റിവയ്ക്കും. പുതിയ കറൻസിയിൽ രാജ്ഞിക്ക് പകരം രാജാവാകും. “ജോർജ് കുട്ടി” എന്നൊരു പര്യായം നോട്ടിനുണ്ട്. ജോർജ് ആറാമന്റെ തല അച്ചടിച്ച ബ്രിട്ടീഷ് കറൻസിയിൽ നിന്നുണ്ടായതാണത്.

സൈനികർക്കും പോലീസുദ്യോഗസ്ഥർക്കും പുതിയ യൂണിഫോം ആവശ്യമായി വരും. ബ്രിട്ടീഷ് പാസ്പോർട്ടിലും തപാൽ സ്റ്റാമ്പുകളിലും മാറ്റം വരും.
രാജ്യത്തെ തപാൽ പെട്ടികളിലെ ചിഹ്നം മാറ്റി സ്ഥാപിക്കും.

ചെറിയ കാര്യം വല്ലതുമാണോ! ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ചതല്ലേ എലിസബത്തു രാജ്ഞി. ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്രത്തലവി! ഇനി 34 രാജ്യങ്ങളിലെ കറൻസികളിൽ മുഖം നോക്കാം.

ഇപ്പോൾ യു കെയ്ക് എല്ലാ ശക്തിയും പോയില്ലേ? അഞ്ചാമത്തെ സാമ്പത്തികശക്തിയായിരുന്ന ലവന്മാരിപ്പോൾ ഇന്ത്യക്കും താഴെ ആറാമതായി തൂങ്ങിക്കിടക്കുകയാണ്! പണപ്പെരുപ്പം വന്ന് 10% ആയി. വിലക്കയറ്റവും തൊഴിലില്ലായ്മയും വന്ന് പൊറുതി മുട്ടിക്കുന്നു. ആഭ്യന്തര വളർച്ച 3.6 ആയി താഴ്ന്നു പോകുകയല്ലേ!. ബോറിസ് ജോൺസൻ രാജിവച്ച് പകരം കൺസർവേറ്റീവ് പാർട്ടിയിലെ മേരി എലിസബത്ത് ട്രസ്സ് പ്രധാനമന്ത്രിയാകാൻ കാരണമെന്താ? വെള്ളക്കാരന്റെ സകല പ്രതാപങ്ങളും അസ്തമിച്ചു. പോരെങ്കിൽ കണ്ണിൽ ചേരയില്ലാത്ത പണിയല്ലേ ചെയ്തതത്രയും. മൗമേ സ്വാതന്ത്ര്യപ്പോരാളികളെ കെനിയയിലെ കോൺസൻട്രേഷൻ ക്യാമ്പിലിട്ട് കൊല്ലാക്കൊല ചെയ്തില്ലേ? മലേഷ്യയിലെ കമ്മ്യൂണിസ്റ്റുകാരെ ഇരട്ടക്കൊല ചെയ്തില്ലേ? എല്ലാത്തിനും മൗനസമ്മതം കൊടുത്തത് രാജ്ഞിയല്ലേ? പാർലമെന്റുകളുടെ മാതാവായ ബ്രിട്ടീഷ് പാർലമെന്റ് ഒരു അഭിമാനം തന്നെയാണെങ്കിലും കാര്യങ്ങൾ സുതാര്യമല്ല.
 
കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നതിന്റെ തലേക്കൊല്ലമാണ് ബ്രിട്ടൻ, ഫ്രാൻസിനോടും ഇസ്രായലിനോടും ചേർന്ന് സൂയസ് കനാൽ ആക്രമിക്കുന്നത്. പോരങ്കിൽ അമേരിക്കയുടെ തോളിൽ കയ്യിട്ട് നടക്കുകയല്ലേ! കമ്മ്യൂണിസ്റ്റ് വിരുദ്ധ സുരക്ഷാ പ്രവർത്തനത്തിൽ ബ്രിട്ടനെ തട്ടിൽ കേറ്റിയിരിക്കുകയുമാണ്. എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ പറഞ്ഞ് ആത്മാവിൽ ഖേദം പൊഴിക്കരുത്. എന്നാലും ദേശസ്നേഹിയായ ഇന്ത്യാക്കാരന് ബ്രിട്ടീഷ് അധിനിവേശത്തിനു നേരെ ചോര തിളയ്ക്കുക തന്നെ ചെയ്യും!

About The Author

Leave a Reply

Your email address will not be published. Required fields are marked *