വിഷുക്കണി – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്)

Facebook
Twitter
WhatsApp
Email

‘അച്ഛനെ ഞാന്‍ കണ്ടിരുന്നു അമ്മേ…’
‘ഇതുപറയാനാണോ നീഎന്നെ കാണണമെന്ന് പറഞ്ഞത്?’
‘ഉം…..’
വളരെ നേരം അവന്‍ പിന്നെ സംസാരിച്ചില്ല. സുനീതിക്കും ഒന്നും പറയാനില്ലായിരുന്നു.ഒരുതരം മരവിപ്പ്! അത് ദേഹം മുഴുവന്‍ അരിച്ചുകയറുന്നതു പോലെ! തൊണ്ടക്കുഴിയില്‍ ഒരെരിച്ചില്‍ അനുഭവപ്പെടുന്നു. ഇനി…. ഇനി….
ആകാശത്ത് നീലമേഘങ്ങള്‍ അരിച്ച് നീങ്ങുന്നതില്‍ അലക്ഷ്യമായി മിഴിനട്ട് നിന്നു. ജീവിതം ഇതുപോലെ ഇഴഞ്ഞുപോവുകയല്ലേ!
നിന്നുതിരിയാന്‍ നേരമില്ലാതെ നെട്ടോട്ടമോടിക്കൊണ്ടിരുന്ന തിരക്കേറിയ ദിവസങ്ങളില്‍ നിന്നാണ് ഒന്നും ചെയ്യാനില്ലാതെ വഴി മുട്ടിനില്‍ക്കുന്ന ഈ അവസ്ഥയിലേക്ക് പൊട്ടിവീണത്. ഇങ്ങനെ ഒരവസ്ഥ ജീവിതത്തില്‍ ഉണ്ടാകുമെന്ന് സ്വപ്നത്തില്‍പോലും ചിന്തിച്ചില്ല. ഇതാണ് വിധിവിളയാട്ടം.
‘നീയെന്തേ വീട്ടിലേക്ക് വന്നില്ല? സുജമോള്‍ക്ക് നിന്നെ കാണണ്ടെ? അവളല്ലേ വഴിക്കണ്ണുമായി കാത്തിരിക്കുന്നത്…’
‘വേണ്ടണ്ട മമ്മീ….. അവളെ ഞാന്‍ പിന്നെ കാണാം….. ഓഫീസില്‍ പോണം…. ഇന്നെനിക്ക് സമയമില്ല. ചെയ്യാനൊരുപാടുണ്ട്…..’
ബൈക്കില്‍ കയറി അവന്‍ ഓടിച്ച് പോകുന്നത് നോക്കി സുനീതി മരവിപ്പോടെ നിന്നു. മൂന്ന് ദിവസെമുമ്പ് പെട്ടെന്ന് മോന്‍റെ ശബ്ദം കാതിലെത്തിയപ്പോള്‍ ഉണ്ടായ ഉത്കണ്ഠ, ഒരു മരവിപ്പിലേക്ക് വഴുതിവീണുകൊണ്ടിരുന്ന എന്‍റെ മനസ്സ് പിടിച്ചുലച്ചത് ഇതിനായിരുന്നോ? ഈ ഒരഞ്ചുനിമിഷത്തിലെ കൂടിക്കാഴ്ചക്കാണോ നീണ്ടണ്ടമണിക്കൂറുകള്‍ തപ്തനിശ്വാസത്തോടെ ഊതിപ്പറപ്പിച്ചത്!
മകനെയൊന്ന് കാണാന്‍, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍, പണ്ടത്തെ കുസൃതിച്ചെറുക്കനായി അവനെന്നെ കെട്ടിപ്പുണര്‍ന്ന് ഉമ്മവെക്കാന്‍….. ഓ….. ചിന്തകള്‍ കാട് കയറുന്നോ?
‘കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ….. അഭിനന്ദനം! അഭിനന്ദനം!…….’
മൊബൈല്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി. അമ്മയ്ക്ക് ചേരുന്നതെന്നും പറഞ്ഞ് ഈ ഗാനം റിങ്ങ്ടോണാക്കിയിട്ടത് അവന്‍ തന്നെയാണ്. അമ്മ അവനെന്നും കണ്ണീര്‍ത്തുള്ളിയാണല്ലോ.
‘അമ്മേ….. സോറി…. ഞാനമ്മയെ ഒരു ചായയ്ക്കുപോലും ക്ഷണിച്ചില്ല….. സോറി….. മമ്മീ….. ഞാനിപ്പഴാ ഓര്‍ത്തത്…..അമ്മ വീട്ടിലേക്ക് തിരിച്ചുപോയോ? സോറി…..’
ഫോണ്‍ കട്ടായി. മറുപടിക്ക് കാക്കുന്ന സ്വഭാവം അവനില്ലല്ലോ. അതേപ്പറ്റി പറഞ്ഞാല്‍ അവന്‍റെ ഒരു ചിരിയുണ്ട്. എല്ലാം അലിയിച്ചുകളയുന്ന ഒരു കൊല്ലുന്ന ചിരി!!
പഴകിയ ടൂത്ത്ബ്രഷ് വലിച്ചെറിയുന്നപോലെ ഭര്‍ത്താവിനെ വലിച്ചെറിഞ്ഞ ഒരു പടുവിഡ്ഢിയാണ് ഞാനെന്നാണ് അവന്‍റെ അഭിപ്രായം. അതിനവനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. സത്യം എന്തെന്ന് അവനറിയില്ലല്ലോ.
നേരം ഉച്ചയായി. ഏപ്രില്‍ മാസത്തിലെ കനല്‍ച്ചൂട് വാരിവിതറി സൂര്യന്‍ ആകാശത്ത് കത്തി ജ്വലിച്ചുനിന്നു. തൊണ്ടവരളുന്നുണ്ട്. വഴിയോരത്ത് കൊടുംചൂടില്‍ കൂട്ടിയിട്ട ഒരു ഇളനീര്‍ വാങ്ങി. വില്പനക്കാരന്‍ നിമിഷങ്ങള്‍ക്കകം മൂര്‍ച്ചയേറിയ വെട്ടുകത്തികൊണ്ട് മുഖംവെട്ടി കരിക്ക് ഒരുക്കിത്തന്നു. വിങ്ങുന്ന തൊണ്ടയിലൂടെ ജലധാര അരിച്ചിറങ്ങി. പുറത്തെ ചൂട് അകത്തെത്തിയിരുന്നില്ല. ജലത്തിന് നല്ല കുളിരുണ്ട്. എതിരെ വന്ന ഓട്ടോറിക്ഷ കൈകാണിച്ചു നിര്‍ത്തി നേരെ വീട്ടിലേക്ക്…..
‘അമ്മ വീട്’ന്‍റെ മുന്നില്‍ ഒരാള്‍ത്തിരക്ക്! കുറേക്കാലമായി ഞാനവിടെ പോകാറില്ല. മുമ്പ് അവിടത്തെ സ്ഥിരം സന്ദര്‍ശകയായിരുന്നു ഞാനെന്ന് ഈയിടെയായി ഞാന്‍ മറന്നുകൊണ്ടിരിക്കുകയാണ്.
‘വണ്ടിയൊന്ന് നിര്‍ത്ത്!’
ഇറങ്ങി മീറ്റര്‍ നോക്കി പണം നല്‍കി ഞാന്‍ ജനക്കൂട്ടത്തിലേക്ക് നടന്നു. വല്ല ആക്സിഡന്‍റുമാണോ? എന്തോ?!
‘ടീച്ചര്‍ക്കറിയുന്ന ആളാണോ?’
ആള്‍ക്കൂട്ടത്തില്‍ നിന്നൊരു ചോദ്യം!
അറിയില്ല…. അകത്ത് എന്താണ് പറ്റിയത്?’
‘ഒരു മരണം….. ആക്സിഡന്‍റാണ്. അകത്ത്നിന്ന് സ്വബോധമില്ലാത്ത ഒരമ്മ ഓടിയിറങ്ങി വന്നതാണ്. സ്പീഡില്‍ പോയിരുന്ന ഒരു കാറിന് മുന്നില്‍ എടുത്തുചാടി. സ്പോട്ടില്‍തന്നെ തീര്‍ന്നെന്ന് തോന്നുന്നു.’
‘ഭാഗ്യവതി!’ ഞാന്‍ മനസ്സിലോര്‍ത്തു. ‘പകുതിയരഞ്ഞ് കിടന്നില്ലല്ലോ…’
ആള്‍ക്കൂട്ടം വര്‍ദ്ധിച്ചു വന്നു. ആളെക്കാണാന്‍ നില്‍ക്കാതെ നേരെ നടന്നു. അടുത്ത ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോന്നു.
‘അമ്മ എവിടെ പോയിരുന്നു? ഞാന്‍ കോളേജില്‍ നിന്ന് വന്നപ്പോള്‍ കണ്ടില്ല!’
‘മെഡിക്കല്‍ ഷോപ്പില്‍ പോയതാ….. മെഡിസിന്‍ വാങ്ങാന്‍.’
ഒരു നല്ല നുണ പറഞ്ഞതിനാല്‍ ഇനി ചോദ്യങ്ങള്‍ ഉണ്ടാവില്ല. അടുക്കളയില്‍ കയറി ആദ്യം ഒരു ചായയിടാം. മോള്‍ക്കും കൊടുക്കാം.
വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം കഴിഞ്ഞിട്ടും ഒരമ്മയാവാത്തതിന്‍റെ പ്രയാസം മാറ്റാനാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹമുദിച്ചത്. ഭര്‍ത്താവിന് വലിയ താല്പര്യമില്ലായിരുന്നു. എന്നിട്ടും നിര്‍ബന്ധബുദ്ധിയായ എന്നെ ആശ്വസിപ്പിക്കാനാണ് മനസ്സില്ലാമനസ്സോടെ അദ്ദേഹം സമ്മതിച്ചത്. ആദ്യകാലത്ത് ആ തീരുമാനം നല്ലതായിരുന്നെന്ന് തോന്നി. വീട്ടില്‍ ഒരനക്കമൊക്കെ ഉണ്ടായെന്ന് പറയാം. കുഞ്ഞിനെ നോക്കാന്‍ കണ്ടെത്തിയത് ആരോരുമില്ലാത്ത ഒരുഅനാഥപ്പെണ്ണിനെയാണ്.അവള്‍ കുഞ്ഞിനെ നന്നായി നോക്കുന്നുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരിപ്പെണ്ണിനെ വീട്ടില്‍ താമസിപ്പിച്ചതിന് സഹജീവികളൊക്കെ എന്നെ ശാസിച്ചു. എന്‍റെ ഇത്തരം കോമാളിത്തരങ്ങളൊക്കെ ആര്‍ക്കും പിടിച്ചില്ല. എന്നും വ്യത്യസ്ഥമായി ചിന്തിക്കുന്ന ഒരു മനസ്സായിരുന്നു എന്‍റേത്. ആര്‍ക്കും പെട്ടെന്ന് പിടിച്ചെടുക്കാന്‍ കഴിയാത്ത തീരുമാനങ്ങള്‍ ഞാനെടുക്കുന്നത് ബന്ധുക്കളെയൊക്കെ വിസ്മയിപ്പിച്ചിരുന്നു.
മോന്‍റെ വളര്‍ച്ചയില്‍ കുടുംബം സജീവമായി. അവന് നാലു വയസ്സുള്ളപ്പോളാണ് വെള്ളിടി പോലെ ആ സംഭവം എന്നെ തളര്‍ത്തിയത്. വീട്ടില്‍ എല്ലായിടത്തും വ്യാപൃതയായി ഉത്തരവാദിത്വത്തോടെ ഓടിനടന്ന് ജോലിചെയ്യുന്ന പെണ്ണ് ഗര്‍ഭലക്ഷണങ്ങള്‍ കാണിക്കുന്നു. പിന്നെ നടന്ന പുകിലുകള്‍ പറയാനില്ലല്ലൊ. വിവരമറിഞ്ഞ് എന്‍റെ മാതാപിതാക്കള്‍ കലിതുള്ളി വന്നു. എന്‍റെ നിസ്സംഗാവസ്ഥ അവരെ ഭ്രാന്തുപിടിപ്പിച്ചു. ഭര്‍ത്താവിനെ ഞാന്‍ സംശയിച്ചില്ല. ചോദ്യം ചെയ്തപ്പോള്‍ അവളും അദ്ദേഹത്തെ പഴിച്ചില്ല. അവള്‍ പറഞ്ഞ പയ്യന്‍ നാടുവിട്ട് പോയിക്കഴിഞ്ഞിരുന്നു. ആരെന്തൊക്കെപ്പറഞ്ഞാലും അതിന്‍റെ അപമാനഭാരം പേറി ഭര്‍ത്താവെന്നെ വെറുപ്പോടെ നോക്കി.
ഗര്‍ഭം വളര്‍ന്ന് വരുന്നതിനനുസരിച്ച് വേലക്കാരി പെണ്‍കുട്ടി മാനസിക വിഭ്രമങ്ങള്‍ കാണിക്കാന്‍ തുടങ്ങി. പ്രസവത്തോടെ അവളൊരു മുഴുഭ്രാന്തിയായി. അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആസ്പത്രിയില്‍ ഉപേക്ഷിച്ച് എങ്ങോ പോയ്മറഞ്ഞു. അങ്ങിനെ രണ്ട് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം ഏറ്റ്, ബന്ധുമിത്രാദികളുടെയൊക്കെ പഴികേട്ട് കഴിഞ്ഞ കാലങ്ങള്‍ എത്ര കലുഷിതമാണെന്ന് പറയാന്‍ വാക്കുകളില്ല. എന്‍റെ അമ്മ പോലും തിരിഞ്ഞുനോക്കിയില്ല. എല്ലാം വിധിയെന്നാശ്വസിച്ചു. സ്വസ്ഥതയില്ലാത്ത വര്‍ഷങ്ങള്‍ കടന്നുപോയി. മകന്‍ വളരുംതോറും അച്ഛനുമായുള്ള ബന്ധം പിളര്‍ന്നുകൊണ്ടിരുന്നു. അവനെ ആസ്റ്റ്രേലിയയിലയച്ച് പഠിപ്പിക്കാനുള്ള പ്ലാനൊന്നും നടന്നില്ല. അവസാനം അവന്‍ സ്വന്തം ഇഷ്ടത്തിന് വീടുവിട്ടുപോയി. അതിന്‍റെ പേരില്‍ ഒന്നും രണ്ടും പറഞ്ഞ് അദ്ദേഹവും പ്രശ്നക്കാരനായി. അതൊന്നും അത്ര കാര്യമാക്കിയില്ല. പക്ഷെ ഒരു സുപ്രഭാതത്തില്‍ രാവിലെ എഴുന്നേറ്റപ്പോള്‍ അദ്ദേഹവും ഇല്ല. കാത്തിരുന്നത് വൃഥാവിലായി. പിന്നീടദ്ദേഹം മടങ്ങിവന്നില്ല.
ഞാനും മോളും മാത്രമായി. മോനുണ്ടായിരുന്ന കാലത്ത് മക്കള്‍ വലിയ അടുപ്പത്തിലായിരുന്നില്ല. രണ്ടുപേരും വഴക്കടിച്ചുകൊണ്ടേയിരുന്നു. വളരുമ്പോള്‍ ഒക്കെ ശരിയാകുമെന്ന് കരുതി. അതും ഉണ്ടായില്ല. അവസാനം അവനും പോയപ്പോള്‍ ഈ വലിയ വീട്ടില്‍ ഞാനും മോളും മാത്രം. പരസ്പരം ഉരിയാട്ടം പോലുമില്ലാതെ രണ്ട് മൗന ജീവികള്‍! മോള്‍ക്ക് തുണയായി ഒരു മൊബൈല്‍ ഫോണ്‍. അത് വാങ്ങിക്കിട്ടുന്നതുവരെ അവള്‍ വാശി പിടിച്ചു. കിട്ടിയപ്പോള്‍ പിന്നെ അവള്‍ മുഴുവന്‍ സമയവും അതിലായി. രാത്രി കാലങ്ങളില്‍ മുറിയടച്ചിട്ട് അവള്‍ ചാറ്റിങ്ങില്‍ മുങ്ങി. പുറത്തുനിന്ന് കാതോര്‍ത്ത് ഞാനും അസ്വസ്ഥയായി. ‘തെളിച്ച വഴിക്ക് പോയില്ലെങ്കില്‍ പോകുന്ന വഴിക്ക് തെളിയ്ക്കുക’ അതല്ലേ സാധിക്കൂ! വീട്ടിലും നാട്ടിലും ജോലിസ്ഥലത്തുമെല്ലാം ഞാനൊരു നിരുപദ്രവ ജീവിയായിരുന്നു. ഒന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന് എല്ലാവര്‍ക്കും പരാതിയുമായിരുന്നു.
ചെറിയ പ്രായത്തില്‍ കുട്ടികളെ വളര്‍ത്തുന്നതൊരു പെടാപാട് തന്നെയായിരുന്നു. മകനെ വളര്‍ത്തിയെടുക്കുന്ന മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത പെണ്‍കുട്ടിക്ക് പിണഞ്ഞ തെറ്റ് അവന്‍റെ ബാല്യത്തിലേറ്റ മുറിവ് തന്നെയാണ്. അന്നൊക്കെ വീടിനകത്ത് ഒരഗ്നിപര്‍വ്വതമാണ് പുകഞ്ഞത്. അവനും അതിന്‍റെ ഭാഗമായിത്തീര്‍ന്നതാണല്ലോ. അവന്‍ പലപ്പോഴും ദൂരെ മാറിയിരുന്ന് തനിയെ കളിച്ചിരുന്നു. പിന്നെപ്പിന്നെ മാറിയിരുന്ന് സ്വയം സംസാരിച്ചിരുന്നു. അതൊന്നും ഒരു വലിയ പ്രശ്നമായി മറ്റാരും തിരിച്ചറിഞ്ഞില്ല. ക്രമേണ അവനൊരു ഒറ്റയാനായി. ബാല്യകാല കുസൃതിത്തരങ്ങളൊന്നും അവന്‍ കാണിച്ചില്ലായിരുന്നു. ഇന്നും അവന്‍ അങ്ങനെതന്നെ. ഒരൊറ്റയാനായാണ് അവന്‍ ഇന്നും. അമ്മയുടെയോ അച്ഛന്‍റെയോ സഹോദരിയുടെയോ ഒരു പ്രശ്നവും അവനെ സ്പര്‍ശിക്കുന്നില്ലയെന്നത് ആ ബാല്യത്തിന്‍റെ ബാക്കിപത്രം തന്നെയാവാം.
എന്‍റെ മാതൃഹൃദയം തേങ്ങുന്നതാരും അറിയുന്നില്ല. ഏതോ സിനിമാനടിയെ അനുകരിച്ച് ജീവിക്കുന്ന മകള്‍ അതിനേക്കാള്‍ വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. സൗന്ദര്യം മാത്രമാണ് അവളുടെ ലക്ഷ്യം. അനുകരണം ഒരുതരം മനോരോഗമാണോ എന്നുപോലും ഞാന്‍ ഭയപ്പെടുന്നു. കൂട്ടത്തില്‍
മൊബൈലും ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗവും. പുതുതലമുറയുടെ മാറ്റങ്ങളായി എഴുതിത്തള്ളാന്‍ കഴിയാത്ത അത്ര തലവേദനയായി ഓരോ ദിവസവും അവള്‍ സൃഷ്ടിക്കുന്നത്. ഞാന്‍ തനിയെ എടു ത്തുവച്ച പ്രശ്നങ്ങളാണെന്ന് പറഞ്ഞ് എന്നെ എല്ലാവരും തള്ളിക്കളഞ്ഞിരിക്കുന്നു. അവളുടെ മാതാവ് കടന്നുപോയ തീഷ്ണപ്രശ്നങ്ങള്‍ ഒരു പക്ഷെ അന്ന് ഉദരത്തിനകത്ത് കഴിഞ്ഞ കുഞ്ഞിനെ തീര്‍ച്ചയായും ബാധിച്ചിരിക്കും. പക്ഷെ ആരും അതൊന്നുമല്ല കാണുന്നത്. മൊത്തം പ്രശ്നകലുഷിതമായ അന്തരീക്ഷത്തിന് കുറ്റക്കാരിയാവുന്നത് താന്‍ മാത്രം!
എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ നീങ്ങുമ്പോഴും തളരാതിരിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. മകനും ഭര്‍ത്താവും വീടുപേക്ഷിച്ച് പോയി. ഇനി അധികം വൈകാതെ മകളും അവളുടെ വഴിതേടി പോകാം. ഈ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയാനായിരിയ്ക്കാം വിധി! എന്തും വരട്ടെയെന്ന് ആശ്വസിക്കാം. തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം നന്മയ്ക്കായാണ് ചെയ്തതെന്ന പൂര്‍ണ്ണ ബോധ്യമുണ്ട്. അനുഭവിയ്ക്കാനും ഒരു യോഗം വേണ്ടെ?
രാവിലെ പത്രം തുറന്നപ്പോള്‍ തലേന്ന് മരിച്ച സ്ത്രീയുടെ പേരും പടവും കണ്ടു. എന്‍റെ പ്രിയപ്പെട്ട മകളുടെ പെറ്റമ്മയാണ് മരിച്ചതെന്ന അറിവ് എന്നെ ഒരല്പം തളര്‍ത്തിയെന്നതാണ് സത്യം. സ്വന്തം അമ്മയുടെ മരണവിവരം അറിയാതെ എന്‍റെ മകള്‍ സൗന്ദര്യവര്‍ദ്ധക സാമഗ്രികളുമായി അണിയറയില്‍ ഒരുക്കത്തിലാണ്. സ്വബോധമില്ലാത്ത അവളുടെ മരണം ഈ ലോകത്തില്‍ ഒരു നഷ്ടവുമുണ്ടാക്കുന്നില്ല. സ്വന്തം രക്തത്തില്‍ പിറന്ന മകള്‍ അമ്മയെപ്പറ്റി ഒന്നും അറിയുന്നുമില്ലല്ലോ.
ക്ഷേത്രദര്‍ശനം പതിവുള്ളതല്ല. എന്നാലും മലയാളക്കരയുടെ പുതുവര്‍ഷപ്പിറവിയായതിനാല്‍ രാവിലെതന്നെ എഴുന്നേറ്റു. കിടക്കുന്നതിന് മുമ്പ് ഒരുക്കിവച്ച വിഷുക്കണി കാണാന്‍ വിളിച്ചപ്പോള്‍ ഉറക്കച്ചടവോടെയാണ് മോള്‍ ഉണര്‍ന്നുവന്നത്. അവളുടെ മൊബൈല്‍ രാത്രി കൂടുതല്‍ പ്രവര്‍ത്തനനിരതമാണല്ലോ. കണികാണല്‍ എന്ന ചടങ്ങോടെ അവള്‍ വീണ്ടും കിടപ്പറയിലേക്ക് പോയി. എനിയ്ക്കിന്ന് പതിവില്‍ കൂടുതല്‍ ഉന്മേഷം തോന്നി. കുളിച്ചൊരുങ്ങി ക്ഷേത്രദര്‍ശനം നടത്തി മനസ്സിലല്പം ആശ്വാസം തേടി വീടിന്‍റെ പടിയ്ക്കലെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നു. ആകാംക്ഷയോടെ അകത്തേക്ക് കാലെടുത്തുവച്ച് ഞാന്‍ സ്തംഭിച്ച് നിന്നു. സുസ്മേരവദനയായി അച്ഛനും സഹോദരനും ചായ പകര്‍ന്നുനല്‍കുന്ന മകള്‍!! സ്വപ്നമാണോ കാണുന്നതെന്ന് ഒരു നിമിഷം സംശയിച്ചു. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പായസം പകര്‍ന്നുനല്‍കുമ്പോള്‍ എല്ലാവരുടെ മുഖത്തും നിറഞ്ഞ വിഷുക്കണി അവിടെ ഉത്സവത്തിമര്‍പ്പ് ഉളവാക്കി. അന്ന് ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. വര്‍ഷപ്പിറപ്പിന്‍റെ ആഹ്ലാദം അറിയിച്ചുകൊണ്ട് അയല്‍ വീടുകളില്‍ മാലപ്പടക്കങ്ങള്‍ ശബ്ദമുഖരിതമായിരുന്നു. മാലപ്പടക്കത്തിന്‍റെ വലിയ പായ്ക്കറ്റ് പൊട്ടിച്ച് അച്ഛനും മകനും മുറ്റത്ത് ചാടിയിറങ്ങി.
“മോളേ, തീപ്പെട്ടിയിങ്ങെടുത്തോ…..”
ഏതോ ദുര്‍നിമിത്തങ്ങളുടെ കരിംഭൂതക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് ശബ്ദഘോഷങ്ങള്‍ ഉയര്‍ത്തി ഒരു പുതുവര്‍ഷപ്പുലരി അവിടെ പൊട്ടിവിടരുന്നത് കണ്ട് ഞാന്‍ സ്തബ്ധയായി കണ്ണുനീരൊപ്പി.
“കണ്ണ് തുടയ്ക്കമ്മേ”
അച്ഛനും മക്കളും ഒന്നുച്ചുവന്നെന്നെ വാരിപ്പുണര്‍ന്ന് എടുത്ത് പൊക്കിയപ്പോള്‍ പിടയുന്ന എന്‍റെ മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *