ജൂലിയസ് സീസറുടെ മുമ്പില്‍ തിളങ്ങുന്ന ഒരു പേര്‍സ്യന്‍ പട്ടു തിരശ്ശീല തൂങ്ങിക്കിടന്നിരുന്നു. അതിനുള്ളില്‍ എന്തോ ചലിച്ചു കൊണ്ടിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തില്‍ ചുരുള്‍ നിവര്‍ന്ന പട്ടു തിരശ്ശീലയ്ക്കുള്ളില്‍ നിന്ന് ഒരു സ്വര്‍ഗ്ഗീയ സൗന്ദര്യം സീസറുടെ കാലടികളിലേക്ക് ഇഴഞ്ഞു വീണു. അവള്‍ പറഞ്ഞു ‘ക്ലിയോപാട്ര, ഈജിപ്തിലെ മഹാറാണി. എന്റെ സര്‍വ്വസ്വവും മഹാനായ അങ്ങയുടെ പാദങ്ങളില്‍ അടിയറ വയ്ക്കുന്നു.’ ക്ലിയോപാട്രയ്ക്ക് അന്ന് ഇരുപത്തിയൊന്ന് വയസ് കഷ്ടിച്ചു തികഞ്ഞിട്ടേയുള്ളൂ. സീസര്‍ക്കാകട്ടെ അമ്പത്തിരണ്ടും. അതൊരു തുടക്കമായിരുന്നു…ക്ലിയോപാട്ര ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ത്ത മറ്റൊരു വിജയത്തിന്റെ തുടക്കം.
മധ്യവയ്കനായ സീസര്‍ അവളുടെ ലാവണ്യഭംഗിയില്‍ ഒരഗ്‌നിശലഭംപോലെ പതിച്ചു. ആ നിമിഷം മുതല്‍ അദ്ദേഹം അവളുടെ അടിമയായി. അപ്രതീക്ഷിതമായി വീണുകിട്ടിയ സൗഭാഗ്യം ആവോളം മുതലാക്കാന്‍ സീസര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ക്ലിയോപാട്ര തിരിച്ചും. ഏകഛത്രാധിപനായ സീസര്‍ കരുത്തുള്ളവനാണെന്ന് ക്ലിയോപാട്രയ്ക്ക് തോന്നി. നഷ്ടപ്പെട്ടുപോയ പ്രതാപശൈര്യങ്ങളെ വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗം അവള്‍ സീസറില്‍ കണ്ടെത്തി.
ആരെയും വശീകരിക്കുന്ന സൗന്ദര്യം മാത്രമല്ല അതിബുദ്ധിയും തന്ത്രകുതന്ത്രങ്ങളും, ഭരണ നൈപുണ്യവും ഒത്തിണങ്ങിയ അപൂര്‍വ വ്യക്തിത്വം.. വര്‍ഷങ്ങള്‍ക്കിപ്പുറവും ക്ലിയോപാട്രയെ വ്യത്യസ്തയാക്കുന്നത് അതെല്ലാമാണ്..സീസറെയും മാര്‍ക് ആന്റണിയെയും പോലുള്ള പോരാളികളെ കീഴടക്കിയ സുന്ദരി. ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ തന്ത്രപരമായും പ്രചോദനാത്മകമായും എങ്ങനെ വിനിയോഗിക്കണമെന്ന് അവള്‍ക്ക് നന്നായിട്ടറിയാമായിരുന്നു. ക്ലിയോപാട്രയുടെ അന്യാദൃശ്യമായ ഈ ഗുണഗണങ്ങളാണ് ‘ഈജിപ്തിലെ ഏറ്റവും വിജയശ്രീലാളിതയായ ഭരണാധികാരി’യെന്ന് രേഖപ്പെടുത്താന്‍ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. അലക്‌സാണ്ടറുടെ മരണത്തിനുശേഷം ബി.സി. 31ല്‍ റോമിനോട് ചേരുന്നതിനിടയില്‍ ഈജിപ്ത് ഭരിച്ച മാസിഡോണിയന്‍ ഭരണവംശത്തിലെ അവസാനത്തെ ചക്രവര്‍ത്തിനി ആയിരുന്നു ക്ലിയോപാട്ര.
ക്ലിയോപാട്രയെക്കുറിച്ചുള്ള ചിത്രകഥകളും പൗരാണികകഥകളും നിരവധിയാണ്. തന്റെ കാലഘട്ടത്തിലെ രാജകുമാരന്മാരുടെയും ചെറുപ്പക്കാരുടെയും ഉറക്കം കെടുത്തിയിരുന്ന ക്ലിയോപാട്ര ഒരു വിശ്വമോഹിനി ആയിരുന്നു. അനുഗൃഹീതമായ ലാവണ്യം സ്വന്തം അഭീഷ്ടത്തിനൊത്ത് എങ്ങിനെ വിനിയോഗിക്കണമെന്ന് അവള്‍ക്കു നന്നായിട്ടറിയാമായിരുന്നു. ജീവിതസുഖങ്ങള്‍ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും കനകോടീരമായി തിളങ്ങി നിന്ന സര്‍പ്പസൗന്ദര്യം മരണം വരെ അവളെ വലയം ചെയ്തിരുന്നു. ജീവിതത്തെ, എല്ലാ വര്‍ണ്ണവൈവിധ്യങ്ങളോടും ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്ന ക്ലിയോപാട്ര ഒരു ചതുരംഗക്കളമായി കരുതി അതിവിദഗ്ദമായി കരുക്കള്‍ നീക്കി. ഭൂരിഭാഗം നീക്കങ്ങളിലും അവള്‍ വിജയിച്ചുവെന്നത് ചരിത്രസത്യമാണെങ്കിലും അപ്രതീക്ഷിതമായ ഘട്ടത്തില്‍ അടിയറവ് പറയേണ്ടി വന്നു.
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കമാന്റര്‍-ഇന്‍-ചീഫായിരുന്ന ടോളമിയുടെ കുടുംബത്തില്‍ ബി.സി. 69-ല്‍ ആയിരുന്നു ക്ലിയോപാട്രയുടെ ജനനം. ജനനം മുതല്‍ തന്നെ സുന്ദരിയായിരുന്ന ക്ലിയോപാട്രയുടെ അംഗലാവണ്യം വര്‍ണ്ണിക്കുമ്പോള്‍ ചിത്രകാരനായ പ്ലൂട്ടാര്‍ക്കിന്റെ തൂലികയില്‍ വീഞ്ഞിന്റെ ലഹരി നുരയുന്നതു കാണുക. സുന്ദരിയെന്നതിലുപരി ജീവന്‍ തുടിക്കുന്ന കവിള്‍ത്തടം, പരിമൃദുലമായ ചുണ്ടുകള്‍, ഔദ്ധത്യം വിളംബരം ചെയ്യുന്ന താടി, മദജലം കിനിഞ്ഞിളകിത്തുടിക്കുന്ന കണ്ണുകള്‍, വിശാലമായ നെറ്റി, ഉയര്‍ന്നുത്തേജിമായി നില്ക്കുന്ന മൂക്ക്, അനവധി ഇഴകള്‍ പാകിയ ഏതോ സംഗീത ഉപകരണത്തില്‍ നിന്നും പുറപ്പെടുന്നതുപോലെയുള്ള മാന്ത്രിക മധുസ്വരം’ ഇതിലധികം എന്തുവേണം?
ചക്രവര്‍ത്തിയായ ടോളമി പന്ത്രണ്ടാമന്റെ രണ്ടാമത്തെ മകളായ ക്ലിയോപാട്ര ജന്മം കൊണ്ടു മാസിഡോണിയക്കാരിയാണ്. ഈജിപ്ഷ്യന്‍ രക്തം തൊട്ടുതീണ്ടിയിട്ടുപോലുമില്ല. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന രാജകുടുംബത്തിന് സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും ഒരു താല്പര്യവുമില്ലായിരുന്നു. മറിച്ച് ഗ്രീക്കു സംസ്‌കാരത്തിന്റെ പിടിയിലാണമര്‍ന്നത്. പക്ഷേ എന്തോ ചില ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടെന്നവണ്ണം ക്ലിയോപാട്ര ഈജിപ്ഷ്യന്‍ ഉള്‍പ്പടെ നിരവധി ഭാഷകള്‍ വളരെവേഗം കാര്യക്ഷമതയോടെ വശപ്പെടുത്തി. ചില രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് സൂര്യദേവന്റെ പുത്രിയാണെന്ന് അവള്‍ സ്വയം കരുതിയിരുന്നു.
ബി.സി. 51-ല്‍ ടോളമി പന്ത്രണ്ടാമന്‍ മരിച്ചപ്പോള്‍ രാജാധികാരം ടോളമി പതിമൂന്നാമന്റെ കൈവശമെത്തി. ആചാരമനുസരിച്ച് ക്ലിയോപാട്രയ്ക്ക് സ്വസഹോദരന്റെ ഭാര്യയായി പട്ടമഹര്‍ഷിസ്ഥാനം അലങ്കരിക്കേണ്ടി വന്നു. കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ക്ലിയോപാട്രയും ഭര്‍ത്താവും നല്ല രസത്തിലല്ലാതായിമാറി. ക്ലിയോപാട്രയോട് അത്ര രസത്തിലല്ലാതിരുന്ന ചില ഉപജാപകവൃന്ദങ്ങള്‍ ടോളമിയെ ശരിക്കും എരികേറ്റുകയും അതിന്റെ ബാക്കിയെന്നൊണം ടോളമി പതിമൂന്നാമന്‍ ക്ലിയോപാട്രയെ ഒഴിവാക്കി ഈജിപ്തിന്റെ ഭരണം ഒറ്റയ്‌ക്കേറ്റെടുക്കുകയും ചെയ്തു. ഒരു അവസരം ഒത്തുവരുന്നതിനായി ക്ലിയോപാട്ര കാത്തിരുന്നു. ഈ സമയത്താണ് റോമില്‍ ജൂലിയസ് സീസര്‍ തന്റെ മകളായ ജൂലിയയുടെ ഭര്‍ത്താവ് പോമ്പിയുമായി അല്‍പ്പം രസക്കേടിലാകുന്നത്. അത് പിന്നീട് ഒരു ആഭ്യന്തരസംഘര്‍ഷമായി പരിണമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ഗ്രീസില്‍ നിന്നും ഒളിച്ചോടി അലക്‌സാണ്ട്രിയയില്‍ അഭയം തേടിയ പോമ്പിയെ ചക്രവര്‍ത്തിയുടെ പ്രീതി പിടിച്ചുപറ്റാമെന്ന ഉദ്ദേശ്യത്തോടെ ക്ലിയോപാട്രയുടെ ഭര്‍ത്താവായ ടോളമി പതിമൂന്നാമന്‍ പിടികൂടുകയും ശേഷം വധിച്ച് പോമ്പിയുടെ തലവെട്ടിയെടുത്ത് സീസറിനുമുന്നില്‍ കാഴ്ചവയ്ക്കുകയും ചെയ്തു.എന്നാല്‍ പോമ്പിയുമായി ശത്രുതയിലായിരുന്നെങ്കിലും തന്റെ മകളുടെ ഭര്‍ത്താവിനെ വധിച്ചതില്‍ സീസര്‍ അത്യന്തം കുപിതനായി. ഈ അവസരം ക്ലിയോപാട്ര ശരിക്കും വിനിയോഗിച്ചു. ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടു. ഭര്‍ത്താവിനെ ക്ലിയോപാട്ര വകവരുത്തിയെന്നാണ് കേള്‍വി. തുടര്‍ന്നു ടോളമി പതിനാലാമനെ സ്വീകരിച്ചു. ഒരു ഭാര്യയെന്ന നിലയില്‍, സ്വന്തം സഹോദരന്‍മാരായ ഭര്‍ത്താക്കന്മാരോട് പൂര്‍ണ്ണമായി സഹകരിക്കാന്‍ ക്ലിയോപാട്രയ്ക്കു കഴിഞ്ഞിരുന്നില്ലെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. മാത്രമല്ല പന്ത്രണ്ടാമത്തെ വയസില്‍ തന്നെ അവള്‍ക്കു കന്യകാത്വവും നഷ്ടപ്പെട്ടിരുന്നു.
സീസറിന്റെ സഹായത്തോടെ ഈജിപ്തിന്റെ സിംഹാസനത്തില്‍ അവരോഹിതയായ ക്ലിയോപാട്രയോടൊത്ത് കുറേക്കാലം സീസര്‍ കഴിച്ചുകൂട്ടി. ആ ബന്ധത്തില്‍ അവര്‍ക്ക് സീസേറിയന്‍(ലിറ്റില്‍ സീസര്‍)എന്ന പേരില്‍ ഒരു പുത്രന്‍ ജനിച്ചു. തന്റെ ഇളയ സഹോദരനായ ടോളമി പതിനാലാമനുമായി ആചാരപ്രകാരം ക്ലിയോപാട്ര വിവാഹിതരായി. ഈജിപ്തിന്റെ സഹഭരണാധികാരിയായി ടോളമി പതിനാലാമന്‍ അധികാരമേറ്റു. സീസറിനു തന്നില്‍ ജനിച്ച കുഞ്ഞിനെ റോമാസാമ്രാജ്യത്തിന്റെ അടുത്ത അവകാശിയാക്കണം എന്ന് ക്ലിയോപാട്ര ആഗ്രഹിച്ചു. ക്ലിയോപാട്രയോടുള്ള പ്രേമാധിക്യത്തിന്റെ പാരിതോഷികമായി റോമിലെ പ്രണയ ദേവതുടെ ആരാധനാലയത്തില്‍ ക്ലിയോപാട്രയുടെ പ്രതിമ സ്ഥാപിക്കാന്‍ സീസര്‍ ആജ്ഞാപിച്ചു. അങ്ങനെ ക്ലിയോപാട്രയ്ക്ക് സീസറുടെ കുടുംബഭരദേവതയായ വീനസിന്റെ സ്ഥാനം ലഭിച്ചു. ക്ലിയോപാട്രയില്‍ തനിക്കു പിറക്കുന്ന സന്താനം റോമാസാമ്രജ്യത്തില്‍ ചക്രവര്‍ത്തിപദം അലങ്കരിക്കുമെന്ന് സീസര്‍ പ്രതിജ്ഞ ചെയ്തു.
സീസറുടെ അപ്രതീക്ഷിതമായ വധത്തില്‍ ക്ലിയോപാട്രയുടെ ആകാശകൊട്ടാരങ്ങളെല്ലാം നിലംപൊത്തി. അധികം താമസിക്കാതെ സിസേറിയനും വധിക്കപ്പെട്ടു. തുടര്‍ന്ന് ക്ലിയോപാട്ര ഈജിപ്തിലേക്ക് മടങ്ങിപ്പോയി. റോമിലാകട്ടെ, ഇതിനിടയ്ക്ക് ഒരു പുതിയ ഭരണാധികാരി ഉദയം ചെയ്തു കഴിഞ്ഞിരുന്നു. മാര്‍ക്ക് ആന്റണി. പിന്നെ ഒട്ടും താമസിച്ചില്ല. മാര്‍ക്ക് ആന്റണിയെ വലയില്‍ വീഴ്ത്താന്‍ ക്ലിയോപാട്ര റോമിലേക്ക് പോയി.മാത്രമല്ല പൊതുവേദിയില്‍ തന്റെ പുത്രന്റെ പിതൃത്വം അംഗീകരിക്കാത്ത സീസറിനെക്കൊണ്ട് അത് അംഗീകരിപ്പിക്കണമെന്നും അവള്‍ ആഗ്രഹിച്ചു. തന്റെ പുത്രനെ സഹഭരണാധികാരിയാക്കുന്നതിനുവേണ്ടി ക്ലിയോപാട്ര ടോളമി പതിനാലാമനെ ആസൂത്രിതമായി വിഷം നല്‍കി കൊലപ്പെടുത്തി. ബി സി 44 ല്‍ പുത്രനൊപ്പം റോമിലേക്ക് ക്ലിയോപാട്ര യാത്രയായി. എന്നാല്‍ ഈ സമയം റോമിലെ സെനറ്റുമായി ഇടഞ്ഞ സീസറിനെ ഒരു കൊട്ടാരവിപ്ലവത്തിലൂടെ മാര്‍ക്കസ് ബ്രൂട്ടസ്സിന്റെ നേതൃത്വത്തിലുള്ളവര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് റോമിന്റെ ഭരണാധികാരിയായി മാറിയത് മാര്‍ക്ക് ആന്റണി ആയിരുന്നു. സീസറിന്റെ മരണശേഷം ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയെ മാര്‍ക്ക് ആന്റണി റോമിലേയ്ക്ക് ക്ഷണിച്ചു. മാറിയ സാഹചര്യങ്ങളില്‍ മാര്‍ക്ക് ആന്റണിയുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് ഗുണമാകുമെന്ന് മനസ്സിലാക്കിയ ആ തന്ത്രശാലിനി റോമിലെത്തുകയും തന്റെ മാദകസൌന്ദര്യത്താല്‍ മാര്‍ക്ക് ആന്റണിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു. റോമില്‍ നിന്നും ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയ്‌ക്കൊപ്പം മാര്‍ക്ക് ആന്റണിയുമുണ്ടായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു.
ഗ്രീക്കുചരിത്രകാരന്മാര്‍ ക്ലിയോപാട്രയ്ക്ക് നല്കിയിരുന്ന വിശേഷണം ‘ങലൃശീരവമില’ ലൈംഗികമായി ഭോഗിച്ച് വലിച്ചെറിഞ്ഞു നശിപ്പിച്ചവള്‍ എന്ന് ഏകദേശം അര്‍ത്ഥം. അതേ ശരിയായ അര്‍ത്ഥത്തില്‍ അവള്‍ പുരുഷന്മാരെ തിന്നു മുടിക്കുകയായിരുന്നു. ഒരൊറ്റനോട്ടം കൊണ്ട് ഏതൊരു പുരുഷനും തന്റെ അടിമയാക്കി അധഃപതിക്കുവാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. വശ്യസുന്ദരി എന്നത് നേര്. പക്ഷേ വഴിപിഴച്ചവളുമായിരുന്നു. ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന കാമകേളീ മഹോത്സവങ്ങള്‍ക്ക് അവള്‍ നേതൃത്വം നല്കി. മതിമറന്ന ലൈംഗികസുഖമദിരാപാനലഹരിയില്‍ സദാചാരം പാതളത്തിലേക്ക് കൂപ്പുകുത്തി. കാമമോഹിതര്‍ക്കു ഒരു ഹാളില്‍ ഒത്തുചേര്‍ന്ന് പരസ്യമായി വാത്സ്യായനമാടിത്തകര്‍ക്കാന്‍ ക്ലിയോപാട്ര പ്രോത്സാഹനം നല്കിയിരുന്നുപോലും. ദുര്‍ദാന്തമായ തന്റെ ലൈംഗികാദാഹച്ചുഴിയില്‍ വലിച്ചടുപ്പിച്ച് ചവച്ചു തുപ്പാതെ അന്തഃപുരത്തിലെ ഒരു കാര്യസ്ഥനേയും അവള്‍ വെറുതെവിട്ടിരുന്നില്ല.
ചരിത്രകാരന്മാരെല്ലാം സ്ഥിരീകരിക്കുന്ന ഒരു സംഗതിയുണ്ട്. ടാര്‍സസ് നഗരത്തിലേക്ക് ക്ലിയോപാട്ര പോയപ്പോള്‍ അവളുടെ നാവികവ്യൂഹം അമൂല്യരത്‌നങ്ങള്‍കൊണ്ട് മിന്നിത്തിളങ്ങി. യാനപാത്രത്തിന്റെ അമരത്തില്‍ ഗ്രീസിലെ പ്രണയദേവതയെപ്പോലെ പ്രഭാവതിയായി ക്ലിയോപാട്രയുമുണ്ടായിരുന്നു.
ആന്റണി ക്രൂരവും ആഭാസജഡലവുമായ സംഗതികളിലാണ് താല്പര്യം കാണിച്ചിരുന്നത്. ക്ലിയോപാട്രയാകട്ടെ അശ്ലീലപ്രവൃത്തികളില്‍ മതിയാവോളം നീന്തിത്തുടിക്കാനുള്ള ഒത്താശ ആന്റണിക്ക് ചെയതുകൊടുക്കുകയും ചെയ്തു. അവരിരുവരെയും ചുറ്റിപ്പറ്റി പുറത്തുപറയാന് കൊള്ളാത്ത ഒരുപാടു കൊള്ളരുതായ്മകള്‍ ഉണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
ഇതിനിടയ്ക്ക് ആന്റണിയും ശേഷക്കാരനും തമ്മിലുള്ള അധികാര വടംവലികള്‍ പരകോടിയിലെത്തി. പരിക്ഷീണിതനായ ആന്റണി ഈജിപ്തിലേക്ക് പോയി. തദവസരത്തില്‍ ക്ലിയോപാട്ര ആന്റണിയുടെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. തുടര്‍ന്ന് ആന്റണി ഭാര്യയായ ഒക്ടോവിയയെ ഉപേക്ഷിച്ചു. ആന്റണി ഉപേക്ഷിച്ച ഭാര്യ ഫുള്‍വിയ, ആഗസ്തസ് സീസറിന്റെ സഹോദരിയായിരുന്നു. കുപിതനായ ആഗസ്തസ് ആന്റണിയുടെ സാമ്രാജ്യത്തെ ആക്രമിച്ചു. ആക്ടിയം നഗരത്തിന്റെ പ്രാന്തത്തില്‍ വച്ചുണ്ടായ യുദ്ധത്തില്‍ ആഗസ്തസ് ആന്റണിയെ തോല്പിച്ചു. പക്ഷേ അതിനു മുമ്പുതന്നെ ക്ലിയോപാട്രയും കപ്പല്‍വ്യൂഹവും ഈജിപ്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചിരുന്നു. യുദ്ധത്തില്‍ തോറ്റ് അപമാനിതനായെങ്കിലും ആന്റണി ക്ലിയോപാട്രയുടെ പിറകേ പോകുകയാണുണ്ടായത്. തുടര്‍ന്നുള്ള സംഭവപരമ്പരകള്‍ ദുരൂഹമാണ്.
ആന്റണി പിറകെ പോയെങ്കിലും ക്ലിയോപാട്ര കാണാന്‍ കൂട്ടാക്കിയില്ല. പകരം തന്റെ ആത്മഹത്യവാര്‍ത്ത അനുചരന്മാര്‍ മുഖേന ആന്റണിയെ അറിയിച്ചു. ഈ കടുംകൈ ചെയ്തത് എന്തിനായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. ഇന്നും. പക്ഷേ യുദ്ധത്തില്‍ തോറ്റ് പരിക്ഷീണിതനായ ആന്റണിക്ക് കാമുകിയുടെ മരണവാര്‍ത്ത താങ്ങാന്‍ കഴിഞ്ഞില്ല. അയാള്‍ സ്വയം കരവാളെടുത്ത് ചങ്ക് പിളര്‍ന്നു. മരിക്കുന്നതിന് മുമ്പ് ക്ലിയോപാട്രയുടെ അടുത്തെത്തിക്കാനും പറഞ്ഞു. അതനുസരിച്ച് അര്‍ദ്ധമൃതപ്രാണനായ ആന്റണിയെ അനുചരന്മാര്‍ ക്ലിയോപാട്രയുടെ അന്തഃപുരത്തിലെത്തിച്ചു. അവളുടെ മടിയില്‍ തലവച്ചു കിടന്നുകൊണ്ട് തന്നെ വേദനയോടെ ആന്റണി അന്ത്യശ്വാസം വലിച്ചു.
പശ്ചാത്താപം ഗ്രസിച്ച ക്ലിയോപാട്രയും അല്പസമയത്തിനകം ആത്മഹത്യ ചെയ്തുവെന്നാണ് ചരിത്രകാരന്മാരില്‍ ഒരുപക്ഷത്തിന്റെ അഭിപ്രായം.ക്ലിയോപാട്രയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്. വേദനരഹിതമായ മരണം സ്വീകരിക്കുവാനായി ക്ലിയോപാട്ര പല മാര്‍ക്ഷങ്ങളും പരീക്ഷിച്ചു നോക്കിയിരുന്നതായി പലരും പറയുന്നു. തന്റെ അടിമകളായ ദാസിപ്പെണ്‍കുട്ടികളില്‍ പല തരത്തിലുള്ള വിഷം കുത്തിവച്ചും പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഒക്കെ കൊല്ലിപ്പിച്ച് അതില്‍ നിന്നും എറ്റവും വേദനാരഹിതമായ മാര്‍ക്ഷം സ്വീകരിച്ചിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മൂര്‍ഖന്‍ ഇനത്തില്‍ പെട്ട പാമ്പിനെക്കൊണ്ടാണ് സ്വയം കടിപ്പിച്ചതെന്നാണ് പ്ലൂട്ടാര്‍ക്ക് ഉല്‍പ്പെടെയുള്ള ചരിത്രകാരന്മാരുടെ പക്ഷം. ഷേക്‌സ്പിയര്‍ തന്റെ നാടകത്തില്‍ അണലിയെക്കൊണ്ട് കടിപ്പിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് വിവരിക്കുന്നത്.
മറുപക്ഷത്തിന്റെ വാദം ഇതാണ്: ആക്ടിയം യുദ്ധത്തില്‍ തോറ്റ ആന്റണി മനംനൊന്ത് ആത്മഹത്യ ചെയ്തു. വിജയോത്മത്തനായ അഗസ്തസ്സീസറിനെ വലയിലാക്കാനുള്ള ക്ലിയോപാട്രയുടെ തന്ത്രങ്ങളെല്ലാം പാളിപ്പോയി. ഒടുവില്‍ അഗസ്തസ്സീസറുടെ കിങ്കരന്മാര്‍ ക്ലിയോപാട്രയെ അറസ്റ്റു ചെയ്തു. പരിപൂര്‍ണ്ണ നഗ്‌നയാക്കി റോമിലെ തെരുവിലൂടെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ ബുദ്ധിമതിയായ ക്ലിയോപാട്രയെ പട്ടാളക്കാര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. ആഭരണപ്പെട്ടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സര്‍പ്പരാജനെ അവള്‍ മാറോടണച്ചു. ആയിരക്കണക്കിനു പുരുഷന്മാരുടെ പൗരുഷം മുഴുവന്‍ നുകര്‍ന്നിട്ടും കാമം പത്തി താഴ്ത്താന്‍ മടികാണിച്ച ക്ലിയോപാട്രയുടെ സുന്ദരകളേബരം ക്ഷണനേരംകൊണ്ട് വീണടിഞ്ഞു.
ക്ലിയോപാട്രയുടെ അന്ത്യരംഗത്തെക്കുറിച്ച് പ്ലൂട്ടാര്‍ക്ക് പറയുന്നു. ‘അവര്‍ പരമാവധിവേഗത്തില്‍ കൊട്ടാരത്തിലെത്തി. വിശേഷിച്ചൊന്നും സംഭവിക്കാത്തതുപോലെനില്ക്കുന്ന അംഗരക്ഷകന്‍മാരെക്കൊണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ കണ്ടത് സുവര്‍ണ്ണശയ്യയില്‍ സര്‍വ രാജകീയ വിഭൂഷകളുമണിഞ്ഞ് നിശ്ചലയായി കിടക്കുന്ന ക്ലിയോപാട്രയുടെ ശരീരമാണ്’ ഇതു ശരിയാണെങ്കില്‍ അഗസ്തസിനെ പ്രീണിപ്പിത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് മനസ്സിലാക്കിയ ക്ലിയോപാട്ര ആത്മഹത്യ ചെയ്യാന് പോകുന്ന വിവരം സന്ദേശവാഹകര്‍ മുഖാന്തരം അദ്ദേഹത്തെ അറിയിച്ചു. ആന്റണിയുടെ ശവകുടീരത്തിനൊപ്പം തന്നെ തന്റെ കുഴിമാടവും ഒരുക്കണമെന്നും ക്ലിയോപാട്ര ആ സന്ദേശത്തില്‍ പ്രത്യകം സൂചിപ്പിച്ചിരുന്നു. ജീവനോടെ ക്ലിയോപാട്രയെ പിടികൂടാന്‍ അഗസ്തസ് ശ്രമിച്ചിരിക്കാം. ഒരുപക്ഷെ സംഭവിച്ചതിങ്ങനെയാകാം.
(കടപ്പാട് – ശ്രേഷ്ഠ പബ്ലിക്കേഷന്‍സ്)
About The Author
No related posts.