സ്കൂട്ടർ വീട്ടു മുറ്റത്തേക്ക് ഓടിച്ചു കയറ്റുമ്പോൾ വീടിനുള്ളിൽ നിന്നും നിർത്താതെയുള്ള ലാൻഡ്ഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. ഹർത്താൽദിനമായതു കൊണ്ടാണ് അവൾ അല്പം നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയത്.ഉത്തരവാദിത്വമുള്ള വില്ലേജ് ഓഫിസറാണ് സുജിത.
“ലീവ് കിടന്നാൽ ഏട്ടൻ വരുമ്പോൾ എടുക്കാമല്ലോ”
കണ്ണ് വിടർത്തി അവളത് പറയുമ്പോൾ മനോഹരമായ മഴവില്ല് അവളുടെ കവിളിൽ പ്രതിഫലിക്കുന്നത് കാണാം. മുത്തങ്ങയിൽ ആദിവാസികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ്ഓഫീസർ കൊല്ലപ്പെട്ട ദിവസമാണിത് . കേരളത്തിൽ പൂർണ്ണ ഹർത്താൽ. സ്കൂട്ടറിന്റെ ബോക്സിൽ നിന്നും ചോറ് പാത്രവും കുടയും എടുത്തപ്പോഴേക്കും ജനാലയിൽ കൂടി നാല് വയസ്സുള്ള മകൻ കൈ നീട്ടി മാടിവിളിക്കുന്നു.
“അമ്മേ ഓടി വാ…. അച്ഛൻ വിളിക്കുന്നു ”
മേഘംമൂടിയ ആകാശത്തിൽ പെട്ടന്ന് ചന്ദ്രൻഉദിച്ചപോലെ, അവളുടെ മനസ്സിൽ നിറഞ്ഞ സന്തോഷം അകത്തേക്കുള്ള ഓട്ടത്തിനു വേഗത കൂട്ടി. അവളുടെ ഭർത്താവ് വിജയൻ കാശ്മീരിൽ കരസേനാ ഉദ്യോഗസ്ഥനാണ്. വിജയൻ രണ്ടാഴ്ചയായി ഫോൺ വിളിക്കുന്നില്ല. മൊബൈൽ ഫോൺ ആയിട്ടില്ലാത്ത കാലം. യൂണിറ്റിൽ ഏതെങ്കിലും ബൂത്തിൽ ക്യൂ നിന്ന് ഏറെ സമയം ചിലവഴിച്ചാണ് അവൻ വീട്ടിലേക്ക് വിളിക്കുന്നത്. ഈ പ്രയാസങ്ങൾ സുജിതക്ക് നന്നായറിയാം. എന്താണ് അവിടെ പ്രശ്നം.?? ഒന്നും അറിയുന്നില്ല. കാർഗിൽ യുദ്ധം നടക്കുകയാണ്.ഫോൺ ശബ്ദം കേട്ടാൽ ഉടൻ സുജിത മകനോട് പറയും
“മിണ്ടാതെ നിൽക്കൂ… ബഹളം ഉണ്ടാക്കരുത്.,അച്ഛൻ വിളിക്കുന്നു. ”
തന്റെ പ്രാണപ്രിയനോട് എത്ര ആഹ്ലാദത്തോടെയാണ് അവൾ വള്ളിപുള്ളി വിടാതെ വീട്ടു വിശേഷം പറയുന്നത് . മകന്റെ കുസൃതികൾ കേൾക്കുമ്പോൾ വിജയന്റെ മനസ്സിൽ ഉത്സവാഘോഷം.
“എനിക്ക് ഇപ്പോൾ അവിടെ എത്താൻ ആഗ്രഹം . ഇവിടെ ചെറിയ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്.നീ വിഷമിക്കരുത്. ഇപ്പോൾ ലീവ് കിട്ടില്ല. ഏപ്രിലിൽ ലീവ് അനുവദിക്കും.ഞാൻ വിഷുദിനത്തിൽ രാവിലെ 8ന്റെ ട്രെയിനിൽ എത്തും. എന്റെ പൊന്നിനും മോനുക്കുട്ടനും എല്ലാവർക്കും വിഷു കൈ നീട്ടം തരാം ”
പറഞ്ഞു നിർത്തുമ്പോൾ ഇരുവരുടെയും മനസ്സും ശരീരവും ഒരുപോലെ തുടിച്ചു നിന്നു.
വല്ലപ്പോഴും ഒന്ന് വിളിച്ചാൽ റേഞ്ച് ഇല്ലാതെ പാതി വഴിയിൽ സംസാരം മുറിഞ്ഞു പോകും.പിന്നീട് ആഴ്ചകളോളം വേഴാമ്പൽപോലെ കാത്തിരിക്കണം ഒരു വിളി കേൾക്കാൻ. വിവരങ്ങൾ അറിയാതെ അവൾ വിഷമിച്ചിരിക്കുകയാണ്. അകത്തേക്ക് ചെന്നപ്പോൾ കണ്ടത് റസീവർ കയ്യിൽ പിടിച്ച് ഹിന്ദി അറിയാതെ ചിരിച്ചു നിൽക്കുന്ന വിജയന്റെ അമ്മയെയാണ് .
“ഏതോ ഹിന്ദിക്കാരൻ തെറ്റി വിളിച്ചതായിരിക്കും.. നീ സംസാരിക്ക് . ”
അമ്മ റസീവർ അവളുടെ കയ്യിൽ കൊടുത്തിട്ട് ചെറുമകന്റെ അരികിലേക്ക് പോയി.
റസീവർ ചെവിയിലേക്ക് അടുക്കവേ വിജയന് അപകടത്തിൽ പരുക്ക് പറ്റി ഹോസ്പിറ്റൽ എന്ന വാചകം ഹിന്ദിയിൽ അവൾ കേട്ടു. വലിയ ഒരു പഞ്ഞിക്കെട്ട് കൊടും കാറ്റിൽ ആടിയാടി ആകാശത്തിലൂടെ വട്ടമിട്ടുപോകുന്നതായി അവൾക്ക് തോന്നി. റസീവർ കയ്യിൽ നിന്നും ഊർന്ന് താഴെ വീണു.കണ്ണിൽ ഇരുട്ട്.. കാലുകൾക്ക് ബലം കുറയുന്നു, അടുത്ത് കണ്ട കസേരയിൽ പിടിച്ചു.
“ഡും .. ട്ടോ ”
ഉഗ്രശബ്ദത്തിൽ അവൾ കസേരയുമായി താഴെ വീണു. സമയം സന്ധ്യയോടടുത്തു. ഹർത്താൽ ദിനമായിട്ടുകൂടി മുറ്റം നിറയെ ബന്ധുക്കൾ മിത്രങ്ങൾ, അയൽക്കാർ . പല പല ശബ്ദങ്ങൾ, തേങ്ങലുകൾ.
“മോളെ… എഴുനേൽക്കൂ… അവന് ഒന്നും പറ്റിയിട്ടില്ല.. ഇത്തിരി വെള്ളംകുടിക്കൂ ”
കണ്ണ് തുറന്ന സുജിത ഒന്നും മനസ്സിലാകാതെ ചുറ്റും പരതി നോക്കി. പെട്ടെന്ന് ഫോൺ ബെൽ വീണ്ടും മുഴങ്ങി. അവളെ ആരോ വലിയ ഒരു കുന്നിൽ മുകളിലൂടെ അടിച്ച് ഓടിക്കുന്നതായും ഇറ്റു ദാഹജലം കിട്ടാതെ തൊണ്ട വരണ്ടു പൊട്ടുന്നതായും അറിഞ്ഞു…… മയക്കത്തിൽ നിന്നും മയക്കത്തിലേക്ക് വഴുതി വീണു.
ഇടയ്ക്കെപ്പോഴോ ബോധം വീണ്ടുകിട്ടിയപ്പോൾ തന്റെ മകനെ തോളിലുറക്കി അച്ഛൻ അവളുടെ കട്ടിലിന്നരികിൽ ഇരിക്കുന്നതാണ് കണ്ടത് . സ്നേഹപൂർവ്വം അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു
“മോളേ…. എന്ത് വന്നാലും സഹിക്കണം… നീ ഈ പൊന്നു മോനെ നോക്ക്. ഇങ്ങനെ കിടന്നാൽ മതിയോ ”
ഫോൺ നിരന്തരം ശബ്ദിച്ചു കൊണ്ടേയിരുന്നു.ആളുകളുടെ പരക്കം പാച്ചിലിൽ വിജയൻ ജീവനോടെ ഉണ്ടോ എന്ന് പോലും അവൾ സംശയിച്ചു.വേലിയേറ്റമുള്ള സമുദ്രത്തിൽ അവൾ മുങ്ങിയും പൊങ്ങിയും തീരത്ത് എത്താൻ കഴിയാതെ അങ്ങനെ ഒഴുകി നടന്നു. മയങ്ങിക്കിടക്കുമ്പോഴും നേരിയ ചില ശബ്ദങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും അവളുടെ സഹോദരൻ കാശ്മീരിലേക്ക് പെട്ടന്ന് വിമാനമാർഗ്ഗം പോയതായും അവിടെ ഹോസ്പിറ്റലിൽ വിജയന്റെ ഓപ്പറേഷൻ നടക്കുന്നതായും സുജിത അറിഞ്ഞു.
അവൾക്ക് മുന്നിൽ സൂര്യൻ ഉദിക്കാൻ മടിക്കുന്നതായും എപ്പോഴും മഴമേഘം നിറയുന്നതായും അനുഭവപ്പെട്ടു.
കണ്ണീർ ദിനങ്ങൾ ഇഴഞ്ഞു നീങ്ങി.
ഇന്ന് സുജിത ഉധംപൂർ ഹോസ്പിറ്റലിൽ വിജയന്റെ അരികിൽ എത്തുന്ന ദിവസമാണ്. ട്രെയിൻ നല്ല വേഗത്തിൽ പായുന്നു. നേരം പരപരാ വെളുക്കുന്നതേയുള്ളൂ. ട്രെയിനിൽ ഉറങ്ങാതെ ഇരിക്കുന്ന സുജിതക്കു കാവലായി അച്ഛൻ ഉറങ്ങാതെ ക്ഷീണിതനായിരിക്കുന്നു.
“മോളെ….എഴുന്നേൽക്കൂ ഇന്ന് വിഷുദിനമാണ്. കുഞ്ഞിന് വിഷു കൈനീട്ടം കൊടുക്കാൻ പറ്റിയില്ലല്ലോ”
കൊച്ചു മകന് കൈനീട്ടം കൊടുക്കാൻ കഴിയാഞ്ഞ സങ്കടം അച്ഛനെ അലട്ടിയപ്പോൾ ഇന്നേ വരെ മകനെ പിരിഞ്ഞിരിക്കാത്ത അവൾ മകനെ കൂടെ കൂട്ടാതെ പോന്നതിന്റെ ദയനീയതയിൽ നൊമ്പരപ്പെട്ടു.
ഈ ട്രെയിൻയാത്ര ജമ്മുവരെ മാത്രമേ ഉളളൂ. പിന്നീട് പട്ടാളക്കാരുടെ വണ്ടിയിലാണ് കാശ്മീർ യാത്ര. അവരെ കൂട്ടി ക്കൊണ്ട്പോകാൻ കാത്തു നിന്ന ആയുധധാരികളായ രണ്ടു പട്ടാളക്കാർ ട്രെയിനിറങ്ങി വന്ന സുജിതയേയും അച്ഛനേയും സ്വീകരിച്ചു.
അവരുടെ വണ്ടിയിൽ കയറവേ ഉണങ്ങിയ പുല്ലിന്റെ വല്ലാത്ത ഒരു ഗന്ധം അവൾക്ക് അനുഭവപ്പെട്ടു. യാത്രയിൽ റോഡിന്റെ വലതു വശത്തെ അഗാധ ഗർത്തം കണ്ട അവൾ മുഖം ഇടത്തേക്ക് ചരിച്ചു.വിജയനെ കാണാൻ അടുക്കുന്തോറും ഓർമ്മകൾ ഹൃദയം പിളർത്തുന്നതായി അനുഭവപ്പെട്ടു.കണ്ണിൽ നിന്നും ഊർന്നു വീണ ജലധാര അവളുടെ റോസ് ചുരിദാറിന്റെ ഷാളിൽ വൃത്തിയില്ലാത്ത വലിയ ചിത്രങ്ങൾ വരച്ചു.
ഇടയ്ക്കു ഒരു വെടിയൊച്ച കേട്ട ഡ്രൈവർ തെല്ലു ഭയത്തോടെ വണ്ടിയുടെ വേഗത കൂട്ടി. പ്രഭാതഭക്ഷണത്തിനായ് ചെറിയ ഒരു ചായക്കടയിൽ വണ്ടി നിർത്തി . പക്കാവടയും സമൂസയും ഒക്കെ പ്രഭാതഭക്ഷണമാക്കിയ നാട്ടിൽ ആദ്യമായി എത്തിയതിന്റെ വിളർച്ച അവളുടെ മുഖത്ത് നിഴലിച്ചു. ഒന്നും കഴിക്കാൻ അവൾക്കു തോന്നിയില്ല. ചായമാത്രം കുടിച്ചിറങ്ങി.
വിജയന് അപകടം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം തികയുന്നു. അപകടത്തെ പറ്റി വ്യക്തമായി അവൾക്കൊന്നും അറിയില്ല.വെന്റിലേറ്റർ മാറ്റിയെങ്കിലും ക്രിറ്റിക്കൽ സ്റ്റേജാണിപ്പോഴും.
” വിജയന് വിളിക്കാൻ പറ്റില്ല. തൊണ്ടയിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞതുകൊണ്ടാണ് വിളിക്കാത്തത്”
ഇങ്ങനെ പലരും ആശ്വസിപ്പിച്ചു. നേരിട്ട് കാണാൻ കഴിയുന്നതിന്റെ ആശ്വാസപ്പൂക്കൾ അവളുടെ ഉള്ളിൽ മൊട്ടുവിടർത്തി.യാത്രാവണ്ടി വിശാലമായ ആശുപത്രിയിലേക്ക് എത്തപ്പെട്ടു.
ആശുപത്രിയുടെ ഓരോ ഭാഗവും വൃത്തിയിൽ തിളങ്ങുന്നുണ്ടായിരുന്നു.
“മാഡം.. ഡോക്ടർ വിളിക്കുന്നു ”
യൂണിഫോം ഇട്ട ഒരു ചെറു പ്പക്കാരൻ സുജിതയുടെ അടുത്ത് വന്ന് ശബ്ദംതാഴ്ത്തി പറഞ്ഞു. അവൻ മലയാളി ആണെന്നത് അവൾക്കു ആശ്വാസമായി.
വിറയ്ക്കുന്ന കാലടികളോടെ അവൾ ഡോക്ടർടെ റൂമിലെത്തി.
നല്ല ഉയരവും വെളുത്ത നിറവും കടുംചുവപ്പ് ചുണ്ടുമുള്ള ഡോക്ടർ തന്റെ
നീളമുള്ള മുടി നെറ്റിയിലേക്ക് അലക്ഷ്യമായി ഇട്ടിരുന്നു. സുജിതയെ കണ്ടതും ഡോക്ടർ എഴുന്നേറ്റു നിന്ന് കൈകൂപ്പി. മനസ്സ് പിടയുന്ന നേരത്തും വേറിട്ട ഈ ആചാരം അവളെ അത്ഭുതപ്പെടുത്തി.
തന്നെ ആദരിക്കുന്ന ഡോക്ടറോട് അവൾക്ക് ബഹുമാനമായി . ഡോക്ടറുടെ മുഖവുരയിൽ നിന്നും തനിക്ക് കൗൺസിലിങ് നൽകുകയാണെന്ന് സുജിതക്ക് മനസ്സിലായി.
കാട്ടിലൂടെ നിശബ്ദമൊഴുകിയ പാലരുവി തിക്കിത്തിരക്കി പല പല നദികളിലൂടെ ആർത്തലയ്ക്കുന്ന സമുദ്രത്തിൽ എത്തിപ്പെട്ടതായി അവൾ അറിഞ്ഞു. വിജയന്റെ ബുദ്ധി നഷ്ടപ്പെട്ടതും എഴുനേൽക്കാനും നടക്കാനും സംസാരിക്കാനും കഴിയില്ലയെന്നും ഡോക്ടർ പറയുന്നത് സുജിത യാതൊരു ഭാവഭേദവുമില്ലാതെ കേട്ടിരുന്നു.
നിർവികാരയായി കാണപ്പെട്ട സുജിതയെ ഡോക്ടർ മുഖം കുനിച്ച് ഇടം കണ്ണിട്ട് നോക്കി. അയാൾ എന്ത് ചെയ്യണമെന്നറിയാതെ മുന്നിൽ കാണപ്പെട്ട ലെറ്റർ പാടിൽ വെറുതെ എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്നു.
ഡോക്ടറുടെ മണിയടി ശബ്ദം കേട്ട് മലയാളി ചെറുപ്പക്കാരൻ അവിടേക്ക് കയറിവന്നു. അവരിരുവരും കൂടി സുജിതയെ ആശുപത്രിയുടെ ശീതീകരിച്ച ഇടനാഴിയിലൂടെ ഒരു വലിയ ഹാളിലേക്ക് കൂട്ടി കൊണ്ട്പോയി.കൃത്യമായ അകലത്തിൽ വെടിപ്പുള്ള കുറെ കിടക്കകൾ, പലതിൽ നിന്നും ആരൊക്കെയോ തല പൊന്തിച്ചു നോക്കി.
ഓരോരുത്തരെയും അവൾ മാറി മാറി നോക്കി, എല്ലാവർക്കും ഒരേ ഛായയോ?
അവൾ പരിഭ്രമിച്ചു ചുറ്റും നോക്കി.തല മൊട്ടയടിച്ച് ശോഷിച്ച ശരീരമുള്ള കുറെആളുകൾ. വെടിയേറ്റും സ്ഫോടനങ്ങളിൽ പരിക്കേറ്റും അംഗഭംഗം സംഭവിച്ച കുറേ പട്ടാളക്കാർ.അതിനിടയിൽ അവൾ വിജയനെ പരതി.ഒരു കട്ടിലിനടുത്തെത്തിയപ്പോൾ ഡോക്ടർ വിളിച്ചു …
” വിജയ് ” “വിജയ് “….
കട്ടിലിൽ നീണ്ടു നിവർന്നു അനങ്ങാൻ കഴിയാതെ അസ്തപ്രജ്ഞനായി ഇമയനക്കാതെ ഒരു നിശ്ചല രൂപം.
വിഷുകൈനീട്ടവുമായി എത്തേണ്ട വിജയൻ അവൾക്കു മുന്നിൽ വിഷുക്കണിയായി നീണ്ടു നിവർന്നു കിടന്നു.
ഷീജ ശെൽവം
About The Author
No related posts.