LIMA WORLD LIBRARY

ലിസ് വന്നു, പോയി; ഭൂരിപക്ഷം എംപിമാരുടെ പിന്തുണയില്ലാതെ തുടക്കം, ആദ്യ ചുവടിൽ പതനം

ബ്രിട്ടിഷ് രാഷ്ട്രീയം പൊതുവേ വിരസവും സംഭവരഹിതവുമായിരുന്നു. എന്നാൽ, സമീപകാലത്തായി നിന്നുതിരിയുന്ന നേരം കൊണ്ട് സർക്കാർ മാറിമറിയുന്ന രാഷ്ട്രീയ സംസ്കാരത്തിലേക്ക് ആ രാജ്യവും എത്തിച്ചേർന്നിരിക്കുന്നു. തല മാറട്ടെ എന്നു പറയുമ്പോഴേക്കും പ്രധാനമന്ത്രി മാറുന്ന രാജ്യമെന്ന വിശേഷണം യൂറോപ്പിൽ ഇറ്റലിക്കായിരുന്നു. ഇപ്പോൾ ബ്രിട്ടനും ഇറ്റാലിയൻ ശൈലി സ്വീകരിച്ച മട്ടാണ്.

ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിക്കസേരയിലിരുന്ന ആളായിട്ടാണ് ഇനി ലിസ് ട്രസിനെ ചരിത്രത്തിൽ രേഖപ്പെടുത്തുക. സമീപകാലത്ത് ഇത്രയും കഴിവുകെട്ടതും വിഭജിക്കപ്പെട്ടതുമായ ഒരു മന്ത്രിസഭ ബ്രിട്ടനിലുണ്ടായിട്ടില്ല. ഏറ്റവും കുത്തഴിഞ്ഞ ഭരണസംവിധാനം കൊണ്ടുനടന്നതിന്റെ ചീത്തപ്പേര് ഇത്രയുംകാലം ബോറിസ് ജോൺസനായിരുന്നു. അദ്ദേഹത്തെയും ലിസ് കടത്തിവെട്ടി.

അടുത്തയാഴ്ചയോടെ പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികൾ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടക്കും. വേഗത്തിൽ പുതിയ നേതാവിനെ കണ്ടെത്താനായി, ആഴ്ചകൾ നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയ മാറ്റാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നേതൃത്വ തിരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമാവില്ലെന്ന ബോധ്യത്തിലാണിത്.

ഇപ്പോൾ ബ്രിട്ടനിലെ ചർച്ചയും ഊഹങ്ങളും ലിസിനു പകരം വരുന്നത് ആര് എന്നതിനെപ്പറ്റിയാണ്. ഈ നിരയിൽ ഒന്നാമൻ മുൻ ധനമന്ത്രി ഋഷി സുനക് തന്നെ. ഹൗസ് ഓഫ് കോമൺസ് നേതാവ് പെനീ മോർ‍ഡന്റ്, പ്രതിരോധമന്ത്രി ബെൻ വാലസ്, രാജിവച്ച ആഭ്യന്തര മന്ത്രി സുവല്ല ബ്രോവർമാൻ തുടങ്ങിയ പേരുകളും ഉയരുന്നു. ഇത്തരം ഇടത്തരക്കാരായ നേതാക്കളുടെ കൂട്ടത്തിൽ എന്തുകൊണ്ടും ഭേദപ്പെട്ടത് സുനക് തന്നെയാണ്.

പാർട്ടിയിൽ 2 മാസത്തോളം നീണ്ട പ്രചാരണങ്ങൾക്കു ശേഷമാണു ലിസ് ട്രസ്, സുനകിനെ പിന്തള്ളി കഴിഞ്ഞ മാസാദ്യം അധികാരത്തിൽ വന്നത്. എന്നാൽ, അധികാരത്തിലെത്തിയതു മുതൽ ഒരിക്കലും കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിലായിരുന്നില്ല. തുടക്കം മുതൽ ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ അവർക്കു ലഭിച്ചില്ല. നേതൃതിരഞ്ഞെടുപ്പിൽ സുനകിനെ എംപിമാരിൽ കൂടുതൽ പേരും പിന്തുണച്ചെങ്കിലും കടുത്ത വലതുപക്ഷ വാദികളായ പാർട്ടി അംഗങ്ങളെല്ലാം അന്തിമ വോട്ടെടുപ്പിൽ ഇന്ത്യൻ വംശജനായ സുനകിനെ തള്ളി ട്രസിന് വോട്ടു ചെയ്യുകയായിരുന്നു. സാധാരണ പ്രവർത്തകർക്കു സുനകിന്റെ സാമ്പത്തിക നയങ്ങളോടു മമത ഉണ്ടായതുമില്ല.

സ്വാഭാവികമായും ലിസിന്റെ തുടക്കം തന്നെ ഭൂരിപക്ഷം എംപിമാരുടെ പിന്തുണയില്ലെന്ന കുറവോടെയായിരുന്നു. അതിനാൽ വിമതർ ലിസ് പുറത്താകുന്നതു കാത്തിരുന്നു. ഒരു പക്ഷേ, അതിനായി സംഘം ചേർന്നു. വിമത എംപിമാരുടെ പിന്തുണ നേടിയെടുക്കാൻ ശ്രമിക്കുന്നതു പകരം സുനക് പക്ഷക്കാരെ മുഴുവനായും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയാണു ലിസ് ചെയ്തത്.

പരിഷ്കരിച്ച നികുതി നയങ്ങൾ ബ്രിട്ടനെ രക്ഷപ്പെടുത്തുമെന്ന അമിതവിശ്വാസമാണ് ലിസിനെ കുഴപ്പത്തിലാക്കിയത്. ആ പരിഷ്കാരം വിപണിയെ ഉലച്ചു. സാമ്പത്തിക മേഖലയെ നിലംപരിശാക്കി. ധനമന്ത്രിയെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നീക്കമൊന്നും വിജയം കണ്ടില്ല. ഒരാഴ്ചയോളം കഷ്ടപ്പെട്ട് പിടിച്ചുനിന്നശേഷം അവർ പടിയിറങ്ങുമ്പോൾ പ്രതിപക്ഷമായ ലേബർ പാർട്ടി പൊതുതിരഞ്ഞെടുപ്പു വേണമെന്ന ആവശ്യം ഉയർത്തുകയും ചെയ്തു. നാളെ പൊതുതിരഞ്ഞെടുപ്പു നടന്നാൽ ലേബർ പാർട്ടി പാട്ടുംപാടി ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അത്രത്തോളം അപ്രിയം നിലവിലെ സർക്കാർ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിക്കഴിഞ്ഞു.

(യുകെയിലെ മുതിർന്ന മാധ്യമപ്രവർത്തകനാണു ലേഖകൻ)

Content Highlight: Liz Truss

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px