LIMA WORLD LIBRARY

ഒറ്റയടിക്കു 5.4 ടണ്ണിന്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും, കൗണ്ട്ഡൗൺ 23ന് പുലർച്ചെ 12.07 മുതൽ

ഒറ്റയടിക്കു 5.4 ടണ്ണിന്റെ 36 ഉപഗ്രഹങ്ങൾ വഹിച്ച് ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എൽവി മാർക്ക് IIIന്റെ ചരിത്രപരമായ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ശനിയാഴ്ച പുലർച്ചെ 12.07 ന് ആരംഭിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

റോക്കറ്റിന്റെ ലിഫ്റ്റ് ഓഫിനുള്ള കൗണ്ട്ഡൗൺ വിക്ഷേപണത്തിന് 24 മണിക്കൂർ മുമ്പ് ആരംഭിക്കുമെന്നും ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. കൗണ്ട്ഡൗൺ സമയത്ത് റോക്കറ്റ്, ഉപഗ്രഹ സംവിധാനങ്ങൾ പരിശോധിക്കും. റോക്കറ്റിനുള്ള ഇന്ധനവും നിറയ്ക്കും. ഇസ്രോയെ സംബന്ധിച്ചിടത്തോളം ഈ ദൗത്യം ചരിത്രപരമാണ്. കാരണം ചരിത്രത്തിലാദ്യമായാണ് ജിഎസ്എൽവി റോക്കറ്റ് വാണിജ്യ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.

ജിഎസ്എല്ഡവി മാർക്ക് III മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ്, ആദ്യ ഘട്ടം ഖര ഇന്ധനം, രണ്ടാമത്തേത് ദ്രാവക ഇന്ധനം, മൂന്നാമത്തേത് ക്രയോജനിക് എൻജിൻ എന്നിവയാണ്. ഹെവി ലിഫ്റ്റ് റോക്കറ്റിന് 10 ടൺ എൽഇഒയിലേക്കും നാല് ടൺ ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കും (ജിടിഒ) വഹിക്കാനുള്ള ശേഷിയുണ്ട്.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്‍റ‍ര്‍നെറ്റ് സേവനം ലഭ്യമാകുന്ന വമ്പന്‍ പദ്ധതിയിലാണ് ഇസ്രോ കൂടി ഭാഗമാകുന്നത്. 36 ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂര്‍ത്തിയാകുമെന്നു വണ്‍വെബ് അറിയിച്ചു. ഭാരതി എയർടെൽ പിന്തുണയുള്ള കമ്പനിയാണ് വൺവെബ്. ഉപഗ്രഹങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്നു പ്രത്യേക ചരക്കുവിമാനങ്ങളിലാണ് ചെന്നൈയിൽ എത്തിച്ചത്. ഇവിടെ നിന്നു റോഡു മാര്‍ഗമാണ് ശ്രീഹരിക്കോട്ടയിലേക്ക് എത്തിച്ചത്.

ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യാ ലിമിറ്റഡാണു വിക്ഷേപണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഇതുവരെ പിഎസ്എല്‍വി. റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള വാണിജ്യ വിക്ഷേപങ്ങള്‍ മാത്രമേ ഇസ്രോ നടത്തിയിരുന്നൊള്ളു. 10 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന, ബാഹുബലി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജിഎസ്എല്‍വി കൂടി ഉപയോഗപ്പെടുത്തിയതോടെ ഇസ്രോയുടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതല്‍ കരുത്തുലഭിക്കും.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് സാറ്റ്‌കോം കമ്പനി ഉപഗ്രഹ വിക്ഷേപണത്തിനായി റഷ്യൻ ബഹിരാകാശ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഇസ്രോയുടെ സേവനം ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു. റഷ്യ-.യുക്രെയ്ൻ സംഘർഷത്തിൽ പ്രതിഷേധിച്ച് കസാക്കിസ്ഥാനിലെ റഷ്യയുടെ ബൈക്ക്നൂർ കോസ്‌മോഡ്രോമിൽ നിന്നുള്ള എല്ലാ വിക്ഷേപണങ്ങളും കമ്പനി താൽക്കാലികമായി നിർത്തിവച്ചിരുന്നു.

2022 ഫെബ്രുവരി വരെ 428 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച വൺവെബ് വൈകാതെ തന്നെ ഇന്ത്യയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കിയേക്കും. അലാസ്ക, കാനഡ, യുകെ, ആർട്ടിക് മേഖല എന്നിവിടങ്ങളിൽ കമ്പനിയുടെ സേവനങ്ങൾ ഇതിനകം തന്നെ ലഭ്യമാണ്. 36 ഉപഗ്രഹങ്ങളുടെ മറ്റൊരു കൂട്ടം 2023 ജനുവരിയിൽ ഭ്രമണപഥത്തിൽ എത്തിക്കാനും വൺവെബ് പദ്ധതിയിട്ടിട്ടുണ്ട്.

English Summary: Countdown for ISRO’s historic GSLV MkIII rocket mission with 36 OneWeb satellites begins on Saturday

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px