LIMA WORLD LIBRARY

സ്വർഗ്ഗം വരികയാണ് ! – യുദ്ധ വിരുദ്ധ കവിത – ജയൻ വർഗീസ്.

തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ –

യരുമയാം ചുണ്ടിലച്ചോദ്യം :

എവിടെ മനീഷികൾ കാണുവാനിച്ഛിച്ച

മനുഷ്യന്റെ മഹനീയ ലോകം?

മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ്

വഴിനീളെ തൂക്കി വിൽക്കുമ്പോൾ,

ഇടനെഞ്ച്‌ പിളരുന്ന വേദന ശാപമായ്

ഉറയുന്നു , പിടയുന്നു  ലോകം !

എവിടെ മത- രാഷ്ട്ര  തിരിവുകൾക്കപ്പുറ –

ത്തതിരുകളില്ലാത്ത ലോകം ?

എവിടെ കരൾ പിളർന്നപരനെ   കരുതുന്ന

ചുടു ചോര ‘ മീവലിൻ ‘ ലോകം ?

അകലെയൊളിച്ചിരുന്നാരോ തൊടുക്കുന്ന –

യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ ,

മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ

ചുടുചോരയിൽ ഇനി വേണ്ടാ.

ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ്

‘ ഒരു ലോകം മുഴുവനും ? ‘  വേണ്ടാ,

ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ തുടി താള –

പ്പെരുമയി ലുണരട്ടെ വീണ്ടും !

വരികയായ്, വരികയായ് . ഒരു നല്ല നാളെ തൻ

രഥ ചക്ര ‘ രവ ‘ കരകങ്ങൾ !

മനുഷ്യനും, മനുഷ്യനും കൈകോർത്തു നിൽക്കുന്ന

മഹനീയ മലർവാടകങ്ങൾ

അപരന്റെ വേദനക്കൊരു നുള്ളു സാന്ത്വന –

മുഴിയുന്ന മനസ്സുമായ് നിൽക്കെ,

മനുഷ്യനും, ദൈവവും ഒരുമിച്ചീ  യുഗസന്ധി

പണിയുന്നീ പാഴ്മണ്ണിൽ സ്വർഗ്ഗം.!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px