LIMA WORLD LIBRARY

കവിത *”മറുമൊഴി”* ✍️ കാലം കുറുകു(ക്കു)ന്നു…

അധികാരത്തിൻ
ആദ്യപടിയിലെ
വീഴ്ച്ചയെക്കാൾ ഭീകരം
മുകളിലത്തെ
പടിയിൽനിന്നുള്ള
വീഴ്ച്ച തന്നെ!

ആദ്യപടി കയറണ,
മാദ്യം…പിന്നെ
അനുഭവങ്ങൾ
താണ്ടി മുകളിലെത്തണം…

പിന്നെയും…
പിന്നിൽ വരുന്നവരെ
ചവിട്ടിത്താഴ്ത്തുമ്പോൾ
ഓർക്കണം…
വിനയം മറന്നാൽ
വിനയെന്ന് കാലം!

വീഴേണ്ടവർ വീഴണം…
അവരെ വീഴ്‌ത്തേണ്ടവർ,
വാഴ്ത്തുപാട്ടി,ന്നീണം
കൊടുക്കുന്നവരാകരുത്!

അന്ധർ അന്ധരെ,
മൂകർ മൂകരെ,
ബധിരർ ബധിരരെ
നയിക്കും കാലമെന്ന്
ചരിത്രത്തിൻ
കാവൽക്കാർ…

ഒറ്റക്കണ്ണന്മാർ
ചുറ്റുമുണ്ടെന്ന്
തുറുകണ്ണന്മാർ!

രണ്ടു കണ്ണുകളുള്ളവർക്ക്
കാണാൻ കഴിയാത്തത്,
മൂന്നാംലോകത്തിൻ
മൂന്നാം കണ്ണുള്ളവർ
കാണുന്ന കാലം!

അത് മാത്രം
സമരചരിത്രത്തിൻ
അവകാശ വാദം!

സമരം ചെയ്യാത്തവർ,
മാനവധർമ്മം മറന്നവർ,
ധർമ്മപുരി,യടക്കിഭരിക്കും,
കലികാല വൈഭവം!

ആറാ,മിന്ദ്രിയം
എങ്ങനെ
ഉണരാതിരിക്കും?

ആർ
ആരെ രക്ഷിക്കും…?

അല്ലെങ്കിലും
രക്ഷകനെ
കാത്തിരിക്കലാണോ
കാലഘട്ടത്തിൻ
യൗവ്വനത്തിൻ ജോലി?

കണ്ടറിഞ്ഞില്ലെങ്കിൽ…
പിന്നെ പലരും
കൊണ്ടറിഞ്ഞില്ലെങ്കിൽ…
പിന്നെ സ്വയം പിണ്ഡമായി
മാറിയിട്ടെന്തു കാര്യം?…

വിലകയറ്റ
വിവരാവകാശ രേഖ
പ്രകാശനം ചെയ്യുന്ന
വി.വി.ഐ.പിയ്ക്ക്,
സാധാരണതയിൽ
വിട്ട മൗനമുണ്ടോ?…
എങ്കിൽ സൂക്ഷിക്കണം!-

എന്നും പറയേണ്ടി വരുന്നത്,
എന്തൊരു ഗതികേടപ്പാ…
കൊച്ചനെ…വലിയവനെ…
വിലയില്ലാത്തവരേ
കൂട്ടുകാരാ…നാട്ടുകാരെ!…

കൂട്ടംത്തെറ്റി മേയുന്നവർ
കലാപകാരികൾ!
കാലത്തിൽ കണ്ണുള്ളവർ!

അവർ വിളിച്ചു പറയും:

“അതാ…
കൊലയാളികളെ
കാണുമ്പോൾ,
‘റാൻ’ മൂളുന്നവർ,
മാതൃരാജ്യത്തിൻ
ചരിത്രത്തിൻ
അണ്ഡം വിറ്റവർ…
മറുകണ്ടം ചാടി
രക്ഷപ്പെട്ടവർ,
തിരിഞ്ഞു നോക്കി,
പിറന്ന നാടിനെ
വഞ്ചിക്കുമ്പോൾ,
തഞ്ചംനോക്കി
മർമ്മത്തു കുത്തുന്നവർ
പെരുകുമ്പോൾ…

സ്വാർത്ഥത
വെടി,ഞ്ഞരികെ,
യണഞ്ഞ നിൻ
ചുടുനിശ്വാസങ്ങൾ,
നക്ഷത്രങ്ങളിലേയ്ക്ക് സ്വപ്നതീർത്ഥയാത്ര
നടത്തുമ്പോൾ,
പ്രിയ മാർക്സ്,
ചെഗുവേര,
അകലെയുള്ള
അപരിചിതർ
രക്തബന്ധം
ഏറ്റെടുക്കും കാലമെന്ന്…
രാക്കിളികൾ
പാടിത്തളരുമ്പോൾ…

അവിടെ പിടയ്ക്കുന്നു…
ചെറുമീനുകൾപോലെ,
മാനവചരിത്ര അന്തർധാരകൾ!

അവിടെ പിറക്കുന്നു…
പുതു മാനവചരിത്ര
സ്പന്ദനങ്ങൾ!

അതിൽ ഞാനുണ്ടോ…
നീയുണ്ടോ എന്നതല്ല കാര്യം!

നമ്മളുണ്ടോ?-
എന്നത് മാത്രമാകട്ടെ
കൈകാര്യം ചെയ്യേണ്ടും
മഹത്തായ വിഷയം!”

വിഷം മാത്രം
വിഷയമാക്കുന്നവരെ
എന്ന് തിരിച്ചറിയണം?

‘ഇന്നല്ലെങ്കിൽ നാളെ!’-

അത് മരണത്തിൻ
മൊഴിയെങ്കിൽ…
‘ഇന്ന്’ എന്നതാകട്ടെ
പുതുജീവിതത്തിൻ
മറുമൊഴി!

പേറ്റന്റ് നഷ്ടപ്പെട്ട
ഞണ്ടും കൊഞ്ചും
ചെമ്മീനും പ്രതികരിക്കില്ല!

എല്ലാം നഷ്ടപ്പെട്ട
കവികളെങ്കിലും
പ്രതികരിച്ചില്ലെങ്കിൽ…?

ലോകഅനീതിക്കെതിരെ
ആരു,മെതിർപ്പിൻ
മറുമൊഴി
പറയാനില്ലെന്നോ!

ഹോ…ഹോ…ഹോ!
💖✍️💖
ചാക്കോ ഡി അന്തിക്കാട്
*2022 സെപ്റ്റംബർ 22*
(കാവ്യശിഖ-ടീം മുല്ലനേഴി)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px