നല്ലൊരു ദിവസമായ ഇന്ന് ഒരു കഥയാകാം.
മയക്കുമരുന്നു ജയന്തി.
“ഒക്ടോബർ 2 ന് ഏതു ജയന്തിയാണെങ്കിലും ഏതു ലഹരി വിരുദ്ധ പ്രചരണമാണെങ്കിലും ഞങ്ങളെ കിട്ടില്ല. അതങ്ങ് പള്ളീൽ ചെന്നു പറഞ്ഞാ മതി”
“ഏതു പള്ളി?”
“രാഷ്ട്രീയക്കാരുടെ പള്ളിയേതാ ആ സെക്രട്ടേറിയറ്റ് പള്ളി.”
“കണ്ടോ കണ്ടോ ആ ശൈലി! അഹന്തയുടെ ശൈലി”
“അതെ ഞായറാഴ്ച എന്നൊന്നുണ്ടെങ്കിൽ പള്ളിയിൽ ചെന്ന് സ്വർഗ്ഗ രാജ്യത്തേക്കുള്ള ടിക്കറ്റ് ഉറപ്പു വരുത്തുമ്പോൾ ഏത് ഗാന്ധി?
ഏത് ലഹരി?”
“അപ്പോൾ സ്കൂൾ സമയം?”
“ഇനി മേലിൽ രാവിലെ എട്ടുമണിക്ക് സ്കൂൾ തുറക്കുമെന്നോ? അതങ്ങ് മനസ്സിൽ വച്ചേക്കിൻ! സ്ക്കൂളെന്തിന്! മതപഠനം താറുമാറാവില്ലേ? വഴി തെറ്റിപ്പോയാൽ പടച്ചോൻ പൊറുക്കുമോ?”
“നിങ്ങളെന്തു പറയുന്നു?”
“പിന്നെ എല്ലാം ഞങ്ങൾ സഹിക്കണമെന്നോ! മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഞങ്ങളോടോ കളി.”
“ഒന്നു മനസ്സുവച്ചാൽ നടക്കും”
“അതെങ്ങനെ നടക്കാൻ”
“തിങ്കളാഴ്ച ?”
“ശിവന് കൂവളത്തില നിവേദിക്കേണ്ടേ?”
“ചൊവ്വാഴ്ചയോ ? “
“ദേവിയുടെ ദിവസമാ, രക്തപുഷ്പാഞ്ജലി!”
“ബുധനാഴ്ച?”
“ശ്രീകൃഷ്ണന്റെ ദിവസം!”
“വ്യാഴാഴ്ച പറ്റുമായിരിക്കും?”
“മഹാ വിഷ്ണുവിനുള്ള ദിവസമാ”
“വെള്ളിയാഴ്ചയോ?”
“മുരുകന്”
“ശനിയാഴ്ച?”
“ഹേയ്! ശാസ്താവിന് നീരാഞ്ജനം”
“പിന്നെപ്പോൾ നടത്തും?”
”ആ ദിവസങ്ങളിലേതെങ്കിലും സമയം കിട്ടുമോ?”
“നോക്കാം”
“ശനിയാഴ്ച രാവിലെ 9 മുതൽ 10.30 വരെ?”
“പറ്റില്ല രാഹുകാലം”.
“എന്നാൽ ചൊവ്വാഴ്ച 3 മണിക്കാവാം”
” ഹേയ് 4.30 വരെയാ അന്ന് രാഹുകാലം!”
“എന്നാൽ ബുധനാഴ്ച ഉച്ചക്കാക്കാം. 12. മുതൽ 1.30 വരെ”
“അതെങ്ങനെ? രാഹുകാലമല്ലേ?”
“വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കായാലോ.?”
“കൊള്ളാം 3 മണി വരെയാ അന്ന് രാഹുകാലം “
“വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാക്കാം. ഉച്ചക്കു വേണ്ട”.
“പാടില്ല. 12 വരെ ചീത്തയാ”
“ശനിയഴ്ച വൈകുന്നേരമോ?”
“കൊള്ളാം.നാലര മുതൽ ആറു വരെയാ രാഹുകാലം”
“ഇനി ഗുളികനിൽ പിടിച്ചു നിന്നാലോ?”
“ഗുളിക പോലുരുളും. അതു വേണോ?”
“അപ്പോൾ മയക്കുമരുന്നിനെതിരെ ഒരു ദിവസം പോലും നമുക്ക് എടുക്കാനില്ലന്നോ?”
“മതം ഒരു മയക്കുമരുന്നാണെന്ന് പറഞ്ഞത് ആരാ?”
“വേണ്ട. വേണ്ട. അതൊന്നും ഇപ്പോൾ എടുക്കണ്ട. തെരഞ്ഞെടുപ്പ് അടുത്തു”
“അപ്പോൾ ഗാന്ധി ജയന്തി?”
“ഗോഡ്സേ ജയന്തി കൂടി വരട്ടെ.”