പാറവക്കീലാകുന്ന മലയാളം – എം രാജീവ് കുമാർ

Facebook
Twitter
WhatsApp
Email

കേന്ദ്രത്തിൽ പത്മ അവാർഡുകൾക്കു തുല്യമായി കേരളത്തിലും നവരത്‌നങ്ങൾക്ക് അവാർഡു കൊടുക്കുന്ന പദ്ധതി ഇന്നലെ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ ശീർഷകമിട്ട് വിവിധമേഖലയിലുള്ളവർക്കാണീ അവാർഡ്. ഇനി കേന്ദ്രത്തിലേക്ക് പത്മപുരസ്‌കാരങ്ങൾക്ക് അയച്ചിട്ടു കിട്ടിയില്ല എന്ന പേരുദോഷം വേണ്ട. ഇനി അതല്ല ഇതിലും കിട്ടാത്തവർക്ക് ജില്ലാതലത്തിൽ തുടങ്ങിയേക്കും. ജില്ലാ ജ്യോതി, ജില്ലപ്രഭ, ജില്ലശ്രീ. ഇനി അതിലും പേരു വരാത്തവർക്ക് ബ്ലോക്ക് തലത്തിലും പഞ്ചായത്തു തലത്തിലും പഞ്ചായത്തു പ്രഭ, പഞ്ചായത്ത് ജ്യോതി, പഞ്ചായത്ത് ശ്രീ എന്നിങ്ങനെ അവാർഡുകൾ മാറ്റിവയ്ക്കാം. എന്തായാലും ഒരു കാര്യം ഉറപ്പായി. അവാർഡുകൾക്ക് ഇനി കേരളത്തിൽ ഒരു പഞ്ഞവുമില്ല. കേരളപ്പിറവി ദിനത്തിൽ തന്നെ വന്നു കുമിയുന്നുവല്ലോ പുരസ്‌കാരങ്ങൾ.

എഴുത്തച്ഛനെ പാതിവഴിക്കുപേക്ഷിച്ചോ ആവോ! എഴുത്തച്ഛൻ പുരസ്കാരത്തെപ്പറ്റി ഒന്നുമൊന്നും കേൾക്കുന്നില്ല. അതും ലിപിപരിഷ്ക്കരണത്തെപ്പോലെ പാതിവഴിയിൽ രാമേശ്വരത്തെ ക്ഷൗരം പോലെയായോ? മുടി മുഴുവൻ വടിക്കാതെ വിട്ടിരിക്കുകയാണ്.

മലയാള മഹാനിഘണ്ടുവിന്റെ കാര്യത്തിൽ നിന്ന് പറഞ്ഞു തുടങ്ങാം. പായുന്നതിന്റെ പിള്ള പറക്കും എന്ന് പറയാറില്ലേ. ആരംഭശൂരത്വമെന്നു പറയും. എന്തൊരു സ്പീഡായിരുന്നു സർവ്വകലാശാലകളിലോരോ കസേര തുടങ്ങാൻ. പദവി പോകുമ്പോൾ ഭരണപക്ഷച്ചാരികൾക്ക് ഇരിക്കാൻ കസേര വേണ്ടേ? അതിനു ഓരോ പഠനകേന്ദ്രങ്ങളങ്ങ് തുടങ്ങും. അതിനെല്ലാം വൈതാളികന്മാരെയും അങ്ങ് കൂട്ടും. ഇപ്പോൾത്തന്നെ എന്തൊക്കെ കസേരകളാണ്. കനേഡിയൻ സ്റ്റഡീസ്, കംപാരറ്റി സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സാംസ്‌കാരിക പഠനകേന്ദ്രം, അന്താരാഷ്ട്ര പഠനകേന്ദ്രം… പെൻഷൻ പറ്റിയ ജാമ്പവന്മാർക്കും മൂടുതാങ്ങികൾക്കും വെടിപറഞ്ഞിരിക്കാനുള്ള പഠനകേന്ദ്രങ്ങളുടെ ബഹളമാണ് സർവ്വകലാശാലയിൽ. ഗാന്ധിയും ശ്രീനാരായണനുമൊക്കെ വേറെ. എന്നാൽ ഇവയിൽ നിന്ന് ഈടുറ്റ എന്തെങ്കിലും പഠനമിച്ചം ഇന്നേവരെ പുറത്തു വന്നിട്ടുണ്ടോ? ചുമ്മാ ഇഷ്ടക്കാരെക്കൊണ്ടിരുത്തി തീറ്റിപ്പോറ്റുന്ന സർവ്വകലാശാലാക്കളി എന്നതിനപ്പുറത്തേക്ക് എന്താണവ?

‘പശിക്കുമ്പോളച്ചി പശുക്കയറും തിന്നും’ എന്നു പറയാറുണ്ട്. അതുപോലെ സർവ്വകലാശാല ബജറ്റ് തിന്നുതിന്ന് പശുക്കയറും തിന്നുകയാണ്. മലയാളം ലക്‌സിക്കന്റെ കഥ ഏതാണ്ട് കഴിഞ്ഞതുപോലെയാണ്. ‘പ്ര’യിൽ ചെന്നിടിച്ച് അക്ഷരനിഘണ്ടു ചക്രശ്വാസം വലിച്ചു നിന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മലയാളമെഴുതാനറിയാത്ത ഭൈമി ജീവനും കൊണ്ട് എഡിറ്റർ പദവിയിൽ നിന്നൊഴിഞ്ഞു പൊയ്ക്കഴിഞ്ഞു. പകരം കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് കേരളയിലെത്തിയ പ്രവാസി സാഹിത്യത്തിൽ കണ്ണുനട്ടിരിക്കുന്ന കെ.കെ. ശിവദാസന് എഡിറ്റർ സ്ഥാനം കൊടുത്ത് ഇരുത്തിയിട്ടുണ്ട്.  അതുകൊണ്ടെന്തു കാര്യം? അറിവും ഊർജ്ജവുമുള്ള ജീവനക്കാരുണ്ടാകണ്ടേ? അതിലൊന്നും സർവകലാശാലയ്ക്ക് ഒരു ശ്രദ്ധയുമില്ല.

പണം കൊടുത്തു കാളയെ വാങ്ങുമ്പോൾ പൊന്നു കൊടുത്തു ചെക്കനെ വാങ്ങണം. എന്ന് കൃഷിക്കാർ പണ്ടുപറയാറുള്ളത് എത്ര ശരിയാണ്. കാളയെ വാങ്ങുന്നതിനു ചെലവിടുന്ന പണത്തേക്കാൾ വളരെയധികം അതിന്റെ രക്ഷക്കായി നിയമിക്കുന്ന ഭൃത്യനു കൊടുക്കണം. അവൻ രക്ഷിക്കുന്നതിനെ ആശ്രയിച്ചാണു കാളയുടെ ഗുണം അനുഭവപ്പെടുന്നത്.

ഇതിനിടയിൽ ഈ കാളക്കാര്യം പറഞ്ഞതെന്തെന്ന് മനസ്സിലായല്ലോ.! ഒരു പ്രസ്ഥാനം കൊണ്ടുപോകണമെങ്കിൽ അതിന് കാള മാത്രം പോരാ പയ്യനും വേണം. മലയാള മഹാനിഘണ്ഡു നിർമ്മാണത്തിന് അറിവുള്ളവരെ പരിശീലിപ്പിച്ചെടുത്ത് ആ പ്രസ്ഥാനത്തെ സർവ്വകലാശാല മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം പാതിവഴിയിലുപേക്ഷിച്ചു പോകരുത്. നിഘണ്ഡു നിർമ്മാണത്തിൽ പ്രാവീണ്യമുള്ളവർ പുറത്തു നിൽപ്പുണ്ടല്ലോ. അവരെ അകത്തുകയറ്റി പണിയെടുപ്പിച്ചാലെന്താ? അതൊന്നും അറിയാത്തതു കൊണ്ടല്ല. വേണ്ടാന്ന് വച്ചിട്ടു തന്നെ. പട്ടിയെ വിറ്റുകിട്ടിയ കാശു കുരക്കത്തില്ലെന്നു യൂണിവേഴ്സിറ്റിക്കു നന്നായറിയാം. അല്ലെങ്കിൽ മലയാളം ലെക്സിക്കണെ ദയാഹത്യക്കു വിട്ടിട്ടു 10 കോടി രൂപ സർവ്വകലാശാല മുടക്കി ഇടതുപക്ഷ നിഘണ്ടു ഇറക്കാൻ തീരുമാനിക്കുമോ! അതേ. പണിതുടങ്ങിക്കഴിഞ്ഞു. ഇതൊരു കടന്ന കയ്യായിപ്പോയെന്നു കരുതണ്ട.

കേരളത്തെ കേരളമാക്കിയത് കമ്മ്യൂണിസമാണന്ന് വിചാരുക്കുന്നവർക്ക് അതേതാണ്ട് നിഘണ്ടു പ്രായമായി. കൂട്ടിൽ കയറ്റാറായി എന്ന് തോന്നിയതുകൊണ്ടാണോ? ദോഷം പറയരുതല്ലോ. ഉള്ളതു മുഖിയാകാതെ പുതിയവ തുടങ്ങാനാണ് സർവ്വകലാശാലയ്ക്ക് എന്നും താത്പര്യം.
ഏതെങ്കിലും ഒരു പഠനകേന്ദ്രം മലയാളം ലക്‌സിക്കണെപ്പോലൊന്ന് കേരള സർവ്വകലാശാലയ്ക്ക് അഭിമാനമുണ്ടാക്കിയിട്ടുണ്ടോ? അതിനെയാണ്  കൈ ഒഴിയുന്നത്.

കേരള സർവ്വകലാശാലയിൽ തുടങ്ങുന്ന ഇടതുപക്ഷ നിഘണ്ടുവോടു കൂടി സർക്കാരിന് നല്ല മൈലേജു കിട്ടുമെന്നാണ് അധികൃതർ കരുതുന്നത്. പൂവുകൊണ്ട് പാലം പണിയുന്ന കേരള സർവകലാശാലക്കു പണം കൊടുക്കുന്നത് സർക്കാരല്ലേ.

പട്ടിയിൽ പണിക്കരുണ്ടോ? എന്ന ചോദ്യത്തിനുത്തരം ഇതാ കിട്ടിയിരിക്കുന്നൂ. പട്ടികളെല്ലാം ഒന്നുപോലെ നീചങ്ങളായിരിക്കും. അവയുടെ കൂട്ടത്തിൽ യോഗ്യതയുള്ള ഒറ്റ ജന്തുവും ഉണ്ടാകുന്നതല്ല. സർവ്വകലാശാലാ പഠനകേന്ദ്രങ്ങളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. എന്നാൽ ഇടതുപക്ഷ നിഘണ്ടു വരുന്നതോടെ പട്ടിയിൽ പണിക്കരുണ്ടാവും. എന്നാൽ അതോടെ  കേരളസർവകലാശാലക്കുമേൽ പട്ടുവയ്ക്കാം. 

ഇ.എം.എസ്. അക്കാദമിക്കോ എ.കെ.ജി. സെന്ററിനോ അതല്ലെങ്കിൽ ചിന്തയ്ക്കോ ചെയ്യാമായിരുന്ന സംസ്ഥാനത്തെ 100 വർഷത്തെ ഇടതുനേതാക്കളെപ്പറ്റിയുള്ള പുസ്തകം, അവരൊന്നും വേണ്ട ഞങ്ങൾ തന്നെ മതിയെന്ന വീമ്പിന്റെ പൊരുൾ മനസ്സിലായിക്കാണുമല്ലോ. പുസ്തകം ഇറങ്ങുന്നത് നല്ലത്. ഇതിന്റെ പ്രവർത്തനങ്ങൾക്കും എഡിറ്റോറിയൽ ജീവനക്കാരെ നിയമിക്കുന്നതിനുമായി 10 കോടി ചെലവ് കണക്കാക്കി അനുവദിച്ചുകഴിഞ്ഞു. എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററന്മാരും സബ് എഡിറ്റർമാരും അടങ്ങുന്ന ഒരു ടീമിനെ ഉടൻ നിയമിക്കും. തുട്ടടിക്കാൻ കിട്ടുന്നതേതെങ്കിലും നടപ്പാക്കാൻ തീരുമാനിച്ചാൽ നടപ്പാക്കാതിരിക്കുമോ?

പട്ടി കുരച്ചാലൊന്നും അവിടെ പടി തുറക്കില്ല. അവർക്കറിയാം പട്ടി അവിടെ കിടന്നു പുഴുത്താൽ ചാരമുണ്ടല്ലോ വാരിത്തേക്കാൻ. അല്ലെങ്കിൽ എന്റോസൽഫൻ!

മാതൃഭാഷാ ദിനത്തിൽ തന്നെ മലയാളമഹാ നിഘണ്ടുവിന്റെ കഴുത്തിൽ ഞെരിച്ച് ഇടതുപക്ഷ നിഘണ്ടുവിന് തുടക്കം കുറിക്കുമ്പോൾ നമുക്ക് തലകുനിക്കാം എന്നൊന്നും ഞാൻ പറയില്ല. തൊഴിലില്ലാത്ത പത്തു പേർക്ക് തൊഴിൽ കിട്ടുന്ന ഏർപ്പാടല്ലേ! ഇടതുപക്ഷ സർക്കാരിരിക്കുമ്പോഴല്ലേ അതൊക്കെ ചെയ്യാൻ പറ്റൂ. ഒരു സംശയവുമില്ല. കടലിൽ കായം കലക്കിയതുപോലെ തന്നെയാവും ഇതിന്റെയും സ്ഥിതി. എടുത്തുചാടി ഓരോന്ന് ചെയ്യുന്നതല്ല കരുതിക്കൂട്ടി ചെയ്യുന്നതു തന്നെയാണ്. ഇനി കൊച്ചുമാണി വരെ ഇടതുപക്ഷ നിഘണ്ടുവിൽ വരുമല്ലോ എന്നോർക്കുമ്പോൾ നവോത്ഥാനത്തിൻ്റെ കൈത്തിരി ഒത്തിരി കത്തിച്ചല്ലോ ഇടതുപക്ഷം എന്നോർത്ത് കോൾമയിർ കൊണ്ടുപോകുന്നു. “സെക്രട്ടേറിയറ്റ് വളയൽ” എന്ന ഭാഗം വരുമ്പോൾ അതിൽ കാണുമോ. “പിച്ച കിട്ടിയതുമില്ല. പട്ടി കടിക്കുകയും ചെയ്തു” എന്ന്‌. വിശദമാക്കി നാണംകെടേണ്ട. ഇതങ്ങു ചേർത്താൽ മതി എന്റെ വക. ഇനി കാണാൻ പോകുകയല്ലേ പൂരം. പറഞ്ഞറിയിക്കുന്നില്ല.

പോയതുപോയി. ഇനി നമ്മുടെ അധികാരികളെല്ലാം കൂടി മലയാളത്തെ ‘പാറവക്കീ’ലാക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മറ്റു ഭാഷാ വക്കീലന്മാർക്കിടയിൽ പാറവക്കീലായി അവഗണിക്കുകയാണ് മാതൃഭാഷയെ.

എന്താണ് പാറവക്കീൽ? ആരാണത്? അതൊരു കഥയാണ്.

‘പാറവക്കീൽ’ എന്നൊരു കൂട്ടരുണ്ടായിരുന്നു. പാറവക്കീലിന്റെ ആഗമനം വടക്കൻ മലബാറിലെ വടകര പട്ടണത്തിൽ നിന്നാണ്. പണ്ട് അവിടെ രസികനായൊരു മജിസ്‌ട്രേട്ടുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന്റെ കച്ചേരിക്കു സമീപം ഒരു പാറമേൽ ഇരുന്നാണ് ഹർജിയെഴുത്തുകാർ തങ്ങളുടെ പ്രവൃത്തി ചെയ്യാറ്. കോടതിയിൽ വക്കീലില്ലാതെ വല്ല കക്ഷിയും ഹാജരായാൽ വക്കീലില്ലെങ്കിൽ ‘ആ പാറപ്പുറത്തുള്ള വല്ലവരേയും വിളിച്ചു തൽക്കാലം വക്കീലാക്കി കൊൾക’ എന്ന് മജിസ്‌ട്രേറ്റു പറയും. കക്ഷികൾ അതനുസരിച്ചു ചെയ്യും. അങ്ങിനെയുള്ള വക്കീലന്മാരെ മജിസ്‌ട്രേട്ട് നോരമ്പോക്കായി പാറവക്കീൽ എന്നു വിളിച്ചുവന്നു. പിന്നീട് സന്നദില്ലാതെ മജിസ്‌ട്രേട്ടന്മാരുടെ ദയവു കൊണ്ട് മാത്രം വക്കീലന്മാരാകാൻ അനുവദിക്കപ്പെട്ടവരേയും ‘പാറവക്കീൽ’ എന്നു വിളിച്ചുവന്നു. ഇതല്ലേ  മാതൃഭാഷയുടെ അവസ്ഥ. മലയാളത്തെ അത്തരത്തിൽ കളിയാക്കുന്ന മട്ടാണ് കണ്ടുവരുന്നത്. അല്ലെങ്കിൽ എൻ.സി.ഇ.ആർ.ടി.യുടെ കാര്യം തന്നെ നോക്കുക. ഹയർ സെക്കൻഡറി ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങൾ പന്ത്രണ്ടും മലയാളത്തിലാക്കി പരിശോധനയും കഴിഞ്ഞ് അലമാരക്കകത്തു പൂട്ടി വച്ചിരിക്കുകയാണ്.

പിച്ചയ്ക്കു വന്നവൻ അച്ചിക്കു നായരാകുന്ന ഏർപ്പാട് വേണ്ടെന്ന മട്ടിലാണ് പോക്ക്. മാതൃഭാഷയെ പിച്ചക്കു വന്നവനായിട്ടെടുത്തിട്ടാണ് കളി മുഴുവൻ. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഹയർ സെക്കന്ററി പാഠപുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞു. തുടർപഠനങ്ങൾക്കും മാതൃഭാഷയിൽ സംഗതികൾ നടന്നു കൊണ്ടിരിക്കുന്നു. അതൊരു കേന്ദ്രസർക്കാർ നയമാണ്. മെഡിക്കൽ എഞ്ചിനീയറിംഗ് പുസ്തകങ്ങൾ മാതൃഭാഷയിലാക്കി വിദ്യാർത്ഥികളെ ഉത്സുകരാക്കാൻ ഹിന്ദി പ്രചരിപ്പിക്കുമ്പോൾ തന്നെ കേന്ദ്രം തുനിഞ്ഞിറങ്ങിയതാണ്. എന്നാൽ നമ്മുടെ സെക്രട്ടറിയേറ്റിലെ ഐഎഎസ് വൃന്ദം അതിന് തടയിട്ടിരിക്കുകയാണ്. മലയാളം അതിനും മാത്രം സജ്ജമാണോ എന്നവരങ്ങ് സന്ദേഹിക്കുന്നു. പാറവക്കീലിന് സുപ്രീംകോടതിയിൽ പോയി വാദിക്കാൻ പറ്റുമോന്നല്ലേ അവർ ചോദിക്കാതെ ചോദിക്കുന്നത്.

മലയാളം പോലും നേരെ ചൊവ്വേ പറയാനറിയാത്ത ജനപ്രതിനിധികൾ നാടുഭരിക്കുമ്പോഴാണ് മാതൃഭാഷയോട് ഈ അവമതിയെന്നോർക്കണം. തയ്യാറാക്കി വച്ചിരിക്കുന്ന പാഠപുസ്തകങ്ങൾ വിതരണം ചെയ്താൽ സാങ്കേതിക പഠനത്തിന്റെ നിലവാരം അങ്ങ് ഇടിഞ്ഞുപോകുമെന്നാണോ കരുതുന്നത്. ചിരിക്കൊനൊരു പല്ലും ചവയ്ക്കാൻ മറ്റൊരു പല്ലുമാണ്‌ സർക്കാരിന്… പെങ്ങളുള്ളപ്പോളേ അളിയനുള്ളു എന്ന് മനസ്സിലാക്കാതെയുള്ള ഒരു ഭരണവും. ഇപ്പോൾ ചെലവിടുന്ന കോടികളും ലക്ഷങ്ങളും കാണുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരാണോ എന്ന് സന്ദേഹിച്ചു പോകും. മാതൃഭാഷയുടെ കാര്യത്തിൽ മാത്രമല്ല, പൂച്ചയെ വളർത്തിയ ഒരു സന്യാസിയുടെ കഥ പറയുമ്പോൾ അത് വ്യക്തമാകും.

ഒരു സന്യാസി പൂച്ചയെ വളർത്തി. എന്തിനെന്നു വച്ചാൽ തന്റെ കോണകം കടിച്ചു നശിപ്പിക്കുന്ന എലിയെ കൊല്ലാൻ. ഭക്ഷണത്തിന് പാലു വേണ്ടി വന്നു. അതിനുവേണ്ടി പശുവിനെ വാങ്ങി. അപ്പോൾ അതിനെ രക്ഷിക്കാൻ ആള് വേണം. അതിന് ഭൃത്യനെ താമസിപ്പിച്ചു. ഇപ്രകാരം സന്യാസി ഒരു പ്രാപഞ്ചികനായി. ഗൃഹസ്ഥനായി. അങ്ങനെ പൂച്ചയെ വളർത്തിയ സന്യാസിയുടെ ഗതിയിലാവും നമ്മുടെ സർക്കാർ. ഇടതുപക്ഷ തൊഴിലാളിക്കൂറും പോയിക്കിട്ടും. വലതുപക്ഷ മുതലാളിത്വത്തിനെ കൂടെ നാണിപ്പിക്കുകയും ചെയ്യാം.

ഇങ്ങനെ ഒരു നവംബർ 1 കേരളപ്പിറവിദിനമാകുമ്പോൾ ഇതിലപ്പുറം എന്ത് ചിന്തിക്കാൻ! ഒരു സർക്കാരിന്റെ കൊക്കിലൊതുങ്ങുന്ന കാര്യമല്ല മാതൃഭാഷ. അതൊരു വികാരമാണ്. മാതൃ സ്നേഹം വീമ്പിളക്കിയിട്ടു അമ്മയെ നടയ്ക്കിരുത്തി തഞ്ചത്തിൽ കാറോടിച്ചു മടങ്ങുന്ന മക്കളെക്കൊണ്ട് കേരളം നിറയുമ്പോൾ മാതൃഭാഷയുടെ ഗതിയും അങ്ങനെയാകാതെ തരമില്ലല്ലോ!

About The Author

Leave a Reply

Your email address will not be published. Required fields are marked *