സൂക്ഷ്മാണുക്കൾ നൃത്തം വെയ്ക്കുന്ന അദൃശ്യമായ ചുഴലിക്കാറ്റ് വീശിയടിച്ചതു ടെലിവിഷനിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരുന്നു. പഴയ ക്ലോക്കിൽ ഏഴു മണികൾ മുഴങ്ങി. ഇരുട്ടിൽ മൂങ്ങയുടെ മൂളൽനീണ്ടു. കുട്ടൂസൻ പൂച്ച നീട്ടിക്കരഞ്ഞു. വിഭ്രാന്തമായ നിമിഷങ്ങൾ ചൂഴ്ന്ന മനസ്സുകൾ ചുഴൽച്ചയിൽപെട്ടു.
അപ്പോൾ ഷെവലിയർ ഹൗസിന്റെ രണ്ടാം നിലയിൽ ഗ്രെയ്‌സിന്റെ മുറിയിൽ ഒരു നറുക്കെടുപ്പ് കഴിഞ്ഞതേയുള്ളൂ. കല്യാണ നറുക്കുവീണത് കിറ്റിയ്ക്കായിരുന്നു. പെൺകുട്ടികൾ ആർപ്പുവിളിച്ചു. അടുത്ത കല്യാണം കിറ്റിയ്ക്ക്!
ഇനി വരൻ ആരാണെന്നുള്ള നറുക്കെടുപ്പാണ്. അതും എടുത്തുകഴിഞ്ഞു.
വരൻ ഒരു കുറുക്കൻ!.
മോളിക്കുട്ടി എല്ലാം സൂക്ഷ്മമായി ക്യാമറയിൽ പകർത്തികൊണ്ടിരുന്നു.
ഗേളി ഉടൻതന്നെ മുറിയിലെ കംപ്യൂട്ടറിൽ നിന്നും കുറുക്കന്റെ പടത്തിന്റെ വലിയ പ്രിന്റ് എടുത്ത് കിറ്റിയുടെ കയ്യിൽ മറ്റുള്ളവർക്ക് കാണാനായി ഏൽപ്പിച്ചു. കിറ്റി വിഷമത്തോടെ കുറുക്കന്റെ പടം ഉയർത്തിപ്പിടിച്ചു. കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞ കുറുക്കൻ സൺഗ്ലാസ് വെച്ചിരിക്കുന്നു. കൈകൂപ്പി പല്ലിളിക്കുന്നു. നല്ല ചേർച്ച എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. കയ്യടിച്ചു.
കിറ്റി കരയാൻ തുടങ്ങി.
കരഞ്ഞിട്ട് കാര്യമില്ലല്ലോ. കുറുക്കനെ കെട്ടിയേ പറ്റൂ. സേവിയറുകുട്ടിയുടെയും നേഴ്‌സായ ഡെയ്സിയുടെയും മകൾ കിറ്റി ഇംഗ്ലണ്ടിൽ ഒപ്‌റ്റോമെട്രി ഗ്രാജുവേറ്റ് വിദ്യാർത്ഥിനിയാണ്. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കുറുക്കനെ കല്യാണം കഴിക്കുന്നു! പറ്റില്ലെന്ന് അവൾ നിലവിളിച്ചു പറയുന്നുണ്ടെങ്കിലും അതാരും വകവെച്ചുകൊടുക്കുകയില്ല.
ഗേളിയും സിസിലിയും സീനയും ചേർന്ന് ഒരു ഷാൾ അവളുടെ തലയിലിട്ട് ഒരു സ്റ്റൂളിൽ ബലമായി പിടിച്ചിരുത്തി. പർദ്ദയിട്ട മുസ്ലിം സ്ത്രീകളും രംഗത്തെത്തി. എല്ലാവരും കിറ്റിയ്ക്ക് ചുറ്റുമിരുന്നു കൈകൊട്ടി ഒപ്പന പാടാൻ തുടങ്ങി.
‘ഖൽബിന്റെ ഖജനാവിൽ കിലുകിലുക്കം…. കല്യാണ പെണ്ണിന് മനപ്പൊരുത്തം…’.
ഗ്രെയ്‌സ് കുഞ്ഞിനെ കിടത്തിയ തൊട്ടിൽവണ്ടിയുമായി വന്ന് വിവാഹസമ്മാനപ്പൊതി കിറ്റിയുടെ കയ്യിൽ പിടിപ്പിച്ചു. പൊതി തുറന്നു ഓരോരുത്തരും ചോക്കലേറ്റ് അൽപ്പം നുള്ളിയെടുത്ത് കിറ്റിയുടെ വായിൽ വെച്ചുകൊടുത്തു. ഒപ്പനയുടെ താളം മുറുകി.
ബാക്കിവന്ന ചോക്കലേറ്റ് പൊതി എയ്ഞ്ചൽ കൈക്കലാക്കി. എയ്ഞ്ചലിന്റെ കൂടെ സീനയും പൊതിയിൽ കൈവെച്ചു.
രണ്ടുപേർ കുറുക്കന്റെ പടം കിറ്റിയുടെ മുഖത്തോട് ചേർത്ത് വെച്ചു. ചിലർ വട്ടം ചുറ്റി നൃത്തം വെച്ചു. അപ്പോഴും കിറ്റി ഏങ്ങിയേങ്ങി കരയുകയായിരുന്നു.
ഈ സമയത്താണ് കത്രീനയുടെ മുറിയിലെ ടെലിവിഷൻ സ്‌ക്രീനിൽ ആരെയും നടുക്കുന്ന ആ വാർത്ത വന്നത്. ‘നഗരത്തിലെ പ്രശസ്ത ഷോപ്പിംഗ് മാളിലെ വസ്ത്രശാല പോലീസ് അടച്ചുപൂട്ടി.’
കൊറോണ അണുബാധ പടർന്നിരിക്കുന്നു.
അവിടെ ഇറ്റലിയിൽ നിന്നെത്തിയ ചിലരിൽനിന്ന് ജീവനക്കാർക്ക് കോവിഡ് പകർന്നതായി സ്ഥിരീകരിച്ചു. ജീവനക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയിൽ! അവിടെ എത്തിയ അമ്പതോളം കുടുംബങ്ങളും കർശനമായ ക്വാറന്റൈനിൽ! അവിടെ നിന്നും വസ്ത്രങ്ങൾ വാങ്ങിയവരുടെ പേരുവിവരങ്ങൾ പോലീസും ആരോഗ്യപ്രവർത്തകരും തയ്യാറാക്കുന്നു.
അവിടെ നിന്നാണല്ലോ ഷെവലിയർ ഹൗസിലേക്കുള്ള വസ്ത്രങ്ങൾ വാങ്ങിയത്! കത്രീനയും അന്നാമ്മയും മറിയവും ചിന്നമ്മയും ചേർന്നാണ് അവിടെ പോയിട്ടുള്ളത്.
അന്നാമ്മയ്ക്കും കത്രീനയ്ക്കും പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും ഫോൺവിളിയെത്തി.
എല്ലാവരും ഉടൻ ജനറൽ ആശുപത്രിയിലെ ക്വാറന്റൈനിൽ ആവണം!
കോവിഡ് പത്തൊൻപത് എന്ന വൈറസ് ബാധിച്ചിട്ടുണ്ടാകാം!
മറ്റുള്ളവരിലേക്ക് പകർന്നിട്ടുണ്ടാവാം!
ആംബുലൻസ് ഉടൻ എത്തും!
വൈറസിന്റെ സമൂഹവ്യാപനം തടയാൻ ഏകാന്തവാസം!
ഒരു ചുഴലിക്കാറ്റ് ആഞ്ഞുവീശി.
അന്തരീക്ഷത്തിൽ അദൃശ്യമായി കൊറോണവൈറസുകൾ നൃത്തം ചെയ്യുന്നു.
ഷെവലിയർ ഹൗസിൽ ആർക്കും എന്തും സംഭവിക്കാം. എന്തൊക്കെ തങ്ങളിൽ സംഭവിച്ചിരിക്കാം എന്നത് പലതരത്തിൽ ഭയപ്പാടുണ്ടാക്കുന്നു.
ഇറ്റലിയിലേതുപോലെ, മറ്റിടങ്ങളിലേതു പോലെ കൊറോണ മഹാമാരിയുടെ സംഭവ പരമ്പര ഇവിടെയും ആരംഭിക്കുകയാണോ? കൊറോണയുടെ തടവിൽ കിടക്കേണ്ടി വരുമോ? രോഗികൾക്കുള്ള ഏകാന്തവാസം?
ഓരോരുത്തരും നിമിഷങ്ങൾക്കുള്ളിൽ അജ്ഞാതമായ ഭീതിയിൽ വലയം ചെയ്യപ്പെട്ടു.
പരസ്പ്പരം സമാശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ പറയുന്ന വിഷയം തെന്നിപ്പോകുന്നു. വാക്കുകൾക്ക് പൂർണതയില്ലാതാവുന്നു.ഓരോ നോട്ടങ്ങളിലും സംശയങ്ങൾ. യാഥാർഥ്യം തിരിച്ചറിയാനാവാതെ പരസ്പ്പരം അവിശ്വസിക്കുന്നു.
മരണത്തിന്റെ നിഴലുകൾ തങ്ങളെ പിന്തുടരുന്നതായി ചിലർക്ക് തോന്നി.
കാഴ്ചയ്ക്ക് വ്യത്യാസം വരുന്നു. ഓരോ മനുഷ്യരൂപങ്ങളും കറുത്ത വസ്ത്രം പുതച്ചു ഇരുട്ടിൽ തോണ്ടിവിളിക്കുന്നു. മറവിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്ന അതിഥികളാവുന്നു.
ശരീരത്തിന് അസ്വസ്ഥത.
ശ്വാസഗതിയിൽ ജീവവായു ഇല്ലാതാകുമോ എന്ന പരിഭ്രാന്തിയിൽ വട്ടംകറങ്ങുന്ന മനസ്സ്.
ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഇടിഞ്ഞുവീഴുമ്പോൾ ആശങ്ക ചുഴലിക്കാറ്റ് പോലെ ചൂഴുന്നു.
പച്ചപ്പുകൾ ഒറ്റ നിമിഷംകൊണ്ട് മറഞ്ഞുപോയ ഭൂമിയിൽ ഹിംസ്രമൃഗങ്ങളുടെ ശബ്ദങ്ങൾ. നടുവിൽ നിസ്സഹായനായ ഒറ്റപ്പെട്ട മനുഷ്യൻ.
ധനികരും ദരിദ്രരുമില്ല. ഭരണകർത്താവും പൗരനുമില്ല. സാമ്രാജ്യവും ആയുധങ്ങളുമില്ല. ആരാധനാലയങ്ങളിലെ ശില്പങ്ങളിൽ കുടികൊള്ളുന്ന ദൈവങ്ങളില്ല. മതങ്ങളില്ല. അനുഷ്ഠാനങ്ങളില്ല. നിശ്ചലമായ മരുഭൂമിയുടെ അനന്തതയിൽ മരീചിക മാത്രം. വിഭ്രാന്തമായ നിരാശ മാത്രം.
ആദിയിൽ ഭൂമി പാഴും ശൂന്യവുമായിരുന്നതുപോലെ…
രോഗബാധിതർക്കു ആകെ കൂട്ടിനുള്ളത് മൊബൈൽ ഫോണും ടെലിവിഷനും ഇന്റർനെറ്റ് കണക്ഷനുമായിരിക്കും. ഒടുവിൽ മോർച്ചറിയിൽ നിന്നും അജ്ഞാതമായ സ്ഥലത്തു, ഉറ്റവരുടെ അസാന്നിധ്യത്തിൽ, പി പി ഇ കിറ്റ് ധരിച്ച ആരാലോ, ആറടി മണ്ണിൽ മൂടപ്പെടുന്നു. അല്ലെങ്കിൽ അഗ്‌നിയിൽ ചാരമാവുന്നു.
വാർത്ത കേട്ട ഓരോരുത്തർക്കും ഒന്നും മനസ്സിലാവുന്നില്ല.
ഒന്നും പെട്ടെന്ന് തിരിച്ചറിയുന്നില്ല.
തങ്ങൾക്കു കൊറോണ വൈറസ് പിടിച്ചുകഴിഞ്ഞുവെന്ന് പരസ്പരം വിശ്വസിക്കുന്നുമില്ല.
ഒരു ചുഴലി പോലെയാണ് സംശയം ഓരോരുത്തരേയും പിടികൂടിയത്. പരസ്പരം ഒന്നും പുറത്തറിയാക്കാതെ ആശങ്കയുടെ അജ്ഞാത ഗർത്തത്തിൽ അവർ വീണു.
ഓരോരുത്തർക്കും വൈറസ് പകരാതിരിക്കാൻ എങ്ങനെ പെരുമാറണമെന്ന് അറിയാം. പ്രത്യേകിച്ച് അനുഭവസ്ഥരായ നേഴ്‌സുമാരെ അത് പഠിപ്പിക്കേണ്ടതില്ല. പക്ഷെ സാഹചര്യം അങ്ങനെയല്ലാതായി തീർന്നിരിക്കുന്നു. വൈറസ് പടർന്നിരിക്കുന്നു. തങ്ങൾ കൊറോണയുടെ പിടിയിൽ യാദൃച്ഛികമായി അമർന്നിരിക്കുന്നു.
ലോകം നെടുകെ പിളർന്നിരിക്കുന്നു!
ഇനി പഴയ ലോകത്തിന്റെ ചരിത്രവും കൊറോണയുടെ പുതിയ ലോകവും മാത്രം.
ഓരോരുത്തർക്കുമിടയിൽ ഭിത്തികൾ ഉയരുകയാണ്. ഭിത്തികൾക്കുള്ളിൽ ബാഹ്യലോകവുമായി സമ്പർക്കം ഇല്ലാതെയുള്ള ജീവിതം.
ഒരുപക്ഷേ അവസാനദിവസങ്ങളാവാം. മണിക്കൂറുകളാവാം. നിമിഷങ്ങളാവാം. ഒരു കാലഘട്ടത്തിന്റെ തിരശ്ശീല വീഴുകയാണ്. മനുഷ്യചരിത്രത്തിലെ ആധുനിക നാടകം ഇവിടെ അവസാനിക്കുന്നു.
ഏലിശ്വായുടെ മുഖം വിളറി. വിസ്‌കിയുടെ ഊർജം കണ്ണുകളെ ചുവപ്പിച്ചുവെങ്കിലും നോട്ടം മരവിച്ചുപോയി.
മറ്റുള്ളവരുടെ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് ഏലീശ്വാ അറിഞ്ഞു. രോഗബാധയുള്ളവരും അല്ലെങ്കിൽ രോഗം പിടിപെടാൻ സാധ്യതയുള്ളവരും ഭയത്തിനു അടിമപ്പെട്ടാൽ മനസ്സ് തളരും. അത് പ്രതിരോധശേഷി കുറയ്ക്കും. പല രോഗാണുക്കളും ഇതിനു മുൻപും ലോകത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അനേകംപേർ മരിച്ചിട്ടുണ്ട്. പല വൈറസുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രതിരോധശേഷി ഉള്ളതിനാൽ മനുഷ്യൻ ചെറുത്ത്‌നിൽക്കുന്നു. മരണത്തിൽനിന്ന് അവന് രക്ഷപ്പെടാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.
ഏലീശ്വാ മെല്ലെ ചുവടുവെച്ച് ചിന്നമ്മയുടെ മരവിച്ച കണ്ണുകളിലേക്കു നോക്കി.
”വാർത്ത കണ്ട് നാത്തൂൻ പേടിക്കേണ്ട. മനസ്സ് എന്ന് പറയുന്ന കാര്യം പ്രധാനമാണ്..”
”അല്ല. അങ്ങനെയല്ല. ഞാനെന്തോ കേൾക്കുന്നുണ്ട്. ഇരുട്ടിലൂടെ ആരോ നടന്നുവരുന്നു!” ചിന്നമ്മയുടെ ശബ്ദം പതറി.
”നാത്തൂനേ, മനസ്സ് പതറിയാൽ ശരീരകോശത്തിന്റെ പ്രവർത്തനവും പതറും. പ്രതിരോധ ഊർജ്ജം നഷ്ടപ്പെടും. ഇത് യുദ്ധമാണ്. വൈറസിനെ നേരിടാൻ തയ്യാറാവുക.” ഏലീശ്വായുടെ സ്വരം കടുത്തു. അജ്ഞാത ശത്രുവിനെ മുന്നിൽ കണ്ടു.
”എന്റെ ഹൃദയം പിടക്കുന്നു. ആരോ വിരൽകൊണ്ട് ഞെക്കുന്നു!”
”കൊറോണ പിടിച്ചെന്ന് കരുതി പേടിക്കരുത്. ഹാർട്ട് അറ്റാക്ക് വരെ ഉണ്ടാകും. ഒരു പെഗ്ഗ് കൂടിയടിച്ചാൽ മാറും. വാ നാത്തൂനേ!”
അന്നാമ്മയുടെ സ്വർണ്ണ ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളിൽ ഒരു അൾത്താരയ്ക്കുമുന്നിലെ വിവാഹകൂദാശ ഉരുണ്ടുമറിയുന്നത് കണ്ട് മിസ്സിസ് ഡിസൂസയ്ക്കു തലകറങ്ങി. ഫോണുകളിൽ മുഴങ്ങിയ നിർദേശം മനസ്സിനെ മുറിപ്പെടുത്തിക്കഴിഞ്ഞു. ഷെവലിയർ ഹൗസിന്റെ അഭിമാനദീപം ഏതോ ചുഴലിയിൽ ഉലയുന്നു.
”നമുക്ക് കൊറോണ പിടിച്ചിട്ടുണ്ടാവുമോ?” അന്നാമ്മയുടെ തണുത്ത സ്വരം. ”മറ്റുള്ളവർക്കും പകരില്ലേ? അതുകൊണ്ടാണോ ഇപ്പോൾ തന്നെ ക്വാറന്റൈനിൽ പോകണമെന്ന് പോലീസ് പറയുന്നത്? നാളത്തെ കല്യാണം കൂടി കഴിഞ്ഞിട്ടായിരുന്നെങ്കിൽ!”
”നമ്മൾ ഒരു തടവിൽ കിടക്കേണ്ടി വരില്ലേ?” മിസ്സിസ് ഡിസൂസ തേങ്ങി.
”മറ്റുള്ളവരുമായി അകന്നുനിന്നേ പറ്റൂ. അതാണ് വിധി!”
”ഇതുവരെ എന്ത് സന്തോഷമായിരുന്നു. ഇനി ആർക്കും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. എല്ലാം തകർന്നു ടീച്ചറേ… ഇനി ആരെയും കണ്ടില്ലെന്നും വരാം.” മിസ്സിസ് ഡിസൂസ കോഴി കൊക്കുന്ന മാതിരി കരയാൻ തുടങ്ങി.
മറ്റൊരു വശത്തു അൽപ്പനേരം അനങ്ങാതായിപ്പോയ മറിയവും ദേവികയും കൈകൾ ചേർത്തുപിടിച്ചു. മറിയത്തിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ദേവിക തന്റെ തല ചക്രം പോലെ കറങ്ങുന്നുണ്ടോ എന്ന് സംശയിച്ചു.
”നമ്മൾ ക്വാറന്റൈനിൽ പോകണോ?” മറിയത്തിന്റെ ചുണ്ടുകൾ വിതുമ്പി.
”എന്തിന്? നമ്മൾ രോഗികളാണോ? സംശയം മാത്രമല്ലേയുള്ളൂ?” ദേവിക ഒരു നേഴ്‌സിന്റെ കർത്തവ്യം ഓർത്തു.
”അവിടെപ്പോയി എല്ലാരും ക്വാറന്റൈൻ ചെയ്യണമെന്നല്ലേ പോലീസ് പറഞ്ഞത്?”
”ഗർഭിണികൾക്കും കുട്ടികൾക്കും പ്രായമായവർക്കും പകർന്നാൽ വലിയ പ്രശ്‌നമാണ്.”
”നമ്മുടെ സ്വാതന്ത്രം പോയി. അതാ വലിയ പ്രശ്‌നം. ഓർത്താൽ ഭ്രാന്ത് പിടിക്കും. നമുക്കെങ്ങനെ ഇനി പുറത്തേക്ക് ഇറങ്ങാൻ പറ്റും?”
”ചുറ്റുവട്ടമുള്ള ആൾക്കാർ അത് സമ്മതിക്കില്ല.”
”കൊറോണ പിടിച്ചെന്ന് മറ്റുള്ളവർ കേട്ടാൽ?”
”ഈ വാർത്ത ഇങ്ങനെ കൊടുക്കേണ്ട കാര്യമില്ലായിരുന്നു.” ദേവിക തലയുടെ ഇരുഭാഗത്തും കൈകൾ പൊതിഞ്ഞുവെച്ചു…
കത്രീന കമ്പ്യൂട്ടറിനു മുന്നിൽ എന്തോ തിരഞ്ഞു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ വീഡിയോ കോൺഫെറെൻസിൽ കിട്ടാനായി പരിശ്രമിക്കുകയായിരുന്നു കത്രീന.
അപ്പോഴുണ്ട് സെറ്റുസാരിയും മുണ്ടും പച്ച ബ്ലൗസുമണിഞ്ഞ മറ്റൊരു കത്രീന മോണിറ്ററിൽ തെളിഞ്ഞു വരുന്നു. ചില വൈറസ് കയറിയാൽ കമ്പ്യൂട്ടറിനു വഴിതെറ്റും. അനാവശ്യമായ പലതും പ്രത്യക്ഷമാവും. മുത്തുമാലയിൽ വിരലോടിച്ചുകൊണ്ട് മോണിറ്ററിലെ കത്രീന പറഞ്ഞു.
”ക്വാറന്റൈൻ ആദ്യമുണ്ടായത് ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിരണ്ടിൽ ഇറ്റലിയിലെ വെനീസിലായിരുന്നു. കുഷ്ഠരോഗമായിരുന്നു മഹാമാരി. മുന്നൂറു വർഷം കഴിഞ്ഞപ്പോൾ പ്ലേഗ് വന്നു. ഇംഗ്ലണ്ടിൽ പട്ടണവാസികൾ ക്വാറന്റൈനിൽ ആയി.”
”പല നൂറ്റുണ്ടുകളിലും മഹാമാരി പടർന്നു. രണ്ടായിരത്തി മൂന്നിൽ സാർസ് വന്നപ്പോൾ ചൈനയിലും കാനഡയിലും ക്വാറന്റൈൻ ഏർപ്പെടുത്തി. രണ്ടായിരത്തി ഒൻപതിൽ എച്ച് വൺ എൻ വൺ വന്നപ്പോഴും രണ്ടായിരത്തി പതിനാലിൽ എബോള വന്നപ്പോഴും മനുഷ്യൻ ഏകാന്തവാസത്തിലായി.”
”ഇപ്പോൾ കോവിഡ്!. ചൈനയിലെ എല്ലാ നഗരങ്ങളും അടച്ചുപൂട്ടി. ജനങ്ങൾ ക്വാറന്റൈനിൽ. ആശുപത്രിയിലേക്ക് കൊണ്ടുപോയ പതിനായിരങ്ങൾ ഇന്ന് ഭൂമുഖത്തില്ല. ആയിരക്കണക്കിന് വിദേശികൾ ചൈനയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫിലേക്കും മടങ്ങിയെത്തിയപ്പോഴും ക്വാറന്റൈൻ”…
പർദ്ദയണിഞ്ഞ മുസ്ലിം സ്ത്രീകൾ കത്രീനയെ സമാധാനിപ്പിക്കുവാൻ അരികിൽ നിൽപ്പുണ്ട്. കൗൺസിലർ ആമിന മോണിറ്ററിലെ കത്രീനയെ ശ്രദ്ധിച്ചു. ഇപ്പോൾ ആ കത്രീന പറയുന്നത് മറ്റൊരു കാര്യമാണ്.
”ഭൂമിയിലെ മനുഷ്യജീവിതത്തെ മാത്രമല്ല, ലോകവ്യവസ്ഥിതിയെന്ന കമ്പ്യൂട്ടറിനെ തന്നെ കൊറോണ വൈറസ് ഒരു ചുഴലി പോലെ പിടികൂടിയിട്ടുണ്ട്.”
”ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവോളം മരുന്നും ഭക്ഷണവും ചികിത്സയും ഉണ്ടെന്നും വിലക്കയറ്റമില്ലെന്നും കള്ളം പറഞ്ഞു ജനങ്ങളെയും ലോകത്തെയും ഗവണ്മെന്റിന് സമാധാനിപ്പിക്കേണ്ടിവന്നേക്കാം. പക്ഷേ ഇത് സത്യമല്ലെന്നു തെളിയുന്ന നിമിഷം മുതൽ ജനത്തിന് ചുഴലി വരും.”
”അകലം പാലിക്കുന്നതിനാൽ ഉറ്റവരെയും ഉടയവരെയും കാണാനാകില്ലെന്നു വരുമ്പോൾ നിരാശയുടെ ചുഴലി ആഞ്ഞുവീശും. മരണഭയത്തെ നേരിടാനുള്ള ധൈര്യം ആരു പകർന്നുകൊടുക്കും?”
”പലയിടങ്ങളിലും ആരാധനാലയങ്ങൾ പൂട്ടിക്കഴിഞ്ഞു. തങ്ങൾ വിശ്വസിച്ച ദൈവംപോലും തങ്ങളെ കൈവിട്ടുവെന്നു തോന്നുമ്പോൾ ചുഴലി അവരെ മരണഭയത്തിന്റെ തടവറയിലേക്ക് കൂട്ടികൊണ്ടുപോകും. തങ്ങൾ നിലകൊള്ളുന്ന വ്യവസ്ഥിതിയുടെ ചട്ടക്കൂട് പൊളിക്കാൻ മനുഷ്യൻ വെമ്പൽകൊള്ളും.”
”അപ്പോൾ ഭരണയന്ത്രങ്ങളെ മറന്നു, ദേശവ്യത്യാസങ്ങൾ മറന്നു, ധനികനോ ദരിദ്രനോ എന്ന് നോക്കാതെ, ഒന്നിച്ചുചേരാൻ ആഗ്രഹിക്കും. മനുഷ്യന് മനുഷ്യൻ മാത്രമേ ഉള്ളുവെന്ന് ബോധ്യപ്പെടും.”
”അതുവരെയുള്ള എല്ലാ തത്വശാസ്ത്രങ്ങളും സാമ്പത്തിക കൊട്ടാരങ്ങളും വലിയൊരു സ്വപ്‌നക്കുമിളയായി തോന്നും.”
”അതേസമയം സത്യങ്ങൾ മൂടിവെച്ച് ലോകത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കാം, എല്ലാം പഴയപടിയിലാക്കാം എന്ന് ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും വ്യാമോഹിക്കും. കള്ളങ്ങൾ പിന്നെയും പൊളിയും. ഇനിയൊരു തിരിച്ചുപോക്കില്ലെന്നു തിരിച്ചറിയുന്ന ഘട്ടത്തിൽ ലോകത്തു ഭരണകൂടങ്ങൾക്ക് അതീതമായി പുതിയ മനുഷ്യക്കൂട്ടായ്മ ഉണ്ടാകും.”
”കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഓരോ രാജ്യത്തും പതിനായിരങ്ങളിൽനിന്ന് ലക്ഷങ്ങളിലേക്കു പെരുകുമ്പോൾ പരസ്പരം കൈകോർക്കും. കടലാസുകറൻസി കൊടുത്താൽ ഭക്ഷണം കിട്ടില്ലെന്ന് വരുമ്പോൾ കറൻസി തെരുവിലിട്ടുകത്തിക്കും.”
”കുത്തകവൽക്കരിക്കപ്പെട്ട അവശ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് തടയപ്പെടും. ഓരോ നാടും ആവശ്യമുള്ളത് സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ നിർബന്ധിതരാകും. അതോടെ ആഗോളവിപണി എന്ന ആഗോളവൽക്കരണത്തിന്റെ അടിത്തറ ഇളകും. ആഗോള സാമ്പത്തികസാമ്രാജ്യങ്ങൾ തകർന്നുവീഴും.”
”കൊറോണ വൈറസിനൊപ്പം ജീവിച്ചുകൊണ്ട് പുതിയ ഭൂമിയും പുതിയ ആകാശവും മനുഷ്യൻ കാണും…”
മോളിക്കുട്ടി എല്ലാവരുടെയും മുഖഭാവങ്ങൾ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു.
അവൾ കത്രീനയോടു ഒരു രഹസ്യം പറഞ്ഞു.
”കൊറോണക്കാലത്തു ഒരു പുതിയ സിനിമ വരും!”
”എന്ത് സിനിമ?” കത്രീനയ്ക്ക് ദേഷ്യം വന്നു.
”ആന്റീ, സിനിമ ഒരിക്കലും മരിക്കില്ല.” മോളിക്കുട്ടി ഷൂട്ട് തുടരുന്നതിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു.
”ഇനി മൊബൈലിൽ ടോർച്ചുപോലെ പ്രൊജക്ടർ കൂടിയുണ്ടാകും. വീടുകളിലെ ഹാളിൽ വലിയ ഭിത്തിയിൽ നെറ്റിൽനിന്നും ഡൌൺ ലോഡ് ചെയ്യുന്ന സിനിമ പ്രദർശിപ്പിക്കാനാവും. നെറ്റിൽനിന്ന് ഓൺലൈനിൽ പണംകൊടുത്തു ഡൗൺലോഡ് ചെയ്യുമ്പോൾ നിർമാതാവിന് മുടക്കുമുതലും ചെറിയ ലാഭവും കിട്ടും. പത്തുപേർക്ക് രണ്ടു ടിക്കറ്റിന്റെ ചിലവേയുള്ളൂ. അങ്ങനെ കലാമൂല്യമുള്ള ലോ ബഡ്‌ജെക്ട് സിനിമയ്ക്ക് ലോകമാകെ പ്രചാരമുണ്ടാകും.”
”അപ്പോൾ ബിഗ് ബഡ്ജറ്റ് എന്റർടെയ്‌നർ സിനിമയോ?” കത്രീനയ്ക്ക് താൽപ്പര്യം നൂറുകണക്കിന് പ്രേക്ഷകർ ഒന്നിച്ചിരുന്നു കാണുന്ന വിനോദ സിനിമയോടാണ്. അങ്ങനെയുള്ള സിനിമയിൽ മാത്രമേ അഭിനയിക്കൂ.
”ഇനി തീയേറ്ററിൽ ആവില്ല സിനിമ. വലിയ സ്റ്റേഡിയങ്ങളിലാവും. സീറ്റുകൾ തമ്മിൽ രണ്ടു മീറ്റർ അകലമുണ്ടാകും. പ്രവേശനവും ഇറങ്ങിപ്പോക്കും ഒക്കെ കർശനനിയന്ത്രണത്തിൽ. ആയിരക്കണക്കിന് പേർ ഒന്നിച്ചിരുന്ന് ഒരു മാമാങ്കം കാണുന്ന പോലെ!”
”അകലം പാലിക്കാൻ പറ്റും. അല്ലേ?”
”മൈതാനത്തിനു നടുവിലായുള്ള സ്‌ക്രീനിന് അഞ്ചുനില കെട്ടിടത്തിന്റെയത്ര ഉയരമുണ്ടാകും! തീയേറ്ററിൽ പരസ്യങ്ങൾ ഇടുന്നതുപോലെ സിനിമയ്ക്കിടയിലും നിർമാതാവിന് പരസ്യങ്ങളും ചേർക്കാം. ആരോഗ്യപ്രവർത്തകർ പ്രേക്ഷകരെ സഹായിക്കും. അങ്ങനെ സിനിമ ഒരു മഹാസംഭവം ആകും.”
”നിന്നോടിത് ആരാ പറഞ്ഞത്?”
”ഞാനിപ്പോ സ്വപ്‌നം കണ്ടതാ!”
”എല്ലാവരും ക്വാറന്റൈനിൽ പോകുവാണ്. അപ്പോഴാ സ്വപ്‌നം കാണുന്നത്!”
”ക്വാറന്റൈനിൽ ആയാലും സ്വപ്‌നം കാണാൻ പറ്റില്ലേ?”
കത്രീന വീണ്ടും വീഡിയോ കോൺഫെറെൻസിനുവേണ്ടി കാത്തു. മോളിക്കുട്ടി ക്യാമറയുമായി മറ്റൊരു ഭാഗത്തേക്ക് നീങ്ങി.
മുൻവശത്തെ വരാന്തയ്ക്ക് സമീപം ഡെയ്സിയും ആലീസും വാർത്തയും ടെലിഫോൺ സന്ദേശവുംകേട്ട് ഒന്നുംപറയാനാവാതെ സങ്കല്പികമായ ഒരു ചുഴലിയിൽ സമനില തെറ്റാതെ നിൽക്കുമ്പോഴാണ് അടുത്തമുറിയിൽ നിന്ന് സൂസിയുടെ ഏങ്ങലടിയും ധ്യാനകേന്ദ്രങ്ങളിൽ കാണാറുള്ളതുപോലെ മറുഭാഷ പറയുന്നതും കേട്ടത്.
സൂസിക്ക് അടിവയറ്റിൽ വേദന. തലകറക്കം. കറുത്ത രൂപങ്ങൾ തന്നെ സമീപിക്കുന്നതായി സൂസി പറഞ്ഞു. ഭിത്തിയിൽ ചാരി തറയിൽ ഇരുന്നു. വേലക്കാരികൾ വെള്ളം കൊണ്ടുവന്നു കുടിക്കാൻ കൊടുക്കുകയും തലയിൽ കുടയുകയും ചെയ്തു.
തന്റെ ഗർഭത്തിലുള്ള കുഞ്ഞിനെ കൊറോണ പിടിക്കുമോ എന്നവൾ ഭയപ്പെട്ട് ചുഴലി ബാധിച്ചതുപോലെ തല ഇരുവശത്തേക്ക് ഇളക്കുകയും കണ്ണുതുറിക്കുകയും നാക്കുനീട്ടുകയും ചെയ്തു.
അന്നാമ്മ പടിക്കെട്ടിനരികിൽനിന്ന് കൈകൾ ഉയർത്തി സ്വർഗ്ഗസ്ഥനായ പിതാവിനോട് കരുണയ്ക്കായി പ്രാർത്ഥിച്ചു.
മിസ്സിസ് ഡിസൂസ ഉടൻ തന്നെ ഗൈനക്കോളജി ഡോക്ടർക്കു ഫോൺ ചെയ്തു. ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായി മിസ്സിസ് ഡിസൂസ ഫോണിൽ അറിയിച്ചു.
”ഡോക്ടർ, അഞ്ചു മാസമേ ആയുള്ളൂവെങ്കിലും കണ്ടിട്ട് പ്രസവവേദന പോലെയാണ്. ക്വാറന്റൈനിൽ പോകേണ്ടി വരുമെന്ന് കേട്ടപ്പോൾ സൂസി എന്തോ കണ്ടുപേടിച്ചത് പോലെ തലകറങ്ങി വീണു. കൊറോണ വൈറസ് കുഞ്ഞിനെ കൊല്ലുമെന്നും കുഞ്ഞിന്റെ പ്രാണൻ കരയുന്നതു കേൾക്കാമെന്നും അവൾ പറയുന്നു…. ഓക്കേ.”
വരാന്തയിലെ കൂട്ടിൽ അമ്മിണിതത്ത ചിലച്ചു.
അമ്മച്ചീ… അമ്മച്ചീ… പൂച്ച പൂച്ച…
ഡെയ്സിയും ആലീസും എന്തോ ഓർക്കുകയായിരുന്നു.
ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ ആളുകൾ മരിച്ചുവീഴുന്നു. കൊറോണയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ജനങ്ങൾ വിഭ്രാന്തിയിലാണ്.
ഒരു ദുസ്വപ്‌നത്തിന്റെ വാതിൽ തുറക്കപ്പെടുന്നു.
വീട്ടിലിരുന്നു ജോലി ചെയ്യുക. ഇന്റർനെറ്റ് സൗകര്യത്തിലൂടെ മാത്രം പുറം ലോകവുമായി ബന്ധപ്പെടുക. മുറിമൂലയിലെ വ്യായാമ യന്ത്രങ്ങൾ കൊണ്ട് മാംസപേശികൾക്കു ചലനം കൊടുക്കുക. ഭക്ഷണം പുറമെ നിന്നും വരുത്തുക. ടെലിവിഷനിൽ തെളിയുന്ന കിടപ്പറയിലെ നീലവെളിച്ചത്തിന്റെ കേളികൾ കണ്ടു സ്വയം ആനന്ദമടയുക. നഗരമാവട്ടെ ഒരു പ്രേതനഗരി. തെരുവിൽ മാസ്‌ക് ധരിച്ച ഒന്നോ രണ്ടോ പേർ മാത്രം. കടകൾ വെറുതെ തുറന്ന് കിടക്കുന്നു. ഒരു കാർ വന്നുപോയാലായി. ആംബുലൻസുകൾ അങ്ങോട്ടുമിങ്ങോട്ടും ചുവന്ന വെളിച്ചവുമായി നിലവിളിയോടെ ഇടയ്ക്കിടെ പായുന്നു.
ഉപഭോക്താക്കളില്ലാത്ത ലോകം. വിജനവും നിശ്ചലവുമായ നഗരങ്ങളുടെ വിഷാദഭംഗി ആകർഷിക്കുന്നത് ഫോട്ടോഗ്രാഫർമാരെ മാത്രം. ശ്വാസംമുട്ടലുകളുടെ ശബ്ദത്തിൽ മരണത്തിന്റെ കാലൊച്ചകൾക്കിടയിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ ശവങ്ങൾ പറന്നുനടക്കുന്നു. ആകാശത്തു വെട്ടുകിളികൾ കൂട്ടത്തോടെ പായുന്ന ഇരമ്പം.
പക്ഷെ പ്രകൃതി പ്രസന്നവതിയായി തിളങ്ങുന്നു. അകലെയുള്ള മലനിരകൾ നൂറു വർഷങ്ങൾക്കുശേഷം തെളിയുന്നു. കടലിൽ നിന്നുള്ള കനാലുകളിലും ജലാശയങ്ങളിലും ഡോൾഫിനുകൾ ഉയർന്നുമറിയുന്നു.
ക്വാറന്റൈനിൽ അകപ്പെട്ട മനുഷ്യരെ ശാന്തമാക്കാൻ എന്താണ് ചെയ്യുക?
തെരുവീഥികളിൽ സൈന്യത്തിന്റെ വാഹനങ്ങളിൽനിന്ന് നഗരങ്ങൾക്കായി ഇങ്ങനെ മുഴങ്ങുന്നു.
നിങ്ങൾ ഒരു മുറിയിൽ ഒറ്റപ്പെട്ടുവെന്നു കരുതി ആശങ്കപ്പെടാതിരിക്കുക. നന്നായി വെള്ളം കുടിക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആഹാരം കഴിക്കുക. പ്രാണായാമം ചെയ്യുക. നല്ല പുസ്തകങ്ങൾ വായിക്കുക. ആത്മവിശ്വാസം നേടുക. ഇത് ലോകാവസാനമല്ല.
ഡെയ്സി പറഞ്ഞു.
”പ്രകൃതി സ്വയം മാറിക്കൊണ്ടിരിക്കുകയാണ്. അതിൽ ജീവജാലങ്ങൾക്കൊപ്പം മനുഷ്യവംശവും മാറിപ്പോയേക്കാം. ലോകം ഇന്നലെ കെട്ടിപ്പൊക്കിയ സങ്കൽപ്പങ്ങളിൽ നിന്ന് മാറുകയാണ്.”
ആലീസ് ഒരു നിമിഷം താഴെ മുറ്റത്തെ പന്തലിൽ നടക്കുന്ന ശബ്ദകോലാഹലങ്ങളിൽ നിന്ന് കണ്ണെടുത്തു നീലവെളിച്ചം പടർന്നുകിടക്കുന്ന ആകാശത്തിലെ മേഘങ്ങളുടെ ചിറകുകൾ ശ്രദ്ധിച്ചു.
”ഐസ് ലാൻഡിലെ അഗ്നിപർവതം പൊട്ടിയപ്പോഴുണ്ടായ പൊടിമേഘപടലം അന്താരാഷ്ട്രവിമാനയാത്രയെ തടസ്സപ്പെടുത്തിയത് ഞാനോർക്കുന്നു. അപ്പോൾ പലരും പറഞ്ഞു, ഈ സാങ്കേതിക ലോകം ഒരു ചില്ലുകൊട്ടാരമാണെന്ന്. ചെറിയ പ്രകൃതിവിപത്തുകൾക്കുപോലും എപ്പോൾ വേണമെങ്കിലും തകർക്കാൻ കഴിയുന്ന സ്വപ്‌നക്കൂടാരം. ഇപ്പോൾ ക്വാറന്റൈൻ അല്ല പ്രശ്‌നം. ചെറുതും വലുതുമായ സാമ്പത്തികപ്രതിസന്ധിയാണ്. ഇനി അവ എങ്ങിനെയെന്ന് ഓർക്കുമ്പോൾ തലകറങ്ങുന്നു.”
മുറ്റത്തു ഫാന്റം നിർത്താതെ കുരച്ചു.
പെട്ടെന്ന് പേടിച്ചുകിതച്ചു സീനയും എയ്ഞ്ചലും മോളിക്കുട്ടിയുടെ അടുത്തേക്ക് വന്നു.
അവർ ചോക്കലേറ്റ് പൊതിയുമായി ഓടിയൊളിച്ചു കളിക്കുകയായിരുന്നു. പുറത്തേക്കുള്ള പിൻവരാന്തയുടെ അറ്റത്താണ് ടെറസ്സിലേക്കുള്ള പടികൾ ആരംഭിക്കുന്നത്. അവിടെ, ഓടാമ്പലിട്ട സ്റ്റോർ മുറിയിൽ, വലിയ ചീനഭരണികൾക്കിടയിൽ, കറുത്ത തുണി പുതച്ച ഒരു രൂപം അനങ്ങുന്നതുപോലെ!
ഷെവലിയർ ഹൗസിൽ മായയോ? വിഭ്രാന്തിയോ? മരണദൂതനോ?
സ്റ്റോർ മുറിയുടെ ഓടാമ്പൽ മാറിക്കിടന്നിരുന്നു.
മോളിക്കുട്ടി വാതിൽ തുറന്നു ഇരുട്ടിലേക്ക് മെല്ലെ ചുവടുവെച്ചു. ഇവിടേക്ക് ആർക്കും പ്രവേശനം ഇല്ലാത്തതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് ശ്വാസം മുട്ടും. പണ്ടെങ്ങോ ഒളിവിൽ പാർത്ത ആരോ ഒരാൾ ശ്വാസംമുട്ടിക്കിടന്ന സ്ഥലമാണ്. സീനയും എയ്ഞ്ചലും മോളിക്കുട്ടിയുടെ പിന്നിൽ ശ്വാസംപിടിച്ചു നിന്നു. ഭിത്തിയിലെ സ്വിച്ചിൽ വിരലമർത്തിയിട്ടും ബൾബ് പ്രകാശിക്കുന്നില്ല. മൊബൈൽ ഫോണിലെ ടോർച്ച് തെളിഞ്ഞു.
സ്റ്റോറിൽ പലവിധ വസ്തുക്കൾ. വലിയ ചെമ്പു കുട്ടകങ്ങൾ. പാത്രങ്ങൾ. ഉപ്പുമാങ്ങാ ഭരണികൾ. വലിയ ത്രാസ്. കൊപ്രാചാക്കുകൾ. പഴയ കസേരകൾ. കൊത്തുപണികളുള്ള കട്ടിൽ. അടുക്കിവെച്ച ഫോട്ടോകൾ. വലിയ നക്ഷത്രം. രൂപക്കൂടുള്ള പല്ലക്ക്. തൂങ്ങിക്കിടക്കുന്ന വീശുവല.
മോളിക്കുട്ടി ക്യാമറ ഓൺ ചെയ്തു. പക്ഷെ ഒന്നും വ്യക്തമല്ല. ദൃശ്യങ്ങൾ ഒന്നും കിട്ടുന്നില്ല. ക്യാമറ ഓഫ് ചെയ്തു ഉപ്പുഭരണിയുടെ മുകളിൽ ഭദ്രമായി വെച്ചു.
വീശുവലയ്ക്കു പിന്നിലാണ് മറ്റൊരു മുറിയിലേക്കുള്ള വാതിൽ. വീശുവല അനങ്ങുന്നതു പോലെ മോളിക്കുട്ടിക്ക് തോന്നി.
”നമുക്ക് പോകാം മോളിച്ചേച്ചി.” സീന ഭയപ്പാടോടെ പറഞ്ഞു.
”ഗീസ്റ്റ്!…ബോസർ ഗീസ്റ്റ്..!. ഡെഫൽ…!” എയ്ഞ്ചലിന് വെപ്രാളം.
മോളിക്കുട്ടി ശ്വാസമടക്കി വീശുവലയെ നോക്കിനിന്നു. ഒരറ്റത്ത് പിടിച്ചു ഉയർത്താൻ ശ്രമിച്ചപ്പോൾ. ഒരു കറുത്ത രൂപം!.
” ഗോസ്റ്റ്!… ഡെവിൾ!” സീന അലറി.
കറുത്ത രൂപം അടിമുടി പർദ്ദ അണിഞ്ഞത് മാതിരി. അതിന്റെ കൈഭാഗം ഉയരുന്നു!
”അമ്മച്ചിയേ!”
മോളിക്കുട്ടിക്ക് ചുഴലിപിടിച്ചത് പോലെ തല കറങ്ങി. നിലവിളിച്ചുകൊണ്ട് പിന്തിരിഞ്ഞപ്പോൾ ചെമ്പുപാത്രത്തിൽ തട്ടി മറിഞ്ഞു വീണു. സീനയും എയ്ഞ്ചലും പുറത്തേക്കോടി. മോളിക്കുട്ടി പിടഞ്ഞെണീറ്റ് ജീവനുംകൊണ്ട് അവർക്കു പിന്നാലെ പാഞ്ഞു.
സ്റ്റോർമുറിക്കു പുറത്തു മിസ്സിസ് ഡിസൂസയും കത്രീനയും തുറിച്ച കണ്ണകളുമായി നിൽക്കുന്നു.
”ഹു ടോൾഡ് യു ടു ഗോ ഇൻസൈഡ്?” കത്രീനയ്ക്ക് കോപം തിളച്ചു.
മോളിക്കുട്ടി വിമ്മി. ”ഇതിനകത്തു…”
”കയറണ്ടാന്ന് പറഞ്ഞിട്ടുള്ളതല്ലേ? വേഗം പൊയ്‌ക്കോ.” മിസ്സിസ് ഡിസൂസ കൽപ്പിച്ചു.
അപ്പോൾ സൂസിയുടെ നിലവിളി ഉയർന്നുകേട്ടു.
”പരിശുദ്ധ രാഞ്ജി, എന്നെ രക്ഷിക്കേണമേ… എന്റെ വയറ്റിലാരോ അള്ളിപ്പിടിക്കുന്നേ… എന്റെ കുഞ്ഞിനെ കൊല്ലുന്നേ… ഗർഭിണികളെ കാക്കുന്ന പുണ്യവാളന്മാരെ, എന്നെ കൊറോണയിൽ നിന്ന് രക്ഷിക്കണേ…”
മിസ്സിസ് ഡിസൂസ സ്റ്റോറിന്റെ വാതിലടച്ചു ഓടാമ്പലിട്ടു കൊണ്ട് മോളിക്കുട്ടിയോടും സീനയോടും എയ്ഞ്ചലിനോടുമായി വിലക്കി.
”ദേ, അതിനകത്തു ഇനി കയറരുത്. ആരോടും പറയേം വേണ്ട. എല്ലാരും പോയാട്ടെ.”
മാസ്‌കും കയ്യുറയും ധരിച്ച ലേഡി ഡോക്ടർ പരിശോധന തുടങ്ങി. സൂസിയുടെ നെഞ്ചിലും വയറ്റിലും കയ്യിലും കാലിലും ഒക്കെ പരിശോധിക്കേണ്ടി വന്നു. പ്രത്യേകിച്ച് ഒരു കുഴപ്പവും ലേഡി ഡോക്ടർക്കു കണ്ടെത്താനായില്ല. പക്ഷെ സൂസിയുടെ മാനസിക നിലയ്ക്ക് വ്യതിയാനമുണ്ട്.
നിലവിളിയ്ക്കിടയിൽ സൂസിയുടെ സംശയങ്ങൾ പലതാണ്. ക്വാറന്റൈനിൽ ആകുമോ, കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ, ഗർഭം അലസുമോ, വൈറസ് ശരീരത്തിൽ തുടരുമോ, ഉറക്കം കിട്ടുമോ, സ്വന്തം വീട്ടിൽ പോകാൻ പറ്റുമോ, തന്റെ മുറി ആരെങ്കിലും തുറക്കുമോ, കടമക്കുടിയിൽ പൊക്കാളിപ്പാടത്തു ആളെക്കൂട്ടാൻ കഴിയുമോ, താറാവുകളെ ആരു നോക്കും?…
ചോദ്യങ്ങൾക്കെല്ലാം ലേഡി ഡോക്ടർ സമാധാനിപ്പിച്ചു. പക്ഷെ ഭയം വല്ലാതെ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. ചിലപ്പോൾ ചുഴലി ബാധിച്ചത് പോലെ സൂസിയുടെ തലയും കയ്യും വിറയ്ക്കുന്നു.
ലേഡി ഡോക്ടർ മറിയത്തിന്റെയും ചിന്നമ്മയുടെയും വാടിയ മുഖങ്ങളിൽ മാറിമാറി നോക്കി.
”പേടിച്ചതാ. സൂസിയെ പ്രത്യേകം സൂക്ഷിക്കണം.”
പിൻവരാന്തയിൽ മോളിക്കുട്ടി കറുത്തിരുണ്ട മരങ്ങളിലേക്കു നോക്കിനിന്നു.
ഇരുട്ടിന് ആത്മാവുണ്ടോ? ഉണ്ടെങ്കിൽ വെളിച്ചത്തിനും ആത്മാവുണ്ട്. രാത്രി പകലിനോടും പകൽ രാത്രിയോടും സംസാരിക്കും. അത് പിടിച്ചെടുക്കാൻ മനസ്സിന്റെ ഹൈ ഡെഫിനിഷൻ ക്യാമറയ്ക്കു സാധിക്കും. ഒരു പുതിയ ഭാഷയിൽ അത് അവതരിപ്പിക്കാൻ സാധിക്കും. ആന്ദ്രേ താർക്കോവ്‌സ്‌കിയുടെ നൊസ്റ്റാൾജിയ എന്ന സിനിമ മോളിക്കുട്ടിയുടെ ആത്മാവിൽ തെളിഞ്ഞു. നിശബ്ദമായ നൊമ്പരങ്ങൾ. പക്ഷെ ക്യാമറയില്ലാതെ എങ്ങനെ എല്ലാം പകർത്താൻ കഴിയും? അത് ആരുമറിയാതെ തിരിച്ചെടുത്താലോ?
മോളിക്കുട്ടി തിരിഞ്ഞു സീനയെയും എയ്ഞ്ചലിനെയും നോക്കി.
ക്യാമറ നഷ്ടപ്പെട്ടതിൽ അവർക്കും സങ്കടമുണ്ട്. പക്ഷേ ഇനി സ്റ്റോർമുറിയിൽ എങ്ങനെ കയറും? ആരെങ്കിലും അറിഞ്ഞാൽ പ്രശ്‌നം തന്നെ! ഷൂട്ട് ചെയ്തത് അത്രയും ക്യാമറയിലുണ്ട്. ഇനിയും ഷൂട്ട് ചെയ്യാനുമുണ്ട്. അത് ഉപ്പുമാങ്ങാഭരണിയുടെ മുകളിൽ നിന്ന് തിരിച്ചെടുത്തേ പറ്റൂ.
എയ്ഞ്ചൽ കഴുത്തിലെ സ്വർണ്ണമാലയിലെ കുരിശ്ശ് ഉയർത്തിപ്പിടിച്ചു.
”ദസ് ഹൈലിഗ് ക്രൂസ് വിഡ് ഉൺസ് ബിഷുട്‌സൺ!”
മോളിക്കുട്ടിയും സീനയും ജർമ്മൻഭാഷ മനസ്സിലാവാതെ നിമിഷങ്ങളോളം എയ്ഞ്ചലിനെ ശ്രദ്ധിച്ചു.
”ഇച് ഹാബ് എസ് ഇൻ ഫിലിം ഗെസ്‌ഹെൻ..!” കുരിശ്ശ് ഉയർത്തിപ്പിടിച്ചു എയ്ഞ്ചൽ വീണ്ടും തറപ്പിച്ചു പറഞ്ഞു.
അതെ, പിശാചിൽനിന്ന് വിശുദ്ധ കുരിശ്ശ് നമ്മെ രക്ഷിക്കും. അങ്ങനെ ഒരു ഫിലിമിൽ കണ്ടിട്ടുണ്ട്.
മോളിക്കുട്ടി ധൈര്യം സംഭരിച്ചു. ”നമുക്ക് പോയി ക്യാമറ എടുക്കാം?”
”പോകാം ചേച്ചി.” സീന പിന്താങ്ങി.
”ആരും അറിയരുത്.” മോളിക്കുട്ടി മുന്നോട്ടു നീങ്ങി.
അർദ്ധപൗർണമിയുടെ അരണ്ട വെളിച്ചത്തിലൂടെ കൊറോണയുടെ അണുക്കൾ ഒരു ചുഴലിപോലെ ഷെവലിയർ ഹൗസിനെ കീഴ്‌പ്പെടുത്തുകയാണ്. അന്നാമ്മയുടെ മനസ്സ് നീറി.
പാപ്പുവക്കീൽ ഉള്ളപ്പോൾ ഏതു പ്രതിസന്ധിയെയും അനായാസം നേരിടാൻ തനിക്കുകഴിഞ്ഞിരുന്നു. മാത്രമല്ല പാപ്പു വക്കീലിന് ധൈര്യംപകരുന്ന ഇന്ധനമായി കത്തിജ്വലിക്കാനും തനിക്കു ഉത്സാഹമായിരുന്നു. ഇപ്പോൾ ഈ മഹാമാരിയുടെ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന് നടുവിൽ അവസാന കൈത്തിരിയും അണയുകയാണ്. എല്ലാം ശിഥിലമായി പോകുകയാണ്. സെന്റ് തോമസ് മൗണ്ട് അരമനയിൽനിന്നും കർദ്ദിനാൾ വിളിച്ചപ്പോൾ മുതൽ പ്രതീക്ഷയുടെ വിളക്കുമാടം മുനിഞ്ഞുകത്തുന്നു. ഇത് ഷെവലിയർ ഹൗസിലെ അവസാന രാത്രിയല്ലെന്നു തെളിയിക്കാൻ, കൊച്ചി നഗരത്തെയും അവിടുത്തെ മക്കളെയും പരിപാലിക്കുന്ന ഗീവർഗ്ഗീസ് പുണ്യാളാ, ഒരു പിടിവള്ളിയെങ്കിലും ഇട്ടുതരണേ… അന്നാമ്മയുടെ ഹൃദയം നുറുങ്ങിക്കൊണ്ടിരുന്നപ്പോൾ ദേവിക പറഞ്ഞു.
”അമ്മച്ചീ, ആരോഗ്യപ്രവർത്തകരുടെ ആംബുലൻസുകൾ വരും. പ്രായമായവരെയും കുട്ടികളെയും വേർതിരിക്കും. നമുക്ക് വീടുകളിൽ ക്വാറന്റൈൻ അനുവദിക്കുമെന്നാണ് കളക്ടർ അറിയിച്ചത്. എല്ലാവരും തയ്യാറാവണം.”
”നീ എന്തോന്നാ മോളെ ഈ പറേണത്? മധുരംവെയ്പ്പും നാളത്തെ കല്യാണോം മാറ്റിവെയ്ക്കാനോ? എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. തലയ്ക്കകത്തു ചുഴലി വീശുന്ന മാതിരി.” അന്നാമ്മ മറിയത്തിന്റെ തോളിൽ ബലമായി പിടിച്ചു.
ആലീസ് ഇളയ സന്താനമായ എയ്ഞ്ചലിനെ അന്വേഷിച്ചു.
എയ്ഞ്ചൽ എവിടെപ്പോയി?
”എയ്ഞ്ചൽ…”
വാതിൽക്കൽ എത്തിയ മോളിക്കുട്ടിയും സീനയും വല്ലാതെ കിതച്ചു.
”എയ്ഞ്ചൽ എവിടെ മോളിക്കുട്ടി?”
സീന പിൻവരാന്തയിലേക്കു കൈചൂണ്ടി.
ക്യാമറ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മോളിക്കുട്ടി ഒരുവിധം പറഞ്ഞൊപ്പിച്ചു.
ക്യാമറ എടുക്കാൻ മൂന്നു പേരും സ്റ്റോർ മുറിയിൽ കയറി. ഉപ്പുമാങ്ങാഭരണിയുടെ മുകളിൽ നിന്നും ക്യാമറ എടുത്തപ്പോൾ ഒരു കറുത്ത രൂപം അടുത്ത് വരണതുപോലെ കണ്ടപ്പോൾ ഓടി. ആരോ ഇരുട്ടത്ത് മറിയുന്ന ശബ്ദം കേട്ടത് മാത്രമേ ഓർമ്മയുള്ളു. വാതിൽ ഓടാമ്പലിട്ട് ഓടിപ്പോന്നു. ഇപ്പോഴാ മനസ്സിലായത് എയ്ഞ്ചൽ അകത്താണെന്ന്!
”കർത്താവേ…”
ആലീസ് ചുഴലിയിൽപ്പെട്ടതു പോലെ മലർന്നടിച്ചു വീണു.
”കുറച്ചു വെള്ളം കൊണ്ടുവായോ…” അന്നാമ്മ ആവശ്യപ്പെട്ടു.
കിറ്റി വെള്ളമെടുക്കാൻ പാഞ്ഞത് ഗ്രെയ്‌സിന്റെ അടുത്തേക്കാണ്.
ഗ്രെയ്‌സ് കുഞ്ഞിനെ കിടത്തിയ തൊട്ടിൽവണ്ടിയിൽ നിന്നും കയ്യെടുത്ത് ഫ്‌ളാസ്‌ക് തുറന്നു. കുറച്ചു വെള്ളം ഗ്ലാസ്സിലേക്കു പകർന്നു കിറ്റിയെ ഏൽപ്പിച്ചു.
കിറ്റി കൊണ്ടുവന്ന ഗ്ലാസ്സ് വാങ്ങി മറിയം വെള്ളം തളിച്ചു. പക്ഷെ ആലീസിന്റെ മുഖത്ത് വീണതു ചൂടുവെള്ളം!. ഒരു നിലവിളിയോടെ പിടഞ്ഞുണർന്ന ആലീസിനെ ആശ്വസിപ്പിക്കാൻ പാഞ്ഞുവന്ന ഗ്രെയ്‌സിന്റെ കാലുതട്ടി തൊട്ടിൽവണ്ടി മുന്നോട്ടുരുണ്ടു നീങ്ങി.
”കുറച്ചു തണുത്ത വെള്ളം കൊണ്ടുവാ…” ആരോ വിളിച്ചു പറഞ്ഞു.
അത് കേട്ട് കിറ്റി തണുത്ത വെള്ളമെടുക്കാൻ ഓടി.
തൊട്ടിൽവണ്ടി പിടിക്കാനോടിയ ഏലീശ്വാ വെള്ളത്തിൽ തെന്നി റോക്കറ്റുപോലെ പാഞ്ഞു. ഏലീശ്വായുടെ തല ചെന്നിടിച്ചത് മുഖ്യശത്രുവായ മറിയത്തിന്റെ പിൻഭാഗത്താണ്.
മുഖംകുത്തി വീണ മറിയത്തിന്റെ കൈതട്ടി തൊട്ടിൽവണ്ടി വീണ്ടും മുന്നോട്ടുരുണ്ടു.
കിറ്റിയ്ക്കു മുൻപേ തൊട്ടിൽവണ്ടി ഓടാൻ തുടങ്ങി. അതുകണ്ടു ഗ്രെയ്‌സിന് ചുഴലി വന്നു. നിലവിളി തൊണ്ടയിൽ കുരുങ്ങി. ”എന്റെ കുഞ്ഞേ…” നിന്നനില്പിൽ ചാഞ്ഞുവീണതു ആലീസിന്റെ തോളിലേക്ക്.
ആകെയൊരു ബഹളം. എല്ലാവരെയും എന്തോ ബാധിച്ചത് പോലെ. വ്യാധിയോ? ആധിയോ? താളം തെറ്റുന്നു. ചുവടുകൾ തെറ്റുന്നു. വാക്കുകൾ തെറ്റുന്നു. ഓരോരുത്തരുടെയും സമയം തെറ്റുന്നു. തുമ്പുവിട്ട പട്ടങ്ങൾ ഒരു ചുഴലിക്കാറ്റിൽപ്പെട്ടിരിക്കുന്നു.
അപ്പോഴേക്കും ഒരു പാത്രം നിറയെ ഉപ്പുമാങ്ങയുമായി മിസ്സിസ് ഡിസൂസ വന്നു, സ്റ്റോർമുറിയിൽ നിന്നും എയ്ഞ്ചലിനെയും കൂട്ടിക്കൊണ്ട്. ഉപ്പുമാങ്ങ വായിലുള്ളതുകൊണ്ടു മിസ്സിസ് ഡിസൂസയ്ക്കു ഒന്നും പറയാനാവുന്നില്ല.
എയ്ഞ്ചൽ നിലത്തിരുന്ന് ആലീസിന്റെ കൈപിടിച്ച് തിരുമ്മിവിളിക്കാൻ തുടങ്ങി. ”മാമാ… മാമാ.”
താഴേയ്ക്കുള്ള പടികളിറങ്ങിയ കിറ്റിയുടെ പിന്നാലെ തൊട്ടിൽവണ്ടിയും ഇടറിവീണു.
ശബ്ദം കേട്ട് കയറിവന്ന വേലക്കാരികൾ തൊട്ടിൽവണ്ടി പിടിച്ചുനിർത്തി കുഞ്ഞിനെ പുറത്തെടുത്തു.
മോളിക്കുട്ടിയെല്ലാം ക്യാമറയിൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്നു. ക്യാമറയുടെ ഡിസ്‌പ്ലേയിൽ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം!.
ആ നിമിഷം കമ്പ്യൂട്ടറിൽ, വീഡിയോ കോൺഫെറൻസിൽ, ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ പ്രത്യക്ഷമായി.
കത്രീന എല്ലാവരോടുമായി ഉറക്കെ അറിയിച്ചു.
”സൈലൻസ്… സൈലൻസ്…”
എല്ലാ കണ്ണുകളും മോണിറ്ററിൽ പതിഞ്ഞു.
ശൈലജ ടീച്ചർ എല്ലാവർക്കും നമസ്‌കാരം പറഞ്ഞുകൊണ്ട് തുടർന്നു.
”കത്രീന, നിങ്ങൾ ആ കടയിൽ ചെന്നത് ഇറ്റലിയിൽ നിന്നുള്ളവർ വരുന്നതിനു മുൻപാണ്. അതുകൊണ്ടു നിങ്ങൾക്ക് പ്രശ്‌നമില്ല. ആരും ക്വാറന്റൈനിൽ പോകേണ്ടതില്ല. ആരും ഭയപ്പെടേണ്ട കാര്യമില്ല. ഇനിമുതൽ ഒരു കരുതൽ ഉണ്ടായാൽ മതി. സമൂഹ വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുക്കണം. എല്ലാവരും സന്തോഷമായിട്ടിരിക്കുക. കല്യാണം ഭംഗിയായി നടക്കട്ടെ. വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്. ഓൾ ദി ബെസ്‌ററ്.”
മഹാമാരിയുടെ രാത്രി ലജ്ജയിൽ മുങ്ങി.
ജീവിക്കുന്ന രക്തസാക്ഷികൾ കൂവിയാർത്തു.
ഷെവലിയർ ഹൗസ് പൊട്ടിച്ചിരിച്ചു.
About The Author
No related posts.