ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 24 തണലറിയാതെ | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

മഴയും വെയിലും മാറിമാറി മണ്ണിനെ ഉന്മേഷവതിയാക്കി. വൃക്ഷങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞ് നൃത്തം ചെയ്തു. കുറ്റാന്വേഷണത്തിനിടയില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ സംഘട്ടനങ്ങള്‍ ഉണ്ടായെങ്കിലും മനോധൈര്യം കൈവിടാതെ പലരില്‍ നിന്നും പല കാര്യങ്ങളും കൊലപാതകവുമായി ബന്ധപ്പെട്ട് അവള്‍ ചോര്‍ത്തിയെടുത്തു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു അരുണ കിരണിന് കൈമാറിയ മന്ത്രി കാശിപ്പിള്ളയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ. അവള്‍ മമ്മി പ്രിന്‍സിപ്പലായിരിക്കുന്ന സ്കൂളിലാണ് ജോലി ചെയ്തിരുന്നതെന്ന് അറിയില്ലായിരുന്നു. ആ സ്കൂളിലെ അദ്ധ്യാപകരെ ഓരോരുത്തരായി ചോദ്യം ചെയ്യുന്നതിനിടയിലാണ് കൂട്ടുകാരിയെ കാണാനിടയായതും കെട്ടിപ്പിടിച്ച് സ്നേഹം പുതുക്കിയതും.
അവളിലൂടെയും അല്ലാതെയും കാശിപ്പിള്ളയുടെയും ശങ്കരന്‍നായരുടെയും മുഖംമൂടി അഴിഞ്ഞു വീഴുകതന്നെ ചെയ്തു. കൂട്ടുകാരിയുടെ ജീവിതത്തെ തകര്‍ത്തവരില്‍ ഒരാള്‍ ജീവനോടെയുണ്ട്. അയാളോടുള്ള പക അരുണ ഇപ്പോഴും സൂക്ഷിക്കുന്നു. അയാള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷ നേതാവിനെ സമീപിക്കാനിരിക്കുമ്പോഴാണ് കിരണുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. നമ്മള്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കേന്ദ്രത്തിലെ എം പിയാണ്. നാളെ അവനും മന്ത്രിയാകും. കൂട്ടുകാരിയുടെ ഭാവി നശിപ്പിച്ചവനോടും കിരണിന് അമര്‍ഷമുണ്ടായി.
അവളെ വീട്ടില്‍ വരുത്തി ഭക്ഷണം കൊടുക്കയും അവള്‍ക്കൊപ്പം സല്ലാപത്തില്‍ പങ്കുചേരുകയും ചെയ്തു. അവള്‍ക്ക് താക്കീതു ചെയ്തിട്ടു പറഞ്ഞു.
“തല്‍ക്കാലം ഈ നഗ്നചിത്രം നീ ആര്‍ക്കും കൈമാറരുത്. കാരണം ഇത് കാട്ടി എനിക്കയാളെ ചോദ്യം ചെയ്യണം. ഇനിയും അയാളാണോ ഇയാളെ കൊന്നതെന്ന് പറയാന്‍ പറ്റില്ല. ഫോണ്‍ പരിശോധിച്ചതില്‍ ഏറ്റവും കൂടുതല്‍ ടെലിഫോണില്‍ സംസാരിച്ചതും ഇവര്‍ തമ്മിലാണ്. അതൊരുപക്ഷേ, നീണ്ട വര്‍ഷത്തെ ബന്ധമാകാം. അധവാ നീയിത് പുറത്തുവിട്ടാല്‍ നിനക്കുള്ള വൈരാഗ്യമായി നീ അയാളെ കൊന്നതെന്നും സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം പോലീസും തീരുമാനിക്കും. നീ എന്നോട് പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. എനിക്കറിയാം നിനക്കൊരാളെ കൊല്ലാന്‍ കഴിയില്ലെന്ന്. എന്നിരുന്നാലും നിന്‍റെ മനസ്സില്‍ ആ പകയുണ്ടെന്ന് എനിക്കറിയാം. അതിനൊപ്പം എന്‍റെ മനസ്സില്‍ ചില സംശയങ്ങളുമുണ്ട്. തല്ക്കാലം അയാളെ ശ്വാസംമുട്ടിച്ചു കൊന്ന ആ കൊലയാളിയെ തേടിയുള്ള യാത്രയിലാണ്.”
സത്യവും മിഥ്യയും അവരുടെയിടയില്‍ തളംകെട്ടി കിടന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപ്രാവശ്യം തിരുവനന്തപുരത്ത് പോയ കിരണ്‍ കാശിപ്പിള്ളയെ അയാളുടെ നഗ്നചിത്രം കാട്ടി ചോദ്യം ചെയ്തു. ചിത്രം കണ്ട് കാശിപ്പിള്ളി ഞെട്ടിത്തരിച്ചു. ആരുമറിയാതെയുള്ള രഹസ്യവിചാരണയാണ് നടന്നത്.
“അന്വേഷണത്തോടു സഹകരിച്ചാല്‍ ഒരുപക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാനായേക്കും. മറിച്ചായാല്‍ കസേര തെറിക്കും. അധികാരത്തിലിരുന്ന് നാശം വിതച്ച് കൊയ്തു നടത്തുന്ന സാമൂഹ്യസേവനവും അവസാനിക്കും.”
നിമിഷങ്ങള്‍ അയാള്‍ മനോനില തെറ്റിയവനെപ്പോലെയിരുന്നു. വര്‍ഗ്ഗീയത വളര്‍ത്തി വോട്ടുപെട്ടി നിറയ്ക്കുന്നവന്‍റെ മുഖത്തേക്ക് അവള്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. ഇന്ത്യയിലെ എല്ലാ പ്രമുഖ അമ്പലങ്ങളിലും കാണിക്ക കൊടുക്കാന്‍ പോകുന്ന കാശിപ്പിള്ള ഈ പ്രാവശ്യം ഉത്തരാഖണ്ടിലെ ബദരിനാഥിലും നേര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ പോയിരുന്നു. ഭാഗ്യവശാല്‍ അവിടുത്തെ ദൈവങ്ങള്‍ വെള്ളത്തിനടിയിലായെങ്കിലും കാശിപ്പിള്ള രക്ഷപെട്ട് പോയിരുന്നു. ആ കൂട്ടത്തില്‍ ധാരാളം സന്യാസിമാരുമുണ്ടായിരുന്നു. മറ്റുള്ളവരുടെ രക്ഷയ്ക്ക് എത്തേണ്ട സ്വാമിമാര്‍ രക്ഷ കണ്ടെത്തുകയായിരുന്നു. അവിടുത്തെ പ്രളയതാണ്ഡവം കെടുത്താന്‍ കാരണം മനുഷ്യന്‍റെ തിന്മകള്‍ തന്നെ.
കാശിപ്പിള്ളയുടെ മുഖത്ത് കുറ്റബോധമോ, നിരാശയോ, ലജ്ജയോ ആശയക്കുഴപ്പമോ ഒന്നുമറിയാത്തയവസ്ഥ. ഇവള്‍ ചാരുംമൂടന്‍റെ മകളാണ് എത്രകോടികള്‍ കൊടുക്കാമെന്ന പറഞ്ഞാലും അത് മുഖത്ത് വലിച്ചെറിയും. ചോദ്യം ചെയ്യലില്‍ അയാള്‍ തന്‍റെ കുത്തഴിഞ്ഞ ലൈംഗിക ചരിത്രത്തെപ്പറ്റിയും അഴിമതിയെപ്പറ്റിയും സ്വജനപക്ഷപാതം വളര്‍ത്തുന്നതിനെപ്പറ്റിയും എനനു വേണ്ട, ശങ്കരന്‍നായരുമായുള്ള എല്ലാ കൂട്ടുകെട്ടുകളും തുറന്നു പറഞ്ഞു.
അയാള്‍ എല്ലാ ദൈവങ്ങളെയും സാക്ഷി നിര്‍ത്തി പറഞ്ഞു, “ഒരിക്കലും ശങ്കരന്‍ നായരെ കൊല്ലാനുള്ള ഒരു കാരണവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ അടുത്ത ആത്മസുഹൃത്തുക്കള്‍ തന്നെയായിട്ടാണ് അയാളുടെ മരണം വരെ കഴിഞ്ഞത്.”
അയാള്‍ താണുവണങ്ങി പറഞ്ഞു. “ഈ ഫോട്ടോയിലൂടെ എന്‍റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കരുത്. ഇത് പുറത്ത് കണ്ടാല്‍ എനിക്ക് ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.”
ഇയാളെ കൊല്ലാനുള്ള മനസ്സുമായി പ്രതികാരവാഞ്ഛയുമായിരിക്കുന്ന അരുണയെ കിരണ്‍ ഓര്‍ത്തു. അവള്‍ പ്രതികാരസ്വരത്തില്‍തന്നെ പറഞ്ഞു. “ഒരു പെണ്ണിന്‍റെ ഭാവി മാത്രമല്ല എത്രയോ സ്ത്രീകളെയാണ് നിങ്ങള്‍ അധികാരത്തിലിരുന്ന് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ച് കറിവേപ്പിലപോലെ വലിച്ചെറിഞ്ഞത്. അരമനഗോപുങ്ങളില്‍ നടക്കുന്നത് അരമനരഹസ്യങ്ങളല്ലേ? ആരറിയാന്‍. അഥവാ അറിഞ്ഞാല്‍ തന്നെയും സ്വന്തം പോലീസ്സിനെ ഉപയോഗിച്ച് അത് തേച്ചുമാച്ച് കളയും അല്ലെങ്കില്‍ മൂടി വയ്ക്കും. ഇതല്ലേ ഇന്നും സംഭവിക്കുന്നത്. എന്നെ സംബന്ധിച്ച് നീതിപൂര്‍വ്വവും നിഷ്കളങ്കവുമായ ഒരന്വേഷണമാണ് ഞാന്‍ നടത്തുന്നത്. അഥവാ ഈ കേസില്‍ നിങ്ങള്‍ക്ക് പങ്കുണ്ടെന്നറിഞ്ഞാല്‍ താനിതോര്‍ത്ത് ചെയ്ത കുമ്പസാരമടക്കം തെളിവാക്കി ഇയാളെ ഞാന്‍ ക്രൂശില്‍ കയറ്റും. ഭരണത്തില്‍ വരുന്ന സര്‍ക്കാരുകള്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണല്ലോ നിയമം നിയമത്തിന്‍റെ വഴിക്ക്, അതുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. ഇന്ന് എല്ലാ രംഗവും കാണുന്നത് ഗുരുവില്ലാത്ത കളരിപ്പയറ്റുപോലെയാണ്. ഇതിനൊക്കെ ആരാണ് ഉത്തരവാദികള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളെപ്പോലുള്ളവരാണ്.”
കാശിപ്പിള്ളയുടെ ശരീരമാകെ മഞ്ഞുപോലെ തണുത്തു. ശീതീകരിച്ച മുറിയില്‍ വെളിച്ചമായിരുന്നുവെങ്കിലും അവിടെയാകെ ഇരുട്ടുപോലെ തോന്നി. നാട് ഭരിക്കുന്നവെ കാട്ടിലെ കടുവായെപ്പോലെ നോക്കിയിട്ടവള്‍ ഇറങ്ങിപ്പോയി. അതോടെ കാശിപ്പിള്ള പനിബാധിച്ച് കിടപ്പിലായി. സമുദായ നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും കാശിപ്പിള്ളയെ ആശുപത്രിയില്‍ പോയി കണ്ടു.
കിരണ്‍ അന്വേഷണം തുടരന്‍ന്നു. ശങ്കരന്‍ ടെലിഫോണിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും സ്വകാര്യമായി ബന്ധപ്പെട്ടവരെയെല്ലാം പിന്‍തുടര്‍ന്നു ചോദ്യം ചെയ്തു. അതില്‍ ജഡ്ജി കുര്യന്‍ സാജനുമുണ്ടായിരുന്നു. വീണ്ടും ചോദ്യമുയര്‍ന്നു. ഏതോ അജ്ഞാത കേന്ദ്രത്തിലാണ് കൊലയാളിയെന്നവള്‍ മനസ്സിലാക്കി. കുറ്റാന്വേഷകര്‍ക്ക് ഉള്ളില്‍ ആശങ്ക. കഴിഞ്ഞ ഒരു മാസമായി അന്വേഷണം തുടരുകയാണ്. എങ്ങും പ്രതീക്ഷയ്ക്ക് വക നല്കുന്നില്ല. ചോദ്യം ചെയ്തവരൊക്കം സമനില തെറ്റിയവരായി മാറിയിട്ടുണ്ട്. കേസ് മൊത്തത്തില്‍ അനാവരണം ചെയ്യുമ്പോള്‍ അവളും സമനില തെറ്റിയവളെപ്പോലെ പല ദിവസങ്ങളിലും പെരുമാറുന്നു.
നിത്യവും അന്വേഷണവുമായി കഠിനാദ്ധ്വാനം ചെയ്യുന്ന മകളെയാണ് മാതാപിതാക്കള്‍ക്ക് കാണാന്‍ കഴിഞ്ഞത്. സന്ധ്യമയങ്ങുന്നതോടെ വീട്ടിലെത്തുന്ന മകളെ സ്നേഹപൂര്‍വ്വം ഒന്ന് കാണാന്‍പോലുമാകുന്നില്ല. വീട്ടില്‍ കയറിവരുന്നത് വളരെ ഗൗരവഭാവത്തോടെയാണ്. അതിനാല്‍ മാതാപിതാക്കള്‍ കൂടുതലൊന്നും ചോദിച്ച ബുദ്ധിമുട്ടിക്കാറില്ല. ആര്‍ക്കും അവളെ മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ അവളുടെ ദൗത്യത്തെപ്പറ്റി ചിന്താകുലരല്ല എന്നതാണ് സത്യം.
ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മാത്രമാണ് അവള്‍ വായ് തുറക്കുന്നത്. കേസിനെപ്പറ്റിയോ വിവാഹത്തെപ്പറ്റിയോ ചോദിക്കാന്‍ അനുവാദമില്ല. ഓമന അതിനോട് എതിര്‍പ്പൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് ചോദിക്കുന്നതുപോലെ, ആനക്കാര്യത്തിനിടയിലാണോ ചേനക്കാര്യം. ഭക്ഷണം കഴിഞ്ഞ് മുറിക്കുള്ളില്‍ കമ്പ്യൂട്ടറും ടെലിഫോണുമായി കഴിയുന്ന മകളെ ആകാംക്ഷയോടെയാണ് ഓമന കണ്ടത്. അക്ഷരത്തിലൂടെ സമൂഹത്തെ നന്നാക്കാന്‍ ഒരാള്‍ ഒരു മുറിയിലും കുറ്റവാളിയെ കണ്ടെത്താന്‍ മകള്‍ മറ്റൊരു മുറിയിലും പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഈ പ്രതിഭാശാലികളുടെ മുറിയിലേക്ക് ക്ഷമയോടെ നോക്കി നില്ക്കാനെ പലപ്പോഴും കഴിഞ്ഞിട്ടുള്ളൂ. രണ്ടുപേരുടെയും തലയില്‍ മുളയ്ക്കുന്നത് അജ്ഞാതമായ എന്തോ ഒക്കെയാണ്. വീടിനുള്ളില്‍ ഒറ്റപ്പെട്ടവളെപ്പോലെ ഓമന കഴിഞ്ഞു. അതില്‍ നിരാശപ്പെട്ടിട്ടും കാര്യമില്ല. അവരുടെ കഥാപാത്രങ്ങളുമായി എനിക്കൊന്നും പങ്കുവയ്ക്കാനില്ല. ഒരാള്‍ കഥാപാത്രത്തെ മെനെഞ്ഞെടുക്കാന്‍ പാടുപെടുന്നു. മറ്റൊരാള്‍ കഥാപാത്രമായ കുറ്റവാളിയെ കണ്ടെത്താന്‍ പാടുപെടുന്നു.
കമ്പ്യൂട്ടറില്‍ എന്തോ ഒക്കെ ടെപ്പു ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കരുണിന്‍റെ മൊബൈല്‍ നമ്പര്‍ തെളിഞ്ഞത്. അവളുടെ കണ്ണുകളില്‍ സ്നേഹനൊമ്പരങ്ങള്‍ തെളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊന്നും അവനെ വിളിക്കാനായില്ല. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. അവള്‍ മൊബൈല്‍ എടുത്തു.
കേസുമായി ബന്ധപ്പെട്ട നാള്‍ മുതല്‍ ഊണും ഉറക്കവുമില്ലാതെയാണ് മുന്നോട്ടു പോകുന്നത്. അതിനിടയില്‍ കരുണുമായി ഫോണില്‍ ബന്ധപ്പെട്ടത് വളരെ ചുരുക്കം മാത്രം. അത് പ്രണയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല, രണ്ടുപേര്‍ക്കും അതറിയാം. ഏറ്റെടുത്തിരിക്കുന്ന കേസ് ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. കുറ്റവാളിയെ കണ്ടെത്തുക, അറസ്റ്റു ചെയ്യുക അതാണ് എല്ലാവരുടെയും ആവശ്യം. പലപ്പോഴും തോന്നിയിട്ടുണ്ട് കുറ്റവാളി മുന്നില്‍ വന്ന് നില്ക്കയല്ലേ അറസ്റ്റു ചെയ്യാന്‍. അതല്ലെങ്കില്‍ പ്രദര്‍ശനശാലയില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന സാധനം വല്ലതുമാണോ? ശാസ്ത്രീയമായി ധാരാളം സാധ്യതകള്‍ ഉണ്ടായിട്ടും കണ്ടെത്തിക്കൂടെയെന്ന് കൂട്ടത്തിലൊരു ചോദ്യവും. സത്യത്തില്‍ ശാസ്ത്രജ്ഞര്‍ നടത്തുന്ന കണ്ടുപിടുത്തം തന്നെയാണ് കുറ്റാന്വേഷകരും നടത്തുന്നത്.
അവള്‍ ഫോണിലേക്ക് ശ്രദ്ധ തിരിച്ചു.
“ഹലോ കരുണ്‍. എന്തൊക്കെയുണ്ട് വിശേഷം. നീ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.”
“നാളെ ഞാന്‍ വരുന്നുണ്ട്.”
“നീ വരുന്നത് പെണ്ണുകാണാനാ?”
“എന്താ എനിക്കൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതില്‍ തെറ്റ്?”
“ങും, ഞാന്‍ ജീവനോടിരിക്കുമ്പോള്‍ നീ വേറൊരു പെണ്ണിനെ കെട്ടാനോ? വെറുതെ നടക്കാത്ത കാര്യങ്ങളൊന്നും മോന്‍ സ്വപ്നം കാണേണ്ട.”
“ഇപ്പോള്‍ സാറിന് എങ്ങനെയുണ്ട്?”
അവള്‍ നിമിഷങ്ങള്‍ മൗനിയായി. പപ്പായിക്ക് എന്തു പറ്റി? കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായി ചുമയ്ക്കുന്നതു കേട്ടു. രാവിലെ ഇറങ്ങുന്നതിന് മുമ്പ് ആ കാര്യം ചോദിച്ചതുമില്ല. അവള്‍ ചോദിച്ചു.
“പപ്പായിക്ക് എന്തെന്നാണ് നീ ചോദിക്കുന്നത്?”
“രാവിലെ വിളിച്ചിരുന്നു. തീരെ സുഖം തോന്നുന്നില്ലെന്നാണ് പറഞ്ഞത്. തീരെ സുഖമില്ലെങ്കില്‍ നാളെ ഞാന്‍ വരുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാമായിരുന്നു.”
“അതിന് നിന്‍റെ സഹായം തല്ക്കാലം വേണ്ട. ഈ മോള്‍ ഇവിടെ ജീവനോടെയുണ്ട് കെട്ടോ.”
“നീ ഒരു മോള്‍. എന്നിട്ട് എന്താ ഒന്നും തിരക്കാതിരുന്നത്? ഇതറിയാന്‍ ഞാന്‍ പറയേണ്ടിവന്നില്ലേ?”
അവള്‍ക്കതിന് കൃത്യമായൊരു ഉത്തരം കണ്ടെത്താനായില്ല.
“സോറി. പപ്പായുടെ അസുഖം തിരക്കാന്‍ കഴിഞ്ഞില്ല. ഞാനിപ്പോള്‍തന്നെ പപ്പായുടെ മുറിയിലേക്ക് പോകുന്നു. നീ നാളെ വരുന്ന കാര്യവും പറയാം. ഓ.കെ. ഗുഡ്നൈറ്റ്.”
അവള്‍ ഫോണ്‍ വച്ചിട്ട് പപ്പായുടെ മുറിയിലേക്ക് വന്നു. പപ്പ കട്ടിലില്‍ ക്ഷീണിതനായി കിടക്കുന്നു. ഇടയ്ക്ക് ചുമയ്ക്കുകയും ചെയ്യുന്നു. അടുത്ത് മമ്മിയും ഇരിപ്പുണ്ട്.
അവള്‍ സ്നേഹത്തോടെ വിളിച്ചു.
“പപ്പാ എന്താ സുഖമില്ലേ?”
പപ്പ അവളുടെ മുഖത്തേക്ക് നോക്കി.
“ചെറുതായി ചുമ. രാവിലെ നല്ല ശരീരവേദനയുണ്ടായിരുന്നു. മമ്മി കഫ് സിറപ്പും പാരസെറ്റമോളും വാങ്ങിക്കൊണ്ടുവന്നു. ഇപ്പോള്‍ കുറവുണ്ട്.”
അവള്‍ തെല്ല് അമ്പരപ്പോടെ ചോദിച്ചു. “ആശുപത്രിയില്‍ പോകണോ?”
കയ്യുയര്‍ത്തി ആംദ്യം കാട്ടി വേണ്ടെന്നു പറഞ്ഞു.
ഓമനയും പറഞ്ഞു, “ഞാനും ചോദിച്ചു. വേണ്ടെന്ന് പറഞ്ഞു. മഴ വരുമ്പോഴെല്ലാം പകര്‍ച്ചപ്പനി പടരുന്ന നാടല്ലേ.”
വീണ്ടും ചാരുംമൂടന്‍ പറഞ്ഞു. “എനിക്കൊരു കുഴപ്പവുമില്ല മോളെ. രാവിലെ തന്നെ ചേട്ടന്‍റെ മോന്‍ ഡോക്ടര്‍ വര്‍ഗ്ഗീസും എന്നെ വന്ന് പരിശോധിച്ചിട്ടാണ് പോയത്. അവന്‍ പറഞ്ഞ മരുന്നാണ് വാങ്ങി കഴിക്കുന്നത്. കുടുംബത്തില്‍ തന്നെ രണ്ട് ഡോക്ടേഴ്സ് ഉള്ളപ്പോള്‍ അവര്‍ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. മോള് പോയി കിടന്നോ?”
അത്രയും കേട്ടപ്പോഴാണ് അവള്‍ക്ക് ഒരാശ്വാസമായത്. പോകുന്നതിന് മുമ്പ് അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “കരുണ്‍ ഇപ്പോള്‍ വിളിച്ച് അസുഖത്തെപ്പറ്റി ചോദിച്ചു. അവന്‍ നാളെ വരുന്നുണ്ടെന്നറിയിച്ചു.”
“അവന്‍ വരുന്നത് പാടത്ത് നാളെ യന്ത്രങ്ങള്‍ ഇറക്കി കൊയ്ത്തു നടത്താനാണ്. ഏതെങ്കിലും മന്ത്രിമാര്‍ അവനെപ്പോലെ പാടത്തിറങ്ങി പണി ചെയ്യുമോ? കഴിഞ്ഞായാഴ്ച പലക്കാടും യന്ത്രത്തില്‍ കൊയ്ത്തു നടത്തുന്ന ഫോട്ടോ പത്രത്തില്‍ കണ്ടിരുന്നു. ഇത്രമാത്രം സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങുന്ന, ജനങ്ങള്‍ക്ക് ഒപ്പം നില്ക്കുന്ന ഏതെങ്കിലും ഒരു മന്ത്രിയെ ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ? പാര്‍ട്ടിക്കാര്‍ കൊടുത്ത കോഴപ്പണം പാവങ്ങള്‍ക്കായി വീടു കെട്ടിക്കൊടുത്തു. അതില്‍ നിന്ന് കുറെ കവര്‍ന്ന് അവനും ഒരു മണിമാളിക കെട്ടാമായിരുന്നു. ഇന്നത്തെ രാഷ്ട്രീയത്തില്‍ അവനെപ്പോലെ സ്വഭാവശുദ്ധിയുള്ളവര്‍ എത്രപേരുണ്ട്. കുറ്റകൃത്യങ്ങളെപ്പോലും രാഷ്ട്രീയവത്കരിക്കുന്ന നാട്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനല്ല അവര്‍ ശ്രമിക്കുന്നത് രക്ഷിക്കാനാണ്. വളരെ പവിത്രമായ സ്ഥമാണ് നിയമസഭയെന്നാണ് വിശ്വാസം. അവിടെ നടക്കുന്നത് എന്താണ്? അവിടെയിരിക്കാന്‍ എത്രപേര്‍ക്ക് യോഗ്യതയുണ്ട്. യോഗ്യതയുള്ളവര്‍ വെറും വിരലില്‍ എണ്ണാന്‍ മാത്രം. എത്രയോ എം എല്‍ എ മാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. വീണ്ടും വീണ്ടും ഇക്കൂട്ടരെ ജനം വിജയിപ്പിക്കുന്നത് എത്രയോ വിചിത്ര സ്വഭാവമാണ്. അവള്‍ ഇടയ്ക്ക് ചോദിച്ചു. പപ്പ എന്തിനാണ് സര്‍ക്കാര്‍ അവാര്‍ഡ് നിരസിച്ചത്. അമര്‍ഷഭാവത്തിലറിയിച്ചു. എനിക്ക് രാഷ്ട്രീയ അവാര്‍ഡ് വേണ്ട. എന്‍റെ വായനക്കാര്‍ നല്കുന്ന അവാര്‍ഡ് മതി. എന്നെയും രാഷ്ട്രീയ കുപ്പായമിടാനാണ് അവരുടെ ശ്രമം. മിതസാഹിത്യകാരനെയും ആ കുപ്പായമിട്ട് വളര്‍ത്തുകയാണ് ചെയ്യുന്നത്. സത്യത്തില്‍ വിദ്യാഭ്യാസയോഗ്യതകള്‍ ഏര്‍പ്പെടുത്തണം രാഷ്ട്രീയക്കാര്‍ക്ക്…” ദീര്‍ഘമായൊരു ചുമയില്‍ ചാരുംമൂടന്‍റെ വാക്കുകള്‍ മുറിഞ്ഞു.
ഈ പറഞ്ഞതൊക്കെ ഇന്ത്യയില്‍ നടക്കുമോ എന്ന ചോദ്യമാണ് ഭര്‍ത്താവിന്‍റെ നെഞ്ചു തടവിക്കൊടുക്കുമ്പോള്‍ ഓമനയുടെ മനസിലുണ്ടായത്.
“മതി, പപ്പ കൂടുതല്‍ സംസാരിച്ച് ചുമ കൂട്ടണ്ട. ഓകെ. ഗുഡ് നൈറ്റ്.”
കിരണ്‍ പുറത്തേക്കു പോയി. അവള്‍ കതകടച്ച് വീണ്ടും കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. പുറത്തെ നിലാവില്‍ ഏതോ കിളികള്‍ വിഷാദാത്മകമായി പാടുന്നുണ്ടായിരുന്നു.
അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും എത്തിനില്ക്കുന്നത് ഇരുട്ടുമുറിയില്‍ തപ്പി തടയുന്നവളെപ്പോലെയാണ്. ഇതുവരെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ സാധിച്ചിട്ടില്ല. അന്വേഷണത്തിനിടയില്‍ മറ്റ് പല കുറ്റവാളികളെ കണ്ടെത്താനും അറസ്റ്റു ചെയ്യാനും കഴിഞ്ഞു. കുറ്റകൃത്യങ്ങളും എണ്ണം കൂടുന്നുവെന്നതിന് തെളിവാണത്. തുണിക്കച്ചവടക്കാരിയായി വേഷം മാറിയതുകൊണ്ടാണ് ഇതിനെല്ലാം ദൃക്സാക്ഷിയാകാന്‍ കഴിഞ്ഞത്. അതില്‍ പ്രധാനപ്പെട്ടത് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചുകൊണ്ട് ബൈക്കില്‍ രക്ഷപെട്ട ഗുണ്ടാസംഘത്തെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തതാണ്. വീടിനുള്ളില്‍ പെണ്‍കുട്ടിയെ പൊള്ളിച്ച് പീഡിപ്പിച്ച രണ്ടാനമ്മയെയും, ത്രീസ്റ്റാര്‍ ഹോട്ടലില്‍ കോളേജ് പെണ്‍കുട്ടികളെയെത്തിച്ച് വേശ്യാവൃത്തി നടത്തുന്ന മാഫിയ സംഘത്തെയും പിടികൂടാനായി. ഒരു വീട്ടില്‍ നിന്ന് ഭാര്യയെ ഉപയോഗിച്ച് ലൈംഗിക കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒരു ഭര്‍ത്താവിനെയും പിടികൂടാനായി. മറ്റൊരിടത്തുനിന്നും വൃദ്ധയെ പട്ടിണിക്കിട്ടു പീഡിപ്പിക്കുന്ന മരുമകളെ കണ്ടെത്തി. തോടിനടുത്ത് കാറ്റുകൊണ്ടിരുന്ന ദമ്പതികളെ സദാചാരപോലീസ് ചമഞ്ഞെത്തി കയ്യേറ്റം ചെയ്യാനെത്തിയ യുവാക്കളെ കൈകാര്യം ചെയ്ത ഭര്‍ത്താവിന് തുണയായെത്തി. യുവാക്കളെ കൈകാര്യം ചെയ്ത് തോട്ടിലേക്ക് വലിച്ചെറിഞ്ഞ് പോലീസിന് കൈമാറി. വ്യാജമദ്യം നിര്‍മ്മിക്കുന്ന രണ്ടുവീടുകള്‍ അവളുടെ ശ്രദ്ധയില്‍പെട്ടു. എക്സൈസ് വകുപ്പിനെ അറിയിച്ച് അവരെയും പിടികൂടി.
ഇങ്ങനെ ധാരാളം സംഭവങ്ങളുണ്ടായി. നാട്ടിലെ പല വീടുകളിലും പലവിധത്തില്‍ ദുരിതങ്ങളനുഭവിക്കുന്നവരുണ്ട്. ഈ കുറ്റവാളികള്‍ മാന്യന്മാരായി സമൂഹത്തില്‍ ജീവിക്കുന്നു. ഓരോരോ വീടുകളില്‍ പരിശോധനകള്‍ ആവശ്യമാണെന്ന് അവള്‍ക്കുതോന്നി. ഇതിനായി മഫ്തി പോലീലീസുകാരെയും കുടുംബശ്രീക്കാരെയുമൊക്കെ രംഗത്തിറക്കിയാല്‍ പലര്‍ക്കും സുരക്ഷ ലഭിക്കുമെന്നവള്‍ക്കു തോന്നി.
അവള്‍ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ചിന്താകുലയായി നടന്നു. ഈ കൊലപാതകത്തെ അധോലോകസംഘങ്ങളുമായി ബന്ധപ്പെടുത്താന്‍ ഒരു കാരണവും കണ്ടെത്തിയില്ല. അവള്‍ കണ്ണാടിയിലേക്ക് തുറിച്ചുനോക്കി. കയ്യിലിരുന്ന പേന പല്ലുകള്‍ക്കിടയില്‍ തട്ടിക്കളിച്ചു. ഒരു മാസത്തെ അന്വേഷണത്തില്‍ ഒരു കാര്യമുറപ്പിച്ചു. അയാളുടെ വൃഷ്ണങ്ങള്‍ മുറിച്ചുമാറ്റണമെങ്കില്‍ ഒരു സ്ത്രീയുടെ പങ്കാളിത്തം ഇവിടെ തെളിയുന്നുണ്ട്. പലരില്‍ നിന്നും മനസ്സിലാക്കിയത് ബംഗ്ലാവ് ഒരു വേശ്യാലയംപോലെയായിരുന്നുവെന്നാണ്. എല്ലാ തെളിവുകളും സാദ്ധ്യതകളും ചെന്നെത്തിയത് ഏതോ സ്ത്രീയിലേക്ക് തന്നെയാണ്. സ്വന്തം ഭാര്യ അത്തരമൊരു കടുംകൈ ചെയ്യുമോ?
പലദിവസങ്ങളിലും പച്ചക്കറിക്കുള്ളത് അരിഞ്ഞുകൊടുക്കുകയും മുറികള്‍ തൂത്തുതുടച്ച് വൃത്തിയായി ഇട്ടുകൊടുക്കുകയും അതിനിടയില്‍ അലമാരകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധത്തില്‍ മനംമടുത്ത് ഇത്തരമൊരു ക്രൂരതകാട്ടി ഭര്‍ത്താവിനെ വകവരുത്തിയതാണോ? രമാദേവിക്ക് അതിന് കഴിയില്ല എന്നുതന്നെയാണ് കരുതുന്നത്. മനസ്സില്‍ സംശയം കൂടുകയാണ്. ഈ കൊലപാതകത്തിന് ഈ വീടുമായി ബന്ധമില്ലേ? മറ്റുള്ള പലരെയും ഈ കേസുമായി ബന്ധപ്പെടുത്താന്‍ നോക്കിയെങ്കിലും ഒന്നുംതന്നെ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മുറിയില്‍ പീഡിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് അരുണ. അതുപോലെ എത്ര അരുണമാര്‍ കാണും. ഈ രണ്ടുകൂട്ടരില്‍ എത്തുന്നതിന് മുമ്പ് രമാദേവിയുടെ പങ്കാണ് അറിയേണ്ടത്. മറ്റുപലരുടെയും പിറകെ പോയതുകൊണ്ട് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി.
ശങ്കരന്‍ നായരെ ഒരു പ്രേതമായാണ് പലരുടെയും മുന്നില്‍ അവതരിപ്പിച്ചത്. വളഞ്ഞ വഴികളെല്ലാം മുന്നില്‍ അടയുകയാണ്. പോലീസിന്‍റെ ശ്രദ്ധ തിരിച്ചുവിടാന്‍ രമാദേവി മനഃപൂര്‍വ്വം നിഷ്കളങ്കയും സ്നേഹമതിയുമെന്ന് അഭിനയിക്കുകയാണോ? ഒരു തെളിവുപോലുമില്ലാതെ കേസ് എങ്ങിനെ തെളിയിക്കും. രമാദേവി മനസ്സില്‍ ധാരാളം ചോദ്യങ്ങളുയര്‍ത്തി.
“രമാദേവി…” അവള്‍ പിറുപിറുത്തു.
രാവിലെതന്നെ കിരണ്‍ രമാദേവിയുടെ വീട്ടിലെത്തി. മുറികള്‍ എല്ലാം തൂത്തുവൃത്തിയാക്കിക്കൊണ്ടിരിക്കെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഫോട്ടോകളിലേക്ക് നോക്കി.
അടുത്തുവന്ന രമാദേവിയോട് ചോദിച്ചു. “ഇത് സാറിന്‍റെ അപ്പാവാ?”
അതേയെന്ന് രമാദേവി മൂളിയിട്ട് നിമിഷങ്ങള്‍ ആ ഫോട്ടോയിലേക്ക് നോക്കി നിന്നു.
“നല്ല അഴകാര്‍ന്ന മൊഖംതാന്‍. അമ്മാ ഇന്ത നാട്ടിലെ ആളുകള് കൊഞ്ചം കൊഞ്ചം ഒരു കാര്യം ശൊല്ലുന്നു.”
രമാദേവി എന്തെന്നറിയാനായി ആകാംക്ഷയോടെ നോക്കി.
“ഇന്താനാട്ടിലെ പെണ്‍കൊളന്തകള് പേടിയാ ഇരിക്കണ്. സാറിന്‍റെ പ്രേതം അവര് കണ്ടുപോലും. അമ്മയെന്തെങ്കിലും കേട്ടോ?”
രമാദേവി ദുഃഖഭാരത്തോടെ നോക്കി. മണ്ണി യക്ഷി, മറുതല, ചാത്തന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. പുരുഷപ്രേതങ്ങളെപ്പറ്റി ആദ്യമായി കേള്‍ക്കുകയാണ്. യക്ഷികള്‍ രക്തം കുടിക്കുന്നത് പുരുഷന്മാരുടെയെങ്കില്‍ പുരുഷപ്രേതം കുടിക്കുന്നത് സ്ത്രീകളുടെ രക്തമായിരിക്കുമല്ലോ. അദ്ദേഹത്തിന്‍റെ പ്രേതാത്മാവ് ആരിലെങ്കിലും കുടിയേറാതെ ഇവളത് അറിയില്ല. ഓരോരുത്തരും ഓരോരോ വ്യാഖ്യാനങ്ങള്‍ കൊടുത്താണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നത്. ഇത് സത്യമാണോ സങ്കല്പമാണോ എന്നറിയാന്‍ എന്താണൊരു മാര്‍ഗ്ഗം. മനസ്സിലേക്ക് കടന്നുവന്നത് അവളുടെ കഴുത്തില്‍ കിടക്കുന്ന രുദ്രാക്ഷമാലയാണ്. മനസ്സില്‍ കടന്നുകൂടിയ സംശയത്തിന് അതിനുത്തരം പറയാന്‍ കഴിയുമായിരിക്കും. അടുത്ത വീട്ടിലെ നായ് കുരയ്ക്കുന്നത് അവരുടെ കാതിലെത്തി.
അവള്‍ തിടുക്കപ്പെട്ടു പറഞ്ഞു, “അമ്മാ എന്താ നായ് ഇപ്പം കുരയ്ക്കുന്നത്. ആപത്തു താന്‍. നമ്മള്‍ ഇന്താണ വിഷ ഇപ്പം ശൊല്ലിയപ്പം താന്‍ നായ് കൊരച്ചേ. ആണ്ടവാ മുരുകാ കാക്കണേ.”
തലയ്ക്ക് മുകളില്‍ ഒരു പല്ലികൂടി ശബ്ദിച്ചപ്പോള്‍ ആ വാദത്തിന് ശക്തിയേറി. ഭിത്തിയുടെ ഒരു കോണിലിരുന്ന വലിയൊരു പല്ലിയെ രമാദേവി ഭയത്തോടെ നോക്കി. നിശബ്ദനിമിഷങ്ങള്‍. എല്ലാം ദുസൂചനകളാണ് നല്കുന്നത്. മുഖത്ത് ദുഃഖം നിഴലിച്ചു.
അവള്‍ ആശ്വസിപ്പിച്ചു. “സാരമില്ലമ്മാ. ആണ്ടവന്‍ തൊണച്ചു. ഇങ്ക മാലയാണെ സത്യം.”
അവള്‍ മാലയില്‍ മുറുകെ പിടിച്ചു.
തെല്ല് ഭാരത്തോടെ രമാദേവി ചോദിച്ചു, “കാമാക്ഷി, നിന്‍റെ രുദ്രാക്ഷമാല സത്യമല്ലേ പറയൂ?”
സമൂഹത്തില്‍ ശങ്കരന്‍റെ പ്രേതാത്മാവ് ഭീതി പരത്തുന്നത് രമാദേവിയില്‍ വിശ്വാസമുണര്‍ത്തിയിരിക്കുന്നു. ഞാന്‍ സൃഷ്ടിച്ച പ്രേതാത്മാവ് ജീവനും ശക്തിയുമുള്ളതായി മാറിയിരിക്കുന്നു. എത്രയോ ദേവീദേവന്മാരെയും ഭൂതപ്രേതപിശാചുക്കളെയും സാഹിത്യകാരന്മാര്‍ സൃഷ്ടിച്ചെടുത്ത് മനുഷ്യന് നല്കി. അവരൊക്കെ ഇന്ന് പൂജാമുറികളിലെ ആരാധനാമൂര്‍ത്തികളാണ്. സിനിമകളിലെയും സീരിയലുകളിലെയും കഥാപാത്രങ്ങളാണ് ഇങ്ങനെയുള്ള വിഷയങ്ങളില്‍ സ്ത്രീകളാണ് കൂടുതലും വിശ്വസിക്കുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞു.
ഒരല്പം ഭ്രമിച്ചു നിന്ന് രമാദേവിയോട് പറഞ്ഞു. “അമ്മാ ഞാന്‍ എന്‍റെ കൈകള് ശുദ്ധിയാക്കി ഇപ്പം വരാം.”
അവള്‍ ചൂലുമായി അടുക്കള ഭാഗത്തേക്കുപോയി. രമാദേവിയുടെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു. അവള്‍ വേഗത്തില്‍ മടങ്ങിയെത്തി. അടുത്ത മുറിയിലെ ഭിത്തിയില്‍ കിടന്ന ഭഗവാനേ ചൂണ്ടി പറഞ്ഞു. അവള്‍ രുദ്രാക്ഷമാല ആ കൈയിലേക്ക് കൊടുത്തിട്ട് ധ്യാനിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടുപേരും കണ്ണുകളടച്ച് ഏതാനും മിനുട്ടുകള്‍ ധ്യാനിച്ചു. ഇടയ്ക്കവളള്‍ കണ്ണുതുറന്നുനോക്കി. ആണ്ടവനെ മുരുകാ കാക്കണേ എന്ന് അവള്‍ പലവട്ടം ഉരുവിട്ടു. കണ്ണുതുറക്കാന്‍ ആവശ്യപ്പെട്ടു. രമാദേവി അവളുടെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കി.
“ഒണ്ടമ്മാ. പ്രേതാത്മാവ് ഇന്തവീട്ടിലും. അതിന്‍റെ പെരിയ കാരണം പെണ്‍കൊളന്തകളുടെ വാസം ഇരിക്കമ്മാ. മുടിയുന്ന ശാപം താന്‍. സാറിന് വേറെ കൊളന്തകള് ഉണ്ടോ അമ്മാ? അത് താന്‍ തെളിയണ്. അമ്മാ വെഷമിക്കേണ്ട. ഇതിന് ഒരേ മരുന്ന് താന്‍. അടുത്ത മാസത്തില് ഞാന്‍ മധുര മീനാക്ഷി ക്ഷേത്രത്തില് ഉപവസിക്കാന്‍ പോണ്. സത്യം ശൊല്ലി മാപ്പും വഴിപാടും നടത്താം. ഇതിന് മരുന്നു കണ്ടില്ലേമ്മാ. ഇന്ത വീട്ടിലും പെണ്‍കൊളന്താ വാഴ്മുടിയാതെ.”
അതുകൂടി കേട്ടപ്പോള്‍ രമാദേവി ഒന്നുകൂടി വിഷമത്തിലായി. അങ്ങനെയായാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാട് തകര്‍ന്നുപോകില്ലേ? അങ്ങിനെ സംഭവിക്കാന്‍ പാടില്ല. മുഖത്ത് നിരാശ പടര്‍ന്നു. ഇതിന് പ്രതിവിധി കണ്ടേ പറ്റൂ. അവളുമായി സത്യം പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. ഭര്‍ത്താവ് പല സ്ത്രീകളും പെണ്‍കുട്ടികളുമായി ശരീരം പങ്കു വച്ചതിന്‍റെ രേഖകളൊന്നും തന്‍റെ കൈവശമില്ല. എന്നാല്‍ രാഷ്ട്രീയനേതാക്കന്മാരുമായുള്ള കൂട്ടുകെട്ടുകള്‍ പലപ്പോഴും സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ട്. അതൊക്കെ നിലനില്പിന്‍റെ ഭാഗമായിട്ടേ എന്നോട് പറഞ്ഞിട്ടുള്ളൂ. മന്ത്രി കാശിപിള്ള പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്. അയാള്‍ സാറിനെ വനംവകുപ്പിലെ റസ്റ്റ് ഹൗസില്‍ ക്ഷണിക്കാറുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവര്‍ക്കായി മാനിറച്ചിയും മറ്റും കൊടുത്ത് സല്‍ക്കരിക്കുക പതിവാണ്. അതൊന്നും ആര്‍ക്കുമറിയില്ല. വനത്തില്‍ മൃഗങ്ങളെ വേട്ടയാടുന്നതും പുറലോകത്തിനറിയില്ല. മൂന്നാല് പ്രാവശ്യം മാനിറച്ചി ഇവിടെയും കൊണ്ടുവന്നിട്ടുണ്ട്. അതിന്‍റെ പങ്ക് അടുത്തുള്ള ബന്ധുക്കള്‍ക്കും കൊടുത്തിട്ടുണ്ട്.
വന്യമൃഗങ്ങളെ കൊല്ലരുതെന്നാണ് നിയമം. എന്നാല്‍ മറ്റാരുമറിയാതെ വനസംരക്ഷകര്‍ അത് ലംഘിക്കുന്നതായി അവള്‍ മനസ്സിലാക്കി. ആ കൂട്ടത്തില്‍ ആനക്കൊമ്പുവരെ വിറ്റു ലക്ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതും അധികാരത്തിന്‍റെ അന്ധകാരവഴികള്‍.
മറ്റാരുമറിയാതെ ഉള്ളിന്‍റെയുള്ളില്‍ ഒളിപ്പിച്ചുവച്ച ആ സത്യവും രമാദേവി തുറന്നുപറഞ്ഞു. ഇവിടെ കാവവല്‍ക്കാരനായി നില്ക്കുന്ന മണ്ടന്‍ മാധവന് ഒരു മകളുണ്ടായിരുന്നു. അവളും അമ്മയും മാധവനും പിറകിലെ വലിയ ചായ്പിലാണ് താമസിച്ചിരുന്നത്. മാധവന്‍റെ പിതാമഹന്മാരൊക്കെ ഇവിടുത്തെ കാവല്‍ക്കാരും കൃഷിപ്പണിക്കാരുമായിരുന്നു. മാധവന്‍റെ കാലം കഴിയുന്നതോടെ അതും അവസാനിക്കും. മകള്‍ പ്രീഡിഗ്രി പഠിച്ച് അവധിക്കാലത്ത് തന്‍റെ ഭര്‍ത്താവിന്‍റെ ഓഫീസിലെ ജോലിക്ക് ചെല്ലുമ്പോഴാണ് അവളെ നശിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. അതറിഞ്ഞ് അവടെ അമ്മ പാടത്തേ ചാലില്‍ ചാടി ആത്മഹത്യ ചെയ്തു. അതോടെ മാധവനും മകളെ വെറുത്തു. അവളെ കൂട്ടത്തില്‍ പാര്‍പ്പിക്കാന്‍ പറ്റില്ലെന്ന് തുറന്നു പറഞ്ഞു. മകളുമായി ഐക്യപ്പെട്ടുപോകാന്‍ ഞാന്‍ പരമാവധി പറഞ്ഞു. നടന്നില്ല. മനസ്സില്ലാ മനസ്സോടെയെങ്കിലും കുട്ടിയെ അബോര്‍ഷന്‍ ചെയ്തു കളയാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അവളത് നിരസിച്ചു.
ഒരു രഹസ്യത്തിന്‍റെ ചുരുളഴിയുമ്പോള്‍ രമാദേവിയുടെ ശബ്ദം ദുഃഖഭരിതവും മുഖം വിറങ്ങലിച്ചതുമായിരുന്നു.
“ഈ തറവാടിന്‍റെ പേരിനും നിലനില്പിനും അവളെ എവിടെയെങ്കിലും ഒളിപ്പിക്കാനായി പിന്നെ എന്‍റെ ശ്രമം. ഭൂമുഖത്ത് ഈ രഹസ്യമറിയാവുന്ന രണ്ടുപേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ഞാനും മാധവനും. സത്യത്തില്‍ അയാളൊരു പാവമാണ്. ഇന്ന് ഈ കുടുംബത്തിലെ ഒരംഗത്തെപ്പോലെ കഴിയുന്നു. എനിക്കും അവളോട് ഉള്ളാലെ വെറുപ്പുണ്ടായിരുന്നു. എങ്ങനെയും നാട് കടത്തുക. അങ്ങനെയാണ് മാവേലിക്കരയുള്ള അമ്മാവന്‍ മുഖാന്തിരം പത്തുസെന്‍റ് പുരയിടവും ഒരു ചെറിയ വീടും അവള്‍ക്കായി വാങ്ങിയത്. അവള്‍ക്ക് ചെലവിനുള്ള കാശ് പലപ്പോഴും ഞാന്‍ അമ്മാവനെ ഏല്പിച്ചിട്ടുണ്ട്. അവള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാണ് ഫോണ്‍ ചെയ്യുമ്പോഴൊക്കെ പറഞ്ഞത്. ഇതൊന്നും എന്‍റെ ഭര്‍ത്താവിനറിയില്ല. അവളുടെ ഭാഗ്യദോഷമെന്ന് പറയാന്‍, പ്രസവത്തോടെ അരയ്ക്ക് താഴേയ്ക്കു തളര്‍ന്നുവെന്നാണ് കേട്ടത്. പ്രസവത്തോടെ സംഭവിച്ച വൈകല്യം. ഇപ്പോള്‍ ഒരു കാലിന് സുഖമുണ്ടെന്നാണ് കേട്ടത്. അവളുടെ പേര് വീട്ടില്‍ വിളിക്കുന്നത് ബിന്ദുവെന്നാണ്… അവളുടെ മകനാണ് ഇപ്പോഴത്തെ മന്ത്രി കരുണാകരന്‍….”
കിരണ്‍ ഒരു ഞെട്ടലോടെ നോക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *