നേരം വെളുത്തതറിയാതെ എല്ലാവരും തളര്ന്നുറങ്ങി. ഉറങ്ങാന് നേരത്ത് ജോണ്‌സണ് നിര്ബന്ധിച്ചു കുറച്ചു വൈന് എല്ലാവരെയും കുടിപ്പിച്ചിരുന്നു. അതിനു ലഹരിയൊന്നുമില്ല എന്ന് പറഞ്ഞു. എന്നാലും ഒരു പുളിയും, മധുരവും അതില് അലിഞ്ഞിരുന്നു. സംഭാരം മാത്രം കുടിച്ചു ശീലിച്ച വയറുകളില് അതൊരു കത്തിക്കാളല് ഉണ്ടാക്കി എന്നതാണ് സത്യം. എന്തായാലും, എന്തൊരു സുഖമായ ഉറക്കമാണ് ഉറങ്ങിയത്. സ്ഥലം മാറി കിടന്നത് പോലും ഓര്ക്കാതെ ഒരു സുന്ദര സ്വപ്നത്തിന്റെ തേരില് മണിക്കൂറുകളോളം യാത്ര ചെയ്തു. ഏതോ കുന്നും മലയുമൊക്കെ കയറി ഇറങ്ങി. ഒരു വലിയ ആമ്പല് കുളത്തിന്റെ കരയില് നിന്നും ആമ്പല് പൂവ് ഇറുക്കാന് ശ്രമിച്ചതും, കാല് വഴുതി വീണതും, ആരോ തന്നെ പിടിച്ചടുപ്പിച്ചു നനഞ്ഞ വസ്ത്രങ്ങള് ഊരി എറിഞ്ഞു സ്വന്തം വസ്ത്രം കൊണ്ട് നഗ്‌നത മറച്ചതുമൊക്കെ നാണത്തോടെ ഓര്ത്തു. മുഖം ഓര്മ്മ വരുന്നില്ല. ജോണ്‌സേട്ടന് അല്ലാതെ മറ്റാര്?
കള്ളന് ചുറ്റുകയല്ലേ ചുറ്റും, കരിവണ്ട് പോലെ. നന്ദിനി എഴുന്നേറ്റു ജനല് തുറന്നു. പുറത്തുനിന്നും വെളിച്ചം കുതിച്ചു ചാടി വന്നു. നേരം ഉച്ചയായി കാണും. വെയിലിനു നല്ല ശക്തി ഉണ്ട്. ഘടികാരത്തിൽ നോക്കിയപ്പോള് അത് ശരിയാണെന്ന്
മനസ്സിലായി. മണി പന്ത്രണ്ടായിരിക്കുന്നു. നന്ദിനി കുട്ടികളെ തട്ടി വിളിച്ചു. ‘എന്തൊരു ഉറക്കാ ഇത്.?’
‘ഒന്നും കുടെ ഉറങ്ങട്ടെ ചേച്ചി..’ നാരായണി തിരിഞ്ഞു കിടന്നു പറഞ്ഞു. പെട്ടെന്ന് അവ്വള്ക്കു സ്ഥലകാല ബോധം ഉണ്ടായി.
‘അയ്യോ! ചേച്ചി..നമ്മള് ‘
‘ആ..അത് തന്നെ..പോകണ്ടേ നമുക്ക്?
നാരായണി ചാടി എഴുന്നേറ്റു. തങ്കമണിയെ വിളിച്ചുണര്ത്തി. വസ്ത്രം പോലും മാറാതെയാണ് കിടന്നുറങ്ങിയത്.
‘മക്കളൊക്കെ എഴുന്നേറ്റോ?’ ജോണ്‌സന്റെ മമ്മി മുറിയില് വന്നു. കൂടെ ഒരു സ്ത്രീ കാപ്പി പാത്രവും എടുത്തുകൊണ്ട് ഉണ്ടായിരുന്നു. എല്ലാവരും കാപ്പി കപ്പ് കയ്യില് വാങ്ങി. പല്ല് തേക്കാതെ ഒന്നും കഴിച്ചു ശീലമില്ല.
‘കുടിക്കു മക്കളെ, ഇവിടെ എല്ലാവരും ഈ കടും വെള്ളം കുടിച്ചിട്ടേ കണ്ണ് പോലും തുറക്കൂ’
നന്ദിനി വിളറി നിന്നു. അവള് അനുമതി കൊടുത്തതിനാല് കുട്ടികളും കപ്പുകള് ചുണ്ടോടു ചേര്ത്തു ‘മക്കള് പല്ല് തേക്ക്. മമ്മി വന്നു വിളിച്ചോണ്ട് പോകാം. അവിടെ പലരും പോകാനൊക്കെ ഒരുങ്ങുന്നു.’ മമ്മി മുറി വിട്ടു പോയപ്പോള് അവര് ദിനകൃത്യങ്ങള് പൂര്ത്തിയാക്കി. തലേന്നു പള്ളിയില് പോകാന് അണിഞ്ഞ വസ്ത്രങ്ങള് ഊരി മടക്കി വച്ചു. ആഭരണങ്ങള് എല്ലാം അഴിച്ചു വാങ്ങി ഒരു പൊതിയാക്കി. മമ്മിയുടെ കയ്യില് കൊടുക്കണം. ഒക്കെ വളരെ വിലപിടിപ്പുള്ളവയാണല്ലോ. മമ്മി വന്ന് അവരെ ഊണ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ ജോണ്‌സണും ദിനേശനും കുളിച്ചൊരുങ്ങി ഇരിക്കുന്നു.
‘സുപ്രഭാതമോ.. ശുഭരാത്രിയോ? എന്ത് പറയണം?’ ജോണ്‌സണ് കളിയാക്കി. എല്ലാവരും നാണിച്ചു പോയി. എന്തൊരു ഉറക്കമാണ് ഉറങ്ങിയത്! അതും ഒരു അന്യ ഗൃഹത്തില്!
‘പെണ്ണുങ്ങള് ഇങ്ങനെ പകല് ഉറങ്ങരുത് കെട്ടൊ…സൌന്ദര്യം പോകും ‘
‘ഇന്നലെ പറഞ്ഞത് മറന്നോ? ഞങ്ങളെ ആരും നോക്കില്ല എന്നല്ലേ പറഞ്ഞത്? ‘ നാരായണിക്ക് മിണ്ടാതിരിക്കാന് ആയില്ല.
‘ഇതൊരു ചീനി മുളകാണെടാ…സൂക്ഷിച്ചോ.’ ജോണ്‌സണ് ദിനേശനോടു പറഞ്ഞു.
അവരെ ഒന്ന് ഒന്നിപ്പിക്കാനായിരുന്നു ജോണ്‌സന്റെ ഉദ്യമം. ദിനേശന് ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.
‘തുടങ്ങിയോടാ നീ, കുട്ടികളെ കളിയാക്കാന്? ‘ മമ്മി പാത്രങ്ങളില് വിഭവങ്ങളുമായി വന്നു. കൂടെ രണ്ടു വേലക്കാരും. മേശപ്പുറത്ത് പാത്രങ്ങള് നിരന്നു. എന്തൊക്കെയാണ് വിളമ്പുന്നത്.
‘പേടിക്കേണ്ടാട്ടോ.. ഒക്കെ പച്ചക്കറിയാ ‘ മമ്മി പറഞ്ഞു.
‘ഞങ്ങള്ക്ക് രണ്ടാള്ക്കും കടിച്ചു പറിക്കാന് എന്തെങ്കിലും വേണം ‘
‘നീ ഇപ്പോള് അപ്പുറത്ത് ഇരുന്നു തിന്നില്ലേടാ..ആ കുട്ടികള് വല്ലതും കഴിക്കട്ടെ…എണീറ്റ് പോ അവിടുന്ന് ‘
‘വാ..അളിയാ…നമുക്ക് പോകാം..’ തോര്ത്ത് മുണ്ടെടുത്ത് തലയില് കെട്ടി ജോണ്‌സണ് എണീറ്റു. ദിനേശനും കുടെ എഴുന്നേറ്റു.
‘അളിയനോ? അത് ഏതു വകുപ്പാ? ‘ നാരായണിയുടെ നാവു ചലിച്ചു.
‘ഇവനല്ലേ നിന്നെ കെട്ടുന്നത്? നീ എന്റെ പെങ്ങളല്ലേ? ‘
നാരായണി നാണിച്ചു പോയി. ജോണ്‌സണ് മുറത്തില് കേറി കൊത്തിയത് കേട്ടു ദിനേശനും അന്തം വിട്ടു. അവര് മുറി വിട്ടു പോയി.
‘ഒക്കെ തമാശയല്ലേ മോളെ, സാറ് അങ്ങനെയൊക്കെ പറയും’ നന്ദിനി നാരായണിയെ ആശ്വസിപ്പിച്ചു. നാരായണിയും തങ്കമണിയും പുഞ്ചിരിച്ചു.
‘എനിക്ക് ഇഷ്ടായി… ആ സാറ് പറഞ്ഞത്..’ തങ്കമണി നാരായണിയെ കെട്ടിപ്പിടിച്ചു. നന്ദിനി ചിരിച്ചു പോയി.
എന്തൊക്കെയാ മുന്നില് ഇരിക്കുന്നത്. ഇതൊക്കെ ആദ്യം കാണുന്നതാ. ഇഡ്ഡലിയും, ദോശയും, ഉപ്പുമാവും, കൊഴുക്കൊട്ടയുമൊന്നും അല്ല. മമ്മി പിന്നെയും പല സാധനങ്ങളുമായി ഓടി വന്നു. വലിയ ഉത്സാഹത്തിലായിരുന്നു അവര്. പാലപ്പം, വട്ടയപ്പം, വെള്ളയപ്പം, ഓരപ്പം എന്നിങ്ങനെ അപ്പങ്ങള് തന്നെ പല രുപത്തില്. ലേസ് പോലെ റേന്ത വച്ച വെളുവെളുത്ത പലഹാരം കണ്ടു നന്ദിനി പറഞ്ഞു, ‘ കാണാന് എന്തൊരു ഭംഗി!’
‘തിന്നു നോക്കു, വളരെ നന്നായിരിക്കും’ മമ്മി പറഞ്ഞു.
‘ശരിയാണ്.. നല്ല രുചി’ രുചിച്ചു നോക്കി തങ്കമണി പറഞ്ഞു. പിന്നിലെ തോട്ടത്തില് നെറ്റ് വലിച്ചു കെട്ടുകയായിരുന്നു’ ജോണ്‌സണും ദിനേശനും. കൂടെ സൈമണും ഫ്രെഡ്ഢിയും ഉണ്ടായിരുന്നു.
‘ഒന്ന് മേല് അനങ്ങി കളിക്കണം… ആകെ നീര് വച്ച പോലെ’ ജോണ്‌സണ് പറഞ്ഞു. കളിക്കളത്തില് കളി പൊടിപൊടിച്ചു.
‘നമുക്ക് പോകണ്ടേ? ‘ നന്ദിനി ചോദിച്ചു.
‘അവരൊക്കെ കളിക്കയല്ലേ..അതിന് ‘ നാരായണി പറഞ്ഞു.
‘കളിക്കട്ടെ… നമുക്ക് പോയാല് പോരേ? ദിനേശേട്ടനോടു പറയാം. വൈകുന്നേരമായാലും പോകാലോ.’
‘കൂടുന്നോ… കളിക്കാന്? ‘ ബാറ്റു കൊണ്ട്, നേരെ വന്ന പന്ത് തടുത്തു ജോണ്‌സണ് നന്ദിനിയോട് ചോദിച്ചു. ഇല്ലെന്ന് അവള് തലയാട്ടി. മോളിയുടെ കുറച്ചു കൂട്ടുകാരികള് ഒരു കാറില് വന്നിറങ്ങി. എല്ലാവരും ഒന്നിച്ചു മെഡിസിനു പഠിച്ചവരാണ്. ഒരാള് ഗര്ഭിണികൂടിയാണ്. അവരുടെ ആഗമനം വലിയ ആരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. മമ്മി ഓടി വന്ന് ഓരോരുത്തരെയും കെട്ടിപ്പിടിച്ചു. ആ കുടുംബവുമായി വളരെ പരിചിതരാണ് എല്ലാവരുമെന്ന് ഒറ്റ നോട്ടത്തില് മനസ്സിലാവും. മൂന്നു സുന്ദരി കുട്ടികളെ കണ്ട് അവര് അന്തം വിട്ടു. ജോണ്‌സന്റെ വീട്ടില് വിരുന്നു വരാന് സ്വന്തക്കാര്‌ക്കൊന്നും പെണ്മക്കള് ഇല്ലെന്നു അവര്‌ക്കെല്ലാവര്ക്കും അറിയാം. ആകെ തലമുറയിലുള്ള ഏക പെണ്കുട്ടിയാണ് ഡോക്ടര് മോളി.
‘ജോണ്‌സന്റെ കൂട്ടുകാരാ.’ മമ്മി പരസ്പരം പരിചയപ്പെടുത്തി. ഡോക്ടര് സൈമണ് അവരുടെ സീനിയര് ആയിരുന്നു. അവര് എല്ലാം ഒരേ സമയത്ത് പഠിച്ചവരാണെന്നു സംസാരത്തില് മനസ്സിലായി. ജോണ്‌സണും കൂട്ടരും കളി നിറുത്തി വന്നു. മോളിയും സൈമണും അവരെ കൂട്ടി അകത്തേക്ക് പോകുമ്പോള് തിരിഞ്ഞു നിന്ന് നന്ദിനിയേയും, നാരായണിയേയും, തങ്കമണിയേയും കൂട്ടി. മുറിയില് ഒരു പെണ്പട വട്ടം കൂടി. പലഹാരങ്ങളും മറ്റും മേശപ്പുറത്ത് എത്തി.
‘കുട്ടികളുടെയൊക്കെ പേരു പറയു.’ ഡോകടര് എല്‌സ എല്ലാവരെയും പരിച്ചയപ്പെടുത്തിയ ശേഷം പറഞ്ഞു.
‘ഞാന് നന്ദിനി… ഡിഗ്രിക്ക് പഠിക്കുന്നു.’
‘ഞാന് നാരായണി, ഇവള് തങ്കമണി ‘ എല്ലാവരും പേരു പറഞ്ഞു.
‘അപ്പോള് ജോണ്‌സന്റെ കൂടെ ജോലി ചെയ്യുന്നവരല്ലേ? ‘ ഡോക്ടര് സരിത ചോദിച്ചു.
‘അവരൊക്കെ ജോണ്‌സന്റെ കൂട്ടുകാരന് ദിനേശന്റെ സഹോദരിമാരാ.. ദിനേശനും വന്നിട്ടുണ്ട്.’ഡോക്ടര് മോളി പറഞ്ഞു.
‘മൂന്നു സഹോദരിമാരോ? ദിനേശന് ഭാഗ്യവാനാണല്ലോ’ഡോക്ടര് കരുണ പറഞ്ഞു.
‘നേരെ പെങ്ങള് ഇതാ…തങ്കമണി. ബാക്കി രണ്ടാളും കസിന്‌സാ ‘
‘മൂന്നു പേരും ഒരു പോലെ സുന്ദരികളാ’ ഡോക്ടര് മണി അഭിപ്രായപ്പെട്ടു. അവര് ഗര്ഭിണി ആയതിനാല് നേര്ത്ത വിളര്ച്ച തോന്നിയിരുന്നു.
‘സൗന്ദര്യം മാത്രമല്ല. ഡാന്‌സും പാട്ടും കവിതയും ഒക്കെ ചേര്ന്ന സകലകലാവല്ലഭകളാ’മോളി പറഞ്ഞു. ‘എന്നാല് ഇന്ന് നമുക്കൊന്ന് കസറണം. കുറെ കാലമായി ആശുപ്രതിയും രോഗികളുമൊക്കെയായി ആകെ മരവിപ്പിലാ…’
‘കണ്ടോ മോളി..മണി കോളടിച്ചല്ലോ ‘ ഡോക്ടര് സൈമണ് പറഞ്ഞു. മോളിയുടെ മുഖത്ത് നാണം പരന്നത് കണ്ടു മണി മന്ദഹസിച്ചു.
‘സമയം വൈകിക്കേണ്ടടീ… വേഗമാ നല്ലത്… ഒഴിവും കിട്ടും..’ഡോക്ടര് മണി ചിരിച്ചുകൊണ്ട് പറഞ്ഞു.
ജോണ്‌സണ് കുളിമുറിയില് നിന്നും കൈയ്യും മുഖവും ഒക്കെ കഴുകി, ദിനേശനും ഒത്തു വന്നു.
‘ഹോ..എന്താ ഒരു പവറ്. കാണാനേ കിട്ടുന്നില്ലല്ലോ’പെണ് ഡോക്ടര്മാര് ഒന്നിച്ചു ജോണ്‌സണെ കളിയാക്കി. ജോണ്‌സണെ കണ്ടപ്പോള് ഡോക്ടര് ലില്ലിയുടെ മുഖത്ത് രക്ത്പ്രസാദം കൂടുന്നത് നന്ദിനി ശ്രദ്ധിച്ചു. ബോബ് ചെയ്ത ചെമ്പന് മുടിയും
റോസാപ്പൂവിന്റെ നിറവും ഉള്ള അവര് കൂട്ടത്തില് കൂടുതല് സുന്ദരിയായിരുന്നു. ഡോക്ടര് മോളിയുടെ വിവാഹ ദിവസം നന്ദിനി അവരെ കണ്ടതായി ഓര്ക്കുന്നു. നന്ദിനി എന്ന ഈ സുന്ദരിക്കുട്ടിയെ അന്ന് കണ്ടതായി ഡോക്ടര് ലില്ലിയും ഓര്ത്തു .
‘മോളിയുടെ കല്യാണത്തിന് വന്ന കുട്ടിയല്ലേ?’ അവര് നന്ദിനിയുട്ടെ അടുത്ത്
വന്നു ചോദിച്ചു.
‘എന്താ ഒരു മുടി.. ഞാനന്നേ ശ്രദ്ധിച്ചിരുന്നു കേട്ടൊ.. എന്ത് വളമാ ഇതിനു പ്രയോഗിക്കുന്നേ?’
നന്ദിനി വല്ലാതെയായി. അവള് ഒന്നും ഉത്തരം പറഞ്ഞില്ല.
‘എന്ത് എണ്ണയാ തേക്കുന്നത്? കാച്ചെണ്ണയാണോ? ‘
നന്ദിനി വെറുതെ ചിരിച്ചു.
‘കണ്ണ് വെക്കാതെടീ..ഇവള് ഇങ്ങനെയാ.. ഈ സ്വര്ണ്ണമുടിക്കാരിക്ക് കറുത്ത മുടിയോടു കുശുമ്പാ.’ഡോക്ടര് സരിത പറഞ്ഞു.
നന്ദിനി ചിരിച്ചു കൊണ്ട് നിന്നു.
‘ഇങ്ങനെ നിന്നാല് മതിയോ? നമുക്ക് കലാപരിപാടികള് തുടങ്ങണ്ടേ? ‘
‘തുടങ്ങിക്കളയാം.. അല്ലേ നന്ദൂ..’ ജോണ്‌സണ് പെട്ടെന്ന് പറഞ്ഞു.
ഒരു പറ്റം പെണ് ഡോക്ടര്മാര്ക്ക് മുന്നില് തന്റെ പൊന്നോമനയെ പ്രദര്ശിപ്പിക്കാന് ഒരവസരം കിട്ടിയത് അയാൾക്ക് വലിയ
സന്തോഷമായിരുന്നു.
‘വെറുതെ അല്ല…ടിക്കറ്റ് എടുക്കണം.’ ജോണ്‌സണ് പറഞ്ഞു.
‘എടുക്കാം..’സരിത പറഞ്ഞു. ‘എത്രയാ റേറ്റ്?’ മണി ചോദിച്ചു.
‘പ്രൈവറ്റ് പ്രാക്ടീസൊക്കെ ഉണ്ടല്ലോ..കാശൊക്കെ എന്ത് ചെയ്യുന്നു? ‘ ജോണ്‌സണ് ചോദിച്ചു.
‘അതൊന്നും നോക്കണ്ട..ഞങ്ങള്ക്ക് പരിപാടി കണ്ടാല് മതി. എന്ത് വേണേലും തരാം.’
‘അളിയോ. എത്ര പറയണം? ഒട്ടും കുറയ്ക്കണ്ട..ഒക്കെ രോഗികളെ വെട്ടിച്ച കാശാ..പിഴിയുകയല്ലേ എല്ലാവരേയും ‘
‘വേണ്ട.. വേണ്ട…കൈക്കൂലിയൊക്കെ എല്ലായിടത്തും കിട്ടും ഓഫീസര് സാറേ..പത്രത്തില് ഞങ്ങള് ഒരിക്കല് പടം കാണും ‘
‘കുറച്ചു പുളിക്കും!’ജോണ്‌സണ് വിട്ടു കൊടുത്തില്ല.
‘തുടങ്ങിയോ.. നീയൊന്നു ചുമ്മാതിരിക്കെടാ…’മമ്മി ഓടി എത്തി. വാദ്യോപകരണങ്ങളൊക്കെ നിരന്നു. നന്ദിനിയാണ് പുതിയ സിനിമയുടെ ഗാനരചയിതാവും, സംവിധായികയും, ഗായികയും എന്നൊക്കെ അറിഞ്ഞ് എല്ലാവരും അന്തം വിട്ടു.
‘പ്രീയുണിവേഴ്‌സിറ്റിയുടെ റാങ്ക്കാരിയായിരുന്നു.’ജോണ്‌സണ് നന്ദിനിയെ എല്ലാവര്ക്കും പരിചയപ്പെടുത്തി.
‘മെഡിസിന് എടുക്കാഞ്ഞത് എന്താ കുട്ടീ?’ ഡോക്ടര് സരിത ചോദിച്ചു.
‘നിങ്ങള്‌ക്കൊക്കെയല്ലേ മെഡിസിന് ഇഷ്ടം. അത് ഇഷ്ടം ഇല്ലാത്തവരും ഇവിടുണ്ടേ.’ ജോണ്‌സന് പറഞ്ഞു. ‘
‘ശരിയാ.. ജോണ്‌സണും റാങ്കുകാരനായിരുന്നല്ലോ.’
നന്ദിനിക്ക് അതൊരു പുതിയ അറിവായിരുന്നു. അവള് ജോണ്‌സന്റെ മുഖത്ത് നോക്കി. അയാള് അര്ത്ഥവത്തായി ഒന്ന് മൂളി. പാട്ടും നൃത്തവുമൊക്കെ
പൊടിപൊടിച്ചു. ഉച്ച ഭക്ഷണം ഉണ്ടായില്ല. ഇനി അതിന്റെ സമയം കഴിഞ്ഞും പോയി. ഭക്ഷണ മേശകള് ഒരുങ്ങി അത്താഴത്തിന്. ആര്ക്കും വയറിനു ഒരൊഴിവും ഉണ്ടായിരുന്നില്ലല്ലോ. കട്ട്‌ലറ്റും, സമോസയുമൊക്കെ പരിപാടികള്ക്കിടയില് തിന്നു വയറ് ഒരു പരുവത്തില് ആയിരിക്കുന്നു. അത്താഴം കഴിഞ്ഞു ഡോക്ടര്മാരൊക്കെ
തിരിച്ചു പോയി.
‘നമുക്ക് പോകണ്ടേ ദിനേശേട്ടാ?’ നന്ദിനി ചോദിച്ചു.
‘നിങ്ങള് പോകുന്നില്ല, ക്രിസ്തുമസ് അവധി ഇവിടെ…’
‘അയ്യോ വീട്ടിലാകെ വിഷമിക്കും..’ നാരായണി പറഞ്ഞു.
‘അവിടെ അറിയിച്ചിട്ടുണ്ട്..നാളെ നമ്മള് ഒക്കെ കൂടെ വേളാങ്കണ്ണിയില് പോകുന്നു. മമ്മിയുടെ നേര്ച്ചയാ… മോളിയുടെ കല്യാണം പ്രമാണിച്ച് പോകാനിരുന്നതാ.. എനിക്ക് അവധി കിട്ടാഞ്ഞിട്ടാ..’ ജോണ്‌സണ് പറഞ്ഞു.
‘എനിക്ക് അമ്മയെ ഒന്ന് വിളിക്കണം സാറേ.. ഒരു യാത്രയ്ക്ക് ഒരുങ്ങിയല്ല ഞങ്ങള് വന്നത്. വീട്ടിലാണെങ്കില് ശ്രീദേവി ചേച്ചിയുടെ അവസ്ഥയുമൊന്നും അറിഞ്ഞില്ല. പുരുഷന്മാരൊക്കെ മലയ്ക്ക് പോയിരിക്കും.’
‘അതിനെന്താ നന്ദിനി…? നമുക്കൊന്ന് അവിടെ പോകാം. വേണ്ടതൊക്കെ എടുത്തു
വിവരങ്ങളും അറിഞ്ഞു വരാമല്ലോ.’
‘അതൊന്നും വേണ്ടാ.. ഇപ്പോൾ മമ്മിയും നിങ്ങളുമൊക്കെ പോയാൽ മതി.
നമുക്കൊക്കെ ചേര്ന്നു പിന്നെ പോകാം. അല്ലേ ദിനേശേട്ടാ..?’
‘അത് ശരിയാണ് സാറേ, നന്ദിനി പറയുന്നതാ ശരി. നാളെ ഞങ്ങള് പോകുന്നു. ഇന്നിയും വരാലോ. ‘
‘എന്നാല് ശരി…’
‘ഞാനും വരുന്നുണ്ട്‌ട്ടോ നന്ദിനി… ഞാനൊരു ഗൈനക്കോളജിസ്റ്റാ..നന്ദിനിയുടെ ചേച്ചിയെയും കാണാം.’ മോളി പറഞ്ഞു.
:നന്ദി..ചേച്ചീ..ഞാനത് പറയാന് മോഹിച്ചതാ.’
‘എന്നിട്ട് എന്തേ നേരത്തെ പറഞ്ഞില്ല?’
‘ഒരു മടി..സൈമണ് ഡോക്ടര് എന്തു പറയും എന്നൊരു പേടി.’
‘ഹേ! എന്നെ കുറ്റപ്പെടുത്തല്ലേ..ഡോക്ടര്മാര് കേസ് കിട്ടിയാല് ഉപേക്ഷിക്കുമോ?’
ഡോക്ടര് സൈമണ് പറഞ്ഞു. നന്ദിനി വെറുതെ ചിരിച്ചു.
‘എന്താ..മിണ്ടാത്തെ?’
‘വാ അളിയാ..അവരെ വട്ടത്തില് ആക്കാതെ.’ ജോണ്‌സണ് എല്ലാവരെയും കുട്ടി പ്രാര്ത്ഥനാ മുറിയില് വന്നു. നേര്ത്ത വെളിച്ചമുള്ള ആ മുറി പരിപാവനമാണെന്നു തോന്നി. എല്ലാവരും ഒന്നിച്ചു പ്രാര്ത്ഥനയ്ക്കായി ഇരുന്നു. ഫ്രെഡ്ഡി ഗിറ്റാറില് ഒരു പ്രാര്ത്ഥനാ ഗാനം പാടി. വളരെ ഭക്തി സാന്ദ്രമായിരുന്നു. ജോണ്‌സണ് വയലിന് എടുത്തു കുടെ കൂടി. ദിനേശന്റെ ചുണ്ടില് ഫ്‌ളൂട്ടും. നന്ദിനി ഹാര്‌മോണിയവും, നാരായണി വീണയും എടുത്തു. തങ്കമണി ശ്രുതി പിടിച്ചു. ഭക്തി സാന്ദ്രമായി സംഗീതം അവിടെ ഉയര്ന്നു താണു. അതിന്റെ താളത്തില് ആമഗ്‌നയായി മോളി പാടാന് തുടങ്ങി. ദേവലോകത്തിലെ സംഗീത സദസ്സ് സമ്മേളിച്ചത് പോലെ! അത്താഴം കഴിഞ്ഞ് എല്ലാവരും ഉറങ്ങി. നേര്ത്ത സംഗീതം അലയടിക്കുന്ന അനുഭൂതിയില് ആ വലിയ വീട് ശാന്തമായിരുന്നു. നന്ദിനി ഓരോന്നോര്ത്തു കിടന്നു. ഡോക്ടര്മാര് വന്നു പോയശേഷം പല സംശയങ്ങളും അവള്ക്ക് തോന്നി. ജോണ്‌സന്റെ മുന്നില് ഡോക്ടര് ലില്ലിയുടെ കവിള്ത്തടം ചുവക്കുന്നതും, തുടിക്കുന്നതും അവിടെ നിറയുന്ന തളിര്ത്ത നാണവും നന്ദിനി നോക്കി നിന്നിരുന്നു. ജോണ്‌സണ് എല്ലാം മറയ്ക്കുകയാണോ? അതോ ഒന്നും അറിയാത്തവനെ പോലെ നടിക്കുകയാണോ?
‘ഒക്കെ, എന്റെ വെറും തോന്നലായിരിക്കും. ജോണ്‌സേട്ടന് എന്തിനാ ഒരു പൊയ്മുഖം?’ നന്ദിനി പുതപ്പെടുത്തു തലവഴി മൂടി ഉറങ്ങാന് കിടന്നു. ഉറക്കം എവിടെയോ പോയി മറഞ്ഞിരുന്നു. എഴുന്നേറ്റു ജനല്പാളി തുറന്നു പുറത്തേക്കു നോക്കി. തെങ്ങോലകളില് നിലാവ് തെന്നി കളിക്കുന്നു. പുറത്തു മഞ്ഞുകണങ്ങ ഏറ്റു വാങ്ങി പുല്ത്തകിടി വിറപൂണ്ടു കിടക്കുന്നു. കുഞ്ഞു നക്ഷത്രങ്ങളെ താരാട്ടി മേഘമാലകള് കുണുങ്ങി നീങ്ങുന്നു. രണ്ടു മിന്നാമിനുങ്ങുകള് ഇരുട്ടിനെ കീറി മുറിച്ച് തലങ്ങും വിലങ്ങും പാറി നടക്കുന്നു. ഒരു നിഴല് നീങ്ങിയ പോലെ തോന്നി നന്ദിനിക്ക്. നേര്ത്ത ഭയം അവളെ പിടികൂടി.കൈ നീട്ടി ജനല്പാളിയുടെ കുറ്റി പിടിച്ചടയ്ക്കാന്
ശ്രമിച്ചതാണ്. പെട്ടെന്ന് ഒരു കരുത്തുള്ള കരം അവളുടെ കൈ പിടിച്ചു. നന്ദിനി കൈ വലിച്ചെങ്കിലും, അതിനു കഴിഞ്ഞില്ല. ആ വിറയ്ക്കുന്ന കരതലം ജോണ്‌സണ് നെഞ്ചില് ചേര്ത്തു. പിന്നെ ചുണ്ടിലും.
‘കിടന്നിട്ട് ഉറക്കം വന്നില്ല… എന്റെ പെണ്ണിനെ സ്വപ്നം കണ്ട് ഇവിടെ
കുറച്ചു
നേരം ഇരിക്കാമെന്നു കരുതി വന്നതാ… അപ്പോഴാണ് ജനല്പാളി തുറക്കുന്നത് കണ്ടത്. വെറുതെ മറഞ്ഞുനിന്നു നോക്കിയപ്പോള് നീണ്ടു വന്നത് ഈ കൈകള്.’
നന്ദിനി വിറയലോടെ ചോദിച്ചു…’കൈ ഇതെന്ന് എങ്ങനെ അറിഞ്ഞു? വേറെ ആരെങ്കിലും ആണെങ്കിലോ?’
‘ആരും ആവില്ല മോളെ, ഈ കയ്യിന്റെ സ്പര്ശനം പോലും വേണ്ട എനിക്ക്
തിരിച്ചറിയാന് ‘അയാള് ആ കൈ നെഞ്ചോട് ചേര്ത്ത് ആഞ്ഞമര്ത്തി. പിന്നെ നിര്ത്താതെ ചുംബിച്ചു.
‘വിട്..വിട്..കുട്ടികള്’
‘ഒന്നിറങ്ങിവാ നന്ദു! എനിക്കൊന്നു കെട്ടിപ്പിടിച്ചിരിക്കാനാ..’
‘ഒന്ന് പോകൂ..ആരെങ്കിലും കാണും..ദിനേശേട്ടന് ‘
‘പോകാന് പറ..ആരും വരില്ലാ..ഒന്ന് പുറത്തു വരൂ.’
നന്ദിനി വിറച്ചു വിറച്ചു വാതില് തുറന്നു. ഒരൊറ്റ നിമിഷം പരുന്തു കോഴിക്കുഞ്ഞിനെ റാഞ്ചുന്നതു പോലെ അവള് ജോണ്‌സന്റെ കൈപ്പിടിയില് ഒതുങ്ങി. നനഞ്ഞ പുല്ത്തകിടിയില് ചവുട്ടി നീങ്ങുമ്പോള് എങ്ങോട്ടാണെന്ന് നന്ദിനിക്ക് ഒരു രൂപവുമില്ലായിരുന്നു. കുറച്ചകലെ ഗസ്റ്റ് ഹൗസിന്റെ മുന്നില് കാവല്ക്കാരന് ഉറക്കം തുങ്ങി ഇരിക്കുന്നുണ്ടായിരുന്നു. ജോണ്‌സണ് അയാളുടെ അടുത്തിരുന്ന താക്കോല് ശബ്ദമില്ലാതെ എടുത്തു. വാതില് തുറന്നു നന്ദിനിയെ ചേര്ത്തു പിടിച്ച് അകത്തു കയറി. ഗസ്റ്റ് റൂമില് ഒരുക്കിയിട്ട മണിക്കട്ടിലില് നന്ദുവിനെ കിടത്തി അയാള് ചേര്ന്നു കിടന്നു. നേര്ത്ത നീല വെളിച്ചം മുറിയില് പരന്നൊഴുകി.
ശ്വാസവേഗം വളരെ വര്ദ്ധിച്ചിരുന്നതിനാല് നന്ദിനിക്ക് മിണ്ടാന് കഴിഞ്ഞില്ല. ജോണ്‌സണെ പൂര്ണ്ണമായും അവള് അനുസരിക്കുകയായിരുന്നു. എന്താണിതിന്റെ അര്ത്ഥം?
‘എന്താ പൊന്നേ.. മിണ്ടാത്തെ?’
അവള് ജോണ്‌സണെ തുറിച്ചു നോക്കി. വളരെ വിവേകിയായ ഈ മനുഷ്യനില്
നിന്നും ഒരു അവിവേകവും അവള് പ്രതീക്ഷിക്കുന്നില്ല. അതിനാല് നന്ദിനി ഒന്നും മിണ്ടിയില്ല.
‘പേടിക്കേണ്ടാ കേട്ടൊ…ഞാനൊന്നും ചെയ്യില്ല..വെറുതെ കുറച്ചു നേരം..അത്ര
മാത്രം’.
അപ്പോഴും നന്ദിനി മിണ്ടിയില്ല. അതോടെ ജോണ്‌സണ് ഭയം തോന്നി.
‘നന്ദു..നന്ദു.” അയാള് കുലുക്കി വിളിച്ചു. ‘ശബ്ദം കൂട്ടണ്ട… ചത്തിട്ടില്ല.’ നന്ദിനി പരുഷമായി പറഞ്ഞു. ജോണ്‌സന്റെ പിടി അയഞ്ഞു.
എന്താ ഈ കാട്ടണെ? വിവേകം നഷ്ടപ്പെട്ടോ?.. എത്ര പേരുണ്ട് ഇവിടെ? ആരെങ്കിലും കണ്ടാലത്തെ സ്ഥിതി എന്താ?’ നന്ദിനി പറഞ്ഞു.
‘ഒന്നും ഉണ്ടാവില്ല അതെനിക്ക് ഉറപ്പാ.’
‘അതോടെ എല്ലാം തീരും ജോൺസേട്ടാ. എന്റെ പഠനം വരെ. സ്വന്തം കാലിൽ നില്ക്കാൻ ആയാലെ എനിക്ക് സ്വാതന്ത്ര്യം കിട്ടൂ..’
‘ഇനി എത്ര കാലം!’
‘എത്രയായാലും കാത്തിരിക്കണം. അല്ലെങ്കില് ജീവിത കാലം മുഴുവന് ഞാന് കരയേണ്ടി വരും. എന്തെങ്കിലും ഒരു അഭിമാനഭംഗം സംഭവിച്ചാല്, അച്ഛനെ പറ്റി എനിക്ക് ഓര്ക്കാനേ വയ്യ.’
‘ക്ഷമിക്കൂ..നന്ദിനി..ഒന്നുമുണ്ടാവില്ല.. എത്ര കാലം വേണമെങ്കിലും ഞാന് കാത്തിരിക്കും. എനിക്ക് ഇടയ്ക്ക് ഇങ്ങനെ ഒന്ന് ചേര്ന്ന് ഇരുന്നാല് മതി. ഞാൻ അതില് സംതൃപ്തന് ആകും..എന്റെ നന്ദിനിക്ക് വേണ്ടി.’
‘ആ ഡോക്ടര് ലില്ലിക്ക് നല്ല നോട്ടം ഉണ്ടല്ലോ? അതങ്ങ് നടത്തിക്കൂടെ?’
‘ആര്? ആ പൂച്ചക്കണ്ണിയോ? അവളെന്തെങ്കിലും പറഞ്ഞോ?’
‘ഏയ്..പറഞ്ഞില്ല…പക്ഷെ ഒരു ഇളക്കം ഞാന് കണ്ടു ‘
‘ഉം…അവള്ക്കു കാണുമായിരിക്കും…എനിക്കില്ല ‘
‘അവളെ കെട്ടി, സുഖമായി കഴിഞ്ഞുടെ? ഒരു തടസ്സവുമില്ല. ജാതിയും, കുടുംബവും അങ്ങനെ എല്ലാം ചേരും..’
‘പക്ഷെ അവളെ ഞാന് കാണാന് തുടങ്ങിയിട്ട് വര്ഷം അഞ്ചായി. ഒരിക്കല് പോലും എനിക്കങ്ങനെ തോന്നിയില്ലല്ലോ.’
‘അത് വേറെ ആരെങ്കിലും ഉള്ളതുകൊണ്ടായിരിക്കും’
‘അല്ല നന്ദു.. എന്നെ വീഴ്ത്താന് ഈയൊരാള്ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളു.’
അയാളുടെ പിടിയില് അവളൊരു പൂച്ചക്കുഞ്ഞു പോലെ ഒതുങ്ങി. നിര്ത്താതെ ചുംബിച്ച് അവള് ആകെ തളര്ന്ന് ആ കൈകളില് കുഴഞ്ഞു കിടന്നു. അയാള് അവളെ ചേര്ത്ത് പിടിച്ചു കുറച്ചു നേരം കിടന്നു. പിന്നെ ഒരു അമ്മ കുഞ്ഞിനെ വാത്സല്യത്തോടെ താലോലിക്കുന്നത് പോലെ താലോലിച്ചു. നന്ദിനി തളര്ന്നു പോയിരുന്നു. ജോണ്‌സണ് അവളെ ശരീരത്തോട് ചേര്ത്ത് പിടിച്ചു വാതില് തുറന്നു മെല്ലെ തിരിച്ചു നടന്നു.
ഭാഗ്യം! ആരും അറിഞ്ഞില്ല. അവള് കട്ടിലില് കയറി കിടന്നു. ജോണ്‌സണ് ശുഭരാത്രി പറഞ്ഞു തിരിച്ചു പോയി. കട്ടിലില് കിടന്നു നന്ദിനി ഓര്ത്തു. ഇനിയും എത്ര കാലം! ജോണ്‌സേട്ടന് കാത്തിരിക്കാന് ആവുമോ? പതുപതുത്ത തലയിണ നെഞ്ചോട് ചേര്ത്തമര്ത്തി അവള് മധുര സ്വപ്നത്തില് അലിഞ്ഞുറങ്ങി.
About The Author
No related posts.