രമാദേവി പിന്നീട് പറഞ്ഞതൊന്നും കിരണ്‍ കാര്യമായെടുത്തില്ല. ഉള്ളില്‍ എന്തെല്ലാമോ പൊട്ടിത്തെറികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബിന്ദു ആന്‍റിക്ക് ഇങ്ങനെ ഒരു ഭൂതകാലമുള്ളത് അറിയില്ലായിരുന്നു. അത് കരുണും അറിയാനിടയില്ല. സ്വന്തം അച്ഛന്‍ അകടത്തില്‍ മരിച്ചുവെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ ആ മുഖത്തേക്കവള്‍ ആശ്ചര്യപ്പെട്ട് നോക്കിയിരുന്നു.
മൗനിയായിരുന്ന കാമാക്ഷിയെ ശുഭപ്രതീക്ഷയോടെ രമാദേവി നോക്കി. മനഃസാക്ഷി മരവിച്ചതുപോലെയായിരുന്നു കിരണ്‍. സംഘര്‍ഷഭരിതമായ മനസ് വീണ്ടും പഴയതുപോലെയായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മനസ്സിലേക്ക് മുളപൊന്തുകയാണ്. ആരാണ് കൊലയാളി? രമാദേവിയോ? ബിന്ദുവോ? അരുണയോ? കാശിപ്പിള്ളയോ? അതോ അയാള്‍ നശിപ്പിച്ച മറ്റേതെങ്കിലും സ്ത്രീകളുടെ ഉറ്റവരോ?
രമാദേവിയെക്കുറിച്ചുണ്ടായിരുന്ന സംശയങ്ങള്‍ കിരണിന്‍റെ മനസില്‍ ബലപ്പെടുകയായിരുന്നു. കാണുന്ന മുഖത്തിനു മുന്നില്‍ ഒരു മുഖംമൂടിയുള്ളതുപോലെ. അവരുടെ കണ്ണുകളില്‍ ഇന്ദ്രജാലക്കാരന്‍റെ കൗശലമുണ്ട്. ആരെയും സ്വാധീനിക്കാന്‍ ആകര്‍ഷണീയമായ കണ്ണുകള്‍. ഇവര്‍ അണിഞ്ഞൊരുങ്ങി മുഖത്ത് ചായം പൂശി പുറത്ത് വന്നാല്‍ വളരെ മാന്യതയുള്ളവര്‍. എല്ലാവരെയും സ്നേഹത്തോടെയും ആദരവോടെയും കാണുന്നവര്‍. മറ്റുള്ളവരോട് സഹാനുഭൂതിയുള്ളവര്‍. അടുത്തറിയുംതോറും കഥയും കള്ളക്കഥകളുമാണ് പുറത്തുവരുന്നത്. വീണ്ടും ആശയകുഴപ്പത്തിലേക്കാണ് എത്തിനില്ക്കുന്നത്.
ഇനിയുള്ള ഓരോ നീക്കങ്ങളും അതിസൂക്ഷ്മതയോടെയാകണം. രമാദേവി കണ്ണുംനട്ട് നോക്കി നില്ക്ക അവളുടെ ശബ്ദമുയര്‍ന്നു.
“അമ്മാ യെല്ലാം ആണ്ടവനെ ധ്യാനിക്ക്. കള്ളം പറഞ്ഞാല്‍ ആണ്ടവന്‍ കോപിക്കും. സത്യമെങ്കീ ഇന്ത പിശാച് വരമാട്ടെ. വലിയ സ്ത്രീ വിഷയം ഇരിക്കമ്മാ. ഉനക്ക് തെരയാ. കട്ടായം ശൊല്ല്.”
“ഞാന്‍ പറഞ്ഞത് സത്യമാണ്.”
“അമ്മാ കൊഞ്ചം സംശയം. അമ്മാടെ അമ്മാവന് ഈ കൊലയില് കഠിനവേല ചെയ്തിരിക്കാ?”
“എന്‍റെ അമ്മാവന് വയസ് എഴുപതായി. നടക്കാന്‍പോലും വയ്യ. ഏഴെട്ടു വര്‍ഷമായി. ഞാനങ്ങോട്ട് വല്ലപ്പോഴും ഫോണ്‍ ചെയ്താ വിശേഷം ചോദിക്കുന്നേ. എന്‍റെ ഭര്‍ത്താവിനിനോട് ഇണക്കവുമില്ല പിണക്കവുമില്ല. ഭര്‍ത്താവ് മരിച്ച ദിവസം മാത്രം ഒന്നു വന്നു.”
“അമ്മാ ഇപ്പഴും യിന്ത ബിന്ദുന് സേവ ചെയ്തിരിക്കാ?”
“ആ ചെറുക്കന്‍ ജനിച്ച് നാലഞ്ച് വര്‍ഷംവരെ ഞാനാ സഹായിച്ചേ. പിന്നീടറിഞ്ഞത് നോവലിസ്റ്റ് ചാരുംമൂടന്‍ അവനെ ദത്തെടുത്തെന്നും അവരാ എല്ലാ സഹായവും ചെയ്തതെന്നാ. അയാടെ ഭാര്യ ഓമന ഇവിടുത്തെ സ്കൂളിലെ പ്രിന്‍സിപ്പാളാ. അതും സാറ് മരിച്ചതിന് ശേഷമാ ഞാനറിയുന്നത്. ആ സ്കൂളിലെ ഒരു കാര്യത്തിലും ഞാന്‍ ഇടപെട്ടില്ല. മോന്‍ ബി.എ. പഠിച്ച് വന്നാല് അവനെ എല്ലാം ഏല്പിക്കണം. അതേ ആഗ്രഹമുള്ളൂ.”
“അമ്മ യെന്ത് ശൊല്ലീയോ അതെല്ലാം യിന്താ മലാല് തൊട്ടു സത്യം ചെയ്യണം. ഏത് പാപിയിലും അത് താനേ തുണ. ഇതുതാന്‍ നല്ല വഴി. യെന്താ സാറിന്‍റെ വെളിപ്പെടുത്തിയ കാര്യങ്ങള് സത്യമാ ശൊല്ല്.”
രമാദേവി മാല പിടിച്ചു, “ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ്. ഈശ്വരന്‍ സാക്ഷിയാ പറയുന്നത്. എനിക്ക് കള്ളം പറഞ്ഞ് ശീലമില്ല.”
മാലയില്‍ നിന്ന് പിടിവിട്ടു.
“അമ്മാ അടുത്തമാസം അങ്കതാന്‍ മധുരേല് പോയ് എല്ലാം പൂജയും നടത്തമ്മാ. ആശൈ വിടാതമ്മാ. ഇന്ത കാമാക്ഷി പറഞ്ഞാല്‍ അന്ത മധുര മീനാക്ഷി കേക്കും അമ്മാ….”
“ഇടയ്ക്ക് ഇങ്ങോട്ടും കാമാക്ഷി വരണം കെട്ടോ. ടെലിഫോണിലെങ്കിലും വിളിക്കണം.”
“വിളിക്കമ്മാ. വിളിക്കാം.”
ഇല്ല, ഈ സ്ത്രീക്ക് ഒരാളെ കൊല്ലാനോ കൊല്ലിക്കാനോ ഉള്ള മനഃക്കരുത്തില്ല. ആരോടും മാന്യമായി നിഷ്കളങ്കതയോടെയാണവര്‍ പെരുമാറുന്നത്. ശങ്കരന്‍റെ വൃഷ്ണങ്ങള്‍ വിച്ഛേദിച്ചതില്‍ നിന്ന് അവള്‍ക്ക് ഒരു കാര്യം മനസ്സിലാക്കി. അയാളുടെ ഏറ്റവും വലിയ ദൗര്‍ബല്യം സ്ത്രീകളായിരുന്നു. അയാള്‍ പീഡിപ്പിച്ചവര്‍ നാട്ടില്‍ ധാരാളമുണ്ട്.
മുറ്റത്ത് ഒരു മോട്ടോര്‍ സൈക്കിള്‍ വന്നു നിന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. രമാദേവി വരാന്തയിലേക്ക് പോയി. മകനായിരുന്നു.
തറവാടിന്‍റെ വടക്കായി മണ്ടന്‍ മാധവനും മറ്റൊരു ചുമട്ടുകാരനുംകൂടി തെങ്ങില്‍ നിന്ന് വെട്ടിയിടുന്ന തേങ്ങ ചുമന്നുകൊണ്ടുവന്ന് മുറ്റത്തിടുന്നു. രണ്ടുപേര്‍ തെങ്ങില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഉച്ചയ്ക്കുള്ള ഊണ് കഴിഞ്ഞ് കിരണ്‍ അവിടെനിന്നു യാത്ര തിരിച്ചു. റോഡിലൂടെ വളരെ വേഗതയില്‍ ഒരു ബസ് പോയതവള്‍ നോക്കി. തടഞ്ഞുനിര്‍ത്തി അവന്‍റെ കരണൊത്തൊന്ന് കൊടുക്കണമെന്ന് തോന്നി.
സ്കൂട്ടറില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന കിരണും കാറില്‍ വന്ന കരുണും മുഖാമുഖം കണ്ടെങ്കിലും കിരണിനെ തിരിച്ചറിഞ്ഞില്ല. അതിന്‍റെ പ്രധാനകാരണം തലയില്‍ ഹെല്‍മറ്റ് ധരിച്ചതാണ്. ഇനി അതില്ലെങ്കിലും അവന്‍ ഈ വേഷത്തില്‍ അത്ര വേഗം തിരിച്ചറിയാനിടയില്ല.
കാര്‍ അധികം മുന്നോട്ടു പോകും മുന്‍പു തന്നെ നിര്‍ത്തി. സ്വീകരിക്കാന്‍ അവിടെയൊരു ആള്‍ക്കൂട്ടമുണ്ട്. അവളും സ്കൂട്ടറില്‍ നിന്നുമിറങ്ങി ആ കാഴ്ച കണ്ടുനിന്നു. സ്കൂള്‍ കുട്ടികള്‍ക്കൊപ്പം നിന്ന് റോഡിന്‍റെ രണ്ട് ഭാഗങ്ങളും ശുചീകരണപ്രവര്‍ത്തനം നടത്തുകയാണ്. കര്‍മ്മസേനയിലുള്ളവരും അവര്‍ക്കൊപ്പമുണ്ട്. എല്ലാ ഞായറാഴ്ചയും ഓരോരോ സ്കൂളില്‍ നിന്ന് പ്രിന്‍സിപ്പാളിന്‍റെ അനുമതിയോടെ കുട്ടികളെ കര്‍മ്മോത്സുകരാക്കുകയാണ്. അവന്‍റെ നിര്‍ദ്ദേശപ്രകാരം ഓരോ വീടുകളിലും കുട്ടികള്‍ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം കഴിക്കണമെന്നവന്‍ നിര്‍ദ്ദേശിക്കുന്നു. നടപ്പാതകളുടെ ഇരുഭാഗത്തായി കുട്ടികള്‍ മഴക്കാലത്ത് മരങ്ങളും വെച്ചു പിടിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമത്തെ ഹരിതസുന്ദരമാക്കാനാണ് ജനപ്രതിനിധിയുടെയും നാട്ടുകാരുടെയും ശ്രമം. ജനങ്ങള്‍ക്കൊപ്പം നിന്ന് അദ്ധ്വാനിക്കുന്ന ഒരു ജനപ്രതിനിധിയെ അവര്‍ ആദ്യമായി കാണുകയാണ്. അവര്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടിരുന്നത് ഉദ്ഘാടനത്തിന് വേണ്ടി ഇടിമിന്നല്‍ പോലെ വന്നുപോകുന്ന ജനപ്രതിനിധികളെയാണ്. അവന്മാരൊക്കെ ലക്ഷ്യം വച്ചത് ക്യാമറക്കണ്ണുകളും ചാനലുകളുമായിരുന്നു. മാധ്യമരംഗത്തുള്ളവര്‍ക്ക് പണം കൊടുത്തായിരുന്നു വ്യക്തിപ്രഭാവം എഴുതിച്ചതും ചാനലില്‍ കാണിച്ചതും. ചില മാധ്യമപ്രവര്‍ത്തകര്‍ കരുണിനെ സമീപിച്ചപ്പോഴാണ് ആ സത്യം മനസ്സിലായത്. ചിലര്‍ക്ക് മദ്യലഹരിയിലായിരുന്നു താല്പര്യം.
കരുണ്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. ആരില്‍ നിന്നും പൂമാലയോ പൂചെണ്ടോ വാങ്ങിയില്ല. ജനപ്രതിനിധിയായതുകൊണ്ട് നാട്ടില്‍ എന്ത് നടന്നാലും പങ്കെടുക്കണമെന്ന നിര്‍ബന്ധവും ഇല്ലായിരുന്നു. ഒരു കെട്ടിടത്തിന് കല്ലിടണമെങ്കില്‍ അതിന്‍റെ ഉദ്ഘാടനം ആ സ്ഥലത്തേ പൂജാരിയോ പുരോഹിതനോ ആയിരിക്കും. സാഹിത്യ-സാംസ്കാരിക കൂട്ടായ്മയില്‍ ആ സ്ഥലത്തെയോ ജില്ലയിലേയോ മുതിര്‍ന്ന സാഹിത്യകാരനെയാണ് ഉദ്ഘാടനം ഏല്പിക്കുക. അതുപോലെ വിദ്യാഭ്യാസം ആരോഗ്യം പൊതുമരാമത്ത് എല്ലായിടത്തും കരുണ്‍ നിര്‍ദ്ദേശിക്കുന്നത് അതായത് രംഗങ്ങളില്‍ യോഗ്യതയുള്ളവരെയാണ് അവന്‍ സ്വാഗതമോ നന്ദിയോ പറയും. ഇന്ന് അയോഗ്യരാണ് അതൊക്കെ ചെയ്യുന്നതെന്ന് അറിയാവുന്നതുകൊണ്ടാണ് അത് ആവര്‍ത്തിക്കാന്‍ അവന് താല്പര്യമില്ലാത്തത്.
സ്വന്തം അദ്ധ്വാനത്തിലൂടെ ചിന്തയിലൂടെ അവന്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയത് കിരണ്‍ സന്തോഷത്തോടെ ഓര്‍ത്തു. എന്തായാലും ഈ വേഷത്തില്‍ അവനെ കാണാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. അവനുമായിട്ടൊന്ന് സംസാരിക്കണമെന്ന് മനസ് തിടുക്കം കാട്ടിയെങ്കിലും ഒരു തുണിക്കച്ചവടക്കാരിയായി അവള്‍ മാറിയിരുന്നു. അവള്‍ സ്കൂട്ടറില്‍ യാത്ര തിരിച്ചു. മനസ്സിനുള്ളില്‍ ഇപ്പോള്‍ നിറഞ്ഞത് റോഡ് ശുചീകരിക്കുന്ന കരുണിനെയാണ്. ഇപ്പോഴത്തേ അവന്‍റെ പദ്ധതിയാണ്. അവന്‍റെ മണ്ഡലത്തില്‍ എട്ടുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു പുസ്തകം ഒരുനോട്ടുബുക്കും ഒരു പേനയും ഏത് പുസ്തകം വേണമെന്ന് കുട്ടികളാണ് തീരുമാനിക്കുന്നത്. നോവല്‍, കഥ, കവിത, ലേഖനം, ശാസ്ത്രം, കായികം, യാത്രാവിവരണം, പരിസ്ഥിതി എല്ലാ പുസ്തകങ്ങളിലുമുണ്ട്. നല്ല നോട്ടെഴുതുന്നവര്‍ക്ക് സമ്മാനമുണ്ട്.
എല്ലാകുട്ടികളോടും അവന്‍ പറയുന്നത് നിങ്ങള്‍ വായിച്ച് വളരണം എന്നാണ്. സിനിമ കണ്ടിരുന്നാല്‍ വളര്‍ച്ചയുണ്ടാകില്ല. അത് ശക്തി പകരും. അതിലുള്ളവരെ നിങ്ങള്‍ക്കറിയാം. എന്നാല്‍ അറിയേണ്ടവരെ നിങ്ങള്‍ അറിയുന്നില്ല. രാഷ്ട്രീയരംഗത്തുള്ളവര്‍ അസൂയയോടെയാണ് കരുണിനെ കാണേണ്ടത്. ഇവനെപ്പോലുള്ളവര്‍ സാമൂഹ്യസേവനം ഏറ്റെടുത്താല്‍ അധികാരത്തിലിരിക്കുന്നവര്‍ക്കൊന്നും അധികകാലം അവിടെ ഇരിപ്പുണ്ടാകില്ല. അവര്‍ വന്‍പരാജയം തന്നെ നേരിടേണ്ടി വരില്ലേ?
ചിലര്‍ക്ക് അവനെ കൊല്ലാനുള്ള മനസ്സുണ്ടായിരുന്നു. അന്ന് വൈകിട്ട് പ്രതീക്ഷിച്ചതുപോലെ കരുണ്‍ വന്നു.
കാറില്‍ നിന്ന് ഇറങ്ങിയ കരുണ്‍ പൂമുഖത്തിരിക്കുന്ന കിരണിനെയാണ് കണ്ടത്.
“എടാ ഒരു മന്ത്രിയായാല്‍ നിലയും വിലയുമൊക്കെ വേണം. ഇന്നത്തെ മന്ത്രിമാരെക്കണ്ട് പഠിക്ക്.”
അവള്‍ കാണുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് കളിയാക്കുന്നത് സാധാരണമാണ്. എന്തുപറഞ്ഞാലും മിണ്ടാതിരിക്കാറില്ല. മറുപടി കൊടുക്കാറുണ്ട്. ഇതിനും അവന്‍ ഒരു ഉത്തരം കണ്ടെത്തി.
“ഇന്നത്തെ മന്ത്രിമാരുടെ പട്ടികയില്‍ ഈ പാവത്തിനെ ഉള്‍പ്പെടുത്തേണ്ടതില്ല. എനിക്ക് ഒരു മുഖമേയുള്ളൂ. മറ്റൊരു മുഖംമൂടിയില്ല. എന്നും അധ്വാനിക്കണം. നാട്ടുകാരുടെ മുന്നില്‍ വേഷം കെട്ടിയും വാചകമടിച്ചും ശീലമില്ല. നിന്‍റത്രപോലും എനിക്ക് പ്രസംഗിക്കാനറിയില്ല. അത് നിനക്കറിയാമല്ലോ. ഈ മുഖത്തിന് ഉടമ ഞാന്‍ മാത്രമാണ്.”
അവന്‍റെ വാക്കുകളില്‍ നിമിഷങ്ങള്‍ അവള്‍ മനംമയങ്ങി നിന്നു.
ആകാംക്ഷയോടവള്‍ നോക്കിയിരിക്കെ അവന്‍ ചോദിച്ചു. “കേസ് അന്വേഷണം കൊലപാതകിയില്‍ എത്തിയോ?”
അവള്‍ ചെറിയൊരു പുഞ്ചിരി വരുത്തി.
“പിടികിട്ടാപ്പുള്ളിയുടെ പിറകെ നിത്യവും അലയുകയല്ലേ. അന്വേഷണം തുടരുന്നു.”
ആരുചോദിച്ചാലും ആ ഒറ്റ ഉത്തരമേ അവള്‍ക്കുള്ളൂ. ആ സമയം ഉള്ളില്‍ നിഗുഢമായ ഒരാനന്ദം കടന്നുവരാതിരുന്നില്ല. നീയും എന്‍റെ പ്രണയത്തില്‍ ഒരു പിടികിട്ടാപ്പുള്ളിയായി നടക്കുകയല്ലേ? എത്രയോ വര്‍ഷങ്ങളായി നീ എന്നെ കബളിപ്പിച്ചു നടക്കുന്നു. പഴയതുപോലെ ഒരു ഭ്രാന്തമായ ആവേശമൊന്നും ഇപ്പോള്‍ പ്രണയത്തിനോടില്ല. വല്ലപ്പോഴുമൊക്കെ പ്രണയം പുഞ്ചിരിക്കുകയും വിറങ്ങലിച്ച് നില്ക്കയും ചെയ്യാറുണ്ട്. ഊണും ഉറക്കവും കാത്തിരിപ്പുമെല്ലാം എത്തിനില്ക്കുന്നത് കുറ്റവാളിയിലാണ്. കുറ്റവാളി പ്രാണവെപ്രാളംകൊണ്ട് ഓടിക്കൊണ്ടിരിക്കയാണ്. കണ്‍മുന്നില്‍ എത്തുമെന്നാണ് പ്രതീക്ഷ.
“സാറിന് എങ്ങിനെയുണ്ട്. അകത്തുണ്ടോ?”
ആ സമയം കൃഷിപറമ്പില്‍ നിന്ന് ചാരുംമൂടന്‍റെ ശബ്ദം അവരുടെ കാതുകളില്‍ പതിഞ്ഞു.
അവള്‍ പറഞ്ഞു, “ഒരല്പം സുഖം തോന്നിയപ്പോള്‍ പറമ്പിലിറങ്ങി. നിന്നെപ്പോലെ രണ്ട് പിള്ളാരും മമ്മിയും കൂട്ടിനുണ്ട്.”
വെളിച്ചം മങ്ങി നിന്നു. അവര്‍ അവിടേക്ക് നടന്നു. അവളുടെ കണ്ണുകല്‍ കൂടുതല്‍ വിടര്‍ന്നു. അവര്‍ നട്ട പ്ലാവിലേക്ക് നോക്കി പുഞ്ചിരിച്ചു.
“നോക്ക്. നമ്മുടെ പ്രണയപ്ലാവ് വളരുന്നുണ്ട് അല്ലേ?”
ആ മരത്തിന്‍റെ ഇലകള്‍ കാറ്റിലാടി അവരെ സ്വീകരിക്കുന്നതായി തോന്നി. അവനും ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു. വളരെ പ്രതീക്ഷയോടെയാണവള്‍ ആ മരത്തെ നോക്കുന്നത്. കാറ്റിലും പേമാരിയിലും ഒടിഞ്ഞു വീഴല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന.
അവരെ കണ്ടയുടനെ ചാരുംമൂടനും ഭാര്യയും അവിടെ നിന്ന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ട് അവരുടെ അടുത്തേക്ക് വന്നു. ഓമനയുടെ കൈവശം കുറെ പയറുകളുമുണ്ടായിരുന്നു.
“സുഖമില്ലാതെ എന്തിനാ സാറെ പറമ്പിലിറങ്ങുന്നത്?”
“നിനക്കറിയാമല്ല ഞാനങ്ങനെ വെറുതെ ഇരിക്കുന്ന ഒരാളല്ലന്ന്.”
വീട്ടുമുറ്റത്തുള്ള പൈപ്പില്‍ നിന്ന് കയ്യും കാലുകളും കഴുകി തോര്‍ത്തുകൊണ്ട് തുടച്ചിട്ട് അകത്തേക്ക് കയറിയിരുന്നു. ഓമനയും കിരണും അടുക്കളയിലേക്ക് പോയി. ചാരുംമൂടനും കരുണും പലതും സംസാരിച്ചു. ഇതിനിടയില്‍ കിരണ്‍ ചായയും പലഹാരങ്ങളുമായെത്തി അവര്‍ക്കൊപ്പമിരുന്ന് ചായ കഴിച്ചു.
“സാറെ എനിക്കിപ്പോള്‍ തോന്നുന്നു ഈ മന്ത്രിസഭയ്ക്കുള്ളില്‍ ചേരേണ്ടിയിരുന്നില്ലെന്ന്. അകത്ത് നടക്കുന്ന ഓരോരോ കാര്യങ്ങള്‍ നമ്മളെപ്പോലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല. നടപ്പാത വെട്ടിപ്പൊളിച്ചാലും കാശുണ്ടാക്കാനാണ് ഓരോരുത്തരും ഓടുന്നത്. സത്യവും നീതിയും കശാപ്പു ചെയ്യപ്പെടുന്നു. ചില ഫയലുകള്‍ മുന്നില്‍ വന്നാല്‍ എനിക്ക് തന്നെ ശ്വാസം മുട്ടല്‍ തോന്നാറുണ്ട്. ബന്ധപ്പെടുന്നവരെല്ലാം നേതാക്കന്മാര്‍, വ്യവസായികള്‍. പല ഫയലുകളും മടക്കി അയച്ചുകൊടുക്കയാണ് ചെയ്തത്. അഴിമതിക്ക് കൂട്ടുനിന്നാല്‍ മതി കോടികള്‍ പോക്കറ്റിലെത്തും. അത് മറ്റാരുമറിയില്ല. ഉടനടി ചാരുംമൂടനറിയിച്ചു. ഈ രാജ്യത്തിന്‍റെ ശാപമാണ് ഈ അഴിമതിവീരന്മാര്‍ അവരുമായിട്ട് കരുണ്‍ ഇഴുകിച്ചേരാന്‍ പാടില്ല. നമ്മുടെ ജനാധിപത്യത്തിന് അടിമുടി മാറ്റം വരാതെ രക്ഷപ്രാപിക്കില്ല. സത്യവും നീതിയും കരിന്തിരിയായി കത്തി നില്ക്കുമ്പോള്‍ ആ തിരിയില്‍ എണ്ണയൊഴിച്ച് കൊടുക്കാനാണ് ഈ പ്രപഞ്ചശക്തി നമ്മെ ഇവിടെ ആക്കിയിരിക്കുന്നത്. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തിട്ട് അതിനെ മൂടിവയ്ക്കാനുള്ള ശ്രമം ഭരണത്തിലുള്ളവര്‍ ചെയ്യുന്നത്. അവര്‍ക്ക് അംഗരക്ഷകരുണ്ട്, പോലീസുണ്ട്, അരമനകളുണ്ട്. അവര്‍ക്ക് കൂട്ടിന് കുറെ മാധ്യമങ്ങളുണ്ട്. എല്ലാവര്‍ക്കും വേണ്ടത് സമ്പത്താണ്. അതിനാല്‍ സത്യം മറച്ചു വയ്ക്കേണ്ടി വരും. പുറത്ത് വരുന്ന അഴിമതിക്കഥകള്‍ തുലോം കുറവാണ്. കിരണ്‍ പപ്പായുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തും പപ്പായുടെ തീരുമാനമനുസരിച്ചാണ് അവന്‍ നടപ്പാക്കുന്നത്. അവള്‍ ഇടയ്ക്കു കയറി പറഞ്ഞു. എന്‍റെ അഭിപ്രായത്തില്‍ ഈ ഭരിക്കുന്നവരില്‍ നിന്ന് പോലീസിന്‍റെ എല്ലാ വകുപ്പുകളും കോടതിയുടെ കീഴില്‍ കൊണ്ടുവരണമെന്നുള്ളതാണ്. എത്രയോ കേസുകളിലാണ് അവരുടെ ഇടപെടല്‍ എന്നറിയാമോ?”
കിരണും അതിനോടു യോജിച്ചു.
“എന്‍റെ വകുപ്പില്‍പോലും എത്രയോ സമ്മര്‍ദ്ദങ്ങളുണ്ടെന്നറിയാമോ? അനീതിയും അഴിമതിയും മുങ്ങിക്കുളിക്കാന്‍ പറ്റിയ കുറെ ഉദ്യോഗസ്ഥന്മാര്‍.”
ചാരുംമൂടന്‍റെ മനസ്സില്‍ കത്തിനിന്ന വിദ്വേഷം പെട്ടെന്ന് പുറത്തേക്കു വന്നു.
“കരുണ്‍ എനിക്ക് അക്കാദമി അവാര്‍ഡ് കിട്ടാന്‍ എന്തെങ്കിലും ശുപാര്‍ശ ചെയ്തിരുന്നോ?”
പെട്ടെന്നുള്ള ചോദ്യം കേട്ട് കരുണ്‍ ഒന്നമ്പരന്നു. മുഖം മങ്ങി. ആ വാക്കുകളില്‍ അമര്‍ഷം ഉണ്ടെന്നവന്‍ മനസ്സിലാക്കി. കിരണും മിഴിച്ചുനോക്കി. അതവള്‍ക്ക് സങ്കല്പിക്കാനേ കഴിഞ്ഞില്ല. ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങള്‍ക്ക് രാഷ്ട്രീയമാനമുള്ളത് അവള്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇന്ത്യന്‍ പ്രസിഡന്‍റ് കൊടുക്കുന്ന പുരസ്കാരങ്ങള്‍ക്ക് രാഷ്ട്രീയ സ്വാധീനം മാത്രമല്ല ലക്ഷങ്ങള്‍ വലിച്ചെറിയുകയും വേണം. കാശിപ്പിള്ള കഴിഞ്ഞവര്‍ഷം അവാര്‍ഡുകള്‍ വാങ്ങിക്കൊടുത്തത് പപ്പായ്ക്കറിയാം. അത് ചോദ്യം ചെയ്തപ്പോല്‍ തന്‍റെ മുന്നിലും സമ്മതിച്ചതാണ്. സ്ത്രീകള്‍ അവര്‍ക്കായി കിടപ്പറകള്‍ പങ്കിടുകയും പുരുഷന്മാര്‍ ലക്ഷങ്ങള്‍ ചിലവാക്കുകയും ചെയ്യുന്നു. സത്യത്തില്‍ എന്നും മറ്റുളളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന പപ്പായെ അവന്‍ മറ്റുള്ളവരെപ്പോലെ കണ്ടതിലാണ് അവളുടെ ദുഃഖം.
അവള്‍ നീരസത്തോടെ ചോദിച്ചു, “കരുണ്‍ സത്യം പറയൂ. നിനക്ക് ഇതില്‍ എന്താണ് പങ്ക്? എന്തുകൊണ്ട് പപ്പ ആ അവാര്‍ഡ് നിരസിച്ചു?”
അവളുടെ ഓരോ വാക്കിലും വേദന പുരണ്ടത് അവന്‍റെ ഹൃദയത്തിലാണ്. ഒപ്പം സാറിന്‍റെ ഹൃദയത്തെയും അത് വ്രണപ്പെടുത്തുകയുണ്ടായി. രണ്ടുപേരുടെയും മുന്നില്‍ ഞാനൊരു അപരാധി തന്നെയാണ്.
അവന്‍ മനസു തുറന്നു. “ഞാനതില്‍ തെറ്റു ചെയ്തുവെങ്കില്‍ സാര്‍ എന്നോട് ക്ഷമിക്കണം. എല്ലാ വര്‍ഷവും അയോഗ്യരായ പലര്‍ക്കും സാഹിത്യ അവാര്‍ഡ് നല്കുന്നുണ്ട്. എന്‍റെ മനസ്സില്‍ ഉത്കടമായ ഒരു ആഗ്രഹമായിരുന്നു സാറിന് ഒരു അവാര്‍ഡ് കിട്ടണമെന്നത്. മറ്റുള്ളവരെക്കാള്‍ യോഗ്യതയുണ്ടെന്ന്. എന്നിട്ടും എന്തുകൊണ്ട് കിട്ടുന്നില്ല. അതിനുള്ളിലെ രാഷ്ട്രീയകൂട്ടുകെട്ട് മനസ്സിലാക്കിയാണ് ഞാനും ഇടപെട്ടത്. അല്ലാതെ മറ്റൊരു ഉദ്ദേശവും എനിക്കതിലില്ല.”
കിരണിന് അവനോട് സഹതാപമുണ്ടെങ്കിലും പപ്പായ്ക്ക് ഒപ്പം നില്ക്കാനേ കഴിഞ്ഞുള്ളൂ. പപ്പ മറ്റുള്ളവരെപ്പോലെ നിശബ്ദനായിരിക്കുന്ന ഒരാളല്ല എന്നറിഞ്ഞിട്ടും ശത്രുപാളയത്തിലേക്ക് പറഞ്ഞു വിടേണ്ടതില്ലായിരുന്നു.
കിരണ്‍ പറഞ്ഞു, “കരുണ്‍ നിനക്കറിയാവുന്ന കാര്യമല്ലേ സാഹിത്യലോകത്ത് മാത്രമല്ല അര്‍ഹതയില്ലാത്തവരെ പലേയിടത്തും കിരീടം ചൂടിക്കുന്നത്.”
ചാരുംമൂടന്‍ പറഞ്ഞു, “സാരമില്ല കരുണ്‍. മേലില്‍ എന്‍റെ അത്തരത്തിലുള്ള കാര്യങ്ങളില്‍ ഇടപെടരുത്. പേനയെന്ന വലിയൊരു ആയുധം എന്‍റെ കൈവശമുള്ളപ്പോള്‍ എനിക്കാരുടെയും ഔദാര്യം ആവശ്യമില്ല. ഞാന്‍ ജനത്തിനൊപ്പമാണ്.”
ആ വാക്കുകള്‍ അവനല്പം ആശ്വാസം നല്കിയെങ്കിലും ഉള്ളില്‍ കുറ്റബോധം ഉടലെടുക്കുകതന്നെ ചെയ്തു. അവന്‍ ആ മുഖത്തേക്ക് വിഷാദത്തോടെ നോക്കി. ഒരിക്കലും പ്രശസ്തി ആഗ്രിഹക്കാത്ത പ്രത്യാശ നഷ്ടപ്പെടാത്ത കെടാവിളക്ക്.
About The Author
No related posts.