അന്നും ഉണര്ന്നത് വളരെ വൈകിയായിരുന്നു. മുറ്റത്തു ശബ്ദം കേട്ടാണ് ഉണര്ന്നത്. അവിടെ ഫ്രെഡ്ഡിയും മമ്മിയും പോകാന് ഇറങ്ങി നില്ക്കുന്നു. കുട്ടികളോട് യാത്ര പറയാന് കാത്തു നിന്നതാണെന്ന് ആന്റി പറഞ്ഞു.അവര് മൂന്നു പേരെയും ചേര്ത്ത് നിര്ത്തി മൂര്ദ്ധാവില് ചുംബിച്ചു. മകന് ചെയ്ത തെറ്റിന് അവര് നന്ദിനിയെ ആശ്വസിപ്പിച്ചിരുന്നു.
‘അവനു ജീവിതത്തില് ആകെ ഇഷ്ടപ്പെട്ട പെണ്ണാ മോളാ അവര് പറഞ്ഞു.
‘അവിടെ അവന് പ്രശസ്ത കമ്പ്യൂട്ടര് എഞ്ചിനീയറാ.. എത്ര പെണ്പിള്ളേരാ അവന്റെ ഒരു നോട്ടത്തിന് ആഗ്രഹിക്കുന്നതെന്ന് അറിയാമോ? ഒരാളെയും അവന് ഇഷ്ടപ്പെട്ടതായി അറിയില്ല. ഇന്നലെ വന്ന ഡോക്ടര് ലില്ലി ഇല്ലേ? അവളെയും അവനു പിടിച്ചില്ല. അവന് ഒരു പെണ്ണിനെ കര്ത്താവ് കണ്ടിരിക്കും?’
‘വിഷമിക്കാതെ നാത്തുനേ അവന് അത്ര പ്രായം ആയില്ലല്ലോ. പോകുന്നതിനു
മുൻപ് നമുക്ക് നോക്കാം’മമ്മി അവരെ ആശ്വസിപ്പിച്ചു. ‘അവന് ഇഷ്ടപ്പെട്ടെന്നു പറഞ്ഞ ഒരേ ഒരു പെണ്‌കൊച്ചാ ഇത്.’ ആന്റി നന്ദിനിയെ ഒരിക്കൽ കൂടി ചേര്ത്ത് പിടിച്ചു.
‘അതിന്, അതിന്റെ വീട്ടുകാര് ഇവിടുത്തെ ആഢ്യത്വം തികഞ്ഞവരാ.. അതിനെ
ഒന്നും അങ്ങനെ കിട്ടില്ല.” മമ്മി പറഞ്ഞു. ‘സാരല്യ.. ഞാന് എന്റെ വിഷമം കൊണ്ട് പറഞ്ഞതാ.’
നന്ദിനി ഒന്നും പറഞ്ഞില്ല.
‘എനിക്ക് പതിനെട്ടു വയസ്സ് ആയില്ല. അല്ലെങ്കില് ഞാന് പോന്നേനെ. എനിക്ക് ഇഷ്ടാ അമേരിക്ക.’ നാരായണി പറഞ്ഞു. നന്ദിനി അവള്‌ക്കൊരു നുള്ള് കൊടുത്തു.
‘ഈ പെണ്ണ്!’ നന്ദിനി അവളെ കണ്ണ് കൊണ്ട് ശാസിച്ചു.
‘വേണ്ടാട്ടോ.. എന്റെ ഏട്ടനു ഞാന് ശുപാര്ശ ചെയ്യാന് പോവാ.. ചേട്ടന് എഞ്ചിനീയറായാല് വേണമെങ്കില് അമേരിക്കയില് പോകാമല്ലോ.’
തങ്കമണിയുടെ വായും നന്ദിനി പൊത്തി. അന്യ ആളുകള് കേള്ക്കുമെന്ന് ഈ കുട്ടികള്ക്ക് അറിയില്ല.
ജോണ്‌സണ് എഴുന്നേറ്റതും അപ്പോഴാണ്. ഇന്ന് ആന്റിയും മകനും രാവിലെ തിരിച്ചു പോകുമെന്ന കാര്യം മറന്നു പോയി. നേരം വെളുക്കാന് കാലം ആയപ്പോഴല്ലെ ഒന്ന് ഉറങ്ങിയത്. രാത്രി നടത്തിയ ധീരകൃത്യം ഒക്കെ ഓര്ത്ത് നന്ദിനിയുടെ നിസ്സഹായത മുറ്റിയ സ്വരം അയാളെ വല്ലാതെ ആര്ദ്രചിത്തനാക്കിയിരുന്നു. തന്നെ എല്ലാം മറന്നു സ്‌നേഹിക്കുന്ന പൊന്നോമനയ്ക്കു വേണ്ടി എത്ര കാലം വരെ കാത്തിരിക്കാനും അയാള്ക്ക് വിഷമമില്ല. ജോണ്‌സണും ദിനേശനും അവര്ക്കരികില് ഓടി എത്തി. പെണ്കുട്ടികളൊക്കെ അമ്മയോടും അമ്മായിയോടും ചേര്ന്നു നില്ക്കുന്നത് കണ്ടു പെട്ടെന്ന് പരിഭ്രമിച്ചു പോയി.
‘ഹലോ.. നീ എന്നാടാ അമേരിക്കയില് വരുന്നത്?’ ഫ്രെഡ്ഡി ചോദിച്ചു.
ജോണ്‌സണ് ചിരിച്ചു ‘ഞാന് വരുമെടാ..നീ ഒരു ഉപകാരം ചെയ്യണം. മൂന്നു കൊല്ലം കഴിഞ്ഞാല് ദിനേശന് എഞ്ചിനീയറാകും. നീ അപ്പോള് അവനെ അങ്ങോട്ട് എത്തിക്കണം. പിന്നെ ഞാന് അവിടെ വരും തീര്ച്ച.’
‘അതൊക്കെ നമുക്ക് ശരിയാക്കാം’ അയാള് പറഞ്ഞു. എല്ലാവരോടും പ്രത്യേകം പ്രത്യേകം യാത്ര പറഞ്ഞ് അവരുടെ കാര് ഗേറ്റ് കടന്നു പോയി. പോകുമ്പോള് ദിനേശനോട് അയാള് ഉറപ്പു പറഞ്ഞിരുന്നു അമേരിക്കയില് എത്തിക്കുമെന്ന്.
‘കോളടിച്ചല്ലോ അളിയാ..’ ജോണ്‌സണ് പറഞ്ഞു.
:നമ്മളൊക്കെ ഒറ്റ പുത്രന്മാരല്ലേ… നമുക്കങ്ങനെ നാട് വിടാനൊക്കെ പറ്റുമോ?’ ദിനേശന് മെല്ലെ ചിരിച്ചു.
‘ഏട്ടന് എങ്ങും പോണ്ടാ..നാരായണിയെ കല്യാണം കഴിച്ചു ഞങ്ങളുടെ ഒക്കെ ഏ ട്ടനായി അങ്ങ് കഴിഞ്ഞാല് മതി കേട്ടൊ.’ തങ്കമണി പറഞ്ഞു.
ജോണ്‌സണ് അത്ഭുതത്തോടെ അവളെ നോക്കി.
‘എന്തൊക്കെയാ..ന്റെ കുട്ടി നീയി പറയെണെ!’നന്ദിനി അവളെ ശാസിച്ചു.
‘ചെറിയ വായിലാ ഈ വലിയ വാക്കുകള്?’
‘നമുക്കും പോകണ്ടേ?’നന്ദിനി ദിനേശനോട് ചോദിച്ചു.
‘പോകാം.. എല്ലാവരും ഒരുങ്ങിക്കോളൂ : ദിനേശന് പറഞ്ഞു.
‘ഇപ്പോള് തന്നെ പോണോ? വൈകുന്നേരം പോയാല് പോരെ? ‘ ജോണ്‌സണ്ു, മമ്മിയും ഒന്നിച്ചു ചോദിച്ചു.
‘വാ മക്കളെ..ഒന്നും കഴിച്ചില്ലല്ലോ.. വൈകുന്നേരം മോളിയും സൈമണും നിങ്ങളുടെ കൂടെ വരുന്നുണ്ട് കേട്ടൊ.’ മമ്മി തുടര്ന്നു. ‘വീട് നിറയെ ആളു ഉണ്ടായിരുന്നതിന്റെ ഒരു സന്തോഷം ഇനി എന്നാ ഉണ്ടാവുക? ഇവന്റെ പപ്പാ ഉണ്ടായിരുന്നപ്പോള് എന്നും വീട് നിറയെ ബന്ധുക്കള് ആയിരുന്നു. ഇപ്പോള് മോളിയുടെ കല്യാണം കൂടെ കഴിഞ്ഞപ്പോള് ഈ വലിയ വീട്ടില് ഞാന് ഒറ്റയ്ക്കാണ്. ജോണ്‌സണും ദൂരെയായി. അവനൊരു കല്യാണം കഴിച്ചാലും അവര് അകലെ തന്നെ ആയിരിക്കുമല്ലോ.’
‘കുട്ടികളൊക്കെ വാ.. ഞാന് എന്തൊക്കെയോ ഓര്ത്തു പോയി.’ പ്രാതൽ കഴിച്ചുകൊണ്ടിരുന്നപ്പോള് ഡോക്ടര് സൈമന്റെ അമ്മയും അപ്പച്ചനും കാറില് വന്ന് ഇറങ്ങി.
‘ക്രിസ്തുമസ് ഒക്കെ എവിടം വരെ ആയെടാ? ‘ അപ്പച്ചൻ ജോണ്‌സനോടു ചോദിച്ചു.
‘വാ..വാ.. ഇന്നലെ വരുമെന്ന് കരുതി ഞങ്ങള്.’
‘ഇന്നലെ എങ്ങനെ വരും? വീട നിറയെ ആളായിരുന്നില്ലേ!’
കാപ്പി കുടിക്കാന് ഇരുന്നപ്പോള് പരിചയമില്ലാത്തവരെ കണ്ട് അപ്പച്ചന് ചോദിച്ചു ‘ഇത് നമ്മുടെ കുരിയച്ചന്റെ മക്കളാണോ?’
‘അല്ല.. ഇതൊക്കെ എന്റെ കൂട്ടുകാരാണ്. കുര്യന് പേരപ്പനു പെണ്കുട്ടികൾ ഇല്ലല്ലോ’
‘ആ! അത് ഞാനങ്ങു മറന്നു. കുട്ടികള് ഒന്നും കഴിച്ചില്ലല്ലോ. ഈ ഇറച്ചിക്കറിയൊക്കെ നന്നായി ഒഴിച്ച് കഴിക്കു. ഉപ്പോഴത്തെ കുട്ടികളൊക്കെ തടി വയ്ക്കാതിരിക്കാനാ ഈ നുള്ളി തീറ്റ… തിന്നു മക്കളെ.’
അപ്പച്ചന് വലിയ വര്ത്തമാനക്കാരനായിരുന്നു.
‘എടാ. ജോണ്‌സാ… എങ്ങനെ ഉണ്ട് ബ്ലോക്ക് ഓഫീസറെ? ഇവിടുത്തെ തോട്ടങ്ങളൊക്കെ വിട്ടു നീ ആപ്പീസ് ഭരിച്ചാല് പിന്നെ ഇതൊക്കെ ആര് നോക്കും?’
‘ഞാന് ഇടത്ക്കു വന്ന് അന്വേഷിക്കുന്നുണ്ട്.നോക്കാന് ഒക്കെ ഇവിടെ ആളുണ്ടല്ലോ പിന്നെ മമ്മീം..’
‘ആരെങ്കിലും ഒക്കെ നോക്കിയാല് മതിയോ? നിനക്ക് ഒരു കല്യാണം ഒക്കെ കഴിച്ച് ഇവിടെ കഴിഞ്ഞാല് പോരെ? ‘ മോളിയും സൈമണും വിവരം അറിഞ്ഞ് ഓടി വന്നു.
‘പപ്പയും മമ്മിയും ഇന്നലെ വരുമെന്ന് കരുതി’ ‘ മോളി പറഞ്ഞു.
നിങ്ങളും കൂടെ പോയതോടെ ആകെ വിഷമിച്ചിരുന്നതാ.അപ്പോള് എന്റെ അനിയനും മക്കളും വന്നു, പിന്നെ മമ്മിയുടെ ബന്ധുക്കളും. ഇന്നലെ വീട് നിറയെ ആളുകളായിരുന്നു. നിങ്ങള് എന്നാ അങ്ങോട്ട് ?’
‘ ഞാനും സൈമണും ഇന്ന് ഈ കുട്ടികളുടെ വീട്ടില് പോവുകയാ, നാളെ കഴിഞ്ഞ് അങ്ങോട്ടു വരാം. ‘
ഉച്ചയൂണ് കഴിഞ്ഞതും നന്ദിനി സാധനങ്ങളൊക്കെ ഒതുക്കി പോകാൻ തയാറായി. തലേന്നു പള്ളിയില് പോയ വസ്ത്രങ്ങളും ആഭരണങ്ങളും അടങ്ങിയ പൊതിയെടുത്തു അവള് മമ്മിയുടെ കയ്യില് കൊടുത്തു.
‘ഇതൊക്കെ എന്താ മക്കളെ?’
‘പള്ളിയില് ഇട്ട വസ്ത്രങ്ങളും ആഭരണങ്ങളും ആണ് . ഇത ഞങ്ങള്ക്ക് ഇനി എവിടെയും ഇടാന് പറ്റില്ല. ആര്‌ക്കെങ്കിലും കൊടുക്കാലോ.’നന്ദിനി പറഞ്ഞു.
‘അതെന്താ മക്കളെ? നിങ്ങള്ക്ക് ഡാന്‌സ് ചെയ്യാനൊക്കെ നല്ലതാ..പിന്നെ ഈ
ആഭരണങ്ങള് ഒക്കെ നിങ്ങള്ക്കാ..’
നന്ദിനി ഞെട്ടിപ്പോയി. എന്ത് വില കൂടിയ സാധനങ്ങളാ. ഇതൊക്കെ എങ്ങനെ
സ്വീകരിക്കും!
‘അങ്ങനെയൊന്നും കരുതേണ്ട നന്ദിനി. ഇത് നിങ്ങള്ക്കായി മമ്മി വാങ്ങിയതാ…’
‘എന്നാലും സാറേ..’നന്ദിനി വിക്കി. ‘ഒന്നുമില്ല… ഒക്കെ കയ്യില് വച്ചോ. ഇതൊക്കെ ഇട്ടിട്ട് ഇനിയും കാണണം നിങ്ങളെ. എന്തായിരുന്നു ഇന്നലെ ഇവിടെ? ഒക്കെ മാലാഖമാരായിരുന്നില്ലേ!’
നന്ദിനിക്ക് വാക്ക് മുട്ടിപ്പോയി. വൈകുന്നേരം കാറിന്റെ പിന്നില് പലഹാരങ്ങള് നിറച്ച കുട്ടകളൊക്കെ കയറ്റി വച്ചിരുന്നു. ഡോകടര് മോളിയും സൈമണും അവരുടെ കാറില് പിന്തുടരുന്നുണ്ടായിരുന്നു.
വൈദ്യഗൃഹത്തിന്റെ പഴമ കണ്ടു അവര്ക്ക് വളരെ ഇഷ്ടപ്പെട്ടു. ദിനേശന്റെ മാളിക
വീട് നിര്ത്തി നാല്‌കെട്ട് പൊളിക്കുന്നത് കേട്ട് അവര് പറഞ്ഞു ‘ ഞങ്ങള്‌ക്കൊക്കെ ഈ പഴമ ഇഷ്ടമാണ്. ഞങ്ങളുടെ പപ്പയുടെ വീടും പൊളിച്ചു കളഞ്ഞതാണത്രേ!’മോളി പറഞ്ഞു. അമ്മുക്കുട്ടിയമ്മ നല്ല ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട പാകത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട സംഭാരം കൊണ്ടുവന്നു കൊടുത്തപ്പോള് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. ദിവസങ്ങളായി വിവിധതരം ഭക്ഷണ പദാര്ത്ഥങ്ങളുടെ ധാരാളിത്തത്തിൽ സ്വാഭാവികമായി അനുഭവപ്പെട്ട മടുപ്പ് വിട്ടകലാ9 സംഭാരത്തിന് ഒരു പ്രത്യേക കഴിവ് ഉണ്ട്. രണ്ടു ഗ്ലാസ് സംഭാരം കുടിച്ചു ദീര്ഘമായൊരു ഏമ്പക്കം വിട്ടു ജോണ്‌സണ്. എല്ലാവരും കൂടെ കൂട്ടമായി ചിരിച്ചു.
‘ഒരു നാണവും ഇല്ല.’നന്ദിനി മനസ്സില് പറഞ്ഞു.
ശ്രീദേവിയെ പരിശോധിച്ചിട്ടു ഡോകടര് മോളി പറഞ്ഞു’ രണ്ടു ദിവസം കഴിയില്ല’ അമ്മുക്കുട്ടിയമ്മയ്ക്ക് പരിഭ്രമം ആയി. മലയ്ക്ക് പോയവരൊന്നും തിരിച്ചെത്തിയിട്ടില്ല. ‘ദേവീ! കാത്തോളണേ, എന്റെ ശ്രീശാസ്താവേ!’
‘എന്തിനാ ഇത്ര പരിശ്രമിക്കുന്നെ? ‘മോളി ചോദിച്ചു.
‘നാളെ മിക്കവാറും വേദന തുടങ്ങും. ഒരു പ്രശ്‌നവും കാണുന്നില്ല, നല്ല സുഖ പ്രസവമായിരിക്കും. ഇവിടെ അടുത്ത് ആശുപത്രി ഉണ്ടല്ലോ.’
‘ ഉണ്ട് പക്ഷേ ആരും പ്രസവത്തിന് അവിടെ പോകാറില്ല….വല്ല പ്രയാസവും വന്നാലേ പോകു…ഇല്ലെങ്കിൽ വയറ്റാട്ടിയമ്മ വരും’ അമ്മുക്കുട്ടി അമ്മ പറഞ്ഞു .
‘ഇപ്പോഴും ആളുകൾ ഇങ്ങനെയാണല്ലോ. നല്ല സൗകര്യം ഒക്കെയാണ് ഇപ്പോൾ ആശുപത്രികളിൽ.നാളെത്തന്നെ അവിടെ പൊയ്‌ക്കോളൂ.ഇവിടുത്തെ ആശുപത്രിയിൽ പുതുതായി സ്ഥാനമേറ്റ ഡോക്ടർ വാസന്തി എന്റെ കൂടെ പഠിച്ചതാണ്. ഞാൻ പോകുന്ന വഴി അവരെ കാണുന്നുണ്ട്. ശ്രീദേവിയുടെ കാര്യവും പറയാം. ഒട്ടും മടിക്കാതെ നാളെ തന്നെ ആശുപത്രിയിൽ എത്തണം.’
‘കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടറെ?’ അമ്മുക്കുട്ടിയമ്മ ചോദിച്ചു. വലിയ പ്രയാസമുള്ളതെന്തോ കേട്ടതുപോലെ അവരുടെ ശബ്ദം പതറിയിരുന്നു.’
‘ഡോക്ടറെ എന്നൊന്നും വിളിക്കല്ലേ അമ്മെ..മോളിയെന്നു വിളിച്ചാല് മതി…ഒമു പ്രയാസവുമുണ്ടാവില്ല കേട്ടൊ… സുരക്ഷിതത്വത്തിനുള്ള വഴി പറഞ്ഞതാ..നമ്മുട്ടെ നാട്ടില് ആളുകള്ക്ക് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.’
രാത്രി പച്ചക്കറികള് കൂട്ടി നല്ലൊരു ഭക്ഷണവും കഴിഞ്ഞാണ് അവര് മടങ്ങിയത്. പോകുമ്പോള് ശ്രീദേവിയേയും അമ്മുക്കുട്ടിയമ്മയേയും നിര്ബ്ബന്ധിച്ചു കാറില് കയറ്റി.നന്ദിനിയും കൂടെ കയറി. അവിടെ ഡോക്ടര് വാസന്തിയെ പരിചയപ്പെടുത്താന് ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്തത്. ഡോക്ടര് വാസന്തിക്കു രാത്രി ഡ്യൂട്ടി ആണെന്ന് മോളിക്ക് അറിയാമായിരുന്നു. ഡോക്ടര് വാസന്തി അവരെ നിര്ബന്ധപൂര്വ്വം അവിടെ കിടത്തി. സുഹൃത്തിന്റെ പ്രിയപ്പെട്ടവരെ തിരിച്ചയച്ചില്ല. നന്ദിനി മാത്രം തിരിച്ചു വരണം. ജോണ്‌സണ് പറഞ്ഞു ‘നന്ദിനി എന്റെ കാറില് കയറു ..ഞാന് വീട്ടിലാക്കാം.’നാളെ അത്യാവശ്യം ഉണ്ടെങ്കില് ആശുപ്രതിയില് വന്നാല് മതിയല്ലോ.’അമ്മുക്കുട്ടിയമ്മയും അത് സമ്മതിച്ചു. നാരായണി വീട്ടില് ഉണ്ടല്ലോ. ഡോക്ടര് സൈമണും മോളിയും അവിടെ നിന്നും നേരെ വീട്ടിലേക്കു തിരിച്ചു പോയി. ജോണ്‌സണ് മാത്രം നന്ദിനിയുമായി വൈദ്യ ഗൃഹത്തിലേക്കു പോന്നു. മുന്നിലെ വാതില് തുറന്നു പിടിച്ചു ജോണ്‌സണ് പറഞ്ഞു ‘ഇങ്ങോട്ടു കയറു, പുറകില് ഇരുന്ന് എന്നെ ഡ്രൈവര് ആക്കല്ലേ! ‘
നന്ദിനി മുന്നില് തന്നെ കയറി. കാര് ഏതൊക്കെയോ വഴികളിലൂടെ ഓടിക്കൊണ്ടിരുന്നു. നെഞ്ചോരത്തില് നന്ദിനിയെ ചേര്ത്ത് പിടിച്ചു കാര് ഓടിക്കുമ്പോള് ജോണ്‌സണ് ആദ്യമായി നന്ദിനി തന്റെ മാറില് തളര്ന്നു കിടന്ന രംഗം ഓര്ത്തു. അന്ന് ഒരു പരിചയവും ഇല്ലാതെ, മരണത്തിനു വിട്ടു കൊടുക്കാതെ, ഒരു കുഞ്ഞിക്കിളിക്ക് ചൂട് പകരുന്ന ഭാവത്തോടെ താന് രക്ഷിച്ചെടുത്ത പ്രിയപ്പെട്ടവളാണ് അടുത്തിരിക്കുന്നത്. കൈകള് അറിയാതെ കുസൃതി കാട്ടാന് തുടങ്ങിയപ്പോള് നന്ദിനി ചോദിച്ചു..’ നമ്മള് എന്താ വീട്ടില് എത്താത്തത് . ‘
‘അതിനു വീട് ഇരിക്കുന്ന വഴിയിലൂടെയല്ലല്ലോ നമ്മള് പോകുന്നത്.’
‘അതെന്താ?നാരായണി വിഷമിക്കും കേട്ടൊ.’
‘അതിനു നാരായണി ഒന്നും അറിഞ്ഞിട്ടില്ലല്ലോ’
‘ജോണ്‌സേട്ടാ..എന്നെ വീട്ടില് വിട്ടിട്ടു വേഗം പോ..മോളിച്ചേച്ചി എന്ത് കരുതും ജോണ്‌സേട്ടനെ കാണാഞ്ഞാല്?’
‘ഞാന് ഏതെങ്കിലും കൂട്ടുകാരെ കാണാന് പോയെന്നെ അവര് കരുതൂ.’
‘മതി..എന്നെ വീട്ടില് എത്തിക്കൂ ‘
‘നന്ദു ഇങ്ങോട്ട് അടുത്തിരിക്കൂ..ഞാന് കൊണ്ട് വിട്ടോളാം.’ നന്ദിനി ജോണ്‌സണോട് ചേര്ന്ന് ഇരുന്നു.
‘കുസൃതി കൂടിയിട്ടു വണ്ടി കൊണ്ടു പോയി എവിടെയും ഇടിക്കല്ലേ.’
‘ഇല്ല എന്റെ പൊന്നെ.. കുറച്ചുനേരം നമ്മള് രണ്ടു പേരും മാത്രമായി ഒരു യാത്ര. അത്രയും മതി. പിന്നെ കൊണ്ട് വിടാം.’
നന്ദിനിയെ ചേര്ത്ത് പിടിച്ചു ജോണ്‌സണ് വണ്ടി ഓടിച്ചു. പിന്നെയും വളരെ കഴിഞ്ഞാണ് വീട്ടില് എത്തിയത്.
പിറ്റേ ദിവസം നേരം പരപരാ വെളുക്കുന്നതിനു മുന്പു തന്നെ ജോണ്‌സണ് ആശുപ്രതിയില് എത്തി. അവിടെ വിശേഷം ഒന്നുമില്ല. അയാള് നേരെ വൈദൃഗൃഹത്തില് എത്തി. നന്ദിനി എഴുന്നേറ്റു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ജോണ്‌സന്റെ കാര് കണ്ട് അവള് ഞെട്ടി.
‘ഒന്നുമില്ല… ഞാനൊന്ന് ആശുപ്രതിയില് ചെന്നതാ. വീട്ടില് നിന്നും ചായയും കുറച്ചു പലഹാരങ്ങളും എത്തിച്ചു കൊടുത്തു. അവിടെ ആരും ഇല്ലെന്നു തോന്നരുതല്ലോ.’
‘ഇത്രയും ദൂരം അതിനായിട്ട് രാവിലെതന്നെ വണ്ടി ഓടിച്ചു വന്നോ? ‘
‘പിന്നെ, വരേണ്ടേ? ഇവിടെ ആരും ഇല്ലല്ലോ.’
നന്ദിനി അകത്തു പോയി അടുക്കളക്കാരി ഉണ്ടാക്കി വച്ച പുട്ടും പഴവുമായി വന്നു. ജോണ്‌സണ് കുടുംബനാഥനെ പോലെ ഇരുന്നു കഴിച്ചു. അവസാന ദിവസങ്ങളില് ആണ് വൈദ്യരും കൂടെ മലയ്ക്ക് പോകാന് തീരുമാനിച്ചത്. അമ്മുക്കുട്ടിയമ്മയ്ക്ക് ആ തീരുമാനം കേട്ടിട്ടു വേണ്ടെന്നു പറയാന് ധൈര്യം ഇല്ലായിരുന്നു. ഒരു ദൈവ കാര്യത്തിന് എങ്ങനെ മുടക്കം വരുത്തും?
ജോണ്‌സണ് പറഞ്ഞു ‘ ഞാന് പോകുമ്പോള് നന്ദിനി കുടെ വന്നോളു. അമ്മയ്ക്ക് ഒന്ന് വിശ്രമിക്കാം. ഉച്ചയ്ക്ക് വന്ന് അമ്മയേയും കൂട്ടാം, ഭക്ഷണവും കൊണ്ട് പോകാം.’ നന്ദിനി വേഗം കാറില് കയറി. ‘ശ്രീദേവി ചേച്ചിക്ക് വിശേഷം ഒന്നും ഇല്ലല്ലോ. പുട്ടും പഴവും ഇഷ്ടവുമാണ്.’
‘ഇന്നലത്തെ പോലെ ചുറ്റരുതു കേട്ടൊ..വേഗം എത്തണം. ഈ പുട്ടും പഴവും അവര്ക്ക് ചൂടോടെ കൊടുക്കാം.’
‘ശരി…സമ്മതിച്ചു’ ജോണ്‌സണ് കുസൃതി ഒന്നും കാണിക്കാതെ കാര് ഓടിച്ചു. നന്ദിനിയെ അവിടെ ആക്കി, അമ്മുക്കുട്ടിയമ്മയെ കൂട്ടി വീട്ടില് വന്നു. വേഗം ഉച്ച ഭക്ഷണം ഒക്കെ ശരിയാക്കി അത്യാവശ്യം സാധനങ്ങളുമൊക്കെയായി അവര് തിരിച്ചെത്തിയപ്പോള് (ശ്രീദേവിക്കു ചെറിയ പ്രസവ ലക്ഷണങ്ങള് ഒക്കെ തുടങ്ങിയിരുന്നു. ജോണ്‌സണും ഡോക്ടര് വാസന്തിയും ചെറുപ്പം മുതല് അറിയുന്നവരായിരുന്നു. അതിനാല് അവര് രാത്രി ജോലി കഴിഞ്ഞു വീട്ടില് പോയി വേഗം തന്നെ തിരിച്ചു വന്നിരുന്നു. ശ്രീദേവിയെ അവര് ഏറ്റെടുത്തു.
‘മോന് വീട്ടില് പോകേണ്ടേ? ‘ അമ്മുക്കുട്ടിയമ്മ ചോദിച്ചു.
‘വേണ്ട…രണ്ടു ദിവസം കൂടെ അവധിയുണ്ട്. ഇവിടുത്തെ ആവശ്യം കഴിഞ്ഞേ വരാവു എന്ന് മമ്മി പറഞ്ഞിട്ടുണ്ട്.’ അമ്മുക്കുട്ടിയമ്മ ആശ്വാസം കൊണ്ടു. ‘ ദേവിയുടെ കൃപ’ അവര് സ്വയം പറഞ്ഞു. ഒരത്യാവശ്യ സമയത്ത് ഇത്രയം നല്ല ഒരു മകനെ കൊണ്ടു വന്നു തന്നില്ലേ.
നന്ദിനി ഏടത്തിയുടെ അവസ്ഥ കണ്ട് ആകെ പരിഭ്രമിച്ചിരുന്നു. ജോണ്‌സണ് അവളെ ഭക്ഷണം കഴിഞ്ഞ ഉടനെ പുറത്തേക്കു വിളിച്ചു. മുറ്റത്തെ പടര്ന്നു പന്തലിച്ച മാവിന് ചുറ്റും തറ കെട്ടിയിരുന്നു. അവിടെ നന്ദിനിയോട് ഒത്തിരുന്ന് അവളെ ആശ്വസിപ്പിച്ചു. ജോണ്‌സന്റെ സാന്നിധ്യം ആ അത്യാവശ്യ സമയത്ത് നന്ദിനിക്കും സമാധാനം നല്കി.
‘ജോണ്‌സേട്ടനു പോകണ്ടേ? ‘
‘വേണ്ട…ഇവിടെ വേറെ ആരും ഇല്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാല്..’
നന്ദിനി ആശ്വസിച്ചു. ജോണ്‌സണുമായി കൊച്ചു വര്ത്തമാനം പറഞ്ഞിരുന്നു. ഇടയ്ക്കു അകത്തു പോയി വിശേഷങ്ങള് അറിഞ്ഞു വന്നു.വൈകുന്നേരം നന്ദിനിയെ വീട്ടില് കൊണ്ടാക്കി തിരിച്ചിറങ്ങുമ്പോള് നന്ദിനി ചോദിച്ചു.’ എവിടെ കിടന്നുറങ്ങും? ‘
‘കാറില്.’ ജോണ്‌സണ് പറഞ്ഞു.
‘അയ്യോ’ ജോണ്‌സണ് കാറില് കിടന്നുറങ്ങുന്നത് അവള്ക്കു ചിന്തിക്കാനേ വയ്യ.
‘ അതൊന്നും സാരമില്ല..രാത്രി വല്ല ആവശ്യവും വന്നാലോ.’
രാത്രി ശ്രീദേവിക്കു പ്രയാസം കൂടി. മരുന്നുകട തുറപ്പിച്ച് അത്യാവശ്യ സാധനങ്ങള് സമയത്തിനെത്തിച്ചു ജോണ്‌സണ്. അവിടുത്തെ ആശുപത്രിയില് അത്രയ്ക്ക സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളു. ഭാഗ്യത്തിന് ഡോക്ടര് വാസന്തിക്ക് എല്ലാം കൈകാര്യം ചെയ്യാന് പറ്റി. ആരും ഒരു പോള കണ്ണടച്ചില്ല.
നേരം വെളുക്കാനായപ്പോള് പ്രസവം നടന്നു. ആണ്കുഞ്ഞ്! കുഞ്ഞിനു അമ്മയ്ക്കും വേണ്ടതെല്ലാം ജോണ്‌സണ് പട്ടണത്തില് നിന്നും വാങ്ങി കൊണ്ടുവന്നിരുന്നു. ഡോകടര് വാസന്തിക്കും ജോണ്‌സണ് അവിടെ ഉണ്ടായിരുന്നത് ആശ്വാസം നല്കി. അവരും പ്രസവം കഴിഞ്ഞ ഉടനെ വന്നു ജോണ്‌സണോട് നന്ദി പറഞ്ഞു. വൈദ്യഗൃഹവുമായി ഉള്ള ബന്ധത്തിന്റെ തുടക്കം കേട്ടു ഡോക്ടര് വാസന്തി ചിരിച്ചു.
‘വല്ല പ്രേമവും അങ്ങനെ ഉദിച്ചോ? ‘
‘ഏയ്, എന്താ ചോദിക്കാന് കാര്യം?’
‘ഇങ്ങനെയൊക്കെയാണ് പ്രേമം ഉണ്ടാവുന്നത്..അതാ.’
നന്ദിനിയുടെ സൗന്ദര്യവും കഴിവുമൊക്കെ ഡോക്ടര് മനസ്സിലാക്കിയിരുന്നു, ജോണ്‌സണെ പോലെ ഒരാള് സഹായി ആകണമെങ്കില് അതിനു തക്ക കാര്യം ഉണ്ടാകണമല്ലോ.
ജോണ്‌സണ് വീട്ടില് പോയി നന്ദിനിയേയും നാരായണിയേയും കൊണ്ട് വന്നു കുഞ്ഞിനെ കാണിച്ചു. വൈദൃഗൃഹത്തില് പിറന്ന ”’ആണ്തരിയെ’ അവരൊക്കെ ആകാക്ഷയോടെ കണ്ടു നിന്നു. അമ്മുക്കുട്ടിയമ്മയ്ക്കു ജോണ്‌സണോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വൈകുന്നേരം വൈദ്യരും നന്ദഗോപനും വന്നു. വിവരം അറിഞ്ഞു അവരും സന്തോഷിച്ചു. ജോണ്‌സണ് ഉണ്ടായ പ്രയാസത്തില് അവര് മാപ്പ് പറഞ്ഞു.
‘ഏയ്! അതൊന്നും സാരമില്ല…എന്റെ സഹോദരിക്കും ഞാനല്ലേ ഉള്ളു.’അയാള് പറഞ്ഞു.
നന്ദിനിയേയും നാരായണിയെയും വീട്ടില് ആക്കിയിട്ടു ജോണ്‌സണ് കുളിച്ചു. തലേ രാത്രി ഉറങ്ങാത്തത്തിന്റെ ക്ഷീണം ഉണ്ട്. വണ്ടി ഓടിച്ചു പോകാന് പറ്റില്ല.
‘ഇവിടെ കിടന്നുറങ്ങു.. വിശ്രമിച്ചിട്ട് പോയാല് മതി ‘ നന്ദിനി ജോണ്‌സണ് ചോറ് വിളമ്പിയ ശേഷം പറഞ്ഞു.
‘കൂടെ കിടക്കാമോ?’ ജോണ്‌സണ് കുസൃതിയായി.
‘മിണ്ടാതെ ഇരുന്ന് ഉണ്ണ്. എന്നിട്ട് ഒറ്റയ്ക്ക് ഉറങ്ങിയാല് മതി. ആരും പിടിച്ചു തിന്നില്ല ‘
വൈദ്യരും ജോണ്‌സണോട് ഉറങ്ങി എഴുന്നേറ്റിട്ടു പോയാല് മതിയെന്ന് പറഞ്ഞു. കണ്ണടഞ്ഞു പോകുന്നു. നന്ദിനി വിരിച്ചു കൊടുത്ത കിടക്കയില് അയാള് ഉറങ്ങി. ഉടയ്ക്ക് അവള് ശബ്ദം ഉണ്ടാക്കാതെ വന്നു നോക്കുന്നുണ്ടായിരുന്നു. ഒരു ഓമനക്കുഞ്ഞ് ഉറങ്ങി കിടക്കുന്നതു പോലെ ശാന്തനായി ഉറങ്ങുന്ന തന്റെ പ്രിയനെ അവൾ നിര്ന്നിമേഷം നോക്കി നിന്നു.
‘മോളെ ജോണ്‌സണ് ഉണരുമ്പോള് നല്ല ചായ ഉണ്ടാക്കി കൊടുക്കണം കേട്ടോ? ഇടക്ക് അച്ഛന് അവളെ ഓര്മ്മിപ്പിച്ചു.
‘ശരി അച്ഛാ.. ഉണര്ന്നിട്ടില്ലെന്നു തോന്നുന്നു.’
നേരം ഇരുട്ടിയപ്പോഴാണു ജോണ്‌സണ് ഉണര്ന്നത്. പിറ്റേ ദിവസം ജോലി സ്ഥലത്ത് എത്തണമായിരുന്നു. വേഗം തന്നെ മുഖം കഴുകി ചായ കുടിച്ചു ജോണ്‌സണ് ഇറങ്ങാന് തയ്യാറായി. വ്‌റിളാവതിയായി നിന്ന നന്ദിനിയെ നോക്കി മൂകമായി യാത്ര പറഞ്ഞു, ജോണ്‌സണ് കാര് ഓടിച്ചു പോയപ്പോള് വൈദ്യരും ആശ്വസിച്ചു. ‘തക്ക സമയത്ത് ദരു മകനെ എത്തിച്ചു തന്നു തന്റെ വീട്ടിലെ പ്രതിസന്ധി തീര്ത്തല്ലോ അയ്യപ്പന്! ദേവീ തുണച്ചല്ലോ!’
അങ്ങകലെ ആ കാറ് ഒരു പൊട്ടു പോലെ മറയുന്നത് വരെ നന്ദിനി നോക്കി നിന്നു. പിന്നെ ജോണ്‌സണ് കിടന്ന കിടക്കയില് അവളും മൂടി പുതച്ചു കിടന്നു. തലേ രാത്രി അസ്വസ്ഥത മൂലം അവളും ഒട്ടും ഉറങ്ങിയിരുന്നില്ല. ജോണ്‌സന്റെ മണമുള്ള വിരിപ്പും പുതപ്പും അവളെ താരാട്ടി ഉറക്കി. കുറെ കഴിഞ്ഞു നാരായണി ചേച്ചിയെ തേടി നടന്നു കാണാതെ, വിരുന്നുകാര്ക്കുള്ള മുറിയില് എത്തി നാക്കിയപ്പോള് പതിവില്ലാതെ നന്ദിനി അവിടെ കിടന്നുറങ്ങുന്നു. അവളും തലേ രാത്രി ശരിക്കുറങ്ങിയിരുന്നില്ല. ചേച്ചിയുടെ ഓരം ചേര്ന്നു കിടന്നു നാരായണിയും ഉറങ്ങിപ്പോയി.
About The Author
No related posts.