ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -10 മാർപാപ്പായുടെ ആന

Facebook
Twitter
WhatsApp
Email

സമയം ഏഴര.

മധുരം വെയ്പിനുള്ള ഒരുക്കമായി.

ഷെവലിയർ ഹൗസിനുള്ളിലെ സ്ത്രീകൾ എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിൽ അങ്ങിങ്ങായി നിൽക്കുന്നു. മധുരം നിറച്ച വെള്ളിപ്പാത്രവും ബൈബിളും വെച്ച ടീപ്പോയിൽ മെഴുകുതിരി തെളിഞ്ഞു. മധുരപ്പാത്രത്തിൽ കൽക്കണ്ടമാണ്. പല നിറങ്ങളിലുള്ള കൽക്കണ്ടം.

മുകളിൽനിന്ന് പടിക്കെട്ടുകൾ ഇറങ്ങിവരുന്ന കത്രീനയേയും അവളെ ആനയിക്കുന്ന അന്നാമ്മയെയും കാത്തുനിൽക്കുന്ന വിടർന്ന കണ്ണുകൾ.

മധുരംവെയ്പ്പിന് മുൻപ് മണവാട്ടിയായ കത്രീന എല്ലാവർക്കും സ്തുതി കൊടുത്ത് അനുഗ്രഹം വാങ്ങണം. തുടക്കത്തിൽ അന്നാമ്മ കഴിഞ്ഞാൽ ഓരോരുത്തരുടെയും സ്ഥാനം അനുസരിച്ചുവേണം സ്തുതികൊടുത്ത് അനുഗ്രഹം വാങ്ങാൻ. സ്ത്രീകൾക്കു ശേഷം ഹാളിനു പുറത്തേക്കു അന്നാമ്മയൊന്നിച്ചു മണവാട്ടി പുറത്തേക്കിറങ്ങും. മുറ്റത്തുള്ള ചേട്ടന്മാർക്കും അളിയനും സ്ഥാനപ്രകാരം സ്തുതി കൊടുക്കണം.

പിന്നെ ആശംസ. അനുവാദം ചോദിക്കൽ. മധുരം കൊടുക്കൽ. അതോടെ ഭക്ഷണം. ആദ്യം കപ്പബിരിയാണി. കുട്ടികൾ ഒരു ലഘുനാടകം അവതരിപ്പിക്കുന്നുണ്ട്.

പേര് മാർപാപ്പായുടെ ആന!

സിംഹാസനംപോലുള്ള കസേരയ്ക്കുപിന്നിൽ ത്രേസ്യാമ്മകന്യാസ്ത്രീ പെൺകുട്ടികൾക്ക് നാടകത്തിനുള്ള നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ലഘുനാടകത്തിൽ പങ്കെടുക്കുന്നത് ഗേളി, മില്യ, സിസിലി, സീന, കിറ്റി, എയ്ഞ്ചൽ എന്നിവർ.

വർഷങ്ങൾക്കു മുൻപ് പാപ്പുവക്കീലിന് ഷെവലിയർ പദവി ലഭിച്ചപ്പോൾ ഈ വീട്ടുമുറ്റത്തു ഏതാനുംപേർ ചേർന്ന് അവതരിപ്പിച്ചതാണ് ‘മാർപാപ്പയുടെ ആന’ എന്ന ലഘുനാടകം. ഒരു ചരിത്രകഥ. പ്രധാന കഥാപാത്രങ്ങൾ പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും. അവർ കൊച്ചിരാജാവിന്റെ ആനപാപ്പാന്മാർ മാത്രമല്ല വിശ്വസ്തസേവകരുമാണ്. ആനപ്പുറത്തു രാജാവ് മാത്രമേ സഞ്ചരിക്കൂ. കൊട്ടാരത്തിലെ ഉന്നതസ്ഥാനത്തിനുവേണ്ടി പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും പൊരിഞ്ഞ മത്സരത്തിലും ശത്രുതയിലുമാണ്. ചതിയിൽപ്പെടുത്തി കൊല്ലാൻ വരെ മടിക്കില്ല. അധികാരമാണല്ലോ ലക്ഷ്യം. പക്ഷേ ഒടുവിൽ ഭിന്നതയും ശത്രുതയും മറന്ന് രണ്ടുപേരും ഐക്യത്തിലാവുന്നു. ആപത്തു സമയത്തു ഉറ്റമിത്രങ്ങളാവുന്നു.

കൊറോണ മഹാമാരിയുടെ കാലത്തു വിവിധ രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ ഒരു പുതിയ ഐക്യത്തിലെത്തുമെന്നും അത് ദൈവരാജ്യത്തിനു തുല്യമാകുമെന്നും സൂചിപ്പിക്കുന്നതാണ് കഥാതന്തു.

വാസ്‌കോ ഡി ഗാമ വന്നശേഷം ആയിരത്തിഅഞ്ഞൂറ്റി മൂന്നിലാണ് പോർട്ടുഗീസ് ഭരണം കൊച്ചിയിൽ ആരംഭിക്കുന്നത്. അത് നൂറ്റിയറുപതു് വർഷം നീണ്ടുനിന്നു. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഇളയതാവഴിയിലെ ഉണ്ണി ഗോദവർമ്മ കോയിതിരുമുൽപ്പാടായിരുന്നു കൊച്ചിരാജ്യം ഭരിച്ചിരുന്നത്. രാജ്യവിസ്തൃതികൊണ്ടും സമ്പത്തുകൊണ്ടും അറബി-മുസ്ലീം സൈന്യംകൊണ്ടും പ്രബലനായ കോഴിക്കോട് സാമൂതിരി കൊടുങ്ങല്ലൂർ തെക്കുഭാഗം നിരന്തരം ആക്രമിക്കുന്ന കാലം. കൊച്ചി പിടിച്ചെടുക്കുക എന്നതാണ് സാമൂതിരിയുടെ ലക്ഷ്യം. അപ്പോഴാണ് കൊച്ചി രാജാവ് പോർച്ചുഗീസുകാരെ സ്വീകരിക്കുന്നത്. അറിവിലും ബുദ്ധിയിലും സ്വഭാവശുദ്ധിയിലും സത്യസന്ധതയിലും കൊച്ചിരാജാവാണ് മികച്ചതെന്ന് പോർച്ചുഗീസുകാർക്കു ബോധ്യപ്പെട്ടു. കുരുമുളകും മറ്റും കയറ്റുമതി ചെയ്യാൻ വൈപ്പിനിൽ കോട്ട അനുവദിച്ചു. സ്വർണ്ണത്താളിയോലയിലാണ് കൊച്ചിരാജാവ് സൗഹൃദക്കത്ത് പോർച്ചുഗീസുരാജാവിനു കൊടുത്തയച്ചത്. കാലം കടന്നുപോയി. അഡ്മിറൽ കബ്രാളിനു പകരം ആൽബുക്കർക്ക് വന്നു. ഉണ്ണി ഗോദവർമ്മ കോയിത്തിരുമുൽപ്പാടും നാട് നീങ്ങി. അടുത്ത രാജാവ് ഉണ്ണി രാമകോയി അഭിഷിക്തനായി. പോർച്ചുഗീസുരാജാവ് മാനുവലിന് തന്റെ ആനയെ സമ്മാനമായി നല്കാൻ കൊച്ചിരാജാവ് തീരുമാനിച്ചു. ആനയെ കപ്പലിൽ ലിസ്ബണിലേക്ക് കൊണ്ടുപോകുമ്പോൾ പാപ്പാന്മാരായി പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും കൂടെ പോകണം!

ഇത്രയും ഭാഗം പതിനഞ്ചു മിനിട്ടുകൊണ്ട് ആമുഖമായി അവതരിപ്പിക്കണം. ശത്രുക്കളായ പറങ്ങോടന്റെയും ഇടികേളന്റെയും ഭാഗങ്ങൾക്കാണ് മുൻതൂക്കം. അതിനുശേഷമാണു മാർപാപ്പയുടെ ആനയുടെ ഭാഗം അവതരിപ്പിക്കേണ്ടത്.

മോളിക്കുട്ടി ഹാളിലെ വർണ്ണവിളക്കുകളും അലങ്കാരങ്ങളും മുഖങ്ങളും ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു.

ക്യാമറ സ്റ്റെയർകേസിലേക്ക് തിരിഞ്ഞു.

മണവാട്ടിയായ കത്രീനയും അന്നാമ്മയും പടിയിറങ്ങിവരുന്നു!

കത്രീനയുടെ തലയിൽ ലോകസുന്ദരി ചാർത്തുന്ന വെള്ളിക്കിരീടം പോലൊന്ന് വെച്ചിട്ടുണ്ട്. കസവിന്റെ സെറ്റും മുണ്ടും പച്ച ബ്ലൗസും.കഴുത്തിൽ മുത്തുമാല. കയ്യിൽ കുപ്പിവള. കാലിൽ പാദസരം.

ഹാളിലുള്ള സ്ത്രീകളിൽ ചിലർ കുരവയിട്ടു.

മുറ്റത്തു നിന്ന് പുരുഷന്മാർ കൈകളും പാത്രങ്ങളും കൊട്ടി പഴയ സുറിയാനി പാട്ടു പാടാൻ തുടങ്ങി.

കന്ദീശാ… ആലാഹാ…

ശുവ്ഹാ… ലാവാ… ഉലവ്‌റാ… വല്‌റൂഹാ… ദ്കുദിശാ…

ആറീം കാൽകോൻ ഉശമ്പന് കൊല്ലേ…

അമ്മാ…ലാലാഹാ…ഹയ്യാ…

കന്യാസ്ത്രീ അതിന്റെ അർഥം പെൺകുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പരിശുദ്ധനായ ദൈവമേ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ജനങ്ങളേ നിങ്ങൾ സ്വരമുയർത്തി ജീവിക്കുന്ന ദൈവത്തെ പ്രകീർത്തിക്കുവിൻ,….

കത്രീനയുടെ കൈകൾ പിടിച്ചു അന്നാമ്മ പാപ്പുവക്കീലിന്റെ ഫോട്ടോയ്ക്ക് മുൻപിൽ വന്നുനിന്നു.

”അനശ്വരനായ ഷെവലിയർ പാപ്പുവക്കീലേ, അങ്ങയുടെ അരുമസന്താനമിതാ മുന്നിൽവന്നു യാചിക്കുന്നു. അങ്ങ് അനുഗ്രഹിക്കേണമേ.” അന്നാമ്മ നിർദേശിച്ചു. ”മോളെ, അപ്പച്ചന് സ്തുതി കൊടുക്ക്.”

കത്രീന ഫോട്ടോയിൽ നോക്കി നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി.

ശേഷം അന്നാമ്മയ്ക്കു സ്തുതി കൊടുത്തു. അന്നാമ്മയ്ക്കു വീർപ്പുമുട്ടി മകളെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു.

പെട്ടെന്ന് കത്രീന ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞുകൊണ്ട് അന്നാമ്മയുടെ കാൽക്കൽ വീണു പാദങ്ങൾ ചുംബിച്ചു.

അടുത്തതായി, അന്നാമ്മയുടെ നിർദേശപ്രകാരം സ്വാമിനിയമ്മയ്ക്കു സ്തുതി കൊടുത്തു.

സ്വാമിനിയമ്മ കത്രീനയെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു കണ്ണടച്ചു, ആ ചുണ്ടുകൾ വിറച്ചു,

”ഹിരണ്മയേന പാത്രേണ സത്യസ്യാ പിഹിതം മുഖം തത് ത്വം പൂഷന്ന, പാവൃണു, സത്യ ധർമായ ദൃഷ്ടായ!”

”എന്താ ഇതിന്റെ അർഥം സ്വാമിനിയമ്മേ?” കത്രീന ചോദിച്ചു.

സ്വാമിനിയമ്മ അർഥം വെളിപ്പെടുത്തി.

”സത്യത്തിന്റെ മുഖം സ്വർണ്ണപ്പാത്രംകൊണ്ട് മൂടിയിരിക്കുന്നു. സൂര്യദേവ, അതു നീ തുറന്ന്, സത്യധർമ്മങ്ങളെ കാണുക.”

സ്വാമിനിയമ്മ കണ്ണുകൾ തുറന്നു.

രണ്ടു സൂര്യഗോളങ്ങൾ അതിൽ ജ്വലിക്കുന്നുണ്ടെന്നു കത്രീനയ്ക്ക് തോന്നി. സത്യത്തെ മൂടിവെച്ച സ്വർണ്ണപ്പാത്രം തുറക്കാനാണ് സ്വാമിനിയമ്മ പറയുന്നത്! സത്യധർമ്മങ്ങൾ കാണുവാനും. അതിപ്പോൾ പറയുന്നതിന്റെ യുക്തി എന്താണ്? നിഗൂഢമാണ് സ്വാമിനിയമ്മയുടെ മനസ്സ്. വെറുതെ അങ്ങനെ പറയുകയില്ല. ലോകം നിഗൂഢതകളുടേതാണ്. ഓരോ മനുഷ്യനും നിഗൂഢതയുണ്ട്. സത്യവും ധർമ്മവും ഇവിടെ മൂടിവെച്ചിരിക്കുന്നു, സ്വപ്‌നസാമാജ്യങ്ങളുടെ സ്വർണ്ണപ്പാത്രം കൊണ്ട്! അത് തുറക്കാനാണോ തന്നോട് ആവശ്യപ്പെടുന്നത്?

സ്വാമിനിയമ്മ കത്രീനയുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് അനുഗ്രഹിച്ചു.

കത്രീന ആമിനയെ കൈകൂപ്പി വണങ്ങി.

ആമിന കത്രീനയെ കെട്ടിപ്പിടിച്ചുകൊണ്ട് ചെവിയിൽ ചുണ്ടുകൾ ചേർത്തു.

”എന്റെ പൊന്നുമോൾക്ക് അല്ലാഹുവിന്റെ കാരുണ്യം എപ്പോഴുമുണ്ടാകും.”

അന്നാമ്മ ചുറ്റും കണ്ണോടിച്ചു. ഇനി ആർക്കൊക്കെയാണ് സ്ഥാനമനുസരിച്ചു കത്രീന സ്തുതി കൊടുക്കേണ്ടത്? മിസ്സിസ് ഡിസൂസ, മറിയം, ചിന്നമ്മ, ഏലീശ്വാ. ദേവിക, ഡെയ്സി, ആലീസ്, സൂസി, ത്രേസ്സ്യാമ്മ.

അവരെ ഓരോരുത്തരായി ക്രമമനുസരിച്ചു നില്ക്കാൻ ചൂണ്ടുവിരൽകൊണ്ട് അന്നാമ്മ ആംഗ്യം കാട്ടി. ഷെവലിയർ ഹൗസിലെ രാജ്ഞിയുടെ ഉത്തരവ്. മിസ്സിസ് ഡിസൂസയെ ഒഴിച്ച് മറ്റുള്ളവർ പെൺമക്കളും മരുമക്കളുമാണ്. പ്രായമല്ല, സ്ഥാനമാണ് പ്രധാനം. അതുകൊണ്ടാണല്ലോ ഗ്രെയ്‌സിനോട് പറയാതിരുന്നത്. ഗ്രെയ്‌സാണ് കത്രീനയേക്കാൾ ഒരു വയസ്സ് മൂത്തത്. പക്ഷെ അവൾ കത്രീനയുടെ സഹോദരന്റെ മകളാണ്. അനന്തിരവൾക്കു സ്തുതികൊടുക്കേണ്ട കാര്യമില്ല.

പെട്ടെന്ന് അന്നാമ്മയുടെ മനസ്സിൽ പുതിയൊരു വെളിപാടുണ്ടായി. കത്രീനയോടു നില്ക്കാൻ ആംഗ്യം കാണിച്ചു. നിമിഷങ്ങളോളം എന്തോ ആലോചിച്ചു. ഒടുവിൽ അടുക്കളവാതിൽക്കൽ നിന്ന വീട്ടുസഹായികളായ വേലക്കാരികളെ ക്ഷണിച്ചു. പല പ്രായക്കാരായ അഞ്ചാറ് സ്ത്രീകൾ അടുത്തേക്ക് വന്നു. അവരാണല്ലോ അന്നാമ്മയുടെ കൂടെ സദാസമയം ഷെവലിയർ ഹൗസിലുള്ളത്. അവരുടെ ആത്മാർത്ഥതയെ ആദരിക്കേണ്ടതുണ്ട്. അവരും കൂടപ്പിറപ്പുകൾ തന്നെ. അവർക്കു സ്തുതികൊടുക്കാൻ കത്രീനയ്ക്ക് ആജ്ഞ നൽകി.

കത്രീന അനുസരിച്ചു. വേലക്കാരികൾക്കു സ്തുതി കൊടുക്കാൻ തുടങ്ങി.

”ഇതാണ് നമ്മുടെ അമ്മച്ചിയുടെ മഹത്വം! എല്ലാവരും കണ്ടു പഠിക്കണം!” ത്രേസ്സ്യാമ്മ കന്യാസ്ത്രീ എല്ലാവരോടുമായി പറഞ്ഞു.

പെൺമക്കളും ആൺമക്കളും മരുമക്കളും കൊച്ചുമക്കളും താളത്തിൽ കയ്യടിച്ച് അഭിനന്ദിച്ചു. ഷെവലിയർ ഹൗസിന്റെ ഭിത്തിയിലെ ഫോട്ടോകളും അവിടവിടെ സൂക്ഷിച്ച ശില്പങ്ങളും തിളങ്ങി. രാത്രിയിൽ പൂത്ത പൂക്കളുടെ സുഗന്ധം കുളിർക്കാറ്റിൽ ഒഴുകിവന്നു. മുറ്റത്തുനിന്ന് പൗലോച്ചൻ ഉറക്കെ നീട്ടി പാടാൻ തുടങ്ങി.

”സ്വർഗം വിണ്ണിലല്ലാ, വനത്തിലല്ലാ, വാരിധിയാഴത്തിലല്ലാ…

സ്വപ്‌നത്തിലല്ലാ, സ്വർണ്ണത്തിലല്ലാ, നിയമത്തിൻ വാളിലുമല്ലാ…

കാരുണ്യം താനേ കിനിഞ്ഞുനിറയും

ഹൃദയസൂനത്തിലല്ലോ!..

സൃഷ്ടിപ്രപഞ്ചത്തിൻ സൗന്ദര്യം!

സത്യദൈവത്തിൻ ചൈതന്യം!”

ഗാനം മുറ്റത്തു നിന്നവർ ഏറ്റുപാടി.

അനന്തരം കത്രീന മറ്റുള്ളവർക്കും സ്ഥാനപ്രകാരം സ്തുതി കൊടുത്തു. ഓരോരുത്തരും തങ്ങളുടെ ചുണ്ടിൽ കൈവെച്ചു അവളുടെ കവിളിലും നെറ്റിയിലും സ്പർശിച്ചു.

ത്രേസ്സ്യാമ്മ കന്യാസ്ത്രീ അവളുടെ ശിരസ്സിലെ കിരീടത്തിൽ കൈവെച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ കത്രീന ചെവിയിൽ അറിയിച്ചു. ”ക്യാമറയിൽ എടുക്കുന്നുണ്ടെന്നു കരുതി അധികം പ്രാർത്ഥിച്ചു ബോറാക്കേണ്ട ചേച്ചീ. കന്യാസ്ത്രീയമ്മേടെ പ്രാർത്ഥന കർത്താവ് കാണുന്നുണ്ട്.”

കന്യാസ്ത്രീ പുഞ്ചിരിച്ചു. കൈവിരലുകൾ മെല്ലെ കത്രീനയുടെ കാതിൽ തിരുമ്മാൻ തുടങ്ങി. കത്രീന വേദനകൊണ്ടു പുളഞ്ഞപ്പോൾ കന്യാസ്ത്രീ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് ഒരു രഹസ്യം പറഞ്ഞു. ”തീർന്നിട്ടില്ല. നിനക്ക് ഞാൻ ഇനിയും വെച്ചിട്ടുണ്ട്. പോയിട്ട് വാ.”

കത്രീന പെൺകുട്ടികളെ ചേർത്ത് പിടിച്ച് ഉമ്മ കൊടുത്തു.

ക്യാമറയിൽ എല്ലാം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന മോളിക്കുട്ടിയെ കെട്ടിപ്പിടിക്കാൻ വന്നപ്പോൾ അവൾ കത്രീനയെ ഓർമ്മിപ്പിച്ചു.

”ആന്റീ, യു മസ്റ്റ് കീപ് സോഷ്യൽ ഡിസ്റ്റൻസിങ്. ഇറ്റ് ഈസ് എ സ്റ്റാട്യൂറ്ററി പ്രോട്ടോകോൾ. സാനിറ്റൈസർ കൊണ്ട് മുഖവും കൈകളും ഒക്കെ ഒന്ന് തുടയ്ക്കു. എന്നിട്ടുമതി മുറ്റത്തേക്ക്.”

അന്നാമ്മയും തലകുലുക്കി.

”മോളിക്കുട്ടി പറയുന്നതിലും കാര്യമുണ്ട്. ഒന്നങ്ങു തുടച്ചേക്കു മോളെ. എന്നിട്ട് നമുക്ക് മുറ്റത്തേക്ക് പോകാം.”

കത്രീനയുടെ കണ്ണുകൾ ഉരുണ്ടു.

”ഓ! അമ്മച്ചീടെ ഒരു മോളിക്കുട്ടി! മോളിക്കുട്ടി ഒന്ന് മുള്ളിയാമതി അമ്മച്ചി കിണ്ടിയെടുത്തോണ്ടു വരും! എന്നെയാരും ഒന്നും പഠിപ്പിക്കേണ്ട. അതൊക്കെ എനിക്കറിയാം. ദാ – നോക്ക്!” കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന വെളുത്ത തൂവാലയ്ക്കുള്ളിലെ ചെറിയ സാനിറ്റൈസർ കുപ്പി മോളിക്കുട്ടിയെ കാണിച്ചു. സാനിറ്റൈസർ തൂവാലയിൽ കുടഞ്ഞു മുഖവും കൈകളും തുടച്ചുകൊണ്ട് പറഞ്ഞു.

”മെഴുകും പുരട്ടി നിൽക്കുന്നിടത്താ അരക്കുംകൊണ്ട് വരുന്നത്! ഞാനാരാണെന്നാ നീ വിചാരിച്ചേ?”

മോളിക്കുട്ടി നെറ്റിയുയർത്തി കണ്ണുകൾ വികസിപ്പിച്ചു അത്ഭുതത്തോടെ സമ്മതിച്ചു. ”മർലിൻ മൺറോ! മാർപാപ്പായുടെ വെള്ളാന ഇടത്തുംവലത്തും കേട്ട് നടന്നാട്ടെ.”

അന്നാമ്മ കത്രീനയുടെ കൈപിടിച്ച് ഹാളിനു മുന്നിലേക്ക് നടന്നു. വരാന്തയിലേക്ക് ഓടിയെത്തിയ മോളിക്കുട്ടി മുട്ടിൽമേൽ നിന്ന് അവരുടെ വരവ് ചിത്രീകരിച്ചു. അന്നാമ്മയും കത്രീനയും മുറ്റത്തെ പന്തലിലേക്കിറങ്ങി.

ഹാളിൽ വീണ്ടും സ്ത്രീകളുടെ സംസാരം ഉയർന്നു. ഓരോ ഗ്രൂപ്പിനും ഓരോ വിഷയങ്ങൾ. എത്ര പറഞ്ഞാലും തീരാത്ത വിഷയങ്ങൾ!

കന്യാസ്ത്രീയും പെൺകുട്ടികളും മാർപാപ്പയുടെ ആനയുടെ ഒന്നാം പകുതി റിഹേഴ്‌സൽ നടത്താനും തുടങ്ങി. പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും കൊച്ചിരാജാവിന്റെ കൊട്ടാരത്തിൽ നേർക്കുനേർ തർക്കത്തിലാണ്.

സ്വാമിനിയമ്മയും ആമിനയും ഹാളിന്റെ ഒരു വശത്തു കസേരകളിലിരുന്നു.

സ്വാമിനിയമ്മ തന്റെ മനസ്സിൽ ബാക്കിവെച്ച വിഷയം വാർഡ് കൗൺസിലർ ആമിനയുടെ പർദ്ദ ഉയർത്തിയ മുഖത്തേക്കിട്ടു.

”കൊറോണ വൈറസിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത ഡോക്ടറും ലാബ് ടെക്‌നീഷ്യന്മാരും അറസ്റ്റുചെയ്യപ്പെട്ടതും അവർ ഭൂമുഖത്തു നിന്നും ഇല്ലാതായതും നമുക്ക് മുന്നിൽ ഒരു ഉദാഹരണമാണ്. ജനങ്ങളെ ബന്ദികളാക്കുന്ന തരത്തിൽ, ജനങ്ങളുടെ മേൽ ആധിപത്യമുറപ്പിക്കുന്ന തരത്തിൽ, അധികാരത്തിന്റെ തേരോട്ടം നടത്തുക എന്നതല്ല രാഷ്ട്രീയം. അത് അരാഷ്ട്രീയമാണ്.”

ആമിനയുടെ കണ്ണുകൾ സ്വാമിനിയമ്മയുടെ മുഖഭാവത്തിൽ തങ്ങിനിന്നു. ചൈനയിലെ കാര്യം പറയുമ്പോഴും അതിന്റെ മൂർച്ച സമീപത്തെവിടെയോ ഉരയ്ക്കുന്നത് പോലെ!

സ്വാമിനിയമ്മ തുടർന്നു. ”വിപുലമായ ടെസ്റ്റ് നടത്താതെ കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകാണിച്ചു സത്യാവസ്ഥ മൂടി വെയ്ക്കാൻ ഭരണകൂടം ശ്രമിക്കുന്നു. സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ട് മൂടിവെയ്ക്കുന്നു. ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാകുമെന്ന ന്യായം പറഞ്ഞു, വലിയ ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നു. പലയിടത്തും ലോക്ക്ഡൗൺ ഇളവുകൾ നല്കുന്നു.”

ആമിന പർദ്ദ ഒന്നുകൂടി ഉയർത്തിവെച്ചു. ”ജനങ്ങൾ വലിയ സമ്മർദ്ദത്തിലാണ്. അവരുണ്ടാക്കിയ സങ്കല്പലോകം നഷ്ടപ്പെടുമോ എന്ന ഭയം പൊതുവേയുണ്ട്. അസ്വാതന്ത്രം ആരും ഇഷ്ടപ്പെടുന്നില്ല. ഇളവുകൾ നൽകിയില്ലെങ്കിൽ പിരിമുറുക്കം കൂടും. പല തരത്തിലുള്ള മാനസിക പ്രകടനങ്ങൾ പുറത്തേക്കു വരും.”

”പക്ഷേ രോഗികളുടെ എണ്ണം കൂടുകയാണ്. മരണത്തിന്റെ എണ്ണവും കൂടുന്നു. കേന്ദ്രം പറയുന്നതുപോലെ സംസ്ഥാനം അനുസരിക്കുന്നില്ല.”

”കേരളത്തിന്റെ പ്രത്യേക സാഹചര്യം മുൻനിർത്തി നിർദേശിക്കുന്ന കാര്യങ്ങൾ കേന്ദ്രം കേൾക്കുന്നില്ല.”

”കേന്ദ്രത്തിനു ഒരു സംസ്ഥാനം മാത്രമല്ല മുന്നിൽ. ഇവിടെ ജനങ്ങളെ സുരക്ഷിതരായി കഴിയാൻ പരിശീലിപ്പിക്കുന്നില്ല. ബോധവൽക്കരണമില്ല. എല്ലാം പാർട്ടി പരിപാടി പോലെയാണ് നടക്കുന്നത്. പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന പലതും മണ്ടത്തരങ്ങളാണ്.”

”വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ മേധാവി തേദ്രോസ് അഥനോം ഗബ്രിയേസസ് പറയുന്ന ഒരു കാര്യമുണ്ട്. ജനങ്ങളുടെ കൂട്ടായ, ഏകോപനമുള്ള, മൊത്തത്തിലുള്ള ഒരു സമീപനം ഉണ്ടെങ്കിൽ ഗവെർന്മെന്റ് സംവിധാനത്തെ നിർബന്ധിതമായി ഉപയോഗപ്പെടുത്തി കൊറോണ മഹാമാരിയെ കുറച്ചുകൊണ്ടുവരാൻ സാധിക്കും എന്ന്! അത് ദേശീയതലത്തിൽ സംഭവിക്കണം. ഒരു യുദ്ധകാലാടിസ്ഥാനത്തിൽ.”

”സംസ്ഥാനം അനുസരിച്ചില്ലെങ്കിൽ എന്ത് ചെയ്യും? പകരം പഴയ തുർക്കി ഖലീഫയുടെ ഇസ്ലാമിക സ്വപ്‌നലോകം പണിയാൻ പുതിയ ഖലീഫത്തുമായി ഒരു കൂട്ടർ ഇറങ്ങുന്നതിനെ പിന്തുണയ്ക്കുന്നു! തെരെഞ്ഞെടുപ്പ് വരികയല്ലേ! കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു!”

”ലോകത്തു ക്രൂഡ് ഓയിലിന് വില ഇടിഞ്ഞിട്ടും പെട്രോളിനും ഡീസലിനും കേന്ദ്രം വില കൂട്ടുന്നു, ഒരിടത്തുമില്ലാത്ത വിലക്കയറ്റം! എന്ത് യുക്തിയാണത്? കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നോ?”

മിസ്സിസ് ഡിസൂസ അവർക്കിടയിലേക്ക് കടന്നു വന്നു.

”ഞാനോർക്കുന്ന ഒരു കാര്യമുണ്ട്. ഈ ഷെവലിയർ ഹൗസിൽ, സംഘടനാകോൺഗ്രസ് പാരമ്പര്യമുള്ള പാപ്പു വക്കീലിന്റെ വീട്ടിൽ, അടിയന്തിരാവസ്ഥക്കാലത്തു ഇടതുപക്ഷത്തിന്റെയും സംഘപരിവാറിന്റെയും ആൾക്കാർ രാത്രികളിൽ കൂടപ്പിറപ്പുകളെപ്പോലെ ഒത്തുകൂടി ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. അന്യോന്യം എന്തൊരു സ്‌നേഹമായിരുന്നു!”

സ്വാമിനിയമ്മയും ആമിനയും നടുങ്ങി. അവരുടെ നോട്ടങ്ങളിൽ ഓർമ്മകൾ ഓളമിട്ടു. മിസ്സിസ് ഡിസൂസ തുടർന്നു.

”ആപത്തുകാലത്തു മനുഷ്യർ ഒന്നിക്കും. സംശയമില്ല.”

മധുരം വെയ്പ്പിനുള്ള സിംഹാസനത്തിനു സമീപം കന്യാസ്ത്രീയും പെൺകുട്ടികളും മാർപാപ്പായുടെ ആനയുടെ റിഹേഴ്‌സൽ നടത്തുകയാണ്. പറങ്ങോടൻ രണ്ടാമൻ ശത്രുവിനെ നേരിടാൻ വാളെടുത്തു വട്ടം ചുറ്റുന്നു. ഇടികേളൻ രണ്ടാമൻ ഏറ്റുമുട്ടാൻ വാളുമായി തുള്ളുന്നു.

പ്രാർത്ഥനാമുറിയിലേക്കുള്ള വാതിൽക്കൽ ചിന്നമ്മവക്കീലും മറിയംനാത്തൂനും തമ്മിൽ വാക്കുകൾ കൊണ്ട് ഉരസുകയാണ്. അവർ ഏലീശ്വായുടെയും ദേവികയുടെയും പക്ഷങ്ങളിലാണ്. കാഴ്ചപ്പാടുകൾ ഏറ്റുമുട്ടുന്നു.

മറിയംനാത്തൂൻ മത്തായിയുടെ ചില ഇടപെടലുകളെയാണ് വിമർശിക്കുന്നത്. അതിനുപിന്നിൽ ചരട് വലിക്കുന്ന ഏലീശ്വായെയും.

”പെണ്ണുങ്ങൾ പറഞ്ഞുകൊടുത്താൽ പഞ്ചപുച്ഛമടക്കി കേൾക്കുന്നതുപോലെയാണ് മത്തായി. ആണുങ്ങളായാൽ സ്വന്തം ഒരു നിലപാട് വേണ്ടേ? ഞാനിവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ തുടങ്ങീട്ട് മുപ്പതുവർഷം കഴിഞ്ഞു. എന്നോടൊക്കെ ഒന്നാലോചിച്ചു കൂടെ?”

ഏലീശ്വായുടെ നോട്ടം ചിന്നമ്മ വക്കീലിന്റെ കണ്ണുകളിൽ പതിഞ്ഞു.

മറിയംനാത്തൂൻ ലക്ഷ്യമാക്കുന്നത് ജോർജ്ജ് ജോസഫിനെ കൊണ്ടുവന്ന കാര്യത്തിലാണ്.

മത്തായിക്ക് അമേരിക്കയിലുള്ള ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് ജോർജ്ജ് ജോസഫ്. കോട്ടയംകാരി ഭാര്യ വേറൊരുത്തന്റെ കൂടെ പോയപ്പോൾ മുതൽ മിക്കവാറും മത്തായിയുടെ സംഘത്തിലാണ് അയാൾ. മദ്യം കഴിക്കുമെങ്കിലും മദ്യപാനി എന്ന് പറയാൻ പറ്റില്ല. ആഡംബരമില്ല. സ്വയം പുകഴ്ത്തലുകളുമില്ല. പിശുക്കനാണെങ്കിലും പള്ളിപ്പരിപാടികൾക്കു സംഭാവന ചെയ്യുന്നതിൽ മടിയില്ല. ധ്യാനത്തിന് നാട്ടിൽ നിന്ന് അച്ചന്മാരുടെ യാത്ര സ്‌പോൺസർ ചെയ്യും. നല്ല സമ്പാദ്യവുമുണ്ട്. രണ്ടുകുട്ടികൾ ആദ്യ ഭാര്യയോടൊപ്പമാണ്. ഏകാന്ത ജീവിതം. പല നേഴ്‌സുമാരും അയാളെ കല്യാണം കഴിക്കാൻ തയ്യാറുമാണ്.

ആലോചന മുറുകിയപ്പോഴാണ് മത്തായിക്ക് കത്രീനയുടെ കാര്യം ഓർമ്മ വന്നത്. അമ്മച്ചിയുമായി ആലോചിച്ചത് താനാണ്. മറിയം അറിയരുതെന്ന വ്യവസ്ഥയിൽ. താൻ എന്ത് ചെയ്താലും മറിയത്തിന്റെ അനുവാദം വേണമെന്ന ധാർഷ്ട്യം ഒരു കാലത്തും ഒത്തുപോയിട്ടില്ല. ഇന്നേവരെ പാരവെപ്പ് മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ?

ചിന്നമ്മ വക്കീൽ ഏലിശ്വായ്ക്കു വേണ്ടി വാദിച്ചു.

”കത്രീന പണ്ടുമുതൽക്കേ ഒരു ഏടാകൂടത്തിലാണ്. ആ ഏടാകൂടത്തിൽപ്പെട്ട് അവള്‍ ഈ കുടുംബത്തിലുണ്ടാക്കിയ ഏനക്കേട് നാത്തൂനറിയാമല്ലോ? കുടുംബത്തിന്റെ അന്തസ്സ് നോക്കാൻ മറിയം നാത്തൂനും ഉത്തരവാദിത്വമില്ലേ? ഗ്രെയ്‌സിന് ഇതേപോലൊരു കാര്യം വന്നപ്പോൾ മറിയം നാത്തൂന്റെ നിലപാടെന്തായിരുന്നു? കിട്ടിയവനെക്കൊണ്ട് കെട്ടിച്ചുവിട്ടു! നേരല്ലേ?”

ഏലീശ്വായ്ക്കു ആധി കേറി. മറ്റുള്ളവർ കൂടി കേൾക്കട്ടെ എന്ന മട്ടിൽ അൽപ്പം ഉറക്കെ ചിന്നമ്മയോടായി പറഞ്ഞു.

”ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആരാ? കൊച്ചൗസേപ്പ് ചേട്ടനെക്കൊണ്ട് ഒരക്ഷരം പറയാൻ അനുവദിക്കുമോ? ഇതെന്തൊരു ഭരണം? ഞങ്ങളൊക്കെ അമേരിക്കേലും യൂറോപ്പിലും പോയി അന്തസ്സായിട്ടു പണിയെടുത്തു പണമുണ്ടാക്കീട്ടാ ഇവിടെ വലിയ പ്രശ്‌നങ്ങൾ വരുമ്പോൾ പരിഹാരമുണ്ടാക്കുന്നത്. ഞങ്ങളാണ് ഇവിടെ ഡോളർ കൊണ്ടുവന്നത്. അത് ചേഞ്ച് ചെയ്യാൻ നടന്ന പാരമ്പര്യവുമായി വ്യത്യാസമുണ്ട്. കൊച്ചൗസേപ്പ് ചേട്ടനൊരു പാവമായിപ്പോയി. അതാണ് പലരും തോന്നുന്നപോലെ മേയുന്നത്!”

ഏലീശ്വായുടെ വാക്കുകൾ മിസൈൽ പോലെ തുളഞ്ഞു കയറിയത് ദേവികയുടെ നെഞ്ചിലാണ്.

ഏലീശ്വായുടെ സംസാരത്തിൽ അമേരിക്കയും യൂറോപ്പും മാത്രം! കുവൈറ്റിൽ പണിയെടുക്കുമ്പോൾ കിട്ടുന്നത് ചാമയാണ്. ചാമ! ഡോളർ ചേഞ്ച് ചെയ്യുന്ന പാരമ്പര്യം പറഞ്ഞത് മറിയത്തിന്റെ അപ്പനെ കുറിച്ചാണ്. ദേവിക മറിയത്തെ തറപ്പിച്ചുനോക്കി. വാക്കുകൾക്കുള്ളിലെ അർത്ഥങ്ങൾ ഉപരിതലത്തിൽ തെന്നിത്തെന്നി പോകുകയും ആഴത്തിൽ പതിക്കുകയും ചെയ്യുന്നു. ഏലീശ്വായുടെ ഉദ്ദേശങ്ങളൊക്കെ നടക്കണം. മറിയത്തിന്റെയും തന്റെയും നിലവാരം ഇടിച്ചു താഴ്ത്തണം. അമേരിക്കയിൽ സായിപ്പുമാരുടെ തോളില് കയ്യിട്ടു നടക്കുന്നത് അറിയുകയുമരുത്. മത്തായി ചെയ്യുന്നതെല്ലാം ശരി. പൗലോച്ചൻ ചെയ്യുന്നതെല്ലാം തെറ്റ്. താനും പൗലോച്ചനും തമ്മിൽ കല്യാണം കഴിച്ചിട്ട് ഇരുപത്തിയാറു വർഷമായി. അന്ന് മുതൽ തുടങ്ങി, ഏലീശ്വായുടെ ഒളിയമ്പുകൾ. തന്റെ ആങ്ങളയുടെ മകനായ അര്‍പ്പിതിന് എന്താണ് കുഴപ്പം? ജോർജ്ജ് ജോസഫിനെക്കാൾ യോഗ്യൻ അര്‍പ്പിത് തന്നെ. സെന്റ് തോമസ് മൗണ്ടിലെ അരമനയിൽ ചെന്ന് കർദ്ദിനാളിനെക്കൊണ്ട് അച്ചന്മാരെ നിരന്തരം പറഞ്ഞുവിടീക്കുന്നതു ഏലീശ്വായാണ്. ഈ കല്യാണം യഥാർത്ഥത്തിൽ ഏലീശ്വായുടെ പദ്ധതിയാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? അമ്മച്ചിയുടെ കാലം കഴിഞ്ഞാൽ ഷെവലിയർ കുടുംബത്തിന്റെ അധികാരം ചിന്നമ്മനാത്തൂൻ വഴി ഏലീശ്വായിലെത്തണം. അത് തന്നെയാണ് കാര്യം! വാസ്തവത്തിൽ മത്തായിചേട്ടൻ ഒരു മിണ്ടാപ്പൂച്ചയെപ്പോലെ നടക്കുന്നതാണ് കഷ്ടം!

മറിയം ഉള്ളിൽ തിളച്ചുമറിഞ്ഞ രോഷം കടിച്ചമർത്തി. അമേരിക്കയിൽ പോയി പണക്കാരിയായെന്നുവെച്ച് ആരുടെയും വർഗഗുണം ഇല്ലാതാകുന്നില്ലല്ലോ? മറിയം നയത്തിൽ ചിന്നമ്മയോടു പറഞ്ഞു.

”ചാണകത്തിന്റെ നാറ്റം ഇതുവരെ പോയിട്ടില്ല. ഒരുകാലത്തും പോകാത്ത നാറ്റക്കേസുകളുണ്ട്. അങ്ങനെയുള്ളവരെ ചുമന്നാൽ ഏതു വക്കീലും നാറും. ചിന്നമ്മയ്ക്കു ആ മത്തായിയോടൊന്നു പറഞ്ഞുകൂടെ, ചവിട്ടുന്ന കുതിരയേക്കാൾ നല്ലത് ചുമടെടുക്കുന്ന കഴുതയാണെന്ന്?”

”ചൈനയിലെ കൊറോണയും ഇറ്റലിയിലെ കൊറോണയും തമ്മിൽ എന്താണ് വ്യത്യാസം? അമേരിക്കയിലെ കൊറോണയും കൊച്ചിയിലെ കൊറോണയും തമ്മിൽ എന്താണ് വ്യത്യാസം?” ചോദിച്ചത് മറ്റാരുമല്ല, ത്രേസ്സ്യാമ്മ കന്യാസ്ത്രീയാണ്.

”കമ്പ്യൂട്ടറിൽ വൈറസ് കേറുന്നതുപോലെ മനുഷ്യന്റെ മനസ്സിലും വൈറസ്സ് കയറീട്ടുണ്ട്. എന്നാൽ നിങ്ങൾക്കിടയിൽ ഒരു ദൈവരാജ്യം ഒളിഞ്ഞുകിടക്കുന്നുമുണ്ട്. വക്കീല് ചേച്ചിയും നാത്തൂന്മാരും അതൊന്നു ചിന്തിച്ചാട്ടെ. മനസ്സമാധാനം ഉണ്ടാകും!”

മറിയവും ചിന്നമ്മയും മുഖം കുനിച്ചു.

ഏലീശ്വായും ദേവികയും ദയനീയമായി പരസ്പ്പരം നോക്കി. കന്യാസ്ത്രീ മുന്നറിയിപ്പ് നൽകി.

”കുറെ പറങ്ങോടന്മാരും ഇടികേളൻമാരും നമുക്കിടയിലുണ്ട്. യുദ്ധം തന്നെ യുദ്ധം! ഒടുവിൽ ഒരു കൊടുങ്കാറ്റു വരും. നോക്കിക്കോ!”

കന്യാസ്ത്രീ തിരിഞ്ഞു അടുക്കളഭാഗത്തേക്കു നടക്കുന്നതിനിടയിൽ പെൺകുട്ടികളെ ഓർമ്മിപ്പിച്ചു.

”കൊച്ചുങ്ങളേ രണ്ടാംഭാഗം കൂടി എടുക്കണം. ഞാനൊന്ന് അടുക്കളേൽ പോയിട്ട് വരാം. കപ്പബിരിയാണിയുടെ മണം വരുന്നു!”

മറ്റൊന്നും ശ്രദ്ധിക്കാതെ ഹാളിന്റെ മൂലയിൽ ഡെയ്സിയും ആലീസും സൂസിയും എന്തൊക്കെയോ കുശുകുശുത്തു കൊണ്ട് നിൽക്കുന്നു. കൊറോണ പകർന്നിട്ടില്ല, ക്വാറന്റൈനിൽ പോകേണ്ടതില്ല എന്ന് കേട്ടപ്പോൾ മുതൽ ഗർഭിണിയായ സൂസിയുടെ വയറുവേദന നിശ്ശേഷം മാറി. ഇറ്റലിയിലെയും സ്‌പെയിനിലെയും ഇംഗ്ലണ്ടിലെയും ജർമ്മനിയിലെയും സ്ഥിതിഗതികൾ അറിയാവുന്നതുകൊണ്ട് ഡെയ്സിയ്ക്കും ആലീസിനും പകർന്നാട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

മണവാട്ടിക്ക് ഇരിക്കേണ്ട സിംഹാസനത്തിനരികിൽ ഒരു കസേര വലിച്ചിട്ട് ഗ്രെയ്‌സ് കുഞ്ഞിനെ കിടത്തിയ തൊട്ടിൽവണ്ടിയുമായി പെൺകുട്ടികളുടെ റിഹേഴ്‌സൽ ആസ്വദിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ ചില അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്.

മാർപാപ്പയുടെ ആനയെ വാസ്തവത്തിൽ അഭിനേതാക്കളുടെ ഭാവങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് കാണികൾക്കു വ്യക്തമാക്കുന്നത്. ആന ചലിക്കുന്നതും അനുസരിക്കുന്നതും ഒക്കെ പാപ്പാന്മാരിലൂടെയാണ് മനസ്സിലാവുക.

സ്തുതി കൊടുക്കുന്ന കത്രീനയെ വാത്സല്യത്തോടെ ആശംസിക്കുകയും കളിവാക്കു പറയുകയും ചെയ്യുന്ന ആങ്ങളമാരും അളിയനും പൊട്ടിച്ചിരിക്കുന്നത് മുറ്റത്തു നിന്നും കേൾക്കാമായിരുന്നു. ഇടയ്ക്കിടെ അന്നാമ്മയുടെ ശബ്ദവും ഇടകലർന്നു. മൂത്ത ആങ്ങള കൊച്ചൗസേപ്പുമായി ഇരുപത്തിയെട്ടു വയസ്സിന് വ്യത്യാസമുണ്ട് കത്രീനയ്ക്ക്. അളിയൻ വർക്കിച്ചനുമായി ഇരുപത്തിയൊൻപത് വയസ്സ് വ്യത്യാസം. രണ്ടു സഹോദരിമാരെ കൂടാതെ ആറ് സഹോദരങ്ങൾ! ഏറ്റവും ഇളയ സഹോദരൻ യോഹന്നാനുമായി പതിനാറു വയസ്സിനു വ്യത്യാസം. ഷെവലിയർ പാപ്പു വക്കീലിനും അന്നാമ്മയ്ക്കും വെള്ളിക്കരണ്ടിയുമായി ജനിച്ച അവസാന സന്താനത്തിന്റെ വിവാഹമെന്നത് ഒരു തിരുനാൾ തന്നെയാണ്. ഷെവലിയർ ഹൗസിൽ ഒരു അത്ഭുതനക്ഷത്രം ഉയരുന്നതിന്റെ ആഹ്ലാദാരവം ജനാലകളിൽ ദൃശ്യമായിരുന്ന ആകാശനീലിമയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

”മറിയചേച്ചിയും ദേവികച്ചേച്ചിയും തമ്മിൽ എന്തോ ഒരു രഹസ്യമുണ്ട്.” സൂസി മറ്റാരും കേൾക്കാതെ ഡെയ്സിയോടും ആലീസിനോടുമായി പറഞ്ഞു.

ആലീസിന് ഉള്ളിൽ വൈരാഗ്യമുണ്ടെങ്കിലും സൂസിയിൽ നിന്ന് രഹസ്യങ്ങൾ കേൾക്കാൻ ജിജ്ഞാസയുണ്ട്. ”എന്ത് രഹസ്യം?”

”രഹസ്യം എന്താണെന്നു എനിക്കും അറിയില്ല.” സൂസി ആലോചിച്ചു. ”അത് പോലെത്തന്നെ ഏലീശ്വാചേച്ചിക്കും ചിന്നമ്മ ചേച്ചിക്കും എന്തോ ഒരു രഹസ്യമുണ്ട്.”

”എന്ത് രഹസ്യം?” ഡെയ്സിയ്ക്കു ആകാംക്ഷയായി.

”അത് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല.” സൂസി ചോദിച്ചു. ”ആ രണ്ടു പേരുടെയും ഫോട്ടോ കണ്ടിട്ട് ചേച്ചിമാർക്കെന്തു തോന്നുന്നു?”

”ആരുടെ കാര്യമാ നീ പറയുന്നത്?” ഡെയ്സിയ്ക്കു കാര്യം പിടികിട്ടിയില്ല.

”ആ ജോർജ്ജ് ജോസഫിന്റെയും അര്‍പ്പിതിന്റെയും?”

ഡെയ്സി പറഞ്ഞു. ”അര്‍പ്പിതിനെ കണ്ടാൽ ഒരു മനുഷ്യപ്പറ്റുണ്ട്. വെരി സിമ്പിൾ. ജോർജ്ജ് ജോസഫിനെ കണ്ടാൽ ഒരു പന്നിയെ പോലെ.”

ആലീസിന്  നേരെ തിരിച്ചായിരുന്നു. ”അര്‍പ്പിതിനെ കണ്ടാൽ ഒരു കള്ളന്റെ ലുക്കൊണ്ട്. ജോർജ്ജ് ജോസഫാണ് ജന്റിൽമാൻ.”

”എന്നാൽ ഞാനൊരു രഹസ്യം പറയാം.” സൂസി മനസ്സിൽ സൂക്ഷിച്ച ഒരു നിധി തുറക്കാൻ ഒരുങ്ങി.

”സൂസി നീ എന്തെങ്കിലും ഒന്ന് തുറന്നു പറയ്”. ആലീസിനു സഹികെട്ടു.

”ആരോടും പറഞ്ഞേക്കല്ലേ.”

”നോ. നെവർ.” ഡെയ്സി ഉറപ്പുകൊടുത്തു.

”അവൾ അര്‍പ്പിതിനെയും വെട്ടും. ജോർജ്ജ് ജോസഫിനെയും വെട്ടും. കത്രീനയാരാ മോള്! നമ്മളെയൊക്കെ വിറ്റ കാശ് അവളുടെ കയ്യിലുണ്ട്.”

”എന്നുവെച്ചാൽ?” ആലീസിനു പിന്നെയും സംശയം.

പെട്ടെന്ന് അന്നാമ്മയും കത്രീനയും ഹാളിലേക്ക് കടന്നുവന്നു. അവർ മധുരംവെയ്പ്പിനുള്ള സിംഹാസനത്തിന് അടുത്തേക്ക് നീങ്ങി.

സൂസി സ്വരമടക്കി പറഞ്ഞു. ”ഇപ്പോ ഒന്നും പറയാൻ പറ്റില്ല. അതാണ് അതിന്റെ രഹസ്യം! ഈ ഷെവലിയർ ഹൗസ് പണ്ട് മുതൽക്കേ രഹസ്യങ്ങളുടെ ഒരു കൂടാരമാണ്. ആർക്കുമറിയില്ല, ഇവിടെ ഒരു നിധിയുണ്ട്. നിധിക്കു കാവലായി ആത്മാക്കളുണ്ട്. കേട്ടാൽ പേടി തോന്നും. കൊച്ചിയിൽ കൊറോണ വന്നാലും ഇവിടെ കൊറോണ വരില്ല, ഉറപ്പാ!”

ആലീസും ഡെയ്സിയും മരവിച്ച മുഖവുമായി സൂസിയെ തന്നെ നോക്കിനിന്നു. സൂസി മാലയിലെ കുരിശ്ശിനെ ഇറുകെപിടിച്ചു.

മോളിക്കുട്ടി ക്യാമറയുടെ ഡിസ്‌പ്ലേയിൽ കണ്ണുറപ്പിച്ചു. റീവൈൻഡ് ചെയ്ത് ഒരു ഷോട്ടിൽ തന്നെ നിർത്തി. ഷോട്ടിൽ എന്തോ തകരാറുള്ളത് പോലെ. കറുത്ത പർദ്ദയിട്ടവർ നാല് പേരാണ് ആദ്യം വന്നത്. അതിൽ വാർഡ് കൗൺസിലർ ആമിന മാത്രം മുഖത്ത് നിന്നും പർദ്ദ ഉയർത്തിവെച്ചിരിക്കുന്നു. പക്ഷെ ഇപ്പോൾ ഹാളിലുള്ളത് ആമിന ഉൾപ്പടെ മൂന്നു പേർ മാത്രം! മോളിക്കുട്ടിയുടെ നെറ്റിചുളിഞ്ഞു.

മോളിക്കുട്ടി മെല്ലെ കത്രീനയുടെ അടുത്തെത്തി. അപ്പോൾ പുതിയ സാരിയും ബ്ലൗസുമിട്ട വീട്ടുസഹായി റോസാച്ചേടത്തി കുട്ടൂസൻ പൂച്ചയെ മാറിലൊതുക്കി വന്നു. കത്രീനയ്ക്ക് ഒരു രഹസ്യം കൈമാറി.

കുറച്ചു മുൻപ് സ്റ്റോർ മുറിയിൽ നിന്നും ഒരാൾ ഫോണിൽ ശബ്ദമടക്കി സംസാരിക്കുന്നതു കേട്ടു!

”ചേടത്തിക്കു തോന്നിയതാ. അവിടെ മോളിക്കുട്ടീടെ ഫോൺ ഇരിപ്പുണ്ടായിരുന്നു. അത് ഓണായതായിരിക്കും! എന്തായാലും ഇതാരോടും പറയേണ്ട. അമ്മച്ചി അറിഞ്ഞാൽ ആകെ പ്രശ്‌നമാകും.”

”ആന്റീ…” മോളിക്കുട്ടി കത്രീനയുടെ കാതിൽ പറഞ്ഞു. ”പർദ്ദയിട്ടു വന്നവർ നാല് പേരാണ്. ഇപ്പോൾ മൂന്ന് പേരേയുള്ളൂ?”

”ഒരാൾ ബാത്‌റൂമിൽ പോയി. ഇപ്പോൾ വരും. നീ എല്ലാം ഷൂട്ട് ചെയ്യുന്നുണ്ടോ? ഒന്നും വിട്ടുകളയരുത്.”

ആരുടേയോ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി.

”ടീച്ചറേ… അരമനയിൽ നിന്ന് കർദ്ദിനാൾ തിരുമേനിയാണ്!” മിസ്സിസ് ഡിസൂസ മൊബൈൽ നീട്ടിപ്പിടിച്ചു ഒന്നരക്കാലിൽ ഓടിയെത്തി.

അന്നാമ്മ മധുരംവെയ്പ്പിനുള്ള കസേരയ്ക്കരികിൽ നിന്നും മുന്നോട്ട് വന്നു ഫോൺ വാങ്ങി.

”ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ പിതാവേ.”

കത്രീന വിരൽനീട്ടി അന്നാമ്മയുടെ കയ്യിലെ ഫോണിന്റെ സ്പീക്കർ ഓൺ ചെയ്തു. കർദ്ദിനാൾ പറയുന്നത് അവർ ഭക്തിപൂർവ്വം ശ്രവിച്ചു.

നാളെ പള്ളിയിൽ ദിവ്യപൂജയ്ക്കു ഒരു വൈദീകൻ മാത്രമേ കാണൂ. പരമാവധി ഒരു മണിക്കൂർ.. വൈദികന്റെ ദീർഘമായ പ്രസംഗം ഉണ്ടാകില്ല. അമ്പത് ആളുകളിൽ കൂടുതൽ ആകരുത്. അകലം പാലിക്കണം. ചുമയും തുമ്മലും ജലദോഷവും ഉള്ളവർ ചടങ്ങിൽ സംബന്ധിക്കരുത്. വരുന്നവരുടെ പേരുവിവരങ്ങളും ഫോൺ നമ്പറും രേഖപ്പെടുത്തണം. വധൂവരന്മാർ ഒഴികെ മറ്റുള്ളവർ മാസ്‌ക് ധരിക്കണം. ഒരു വാതിലിൽ കൂടി പ്രവേശിക്കണം. സാനിറ്റൈസർ കൊണ്ട് കൈകൾ വൃത്തിയാക്കണം. കുർബാന കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാവരും മറ്റൊരു വാതിലിലൂടെ പുറത്തേക്കു പോകണം.

അന്നാമ്മയ്ക്കു സമാധാനമായി. കാരുണ്യവാനായ ദൈവം എല്ലാ പ്രതിസന്ധികളും മാറ്റിത്തരികയാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കപോലും അടച്ചിട്ടിരിക്കുകയാണ്. അവിടെ ഒരൊറ്റയാൾക്കുപോലും പ്രവേശനമില്ല. എന്നാൽ ഇവിടെയോ, കർദ്ദിനാൾ തിരുമേനി തന്നെ ഇടപെടുന്നു. കിന്നരംകൊണ്ട് സൃഷ്ടാവിനെ സ്തുതിക്കുവാൻ, പത്തുകമ്പിയുള്ള വീണമീട്ടി പുതിയ കീർത്തനം ആലപിക്കുവാൻ, ദൈവത്തിന്റെ ആലയം തുറന്നുതരുന്നു!

ഒടുവിൽ കർദ്ദിനാൾ ആശംസിച്ചു. ”പ്രിയപുത്രിയായ കത്രീനയ്ക്കും ഷെവലിയർ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. കൊറോണ കാലത്തെ കല്യാണം മനുഷ്യരാശിക്ക് പുതിയ പ്രതീക്ഷകൾ നൽകട്ടെ. മധുരംവെയ്പ്പ് മംഗളകരമായി ഭവിക്കട്ടെ!”

‘മാർപാപ്പയുടെ ആന’ എന്ന ലഘുനാടകത്തിലെ കഥാപാത്രങ്ങൾ തയ്യാറായിക്കഴിഞ്ഞു. മധുരംവെയ്പ്പിന് ശേഷം കപ്പബിരിയാണി വിളമ്പുന്ന നേരത്താണ് നാടകം ആരംഭിക്കേണ്ടത്.

ത്രേസ്സ്യാമ്മകന്യാസ്ത്രീ രണ്ടാം പകുതി എങ്ങനെയായിരിക്കണമെന്ന് പെൺകുട്ടികളെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.

കൊച്ചിരാജാവ് പോർട്ടുഗീസ് രാജാവായ മാനുവലിനു സമ്മാനിച്ച ആനയെ കപ്പലിൽ ലിസ്ബണിലെക്ക് കൊണ്ടുപോയത് പറങ്ങോടൻ രണ്ടാമന്റെയും ഇടികേളൻ രണ്ടാമന്റെയും സഹായത്തോടെയാണ്. അവരായിരുന്നു പാപ്പാന്മാർ.

ഒരു രാത്രി പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും ഏറ്റുമുട്ടി. വാളുകൾ കൊണ്ട് ആഞ്ഞു വീശി. പൊരിഞ്ഞ യുദ്ധം.

അത് കണ്ടു ആന പേടിച്ചു ചിന്നം വിളിച്ചു. ആനയുടെ നിലവിളി ആകാശം കേട്ടു. ആകാശം കൊടുങ്കാറ്റിനെ തുറന്നുവിട്ടു.

കടലിൽ ഭയങ്കരമായ കൊടുങ്കാറ്റുണ്ടായി. മലയോളം പൊക്കത്തിൽ തിരപൊങ്ങി.

കപ്പൽ കടലിൽ മുങ്ങുമെന്ന അവസ്ഥയായപ്പോൾ പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും വാവിട്ടു നിലവിളിക്കാൻ തുടങ്ങി.

ആൽബുക്കർക്ക് അവരോട് ഉപദേശിച്ചു.

ശത്രുതയുള്ളവരെ ദൈവം നശിപ്പിക്കും.

എന്തിനാണോ നിലകൊണ്ടതും പൊരുതിയതും അതൊക്കെയും തങ്ങളോടൊപ്പം കടലിൽ താഴാൻ പോകുന്നു. ഇനി ജീവിതയാത്രയില്ല.

പെട്ടെന്ന് അവർക്കു മാനസാന്തരം ഉണ്ടായി. ദൈവം അനുവദിക്കുമെങ്കിൽ ഇനിയുള്ള കാലം സ്‌നേഹിതരായി ജീവിച്ചുക്കൊള്ളാമെന്നു അവർ വാഗ്ദാനം ചെയ്തു.

അതുവരെ ശത്രുക്കളായിരുന്ന അവർ ഉറ്റസ്‌നേഹിതരായി തീർന്നു.

യുദ്ധം ഒന്നിന്റെയും ആരംഭമല്ല. അധികാരം ഒന്നിന്റെയും അവസാനവുമല്ല.

കൊടുങ്കാറ്റു മെല്ലെ ശമിച്ചു.

കപ്പൽ ലിസ്ബണിലെത്തി.

അവർ ലിസ്ബണിൽ ആനയെ നോക്കാൻ മറ്റുള്ളവരെ മൂന്നു വർഷം പരിശീലിപ്പിച്ചു.

ഉന്നതനായ രാജാവിന് മാത്രമേ ആനയുടെ പുറത്തു സഞ്ചരിക്കാൻ അനുമതിയുള്ളൂ. ഏറ്റവും ഉന്നതന് മാത്രം.

എന്നാൽ തന്നേക്കാൾ ഉന്നതനുണ്ടെന്നു കണ്ട മാനുവൽ ഒന്നാമൻ രാജാവ് ആനയെ റോമിലെ ലിയോ പത്താമൻ മാർപാപ്പയ്ക്ക് സമ്മാനിച്ചു.

മാനുവൽ രാജാവ് പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും വനത്തിൽ നിന്ന് പിടിച്ച ആനകളെ മെരുക്കിയെടുക്കുന്ന പോലെ മെരുക്കിയെടുക്കാൻ നൂറു പോർച്ചുഗീസ് സുന്ദരിമാരെ പകരം നൽകി.

സൗഭാഗ്യത്തിൽ സന്തോഷഭരിതരായ പറങ്ങോടൻ രണ്ടാമനും ഇടികേളൻ രണ്ടാമനും കെട്ടിപ്പിടിച്ചു.

അങ്ങനെ ആന ‘മാർപാപ്പയുടെ ആന’യായി.

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *