പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 24

Facebook
Twitter
WhatsApp
Email

വൈദ്യഗൃഹം ഒരു ആണ്കുഞ്ഞിന്റെ ആഗമനത്തില് ആനന്ദതുന്ദിലരായി. പ്രസവ ശുശ്രൂഷകളും അതിഥി സലക്കാരങ്ങളുമൊക്കെ മുറ പോലെ നടന്നു. ദിനേശന് വന്നപ്പോള് ചോദിച്ചു ‘പോകണ്ടേ കോളേജില്?’

‘പിന്നെ, വേണ്ടേ?..നാളെ പോണം. ദിനേശേട്ടൻ വരുമല്ലോ’

‘ഞാന് വരാം..നന്ദു ഒരുങ്ങി നിന്നോ..ജോണ്‌സാര് ഇന്നലെ രാത്രി വീട്ടില് വന്നിട്ടുണ്ട്. ഇന്ന് ഇവിടെ വരും. ചിലപ്പോള് ഒന്നിച്ചു പോകാം.’

‘ഹാ..സാറ് വന്നിട്ടുണ്ടോ?’യാത്ര പറഞ്ഞു ദിനേശന് പോയി. നിമിഷങ്ങള്ക്കകം ജോണ്‌സന്റെ ജീപ്പ് വന്നു. ജോണ്‌സണ് സന്തോഷത്തോടെ ചാടി ഇറങ്ങി. പിറകിലെ സീറ്റില്‌നിന്നും മമ്മിയും.

‘എവിടെ, പുതിയ ആള്?’ മമ്മി സന്തോഷത്തോടെ നന്ദിനിയോട് ചോദിച്ചു.

‘വരു..മമ്മി ‘

അകത്തു പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്ക്കായുള്ള മുറിയില് ശ്രീദേവിയും കുഞ്ഞും ഉണ്ടായിരുന്നു. അമ്മുക്കുട്ടിയമ്മയും, വൈദ്യരും, നന്ദഗോപനുമൊക്കെ നിറഞ്ഞ സന്തോഷത്തോടെ ഓടി വന്നു.

‘അമ്മയുടെ രണ്ടു മക്കളുമാ ഞങ്ങള്ക്ക് രക്ഷയ്ക്ക് എത്തിയത്. മോളി ഡോക്ടര് പറത്തത് പോലെ അന്ന് ആശുപ്രതിയില് എത്തിയിരുന്നില്ലെങ്കില് പിറ്റേന്ന് ആരും ഇല്ലാത്ത രാത്രി സമയത്ത് എന്ത് ചെയ്‌തേനെ? ..എനിക്കത് ഓര്ക്കുമ്പോള്!’ അമ്മുക്കുട്ടിയമ്മ നിറഞ്ഞ വാത്സല്യത്തില് ജോണ്‌സണെ തഴുകി.

‘അതൊക്കെ തക്ക സമയത്ത് കര്ത്താവിന്റെ കൃപ!’മമ്മി പറഞ്ഞു.

അമ്മയ്ക്കരികില് കിടക്കുന്ന പോന്നു മോനെ നോക്കി മമ്മി കുറച്ചു നേരം നിന്നു. എന്തൊക്കെയോ സമ്മാന പൊതികളൊക്കെ കട്ടിലില് എടുത്തു വച്ചു.

‘മോന് എന്താ അകത്തു വരാത്തെ, വാ..മോനെ ‘ അമ്മുക്കുട്ടിയമ്മ ജോണ്‌സണെ

 

അകത്തേക്ക് വിളിച്ചു. കുഞ്ഞുമായി കിടന്ന ശ്രീദേവി ജോൺസനോട് നന്ദി പറഞ്ഞു.

ജോണ്‌സന്റെ കണ്ണുകള് മുറിയില് പരതി നടന്നു.സല്ക്കാരത്തിനുള്ളതെന്തൊക്കെ യോ   എടുത്തു പൂമുഖത്തേക്ക് പോകുന്ന നന്ദിനിയെ നോക്കി  ജോണ്‌സണ് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

‘ ഇങ്ങനെ കിടക്കണ്ടെ എന്റെ കുഞ്ഞിന്റെ അമ്മയായി.’എന്നാണ് ആംഗ്യത്തിനർത്ഥം എന്ന് നന്ദിനിക്ക് മനസ്സിലായി. അവൾ ഒന്നുമറിയാത്തതുപോലെ നടന്നു.ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ജോൺസൺ ചോദിച്ചു’ നാളെ പോകണ്ടേ നന്ദിനി?…ഞാൻ രാവിലെ വരാം… ദിനേശനും ഉണ്ട്. ഡ്രൈവർ ഉണ്ടാവും വണ്ടി ഓടിക്കാൻ ‘

‘ഉം…നാളെ പോണം. രാവിലെ വരുമോ?’

”വരാം ഒരുങ്ങി നിന്നേക്കു പത്തു മണിക്ക് അകം വരാം. ‘

അവര് അമ്മയും മകനും പോയപ്പോൾ വൈദ്യരും അമ്മുക്കുട്ടിയമ്മയും വീണ്ടും

ഈശ്വരന് നന്ദി പറയുന്നുണ്ടായിരുന്നു

രാവിലെ പത്തു മണിക്ക് തന്നെ ജീപ്പുമായി ജോണ്‌സണ് എത്തി. പിന്നിലെ സീറ്റില്

നന്ദിനിയും ദിനേശനും കയറി. ജോണ്‌സണ് മുന്നിലാണ് ഇരുന്നത്. കുറെ വഴി പിന്നിട്ടപ്പോള് എല്ലാവരും ഇറങ്ങി ചായ കുടിച്ചു. പിന്നെ കയറുമ്പോള് ദിനേശൻ പറഞ്ഞു ‘സാറ് പുറകില് ഇരുന്നോ..ഞാന് മുന്പില് കയറാം…എനിക്കിനി കാർ ഓടിക്കാനും ജീപ്പ് ഓടിക്കാനും ഒക്കെ ഒന്ന് പഠിക്കണം. ‘

‘അതൊക്കെ ഞാന് ഏറ്റു. ഒറ്റ ദിവസം മതി…ഞാന്  ഇത് ഏഴു വയസ്സില് തന്നെ പഠിച്ചതാ. പപ്പയ്ക്ക് വലിയ പേടിയായിരുന്നു, ഞാനെങ്ങാനും കുസൃതി കാട്ടി കാറുമായി ഒറ്റയ്ക്ക് പോകുമോ എന്ന്.’ ‘ചെയ്തില്ലെങ്കിലേ അതിശയം ഉള്ളൂ’  നന്ദിനി പിറുപിറുത്തു.

‘ എന്താ നന്ദിനി പറയുന്നത്? ‘ജോണ്‌സണ് ചോദിച്ചു.

‘ഒന്നുല്ല്യാ…വളര്ത്തിയവര്ക്ക് അറിയാലോ എന്ന് പറഞ്ഞതാ…’

 

ജോണ്‌സണ് പുറകില് നന്ദിനിയുടെ അടുത്ത് ഇരുന്നു. അവളുടെ കൈയെടുത്ത് മടിയില് വച്ച് താലോലിച്ചു.ഡ്രൈവര് അപ്പോഴേ ദിനേശനെ പാഠങ്ങള് പഠിപ്പിച്ചു തുടങ്ങിയിരുന്നു.

‘ഇതൊരു ആശ്വാസമായി. ഏമാന്റെ കുസൃതികള് അവര് കാണില്ലല്ലോ ‘ നന്ദിനി മുന്നില് ചുണ്ടി പറഞ്ഞു.

‘കുസൃതി ഇത്ര മതിയോ? ‘ജോണ്‌സണ് ചോദിച്ചു.

‘മതി…അടങ്ങിയിരുന്നോ അവിടെ.’നന്ദിനി പറഞ്ഞു.

‘ദിനേശന് ബുദ്ധിപൂര്വ്വം ചെയ്തതാ..എന്നിട്ട് നമ്മള് ഇങ്ങനെ വിഡ്ഡികളായി ഇരിക്കണോ?’ജോണ്‌സണ് കാതില് ചോദിച്ചു.

‘മര്യാദയ്ക്ക് ഇരുന്നോ, ഇല്ലെങ്കില് ഞാന് ഇപ്പോള് പുറത്തേക്ക് ചാടും ‘

‘എന്റെ മോളെ..ചെയ്യല്ലേ..ഞാന് മര്യാദക്കാരനാ ‘

വണ്ടി കോട്ടമൈതാനത്ത് എത്തിയപ്പോള് ജോണ്‌സണ് ഡ്രൈവറോട് പറഞ്ഞു ‘കുറച്ചു നേരം ഇവിടെ ഇയാളെ പഠിപ്പിച്ചിട്ടു ഹോസ്റ്റലില് വിട്ടോ.. ഞാന് നന്ദിനിയെ ഒരു ടാക്‌സിയില് ഹോസ്റ്റലില് എത്തിക്കാം’. ‘വിരുതന്’നന്ദിനി മെല്ലെ പറഞ്ഞു. നന്ദിനി ഇറങ്ങി ജോണ്‌സണ് വിളിച്ച

ടാക്‌സിയില് കയറി. പിന്‌സീറ്റില് ജോണ്‌സണും കയറി. ടാക്‌സി ചെന്ന് നിന്നത് ഒരു വലിയ ഹോട്ടലില് ആയിരുന്നു.

‘നന്ദു ഇറങ്ങു… ഉച്ചക്ക് ഒന്നും കഴിച്ചില്ലല്ലോ’

‘സാരമില്ല. ഹോസ്റ്റലില് എന്തെങ്കിലും കാണും’

‘ഇറങ്ങിക്കോ, ഞാന് ഇപ്പോള് പൊക്കി എടുക്കും’ആ കുസൃതിയില് നന്ദിനി പേടിച്ചു. പറഞ്ഞ പോലെ തന്നെ ചെയ്യും. ഡ്രൈവര്ക്ക് കാശ് കൊടുത്തു വിട്ടു, ജോണ്‌സണ് നന്ദിനിയുടെ ബാഗും എടുത്തു പുറത്തിറങ്ങി.

‘നല്ല ഘനം ഉണ്ടല്ലോ…എന്താ ഇതില്? ‘ നന്ദിനി പരിഭവത്തോടെ നിന്നു. ഉത്തരം ഭന്നും പറഞ്ഞില്ല.

‘പേടിക്കാതെ പെണ്ണെ. ഞാന് ഒന്നും ചെയ്യില്ല.’ നന്ദിനി അപ്പോഴും ഒന്നും പറഞ്ഞില്ല.

‘എന്തെങ്കിലും കഴിക്കണ്ടേ? എനിക്ക് കുടല് കരിയുന്നു. അവിടെ വേഗം ചെന്നിട്ടു എന്ത് ചെയ്യാനാ?’

‘നല്ല കാഞ്ഞ ബുദ്ധിയാണ്. ഇത് ചില്ലിട്ടു വയ്ക്കണം.’

‘അത് ചാവുമ്പോഴല്ലേ?..നന്ദു അന്ന് ചെയ്താല് മതി.’

‘അയ്യോ! ഞാന് അങ്ങനെയല്ല പറഞ്ഞത്.’

ഹോട്ടലില് ഡബിള് റൂമിന്റെ താക്കോല് വാങ്ങി ജോണ്‌സണ് നടന്നു. റും ബോയ് അവരുടെ സാധനങ്ങള് മുറിയില് വച്ചിട്ട് പോയി. ജോണ്‌സണ് ഭക്ഷണം മുറിയിലേക്ക്  ഓര്ഡര് ചെയ്തിരുന്നു.

‘നന്ദു..വന്നു മുഖമൊക്കെ കഴുകി ഒന്ന് ഉഷാറാവു.” നന്ദിനി അനങ്ങിയില്ല…അവള് അല്പാല്പ്പം വിറയ്ക്കുന്നുണ്ടായിരുന്നു. ജോണ്‌സണ് കയ്യും, മുഖവും കഴുകി വന്നപ്പോഴും നന്ദിനി അനങ്ങാതെ നിലക്കുന്നു. അയാള്ക്ക് കാര്യം മനസ്സിലായി. നന്ദിനി വല്ലാതെ ഭയപ്പെടുന്നു. അയാള് അടുത്ത് വന്നു അവളെ പുണര്ന്നു. കഴുത്തിലൂടെ കയ്യിട്ടു കണ്ണിലേക്കു നോക്കി.

‘എന്നെ എന്തിനാ നന്ദു പേടിക്കുന്നെ? ഞാന് ഒരു ദോഷവും വരുത്തില്ല… എന്റെ നന്ദു എന്നും എനിക്ക് വിലപ്പെട്ടതാണ്. നമ്മള് രണ്ടു പേരും ഒരുങ്ങാതെ ഞാന് നിന്നെ കളങ്കപ്പെടുത്തില്ല.’

നന്ദിനിക്ക് ആശ്വാസമായി. പറഞ്ഞത് പാലിക്കുമെന്ന് അവള്ക്കുറപ്പുണ്ട്. ജോണ്‌സണ് അവളെ സിങ്കിനടുത്തേക്ക് കൊണ്ടുപോയി. നന്ദിനി കയ്യും മുഖവും കഴുകി.കുളിമുറിയില് പോയി വരുമ്പോഴേക്കും മുറിയില് ഭക്ഷണം എത്തിയിരുന്നു. ജോണ്‌സണ് സ്‌നേഹത്തോടെ നന്ദിനിയെ ഭക്ഷണം കഴിപ്പിച്ചു. അവളെ ചിരിപ്പിക്കാന് തമാശകള് പറഞ്ഞു.

 

‘മതി…മതി..ഭക്ഷണം ശിരസ്സില് കയറുന്നു’ നന്ദിനി വിലക്കി. ജോണ്‌സണ് അവളുടെ തലയില് തട്ടി കൊടുത്തു. റൂം ബോയ് പാത്രങ്ങള് എല്ലാം കൊണ്ട് പോയി.

വാതില് അടച്ചു കുറ്റിയിട്ടിട്ടു അയാള് നന്ദിനിയെ കട്ടിലില് പിടിച്ചിരുത്തി. നന്ദിനിക്ക് വീണ്ടും വിറയല് വന്നു.

‘ എന്താ നന്ദു വിറക്കുന്നത്? എന്നെ വിശ്വാസം ഇല്ലേ?’

‘വിശ്വാസം ആണ്. എന്നാലും വല്ലവരും കണ്ടാലോ?’

‘ആരും കാണില്ല… കുറച്ചു നേരം കഴിഞ്ഞ് പോകാം ‘

 

കുറച്ചു നേരം നന്ദിനിയെ താലോലിച്ചും ഉമ്മ വച്ചും കട്ടിലില് ചേര്ത്ത് കിടത്തി. പിന്നെ എഴുന്നേറ്റിട്ടു പറഞ്ഞു…’ നമുക്ക് പോകാം ‘ നന്ദിനിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്. എതിര്പ്പുകളുടെ സീമകള് പലപ്പോഴും തകര്ന്നു പോകുമോ എന്ന് അവള്ക്കും ഭയം ഉണ്ടായിരുന്നു. താഴെ വന്നു ടാക്‌സി വിളിച്ചു നന്ദിനിയെ ഹോസ്റ്റലില് ആക്കി ജോണ്‌സണ് തിരിച്ചു പോയി. അദ്ദേഹത്തിന്റെ സ്വയം നിയന്ത്രണത്തില് നന്ദിനി മനസ്സാ അഭിനന്ദിച്ചു.

‘എന്തൊരു വൃക്തിത്വം ‘ അവള് മനസ്സില് പറഞ്ഞു. പലപ്പോഴും നന്ദിനി സ്വയം മറന്നു പോയിരുന്നു. പക്ഷെ, വാക്കുകള്ക്ക് ഇത്ര മാഹാത്മ്യം കല്പ്പിക്കുന്ന കുലീനനായ ജോണ്‌സണെ നന്ദിനി പൂര്ണ്ണമായും വിശ്വസിച്ചു. ഇനി ഒരിക്കലും അദ്ദേഹത്തെ തെറ്റിദ്ധരിക്കില്ല എന്ന് അവള് ഉറപ്പിച്ചു. പുരുഷനെ പറ്റിയുള്ള തന്റെ ധാരണകളും ഭയവുമൊക്കെ ജോണ്‌സണ് മാറ്റി മറിച്ചു കളഞ്ഞു എന്നവള്ക്ക് മനസ്സിലായി.

ഹോസ്റ്റലില് എല്ലാവരും എത്തിയിരുന്നില്ല. നന്ദിനി മുറിയൊക്കെ ഒന്ന് ഒതുക്കി വച്ചു. ദിവസങ്ങള്ക്കു മുന്പ് മദ്രാസില് നിന്നും തിരിച്ചു വന്നിട്ട് ഒന്നും ശ്രദ്ധിക്കാതെ, ബാഗും എടുത്തു ക്രിസ്തുമസ് അവധി ആഘോഷിക്കാന് പോയതല്ലേ. ഇപ്രാവശ്യം ആണ് ശരിക്കും ക്രിസ്തുമസ് ആഘോഷിച്ചത്. ചുണ്ടില് മുളിപ്പാട്ടായി വന്നത് താനും ജോണ്‌സണും കൂടി പാടിയ യുഗ്മഗാനമാണ്. മനസ്സ് മറ്റേതോ ലോകത്ത് പൂമ്പാറ്റയെ പോലെ പാറി നടക്കുന്നു. മഹാബലിപുരത്ത് വച്ച് എടുത്ത ചിത്രങ്ങള് നന്ദിനി അലമാരയില് ഒരറ്റത്ത് വച്ചു. അതില് പല്ലവപുരത്തെ ചുമര് ചിത്രത്തിന് മുന്പില് താനും ജോണ്‌സേട്ടനും ചേര്ന്ന് എടുത്ത ചിത്രം ഒന്നും കൂടെ എടുത്തു നോക്കി. ജോണ്‌സേട്ടനെ ജീവനോടെ കാണുന്നത് പോലെതന്നെയാണ് അതില്. ആ കള്ളച്ചിരിയും, കുസൃതി തത്തി കളിക്കുന്ന കണ്ണുകളും നിഷ്‌കളങ്ക ഭാവവും ആരെയാണ് ആകര്ഷിക്കാത്തത്? കട്ടി മീശയ്ക്കു താഴെ തുടുത്ത ചുണ്ടുകളില് നന്ദിനി മുത്തം വച്ചു.

 

‘എടീ..എടീ..ആരെയാ മുത്തം വച്ച് കളിക്കുന്നെ?’ നളിനിയുടെ സ്വരം കേട്ടു ഞെട്ടി. ചിത്രങ്ങള് എല്ലാം താഴെ വീണു ചിതറി. നളിനി ഓടി വന്നു ക്ഷമ പറഞ്ഞു പടങ്ങള് എല്ലമെടുത്തു അടുക്കി വച്ചു. ഭാഗ്യത്തിന് അവള് നന്ദിനി ചുംബിച്ച പടം കണ്ടില്ല. പല പടത്തിലും ദിനേശന് ഉള്ളതിനാല് അവള്ക്കു സംശയവും ഉണ്ടായില്ല.

‘ചുംബനമൊക്കെ കല്യാണം കഴിഞ്ഞിട്ട്..ഏടാകുടമൊന്നും ഒപ്പിച്ചേക്കല്ലെ.. ഞങ്ങളൊക്കെ കണ്ണില്ലാത്തോരല്ല’ ഒരു താക്കീതോടെ അവള് എല്ലാം കൂട്ടി അലമാരയില് തന്നെ വെച്ചു. വന്ന ഉടനെ ആയതിനാല്, അതിനേക്കാള് പ്രധാനമായ പലതും ചെയ്തു തീര്ക്കാന് കാണും അവള്ക്ക്. അവള് പുറത്തു പോയ ഉടനെ നന്ദിനി ജോണ്‌സണോട് ഒത്തുള്ള പടം എടുത്തു ഒളിച്ചു വെച്ചു. വസ്ത്രങ്ങളുടെ കൂട്ടത്തില് ജോണ്‌സേട്ടന്റെ മമ്മി തിരഞ്ഞെടുത്തു വാങ്ങി ക്രിസ്തുമസിന് അണിയിച്ച ഉടുപ്പും നെറ്റും നന്ദിനി കൊണ്ടുവന്നിരുന്നു. അതിന്റെ തിരഞ്ഞെടുപ്പൊക്കെ അമ്മയേക്കാള് കൂടുതല് മകനായിരിക്കും നടത്തിയത്. നന്ദിനിയുടെ എല്ലാ ഭാഗങ്ങളുടെ അളവും സ്വന്തം കയ്യില് ഉണ്ടെന്നു അഭിമാനത്തോടെ പറയുന്ന ആ ആളല്ലാതെ മറ്റാരാണ് ഇത്ര പാകത്തിലുള്ള റെഡിമെയ്ഡ് വസ്ത്രം തനിക്കായി തിരഞ്ഞെടുത്തത്. നാരായണിക്ക് ഉടുപ്പ് അല്പം ഇറുകിയിരുന്നു. തങ്കമണിക്ക് അല്പം അയഞ്ഞു. നന്ദിനിയുടേത് അളന്ന് എടുത്തു തയ്ച്ചത് പോലെയിരുന്നു. ഇത് കാണുമ്പോഴും കൂട്ടുകാരുടെ ചോദ്യം ഉണ്ടാകും. ക്രിസ്തുമസിനോട് അനുബന്ധിച്ച് കലാ സമിതിയുടെ

പരിപാടിയ്ക്കായി തയ്ച്ചതാണെന്നു പറയാം. ആ വേഷത്തിലും ജോണ്‌സണ് തന്നോട് ചേര്ന്നു നിന്ന് ചിത്രം എടുത്തിട്ടുണ്ട്. എല്ലാം ഇഷ്ടം അറിഞ്ഞു ചെയ്യുന്ന സഹോദരനായി ദിനേശന് ഉണ്ടല്ലോ.

ലൈബ്രറിയില് നിന്നു കുറച്ചു പുസ്തകങ്ങള് എടുക്കേണ്ടതുണ്ടായിരുന്നു. ഒഴിവു സമയം നോക്കി നളിനിയും നന്ദിനിയും ലൈബ്രറിയില് പോയി. കമറും, സെലസ്ടിനയും കുടെ ഏതോ പുസ്തകം തുറന്നു വച്ച് കോപ്പി എടുക്കുന്നുണ്ടാ യിരുന്നു. നന്ദിനിയേയും നളിനിയേയും കണ്ട് അവരും അടുത്ത് വന്നു. കുറച്ചു ആണ്കുട്ടികള് അടുത്ത് വരുന്നത് കണ്ട് എല്ലാവരും എഴുന്നേറ്റു.

‘നന്ദിനി സിനിമയില് പാട്ട് എഴുതുകയും, ഈണം നല്കുകയും, പാടുകയും ചെയ്‌തെന്നു ഫോട്ടോ സഹിതം ഒരു സിനിമാ മാസികയില് കണ്ടല്ലോ, ‘ അശോകന് എന്ന സീനിയര് വിദ്യാര്ത്ഥിയാണ് പറഞ്ഞത്. നന്ദിനി ഒന്നും പറഞ്ഞില്ല.

 

‘വാര്ത്ത ശരിയാണോ എന്നറിയാന് ചോദിച്ചതാണ്. സിനിമാ വാരികയല്ലേ. ചിലതൊന്നും സത്യമാവില്ല. ‘

‘ശരിയാണ് ‘നന്ദിനി പറഞ്ഞു.

‘പുതിയ സിനിമയാണ്. പുറത്ത് ഇറങ്ങിയിട്ടില്ല. ‘

‘ഫോട്ടോ കൂടി കണ്ടതിനാല് ശരിയായിരിക്കാമെന്നു സംശയിച്ചു. ‘ അവര് പറഞ്ഞു.

‘കൂടെ യുഗ്മഗാനം പാടിയത് പ്രശസ്ത എഴുത്തുകാരനാണല്ലോ. അദ്ദേഹം ഇവിടെ വന്നിരുന്നു. ജോണി പാറക്കുന്നേല്, നന്ദിനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയാമോ? അദ്ദേഹം ഇവിടെ ബ്ലോക്ക് ഓഫീസറും കൂടെയാണ്.’

‘എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ കുടുംബ സുഹൃത്താണ്. ‘

‘നമ്മുടെ കോളേജിനു നന്ദിനി ഒരു മുതല്ക്കൂട്ടാണ്. ‘

‘നന്ദി..ഇത് ഇനി അധികം ആരും അറിയേണ്ട.. എനിക്ക് ഒരു ശല്യം ആകും അത.’ നന്ദിനി പറഞ്ഞു.

‘ഇത്ര വലിയ ഒരാള് ഇവിടെ ഉണ്ടെന്നതില് ഞങ്ങള്ക്ക് അഭിമാനിക്കണ്ടേ? പ്രശസ്ത കവയിത്രി രേണുക ഇവിടെയാണെന്ന് പറഞ്ഞു ഞങ്ങള് ഊറ്റം കൊണ്ട് തുടങ്ങിയിട്ടേയുള്ളു. ഇതങ്ങനെ ഒളിക്കാന് പറ്റുമോ?’

‘എനിക്ക് പഠിക്കണ്ടേ? അതിനു വിഘാതമാകുമോ എന്നാ പേടി. ‘

‘അതൊക്കെ നടക്കും. പടം ഇറങ്ങട്ടെ. ഞങ്ങള് ഒരു സ്വീകരണം തന്നെ ഒരുക്കുന്നുണ്ട്. അത് ഞങ്ങളുടെ അവകാശമാണ്. ‘

‘നാല് പാട്ടുകള് എഴുതി ഈണം നല്കി, പാടി, എന്നൊക്കെ പറഞ്ഞാല് അതൊരു ചെറിയ കാരൃമാണോ? ഈ വര്ഷത്തെ ഒരു അവാര്ഡു നന്ദിനിയെ തേടി വരാതെ ഉരിക്കുമോ? ‘

നളിനിയും കമറും സെലസ്റ്റിനയുമൊക്കെ മിണ്ടാന്‌പോലും കഴിയാതെ നില്ക്കുകയായിരുന്നു. സന്തോഷം കൊണ്ടവര് വീര്പ്പു മുട്ടി. ഇങ്ങോട്ടു വരുമ്പോള് പലരും എത്തി നോക്കുകയും അടക്കം പറയുകയും ചെയ്തിരുന്നത് ഇതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

‘അല്ലെങ്കിലും നന്ദിനി പുറത്തിറങ്ങി നടന്നാല് കാഴ്ചക്കാര് ധാരാളം ഉണ്ടാകും. അത് ഇവളുടെ സൌന്ദര്യം കൊണ്ടായിരുന്നു, ‘ നളിനി പറഞ്ഞു.

രാത്രി ജോണ്‌സണെ വിളിച്ചു നന്ദിനി വിവരം പറഞ്ഞു. അതിനു മുന്പ് തന്നെ

 

ജോണ്‌സണും ദിനേശനും ഒക്കെ അതറിഞ്ഞിരുന്നു. ജോണ്‌സണ് സുഹൃത്തുക്കളുടെ നിലയ്ക്കാത്ത ഫോണ് വിളിയും അഭിനന്ദനവുമാണ്. കൂടെ പാടിയ കുട്ടിയേയും എല്ലാവരും അന്വേഷിക്കുന്നുണ്ടായിരുന്നു.

 

‘ഞാനിവിടെ വന്നപ്പോഴേ അറിഞ്ഞിരുന്നു നന്ദു. മാസിക എന്റെ അഡ്രസ്സില് ഇവിടെ എത്തിയിട്ടുമുണ്ട്. നാളെ ഞാന് കൊണ്ടു വന്നു കാണിക്കാം. ‘

‘കോളേജില് ആകെ അറിഞ്ഞിരിക്കുന്നു. അഭിനന്ദനം ഒക്കെ തുടങ്ങി കഴിഞ്ഞു, ഇനി സ്വീകരണമൊക്കെ ഉണ്ടത്രേ! എനിക്കാകെ ഒരു പേടി. എന്റെ പഠനത്തെ ബാധിക്കാതിരുന്നാല് മതിയായിരുന്നു.’

‘പേടിക്കാതെ നന്ദു..നീയിനി എത്ര പടവുകള് കയറാനിരിക്കുന്നു.പിടിക്കാനൊരു തോള് ഞാന് തന്നിട്ടില്ലേ? അവിടെ ഉറച്ചു പിടിച്ചോ. വീഴാതെ ഞാന് നോക്കാം.ഒന്ന് ചിരിക്കൂ..ഒരു ഉമ്മ തന്നുടെ എനിക്ക്?

‘തമാശ നിര്ത്തു ട്ടോ..ദിനേശേട്ടന് അറിഞ്ഞോ? ‘

‘അവനും അറിഞ്ഞു വലിയ സന്തോഷത്തിലാ..ഞങ്ങള് അവിടെ വരാം. നല്ല കാര്യമല്ലേ നടന്നിരിക്കുന്നത്? സന്തോഷിക്കയല്ലേ വേണ്ടത്? ഇതൊക്കെ വന്നു ചേരേണ്ട ഭാഗ്യങ്ങളല്ലേ? ‘

നന്ദിനി ഫോണ് വച്ചു തിരിച്ചു മുറിയില് എത്തുമ്പോഴേക്കും, നളിനി വാര്ത്തയൊക്കെ ഹോസ്റ്റലില് മുഴുവന് പ്രക്ഷേപണം ചെയ്തു കഴിഞ്ഞിരുന്നു. മാസികയും ഒരെണ്ണം സംഘടിപ്പിച്ചിരുന്നു.

പിറ്റേന്നു കോളേജില് പോകാന് തന്നെ നന്ദിനിക്ക് മടിയായിമുന്നു. അവളെ കുളിമുറിയില് കയറ്റി ഇറക്കി, വസ്ത്രങ്ങള് അണിയിച്ചു, ഭക്ഷണം കഴിപ്പിച്ചു, സമയത്ത് തന്നെ ക്ലാസില് എത്തിച്ചു നളിനി. അവളെ പോലൊമു ചീനിമുളക് കൂടെ ഇല്ലെങ്കില് നന്ദിനി തളര്ന്ന് ഇരുന്നേനെ. അദ്ധ്യാപകര് എല്ലാം വന്ന് അഭിനന്ദിച്ചു. ചെയര്മാനും, വിദ്യാര്ത്ഥി നേതാക്കളുമൊക്കെ ഹാരമണിയിച്ചു. നന്ദിനിയുടെ പടവും, വാര്ത്തയും പ്രത്യേകം നോട്ടീസ് ആയി അടിച്ചു വിതരണം ചെയ്തു ചിലര്. മിട്ടായി വിതരണം നടക്കുന്നുണ്ടായിരുന്നു. അത് ചെയ്തത് പെണ്കുട്ടികളുടെ ഹോസ്റ്റല് ആയിരുന്നത്രെ.

പ്രതത്തില് നിന്ന് ചിത്രം എടുക്കുന്നവര് അടക്കം വന്നു.നന്ദിനിയുടെ അഭിമുഖം എടുക്കുന്നിടത്തേക്കാണു ജോണ്‌സണും ദിനേശനും വന്നെത്തിയത്. അതോടെ രംഗം ഒന്ന് കൂടെ കൊഴുത്തു. പ്രശസ്ത എഴുത്തുകാരന് ജോണി പാറക്കുന്നേലിനു പലരും ‘ജയ്’ വിളിച്ചു. യുവാക്കളുടെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ‘പക്ഷി പാതാളം’ പുറത്തിറങ്ങി ആളുകളെ മുഴുവന് വല്ലാതെ ആകര്ഷിച്ചു കഴിഞ്ഞിരുന്നു. നന്ദിനിയേയും ജോണ്‌സണേയും ചേര്ത്ത് നിര്ത്തി ക്യാമറകള് മിന്നി. പരിഭ്രമം കൊണ്ട് നന്ദിനി ആകെ വിഷമിച്ചിരുന്നു. തക്ക സമയത്താണ് ദിനേശനും ജോണ്‌സണും എത്തിയത്. ഒരേ ഒരു ദിവസം കൊണ്ട് നാല് പാട്ടുകള് എഴുതി ഈണം നല്കി പാടിയ കലാകാരി ഒരത്ഭുത പ്രതിഭാസം തന്നെയായിരുന്നു. അത് ഇത്രയും ചറിയ ഒരു കോളേജു വിദ്യാര്ത്ഥിനിയാണെന്നറിഞ്ഞ് എല്ലാവര്ക്കും വലിയ അതിശയം! നേരിട്ടു കണ്ടപ്പോള് മറ്റൊരു ചോദ്യവും വന്നു ‘ഇത്രയൊക്കെ സൌന്ദര്യം ഉള്ളപ്പോള് അഭിനയ രംഗത്തും ഒരു കൈ നോക്കിക്കൂടെ? ‘ നന്ദിനി നിന്ന് വിളറി. ഉത്തരം പറയാന് അല്പം താമസിച്ചു.

‘ഇല്ല… അത് ഒരിക്കലും ഉണ്ടാവില്ല. എഴുത്ത് എനിക്ക് വശമാണ്. പക്ഷെ, അഭിനയം അറിയില്ല…അതൊരിക്കലും ഉണ്ടാവില്ല. ‘

 

ഉറച്ച ശബ്ദത്തില് തന്നെ ആത്രയും പറഞ്ഞതില് അവള്ക്ക് ആശ്വാസം തോന്നി. ജോണ്‌സണും ദിനേശനും  ആ ഉത്തരത്തില് സന്തോഷിച്ചു. പത്രക്കാര് പോയി കഴിഞ്ഞപ്പോള് വാര്ഡനും മറ്റും വന്നു ജോണ്‌സണേയും ദിനേശനെയും അഭിനന്ദിച്ചു. ചായയുമായി വെറോനിക്കാമ്മ വന്നു. ‘ എന്റെ മക്കളെ, നന്ദിനിക്ക് നിങ്ങളാണ് തുണ. എന്റെ കുട്ടി ഒരു പാവമാ…അതിനു ചുമക്കാന് പറ്റാത്ത അനുഭവങ്ങളല്ലേ? ‘

‘അതിന് ഇപ്പോള് എന്ത് ഉണ്ടായീന്നാ? വലിയ പേരും പ്രശസ്തിയുമല്ലേ കിട്ടീയിരിക്കുന്നേ? അത് നല്ലതല്ലേ? ‘ ജോണ്‌സണ് ചോദിച്ചു. യാത്ര പറഞ്ഞ് അവര് പോയപ്പോള് വെറോനിക്കാമ്മ നന്ദിനിയെ കെട്ടിപ്പിടിച്ചു.

‘എന്ത് വേണം മോളെ, രണ്ട് ആങ്ങളമാരെയല്ലേ കുഞ്ഞിനു കിട്ടിയിരിക്കുന്നെ?’ അവര് പറഞ്ഞു.

‘ആങ്ങളമാരോ? അതില് ഒരെണ്ണം ഭാവി വരനല്ലേ’ നളിനി നന്ദിനിയുടെ കാതില് പറഞ്ഞു.

‘നീ പോടീ ..എനിക്ക് വല്ലാതെ വിശക്കുന്നു. വല്ലതും കഴിക്കാം.’

ഹോസ്റ്റലില് അന്ന് ഭക്ഷണത്തിന് കോഴി ഇറച്ചി ഉണ്ടായിരുന്നു. നന്ദിനി ഒരല്പം കോഴിക്കറി വിളമ്പി എടുക്കുന്നത് കണ്ടു നളിനി ഒന്ന് പരിഭ്രമിച്ചു.

‘എന്താ ഇത്? അത് സാമ്പാറല്ല…കോഴിക്കറിയാ..നീ തെറ്റി എടുക്കല്ലേ.’ നളിനി പറഞ്ഞു.

‘ഞാന് അറിഞ്ഞിട്ടു തന്നെയാടീ…ഇതൊന്നു തിന്നു നോക്കട്ടെ. ‘

‘ശരിക്കും?’ നളിനിക്ക് വിസ്മയം അടക്കാന് കഴിഞ്ഞില്ല.

ജോണ്‌സന്റെ വീട്ടിലെ അടുക്കളയിലെ മണം കുറെ ആസ്വദിച്ചതല്ലേ. അപ്പോഴേ ഉറപ്പിച്ചതാ..ഇനി ഇതൊക്കെ ഒന്ന് രുചിച്ചു നോക്കണമെന്ന്. ജോണ്‌സേട്ടന്റെ കൂടെ ജീവിക്കാനും ഇത് ആവശ്യം ആണ്. നന്ദിനി ഒരല്പം വിഷമത്തോടെ ആദ്യം ഇറച്ചിക്കറിയില് ഇട്ടു വച്ചിരുന്ന ഒരു ഉരുളക്കിഴങ്ങ് എടുത്തു തിന്നു. രുചി നന്നായിട്ടുണ്ട്. കണ്ണും മിഴിച്ചു നന്ദിനിയെ നോക്കി ഇരിക്കുന്ന നളിനിയുടെ മുഖത്തായിരുന്നു വലിയ ഭാവഭേദങ്ങള്!

‘ എങ്ങനെ? ‘ അവള് ചോദിച്ചു.

നന്ദിനി ഒന്നും പറഞ്ഞില്ല. അടുത്തായി ഒരു ഇറച്ചിക്കഷണം കയ്യില് എടുത്തു. കടിക്കാന് ഒരു ഭയം. കണ്ണടച്ച് നന്ദിനി അതൊന്നു രുചിച്ചു നോക്കി. പ്രത്യേകിച്ചൊന്നും തോന്നിയില്ല. വീട്ടില് പാല് ചേമ്പ് വറുത്തരച്ചു വച്ചത് പോലൊരു രുചി.

‘എങ്ങനുണ്ടെടി…? ‘ നളിനിക്ക് ആകാംക്ഷ അടക്കാന് കഴിയുന്നില്ല.

‘തരക്കേടില്ല…നന്നായിട്ടുണ്ട്. ‘ നന്ദിനി പറഞ്ഞു. നളിനിക്ക് ആശ്വാസമായി.

‘പെണ്ണിന് ഒന്നും വരല്ലേ കൃഷ്ണാ! ‘ നളിനി മനസ്സില് പറഞ്ഞു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *