രാവിലെതന്നെ റസ്റ്റ് ഹൗസിന് മുന്നില്‍ രണ്ടുപോലീസടക്കമുള്ള പോലീസ് ജീപ്പ് കാത്തുകിടന്നു. പുറത്തേക്ക് വന്ന കിരണിനെ സല്യൂട്ട് ചെയ്ത് ജീപ്പിലേക്ക് ആനയിച്ചു. ആദ്യം ഡ്രൈവറോട്, പോകേണ്ട സ്ഥലവും മറ്റും അവള്‍ വിവരിച്ചുകൊടുത്തിട്ട് ജീപ്പില്‍ കയറിയിരുന്നു. കിരണിനൊപ്പം പിറകിലെ സീറ്റില്‍ അസിസ്റ്റന്‍റ് എസ്.ഐ.യും പോലീസുകാരനും ഇരുന്നു.
സാധാരണ പോലീസ് മേധാവികളെപ്പോലെ സര്‍ക്കാരിന്‍റെ ഉത്തരവുകളെ അതേപടി അനുസരിക്കുന്ന ഒരു വ്യക്തിയല്ല കിരണ്‍. എന്തുകൊണ്ടെന്നാല്‍ അവരുടെ ദുരുദ്ദേശങ്ങളും സന്ദേശങ്ങളും അവള്‍ക്കറിയാം. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക. ഒപ്പം എന്‍റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കുക. അതിനപ്പുറം ഒരു സംസാരവും ആഗ്രഹിക്കുന്നില്ല. സ്വന്തം തൊഴില്‍ സത്യവും നീതിയും നന്മയും നിലനിര്‍ത്തുന്ന പോലീസ് മേധാവി. ഇന്നത്തെ കുത്തഴിഞ്ഞ പോലീസ് വകുപ്പില്‍ ഇതുപോലെയുള്ളവര്‍ കടന്നുവരണമെന്നാണ് അവരുടെ ആഗ്രഹം. ഇത്രമാത്രം ആര്‍ജ്ജവമുള്ള പോലീസ് മേധാവികള്‍ സേനയില്‍ ഇല്ലെന്നും അവര്‍ക്കറിയാം. കൂടുതലും സ്വാര്‍ത്ഥതാല്പര്യക്കാരാണ്. സത്യത്തില്‍ മട്ടുപ്പാവിലിരിക്കുന്നവര്‍ക്ക് വിശറിയായി നില്ക്കുന്ന വെറും കാറ്റിനുടമകള്‍. കാറ്റുപോലെ ജീവിതം നയിക്കുന്നവര്‍. പട്ടാളത്തിലേതുപോലെ എത്രയോ പോലീസുകാരാണ് ഇവരുടെ കുടുംബത്തിലെ പണിക്കായി ഉപയോഗിക്കപ്പെടുന്നത്. അത് മാത്രമോ എത്രയോ ഭാര്യമാരെയാണ് മേലുദ്യോഗസ്ഥന്മാര്‍ക്ക് കാഴ്ച വയ്ക്കുന്നത്. അധികാരമെന്ന കടലാസില്‍ പ്രതികരിക്കാന്‍ കഴിയാത്ത ഹതഭാഗ്യര്‍.
കിരണിനൊപ്പം യാത്രചെയ്യാന്‍ കഴിഞ്ഞത് ഒരു സുഖകരമായ അനുഭവമായിട്ടാണവര്‍ കണ്ടത്. ഉച്ചയ്ക്കവള്‍ ഒരു ത്രീസ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണത്തിനായി കയറി. അവള്‍ ആവശ്യപ്പെട്ടത് അടുക്കള കാണണമെന്നാണ്. റിസ്പ്ഷനിലിരുന്ന ഉദ്യോഗസ്ഥന്‍ അവരെയും കൂട്ടി അടുക്കളയിലേക്ക് പോയി. അതിനുള്ളില്‍ പലരും വിയര്‍പ്പില്‍ കുളിച്ചുനിന്ന് ഭക്ഷണം പാകം ചെയ്യുന്നുണ്ട്. വൃത്തിഹീനമായ കാഴ്ചകളാണ് അതിനുള്ളില്‍ കണ്ടത്. ഒരുഭാഗത്തിരിക്കുന്ന ഭക്ഷണങ്ങളില്‍ ഈച്ചകള്‍ അരിക്കുന്നു. അതിനടുത്തുകൂടി വലിയൊരു എലി ചാടിപ്പോയതും അവരെ പരിഭ്രാന്തരാക്കി. ഉടനടി അവള്‍ ഫോണ്‍ ചെയ്തു, ഫുഡ് ഇന്‍സ്പെക്ടര്‍ ജീപ്പില്‍ പാഞ്ഞെത്തി. അകത്തേക്ക് ഇരച്ചുകയറി വന്നവര്‍ അടുക്കളയില്‍ പരിശോധന നടത്തിയിട്ട് പഴകിയ ഭക്ഷണങ്ങള്‍ കുഴിച്ചിടാന്‍ ആവശ്യപ്പെട്ടു.
ഫുഡ് ഇന്‍സ്പെക്ടേഴ്സിന്‍റെ വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം അവള്‍ അറിയിച്ചു. “നിങ്ങള്‍ കാട്ടുന്നത് ഒട്ടും നീതിയല്ല. മാധ്യമങ്ങള്‍ അല്ലെങ്കില്‍ ആരെങ്കിലും ആശുപത്രിയിലായാലേ നിങ്ങള്‍ പരിശോധിക്കൂഎന്നത് അനീതിയാണ്. ഇതുപോലെയാണ് ജനപ്രതിനിധികളും അപകടസ്ഥലത്ത് പാഞ്ഞെത്തി അന്വേഷിക്കുന്നത്. ദയവായി പാവം ജനങ്ങളോട് അല്പം കരുണ കാണിക്കുക.”
എല്ലാ അമര്‍ഷവുമടക്കിയവള്‍ പോലീസുകാര്‍ക്കൊപ്പം പുറത്തേക്കിറങ്ങി നടന്നു.
പോലീസുകാരോട് പറഞ്ഞു. “സോറി നിങ്ങള്‍ക്കു നല്ല ഭക്ഷണം വാങ്ങിത്തരാനാണ് ഞാനിവിടെ കയറിയത്. നമുക്കിന് പുറത്തുള്ള വല്ല തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് യാത്ര തുടരാം.”
അവരും അതിനോട് യോജിച്ചു. അവര്‍ മുന്നോട്ടു നടന്നിട്ട് അടുത്തുള്ള തട്ടുകടയെപ്പറ്റി അന്വേഷിച്ചു. ഒരു വഴിയാത്രക്കാരന്‍ മുന്നിലുള്ള കട കാണിച്ചുകൊടുത്തു. അയാളോട് നന്ദി അറിയിച്ചിട്ട് അവിടേക്ക് ചെന്നു. തട്ടുകടക്കാരന്‍ പോലീസുകാരെ കണ്ടപ്പോള്‍ ഉള്ളാലെ ഭയന്നു. അയാളുടെ മനസ്സില്‍ ഒരവഗണന. ഭക്ഷണം കഴിച്ചാല്‍ കാശ് തരാത്ത വര്‍ഗ്ഗം. മാന്യന്മാരായ പോസീസുകാരാണ് കാശു കൊടുക്കുന്നത്.
അമ്പരപ്പോടുള്ള കടക്കാരന്‍റെ നോട്ടം മനസ്സിലാക്കി കിരണ്‍ ചോദിച്ചു. “ഇയാള്‍ എന്താ ഇങ്ങനെ നോക്കുന്നേ, ഭക്ഷണമെടുക്ക്. ചക്കാത്തിനൊന്നും വേണ്ട.”
അത്രയും കേട്ടപ്പോള്‍ അയാളിലെ ഭീതി അകന്നു. ഭക്ഷണമുണ്ടാക്കാന്‍ വ്യഗ്രത കാട്ടി.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അസിസ്റ്റന്‍റ് എസ്.ഐ. പാപ്പന്‍ പറഞ്ഞു. “യാത്രയ്ക്കിടെ നമ്മുടെ ഹോട്ടലുകളില്‍ വീറും വൃത്തിയുമുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ബീഹാറില്‍ എത്രയോ കുട്ടികളാണ് കീടനാശിനികള്‍ മൂലം മരിച്ചത്. നമ്മുടെ നാട്ടില്‍ എത്രയോ പേര്‍ ആശുപത്രിയിലാകുന്നു. എന്നാല്‍ ഇത് അതുപോലെ വയ്യ. നമ്മുടെ നാട് നാഥനില്ലാത്ത കളരിയാണ്.”
പാപ്പച്ചന്‍ മറുപടിയായി പറഞ്ഞു. “മാസം പറ്റുന്നത് സത്യമാണ്. അത് പോലീസിന്‍റെ ജോലിയുടെ ഭാഗമല്ലല്ലോ.”
അവള്‍ മറുപടിയായി പറഞ്ഞു. “പാപ്പച്ചന്‍ പറഞ്ഞതു സത്യമാണ്. നമ്മുടെ മിക്ക വകുപ്പുകളിലും ജോലി ചെയ്യുന്നത് അലസന്മാരും മടിയന്മാരുമാണ്. ഇവരില്‍ കൂടുതല്‍പേരും കൈക്കൂലി വങ്ങുന്നവരും അഴിമതിക്കാരുമാണ്. നമ്മുടെ ഭരണത്തിലെങ്കിലും ഇതൊക്കെ നടക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും മടിയന്മാരും അഴിമതിക്കാരുമെന്ന് പറയാന്‍ കഴിയുമോ? കുറഞ്ഞപക്ഷം നമുക്കാവുന്നത് ചെയ്തൂടെ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അടുക്കളയൊന്ന് നോക്കുന്നതിന് കടക്കാരന്‍റെ അനുമതി ആവശ്യമില്ല.”
പാപ്പച്ചന്‍ പൂര്‍ണ്ണമായും ആ വാക്കുകളെ മാനിക്കതന്നെ ചെയ്തു. കടക്കാരന് കാശ് കൊടുത്തിട്ട് അടുത്തൊരു കടയില്‍ കയറി ഓറഞ്ച് ജ്യൂസും കുടിച്ചിട്ടാണവര്‍ യാത്ര തുടര്‍ന്നത്. ഒരു മണിക്കോറോളം വനമേഖലയിലൂടെ സഞ്ചരിച്ച് റസ്റ്റ് ഹൗസിലെത്തി. അവിടുത്തെ പരിശോധനയില്‍ ധാരാളം ഗൂഢമായ കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി കിരണ്‍ മനസ്സിലാക്കി. കെട്ടിടത്തിനടുത്തൂകൂടി കുരങ്ങന്മാര്‍ ഓടിച്ചാടി നടക്കുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. വനംവകുപ്പിലെ മേലുദ്യോഗസ്ഥനും ജീപ്പിലെത്തി കിരണിനെ സ്വീകരിച്ചു.
പോലീസുകാര്‍ പുറത്തെ പ്രകൃതിഭംഗി ആസ്വദിച്ചു നടന്നു. ഇടയ്ക്കിടെ കുരങ്ങന്മാര്‍ ഓടിക്കളിച്ചു നടന്നു. അകലെയായി നീണ്ടു കിടക്കുന്ന വനങ്ങള്‍. അതിനടുത്തുകൂടിയൊഴുകുന്ന വെള്ളച്ചാട്ടവും അവരുടെ ശ്രദ്ധയില്‍ പെട്ടു.
അവര്‍ അവിടെയെത്തിയ ഉടന്‍ ഒരു പുരുഷനും സുന്ദരിയായ ഒരു സ്ത്രീയും മടങ്ങിപ്പോയത് കിരണ്‍ ശ്രദ്ധിച്ചു. ചോദ്യം ചെയ്തപ്പോള്‍ മദ്രാസില്‍ നിന്നുള്ള ഒരു മോഡലും ബിസിനസുകാരനുമാണെന്ന് മനസ്സിലായി. റസ്റ്റ് ഹൗസിലെ ജോലിക്കാര്‍ അവരുടെ മുന്നില്‍ പതറുകയും ചെയ്തു. വനംവകുപ്പ് മേധാവി മൗനിയായി നിന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഓരോ രജിസ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കി. പലരുടെയും പേരും ഫോണ്‍നമ്പരും എഴുതിയെടുത്തു. ഒരേ പേരില്‍ മൂന്ന് വര്‍ഷമായി ആറുപേര്‍ ഇവിടെ വന്നുപോയതില്‍ അവളുടെ സംശയം ഇരട്ടിച്ചു. അവരെല്ലാം മന്ത്രിമാരായിരുന്നു.
ജോലിക്കാരോട് താക്കീതു ചെയ്തു. “കാശിപ്പിള്ളയില്‍ നിന്ന് എല്ലാം അറിഞ്ഞിട്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്. നിങ്ങള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത് വേശ്യാലയമാണോ? ഇതിനകം ഇവിടെ എത്രയോ പേരെ കൊന്നൊടുക്കി. ഇവിടെ വന്നുപോയിക്കൊണ്ടിരുന്ന ശങ്കരന്‍നായരെ കൊന്നതില്‍ നിങ്ങളുടെ പങ്കെന്താണ്. എത്രരൂപ നിങ്ങള്‍ക്ക് പ്രതിഫലമായി കിട്ടി.”
ജോലിക്കാരായ ഉസ്മാനും രാജേന്ദ്രനും ഞെട്ടുകതന്നെ ചെയ്തു.
അവസാനമായി അവള്‍ താക്കീതുചെയ്തു പറഞ്ഞു. “ഒരു മന്ത്രിയും നിങ്ങളെ രക്ഷപെടുത്തുമെന്ന് കരുതേണ്ട. കാശിപിള്ളയ്ക്ക് ഉടനടി മന്ത്രിസ്ഥാനം നഷ്ടപ്പെടും. നിങ്ങള്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും, കൊലയ്ക്കും കൊള്ളയ്ക്കും കൂട്ടുനിന്നു. സത്യം തുറന്നുപറഞ്ഞില്ലെങ്കില്‍ ഇപ്പോള്‍തന്നെ നിങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകും. അതിനുള്ള അനുവാദം എനിക്ക് ലഭിച്ചിട്ടുണ്ട്. സത്യം തുറന്നുപറഞ്ഞാല്‍ നിങ്ങള്‍ക്കുള്ള ശിക്ഷയില്‍ മാറ്റമുണ്ടാകും. ഇതില്‍ ആരെയും ഭയപ്പെടേണ്ടതില്ല. കാരണം അവരാരും നിങ്ങളുടെ രക്ഷയ്ക്ക് വരില്ല. അവര്‍ നിങ്ങളുടെ തലയില്‍ കുറ്റങ്ങള്‍ കെട്ടിവച്ച് രക്ഷപെടുന്നതിലുള്ള തത്രപ്പാടിലാണ്. ഇവിടെ നടക്കുന്ന എല്ലാ അതിക്രമത്തിനും അന്യായത്തിനും ഒത്താശ ചെയ്യുന്നത് നിങ്ങള്‍ എന്നറിഞ്ഞാല്‍ എവിടെപ്പോയി നിങ്ങള്‍ക്ക് ഒളിക്കാന്‍ കഴിയും. ഈ വനത്തില്‍ കയറിച്ചെല്ലാന്‍ പറ്റുമോ? പുലിയും കടുവയും നിങ്ങളെ നോക്കി ഇരിക്കുന്നില്ലേ? ഇവിടെയുള്ള മനുഷ്യകടുവകളും പുലികളും നിങ്ങളെ രക്ഷപെടുത്തുമോ? എന്നാല്‍ രക്ഷപെടാന്‍ ഞാന്‍ സഹായിക്കാം. ഇവിടെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നിങ്ങള്‍ ജോലി ചെയ്യുന്നു. ഇതിനിടയില്‍ നടന്നിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രം എനിക്കറിഞ്ഞാല്‍ മതി. നിങ്ങളെപ്പറ്റി കാശിപ്പിള്ളയ്ക്കൊപ്പം വന്ന ടീച്ചറും ബിന്ദുവും മൊഴി നല്കിയിട്ടുണ്ട്. രക്ഷപെടാനുള്ള ഏകവഴി സത്യം മാത്രമാണ്. എനിക്കറിയാം നിങ്ങളുടെ ഇഷ്ടത്തിനല്ല ഇതെല്ലാം നടത്തിയിട്ടുള്ളത്. ഉന്നതത്തില്‍ നിന്നുള്ളവരെ അനുസരിക്ക മാത്രമേ നിങ്ങള്‍ ചെയ്തിട്ടുള്ളൂ.”
എല്ലാം കേട്ട് അവര്‍ ഭയന്ന് വിറയ്ക്കുക തന്നെ ചെയ്തു. മനുഷ്യമൃഗങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും മധ്യത്തില്‍ കിടന്നുഴലുന്നതുപോലെ തോന്നി. സത്യം പറയുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. അല്ലാതെ രക്ഷപെടാനായില്ല. സത്യവും നീതിയും ഉന്നതര്‍ക്കിടയില്‍ ഇല്ലെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്തു ചെയ്യാനാണ്. അവരുടെ ശ്വാസം വലിഞ്ഞുമുറകുകതന്നെ ചെയ്തു.
ഇതിനിടെ കിരണിന് കാശിപ്പിള്ളയുടെ ഫോണ്‍ കോള്‍. അവള്‍ അല്‍പ്പം മാറിനിന്ന് അയാളുമായി സംസാരിച്ചു.
നിങ്ങള്‍ ആവശ്യപ്പെട്ട അഞ്ച് കോടി എപ്പോള്‍ വേണമെങ്കിലും തരാന്‍ ഞാന്‍ ഒരുക്കമാണ്, അതാണ് അയാള്‍ക്കു പറയാനുള്ളത്.
അതിനവള്‍ മറുപടി പറഞ്ഞു, “ഇവിടുത്തെ കര്‍മ്മസേനയ്ക്ക് ഒരു ദുരിത നിവാരണ ഫണ്ടുണ്ട്. അവരുടെ അക്കൗണ്ട് നമ്പര്‍ തരാം. അതില്‍ ഇട്ടാല്‍ മതിയെന്നാണ്. അതിന്‍റെ പകുതി അരുണയ്ക്കും ബാക്കി പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. നിങ്ങളുടെ പാര്‍ട്ടി കരുണിന് കൊടുത്ത പത്തുകോടി മൂലം നൂറിലധികം വീട്ടില്ലാത്തവര്‍ക്ക് വീടിനായി ഉപയോഗിച്ചു. ഇനി മറ്റൊരു കാര്യം കൂടി അറിയിക്കാം. നിങ്ങള്‍ വേശ്യാവൃത്തിക്കും വനംകൊള്ളയ്ക്കും രഹസ്യമായി സൂക്ഷിക്കുന്ന വനംവകുപ്പ് റസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തിയിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്‍റെ കൈവശമുള്ള തെളിവുകളും മന്ത്രിക്കസേര തെറിപ്പിക്കാന്‍ ധാരാളമാണ്. നിങ്ങളെപ്പോലെ ഈ മന്ത്രിസഭയില്‍ ചില വെള്ളക്കടുവകളും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതൊക്കെ വേണ്ടപ്പെട്ടവരെ ഞാന്‍ അറിയിക്കും. അവരുടെ രാജിയും ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യത്തില്‍ നിങ്ങളെപ്പോലുള്ളവര്‍ ഭരണനേതൃത്വം കൊടുക്കേണ്ടത് മൃഗശാലകള്‍ക്കാണ് അല്ലാതെ ജനാധിപത്യത്തിനല്ല. സത്യത്തില്‍ നിങ്ങളാണ് ഭീകരരെ സൃഷ്ടിക്കുന്നത്. മറ്റൊന്ന് നിശ്ശംശയം പറയാം. നിങ്ങളെ ഈ കേസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബൈ. ഗുഡ്.ബൈ.”
കാശിപിള്ള സ്വന്തം ഫോണിലേക്ക് പ്രസന്നവദനനായി നോക്കി. ഹൃദയം തുള്ളിച്ചാടി. ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്‍റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു. ജീവിതത്തിലെ പണത്തോടുള്ള ആര്‍ത്തിയും മനം നിറയെ സമൃദ്ധിയായി ജീവിക്കാനുള്ള സ്വാര്‍ത്ഥതയുമായിരുന്നു എല്ലാറ്റിനും കാരണമെന്ന് കാശിപ്പിള്ള തിരിച്ചറിഞ്ഞു. കിരണ്‍ പറഞ്ഞതാണ് സത്യം. ഇനിയും പൂജയും പൂജാരിയുമാകുക. പാപഭാരത്തില്‍ നിന്നും ആത്മാവിന്‍റെ ഭാരം ചുമക്കാനായി തയ്യാറാകുക. മകനെയും നേരായ പാതയില്‍ വഴി നടത്തി ജനങ്ങളുടെ പ്രിയപ്പെട്ടവനാകണം. ഒപ്പം കേന്ദ്രമന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനത്തിനും ശ്രമിക്കണം. താനൊരു സ്വാമിയായിക്കഴിഞ്ഞാല്‍ അതവന് ലഭിക്കുമെന്ന് ഉറപ്പാണ്. എന്‍റെ സാമൂഹ്യജീവിതത്തില്‍ സംഭവിച്ചതൊന്നും അവനുണ്ടാകാന്‍ പാടില്ല. രാജ്യദ്രോഹിയാകാതെ രാജ്യസ്നേഹിയായി അവന്‍ മാറണം.
എല്ലാം കൂട്ടിവായിക്കുമ്പോള്‍ മനുഷ്യന്‍റെ അറിവില്ലായ്മയും അജ്ഞതയും അഹംകാരവും അത്യാര്‍ത്തിയുമാണ് എല്ലാ പാപചിന്തയുടെയും ഉറവിടമെന്ന് കാശിപ്പിള്ള മനസ്സിലാക്കി. അയാള്‍ രാജിക്കത്ത് കൊടുക്കാനായി പേനയും പേപ്പറുമെടുത്ത് എഴുതി തുടങ്ങി.
അത്താഴം കഴിച്ചെത്തിയ കിരണ്‍ കമ്പ്യൂട്ടറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്നുണ്ടായ സംഭവവികാസങ്ങള്‍ എഴുതുമ്പോള്‍ മുഖത്ത് എന്തെന്നില്ലാത്ത ആവേശമായിരുന്നു. മേലുദ്യോസ്ഥനെ ചില പ്രധാനകാര്യങ്ങള്‍ അറിയിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പിന്നാലെ അറിയിക്കാമെന്നേറ്റു. മേലുദ്യോഗസ്ഥനെങ്കിലും പലതും ഒളിച്ചിരുന്നു. കാരണം മേലുദ്യോഗസ്ഥന്മാരും അധികാരത്തിലുള്ളവരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് ഡല്‍ഹിയില്‍ വെച്ച് നേരിട്ടറിഞ്ഞതാണ്. കോടികള്‍ വാങ്ങി കുറ്റവാളികളെ രക്ഷപെടുത്തുന്ന മാന്യന്മാര്‍. അതിനാല്‍ എല്ലാ കാര്യങ്ങളും കൈമാറുക പതിവില്ല. അത് അന്വേഷണത്തെ ബാധിക്കും എന്നതുകൊണ്ട് തന്നെയാണ്. ഏത് രംഗമെടുത്താലും അവിടെയെല്ലാം ആരെങ്കിലുമൊക്കെ നിഗൂഢതകള്‍ ചോര്‍ത്തിക്കൊടുക്കുന്നവരാണ്. അതിനൊക്കെ നിയന്ത്രണമുണ്ടാകണമെങ്കില്‍ ഇങ്ങനെയുള്ള പോലീസ് വകുപ്പുകള്‍ ഭരണാധിപന്മാരില്‍ നിന്ന് മാറ്റി കോടതിയുടെ നിയന്ത്രണത്തിലാക്കണം. അതല്ലെങ്കില്‍ ഒരു സ്വതന്ത്രഭരണവകുപ്പാക്കി മാറ്റണം. അതില്ലാത്തതുകൊണ്ടാണ് കുറ്റവാളികള്‍ രക്ഷപെട്ടുകൊണ്ടിരിക്കുന്നത്. എത്രയോ വര്‍ഷങ്ങളായി ഇത് തുടരുന്നു. ഇന്നുണ്ടായ വെളിപ്പെടുത്തലുകള്‍, ചോദ്യം ചെയ്യലുകളെല്ലാംതന്നെ കൊലപാതകത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമായിരുന്നില്ല. ഇനിയും ജയിലില്‍ പരോളില്‍ ഇറങ്ങിയവരെയാണ് ചോദ്യം ചെയ്യേണ്ടത്. അതിനും യാതൊരു തെളിവും ലഭിച്ചില്ല.
യാത്രാക്ഷീണം മുഖത്ത് പ്രകടമായിരുന്നുവെങ്കിലും മനസ്സാകെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടായിരുന്നു. കമ്പ്യൂട്ടറില്‍ നിന്ന് കാശിപ്പിള്ളയുടെ പേരും റസ്റ്റ് ഹൗസിലെ ജീവനക്കാരെയും ഒഴിവാക്കി. അവരുടെ പേരിലുള്ള കുറ്റങ്ങളും അവള്‍ എഴുതിയിട്ടു. മണ്ടന്‍ മാധവന്‍, സുകുമാരന്‍ നായര്‍, അരുണ മറ്റു ചില സ്ത്രീകള്‍ എന്നിങ്ങനെയാണ് ഇനി പട്ടികയിലുള്ളത്. പോലീസിന്‍റെ സഹായം കൂടിയേ തീരൂ. ഇവരില്‍ നിന്ന് എന്തെങ്കിലും തുമ്പുകള്‍ ലഭിക്കുമോ? പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ തന്നെ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ വാങ്ങണം. രമാദേവിയുടെ പല ബന്ധുവീടുകളിലും കച്ചവടക്കാരിയായി ചെന്ന് പല അടവുകള്‍ പ്രയോഗിച്ചതാണ്. അവരില്‍ നിന്ന് ഒരു സൂചനയും ലഭിച്ചില്ല. അജ്ഞാതവാസം ചെയ്യുന്ന കൊലയാളിയെ അവള്‍ നിമിഷങ്ങള്‍ ഓര്‍ത്തിരുന്നു.
ഇനിയുള്ള ചോദ്യം ചെയ്യല്‍ പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ തന്നെയാകട്ടെ. കമ്പ്യൂട്ടറില്‍ നിന്ന് മൂന്നു പേരുകള്‍ തെളിഞ്ഞു. ചിന്താഭാരവുമായി നിമിഷങ്ങള്‍ ഇരുന്നിട്ട് മൊബൈല്‍ ഫോണ്‍ എടുത്ത് അബ്ദുള്ളയെ വിളിച്ചു.
“ഇന്ന് എന്‍റെ ഒപ്പം വന്നവരെ എന്‍റെ വീട്ടിലേക്ക് രാവിലെ ഒമ്പത് മണിയോടെ ഒന്നയയ്ക്കണം… അതെ. അതെ… അല്ല. അല്ല… അവര്‍ക്ക് നാളെ എന്തെങ്കിലും തിരക്കുണ്ടോ…?”
“നാളെ രാവിലെ മുതല്‍ പണം തട്ടിപ്പ് കേസ്സില്‍ മുഖ്യമന്ത്രിയും കൂട്ടുകക്ഷിയെന്ന് പറഞ്ഞ് പ്രതിപക്ഷം ഹര്‍ത്താലും മറ്റും നടത്തുന്നുണ്ട്. പല സ്റ്റേഷനില്‍ നിന്നും പോലീസുകാരെ ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്. തല്ലും കല്ലേറും കൊള്ളാന്‍ പോലീസ്. അതൊക്കെ അങ്ങിനെ നടക്കട്ടെ. മാഡത്തിന്‍റെ ആവശ്യമാണ് എനിക്ക് പ്രധാനം. അവര്‍ രാവിലെ അവിടെ എത്തിയിരിക്കും. ഓ.കെ. ഗുഡ് നൈറ്റ്.”
മൊബൈല്‍ വെച്ചിട്ട് അബ്ദുള്ള ചിന്തിച്ചു. അവിടെയും പോലീസ് സ്റ്റേഷനുണ്ട്. എന്തുകൊണ്ട് അവരെ വിളിച്ചില്ല. ലോക്കല്‍ പോലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ. പോലീസ് വകുപ്പും ഈ ഭരണം മൂലം നാറിക്കൊണ്ടിരിക്കുന്നു. കുറ്റാന്വേഷകര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ പല കുറുക്കുവഴികളുമുണ്ട്. ങാ, എന്തെങ്കിലുമാവട്ടെ. അബ്ദുള്ള ഉടന്‍തന്നെ പാപ്പച്ചനെയും ജയദേവനെയും വിളിച്ചിട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.
പാപ്പച്ചന്‍ ചോദിച്ചു. “സാറെ വീട് എവിടെയാണ്. അത് അറിയില്ലല്ലോ.”
“എടോ മാവേലിക്കരെ ചെന്ന് ചാരുംമൂടന്‍റെ വീട് ഏതെന്ന് ചോദിച്ചാല്‍ മതി, ആരും പറഞ്ഞു തരും, മനസ്സിലായോ? ങാ….”
മൊബൈല്‍ വെച്ചിട്ട് മുന്നിലിരുന്ന മദ്യം അയാള്‍ അകത്താക്കി. അധികം അബ്ദുള്ള കുടിക്കാറില്ല. കാരണം ആരൊക്കെ എപ്പോഴൊക്കെ വിളിക്കുമെന്നറിയില്ല. സ്ഥലം എസ്.പി. മദ്യമടിച്ചിരിക്കുന്നുവെന്ന് കേട്ടാല്‍ അത് നാണക്കേടാണ്. പകലോ കുടിക്കാന്‍ പറ്റില്ല. രാത്രീലെങ്കിലും ഒരല്പം അകത്താക്കാമെന്ന് വെച്ചാല്‍ അതിനും തടസ്സം. തല നേരെ നില്ക്കുന്നുണ്ടോ എന്നുറപ്പ് വരുത്തി ഒരു പെഗ്ഗും കൂടി അകത്താക്കി. മദ്യത്തിന്‍റെ മണം മുറിക്കുള്ളില്‍ നിറഞ്ഞു നിന്നു. പോലീസിന് പണി തരാന്‍ നാട്ടിലെ കുറെ തട്ടിപ്പുകാര്‍, കൊലപാതകികള്‍ എന്നിവര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവരെ പൊക്കാന്‍ പോലീസും പോലീസ് നായ്ക്കളും. ഇപ്പോള്‍ എത്തിയിരിക്കുന്നു കിരണ്‍ എന്ന ഐപിഎസുകാരിയും. ഈ നാട്ടിലെ കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണല്ലോ എന്നോര്‍ത്തിരിക്ക് കണ്ണുകളടഞ്ഞത് അബ്ദുള്ള അറിഞ്ഞില്ല.
രാവിലെ വീട്ടുമുറ്റത്ത് പോലീസ് ജീപ്പെത്തി. കൂട്ടില്‍ കിടന്ന നായ കുരച്ചത് കേട്ട് കിരണ്‍ പുറത്തേക്കുവന്ന് പോലീസുകാര്‍ക്ക് ഗുഡ്മോര്‍ണിംഗ് പറഞ്ഞിട്ട് കൂട്ടിനടുത്തേക്ക് ചെന്ന് നായ്ക്കളെ ശാസിച്ചു. നായ്ക്കള്‍ വാലാട്ടി നിശബ്ദരായി.
മടങ്ങിവന്നപ്പോള്‍ ചോദിച്ചു, “ചായ ഇടട്ടേ…?”
പെട്ടന്നവര്‍ ആദരവോടെ പറഞ്ഞു, “വേണ്ട മാഡം. ചായയും ദോശയും കഴിച്ചിട്ടാ ഇറങ്ങിയത്… മാഡം ഒരപേക്ഷയുണ്ട്. സാറിന്‍റെ ഒരു നോവല്‍ വായിക്കാന്‍ കിട്ടുമോ?”
“പാപ്പച്ചന്‍, പുസ്തകങ്ങള്‍ വാങ്ങാന്‍ കിട്ടുന്നത് കടകളിലാണ്. ഇവിടെ ആര്‍ക്കും പുസ്തകം കൊടുക്കാറില്ല. നിങ്ങള്‍ക്ക് പലപ്പോഴും വായിക്കാന്‍ സമയം കിട്ടാറുണ്ട്. പക്ഷേ, താല്പര്യമില്ല. അക്ഷരം ഈ തെളിഞ്ഞു വരുന്ന സൂര്യനെപ്പോലെ തിളങ്ങുന്നതെന്ന് മറക്കേണ്ട. വായിച്ചാല്‍ ചെറിയ തെളിവൊക്കെ കിട്ടും. ഞാന്‍ ചോദിച്ചാല്‍ പപ്പ നിരസ്സിക്കാറില്ല. ഞാനൊന്ന് ശ്രമിക്കാം…. ആ, പിന്നെ…, ഇന്ന് നമ്മള്‍ മൂന്നുകൂട്ടരെയാണ് ചോദ്യം ചെയ്യുന്നത്. അതും പോലീസ് മുറയില്‍തന്നെ. ആദ്യം പോകുന്നത് ശങ്കരന്‍നായരുടെ കാര്യസ്ഥനായ മണ്ടന്‍ മാധവന്‍റെ അടുത്തേക്കാണ്. പ്രായമുള്ള മനുഷ്യനാണ്. പേടിപ്പിക്കമാത്രം ചെയ്താല്‍ മതി. അയാളുടെ കൂട്ടുകാര്‍ ആരൊക്കെയെന്ന് അറിയണം.”
കാര്യങ്ങളെപ്പറ്റി ചെറിയൊരു വിവരണം കൊടുത്തിട്ടവള്‍ അകത്തേക്കു പോയിട്ട് പത്തു മിനിട്ടിനകം ഒരു പുസ്തകവുമായി പുറത്തേക്കു വന്ന് പാപ്പച്ചനെ ഏല്പിച്ചു. പോലീസ് ജീപ്പ് പുറത്തേക്കു പോയി. ശങ്കരന്‍റെ വീട്ടിലേക്കുള്ള വഴി അവള്‍ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ അവര്‍ ബംഗ്ലാവിന്‍റെ മുന്നിലെത്തിയിരുന്നു. തറവാട്ടുമുറ്റത്ത് രമാദേവിയും മകനും മറ്റൊരു ബന്ധുവായ സ്ത്രീയും നില്പുണ്ടായിരുന്നു. മുറ്റത്ത് വന്നിറങ്ങിയ പോലീസുകാരിലേക്ക് അവരുടെ കണ്ണുകളിലെത്തി.
എന്തിനാണ് അവര്‍ വന്നത്? കൊലയാളി ആരെന്നറിഞ്ഞോ? അവര്‍ ആകാംക്ഷയോടെ നോക്കി നില്ക്കേ ജയദേവന്‍ തന്‍റെ വലിയ മീശ പിരിച്ചുകൊണ്ട് അവിടേക്കു ചെന്നു.
“എവിടെ മണ്ടന്‍ മാധവന്‍? വിളിക്ക്.”
ഉടന്‍ ശങ്കരന്‍റെ മകന്‍ അനില്‍ ചോദിച്ചു, “എന്താ കാര്യം?”
“എന്താടാ, നിന്നോട് അതൊക്കെ ബോധ്യപ്പെടുത്തണോ?”, തനി പോലീസ് മുറയില്‍ തന്നെയായിരുന്നു ജയദേവന്‍റെ മറുപടി.
അവനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല, “അതുകൊള്ളാമല്ലോ. എന്‍റെ വീട്ടില്‍ താമസിക്കുന്ന ഒരാളെ നിങ്ങള്‍ കാണണമെങ്കില്‍ അതിന്‍റെ കാരണമറിയാന്‍ എനിക്കവകാശമില്ലേ?”
അവിടെ എന്തോ തര്‍ക്കമുണ്ടായതായി കിരണ്‍ മനസ്സിലാക്കി, പാപ്പച്ചനെ അങ്ങോട്ടയച്ചു.
പാപ്പച്ചനെത്തിയിട്ട് പറഞ്ഞു. “ഞങ്ങള്‍ക്ക് നിങ്ങടെ കാര്യസ്ഥനെ ഒന്ന് ചോദ്യം ചെയ്യാനുണ്ട്. എവിടെയാണയാള്‍?”
പെട്ടെന്ന് രമാദേവി പറഞ്ഞു. “ഞാന്‍ വിളിക്കാം.”
മണ്ടന്‍ മാധവന്‍. വരാന്തയില്‍ തേങ്ങാ ചിരുകിക്കൊണ്ടിരിക്കയായിരുന്നു. ജയദേവനും അനിലും പരസ്പരം വിദ്വേഷമടക്കി നോക്കി.
“മാധവാ നിന്നെ പോലീസുകാര് തിരക്കുന്നു. അങ്ങോട്ടു വന്നേ….”
അത്രയും കേട്ടയുടനെ മാധവന്‍റെ കണ്ണില്‍ ഇരുട്ടു കയറി. ഭയം കണ്ണുകളില്‍ കണ്ടു. പോലീസ്സെന്നു പറഞ്ഞാല്‍ മാധവന് പണ്ടേ ഭയമാണ്.
“തമ്പ്രാട്ടീ….”
“മാധവന്‍ വിഷമിക്കേണ്ട. അവര്‍ക്കു വല്ലതും ചോദിച്ചറിയാനായിരിക്കും. അല്ലാതെ നിന്നെ പിടിച്ചോണ്ടു പോകാനൊന്നുമല്ലല്ലോ…. ഞങ്ങളില്ലേ, വാ.”
തോര്‍ത്ത് കയ്യില്‍ പിടിച്ച് മാധവന്‍ പുറത്തേക്കു വന്നു. പുറത്തുവന്ന് മാധവനെ രൂക്ഷമായ കണ്ണുകള്‍കൊണ്ട് പോലീസുകാര്‍ നോക്കി. അയാള്‍ തൊഴുതു നിന്നു. ആ നോട്ടം മാധവനെ പരിഭ്രമത്തിലാഴ്ത്തുകതന്നെ ചെയ്തു. അയാളെയും കൂട്ടി കിരണിന്‍റെ അടുത്തേക്കു നടന്നു. പിറകെ ചെന്ന് അനിലിനെയും രമാദേവിയെയും പാപ്പച്ചന്‍ തടഞ്ഞു.
കിരണ്‍ മുറി തുറന്ന് കസേരയിലിരുന്നു. മുറിക്കുള്ളിലെത്തിയ മാധവന്‍ കിരണിനെ അടിമുടിയൊന്നു നോക്കി. കരുണിന്‍റെ മുത്തച്ഛനെന്ന് ബിന്ദുവുമായി സംസാരിക്കുന്നതിന് മുമ്പറിഞ്ഞിരുന്നില്ല. ഭയന്ന് തോര്‍ത്തെടുത്ത് കൈകൂപ്പി നിന്ന മാധവനോട് മീശ പിരിച്ചുകൊണ്ട് ജയദേവന്‍ പറഞ്ഞു. “നിന്നെ കണ്ടാലൊരു കള്ളന്‍റെ ലക്ഷണമുണ്ടല്ലോ. കൈ താക്കടാ.”
മാധവന്‍ അനുസരിച്ചു. പോലീസിന്‍റെ കണ്ണുകള്‍ അഗ്നിഗോളങ്ങള്‍പോലെ എരിഞ്ഞുനിന്നു.
ഭയന്നുവിറച്ചുനിന്ന മാധവന്‍റെ മുന്നിലേക്ക് രണ്ടുപോലീസുകാര്‍ ഇടത്തും വലത്തുമായി നിന്ന് ക്രൂരഭാവത്തോടെ നോക്കി. മാധവന് എന്തെന്നില്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. പെട്ടെന്ന് തുളച്ചു കയറുന്ന വിധം പാപ്പച്ചന്‍ അലറി.
“സത്യം പറയെടാ. നീ എന്തിനാ ശങ്കരനെ കൊന്നത്?”
ജയദേവന്‍റെ പിടി വയറിനോട് ചേര്‍ന്നായപ്പോള്‍ മാധവന് ശ്വാസം മുട്ടുന്നതായി തോന്നി. ഒപ്പം ചുമയ്ക്കുകയും ചെയ്തു.
“അയാളെ വിടൂ. സത്യം പറഞ്ഞില്ലെങ്കില്‍ മാത്രം ഉപദ്രവിച്ചാല്‍ മതി. നിങ്ങള്‍ പുറത്തിരിക്കൂ. ആവശ്യമെങ്കില്‍ ഞാന്‍ വിളിക്കാം,” കിരണ്‍ പറഞ്ഞു.
അവര്‍ അത് അനുസരിച്ചു. അവള്‍ ചെന്ന് കതകടച്ചു. ഒരു കസേര മുന്നില്‍ ഇട്ടുകൊടുത്തിട്ട് ഇരിക്കാനറിയിച്ചു. അയാള്‍ ഇരിക്കാന്‍ മടിച്ചുനിന്നപ്പോള്‍, അല്‍പ്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു, “ഇരിക്കടോ….”
ആ മുഴങ്ങുന്ന ശബ്ദം ആ മുറിക്കുള്ളില്‍ മുഴങ്ങി നിന്നു.
“ഈ കൊലപാതകവുമായി നിങ്ങള്‍ക്കു ബന്ധമുണ്ടെന്ന് എനിക്കറിയാം. എല്ലാ തെളിവുകളുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. സത്യം മറച്ചുവക്കാനാണ് ഭാവമെങ്കില്‍ പോലീസുകാര്‍ നിങ്ങളെ പൊക്കിക്കൊണ്ടുപോകും. ഇടിയും ചവിട്ടും കൊണ്ട് മരിക്കണോ? സത്യം പറഞ്ഞാല്‍ എനിക്കും നിങ്ങളെ സഹായിക്കാന്‍ കഴിയും. സ്വന്തം ഭാര്യയെ ഗുണ്ടകളെ ഉപയോഗിച്ച് ഇവിടുത്തെ ചാലില്‍ കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് ശങ്കരന്‍ നായരുടെ അറിവോടെയെന്ന് നിങ്ങള്‍ക്കറിയാം. ഭാര്യയ്ക്ക് നീന്തല്‍ അറിയാമായിരുന്നിട്ടും പോലീസിനെ കൊണ്ട് ആത്മഹത്യയെന്നാക്കി ആ കേസ് തേച്ചുമായ്ച്ചു കളഞ്ഞിട്ടും നിങ്ങള്‍ നിശബ്ദനയിരുന്നു. സ്വന്തം മകളായ ബിന്ദുവിനെ ഈ മുറിയില്‍ ജോലിക്ക് വച്ച് അവളെ ഗര്‍ഭിണിയാക്കിയതും ഒടുവില്‍ അവള്‍ ഇവിടെനിന്ന് ഒളിച്ചോടിയതും നിങ്ങള്‍ക്കറിയാം. അവള്‍ ഇപ്പോള്‍ എവിടെയെന്ന് നിങ്ങള്‍ക്കറിയാമോ? അവള്‍ ഒരു മകന് ജന്മം കൊടുത്തിട്ടുണ്ടെന്നും, അവന്‍ ഇപ്പോള്‍ ആരാണെന്നും നിങ്ങള്‍ക്കറിയാമോ?”
“എനിക്കറിയില്ല. അവള് ശത്തുപോയി കാണു.”
അപ്പോഴേയ്ക്കും ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ മുഖത്ത് കുറ്റബോധമുണ്ടായി. അന്നത്തെ വേദനകള്‍ എന്നേ മറന്നുപോയതാണ്. ഒന്നും ഓര്‍ക്കാറില്ല. മകള്‍ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്നാണ് കരുതിയിട്ടുള്ളത്.
“നിങ്ങളുടെ മകള്‍ ജീവനോടെയുണ്ട്.”
അവളുടെ മുഖത്തേക്കവള്‍ തറപ്പിച്ചുനോക്കി. ആ വാക്കുകള്‍ വിശ്വസിക്കാനായില്ല. എന്‍റെ മകള്‍ ശത്തില്ല. അയാളുടെ ഓരോ അവയവങ്ങള്‍ക്കും പുതുജീവന്‍ പ്രാപിച്ചുവന്നു.
“തമ്പ്രാട്ടീ എന്‍റെ മോളെ എവിടെയാ. ഏനെ ഒന്ന് കാണിക്വേ.”
“നിങ്ങള്‍ക്ക് മകളെ കാണാം. അതിന് മുമ്പ് എനിക്ക് സത്യമറിയണം. ശങ്കരന്‍ നായരെ കൊല്ലാന്‍ കാരണം ഭാര്യയും മകളുമാണോ? നിങ്ങള്‍ ഒറ്റയ്ക്കാണോ കൊന്നത് അതോ മറ്റാരെങ്കിലും കൂട്ടിന് ഉണ്ടായിരുന്നോ. സത്യം പറയൂ.”
ആ മുഖത്തുനിന്ന് എല്ലാ ചിന്താഭാരവും മാറി. ധിക്കാരഭാവത്തോടെ തന്നെ പറഞ്ഞു. “ഏനാ തമ്പാനേ കൊന്നെ, എന്‍റെ പെമ്പളെ കൊന്നേ തമ്പാനാ, അതാ ഞാന്‍ കൊന്നേ.”
കിരണ്‍ നിശ്ചലനായി ഒന്നും ശബ്ദിക്കാനാവാതെ നിമിഷങ്ങള്‍ നോക്കിയിരുന്നു. തലയാട്ടിയിട്ട് ഒരു ദീര്‍ഘനിശ്വാസമയച്ചു. ഒരു കൊലയാളിയായി ഇയാളെ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതിനുള്ള ധൈര്യവും മനസ്സും ഉണ്ടാകുമെന്നും വിശ്വസിച്ചില്ല. വെറുമൊരു മണ്ടനായി കണ്ടു. ജീവിതപാഠങ്ങള്‍ ഏതൊരു മണ്ടനേയും മിടുക്കനായി മാറ്റുന്നു. ചുറ്റുപാടുകള്‍ ഭീകരന്മാരാക്കുന്നു. ഇത്തരക്കാര്‍ കുറ്റവാളികളെന്ന് പെട്ടെന്ന് പറയാനാകില്ല. മാനസികമായ ധാരാളം വെല്ലുവിളികള്‍ ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം. വിശ്വസിക്കാനാകുന്നില്ല.
അവള്‍ ഒരല്പം കുളിര്‍ക്കാറ്റിന് വേണ്ടി കതകുതുറന്ന് പുറത്തേക്കിറങ്ങി നടന്നു. തണുത്ത കാറ്റുണ്ടെങ്കിലും ഉള്ളില്‍ ഉഷ്ണമാണുണ്ടാകുന്നത്. ഹൃദയത്തില്‍ കുത്തേറ്റവന്‍റെ പ്രതികാരനടപടിയാണ് അയാളുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.ധാരാളം വെല്ലുവിളികള്‍ ആ മുഖത്തുനിന്ന് വായിച്ചെടുക്കാം.
ജീപ്പില്‍ നോവല്‍ വായിച്ചുകൊണ്ടിരുന്ന പാപ്പച്ചന്‍ അടുത്തേക്കു വന്നു.
“എന്തായി മാഡം?”
“ഉം… സഹകരിക്കുന്നുണ്ട്….”
അവള്‍ മറുപടി അതില്‍ ഒതുക്കി
“ആ വീട്ടില്‍ ചെന്നാല്‍ രണ്ടുകപ്പ് ചായ കിട്ടുമോ? ഇല്ലെങ്കില്‍ പുറത്തുപോയി വാങ്ങി വരണം. വെള്ളവും വേണം.”
പാപ്പച്ചന്‍ വിനീതനായി അനുസരിച്ചു.
കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത സ്ഥിതിക്ക് ഇനിയുമറിയേണ്ടത് ഇത് എങ്ങനെ നടത്തിയെന്നതാണ്. ആരൊക്കെ സഹായിത്തു. രമാദേവിയുടെ പങ്ക് എന്താണ്. അവള്‍ മുറിക്കുള്ളില്‍ വന്നിരുന്ന് മാധവന്‍റെ മുഖത്തേക്കു നോക്കി. ഒട്ടും കുറ്റബോധമോ പേടിയോ ഇപ്പോള്‍ അവിടെയില്ല. സ്വന്തം ഭാര്യയുടെയും മകളുടെയും നഷ്ടമാണ് ഇത്രമാത്രം ക്രൂരത ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചത്.
അവള്‍ കൊലപാതകത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടന്നു. അതും അയാള്‍ വിവരിച്ചു.
“ഒരു രാത്രിയില്‍ കുര്യന്‍ സാജന്‍ എന്ന ന്യായാധിപനുമായി മദ്യം കഴിച്ച് ശങ്കരന്‍ നായര്‍ അബോധാവസ്ഥയിലായി. അയാള്‍ കട്ടിലില്‍ തളര്‍ന്നു കിടന്നു. കുര്യന്‍ സ്വന്തം കാറില്‍ മടങ്ങിപ്പോയി. അകത്തേ മുറിയില്‍ എല്ലാം തൂത്ത് തുടച്ച് വൃത്തിയാക്കാന്‍ വരുമ്പോഴാണ് ആ രംഗം കണ്ടത്. അയാളെ കൊല്ലാന്‍ മാസങ്ങളായി താന്‍ തക്കം പാര്‍ത്ത് കഴിയുകയായിരുന്നു. അതിനുള്ള സാധ്യത ആ ദിവസമാണ് ലഭിച്ചത്. പ്രതികാരം ചെയ്യുക എന്ന ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ മകളെ മാത്രമല്ല ധാരാളം മുതിര്‍ന്ന പെണ്‍കുട്ടികളെയും പഠിപ്പിക്കുന്നവരെയും അയാള്‍ ഇതുപോലെ നശിപ്പിച്ചിട്ടുണ്ട്. പല പെണ്‍കുട്ടികളും കരഞ്ഞുകൊണ്ട് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്‍റെ ജീവിതം നശിപ്പിച്ചവനെ കൊല്ലുക മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. ഒരു രാത്രി എന്നെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയിട്ടാണ് ഗുണ്ടകളെ വിട്ട് എന്‍റെ ഭാര്യയെ കൊന്നത്.”
അവിടേക്ക് ചായയും വെള്ളവുമായി പാപ്പച്ചനെത്തി. അവള്‍ ചായ എടുത്ത് മാധവന് കൊടുത്തു. തുടര്‍ന്നും ധാരാളം സംഭവങ്ങള്‍ നിശബ്ദമായി അവള്‍ കേട്ടുകൊണ്ടിരുന്നു.
“സ്വന്തം മകളെ ഗര്‍ഭിണിയാക്കിയ തമ്പ്രാനെ ഭാര്യ കല്യാണി കുറ്റപ്പെടുത്തി. അതാണ് അവളെ അയാള്‍ കൊന്നത്.”
തോര്‍ത്ത് ഉയര്‍ത്തിക്കാട്ടി പറഞ്ഞു. “ഈ തോര്‍ത്തുകൊണ്ടാണ് കൊന്നത്.”
ശങ്കരനെ കൊല്ലാനുപയോഗിച്ച തോര്‍ത്ത് അയാളുടെ കയ്യില്‍ത്തന്നെ ഉണ്ടായിരുന്നു. എങ്ങിനെ കൊലപ്പെടുത്തിയെന്നറിയാന്‍ അകത്തേ മുറിയിലേക്ക് അയാളെ കൂട്ടിക്കൊണ്ടുപോയി. മാധവന്‍ അതും വിവരിച്ചു. കട്ടിലില്‍ അബോധാവസ്ഥയില്‍ കിടന്ന ശങ്കരനെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ ചുറ്റിവരിഞ്ഞ്, തേക്കു കൊണ്ടുണ്ടാക്കിയ കട്ടിലിന്‍റെ ഉയര്‍ന്ന പടികളുമായി കൂട്ടിക്കെട്ടി വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കഴുത്തും കട്ടിലിന്‍റെ പടിയുമായി അരമണിക്കൂറോളം അയാള്‍ തറയിലിരുന്ന് തോര്‍ത്ത് വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. ധാരാളം പ്രാവശ്യം കാലിട്ടടിക്കുകയും മുരളുകയും ചെയ്തു. എല്ലാചലനങ്ങളും അവസാനിപ്പിച്ചപ്പോഴാണ് കഴുത്തും പടികളുമായുള്ള തോര്‍ത്തിന്‍റെ പിടി അവസാനിപ്പിച്ചത്.
എല്ലാം കേട്ടുംകണ്ടും കഴിഞ്ഞപ്പോള്‍ തെല്ലൊരു അത്ഭുതമാണുണ്ടായത്. കത്തിക്ക് പകരം ഒരു തോര്‍ത്താണ് കൊലയ്ക്ക് ഉപയോഗിച്ചത്. എല്ലാ ചോദ്യോത്തരങ്ങളും ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. പുറത്തു നിന്ന പോലീസുകാരെ അകത്തേക്ക് വിളിച്ചു. അടുത്ത കക്ഷിയെ തേടിപ്പോകാന്‍ വിളച്ചതായിരിക്കുമെന്ന് അവര്‍ കരുതിയത്.
മുറിക്കുള്ളിലെത്തിയ രണ്ടുപേരോടും പറഞ്ഞു. “ഇനിയും നമ്മള്‍ മറ്റാരെയും തേടിപ്പോകുന്നില്ല. മാധവനാണ് ഈ കൊലപാതകം നടത്തിയത്. അതിനയാള്‍ക്ക് കാരണങ്ങളുണ്ട്. ബാക്കിയൊക്കെ കോടതി തീരുമാനിക്കട്ടെ.”
ആശ്ചര്യത്തോടെയാണ് അവര്‍ ആ വാര്‍ത്ത കേട്ടത്. ഈ മണ്ടന്‍ ഒരാളെ കൊന്നുവെന്നോ. കൂടുതലറിയാന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചു. അതൊക്കെ പോലീസ് സ്റ്റേഷനില്‍ ചെന്നിട്ട് കേള്‍ക്കാമെന്നായി കിരണ്‍.
അവള്‍ മാധവനോട് പറഞ്ഞു. “ഈ കൊലപാതകം നിങ്ങള്‍ സമ്മതിച്ചതിന്‍റെ പേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യുന്നു. നമ്മള്‍ ഇനിയും പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. സത്യവും നീതിയും ശിക്ഷയുമൊക്കെ കോടതി തീരുമാനിക്കട്ടെ. എനിക്ക് ഈ കാര്യത്തില്‍ നിങ്ങളോട് സഹതാപമേ ഉള്ളൂ…. പാപ്പച്ചന്‍ ഈ ചായക്കപ്പുകളും ഈ വീടിന്‍റെ താക്കോലും വീട്ടുകാരിയെ ഏല്പിക്കൂ. അവരോടും പറഞ്ഞേക്കുക. അവരുടെ ഭര്‍ത്താവിനെ കൊന്നത് സ്വന്തം കാര്യസ്ഥന്‍ തന്നെയാണ്. നമ്മള്‍ അയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. ശങ്കരന്‍ നായര്‍ കൊല്ലപ്പെട്ട മുറിയില്‍വച്ചുതന്നെ പ്രതിയെ അറസ്റ്റു ചെയ്യുന്നതും ഒരു പുതുമയല്ലേ?”
അവര്‍ പുറത്തിറങ്ങി. പാപ്പച്ചന്‍ കതക് പൂട്ടി താക്കോലും ട്രേയില്‍ കൊണ്ടുവന്ന കപ്പും ഗ്ലാസ്സുകളും തറവാട്ടിലേക്ക് കൊണ്ടുപോയി. മാധനെ പോലീസ് ജീപ്പില്‍ കയറ്റി കിരണ്‍ അയാള്‍ക്കൊപ്പമിരുന്നു. കുറ്റവാളിയെങ്കിലും ധൈര്യവും ആശ്വാസവുമാണവള്‍ നല്കിയത്. കൊച്ചുമകന്‍ മന്ത്രിയെന്ന കാര്യമൊന്നും മാധവനറിയില്ല. അതൊട്ട് വെളിപ്പെടുത്തുവാന്‍ അവള്‍ ആഗ്രഹിച്ചുമില്ല. മുത്തച്ഛന്‍ ജയിലില്‍ പോയാല്‍ മന്ത്രീടെ സ്വാധീനമുപയോഗിച്ച് ജയിലിലും പ്രത്യേക പരിഗണന ലഭിക്കാതിരിക്കില്ല. ഇന്നും അതല്ലേ കണ്ടുകൊണ്ടിരിക്കുന്നത്. കൊലയാളിക്കും തട്ടിപ്പും വെട്ടിപ്പും അഴിമതിയും സ്ത്രീപീഡനവും നടത്തുന്നവര്‍ക്കെല്ലാം ഭരണകക്ഷിയെങ്കില്‍ പ്രത്യേക പരിഗണന ജയിലില്‍ ലഭിക്കുന്ന കാലമാണ്. അവരെ സംരക്ഷിക്കാന്‍ എല്ലാ തെളിവുകളും നശിപ്പിക്കു. അധികാരമുണ്ടെങ്കില്‍ ഏത് കുറ്റവാളിയും രക്ഷപെടുമെന്ന് ജനാധിപത്യം കോടതികളെ അപമാനിക്കുന്ന ജയില്‍ സംവിധാനം. കൊടിയുടെ നിറം നോക്കി മനുഷ്യത്വം കാറ്റില്‍ പറത്തുന്ന ഭരണസംവിധാനങ്ങള്‍.
രമാദേവിക്കും മകനും ബന്ധുവായ സ്ത്രീയും മുറ്റത്തിറങ്ങി ജീപ്പിലേക്ക് നോക്കി. അനിലിനെ സ്വന്തം അച്ഛനെ ശ്വാസം മുട്ടിച്ചു കൊന്നവനെ ജീവനോടെ ചുട്ടെരിക്കാനുള്ള മനസ്സുണ്ടായിരുന്നു. രമാദേവിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അത് ഭര്‍ത്താവിന്‍റെ ദാരുണമായ മരണമോ അതോ മാധവന്‍റെ ഭാര്യയ്ക്കും മകള്‍ക്കുമുണ്ടായ ദാരുണമായ അനുഭവമോ. അതറിയില്ലായിരുന്നു. ശത്രുവും മിത്രവും ഒരേ കൂരയ്ക്കു കീഴില്‍ എങ്ങിനെ കഴിഞ്ഞുവെന്നാണ് കൂടെനിന്ന ബന്ധുവായ സ്ത്രീ ആലോചിച്ചത്. പോലീസ് ജീപ്പ് വീട്ടുമുറ്റത്ത് നിന്നും പോലീസ് സ്റ്റേഷനിലേക്ക് പോയി.
അടുത്ത ദിവസത്തെ ദിനപത്രങ്ങളിലും ചാനലുകളിലും മണ്ടന്‍ മാധവന്‍ നടത്തിയ കൊലപാതകം ചൂടുള്ള വാര്‍ത്തയായിരുന്നു. വളരെ വിസ്മയത്തോടും അങ്കലാപ്പോടെയുമാണ് എല്ലാവരും അത് വായിച്ചത്. ഒരിക്കല്‍ കൂടി കിരണിന്‍റെ മുഖം മാധ്യമങ്ങളില്‍ തെളിഞ്ഞു. പോലീസുകാരിലും ആശ്ചര്യമാണുണ്ടായത്. ആ സത്യം ഉള്‍ക്കൊള്ളാന്‍ അബ്ദുള്ള അടക്കമുള്ളവര്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. കേസ് വെളിച്ചം കാണുമെന്ന് പ്രതീക്ഷിച്ചതല്ല. മേലുദ്യോഗസ്ഥരെല്ലാം നന്ദി പ്രകടിപ്പിച്ചു. അവരില്‍ പലര്‍ക്കും കിരണില്‍ പ്രതീക്ഷയുണ്ടായിരുന്നു.
മാധ്യമങ്ങളില്‍ നിന്നുള്ളവര്‍ പലരും കിരണിനെ തേടിയെങ്കിലും കണ്ടെത്താനായില്ല. അധികാരികളുടെ വലയില്‍ കുരുങ്ങാന്‍ കഴിയാത്ത പോലീസ് സേനയിലെ ധീരവനിതയെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ അവര്‍ക്കെല്ലാം ആഗ്രഹമായിരുന്നു. ചെറുതും വലുതുമായ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താ ചാനലുകാര്‍ക്ക് ഇതൊരു അത്ഭുതമായിരുന്നു. തെളിവുകള്‍ യാതൊന്നുമില്ലാത്ത ഒരു കേസ്സില്‍ ധാരാളം കഥകള്‍ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച് എഴുതിയിരുന്നു. ഇപ്പോഴവര്‍ കിരനെ പാടിപുകഴ്ത്തി എഴുതിത്തുടങ്ങി. ചാരുംമൂടന്‍റെ മകള്‍ എന്നുകൂടി അറിഞ്ഞപ്പോള്‍ വായനക്കാരുടെ മുഖം തിളങ്ങുക തന്നെ ചെയ്തു.
ചാരുംമൂടനെ പല ചാനലുകാരും ബന്ധപ്പെട്ടു. ചോദ്യോത്തരവേളയില്‍ അദ്ദേഹം അറിയിച്ചു. “ഇതിന് നിങ്ങള്‍ അമിത പ്രാധാന്യം കല്പിക്കാതെ അധികാരഗോപുരങ്ങളില്‍ കുറ്റം ചെയ്തിട്ട് ഒളിച്ചു കഴിയുന്നവരെ കണ്ടെത്താന്‍ ശ്രമിക്ക്. അവരുടെ മേല്‍ വരുന്ന ഏതെങ്കിലും ആരോപണങ്ങള്‍ പോലീസ് തിരക്കാറുണ്ടോ? അഥവാ കേസന്വേഷിച്ചാലും പോലീസ് ഉണ്ടാക്കുന്ന തിരക്കഥയല്ലേ കോടതിയില്‍ അരങ്ങേറുന്നത്. ഇവരാണോ നിയമപാലകര്‍. മകളെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് അവള്‍ കഴിഞ്ഞ രാത്രികളില്‍ ശരിക്കുറങ്ങീട്ടില്ല. നേരം പുലര്‍ന്നെങ്കിലും അവള്‍ നല്ല ഉറക്കത്തിലാണ്. മാത്രവുമല്ല അവള്‍ ടി.വി.ക്കുമുന്നില്‍ സംസാരിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്.”
വീടിന് മുന്നില്‍ ജനങ്ങള്‍ മാധ്യമങ്ങള്‍ക്കൊപ്പം എത്തിക്കൊണ്ടിരുന്നു. ചാരുംമൂടന്‍ അവരോടു പറഞ്ഞു. മാധ്യമങ്ങളുമായി ഒന്നും അവള്‍ ചര്‍ച്ച ചെയ്യില്ലെന്നാണ്. ഇവിടെ നിന്നിട്ട് കാര്യമില്ല. വളരെ ആരാധനയോടെ നോക്കിനിന്നവരെല്ലാം നിരാശരായി മടങ്ങിപ്പോയി. കുറ്റവാളിയെ കണ്ടെത്തിയതിലുള്ള ആഹ്ലാദം ചാരുംമൂടനും ഓമനയ്ക്കും കരുണിനുമുണ്ടായിരുന്നു. രാത്രിയില്‍ തന്നെ കിരണുമായി സന്തോഷം പങ്കുവച്ചെങ്കിലും അവന്‍റെ മുത്തച്ഛനാണ് കൊലപാതകിയെന്ന സത്യം പറഞ്ഞില്ല.
ആവശ്യമെങ്കില്‍ എല്ലാ തെളിവുകളും തേയ്ചുമായ്ചു കളയാം. കുറ്റവാളിയെ രക്ഷപെടുത്തുകയും ചെയ്യാം. സ്വന്തം തൊഴില്‍ ഒരിക്കലും കരിവാരിത്തേക്കാന്‍ മനസ്സനുവദിക്കില്ല. അവന്‍റെ മുത്തച്ഛനാണ് കൊല്ലപ്പെട്ടെതെന്നറിഞ്ഞാല്‍ അമ്മയ്ക്കുണ്ടായ അവിഹിത ഗര്‍ഭം, തന്‍റെ ചെറുപ്പം മുതലുള്ള ജീവിതം നരകതുല്യമാക്കിയവനെ ഉള്‍ക്കൊള്ളാനും അവന്‍ തയ്യാറായെന്ന് വരില്ല. വെറുതെ എന്തിനാണ് അടഞ്ഞ അധ്യായങ്ങള്‍ തുറക്കുന്നത്.
ഇനീം ഒരു കാര്യം മാത്രമേ ബാക്കിയുള്ളൂ. ബിന്ദു ആന്‍റിയെ അവരുടെ അച്ഛന്‍റെ മുന്നിലെത്തിക്കുക. അതെങ്കിലും അവര്‍ക്ക് സന്തോഷത്തിന്‍റെ ദിനങ്ങളാകട്ടെ. കൊച്ചുമകനെ കാണുക, ഈ കേസില്‍ ഇടപെടുക അതൊക്കെ അവര്‍ തീരുമാനിക്കട്ടെ.
കട്ടിലില്‍ കണ്ണുതുറന്ന് കിടന്നപ്പോഴും മനസ്സിനെ മഥിച്ചത് കരുണായിരുന്നു. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടിട്ടവള്‍ കതകു തുറന്നു. മുന്നില്‍ ആവി പറക്കുന്ന ചായയുമായി മമ്മി പുഞ്ചിരി തൂകി നില്കുന്നു.
“ഗുഡ് മോണിംഗ് മമ്മി.”
ഓമനയും പ്രതിവചിച്ചു. കയ്യില്‍ ദിനപത്രമുണ്ട്.
“എന്താ ഉറക്കം മതിയായില്ലേ?”
“മമ്മി അവിടെയിരിക്ക്. ഞാന്‍ വായൊന്ന് കഴുകിയിട്ട് വരാം.”
അവള്‍ മുറിയോട് ചേര്‍ന്ന കുളിമുറിയിലേക്ക് പോയിട്ട് മുഖം തുടച്ച് വേഗം ഇറങ്ങി വന്ന് ചായ കുടിച്ചുകൊണ്ട് ചോദിച്ചു.
“എന്താ മമ്മീ പുറത്തൊരു ബഹളം കേട്ടത്.”
“അത് പത്രാക്കാരും ചാനലുകാരും നിന്നെ തിരക്കി വന്നതാ. പപ്പ അവരെ മടക്കി അയച്ചു. എന്തായാലും ഞാനിന്ന് അവധിയെടുത്തു. നീ ഇന്ന് എവിടെയെങ്കിലും പോകുന്നുണ്ടോ?”
“ഒന്നും പറയാന്‍ പറ്റില്ല മമ്മീ. ഇന്നെനിക്ക് കേസ് ഡയറി ധാരാളം കമ്പ്യൂട്ടറില്‍ ചെയ്യാനുണ്ട്.”
“നീ പല്ല് തേച്ച് കഴിക്കാന്‍ വാ.”
ഓമന മടങ്ങിപ്പോയി. പത്രത്തിന്‍റെ ആദ്യപേജില്‍തന്നെ കൊലയാളിയുടെ ഫോട്ടോയ്ക്കൊപ്പം തന്‍റെ ഫോട്ടോയും വാര്‍ത്തയും ഉണ്ട്. അവള്‍ വായിച്ചു.
അടുത്തായി മന്ത്രി കാശിപ്പിള്ളയുടെ ഫോട്ടോ കണ്ടു. രാജിയുടെ കാരണം പറഞ്ഞിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളാണ്. ആ ഫോട്ടോയിലേക്ക് നിമിഷങ്ങള്‍ നോക്കിയിരുന്നു. തന്‍റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഇയാള്‍ മരണം വരെ അധികാരത്തില്‍ ചമ്രം പടഞ്ഞിരിക്കുമായിരുന്നു. പപ്പ പറയുന്നതുപോലെ ആള്‍ക്കൂട്ടങ്ങളുണ്ടാക്കി അധികാരം പങ്ക് വയ്ക്കുന്ന ജനാധിപത്യം. ഇയാളുടെ പൂര്‍വ്വകാലത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഇതിലും ദയനീയമായിരിക്കും കാര്യങ്ങള്‍. ഇങ്ങനെയുള്ള എത്രയോ ക്രിമിനലുകളാണ് ഇന്ത്യ ഭരിക്കുന്നത്. കേരളത്തില്‍ തന്നെ എത്രയോ ക്രിമിനലുകള്‍ ജനങ്ങളെ നയിക്കുന്നു. ഇവരെ സ്വീകരിക്കാന്‍ പൂമാലകളും പൂഞ്ചെണ്ടുകളുമായി ജനങ്ങള്‍ കാത്തുനില്കകുന്നു. പൊതുപ്രവര്‍ത്തകരെന്നും ജനകീയ നേതാക്കളെന്നും സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ കേസുകള്‍ വന്നാല്‍ തേച്ചുമായ്ചു കളയുന്നു. പലകേസുകളും പോലീസ് അധികാരികളെ ഭയന്ന് മൂടിവയ്ക്കുന്നു. കുറ്റകൃത്യങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നു. അധികാരത്തിലിരുന്ന് അന്യായങ്ങള്‍ കാണിക്കുന്നവരുടെ എത്രയോ കേസുകളാണ് പൊടിപിടിച്ചു കിടക്കുന്നത്. അധികാരത്തിലുള്ളവരെങ്കില്‍ നിഷ്കളങ്കവും നീതിപൂര്‍ണ്ണവുമായ അന്വേഷണങ്ങള്‍ നടക്കുന്നില്ല.
ഇവിടെ കോടതികളും നോക്കുകുത്തികളാകുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ എത്രയോ ക്രിമിനലുകള്‍ അധികാരത്തില്‍ തുടരുന്നു. ഇപ്പോഴാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവര്‍ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അധികാരമില്ലെന്ന്. അതിന് ഭരണകേന്ദ്രങ്ങള്‍ സമ്മതിക്കുമോ. ഇപ്പോള്‍ത്തന്നെ അറുനൂറോളം പേര്‍ അധികാരത്തിലുള്ളവര്‍ വിചാരണ തേടുന്നു. ഇതിന് മുമ്പും ഈ കോടതി ഇവിടെയുണ്ടായിരുന്നു. ഇന്ത്യയില്‍ പട്ടിണിയും ദാരിദ്ര്യവും മാനുഷ്യലംഘനങ്ങളും നടത്തുന്നത് ആരാണ്?
അവള്‍ പത്രവായന മതിയാക്കി സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈല്‍ ഓണ്‍ ചെയ്തു. അതില്‍ ധാരാളം മിസ് കോളുകളും ടെസ്റ്റ് മെസേജുകളും വന്നിരുന്നു. ഈ അറസ്റ്റോടെ മാധ്യമങ്ങള്‍ അടക്കം ധാരാളംപേരുടെ കോളുകള്‍ അവള്‍ പ്രതീക്ഷിച്ചിരുന്നു.
അതില്‍ കരുണിന്‍റെ നമ്പര്‍ കണ്ടപ്പോള്‍ തിരികെ വിളിച്ചു.
“ഹായ് കരുണ്‍, ഗുഡ് മോര്‍ണിംഗ്… അതെ സ്വിച്ച് ഓഫ് ചെയ്തതാ. നീ ഇങ്ങോട്ടു വരുന്നുണ്ടോ…? പിന്നെ എന്തിനാ വിളിച്ചത്…? കാശിപിള്ള രാജി വച്ച കാര്യം പറയാനോ…? അതെന്തായാലും നാട്ടുകാരുടെ ഭാഗ്യം. എന്താ ചോദിച്ചേ…? മറ്റ് വിശേഷം ഒന്നുമില്ലേന്നോ…. വിശേഷം ഉണ്ടല്ലോ…. ഹേ സാറിനൊരു അസുഖവുമില്ല. അസുഖം മകള്‍ക്കാ. മനസ്സിലായോ…? എന്താ അസുഖമെന്ന്. നിനക്കറിയില്ലേ എന്‍റെ അസുഖം എന്തെന്ന്? ഞാനീ കേസിന്‍റെ പിറകെ പോയതുകൊണ്ടാണ് നീ കുറച്ചുനാള്‍ രക്ഷപെട്ടു നടന്നത്. ഇനി എന്‍റെ പ്രണയത്തിന്‍റെ രൗദ്രഭാവങ്ങളാണ് നീ കാണാനിരിക്കുന്നത്. ഈ കേസ് തീര്‍ന്നാലുടന്‍ ഞാന്‍ വിവാഹം കഴിക്കണമെന്നാണ് പപ്പായുടെ ഉത്തരവ്…. നീ എന്താ ഒന്നും പറയാത്തത്?”
“ഞാന്‍ എന്തു പറയാനാണ്.”
“ങാ, നീ ഒന്നും പറയില്ലെന്ന് എനിക്കറിയാം. എന്തായാലും ഈ കേസിന്‍റെ വിചാരണ ഉടനടി ഇവിടെ തുടങ്ങും…. എന്താ മുഖ്യമന്ത്രി വിളിക്കുന്നോ? അയാളുടെ മുഖ്യമന്ത്രി കസേരയും കുലുങ്ങാനിരിക്കുന്നതേയുള്ളൂ. ഓകെ. ബൈ.”
അവള്‍ എഴുന്നേറ്റ് കസേരയിലിരുന്ന് കണ്ണാടിയില്‍ നോക്കി മന്ദഹസിച്ചു. കാത്തുകാത്തിരുന്ന സുദിനം അടുത്തെത്തിയതായി മനസ് മന്ത്രിച്ചു. മുഖം പ്രസന്നമായിരുന്നു. കണ്ണുകള്‍ തിളങ്ങി നിന്നു. മുഖത്ത് വിവിധ വികാരങ്ങള്‍ മിന്നി മറഞ്ഞു. പ്രണയം ഒരു കുളിര്‍കാറ്റുപോലെ അവളെ തഴുകി താലോലിച്ചുകൊണ്ടിരുന്നു. കരുണിന്‍റെ രൂപം കണ്ണാടിയില്‍ തെളിഞ്ഞു വരുന്നതായി തോന്നി. അവള്‍ പ്രണയനിര്‍ഭരമായി കണ്ണാടിയിലേക്ക് നോക്കിനിന്നു. അവളുടെ പുരികക്കൊടികള്‍ ഉയര്‍ന്നു. മുറ്റത്തെ മരങ്ങള്‍ കാറ്റിലാടി. ചാറ്റല്‍ മഴ പെരുമഴയായി. കിളികള്‍ കലപില ശബ്ദങ്ങളുണ്ടാക്കി പറന്നു. കാര്‍മേഘങ്ങള്‍ ഇരുണ്ടുനിന്നു. മമ്മിയുടെ വിളി കാതുകളില്‍ പതിഞ്ഞപ്പോഴാണ് മന്ദം മന്ദം താഴേയ്ക്ക് ഇറങ്ങി ചെന്നത്.
About The Author
No related posts.