തിരുവനന്തപുരം ∙ പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും കയ്യടി നേടി.
കൊച്ചുപ്രേമന്റെ അച്ഛൻ ശിവരാമശാസ്ത്രികൾ സ്കൂൾ അധ്യാപകനായിരുന്നു. തിരുവനന്തപുരത്ത് വലിയവിളയിലാണ് ജനനം. അമ്മ ടി.എസ്.കമലമ്മ സംഗീതജ്ഞ. മണക്കാട് എം.ബി.കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ അടൂർ പങ്കജത്തിന്റെ ജയ തിയറ്റേഴ്സിൽ ചേർന്നു. അതോടെ പഠനം പാതിവഴിയിലായി. തിരുമല വലിയവിള ‘ചിത്തിര’യിലാണ് കൊച്ചുപ്രേമൻ താമസിച്ചിരുന്നത്.
ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേരു സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ.
അഭിനയിച്ച പ്രധാന സിനിമകളിൽ ചിലത്: ഗുരു, കഥാനായകൻ, ദി കാർ, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, ആക്‌ഷൻ ഹീറോ ബിജു, ലീല, വരത്തൻ, തൊട്ടപ്പൻ.
കൊച്ചുപ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുശോചനം രേഖപ്പെടുത്തി. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമന്‍. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസില്‍ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തി. ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമന്‍ തന്റേതായ ശൈലിയില്‍ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിര്‍ത്തി. ഇനി ആ ചിരിയും നിഷ്‌ക്കളങ്ക സംഭാഷണങ്ങളും ഇല്ലെന്ന യാഥാര്‍ത്ഥ്യം വേദനയാണ്.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.’–വി.ഡി.സതീശൻ പറഞ്ഞു.
English Summary: Malayalam actor Kochu Preman Passes away
About The Author
No related posts.