ന്യൂയോർക്ക് ∙ മൃഗത്തോൽ ബിക്കിനിയണിഞ്ഞു കടലിൽനിന്നു കയറിവരുന്ന ഗുഹാസുന്ദരിയായി ലോകത്തെ കോരിത്തരിപ്പിച്ച ഹോളിവുഡ് താരം റക്കേൽ വെൽച്ച് (82) ഓർമയായി.
ലോകത്ത് ഏറ്റവുമധികം മോഹിക്കപ്പെടുന്ന സ്തീയായി പ്ലേ ബോയ് മാഗസിൻ വിശേഷിപ്പിച്ചിരുന്ന റക്കേൽ 1960 കളിലും 1970 കളിലും ഹോളിവുഡിലെ വശ്യസുന്ദരി വേഷങ്ങളിലൂടെയാണു പ്രശസ്തയായത്.
1940 സെപ്റ്റംബർ 5നു ഷിക്കാഗോയിലാണു ജനനം. വിവാഹമോചിതയായി 2 പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് ന്യൂയോർക്കിലെത്തിയാണു മോഡലിങ്, സിനിമ കരിയറിനു തുടക്കമിട്ടത്. റക്കേലിന്റെ സുന്ദരരൂപം കൊണ്ടു ശ്രദ്ധേയമായ ഫാന്റസി ചിത്രം ‘വൺ മില്യൺ ഇയേഴ്സ് ബിസി’ (1966)യാണ് വഴിത്തിരിവായത്. നടിക്കു പറയാൻ മൂന്നു വരി ഡയലോഗ് മാത്രമുണ്ടായിരുന്ന ചിത്രം ബിക്കിനി പോസ്റ്ററിലൂടെ വിഖ്യാതമായി. തുടർന്ന് അഭിനയപ്രാധാന്യമുള്ളതും വൈവിധ്യമുള്ളതുമായ വേഷങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടും ‘സെക്സ് സിംബൽ’ ആയി ഒതുക്കപ്പെട്ടു. ദ് ത്രീ മസ്കറ്റിയേഴ്സിലെ (1973) അഭിനയത്തിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. ഫന്റാസ്റ്റിക് വൊയിജ് (1966), ബിഡാസിൽഡ് (1967) മാജിക് ക്രിസ്റ്റ്യൻ (1969), മൈറ ബ്രെക്കിൻറിജ് (1970), ദ് വൈൽഡ് പാർട്ടി (1975) തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.
English Summary : Actress Raquel Welch passes away













