എല്ലാ മാസവും മൈലാഞ്ചി പറിക്കാൻ വരുന്ന കുഞ്ഞിക്കിളി കുറേ മാസംകൂടി ആണ് ഇന്ന് വന്നത്. ‘ഇത് എന്ത് ചെടിയാ? വേറെ കളർ ഇത്തരം പൂവുണ്ടോ? ഇതു നിങ്ങടെ കോഴി ആണോ? ചേച്ചീടെ അമ്മ ഇവിടെ ഇല്ലെ?എന്റെ വീട്ടിൽ ആനേ വാങ്ങിച്ചു ചേനെ വാങ്ങിച്ചു.
ആടിനു കുഞ്ഞുണ്ടായി ‘.ഇത്തരം നൂറു ചോദ്യങ്ങളും വിശേഷങ്ങളും കൂടെ.മൈലാഞ്ചി ഉതിർക്കുമ്പോൾ അപ്രതീക്ഷിതമായൊരു ചോദ്യം.
“ചേച്ചി അമ്പലക്കാരാണോ പള്ളിക്കാരാണോ?”
മങ്ങിയ ഓർമയിൽ ശബ്ദമുഖരിതമായ ഒരു ക്ലാസ്സ് മുറി തെളിഞ്ഞു.തടി ബെഞ്ച്. അടുത്തിരിക്കുന്ന സ്നേഹ.”നീ അമ്പലക്കാരാണോ പള്ളിക്കാരാണോ?”. ഉത്തരം അറിയാത്ത ചോദ്യം. ഞാൻ പരുങ്ങി.”നീ എന്റെ കൂടെ സൺഡേ സ്കൂളിൽ വാ. നമ്മക്ക് അവിടേം കളിക്കാം”. കളിക്കുക എന്ന വാക്ക് മനസ്സിലുടക്കിയതിനാൽ വീട്ടിൽ ചെല്ലുമ്പോഴേ അമ്മയോട് ഇതിനെ പറ്റി ചോദിക്കാൻ തീരുമാനിച്ചു. ‘അച്ഛനോട് ചോദിക്ക്’ എന്ന അമ്മയുടെ സ്ഥിരം ഉത്തരം ഭയന്ന് രണ്ടുപേരോടും ഒന്നിച്ചു ചോദിക്കാമെന്നു ഞാൻ മാറ്റി തീരുമാനിച്ചു.”അച്ഛാ എന്നെ എന്താ സൺഡേ സ്കൂളിൽ വിടാതെ?”.അച്ഛൻ കുഞ്ഞിക്കണ്ണ് അടച്ചു ചിരിക്കുന്നു.”നീ എന്നും സ്കൂളിൽ പോവല്ലേ അന്നെങ്കിലും കളിച്ചോട്ടെ എന്ന് വിചാരിച്ചു “. ” അവിടെ പോയാ എനിക്ക് സ്നേഹേടെ കൂടെ കളിക്കാം”.അമ്മയും ചിരിക്കുന്നു.”അച്ഛാ ഞാൻ അമ്പലക്കരാണോ പള്ളിക്കാരാണോ?”. അച്ഛൻ അതിനു എന്താണ് ഉത്തരം പറഞ്ഞത്?. അമ്മയുടെ മുഖത്തെ ഭാവം എന്തായിരുന്നു?.ഓർമകൾക്ക് ക്ഷീണം .
കാപ്പിയുടെ മണമുള്ള പ്രഭാതം. വെണ്ടക്ക നിരത്തിയതിനു താഴെ ചെറിയ കോളം വാർത്ത.’ഫ്രാന്സിലെ വിവാദ ബില്ല് ആദ്യ പടി കടന്നു ; മതസ്ഥാപനങ്ങളിലേക്ക് സര്ക്കാരിന് കൂടുതൽ അധികാരം നല്കുന്നതാണ് പുതിയ ബില്ല്.മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വീട്ടിൽ നിന്നും വിദ്യഭ്യാസം നല്കണമെങ്കിൽ അതിന് പ്രത്യേക നിബന്ധനകൾ ഉണ്ട്.പൊതുവിദ്യാലയത്തിൽ നിന്നും കുട്ടികളെ കൊണ്ടുപോയി മതപഠനം നടത്തുന്നതിനും വിലക്കുണ്ട്.ഷാര്ലെ ഹബ്ദോ കാർട്ടൂൺ ക്ലാസ്മുറിയിൽ കാണിച്ചതിന്റെ പേരിൽ ചരിത്രാധ്യാപകനായ സാമുവേൽ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ പദ്ധതികൾ വേഗത്തിലാക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്ലാസ് എടുക്കവെയായിരുന്നു പ്രവാചകന്റെ കാർട്ടൂൺ ഇദ്ദേഹം ക്ലാസ്റൂമിൽ കാണിച്ചത്.’ മൈലാഞ്ചി ഇലകൾ ഉതിർക്കുമ്പോൾ വിരലുകൾ വേദനിച്ചു.
കൃഷ്ണക്രാന്തിയുടെ മണം. അമ്മമ്മയുടെ വിറയാർന്ന ശബ്ദം.മാവിൻ ചുവട്ടിൽ ഇരിക്കുന്ന ഗാന്ധിജിയും ശ്രീനാരായണഗുരുവും.
ഉത്തരം കിട്ടാത്ത കുഞ്ഞിക്കിളി അടുത്ത ചോദ്യത്തിലേക്കു കടന്നു. “ചേച്ചി മൈലാഞ്ചി അരക്കുമ്പോ പഞ്ചസാര ഇട്ടാ കൂടുതൽ കളർ കിട്ടുവോ”?.ഓർമകളിൽ നനവ് പടർന്നു.”എല്ലാ മൈലാഞ്ചി ഇലയുടെ iനീരിനും ഒരു നിറമാണ്”.
ദേ ചാമ്പങ്ങ”. കൗതുകം നിറഞ്ഞ കണ്ണുകൾ ചാമ്പ മരത്തിലെത്തി.
നിരഞ്ജന. പി തടത്തിൽ
About The Author
No related posts.