സ്നേഹമെന്നാൽ
ശ്ലഥസ്വരങ്ങളൂറുന്ന
മധുരചുംബനങ്ങൾ മാത്രമല്ല.
സുഖശീതളിമയാർന്ന രതികല്പനകൾ മാത്രവുമല്ല. സ്ഫടികപ്പാത്രങ്ങളിൽ വിളമ്പിയ സമൃദ്ധമായ വിഭവങ്ങളുമല്ല..!
സ്നേഹമെന്നാൽ
വാചകങ്ങൾ ചായമടിച്ച് മിനുക്കി,
തന്ത്രങ്ങളാൽ പോളീഷ് ചെയ്ത കൊത്തുപണികളാൽ
അലംകൃതമാക്കിയ മണിമന്ദിരവുമല്ല ..!
സ്നേഹമെന്നാൽ കൊടമ്പുളിയിട്ട് വെച്ച വെറുമൊരു ചാളക്കറിയാവാം.
തേങ്ങ വറുത്തരച്ച് വെച്ച വെണ്ടയ്ക്ക – തക്കാളിക്കറിയാവാം.
തേങ്ങാക്കൊത്തിട്ട ബീഫ് പെരട്ടാവാം.
സ്നേഹമെന്നാൽ
ക്ലോറക്സിലിട്ടു വെച്ച വെള്ള ഷർട്ടാവാം.
സ്റ്റിഫ് മുക്കിയ ഡബിൾ വേഷ്ടിയാവാം.
വടിപോലെ ഇസ്തിരിയിട്ട കോട്ടൺ പാന്റാവാം .
സ്നേഹമെന്നാൽ
വൃത്തിയുള്ള കൊച്ചുവീടാവാം
അടുക്കിപ്പെറുക്കിയ കുഞ്ഞുമുറികളാവാം.
സ്നേഹമെന്നാൽ എച്ചിലുകളില്ലാത്ത അടുക്കളയാവാം
കഴുകി വൃത്തിയാക്കിയ കുളിമുറിയാവാം.
എന്തിന് ,
മുടി മുറിഞ്ഞ് കുടുങ്ങാത്ത വെറുമൊരു ചീർപ്പ് പോലുമാവാം..!
സ്നേഹമെന്നാൽ വില കുറഞ്ഞതെങ്കിലും പുതിയൊരു സാരിയാവാം.
കറിക്ക് കുറ്റം പറയാത്തൊരു ഭക്ഷണനേരമാവാം.
ബൈക്കിൻ പിറകിലിരുത്തി ചെറിയൊരു യാത്രയാവാം.
സ്നേഹമെന്നാൽ
“പിന്നെന്താ നിനക്കിവിടെ ജോലി…?” യെന്ന മനംപിരട്ടുന്ന ചോദ്യം ഒഴിവാക്കൽ പോലുമാകാം.
പിന്നെയിവിടെ കൃത്രിമത്വമില്ലാതെ പരസ്പരമൊരു പൂപ്പുഞ്ചിരി പൊഴിക്കും
ഹൃദയങ്ങളുമായാൽ
ഹൊ …
ഇത് തന്നെയല്ലേ
സ്നേഹം..?
സാക്കിർ – സാക്കി.
About The Author
No related posts.