വെളിച്ചം വിതറുന്ന നാടകങ്ങൾ. ജയൻ വർഗീസ് നാടകങ്ങൾക്ക് ഒരു മുഖക്കുറിപ്പ്. പ്രൊഫ: കെ. വിജയൻ നായർ, മാവേലിക്കര.

Facebook
Twitter
WhatsApp
Email

മലയാള നാടക വേദിയിലും സാഹിത്യത്തിലും ദൂരവ്യാപകമായ പരിവർത്തനങ്ങൾക്ക് പാതയൊരുക്കിയ കെ. പി. എ. സി. യുടെ അങ്കണത്തിൽ വച്ചാണ് ശ്രീ ജയൻ വർഗ്ഗീസിനെ ഞാൻ കണ്ടു മുട്ടിയത്. ഒരു പഞ്ചദിന നാടക പഠനകേന്ദ്രം അവിടെ നടക്കുകയായിരുന്നു. കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകർ അവിടെ ക്‌ളാസ്സുകൾ എടുത്തു. നാടകമെന്ന രംഗകലയുടെ ഭാഷയും, വ്യാകരണവും അവിടെ ഗൗരവ പൂർണ്ണമായ പഠനത്തിന് വിഷയമായി.

ഈ ക്‌ളാസ്സുകളിൽ നിന്ന് ഏറെ ഊർജ്ജം സമാർജ്ജിച്ച അപൂർവം വിദ്യാർത്ഥികളിൽ ഒരാളായി മാത്രമേ ജയനെഅപ്പോൾ ഞാൻ അറിഞ്ഞുള്ളു. സമാപന ദിവസം മാത്രമാണ് നാടകത്തെ ആത്മാംശമാക്കി മാറ്റിയ ഒരു നാടകസംഘാടകനും, രചയിതാവുമാണ് ജയൻ വർഗീസ് എന്ന് മനസ്സിലായത്. നാലിൽപ്പരം നാടകങ്ങൾ എൻ.ബി. എസ്. വഴി പ്രസിദ്ധീകരിക്കുകയും, അവയുടെ  രംഗ സാധനം വലിയ സദസ്സുകളുടെ രാത്രികൾ സ്വന്തമാക്കുകയുംചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ’ആലയം താവളം ’ എന്ന നാടകത്തിന് കേരളം സംഗീത നാടക അക്കാദമി1982 ൽ നടത്തിയ സംസ്ഥാന നാടക മത്സര ത്തിൽ ഏറ്റവും നല്ല രചനക്കുള്ള സമ്മാനം ലഭിച്ചു. എനിക്ക് ആയുവാവിനോട് ആദരവ് തോന്നി.

പ്രസിദ്ധീകരണ മാധ്യമങ്ങളുടെ എണ്ണം ഇന്ന് നിമിഷം പ്രതി കുതിച്ചു കയറുകയാണ്. നൂറിൽപ്പരം മലയാള  പത്ര – മാസികകൾ നമ്മുടെ മേശപ്പുറത്ത് ദിവസേന വന്നു വീഴുന്നു. പൈങ്കിളി നോവലുകൾ, കഥകൾ, കവിതകൾ, കൊലപാതക രഹസ്യങ്ങൾ തുടങ്ങി ലഹരി പകരുന്ന വിഭവങ്ങൾ കൊണ്ട് അവ നിറഞ്ഞിരിക്കുന്നു. പതിനായിരങ്ങളും  ലക്ഷങ്ങളും പ്രതികൾ അവ അച്ചടിക്കുന്നു. മുറുക്കാൻ കടകളിലൂടെ കേരളീയ ഗൃഹങ്ങളിൽഎത്തുന്ന ഈ പ്രസിദ്ധീകരണങ്ങളും, നിലവാരം പുലർത്തുന്ന മറ്റു കാലികങ്ങളും ഭ്രഷ്ട്ട് കല്പിച്ചിരിക്കുന്ന ഏകസാഹിത്യ രൂപം നാടകമാണ്.

കപട സാഹിത്യ ( pseudo literature ) രചനകൾക്കാണ് അവ സ്ഥലം നൽകുന്നത്. ഈ സാംസ്ക്കാരികപശ്ചാത്തലത്തിൽ സാഹിത്യാഭിരുചിയുള്ള ഒരു യുവാവ് നാടക രചനക്കായി ജീവിതം സമർപ്പിക്കുന്നത് തന്നെആദരാർഹമാണ്. ദരിദ്ര കുടുംബത്തിലെ അംഗമാകുവാൻ ആരാണ് കൊതിക്കുക? എന്നാലും ജയൻ വർഗീസ്കലയിലെ വഴിവാണിഭക്കാരുടെ കൂടെ പോകുന്നില്ല. എനിക്ക് അഭിമാനം തോന്നി.

ജയൻ വർഗ്ഗീസിന്റെ നാല് നാടകങ്ങളും വായിച്ചു. മഹത്തരങ്ങളായ ആശയങ്ങൾക്ക് ദൃശ്യരൂപം പകരാനാണ്ഓരോ കൃതിയിലും അദ്ദേഹം ശ്രമിക്കുന്നത്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും, ഒരു സമുന്നത സംസ്ക്കാരത്തിന്റെസൗന്ദര്യം പ്രസരിപ്പിക്കാനും ഈ കൃതികൾ സമര്ഥങ്ങളാണ്. ‘ അസ്ത്രം ‘ ഒരു പ്രതീകാത്മക ( symbolic ) നാടകമാണ്. കഥാപാത്രങ്ങൾ ഓരോ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിനപ്പുറം ലോകം ശാശ്വതസമാധാനത്തിലേക്ക് ആനയിക്കപ്പെടേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയാനും പ്രമേയത്തിലൂടെ നാടകകാരന്കഴിയുന്നു.

അനന്തമായ കാലം, കുസൃതിയെങ്കിലും ഗൗരവക്കാരിയായ പ്രകൃതി, സാമൂഹ്യ വ്യവസ്ഥിതി, ശാസ്ത്രം,മതം, കമ്യൂണിസം, രോഗം എന്നിവയാണ് കഥാപാത്രങ്ങളായി രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ശാസ്ത്രവും അധികാരവുംപ്രകൃതിയെ ചൂഷണം ചെയ്യുന്നതും, കാലത്തിനു വഴങ്ങി  പ്രകൃതി നൃത്തമാടുന്നതും, അധികാരികൾ ക്രൂരമായിപ്രകൃതിയെ കയ്യേറ്റം ചെയ്യുന്നതും വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. പ്രതീകത്തെ മിത്തുകളുടെയോപുരാണങ്ങളുടെയോ സഹായത്തോടെ അല്ല നാടകകൃത്ത് അവതരിപ്പിക്കുന്നത്. പ്രതീകങ്ങളെ സമർത്ഥമായിതനതായി വികസിപ്പിച്ച് എടുത്തിരിക്കുകയാണ് ഇതിൽ.

മുഖ്യമായും അസ്ത്രം ഒരു യുദ്ധവിരുദ്ധ നാടകമാണ്. എന്നാൽ ആശയ പ്രചാരണത്തിന്റെ അമിത ഭാരം ഒരിക്കലുംനാടകത്തിന്റെ മേൽ അദ്ദേഹം കയറ്റി വയ്ക്കുന്നില്ല. വൈചിത്ര്യമുള്ള പാത്രങ്ങൾ, മുറുക്കമുള്ള സംഘര്ഷങ്ങൾഎന്നിവകൾ ഈ നാടക ശിൽപ്പത്തെ ആകർഷകമാക്കുന്നു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റംസ്ഫോടനം കണ്ട് നടുങ്ങിത്തെറിച്ച മനസ്സും മസ്തിഷ്ക്കവുമായി സ്വന്തം പരീക്ഷണ ശാലയിലേക്ക് മടങ്ങി വരുന്നപ്രൊഫസ്സർ ഒരു ഉഗ്ര ശപഥം ചെയ്യുന്നു. ഇനി ലോകത്ത് ഒരാണവ യുദ്ധം ഉണ്ടാവുന്നത് തടയുന്നതിനുള്ളകണ്ടുപിടുത്തം നടത്തുക എന്നതായിരുന്നു ആ ശപഥം.

വെളുക്കാൻ തേച്ചത് പാണ്ടായി എന്നത് പോലെ അദ്ദേഹത്തിന്റെ അന്വേഷണം കൂടുതൽ വിനാശകരമായആയുധത്തിന്റെ കണ്ടെത്തലിലാണ് പര്യവസാനിച്ചത്. രോഗ സംഹാരത്തിനുള്ള ശാസ്ത്രത്തിന്റെ യത്നങ്ങളുംവിജയിക്കുന്നില്ല. വൈരുധ്യാത്മകമായ ഈ അവസ്ഥാ വിശേഷങ്ങളുടെ സംഘർഷത്തിന് ശക്തമായ നാടകീയഭാവമുണ്ട്, നടുക്കുന്ന ജീവിത യാഥാർഥ്യങ്ങളുടെ ചൈതന്യവുമുണ്ട്.

ബ്രിടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യൻ ജനതയുടെ സ്വപ്ന ഭംഗമാണ് ‘ ആലയം താവളം ‘ നാടകത്തിന്റെ പ്രമേയം. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയാലുടൻ നാട്ടിലെങ്ങും തേനും പാലും ഒഴുകുമെന്ന്സാധാരണ ജനം തെറ്റിദ്ധരിച്ചു. എന്നാൽ അവരുടെ വർഗ്ഗ ശത്രുക്കൾ തന്നെ അധികാരക്കസേരകളിൽകയറിപ്പറ്റുകയും, ബ്രിടീഷുകാർ തുടർന്ന് പോന്ന ചൂഷണ രീതി മറ്റൊരു തരത്തിൽ അവർ ആവർത്തിക്കുകയുംചെയ്തു. ജനങ്ങളെ അധികാരികൾ പട്ടികളെ പോലെ കരുതി. അവരെ അന്ധ വിശ്വാസത്തിലും അഴിമതിയിലുംഭീഷണിയിലും അമർത്തി വച്ച് ഭരിക്കുന്നു.

അവർ ഉദ്‌ഘോഷിക്കുന്ന ക്ഷേമ പദ്ധതികൾ എത്രയോ അപഹാസ്യങ്ങളാണ് എന്നത് നാടകം പറയുന്നത് ഇങ്ങനെ: “ കഴിഞ്ഞ ഉരുൾ പൊട്ടലിൽ ഭർത്താവും കുട്ടികളും നഷ്ടമായ സാധു വിധവയ്ക്ക് നമ്മുടെ മന്ത്രി ഒരു വൈറ്റ്ലഗോൺ കോഴിക്കുഞ്ഞിനെ പകുതി വിലയ്ക്ക് കൊടുത്ത് സഹായിക്കുന്നു. “ മതാധികാരികളാവട്ടെ, മനുഷ്യരെവർഗ്ഗീയ വികാരങ്ങളിളക്കി ഭിന്നിപ്പിച്ച് മുതലെടുക്കുന്നു. ഇന്ത്യൻ അവസ്ഥയുടെ പരിഹാസ്യമായ ഈ ദുരന്തചിത്രമാണ് ‘ ആലയം താവളം ‘അനുസ്മരിപ്പിക്കുന്നത്.

ഒരു പുതിയ വ്യവസ്ഥിതിക്ക്  വേണ്ടി കാത്തിരിക്കുന്ന ജനതയെ അധികാരികൾ കബളിപ്പിക്കുന്നതും, കൂടുതൽദരിദ്രവൽക്കരിക്കുന്നതും ഹാസ്യാത്മകമായി ചിത്രീകരിക്കുകയാണ് ‘ പ്രഭാത യാമം ‘ എന്ന നാടകത്തിൽ. ഒരുപാലത്തെ ചുറ്റിപ്പറ്റി പടുത്തുയർത്തിയിരിക്കുന്ന ഈ നാടക ശിൽപ്പത്തിലും പ്രതീകാത്മക ശൈലി തന്നെ നാടകകൃത്ത് പ്രയോഗിക്കുന്നു. കഥാ പത്രങ്ങളുടെ പേരുകൾ തന്നെ അവർ വ്യക്തി സത്തയെയല്ല  പകരംആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ്.

നേതാവ്, പഥികൻ, എൻജിനീയർ, അപൂർവൻ, മന്ത്രി മുതലായ പാത്രങ്ങളെ ശ്രദ്ധിക്കുക. ഇന്ത്യൻ യാഥാർഥ്യത്തെസൂക്ഷ്മ ബുദ്ധിയോടെ അപഗ്രഥിക്കാനും, അതിൽ നിന്ന് ഒരു നാടക ശിൽപ്പത്തിന് രൂപം നൽകാനുംനാടകകൃത്തിന് സാധിച്ചിട്ടുണ്ട്. സ്വീകൃത പ്രശ്നത്തിന്റെ ഉൾപ്പൊരുളുകൾ ശക്തിയായി പ്രകാശിപ്പിക്കുന്നതിന്യാഥാതഥ ഇതര സങ്കേതങ്ങൾ പരീക്ഷിച്ചിരിക്കുന്നു.  കഥാപാത്രങ്ങൾ മിക്കതും ഏകമാനത്തോട് കൂടിയവരാണ്. ത്രിമാന പാത്രങ്ങൾ പ്രതീകാത്മക രചനകൾക്ക്‌ ഇണങ്ങാതെ വരും. വ്യക്തികളുടെ ആത്മവത്തക്കല്ലാ, അവർപ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾക്കാണ് പ്രാധാന്യമെന്നു വരുമ്പോൾ ത്രിമാന സങ്കൽപ്പത്തിന് പ്രസക്തിഇല്ലല്ലോ. ഒരു സംഭവ ബിന്ദുവിൽ ജീവിത ഗതിയെ പ്രതിബിംബിപ്പിക്കാനാണ് ശ്രമം. ഈ സംഗ്രഹണ ചാതുരിനാടക ശരീരത്തെ കൃശഃ സുന്ദരമാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ രംഗങ്ങൾ കൊണ്ടു നടകങ്ങൾ തീരുന്നു.

‘ അശനി ‘ പ്രസിദ്ധീകരിക്കുന്നത് അവസാനമാണെങ്കിലും ഗ്രന്ഥകർത്താവ്ന്റെ ആദ്യകാല നാടകമാണിത്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവർണ്ണ ജൂബിലി നാടകോത്സവത്തിലും, ആകാശവാണി റേഡിയോനാടകോത്സവത്തിലും ഉൾപ്പെട്ട ഈ നാടകം പുസ്തകമാവുന്നതിന്  മുമ്പ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘അസ്ത്ര ’ ത്തിൽ ആവിഷ്‌ക്കരിച്ച യുദ്ധവിരുദ്ധ പ്രമേയത്തെ തികച്ചും വ്യത്യസ്തമായ ഒരു നോട്ടക്കോണിലൂടെ ‘ അശ്വനി ‘ യിൽ ചിത്രീകരിക്കുന്നു.

ഒരു ആണവ യുദ്ധത്തിന്റെ അന്ത്യത്തിൽ അവശേഷിക്കുന്ന മൂന്നു വ്യക്തികളുടെ ജീവിതവ്യഥകളാണ്അശനിയിൽ ഉള്ളത്. ഭിന്ന വ്യക്തിത്വങ്ങളോട് കൂടിയ കഥാപാത്രങ്ങൾ.  വിശപ്പ്, കാമം, മോഹം മുതലായഅടിസ്ഥാന വികാരങ്ങൾ വേട്ടയാടുമ്പോൾ അവർ വീണ്ടും വൈരികളും, ആയുധ പ്രേമികളും, പാതകികളുംആയിത്തീരുന്നു. അപ്പോഴും യുദ്ധം ശാപമാണെന്ന് അവർക്കറിയാം.

അണു സ്ഫോടനത്തിന് സഹായകമായ ഇന്ധനം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞനാണ് ഡോ: ആനന്ദ്. അണുസ്ഫോടനത്തിൽ നിന്നുണ്ടായ റേഡിയേഷൻ സമ്മാനിച്ച ചുവന്നു തിണർത്ത പാടുകളുമായി അവശേഷിച്ചയുവതിയാണ് വിശ്വ സുന്ദരിയായിരുന്ന മനീഷാ. വിശ്വശാന്തിക്കായി മനോഹര കാവ്യങ്ങൾ രചിച്ചിരുന്ന പ്രശസ്തകവിയാണ് പ്രസാദ്. അയാളുടെ കാമുകിയും, കവിതയും, മധുരക്കിനാവുകളും അണുസ്ഫോടനത്തിൽ പിടഞ്ഞ്മരിച്ചു. സൗന്ദര്യ ദർശിയായ കണ്ണുകൾ നഷ്ടമായി. മരുപ്പറമ്പായിത്തീർന്ന ഭൂമിയിൽ തപ്പിയും തടഞ്ഞും അയാൾഅലയുന്നു. ഈ മൂന്നു പാത്രങ്ങളും അവിചാരിതമായി ഒരിടത്തു സന്ധിക്കുമ്പോൾ നാടകം തുടങ്ങുന്നു.

വിവേകം വികാരത്തിന് കീഴടങ്ങുമ്പോൾ മനുഷ്യനിൽ മൃഗീയത വളരുന്നു എന്ന കഥാ ബീജ ( Premise ) ത്തിന്മേലാണ് ഈ യുദ്ധവിരുദ്ധ നാടകത്തിന്റെ ശിൽപ്പം ചമച്ചിരിക്കുന്നത്. യുദ്ധാനന്തര വിജനതയിൽ ഒറ്റപ്പെടുന്നമനീഷയെ ശാസ്ത്രജ്ഞനായിരുന്ന ആനന്ദ് മോഹിക്കുന്നു. തനിക്ക് നഷ്ടമായ കാമുകിയുടെ ശബ്ദ സൗകുമാര്യംമനീഷയിൽ തിരിച്ചറിഞ്ഞ കവി പ്രസാദും അവളെ പ്രേമിക്കുന്നു. പ്രസാദിന്റെ ആണത്തം മനീഷയെആകർഷിക്കുന്നു. ഈ സന്ധിയിൽ പ്രസാദും ആനന്ദും ശത്രുക്കൾ ആകാതെ വയ്യ എന്ന നില വരുന്നു. ആയുധങ്ങൾ ഇല്ലാത്തതിനാൽ അവർ മൽപ്പിടുത്തം നടത്തുന്നു. മല്ലയുദ്ധത്തിന്റെ അവസാനത്തിൽ അന്ധനായപ്രസാദ് കൊല്ലപ്പെട്ടേക്കുമോ എന്ന നില വരുന്നു.

ഇവിടെ മനീഷാ പ്രസാദിന്റെ കണ്ണുകളാവുകയാണ്. കിഴങ്ങുകൾ മാന്താനായി കരുതി വച്ചിരുന്ന കമ്പിവടി കൊണ്ട്അവൾ ആനന്ദിനെ അടിച്ചു  കൊല്ലുന്നു. ആയുധം സൂക്ഷിക്കുമ്പോൾ അതുപയോഗിക്കേണ്ടി വരുന്നു എന്ന്തിരിച്ചറിഞ്ഞ് ഒന്നിച്ച അവർ വീണ്ടും ആയുധമെടുക്കേണ്ടി വന്ന ഈ വിപര്യയം.  ഓർത്ത് വേദനിക്കുന്നു.. ഇനിഅപരനെതിരേ ആയുധമെടുക്കില്ല എന്ന ശപഥവുമായി അവർ നടന്നു മറയുന്നു.

വീശിയടിച്ച  പിശിരൻ  കാറ്റ്  പൊടിയും ചാരവും തൂവി ആനന്ദിന്റെ മൃത ശരീരം സാവധാനം മറയ്ക്കുന്നു.

സോദ്ദേശ്യവും സന്ദേശ ഭരിതവും ജീവൽ സത്യങ്ങളിൽ അധിഷ്ഠിതവുമാണ് ജയൻ വർഗീസിന്റെ നാടകങ്ങൾ. പക്ഷെ രൂപശില്പ പരമായ അപഗ്രഥനത്തിൽ ഗുരുതരമായ പല ദവ്ർബല്യങ്ങളും ഈ കൃതികളിൽകണ്ടെത്താനാവും. കഥാബീജം, കഥാപാത്രങ്ങൾ, സംഭാഷണം, സംഘർഷം എന്നിവയാണല്ലോ നാടകത്തിന്റെഘടകങ്ങൾ.  മുഖ്യ കഥാപാത്രങ്ങൾ പ്രതീകാവസ്ഥയിൽ ചിത്രീകരിക്കപ്പെടുകയാൽ അവരുടെ വ്യക്തി സത്തയ്ക്ക്മിഴിവ് കിട്ടാതെ പോയി. അശനിയിലെ കഥാപാത്രങ്ങൾക്ക് ഈ ദുര്യോഗം ആപേക്ഷികമായി കുറവാണ്. മറ്റ്നാടകങ്ങളിലെ കഥാപാത്രങ്ങൾക്ക് ഇക്കാരണത്താലാവണം  വേണ്ടത്ര തെളിച്ചം ലഭിച്ചിട്ടില്ല. ഏറ്റവും നല്ല അലിഗറിതന്നെ ഒരു നല്ല കലാശില്പം ആകണമെന്നില്ല.

ആഖ്യാനാത്മകവും ഭാവാത്മകവുമായ സാഹിത്യത്തിൽ നിന്നും വേറിട്ട് ക്രിയാംശപ്രധാനമായ സാഹിത്യമാണ്നാടകം. അത് ശ്രാവ്യ കലയല്ലാ ദൃശ്യ കലയാണ്. ക്രിയാംശത്തിന്റെ ബീജാവസ്ഥയിൽ നിന്നുള്ള വികാസംചൈതന്യ ഭാസുരമായി ദൃശ്യ ചമൽക്കാരത്തോടെ ആവിഷ്‌ക്കരിക്കാൻ നാടകകൃത്ത് ബാധ്യസ്ഥനാണ്. ഈ നാടകകലാമർമ്മം ജയൻ വർഗീസ് കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്. കഥ പറയാനാണ് നടിച്ചുകാണിക്കാനല്ല കഥാപാത്രങ്ങളെ പലപ്പോഴും അദ്ദേഹം ഉപയോഗിക്കുന്നത്. ഊതി വീർപ്പിച്ചതും ആടോപോദ്ദാമവുംആലങ്കാരികവുമായ ഒരു ഭാഷയാണ് നാടകത്തിലെ സംഭാഷണങ്ങൾക്ക് സ്വീകരിച്ചു കാണുന്നത്. ഏതുകൃതിയിലും ഈ സംഭാഷണ ശൈലിക്ക് ഉദാഹരണം കണ്ടെത്താം. L

“ അലയടിച്ചുയരുന്ന അഗ്നിപ്രളയം നക്കിത്തോർത്തുന്ന കൊത്തളങ്ങളിൽ അധികാരത്തിന്റെ കൊക്കൂണുകളിൽതപസ്സിരിക്കുന്ന പുഴുക്കൾ – ഭരണപ്പുഴുക്കൾ “ ( പ്രഭാതയാമം പുറം 12 ) മുതലായ സംഭാഷണം ശ്രദ്ധിക്കൂ. വാക്കുകളുടെ കലയല്ല നാടകം എന്ന തത്വം നാടക രചയിതാക്കൾ അടിവരയിട്ട് പാലിച്ചേ പറ്റൂ. വരികൾക്കിടയിലൂടെ വായിച്ചാസ്വദിക്കേണ്ട കവിത പോലെ നാടകത്തിലെ സംഭാഷണവുംധ്വന്യാത്മകമായിരിക്കണം ; ചടുലമായിരിക്കണം. ക്രിയാംശത്തിന്റെ പുതിയ പാറ്റേണുകൾ ചമയ്ക്കാനുതകുന്നവാങ്മയ ബിംബങ്ങൾ സൃഷ്ടിക്കുകയാണ് നല്ല നാടകകൃത്ത് ചെയ്യുന്നത്.

തന്റെ വാക്ചാതുരി ( Rhetoric ) പ്രകടിപ്പിക്കാനുള്ള ഇടമല്ല നാടകം. ഈ സംഭാഷണ ശൈലി പാത്രസ്വരൂപരചനയെ തച്ചുടക്കുക തന്നെ ചെയ്യും. ഷേക്സ്പിയറിന്റെ അനശ്വര കഥാപാത്രമായ ലേഡി മാക്ബത്ത് 14 സന്ദർഭങ്ങളിലായി 864 വാക്കുകൾ മാത്രമാണ് നാടകത്തിൽ പറയുന്നത്. മക്ബത്താവട്ടെ 878 വാക്കുകൾ 26 സന്ദർഭങ്ങളിലായി പറയുന്നു. ഈ കഥാപാത്രങ്ങൾ അവിസ്മരണീയരായി നില കൊള്ളുന്നു. വാചാലതയല്ലവാഗ്മിത്വം എന്ന് ഷേക്സ്പിയർ മനസ്സിലാക്കിയിരുന്നു.

ശൈലീകൃതമായ അഭിനയ രീതികളെക്കുറിച്ചും ജയൻ കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്. കുമ്മിയടി, ചുവടുവയ്പ്പ്, ഭരതനാട്യം, തെയ്യം മുതലായ കലാരൂപങ്ങൾ പ്രയോഗിക്കുന്നതിനുള്ള സൂചനകൾ നാടകകൃതികളിൽ അങ്ങിങ്ങു കണ്ടു. നാടകത്തിന്റെ ഒന്നോ രണ്ടോ ഘട്ടങ്ങളെ മാത്രമായി ശൈലീകരിക്കുന്നത് ഒരുതരത്തിലും ആശാസ്യമല്ല. ചലനങ്ങൾ ചേഷ്ടകൾ സംഭാഷണം ആഹാര്യം എന്നിവയിൽ ഓരോന്നിനുംവ്യത്യസ്ത ശൈലി സ്വീകരിച്ചാൽ അത് കോമാളിത്തം ആകുകയും ചെയ്യും. എല്ലാ ഘടകങ്ങളും ചേർന്നനാടകത്തെയാണ് ആവശ്യമെങ്കിൽ ശൈലീകരിക്കേണ്ടത്. ( രംഗാവതരണം പുറം 345 ) ഈ തത്വംമനസ്സിലാക്കാതെ ശൈലീകരണത്തിന് ശ്രമിക്കുന്നത് ആപൽക്കരമായതിനാൽ രന്ധ്രാന്വേഷിയായ ഒരുനിരൂപകന്റെ ദൃഷ്ടിയിൽ പെടാവുന്ന ചില വസ്തുതകൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്.

ശ്രീ ജയൻ വർഗീസ്  നാടക രംഗത്ത് അർപ്പണ ബുദ്ധിയോടെ പ്രവർത്തിച്ചു പോരുന്ന സർഗ്ഗധനനായരചയിതാവാണ്. വ്യുല്പത്തിയും അഭ്യാസവും നേടി മലയാള നാടക വേദിക്ക്  ശാശ്വത സംഭാവനകൾ അർപ്പിക്കാൻഅദ്ദേഹത്തിന് കഴിയും ; തീർച്ച.അതിനുള്ള സന്ദർഭങ്ങൾ അദ്ദേഹത്തിന് ധാരാളം ലഭിക്കട്ടെ.    പ്രൊഫസർ കെ. വിജയൻ നായർ.

About The Author

Leave a Reply

Your email address will not be published. Required fields are marked *