കാരൂർ സോമൻ അനുഗ്രഹീത സാഹിത്യകാരൻ – ലീലാമ്മ തോമസ്, ബോട്സ്വാന.

Facebook
Twitter
WhatsApp
Email

ജനുവരി മാസം കേരള കൗമുദിയിൽ കവിയും ഗാന രചയിതാവുമായ അഡ്വ.റോയി പഞ്ഞിക്കാരനുമായ കാരൂർ സോമന്റെ അഭിമുഖം കണ്ടപ്പോൾ എന്റെ മനസ്സ് ചെറുപ്പകാലത്തിലേക്ക് ഊളിയിട്ടയിറങ്ങി. അതിൽ എന്നെ ചിന്തിപ്പിച്ചത് “സാഹിത്യകാരൻ വെല്ലുവിളികൾ ഏറ്റെടുക്കുന്നവരെന്ന്” കാരൂർ പറഞ്ഞപ്പോൾ മനസ്സ് വല്ലാതെ പതറിപ്പോയി. . മുൻകാല എഴുത്തുകാർ സരസന്മാരായിരിന്നില്ല. സമൂഹത്തിന്റ മനോഗതം മനസ്സിലാക്കി നല്ല നാളെയിലേക്ക് മനുഷ്യരെ വഴി നടത്തിയവരായിരിന്നു. ഇവിടെയായാണ് കാരൂർ സോമനെ പഠിക്കേണ്ടത്. കാരൂരിന്റെ പത്തിലധികമുള്ള സാഹിത്യ സംഭാവനകളെ മാനിച്ചുകൊണ്ടാകണം ഡോ.മുഞ്ഞിനാട് പത്മകുമാർ കാരൂർ കൃതികളെ “കാലത്തിന്റ എഴുത്തകങ്ങൾ” എന്ന പേരിലുള്ള പഠനഗ്രന്ഥം പുറത്തിറക്കുന്നത്. മലയാള സാഹിത്യത്തിൽ നിരന്തരം ലോകമെങ്ങും എഴുതുന്ന ഒരെഴുത്തുകാരനെ കാണുമെന്ന് തോന്നുന്നില്ല.

ഞങ്ങൾ “ചാരുംമുടൻ” എന്ന് വിളിക്കുന്ന കാരൂർ ഹൈ സ്കൂൾ കാലം മുതൽ ബാലരമയിൽ കവിതകൾ എഴുതിയും റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചുമാണ് കടന്നുവന്നത്. മലയാള മനോരമയുടെ കേരള യുവ സാഹിത്യ സംഖ്യ൦ എന്ന സംഘടനയുടെ മാവേലിക്കര നിന്നുള്ള ഏക ഹൈസ്കൂൾ വിദ്യാർത്ഥി. കാരൂർ താമരക്കുളം ചത്തിയറ ഹൈ സ്കൂളിലും പഠിച്ചിട്ടുണ്ട്. ഞങ്ങൾ പഠിച്ച വി.വി.ഹൈ സ്കൂൾ താമരക്കുളം സ്കൂൾ വാർഷികത്തിന് കാരൂരിന്റെ “ഇരുളടഞ്ഞ താഴ്വര” എന്ന നാടകം അവതരിപ്പിച്ചു. അതിൽ ബേസ്ഡ് ആക്ടർ എന്ന പദവിയും സ്വന്തമാക്കി. ഇന്നും ആ സർട്ടിഫിക്കറ്റ് പൊന്നുപോലെ കയ്യിലുണ്ടെന്നാണ് ഒരിക്കൽ പറഞ്ഞത്. ആ നാടകം കണ്ട മാവേലിക്കര പോലീസ് സ്റ്റേഷനിലെ ചില പോലീസ്‌കാർക്ക് രസിച്ചില്ല. പോലീസ് നരവേട്ടകളെ തുറന്നു കാട്ടിയ വെളിച്ചം വീശുന്ന നാടകമായിരിന്നു. ഉപന്യാസം, കവിത പാരായണം, നാടകം മാത്രമല്ല സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ചാമ്പ്യൻ കുടിയായിരിന്നു. ഒന്നിലധികം സുന്ദരികുട്ടികൾ കാരൂരിനെ പ്രണയിച്ചതായി എനിക്കറിയാം. വെട്ടിക്കോട്ട് കറ്റാനത്തുള്ള പോലീസുകാരുടെ കുട്ടികളും സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. പോലീസിൽ നിന്ന് കാരൂരിന് ലഭിച്ചത് മറ്റൊരു “നക്സൽ വാദി” എന്ന സർട്ടിഫിക്കേറ്റ് ആണ്. പോലീസിന്റെ തല്ലും കിട്ടി. പണ്ഡിത കവി കെ.കെ.പണിക്കർ സ്റ്റേഷനിലെത്തി ജാമ്യത്തിൽ ഇറക്കിയത് ഒരു തുണയായി. ഇല്ലെങ്കിൽ ഇരുമ്പഴിക്കുള്ളിൽ ജീവിക്കുമായിരിന്നു. നാടകം എഴുത്തു് അവസാനിപ്പിക്കാതെ വീട്ടിൽ നിന്ന് പച്ചവെള്ളം കൊടുത്തുപോകരുത് അതാണ് പിതാവിന്റെ അന്ത്യശാസന, തല്ലും കിട്ടിയതായി കൂട്ടുകാർ, അയൽക്കാരിൽ നിന്ന് അറിഞ്ഞിട്ടുണ്ട്. പിന്നീട് കണ്ടത് വീട്ടുകാരെ, പോലീസിനെ ഭയന്ന് നാട്ടിൽ നിന്ന് ഒളിച്ചോടുന്ന കാഴ്ചയാണ്. മുൻകാലങ്ങളിൽ ഇങ്ങനെ വെല്ലുവിളികൾ ഏറ്റെടുത്തിട്ടുള്ള എഴുത്തുകാരെ കണ്ടിട്ടുണ്ട്. പൊൻകുന്നം വർക്കിയെ ജയിലിലടച്ചു. കേസരി ബാലകൃഷ്‌ണപിള്ളയെ നാടുകടത്തി അങ്ങനെ ധാരാളം സംഭവങ്ങൾ. റഷ്യ, ഫ്രാൻസ്, ഗ്രീക്ക്, ഇംഗ്ലീഷ് പ്രമുഖ എഴുത്തുകാർ ധാരാളം പീഡനങ്ങൾ അനുഭവിച്ചവരായിരിന്നു. സമൂഹത്തിന് വേണ്ടി പോരാടിയവർ. ഒരെഴുത്തുകാരന്റെ കടപ്പാടുകൾ എത്ര വലുതെന്ന് റഷ്യൻ, ഫ്രഞ്ച് വിപ്ലവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഇന്നും ഒളിഞ്ഞും തെളിഞ്ഞും അസൂയമൂത്തവർ കാരൂരിനെ കല്ലെറിയുന്നത് കാണാം.

ഞങ്ങളുടെ ചെറുപ്പകാലത്തു് കലാസാംസ്കാരിക രംഗത്ത് കുട്ടികളെയാരും വിടില്ല. സ്കൂൾ നാടക മത്സരം നടക്കുമ്പോൾ പെൺകുട്ടികളെ കിട്ടാതെ ആൺകുട്ടികളാണ് നാടകത്തിൽ അഭിനയിക്കുന്നത്. കാരൂരിന്റ നാടകത്തിൽ പെൺവേഷം കെട്ടി അഭിനയിച്ച പാലുത്തറ രാജേന്ദ്രനെ ഇന്നും ഓർക്കുന്നു. നാട് വിട്ടുപോയിട്ടും റാഞ്ചി മലയാളി അസോസിയേഷൻ, ബൊക്കാറോ മലയാളി സമാജം, ആഗ്ര മലയാളി സമാജം, ലുധിയാന മലയാളി അസോസിയേഷൻ, മുംബൈ മലയാളി സമാജം തുടങ്ങിയവരൊക്ക് കാരൂരിന്റെ നാടകം അവതരിപ്പിച്ചതായി ആത്മ കഥ “കഥാകാരന്റെ കനൽ വഴികൾ” (പ്രഭാത് ബുക്ക്) വായിച്ചു. ഒരു സിനിമ കഥപോലെയാണ് ഓരോ ലക്കങ്ങളും വായിച്ചത്. കാരൂർ സി.എം.സി.ലുധിയാനയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അത്യഹിത വിഭാത്തിന് മുന്നിൽ ഒരു പാവപെട്ട അമ്മ തന്റെ ഒറ്റ മകൻ മരിക്കുമെന്ന ഭയത്തിൽ നിലവിളിക്കുന്നത് കണ്ടു. മകന്റെ രണ്ട് കിഡ്‌നിയും തകരാറിലാണ്. പുതിയതായി ഒരു കിഡ്‌നി കിട്ടിയില്ലെങ്കിൽ മകൻ മരിക്കുമെന്നുറപ്പായി. അത് വഴി പോയ കാരൂർ ആ അമ്മയുടെ കണ്ണുനീർ കണ്ട് സങ്കടപ്പെട്ടു. തന്റെ കിഡ്‌നി തരാമെന്ന് ഉറപ്പ് കൊടുത്തപ്പോൾ ആ അമ്മയുടെ മുഖം തെളിഞ്ഞു. കിഡ്‌നി മാറ്റുന്ന സമയം അടുത്ത് നിന്ന സാറാമ്മ എന്ന മലയാളി നഴ്സിനോട് പറഞ്ഞു. ” സിസ്റ്റർ ഈ കിഡ്‌നി കൊടുത്തത് ആരും അറിയരുത്. എനിക്ക് ജീവിക്കാൻ ഒരു കിഡ്‌നി മതി. അതുകൂടി മറ്റാരെങ്കിലും ചോദിച്ചാൽ ജീവിക്കാൻ പറ്റില്ല” ഇന്ന് ഒരു കിഡ്‌നി ദാനമായി നൽകിയാൽ അത് ഭൂലോകത്തെ അറിയിക്കുന്ന, ലക്ഷങ്ങൾ വാങ്ങുന്ന കാലത്താണ് 1980 കളിൽ നടന്ന സംഭവം രഹസ്യമായി കാരൂർ സൂക്ഷിക്കുന്നത്. സക്കറിയായുടെ വീട്ടിൽ നാടക റിഹേഴ്സൽ നടക്കുമ്പോൾ ജലന്ധറിൽ നിന്ന് വന്ന ഒരു മലയാളിക്ക് രക്തം വേണമെന്ന് മറ്റൊരു മലയാളി വന്ന് നാടകത്തിൽ അഭിനയിക്കുന്നവരോട് പറഞ്ഞപ്പോൾ പെട്ടെന്ന് ആശുപത്രിയിലക്ക് ഓടുന്നതൊക്കെ വായിച്ചാൽ ആരുടെയും കണ്ണുകൾ നിറയും.

ബാല്യകാലം മുതൽ കലാസാഹിത്യ രംഗത്ത് ഇതുപോലെ ജീവിതം ഉഴിഞ്ഞുവെച്ച മറ്റൊരോളുണ്ടോ എന്നറിയില്ല. കാക്കനാടൻ ചീഫ് എഡിറ്റർ ആയി ലണ്ടനിൽ നിന്ന് ആദ്യമായി 2005 ൽ “പ്രവാസി മലയാളം” എന്ന മാസിക തുടങ്ങിയത്, ഇപ്പോൾ ആഗോള പ്രസിദ്ധ സാഹിത്യ ഓൺലൈൻ ലിമ വേൾഡ് ലൈബ്രറി, കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷനെല്ലാം മലയാള ഭാഷയോടുള്ള ഹ്ര്യദയബന്ധം സൂചിപ്പിക്കുന്നു. പഠിക്കുന്ന കാലം കരിമുളക്കൽ ദേവി ക്ഷേത്രത്തിൽ കാരൂരിന്റ നാടകം ഉത്സവത്തോടെ ചേർന്ന് നടന്നു. ആ നാടക റിഹേഴ്സൽ നടന്നത് സി.എസ്.ഐ പള്ളിക്ക് കിഴക്കുള്ള ബാലന്റെ വീട്ടിൽ വെച്ചാണ്. ഞങ്ങൾ ബാലനെ കളിയാക്കി വിളിക്കുന്നത് മൊട്ട എന്നാണ്. തലയിൽ ഒരുമുടിപോലുമില്ലാത്തതുകൊണ്ടാണ് ഞങ്ങൾ അങ്ങനെ വിളിച്ചത്. നാടകം വിജയകരമായി നടന്നു. അതിനെപ്പറ്റി ബാലൻ എന്നോട് പറഞ്ഞത് അതിന്റെ ക്രെഡിറ്റ് മുഴുവനും കാരൂരിനാണ്. രാത്രി കഴിഞ്ഞു രാവിലെ രണ്ടും മുന്നും മണിവരെ റിഹേഴ്സൽ നടക്കും. ആ കുറ്റാകൂരിരുട്ടിൽ ചാരുംമുട്ടിലേക്ക് നടക്കുമ്പോൾ പാമ്പ് കടിക്കുമോ എന്ന ഭയം ബാലനുണ്ടായിരുന്നു. കാരൂർ സംവിധാനം മാത്രമല്ല അതിൽ അഭിനയിക്കുകയും ചെയ്തു. അടുത്തുള്ള മാവേലിക്കര മൂർ കോളേജ്, കായംകുളം എം.എസ്.എം കോളേജ്, പന്തളം എൻ.എസ്.എസ് കോളേജിലെ കുട്ടികൾക്ക് നാടകമത്സരത്തിന് ഏകാങ്ക നാടകങ്ങൾ എഴുതികൊടുക്കുമായിരിന്നു. എന്റെ കയ്യിൽ നിന്നും ഒരു നാടകത്തിന് ഇരുപത്തിയഞ്ചു് രൂപ വാങ്ങിയിട്ടുണ്ട്. പൈസ ഉണ്ടെങ്കിൽ തന്നാൽ മതി എന്ന് പറഞ്ഞതും എന്റെ ഓർമ്മയിലുണ്ട്.

ഞങ്ങൾ ചാരുംമൂട്, താമരക്കുളം, കരിമുളക്കൽ, ചുനക്കരക്കാർക്ക് കാരൂർ അഭിമാനമാണ്. ഞങ്ങൾക്ക് മാത്രമല്ല ലോകമെങ്ങുമുള്ള നല്ല വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ്. വിദേശ രാജ്യങ്ങളിൽ മലയാള ഭാഷയെ പ്രതിനിധാനം ചെയ്യുന്ന യു,ആർ.എഫ് ലോക റെക്കോർഡ് ജേതാവായ കാരൂറിന് ചാരുംമൂട് റീഡേഴ്സ് ക്ലബ് മാവേലിക്കര എം.എൽ.എ. എം.എസ്.അരുൺകുമാർ വഴി കൊടുത്ത ആദരവ് എന്നെപ്പോലുള്ള വിദേശ മലയാളികൾക്ക് അഭിമാനമാണ്. ഹ്ര്യദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ജന്മസിദ്ധമായി സർഗ്ഗ പ്രതിഭയുള്ള ഒരെഴുത്തുകാരനെ ചവുട്ടി വേദനിപ്പിച്ചുകൊണ്ട് അവന്റെ കഴിവുകൾ, വാസനകളെ കൊല്ലാനാകില്ല. സാഹിത്യ ലോകത്തു് അസൂയ, സ്വാർത്ഥത വളരുകയാണ്. സാഹിത്യ രംഗത്ത് കഴിവുള്ളവരെ ചവിട്ടി താഴ്ത്തുന്ന പ്രവണത ഇന്നുമുണ്ട്. ഇവർ മനസ്സിലാക്കേണ്ടത് കാരൂർ പണം കണ്ടപ്പോൾ എഴുത്തുകാരനായ വ്യക്തിയല്ല. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതിലൂടെ ഇവർ ആരെയാണ് രസിപ്പിക്കുന്നത്? ഇതൊക്കെ ആരെ നന്നാക്കാനാണ്. പ്രവാസ സാഹിത്യത്തിൽ നിന്ന് അറുപത്തിയേഴ്‌ മലയാളം ഇംഗ്ലീഷ് കൃതികൾ. അതിൽ കുടുതലും കേരളത്തിലെ പ്രമുഖ പ്രസാധകരാണ് പ്രസിദ്ധികരിച്ചത്. 1985 മുതലുള്ള ഈ കൃതികളുടെ പേരുകൾ “ക” എന്ന അക്ഷരത്തിലാണ്. ഇങ്ങനെ ലോകത്തുള്ള മറ്റ് എഴുത്തുകാർക്ക് കാണുമെന്ന് കരുതുന്നില്ല. ഇന്ത്യയിൽ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളുള്ളപ്പോൾ പതിനേഴ് സംസ്ഥാനങ്ങളിൽ സഞ്ചരിച്ചെങ്കിൽ പ്രമുഖ വിദേശ രാജ്യങ്ങൾ സഞ്ചരിച്ചത് അറുപത്തിയേഴ് ആണ്. തൻമൂലം വിദേശ യാത്രാവിവരണങ്ങൾ പത്തോളമുണ്ട്. ഇനിയും പലതും വരാനിരിക്കുന്നു. ഇതെല്ലം കെ.പി.ആമസോൺ പബ്ലിക്കേഷനിലും, ഇപ്പോൾ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ The Dove and Devils. കഥ The Kindled Tales പ്രഭാത് ബുക്കിലും ലഭ്യമാണ്. ഞാനും ആഫ്രിക്കയിലിരുന്ന് അമേരിക്കയിലെ ലുലു ആമസോൺ വഴി ചിലത് വാങ്ങിയിട്ടുണ്ട്. ഇരുമ്പിന് തുരുമ്പു കേട് എന്നപോലെ സാഹിത്യ രംഗത്ത് തുരുമ്പു പിടിച്ചവർ കാരൂരിന് എതിരായി കല്ലെറിയുന്നുണ്ട്. തീയിൽ കുരുത്തത് വെയിലത്തു് വാടില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *