ഉദാഹരണങ്ങൾക്കും അപ്പുറത്തേക്ക് കവിതകൾ ഒഴുകുമ്പോൾ

Facebook
Twitter
WhatsApp
Email
അടുത്തറിയുമ്പോൾ അത്ഭുതംകൂറുന്ന ഒരു രചനാശൈലിയുമായി ഭാഷയുടെ മുറ്റത്തേക്കു നടന്നെത്തിയ യുവകവിമുഖമാണ് ശ്രീമതി മനീഷ മുകേഷ് ലാൽ. “ഉദാഹരണമില്ലാത്ത ഒരുവൾ” എന്ന കവിതാസമാഹാരവുമായി സാഹിത്യലോകത്ത് വരുമ്പോൾ കൈപിടിച്ചു പരിചയപ്പെടുത്തുന്നത് ഏവർക്കും പ്രിയങ്കരനായ ഡോ. C രാവുണ്ണിയാണ് എന്നത് കവിതകൾക്ക് മാറ്റുകൂട്ടുന്നു.
കവിതയിൽനിന്ന് പുറന്തള്ളപ്പെട്ടവരെല്ലാം ആരവത്തോടെ കവിതയിലേക്ക് കടന്നുവരുന്ന ഈ ആധുനികയുഗത്തിൽ തന്റെ വായനക്കാരെ മനീഷ കണ്ടുമുട്ടും എന്ന പ്രതീക്ഷ രാവുണ്ണിമാഷ് പറഞ്ഞുവയ്ക്കുന്നതും വെറുതെയല്ല.
ഉദാഹരണമില്ലാത്ത ഒരുവളുടെ കവിതാലോകത്തിലൂടെ ഒരു ചെറിയ സഞ്ചാരം നടത്തുന്നു ഞാനും.
മഹാമാരികാലത്തു മാറ്റങ്ങൾക്ക് വിധേയമായ ഒരു ഘട്ടത്തിൽ മനുഷ്യൻ മാറി. ലോകവും മാറി. അകത്തിരിക്കുമ്പോൾ എന്ന കവിതയിലെ ‘അയാൾ’ തരിശുമണ്ണിനെ പുതുപെണ്ണാക്കി, കവിതയാക്കി. ദുഷിച്ചചിന്തകളെ തൂത്തെറിയാൻ കുറ്റിച്ചൂലുമായിറങ്ങി. കവിത പറഞ്ഞുവയ്ക്കുന്നത് അനിവാര്യമായ മാറ്റങ്ങളാണ്, പ്രതീക്ഷയാണ്.
ആത്മരാഗം എന്ന കവിത പറയുന്നത് “അവളുടെ” ഭ്രാന്ത്‌ ആണ്. തകർന്ന സ്വപ്നങ്ങൾ, കാത്തിരുന്ന ഗന്ധർവ്വൻ, അടിഞ്ഞുതകർന്ന ചീട്ടുകൊട്ടാരം… നീരോലിക്കായും നുണഞ്ഞു ചുണ്ടും നാവും മനസ്സും നിലിച്ച അവളുടെ ഇല്ലാത്ത ഗന്ധർവ്വനെക്കാത്തവൾ ഇരുന്നു, ഉന്മാദത്തിന്റെ പടിവാതിലും തുറന്ന്. കാത്തിരിപ്പിന്റെ കാല്പനീകഭാവം നിറഞ്ഞ കവിതയാണ് ആത്മരാഗം.
ഐസൊലേഷൻ എന്ന കവിതയും മഹാമാരിയുടെ ഒരവസ്ഥ പറയുന്നു. പേറ്റുമുറി പോലെ മടുപ്പിന്റെ ഗന്ധം ഉയർത്തുന്ന മുറികൾ എത്രയോ കഥകൾ പറഞ്ഞു.
ഏതിനും എന്തിനും കാണികളുടെ നിർണ്ണയാധാരങ്ങൾക്കൊത്താടുന്ന “തഞ്ചാവൂർ ബൊമ്മ” ശക്തിയുള്ളൊരു ബിംബമാവുന്നത് കാലികമായ പെണ്ണവസ്ഥയുമായി ഒരു ബന്ധപ്പെടുത്തിയാണ്. കവിയുടെ ഉള്ളിലെ ബൊമ്മയും അറിയാതെ പുറത്തുചാടി, സ്വത്വബോധമില്ലാതെ, എന്തിനും ഏതിനും തലയാട്ടി ദിനാരാത്രങ്ങളെ പിന്നോട്ടുതള്ളുന്ന നിസ്സംഗത കാട്ടിത്തരുന്നു.
“പൊങ്കാല” മറ്റൊരു പെണ്ണവസ്ഥ പറയുന്നുണ്ട്. തേഞ്ഞ സ്വപ്നങ്ങളുടെ അരികുപറ്റി വീടിനകത്തു ലോക്ക്ഡൌൺ ആയവളത്രെ, പെണ്ണ്. മഹാമാരിയുടെ മറ്റൊരു ഇരയെ വരച്ചുകാട്ടുന്നു മനീഷ ഇവിടെയും.
ഓരോ കവിതകളിലൂടെ ചെന്നാലും മനീഷ എന്ന കവി വെറും സുന്ദരസ്വപ്‌നങ്ങൾ തീർക്കുന്നവളല്ല പകരം, കൃത്യമായി ജീവിതത്തെ നിരീക്ഷിച്ചു, വിലയിരുത്തി ഉള്ളിൽനിന്നും ഉറവപൊട്ടിയ വികാരങ്ങളെ വിചാരങ്ങളുടെ ദേഹത്തിലൂടെ വായനക്കാരനുമുൻപിൽ പ്രദർശിപ്പിക്കുമ്പോൾ, “ഇതാണ് നമ്മൾ” എന്നുച്ചത്തിൽ ഒച്ചപ്പെടുകയാണ് എന്നുകാണാം.
ഏറെ ഉദാഹരണങ്ങളുണ്ട് ഇതു സമർത്ഥിക്കുവാൻ, ഇടമില്ലാത്ത മനുഷ്യർ, അപൂർവ്വം ചിലർ, തനിച്ചായവൾ തുടങ്ങിയവ. പെൺനോവിനെ കൃത്യമായി വരച്ചുകാട്ടുന്ന ചിന്തകൾ പല കാഴ്ചകൾ പറയുന്നു. വാചാലമല്ല, വരികൾ. “ശീലങ്ങൾ കൈവിടാതെ ആരെയൊക്കെയോ കാത്ത്, അസ്ഥിപഞ്ജരമായ” ഒരു പെണ്ണിനെ ഉദാഹരണമില്ലാത്ത ഒരുവളിൽ തുടർച്ചയായി കാണാം. അവൾ കോഴിജന്മമാവുമ്പോൾ, അവളെ ഇല്ലാതാക്കുന്ന പൊട്ടക്കണ്ണന്മാരെയും കാട്ടിത്തരുന്നുണ്ട് ഈ കവിതാസമാഹാരത്തിലൂടെ മനീഷ.
രസകരമായ ചില ആധുനിക അവസ്ഥകളും (നെറ്റിൽ ജനിച്ചു ജീവിച്ചു അവിടെത്തന്നെ ഒടുങ്ങുന്ന ചിലന്തിജീവിതം), ഭൂതവും ഭാവിയും ചൊല്ലുന്ന കാക്കാത്തിയിലൂടെ ഗ്രാമീണക്കാഴ്ചകളും ചുവരിൽ തൂക്കിയിട്ട ചിത്രത്തിലൂടെ മാവോയിസ്റ്റാവുന്ന, മനുഷ്യനാവുന്ന ചിന്തയും വരയ്ക്കുന്നുണ്. അങ്ങനെ വിരുദ്ധങ്ങളെങ്കിലും സ്വായത്തമാക്കുന്ന ചില നോവുകൾ, വ്യഥകൾ, ആശയങ്ങൾ കവിമനസ്സിനെ വായനക്കാരനിലേക്ക് ആകർഷിക്കുന്നതാണ്.
കവിതകളുടെ തലക്കെട്ടുകളും ഏറെ പറയുന്നു എന്നും കാണാം (കടുംവെട്ട്, പാസ്സ് വേർഡ്, നോ ലൈക്സ് നോ കമന്റ്‌സ്).
സമാഹാരത്തിനു തലക്കുറി ചാർത്തിയ “ഉദാഹരണമില്ലാത്ത ഒരുവൾ” ഒരു സമരത്തിന്റെ ഗാഥയാണ്. “പെരുമാറ്റച്ചട്ടങ്ങളാരു വാർത്തുവച്ചൂ, തച്ചുടച്ചാൽ നാടുകടത്തുമോ” എന്ന ചോദ്യത്തിൽ പലതും പറയുന്നു ഒരുവൾ. അവളുടെ ആഗ്രഹങ്ങളോ, മുൾമുനകളൊടിക്കുന്ന മുരിക്കിലയാകണം, നെൽച്ചെടികൾക്കിടയിലെ ചേറുമണക്കണം, അരവയർ മുറുക്കിയെടുത്തവരുടെ ജീവിതമറിയണം… അങ്ങനെ ഏതൊരു സാധാരണ പെൺകുട്ടിയും കാണുന്ന സ്വപ്‌നങ്ങളെ പറഞ്ഞുവയ്ക്കുന്നുണ്ട് ഈ “ഒരുവൾ”. ഇതുതന്നെയാണ് ഈ പുസ്തകത്തിന്റെ ആകത്തുക എന്നും കാണാം.
ഇനിയും ഒരുപാട് കാഴ്ചകൾ, കാഴ്ചപ്പാടുകൾ പറയുന്ന മനീഷയുടെ കവിതകൾ നേരിട്ടുതന്നെ സംവദിക്കുന്ന ഒരു രചനാശൈലിയിലൂടെ വായനക്കാരന്റെ മനസ്സിലേക്ക് നടന്നെത്തുന്നു. ലളിതം, സുന്ദരം, പദപ്രയോഗംചാതുരി, ആശയങ്ങൾ വ്യക്തമാവുന്ന ഒഴുക്ക് ഇവയെല്ലാം ഉദാഹരണമില്ലാത്ത ഒരുവളുടെ മുഖമുദ്രയെന്നും കാണാം.
എഴുത്തുവഴിയിൽ ഇനിയും ഒരുപാട് സഞ്ചരിക്കുവാനുണ്ട് ഈ യുവകവിക്ക്. കൃത്യമായ വികാരവിചാരങ്ങളുടെ നീരോഴുക്കിൽ ആർദ്രമാവുന്ന ഒരു കവിഹൃദയം അനുവാചകന് അനുഭവപ്പെടുന്നതും കാണാതെ പൊയ്ക്കൂട. എഴുത്ത് ഒരു നിയോഗമാണ്. അത് പകരുന്ന ഊർജം വളരെ വലുതുമാണ്. അതിനുംമേലെ കവി എന്ന ശീർഷകം തരുന്ന ഉത്തരവാദിത്തവും വലുതാണ്.
സൂക്ഷിച്ചു മുന്നേറുക, കൂടുതൽ ഉയരത്തിലേക്കു ഭാഷയുടെ ചിറകുമായി പറക്കുക. എല്ലാവിധ ആശംസകളും ശ്രീമതി മനീഷ മുകേഷ്ലാലിന്റെ ഉദാഹരണമില്ലാത്ത കവിതകൾക്ക് നേരുന്നു.
ഡോ. അജയ് നാരായണൻ
Photo attached – myself, Mrs. Maneesha and the photo of her book.

About The Author

Leave a Reply

Your email address will not be published. Required fields are marked *