ഇന്ത്യൻ സിനിമയിൽ ഒരു യുഗപ്പിറവി കുറിക്കുകയും ലോക ചലച്ചിത്ര ഭൂപടത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത ചലച്ചിത്ര സൃഷ്ടിയാണ് പഥേർ പാഞ്‌ജലി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രകീർത്തിക്കപ്പെട്ട സിനിമകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഈ സിനിമയ്ക്ക് നിയതമായ ഒരു തിരക്കഥ ഇല്ല. ദൃശ്യങ്ങളിലൂടെയും ശബ്ദ – സംഗീത സൂചനകളിലൂടെയും പലയാവർത്തി കടന്നുപോയതിനു ശേഷം സാബു ശങ്കർ 1988 ൽ രൂപപ്പെടുത്തിയ തിരക്കഥയാണ് ഇപ്പോൾ പതിമൂന്നാം പതിപ്പായി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ബംഗാളി ഭാഷയിലുള്ള സംഭാഷണത്തോട് ബംഗാളി ഭാഷാവിദഗ്ദരുമായി സംസാരിച്ചതിന് ശേഷം പരമാവധി നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം കേരളത്തിലെ ഒരു സർവ്വകലാശാലയിൽ ദീർഘകാലം ബിരുദതല പാഠപുസ്തകമായിരുന്നു.
മുൻപതിപ്പുകൾക്ക് വായനക്കാരിൽ നിന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണമാണ് നാളിതുവരെ പ്രസിദ്ധീകരണരംഗത്ത് പ്രവേശിച്ചിട്ടില്ലാത്ത ഫിൽക ഫിലിം സൊസൈറ്റിയുടെ ഈ കന്നിസംരംഭവുമായി മുന്നോട്ടു വരാൻ ഞങ്ങൾക്കുണ്ടായ പ്രേരണ.
ഇതിന്റെ സഫലീകരണത്തിനായി സഹായിച്ച സത്യജിത് റായിയുടെ പുത്രൻ സാന്ദീപ് റായിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
*സാബു ശങ്കർ













