ഏതു ഭാഷയിൽ കഥയെഴുതുന്നവരും മോപ്പസാങ്ങിനെയും ചെഖോവിനെയും വായിക്കാതെ പോകരുത്. കഥ എഴുതാൻ തോന്നുമ്പോൾ അതെങ്ങനെയാണ് എഴുതേണ്ടതെന്നു ലോകത്തിനു കാണിച്ചു കൊടുത്തത്തിൽ പ്രധാനിയാണ് മോപ്പസാങ്! അദ്ദേഹത്തെ മാതൃകയാക്കാം
എങ്ങനെ മലയാള സാഹിത്യം വഷളാവാതിരിക്കും?. എല്ലാത്തിനും വളം വച്ചു കൊടുത്തത് കേസരി എ. ബാല കൃഷ്ണപിള്ളയല്ലേ!തിരുവനന്തപുരത്തു പുളിമൂട്ടിൽ പത്രപ്രവർത്തനവുമായിക്കൂടിയതാണ്. തിരുവനന്തപുരത്തു പ്ലീഡർ പരീക്ഷക്ക് പഠിക്കാൻ തകഴിയിൽ നിന്നും വന്ന ശിവശങ്കരപ്പിള്ള എന്ന പയ്യനെ ഫ്രഞ്ചു സാഹിത്യത്തിന്റെ കയം കാണിച്ചു കൊടുത്തത് കേസരി യല്ലാതെ പിന്നെയാര്? ഫ്രാൻസിൽ നിന്ന് ഓരോ അവതാരങ്ങളെ ഇറക്കുമതി ചെയ്യും. പിന്നെ അവരെഴുതും പോലെ നമ്മുടെ ആശാന്മാരെ ക്കൊണ്ട് എഴുതിക്കും. അങ്ങനെ ഫ്രാൻസിൽ നിന്ന് മലയാളത്തിൽ ഇറക്കുമതി ചെയ്ത എഴുത്തുകാരനാണ് മോപ്പാസാങ്!
അശ്ലീലം എഴുതിയതിനു നിരോധിച്ച “മാഡം ബാവറി”യുടെ കർത്താവ് ഫ്ലാബെറാണ് മോപ്പാസാങ്ങിന്റെ ഗുരു. ജാര സന്തതി എന്നൊരു അടക്കം പറച്ചിലുമുണ്ട്. പിന്നെ ശിഷ്യൻ എങ്ങനെ നേരെയാകും? അത് വായിച്ചു മലയാളത്തുലെഴുതിയ നമ്മുടെ തകഴിയെപ്പോലുള്ള മലയാളത്തിലെ മോപ്പസാങ്ങന്മാരെപ്പറ്റി എന്ത് പറയാൻ!
പത്തൊൻപതാം നൂറ്റാണ്ടിലെ ലോകസാഹിത്യം എന്നാൽ ആറാട്ടുമുണ്ടന്മാരുടേതല്ല. ടോൾസ്റ്റോയി, ഡസ്റ്റോയോവിസ്‌കി, ടർജനീവ്, വിക്ടർ യൂഗോ, ഓസ്‌കാർ വൈൽഡ്, ബർനാട്ഷാ,… അങ്ങനെ ആജാനബാഹുക്കൾ കിടക്കുകയല്ലേ? അവരുടെയൊക്കെ സമകാലികനായി ഫ്ളാബറിന്റെയും എമിലിസോളയുടെയും അനുചരനായി കടന്നുവന്ന മോപ്പസാങ് ഒരു അൽഭുത പ്രതിഭാസം തന്നെ.
പ്രസിദ്ധപ്പെടുത്തിയ ആദ്യ കഥ കൊണ്ടു തന്നെ ഫ്രഞ്ച് സാഹിത്യം കീഴടക്കുകയായിരുന്നു. ചുമ്മാ എഴുതി പതപ്പിച്ച കഥയല്ല. പരിശീലിച്ച ശേഷം എഴുതിയ ആദ്യകഥ. പിന്നെ ശരവേഗത്തിലാണ് മോപ്പസാങ് ലോകസാഹിത്യം കീഴടക്കിയത്.
പത്തുവർഷത്തിനിടയിൽ അന്ന് മോപ്പസാങ്ങിന്റെ ആറ് നോവലുകൾ ഫ്രാൻസിൽ ഒരു ലക്ഷത്തി എൺപതിനായിരം കോപ്പിയാണ് വിറ്റഴിഞ്ഞത്. ചെറുകഥാ സമാഹാരങ്ങളും ഒരു ലക്ഷത്തി അറുപതിനായിരം പ്രതികൾ ചിലവായി. ഇംഗ്ളീഷിലെ കണക്കു കോടികളാണ്. 1917നും 40 നുമിടയിൽ സോവിയറ്റ് യൂണിയനിൽ മാത്രം മുപ്പതു ലക്ഷം കോപ്പിയാണ് വിറ്റു പോയത്. അത് പുസ്തകക്കച്ചവടത്തിന്റെ കാര്യം. ആകെ നാലു ഓതിറ്റാന്ദ്ര
1850ആഗസ്റ്റ് 5നാണ് മോപ്പാസാങ്ങിന്റെ ജനനം. നോർമണ്ടിയിലെ ഇടത്തരം കുടുംബത്തിൽ. സ്കൂൾ പഠനത്തിന് ശേഷം നിയമം പഠിക്കാൻ പോയെങ്കിലും പഠനം പൂർത്തിയാക്കുന്നതിനു മുൻപ് ഒരു സർക്കാർ ആപ്പീസിലെ ഗുമസ്തനായി ജീവിതം ആരംഭിച്ചു.
മോപ്പസാങ്ങിനെ മോപ്പസാങ്ങാക്കിയത് ഫ്ലാബറാണ്. തന്റെ അമ്മാവൻ പരിചയപ്പെടുത്തുകയായിരുന്നു, ഫ്ലാബറിനെ. ഫ്ലാബറിന്റെ വളർത്തുപുത്രൻ എന്നാണ് മോപ്പാസാങ് സാഹിത്യ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. അതിനപ്പുറം ഒരു ബന്ധമുണ്ടന്ന് പറയപ്പെടുന്നുമുണ്ട്. അതിനെ ബലപ്പെടുത്തുന്നതാണ് മോപ്പാസാങ്ങിന്റെ ആത്‌മകഥാ നോവലായ “പിയറും ഷാനും”.
ഒന്നും രണ്ടുമല്ല പത്തുകൊല്ലമാണ് ഫ്ലാബറിന്റെ കീഴിൽ പരിശീലനം നേടിയത്. പകൽ ജോലി. രാത്രി കഥയെഴുത്ത്. എഴുതിയ കഥകളുമായി ആചാര്യനെക്കാണാൻ ഞായറാഴ്ച പോകും. അങ്ങനെ ഒടുവിൽ ആദ്യ കഥ പുറത്ത് വന്നു. ഫ്രാങ്കോ -പ്രഷ്യൻ യുദ്ധമാണ് യഥാർത്ഥത്തിൽ മോപ്പസാങ്ങിനു എഴുതാനുള്ള ഊർജം നൽകിയത്.
ഒരു കായികാഭ്യസിയുടെ ശരീര പ്രകൃതമാണെങ്കിലും മോപ്പസാങ് ഒരു തൊട്ടാവാടി ഹൃദയത്തിനുടമയായിരുന്നു. കൊച്ചിലെ രോഗം അദ്ദേഹത്തെ പിടികൂടി. മാനസികവും ശാരീരികവുമായ രോഗപീഡ. രോഗം ശമിപ്പിക്കാൻ ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരപ്രദേശങ്ങളിലേക്കും പോയി. ഒടുവിൽ 1891ൽ ഭ്രാന്താലയത്തിൽ അഭയം തേടി. രണ്ട് കൊല്ലം കഴിഞ്ഞ് മരിക്കുമ്പോൾ മോപ്പസാങ്ങിനു വയസ്സ് 43.
ഫ്രഞ്ച് സർക്കാർ മോപ്പസാങ്ങിന്റെ കൃതികളിലെ അധപ്പതനവാസന കണക്കിലെടുത്ത് കൃതികൾ നിരോധിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ കഥ പറയാനുള്ള മോപ്പസാങ്ങിന്റെ അപാരമായ കഴിവിനെ അവർ നമിച്ചു. നിരോധനം നടപ്പാക്കിയില്ല. അല്ലെങ്കിൽ “കാമുകൻ”, “നല്ല സുഹൃത്ത്”, “ഒരു സ്ത്രീയുടെ ജീവിതം” എന്നീ നോവലുകൾ അകത്തായേനെ. ഒന്നും ഗമണ്ടൻ കൃതികളല്ല.
എന്നാൽ പെൺവിഷയമാണ് ആ എഴുത്തുകാരനെ ഉയർത്തിയതും തളർത്തിയതും. ഒരു പെണ്ണ് ഒപ്പമില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പച്ചക്കു മോപ്പാസാങ് പറഞ്ഞിട്ടുണ്ട്. “എന്നെ സംബന്ധിച്ചിടത്തോളം, ഈ ലോകത്ത് നിലനിൽപ്പുള്ള ഒരേയൊരു വസ്തു സ്ത്രീ മാത്രമാണ്. അവളുടെ മാറിടത്തിന്റെ മധുരസംഗീതം കേൾക്കുന്നില്ലെങ്കിൽ മനോഹരമായ അവളുടെ മേനി കാണുന്നില്ലെങ്കിൽ അവളുടെ സ്വർഗീയാനുഭൂതിയുയർത്തുന്ന ചുംബനം ഏൽക്കുന്നില്ലെങ്കിൽ ജീവിതം അപ്പാടെ ശുഷ്കമായി എനിക്ക് തോന്നും… ഒരു സ്ത്രീ ഒപ്പമില്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ല.” ഇതിൽപ്പരം എന്തുവേണം! പെണ്ണുങ്ങളോടുള്ള അനിയന്ത്രിതമായ ലൈംഗീകാസക്തി നിമിത്തം മോപ്പസാങ്ങിനു സിഫിലിസ് രോഗബാധയുമുണ്ടായി. അതും പരസ്യമാണ്. അത് കഥ വേറെ.
തകഴിയുടെ ആദ്യ പുസ്തകം “ത്യാഗത്തിന്റെ പ്രതിഫലം” നാലായി കീറിയെറിഞ്ഞു അരവിന്ദന്റെ അച്ഛൻ എം എൻ ഗോവിന്ദൻ നായർ ഇത്തരം അശ്ലീലമൊന്നും മലയാളത്തിനു വേണ്ട എന്ന നാടകീയ പ്രതിഷേധം നടത്തിയത് തിരുവനന്തപുരത്തെ കേസരി സദസ്സിലാണ്. മോപ്പസാങ്ങിനെ കോപ്പിയടിച്ചാൽ ഇതും ഇതിലപ്പുറവും നടക്കാതിരിക്കുമോ?
മുന്നൂറ് ചെറുകഥകൾ, ആറ് നോവലുകൾ, ചിലനാടകങ്ങൾ… മോപ്പസാങ് അത്രയേ എഴുതിയിട്ടുള്ളൂ. എഴുതിയതൊക്കകയും വിശ്വസാഹിത്യത്തിലെ മുത്തുകൾ.
ഏതു ഭാഷയിൽ കഥയെഴുതുന്നവരും മോപ്പസാങ്ങിനെയും ചെഖോവിനെയും വായിക്കാതെ പോകരുത്. കഥ എഴുതാൻ തോന്നുമ്പോൾ അതെങ്ങനെയാണ് എഴുതേണ്ടതെന്നു ലോകത്തിനു കാണിച്ചു കൊടുത്തത്തിൽ പ്രധാനിയാണ് മോപ്പസാങ്! അദ്ദേഹത്തെ മാതൃകയാക്കാം.
എന്നാൽ കാണുന്ന പെണ്ണുങ്ങളെയും കൂട്ടി സ്വർഗയാത്രക്ക് തിരിക്കാമെന്ന മോപ്പാസാങ്ങിയൻ പൂതി അങ്ങ് മനസ്സിൽ വച്ചാൽ മതി. കേരളത്തിലെ പെണ്ണുങ്ങൾക്ക് അറിയാത്തതായി എന്തുണ്ട്? മോപ്പസാങ്ങാകാൻ പോയാൽ വിവരം അറിയും. ഇന്നല്ലെങ്കിൽ നാളെ മീറ്റൂ നടത്തിപ്പൊട്ടിക്കും!
About The Author
No related posts.