പെരുമ്പടവം ശ്രീധരൻ എൻ്റെ എക്കാലത്തേയും ഏറ്റവും പ്രിയങ്കരനായ നോവലിസ്റ്റ്. വായന തുടങ്ങിയ കാലം മുതൽ മനോരാജ്യം വാരികയിൽ പതിവായി അദ്ദേഹത്തിൻ്റെ നോവലുകൾ വായിക്കുകയും അഭിപ്രായങ്ങൾ കത്തുകളായി എഴുതുകയും ഒടുക്കം വാരികകൾ എല്ലാം കൂട്ടി വച്ച് വീണ്ടും നിരൂപണങ്ങൾ എഴുതി അവ മറ്റാരെയും കാണിക്കാതെ ഇടയ്ക്കിടക്ക് വായിക്കുകയും ഞാൻ ചെയ്തിട്ടുണ്ട്.
ദീപിക ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോൾ പെരുമ്പടവത്തിൻ്റെ നോവൽ കൂടി ഉൾപ്പെടുത്തണമെന്നു പറഞ്ഞ് കത്തയയ്ക്കുകയും പിന്നീട് നോവൽ ആരംഭിച്ചപ്പോൾ നിരവധി വായനക്കാർ ആവശ്യപ്പെട്ടിട്ട് പെരുമ്പടവത്തിൻ്റെ നോവൽ തുടങ്ങുന്നു എന്ന വിളംബരം കണ്ട് സന്തോഷിക്കുകയും ചെയ്തു. ഏറെക്കാലം ഞാൻ വായനയിൽ നിന്ന് വിട്ടുനിന്നു, ജീവിത ക്ലേശങ്ങളാൽ. അപ്പോഴും അദ്ദേഹത്തിൻ്റെ പല കഥാപാത്രങ്ങളും മനസ്സിൽ ഓടിയെത്തുമായിരുന്നു.
അദ്ദേഹത്തെ അടുത്ത കാലത്തായി കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്, അദ്ദേഹം ‘എൻ്റെ ക്രിസ്തുവിനെ ‘ എത്രമാത്രം സ്നേഹിക്കുന്നു എന്നു മനസ്സിലാക്കിയപ്പോഴാണ്.
എഴുത്ത് നിലമുഴുതുന്നതു പോലെയോ പാറപൊട്ടിക്കുന്നതു പോലെയോ അല്ല, അത് ആത്മാവിൻ്റെ ഒരു വെളിപാടാണ്. ഏകാന്തതയിൽ ഇരുന്ന് ഒരു ധ്യാനത്തിൻ്റെ മൂർഛയിൽ ആകാശത്തിലൂടെയുള്ള സഞ്ചാരം എന്ന് തൻ്റെ എഴുത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഒരു സങ്കീർത്തനം പോലെ എന്ന പേരിട്ടതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന് ബൈബിളിലെ സങ്കീർത്തനങ്ങൾ ഏറെ ഇഷ്ടമാണ്. ദാവീദു് രാജാവ് ചെയ്ത പാപത്തെക്കുറിച്ചുള്ള… പാപബോധവും പശ്ചാത്താപവും ഏറ്റുപറച്ചിലുമൊക്കെയാണ് മിക്ക സങ്കീർത്തനങ്ങളും അതുപോലെ ദസ്തേയവിസ്കിയും തൻ്റെ കുറ്റവും പാപബോധവും ഏറ്റുപറച്ചിലും നടത്തിയിട്ടുണ്ട് തൻ്റെ രചനകളിൽ.
ഒരുറക്കത്തിൽ ഒരു വെളിപാടുപോലെ കിട്ടിയ വചസ്സുകൾ അദ്ദേഹം എഴുതി വച്ചതാണ്. “ഹൃദയത്തിൽ ദൈവത്തിൻ്റെ കയ്യൊപ്പുള്ള എഴുത്തുകാരൻ ” എന്നാണ് ദസ്തയേവിസ്കിയെക്കുറിച്ച് പെരുമ്പടവം പറഞ്ഞ വാക്കുകൾ.
നൂറ്റിയിരുപത്തഞ്ചാം പതിപ്പു വരെ പുറത്തിറങ്ങിയ ഈ പുസ്തകമാണ് ഇന്ത്യൻ പുസ്തകങ്ങളിൽ വച്ച് ഏറ്റവും വായിക്കപ്പെട്ടതും, വിറ്റഴിക്കപ്പെട്ടതും. വയലാർ അവാർഡ് ഉൾപ്പടെ എട്ടു പുരസ്‌ക്കാരങ്ങൾ ഈ പുസ്തകങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. 1993 സെപ്തംബറിൽ ആദ്യപതിപ്പിറങ്ങി. പേജുകൾ 223.
ചെറുപ്പകാലം മുതൽക്കേ റഷ്യൻ നോവലുകൾ ധാരാളം വായിച്ച അദ്ദേഹത്തെ ഏറ്റവും ആകർഷിച്ച എഴുത്തുകാരനായിരുന്നു, ദസ്തേയവിസ്കി. ദസ്തേയവിസ്കിയെ വായിക്കുമ്പോൾ ഒരു തരം ഉന്മാദം താൻ അനുഭവിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പെരുമ്പടവം ദസ്തേവിസ്കിയിൽ സന്നിവേശിപ്പിച്ച അനുഗ്രഹീതമായ ഒരു നിമിഷത്തിൻ്റെ പ്രേരണയാണ് ‘ഒരു സങ്കീർത്തനം പോലെ’ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ദസ്തേവിസ്കിയും അദ്ദേഹത്തിൻ്റെ സ്റ്റെനോ അന്നയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ദീർഘമായ പoനത്തിനു ശേഷമാണ് മലയാളിക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഈ പുസ്തകം അദ്ദേഹം എഴുതിയത്.
ജീവിതം മുഴുവൻ വൈഷമ്യങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ്റെ കഥയാണിത്.
മലയാളനോവലിലെ ഒരു ഏകാന്ത
വിസ്മയമാണ് പെരുമ്പടവം ശ്രീധരൻ. വിശുദ്ധിയുടെയും ആത്മീയ സൗന്ദര്യത്തിൻ്റെയും അന്തസ്സത്ത അദ്ദേഹത്തിൻ്റെ രചനയിൽ ഉടനീളം തെളിഞ്ഞു നില്ക്കുന്നു. ആത്മസംഘർഷം നിറഞ്ഞ ഇതിവൃത്തം.
“ഹൃദയത്തിൽ ദൈവത്തിൻ്റെ കയ്യൊപ്പുള്ള എഴുത്തുകാരൻ എന്ന് അദ്ദേഹം ദസ്തേയവിസ്കിയെ വിളിച്ചതുപോലെ നമുക്കും ധൈര്യമായി പറയാം; ഹൃദയത്തിനുമേൽ ദൈവത്തിൻ്റെ കയ്യൊപ്പുള്ള എഴുത്തുകാരൻ തന്നെയാണ് പെരുമ്പടവും.
എൻ്റെ ‘ജോർദ്ദാൻ മുതൽ ഈജിപത് വരെ. എന്ന യാത്രാവിവരണം എഴുതാൻ കാരണക്കാരനായ, മരുപ്പച്ച വാർത്താ പത്രികയുടെ ചീഫ് എഡിറ്റർ ആയ അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനെ നേരിൽ കാണുന്നത്. അദ്ദേഹം വേദിയിൽ വധുവരന്മാരെ ആശീർവദിച്ച് ആശംസകൾ നടത്തുന്നത് കാണുവാനിടയായി. കല്യാണം കഴിഞ്ഞപ്പോൾ ഫോട്ടോയെടുപ്പിനായി സഹോദരൻ എന്നെയും വിളിച്ചു. പക്ഷേ എനിക്ക് അദ്ദേഹത്തോടൊന്നു മിണ്ടണം, എൻ്റെ ഒരു പുസ്തകം സമ്മാനമായി സമർപ്പിക്കണം, ഈ ആഗ്രഹമറിഞ്ഞ ബ്രദർ, തിരക്കിട്ട് കാറിൽ കയറാൻ തുടങ്ങിയ ആ വലിയ സാഹിത്യകാരന് ഈ കുഞ്ഞെഴുത്തുകാരിയെ പരിചയപ്പെടുത്തി. ഫോട്ടോ പോൾ മണലിൽ സാർ എടുത്തു തന്നു. ഞാൻ എൻ്റെ പുസ്തകം പ്രിയപ്പെട്ട പെരുമ്പടവത്തിന് സമ്മാനിച്ചു. പുസ്തകത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. എത്രമാത്രം താഴ്മയുള്ള ഒരു വലിയ എഴുത്തുകാരൻ. അദ്ദേഹത്തോടൊപ്പം നിർത്തി ഫോട്ടോയെടുപ്പിച്ചു. എഴുത്തിൻ്റെ തലക്കനമില്ലാത്ത സാധുവായ എഴുത്തുകാരൻ, ദൈവഭക്തൻ. എത്രയധികം വിദേശഭാഷകളിലേയ്ക്ക് അദ്ദേഹത്തിൻ്റെ ‘ഒരു സങ്കീർത്തനം പോലെ ‘ വിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട പുസ്തകം, ഏറ്റവും വായിക്കപ്പെട്ട പുസ്തകം. അദ്ദേഹം കൂടുതൽ കൂടുതൽ ദൈവകൃപയിൽ ചുറ്റപ്പെടട്ടേ. ഇനിയും ആ തൂലികയിൽ നിന്ന് ധാരാളം നോവലുകൾ ഇതൾ വിരിയട്ടെ. എല്ലാ ആശംസകളും അർപ്പിക്കുന്നു. അദ്ദേഹം ഇത് വായിക്കപ്പെടാനിടയായാൽ എന്നെ അനുഗ്രഹിക്കണമെ എന്ന അപേക്ഷയും.
……
About The Author
No related posts.