നോക്കണേ, ബാലൻ മന്ത്രിയുടെ ഒരു ബുദ്ധി. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി അതായത് ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന ഭവനങ്ങളിലുള്ളവർ ഏതു ദേശത്തായാലും ബാലൻ മന്ത്രി പറയുന്ന നികുതി (പിഴ) അടച്ചു കൊള്ളണം. ബുദ്ധി എന്നല്ല ഇതിന് പറയേണ്ടത് ‘കാഞ്ഞബുദ്ധി’ എന്നു തന്നെയാണ്. കാരണം കേരളത്തിൽ പത്തു ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വീടുകളിൽ ഇപ്പോൾ ആൾതാമസം ഇല്ല, ‘പ്രേതവീടുകൾ’ !
ഖജനാവ് നിറയും :
പുതുതായി കണ്ടു പിടിച്ച നികുതി മൂലം വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിദേശനാണയം ബാലൻ മന്ത്രിയുടെ ഖജനാവ് നിറക്കും. ആദ്യമൊക്കെ മലയാളികൾ കൂട്ടുകുടുംബങ്ങളിൽ ആണ് വിശ്വസിച്ചിരുന്നത് 50 അംഗങ്ങളുള്ള വലിയ കുടുംബങ്ങൾ തുടങ്ങി പത്തോ പതിനഞ്ചോ പേരുള്ള ചെറിയ കുടുംബങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു കൂടിയിരുന്നു. ചില വീടുകളിൽ അടുപ്പും വെപ്പും വേറെയുള്ള രണ്ടോ മൂന്നോ കുടുംബങ്ങൾ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.
വീട് വിപ്ലവം :
രണ്ടായിരത്തോടെ അതിനു വലിയ മാറ്റങ്ങളുണ്ടായി. 2011 വരെ വീട് നിർമ്മാണത്തിന്റെ ഒരു കാലമായിരുന്നു. ഈ കാലയളവിൽ മാത്രം 11 ലക്ഷം വീടുകൾ എങ്കിലും ഉയർന്നു കാണാം. അതിൽ ചിലത് അംബരചുംബികൾ ആയിരുന്നു. എന്നാൽ അതിൽ പാർത്തിരുന്നത് അണുകുടുംബങ്ങളും ആദ്യമൊക്കെ മൂന്നു മക്കൾ വരെയായിരുന്നു ഒരു കണക്ക്. പിന്നെ അത് ‘നിനക്ക് ഒന്ന്, എനിക്ക് ഒന്ന്’ ആയി ഏറ്റവുമൊടുവിൽ ‘നാം ഒന്ന് നമുക്ക് ഒന്ന്’ അതിനിടയിൽ ‘നാമൊന്നു നമുക്കെന്തിനാ വേറെ ഒന്ന്’ എന്ന ചിന്തക്കാരുമുണ്ടായി.
ചെങ്കൊടി മൂലം :
വീടുകളുടെ എണ്ണം 2011 വരെ അങ്ങനെ കൂടി വന്നെങ്കിലും അണുകുടുംബം ഫാഷനായി മാറി. സ്വകാര്യതക്ക് മലയാളി വലിയ സ്ഥാനം നൽകി. ഇതിനിടെ മാറിമാറിവന്ന സർക്കാറുകൾ തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയപാർട്ടികളും ജനജീവിതം ദുസഹമാക്കിക്കൊണ്ടേയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ വലിയതോതിൽ അപചയമുണ്ടായി. നന്നായി പ്രവർത്തിച്ചുവന്നിരുന്ന വ്യവസായ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും ചെങ്കൊടിയും അതോടൊപ്പമുള്ള ഗുണ്ടായിസവും കൊണ്ടു പൂട്ടി പോവുകയോ അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യേണ്ടതായി വന്നു.
സമരം ഒരു ശീലം :
ഇതിൻറെ ഫലമായുള്ള തൊഴിൽസാധ്യതകൾ തന്നെ മലയാളികൾക്ക് നഷ്ടമായി. ജോലി തേടി അലയുന്ന പലരും ജോലി കിട്ടിയശേഷം അധിക വേതനത്തിന് വേണ്ടി വഴി വിട്ടുള്ള സമരമുറ തേടുന്നത് ശീലമാക്കി. ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുത്തു നന്നായി ഒന്ന് വിശ്രമിക്കാൻ എന്ന് തമാശയായി പറയുമെങ്കിലും ഫലത്തിൽ അതായി യുവാക്കളുടെ ശൈലി. ഇതിനിടെ ഇടതുപക്ഷ ചിന്തയും ചിലരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഏറെക്കാലം തൊഴിലാളിയായി പ്രവർത്തിച്ച ശേഷം ഒരാൾ ഒരു തൊഴിൽ സംരംഭം ആരംഭിക്കുന്നതോടെ അയാളെ ‘ബൂർഷ്വ’യായി കാണാൻ തുടങ്ങി. വിദേശത്ത് എല്ലുമുറിയെ പണിയെടുത്ത് അല്പം പണമുണ്ടാക്കി നാട്ടിൽ വന്ന് ചെറിയൊരു വ്യവസായ/വാണിജ്യ സംരംഭം തുടങ്ങിയവരെ ചെങ്കൊടി വെച്ച് സമരം നടത്തി കുത്തുപാള എടുപ്പിച്ച സംഭവങ്ങൾ നമുക്ക് ചുറ്റും തന്നെ എത്രയെത്ര!
കോർപ്പറേറ്റ് പ്രസക്തി :
ഇക്കഴിഞ്ഞ 15 വർഷത്തിനിടയിൽ തമിഴ്നാട് എത്രയേറെ മുന്നോട്ടു പോയി എന്ന് എല്ലാവർക്കുമറിയാം. പല നഗരങ്ങളും ഓരോ വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും ഇന്ത്യാ രാജ്യത്തിൻറെ തന്നെ ഹബ്ബുകളാണ്. കമ്പ്യൂട്ടറുകൾ എല്ലാം നിരത്തിലിട്ട് നാം കത്തിക്കുന്നതിനിടയിൽ തമിഴ്നാട്ടിലെ പല പട്ടണങ്ങളും ഹബുകൾ ആയി മാറുകയും ഇന്ന് ലക്ഷക്കണക്കിന് ജോലി നൽകുന്ന വലിയ കമ്പനികളുമായി മാറി. കൂട്ടത്തിൽ പറയട്ടെ ബുദ്ധിജീവികളായ ചില മലയാളികൾ ‘കോർപ്പറേറ്റ്’ എന്ന് പുച്ഛിക്കുന്ന ഇൻഫോസിസ് നമ്മുടെ സംസ്ഥാന സർക്കാറിനെക്കാൾ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നുണ്ട്. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ എണ്ണം 5.4 ലക്ഷമാണെങ്കിൽ ഇൻഫോസിസിൽ പേറോളിൽ ഉള്ളത് 6.5 ലക്ഷം ജീവനക്കാർ
രക്ഷ പിണറായി മാത്രം :
സി.പി.എമ്മിനും ബുദ്ധിയുദിച്ചത് ഒന്നാം പിണറായി സർക്കാർ വന്നത് മുതലാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. കമ്പ്യൂട്ടർവൽക്കരണം മുതൽ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നെഞ്ചുവിരിച്ച് തടസ്സം നിന്ന അവർ പിണറായി പുതുതായി ചൊല്ലിക്കൊടുത്ത വികസന മുദ്രാവാക്യം ഏറ്റു ചൊല്ലാൻ തുടങ്ങിയത് കേരളത്തിന്റെ മഹാഭാഗ്യം. അതോടെ തീർന്നല്ലോ വെട്ടിനിരത്തൽ സമരം. അതോടെ നെഗറ്റീവ് ആയിരുന്ന സിപിഎം പോസിറ്റീവ് ആയി. പിണറായി സഖാവിനെ നാം അടയാളപെടുത്തേണ്ടത് അങ്ങനെ തന്നെയാണ്. അതുപോലെ തന്നെ ഇന്ന് ഏതു വീട്ടിലാണ് വിദേശത്ത് ജോലിയോ പഠനമോ ഉള്ള ഒരംഗം പോലും ഇല്ലാത്തത്? 95 ശതമാനം വീടുകളിൽ ഉള്ള ആരെങ്കിലും ഒരാൾ വിദേശത്ത് ആകും.
നികുതി വരുന്ന വഴി :
അങ്ങനെ വിദേശത്ത് ആവുന്നയാൾ കഴിയുന്നത്ര തിരിച്ചുവരാതെ അവിടെ പിടിച്ചുനിൽക്കും. വീട്ടിൽ വളർന്നു വരുന്നവരെ അവർ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകും. ഒടുവിൽ അപ്പനും അമ്മയും മാത്രമാകും വീട്ടിൽ. മക്കളുടെ കൂടെ വിദേശത്ത് പോകാതെ നാട്ടിലെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടും. അതിനിടെ വൃദ്ധദമ്പതികളിൽ ഒരാൾ മരിച്ചു കഴിഞ്ഞാൽ ജീവിത പങ്കാളിയെ എ ക്ലാസ് വൃദ്ധമന്ദിരത്തിലാക്കും വീടുകൾ മന്ത്രി ബാലനു നികുതി നൽകുന്ന പാകത്തിലാകും.
പ്രതികാര പിഴയോ? :
വേറൊരു തരത്തിൽ പറഞ്ഞാൽ ഒരിക്കൽ സി.പി.എം തന്നെ നാട്ടിൽ നിന്ന് ഓടിച്ചു വിട്ടവർ, അവരുടെ വീട് നാട്ടിൽ പൂട്ടിക്കിടക്കുന്നത് കൊണ്ട് പിന്നെയും ശിക്ഷിക്കപ്പെടുന്നു. ഒരുപക്ഷേ ബാലൻ മന്ത്രി സഖാവ് എന്ന നിലയിൽ മുമ്പ് തങ്ങൾ പിച്ചപ്പാളയെടുപ്പിക്കാൻ ശ്രമിച്ചവർ വീണ്ടും പ്രതാപശാലികളായി തിരിച്ചുവരുമ്പോൾ പൂട്ടിയിട്ട വീടിൻറെ കരം അടച്ച ശേഷം കയറിയാൽ മതിയെന്ന പ്രതികാര പിഴയാകുമോ ഈ പുതിയ നികുതി. എന്തായാലും ബാലൻ മന്ത്രി കൈവെച്ചത് നല്ലൊരു കറവപ്പശുവിനു മേൽ തന്നെ. ഓരോ വർഷവും ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കൂടിക്കൊണ്ടിരിക്കുമല്ലോ. ഈ ഭരണം തീരുമ്പോഴേക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം 20 ലക്ഷം എങ്കിലും ആവില്ലേ? ഇങ്ങനെയൊരു നികുതിക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ബാലൻ മന്ത്രിക്ക് ഇന്ധന സെസ്സ് വേണമെങ്കിൽ പിൻവലിക്കാമായിരുന്നു. പക്ഷേ അത് സതീശനു നേട്ടമായി പോകില്ലേന്ന് ഓർത്ത് മാത്രമാണ് കുറക്കാത്തത്. അതുകൊണ്ടുതന്നെ നമ്മുടെ രോഷം മുഴുവൻ സതീശനോട് തന്നെ.
പുലിയും പുലിവാലും :
മേപ്പാടിക്കടുത്ത അമ്പുകുത്തിപാറയിൽ കൊല്ലപ്പെട്ട ഒരു പുലിയെ (ഈ പുലിയെ വനം വകുപ്പ് വകവരുത്തില്ലെന്ന് ഉറപ്പായപ്പോൾ ആരൊ കെണിവച്ചു കൊന്നത് ആണെന്ന് വ്യക്തം) ആദ്യം കണ്ടത് ഒരു ഹരികുമാർ ആയിരുന്നു. ശശി മന്ത്രിയുടെ വനം പോലീസ് ചോദ്യം ചെയ്തു പേടിപ്പിച്ചതോടെ ഹരികുമാർ സ്വയം ജീവനൊടുക്കി. നാട്ടുകാർ ഇന്ന് ബത്തേരി പട്ടണം ഉപരോധിച്ചു. ആകെ പുലിവാലായി. ആ ഉദ്യോഗസ്ഥൻ ആരായാലും ശശി മന്ത്രി ശിക്ഷിക്കും പോലും !
ചെളിയും താമരയും :
ഇന്ന് രാജ്യസഭയിൽ വലിയ മേളയായിരുന്നു. ഒരുവശത്ത് മോദിജിയുടെ പ്രസംഗം മറുവശത്ത് പ്രതിപക്ഷത്തിന്റെ മോദി – അദാനി ഭായ് ഭായ് എന്ന പാട്ടും. അതിനിടെ മോദിജി പറയുന്നു : പ്രതിപക്ഷം ഞങ്ങൾക്കെതിരെ ചളി വാരി എറിയുന്നു, ചെളിയിലാണ് താമര നന്നായി വളരുക. പോരെ, എന്തും എല്ലാവർക്കും ഭൂഷണം. നികുതി ഭാരവും ശരിയില്ലായ്മയും കണ്ടു മടുത്തു നമുക്ക് കേരളം വിടാം. നാം പൂട്ടിയിടുന്ന വീടിൻറെ കരമെങ്കിലും കിട്ടട്ടെ !
വാൽക്കഷണം: ഉണ്ണിപുണ്യാളൻ , ഉണ്ണിമോനെ വിശുദ്ധനായി നാമൊക്കെ കൊണ്ടാടുകയായിരുന്നു. തിരക്കഥ ചർച്ചക്ക് ഫ്ലാറ്റിൽ വിളിച്ചുവരുത്തി സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറയപ്പെടുന്ന വനിതയുമായി ഒത്തുതീർപ്പുണ്ടാക്കി എന്ന വ്യാജ രേഖ ചമച്ച് ആയിരുന്നു ഉണ്ണി പുണ്യവാളനായത്. ബാർ അസോസിയേഷൻ പ്രസിഡണ്ടും പ്രമുഖ അഭിഭാഷകനുമായ സിബി ജോസിനെതിരെ ഹൈക്കോടതി ജഡ്ജിമാർ വരെ പരാതി പറഞ്ഞതോടെ, പരാതിക്കാരി കോടതിയിലെത്തി ആ രേഖയിൽ താൻ ഒപ്പിട്ടില്ലെന്ന് നേരിട്ട് ചെന്ന് അറിയിച്ചു. ഇത്രയും പ്രമാദമായ കേസിൽ പരാതിക്കാരിയെ ആ രേഖയിൽ ഒപ്പിട്ടിട്ടുണ്ടോ എന്ന് ആ ജഡ്ജി വിളിച്ചു വരുത്താതെ നിഗമനത്തിൽ എത്തുമോ എന്ന ചോദ്യം ബാക്കി ഉണ്ടാവും. എന്തായാലും എല്ലാം നാറ്റകേസ് തന്നെ.
About The Author
No related posts.