LIMA WORLD LIBRARY

നോട്ടപ്പുള്ളി(കൾ): സതീഷ് കളത്തിൽ.

അങ്ങ്,
ആ മലഞ്ചെരുവിനു മുകളിലെ
ആകാശകോണുകളിൽ, നിശബ്ദമായ്
അടയിരിക്കുന്ന മേഘങ്ങൾക്കിടയിൽ
പലപ്പോഴും, ഞാൻ പോയി
പതുങ്ങിയിരിക്കാറുണ്ട്.

അവിടെനിന്നും ഉയരാറുള്ള
ആ പാട്ടുകൾക്കെന്തു ചന്തമാണ്?!!
അതിത്രമാത്രം മധുരതരമായി പാടുന്ന
ആ പൂങ്കുയിലാരാണ്?!!

ചിലപ്പോളേതോ പെൺകുയിൽ,
ചറപറാന്ന് ഞാറ് നടുംനേരം

പാടുന്നതാകാമെന്നു തോന്നും;
പാടത്തെ ചേറിൽനിന്നെന്നപോലെ,
വിയർപ്പിൻറെ ഒരു വന്യസുഗന്ധം
വിരുന്നെത്താറുണ്ട്, ആ സമയമെന്നിൽ.

പലപ്പോഴുമത്,
പ്രണയത്തിൻറെ നഷ്ടകണക്കുകളുടെ
അനുവർത്തനംപോലെയോ
അരികെയുള്ള പ്രണയത്തിൻറെ
ആശ്ലേഷംപോലെയോയൊക്കെയുള്ള
അനുരാഗപ്പാട്ടുകളായും തോന്നാറുമുണ്ട്.

ആകാശത്ത്,
അവളിൽ ജീവിക്കുന്നേതോ നാമമവൾ

അടയാളപ്പെടുത്തിയിടുന്നതുപോലെ...

കന്മഷം തീണ്ടിയെത്തുന്ന മനസിന്,
ഉന്മേഷം പകരാതെ കടന്നുപോകാറില്ലവ.

ഉള്ളിനെ നങ്കൂരത്തിൽ കൊളുത്തിവിടുന്ന
അഹങ്കാരമാണെപ്പോഴുമാ സ്വരത്തിന്.

‘ആരാണവൾ; അയാളും…?’
ആ മേഘങ്ങളവിടെ പെയ്യാൻ മടിച്ച്

അടയിരിയ്ക്കാറുള്ളതും ഒരുപക്ഷെ,
അതറിയാൻതന്നെയാകണം.
അതുകൊണ്ടുകൂടിയാണെനിക്കും,
അവിടെ ചെന്നിരിക്കാൻ തോന്നുന്നതും;
അന്വേഷിക്കാൻ തോന്നാതിരിക്കുന്നതും.
***************************
സതീഷ് കളത്തിൽ.
കോമളാലയം,
ശങ്കരയ്യ റോഡ്,
പി.ഓ. പൂത്തോൾ,
തൃശ്ശൂർ- 680 004
9446 761 243, 7012 490551

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px