മോസ്കോ ∙ റഷ്യയുമായുള്ള സഹകരണം ആഴത്തിലാക്കുമെന്നു ചൈന പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നിട്ടിറങ്ങി റഷ്യവിരുദ്ധ പാശ്ചാത്യസഖ്യം ബലപ്പെടുത്തുന്നതിനിടെ, മോസ്കോ സന്ദർശിച്ച ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് ലീ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുതിയ ചക്രവാളങ്ങൾ തൊടുമെന്നു പ്രഖ്യാപിച്ച പുട്ടിൻ, ചൈന പ്രസിഡന്റ് ഷി ചിൻപിങ് ഉടൻ മോസ്കോ സന്ദർശിക്കുമെന്നും അറിയിച്ചു.
അതിനിടെ, ചൈന–റഷ്യ–ദക്ഷിണാഫ്രിക്ക സംയുക്ത സൈനികാഭ്യാസത്തിനു നാളെ തുടക്കമാകും. ഇതിനായി സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വഹിക്കുന്ന റഷ്യൻ പടക്കപ്പലുകളുടെ വ്യൂഹം ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെട്ടു. 10 ദിവസം നീളും. ചൈന റഷ്യയ്ക്കു ആയുധങ്ങൾ നൽകാനുള്ള പുറപ്പാടാണെന്ന യുഎസ് ആരോപണം ബെയ്ജിങ് നിഷേധിച്ചു.
വരുംദിവസങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം ശക്തമാകുമെന്ന ഭീതിയിൽ യുക്രെയ്നിൽ വരുന്ന ഒരാഴ്ച സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി. യുദ്ധം നാളെ ഒരു വർഷമാകുമ്പോൾ, യുക്രെയ്നിന്റെ അഞ്ചിലൊന്നു റഷ്യൻസേനയുടെ നിയന്ത്രണത്തിലാണെങ്കിലും അവർക്കു വലിയ ആൾനാശം സംഭവിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. കിഴക്കൻ പ്രവിശ്യയായ ഡോൺബാസ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ മുഖ്യപോരാട്ടം. ഒരു വർഷത്തിനിടെ യുക്രെയ്നിൽ 8000 സാധാരണജനങ്ങൾ കൊല്ലപ്പെട്ടെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ പ്രാഥമിക നിഗമനം.
യുഎസുമായുള്ള ആണവനിയന്ത്രണക്കരാറിൽനിന്നു പിന്മാറുന്നുവെന്ന പുട്ടിന്റെ പ്രഖ്യാപനത്തിനു പിന്നാലെ റഷ്യൻ പാർലമെന്റ് ഇത് വോട്ടിനിട്ടു പാസാക്കാൻ ചർച്ച തുടങ്ങി. അതേസമയം, കരാറിൽനിന്നു പിന്മാറുന്നുവെങ്കിലും അണ്വായുധ നിയന്ത്രണ വ്യവസ്ഥകൾ തുടർന്നും പാലിക്കുമെന്ന് റഷ്യ വ്യക്തമാക്കി. പോളണ്ടിലുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ൻ വിഷയത്തിൽ നാറ്റോ നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുകയാണ്.
English Summary: China for close tieup with Russia













