ആദ്യാനുരാഗത്തിൻ മധുകനിമധുരം
ആത്മാവിലിന്നും നിറഞ്ഞിടുന്നു
ഏകാന്തരാവിന്റെ വെൺനിലാപൗർണ്ണമിയിൽ
തേന്മലർ പൂക്കുന്നു മനസ്സിലിന്നും.
പ്രണയസ്വരൂപയാം പ്രണയിനി,നിന്നുടെ
മധുമൊഴി കരളിനു കുളിരോർമ്മകൾ
പ്രണയാർദ്രമാം നിന്റെ ലോലഭാവങ്ങളും
ഹൃദയത്തിനാർദ്രമാം സ്വപ്നങ്ങളും.
മണിവീണ മീട്ടുന്നു മനസ്സിലൊരായിരം
ഋതുമലർപ്പൂവിന്റെ കൊഞ്ചലുകൾ
മായാത്തയോർമ്മകൾ,പാടാത്തവീണയിൽ
പാഴ്ശ്രുതി ചേർത്തു ഞാൻ പാടിടുന്നു.
പ്രാണനിലലിഞ്ഞൊരു പാൽനിലാപ്പെണ്ണിന്റെ
അനുരാഗസംഗീത രാഗങ്ങളും
പ്രകൃതിയിൽ ഞാനൊന്നലിഞ്ഞു തീരും വരെ
പ്രണയിനി നീയെന്റെ കവിതയാകൂ…
പ്രണയമാം കനവിൽ നീ കൂട്ടിരിക്കൂ..
💕
എം.തങ്കച്ചൻ ജോസഫ്.
About The Author
No related posts.